പെൺകുട്ടിയും ആൺകുട്ടിയും അവളുടെ അടുത്തുവന്നു പരുങ്ങിയപ്പോൾ അവൾ ബാഗിൽ നിന്നും ചെറിയൊരു കടലാസ്സ് പൊതിയെടുത്തവർ…….

മൺചിരാതുകൾ

Story written by Sebin Boss J

”” ആരാ നിങ്ങളെ ഇങ്ങോട്ട് കേറ്റി വിട്ടെ. ജെയ്മോളെ… നീയിത് കണ്ടില്ലേടി? മാത്യൂച്ചായാ… ഇങ്ങോട്ടൊന്നു വന്നേ..””

താഴെ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടാണ് സ്റ്റീഫൻ കണ്ണ് തുറന്നത്.

ജനാലയിലൂടെ വെളിച്ചം നേർത്ത കർട്ടൻ തുളച്ചു അകത്തേക്ക് കയറുന്നുണ്ട് . ഫാനിടാതെ തണുത്ത കാറ്റേറ്റ് കിടന്നുറങ്ങാനാണിഷ്ടമെങ്കിലും രാത്രി പെയ്ത മഴയുടെ ചാറ്റൽ അസഹ്യമായപ്പോഴാണ് ജനൽ അടച്ചത്. സമയം ആറര ആയിരിക്കുന്നു. എത്ര താമസിച്ചു കിടന്നാലും അഞ്ചിനുള്ളിൽ എണീക്കുന്ന താൻ ഇന്നിത്രയും വൈകിയത് ഫീച്ചറിന് വേണ്ടിയുള്ള ഒരാഴ്ചയായിട്ടുള്ള ഓട്ടം കൊണ്ടാണെന്ന് സ്റ്റീഫന് തോന്നി .മാത്രമല്ല പുലർച്ചെയുള്ള നടത്തം കാലവർഷത്തിന്റെ തുടക്കമായപ്പോൾ നിൽക്കുകയും ചെയ്തു .

കുട്ടനാടിന്റെ കയ്യൊപ്പ് പതിഞ്ഞ ചകിരിയുത്പന്നങ്ങളെപറ്റിയും തൊഴിലാളികളുടെ ജീവിതരീതിയും മറ്റും പഠിച്ചു ,ഒരു ഫീച്ചറിനായാണ് സ്റ്റീഫൻ തന്റെ പത്രത്തിന്റെ ആലപ്പുഴയിലെ ഓഫീസിലേക്ക് വന്നത് . ഹോട്ടൽ താമസത്തിനോടും ഫാസ്റ്റ് ഫുഡിനോടും പണ്ടേ അലർജി ആയിരുന്ന സ്റ്റീഫന് ഭാഗ്യമായിരുന്നു ജേർണലിസം പഠിക്കുന്ന ജെറിൻ മാത്യുവിന്റെ നഗരത്തിന് ഓരത്തായുള്ള വീടിന്റെ രണ്ടാം നിലയിൽ താമസം ലഭിച്ചത് .

“” സാറിനെ കാണണോന്ന് പറഞ്ഞപ്പോ കേറ്റി വിട്ടതാ . സാറ് നടക്കാൻ പോയിട്ട് വന്നോ അമ്മേ ?”’

“‘പറഞ്ഞപോലെ സാറിനെ കണ്ടില്ലല്ലോ . “‘ മാത്യൂസ് അച്ചായൻ പറഞ്ഞിട്ട് മുറ്റത്തിറങ്ങി മുകളിലേക്ക് നോക്കിയപ്പോൾ സ്റ്റീഫൻ ടെറസിൽ ഇറങ്ങിയിരുന്നു .

“‘ മഴയല്ലേ മാത്യുച്ചായ …രണ്ട് ദിവസമായി നടപ്പില്ല “” .

“‘ ഗുഡ് മോർണിംഗ് സാർ . സാറിനെ കാണണമെന്ന് പറഞ്ഞു വന്നതാ .”” ജെയ്‌മോൾ മുറ്റമടിച്ചുകൊണ്ടിരുന്ന ചൂൽ ചെറിയൊരു ചമ്മലോടെ പുറകിലേക്ക് മാറ്റിപ്പിടിച്ചപ്പോൾ സ്റ്റീഫന് ചിരി വന്നു .

” പുതുതലമുറയിൽ പെട്ട കുട്ടികൾ ഇക്കാലത്തു മുറ്റമടിക്കുന്നത് അപൂർവ്വമാണ് ജെയ്‌മോളെ . മാറ്റണ്ട ..മുറ്റമടിച്ചോളൂ .””

“‘ ഓഹ് ..അതോണ്ട് ഒന്നുമല്ല സാറെ ..സാർ എണീറ്റയുടനെ കണി ചൂലാവണ്ടല്ലോന്നു കരുതിയാ “‘

“” കണിയും നക്ഷത്രങ്ങളും രാശിയും ഗുളികനുമൊക്കെ മനുഷ്യരുണ്ടാ ക്കുന്നതല്ലേ ജെയ്‌മോളെ . ഒരത്യവശ്യത്തിനിറങ്ങേണ്ടി വന്നാൽ അപ്പോൾ കണിയോ രാഹുകാലമോ ഒന്നും നമ്മൾ നോക്കാറില്ലല്ലോ . “‘

” ചേച്ചി അന്വേഷിച്ച ആൾ അതാ .അങ്ങോട്ട് കേറിപ്പോക്കോ .ആ സൈഡിലൂടെ പടിയുണ്ട് “”‘ “‘ ജെയ്‌മോൾ ചിരിച്ചിട്ട് മുറ്റത്തു നിന്ന് മുകളിലേക്ക് നോക്കുന്ന സ്ത്രീയോട് പറഞ്ഞു .

അൻപതിന് മുകളിൽ പ്രായം കാണും . ക്ഷീണിച്ച മുഖം ആണെങ്കിലും ചുറുചുറുക്കോടെ അവർ പടി കയറി വന്നപ്പോൾ സ്റ്റീഫൻ അവരെ നോക്കി ചിരിച്ചു . .

“‘എന്നതാ ചേച്ചി കാര്യം ..”” മാത്യുച്ചായനും ഒപ്പം കേറി വന്നിരുന്നു .

ആ സ്ത്രീ മറുപടിയൊന്നും പറയാതെ ചൂരൽ കസേരയുടെ സൈഡിലായി കയ്യിലുണ്ടായിരുന്ന കുട്ട ഇറക്കിവെച്ചു ചമ്രം പടിഞ്ഞിരുന്നു .

“‘ നല്ല പച്ചക്കറിയാ സാറെ ..”” കുട്ടയിൽ നിന്ന് വെണ്ടക്കയും അച്ചിങ്ങയുമെടുത്തു ഒരു പ്ലാസ്റ്റിക് കവറിലാക്കി അവർ സ്റ്റീഫന് മുന്നിലേക്ക് നീക്കി വെച്ചു .

“‘ ഞാനിവിടെ പാചകം ചെയ്യുന്നില്ല ചേച്ചീ . മാത്യുച്ചായന്റെ അടുത്തൂന്നാണ് കഴിക്കാറ് . ചേച്ചി വന്ന കാര്യം പറയു “”

”” ഞങ്ങളിവരുടെ അടുത്തൂങ്ങെങ്ങും പച്ചക്കറിയൊന്നും വാങ്ങത്തില്ല സാറെ . നല്ല ഫ്രഷ് പച്ചക്കറി സൂപ്പർമാർക്കറ്റിൽ കിട്ടും . ഇപ്പൊ സാറിവിടെ പുതിയതാണെന്ന് അറിഞ്ഞോണ്ട് വന്നതാ “” മാത്യൂസ് സ്റ്റീഫന്റെ അരികിലുള്ള കസേരയിലിരുന്നാ സ്ത്രീയെ നോക്കി .

“‘ സാറെ ഞാനൊരു കൂലിപ്പണിക്കാരിയാരുന്നു . പറ്റുന്ന എന്നാ പണിക്കും പോകുമാരുന്നു . ഇപ്പൊ ചുമടെടുക്കാൻ വയ്യ . തൊണ്ട് തല്ലാൻ പോകുമായിരുന്നു . ഇപ്പൊ അതിനും വയ്യാ .അതുകൊണ്ട് മീനോ പച്ചക്കറിയോ വീട് തോറും വിൽപ്പനക്ക് കൊണ്ടുപോകും .”

“‘ഹമ് ..അതിന് ?.. ഇവിടെ മീനും വേണ്ട പച്ചക്കറീം വേണ്ട “‘ മാത്യൂസ് ഇഷ്ടപ്പെടാതെ പറഞ്ഞു .

“മാത്യുച്ചായ ..”‘സ്റ്റീഫൻ മാത്യൂസിനെ നോക്കി കണ്ണടച്ചു കാണിച്ചു .

“” കെട്ട്യോനില്ല സാറെ . എന്റെ കൊച്ചിന് പതിനഞ്ചായപ്പോ മരിച്ചതാ . ഇപ്പൊ ഞാനും മോളും മോൾടെ രണ്ട് പിള്ളേരും . “”

“‘ മോൾക്ക് കെട്യോനില്ലാണ്ടാണോ കുട്ടികളുണ്ടായേ “‘ മാത്യൂസ് പിന്നെയും …

“‘മാത്യുച്ചായ …”” സ്റ്റീഫൻ അയാളെ വീണ്ടും നോക്കി .

“‘അവളെ ഉപേക്ഷിച്ചു . കൂലിപ്പണിക്കാരനായിരുന്നു അവനും . കൂട്ടത്തിൽ കൂട്ടാവുന്ന തരക്കാരാണേൽ നമ്മുടെ വിഷമം ഒക്കെ മനസ്സിലാക്കി നിൽക്കൂല്ലോന്ന് കരുതിയങ്ങനെയൊരു ബന്ധമാ ആലോചിച്ചേ . പക്ഷെ കണക്ക് കൂട്ടലുകൾ പെഴച്ചുപോയി സാറെ . അവന് സർക്കാരില് ഗുമസ്തപ്പണി കിട്ടിയപ്പോ ഇല്ലാത്ത കുറ്റമില്ല , അവളെ വേണ്ടന്ന് .. അവനിപ്പോ അവന്റെ പത്രാസിനു ചേരുന്ന ഒരു പെണ്ണിനേം കെട്ടി താമസിക്കുന്നെന്ന് അറിഞ്ഞു . . “”

“‘ഹ്ഹ്മ് … ചേച്ചി പറയ് “”

“‘ അതങ്ങനെ ആയി . സാറെ …ഇപ്പ ഞാൻ വന്നത് എനിക്കും മക്കൾക്കും കേറിക്കിടക്കാൻ അടച്ചൊറപ്പുള്ളൊരു വീട് വേണം . സാറെന്നെ സഹായിക്കണം “‘

“‘അയ്യോ ..ഈ സാറിന് പഞ്ചായത്തിലും വില്ലേജിലുമൊന്നുമല്ല പണി . പത്രമാപ്പീസിലാ .നിങ്ങള് പഞ്ചായത്തിലോ മറ്റോ അപേക്ഷ കൊടുക്ക് ചേച്ചീ ..”‘

“‘മാത്യുച്ചായാ ചേച്ചി പറയട്ടെ ..”’ സ്റ്റീഫൻ മാത്യൂസിനെ സ്നേഹപൂർവ്വം തിരുത്തി .

”’ അതൊക്കെ കൊടുത്തു . കേറിയിറങ്ങാത്ത സ്ഥലമില്ലാ സാറെ .മകൾക്കൊരു പണിയുണ്ടായിരുന്നു . കച്ചോടം കുറവായപ്പോ നിന്നിരുന്ന കടേന്ന് മകളെ പറഞ്ഞു വിട്ടു . ഇപ്പൊ തത്കാലത്തേക്ക് അടുത്തൊരു കമ്പനീൽ ദിവസക്കൂലിക്ക് പോകുന്നുണ്ട് . ഇത്തോണത്തെ മഴക്ക് വീട് നിക്കുമോന്നറിയത്തില്ല സാറെ . ഓരോ പ്രമാണോം കൊണ്ട് ചെല്ലുമ്പോ വേറൊന്ന് കൊണ്ടരാൻ പറയും . മോൾടെ പണി കളയണ്ടല്ലൊന്നും കരുതി ഞാനാ ഇപ്പൊ കേറിയിറങ്ങുന്നേ . ഞാനും മടുത്തു .”‘

“‘ഹ്മ്മ് …അവരെന്നാ പറയുന്നേ . എന്തോരം സ്ഥലമുണ്ട് നിങ്ങക്ക് . ആധാരോം കരമടച്ച റെസീപ്റ്റുമൊക്കെ ഇല്ലേ “” അവരുടെ മുഖത്തെ ദയനീയാവസ്ഥ കണ്ടാവും മാത്യുച്ചായനും കാര്യ ഗൗരവത്തിലേക്ക് കടന്നു .

“” ആധാരമുണ്ട് സാറെ . കരം അടച്ചോണ്ടിരുന്നതാ .. ഇടക്ക് പറ്റാണ്ടായി . ഇപ്പൊ അടക്കാൻ നോക്കിയപ്പോ രേഖെലൊന്നും ഭൂമിയില്ലാന്നു . പിന്നെ അതിന്റെ പുറകെ കൊറേ നടന്നു . “”

”അതെന്നാ കൂത്താ . അവിടെകാണും . നിങ്ങളവരെ കാണേണ്ട രീതീലൊന്ന് കാണ് ചേച്ചി . ഒരാഴ്ച സമയം വേണോന്ന് പറഞ്ഞ ഒരു പ്രമാണം രൂപാ അഞ്ഞൂറെടുത്തു വീശീപ്പോ പൂക്കെന്നാ എടുത്തു തന്നെ ..ഹഹഹ “”

“‘ കൊടുത്തതാ സാറെ . അവര് വേണ്ടന്ന് പറഞ്ഞു . അവരാ ഈ സാറിനെ വന്നൊന്ന് കാണാൻ പറഞ്ഞെ . സാറെ … പത്രത്തിൽ വാർത്ത വന്നാൽ പെട്ടന്ന് രേഖകളൊക്കെ കിട്ടൂന്ന് “”

“‘ഞാൻ വരാം ചേച്ചീ നിങ്ങളുടെ വീട്ടിലേക്ക് . വീട്ടിലേക്കുള്ള വഴി ദേ ആ മുറ്റമടിക്കുന്ന കുട്ടിയോടൊന്ന് പറഞ്ഞേരെ . ചേച്ചിയുടെ പേരെന്താ ? “‘ സ്റ്റീഫൻ അവരെ സാന്ത്വനപ്പെടുത്തി .

“‘എന്റെ പേര് ഭവാനി . എന്നാൽ ശെരി സാറെ . ഈ പച്ചക്കറിയൊക്കെ വാടുന്നെനു മുന്നേ വിറ്റ് തീർക്കണം “‘ ആ സ്ത്രീ എണീറ്റു .

“‘സാറെന്നാ ചെയ്യൻ പോകുവാ . ഇതൊക്കെ മേലധികാരികൾക്ക് അല്ലേ ചെയ്യാൻ പറ്റൂ .”” മാത്യൂസ് സ്റ്റീഫനെ നോക്കി .

“‘ പലതും ചെയ്യാൻ തൂലികക്കും അക്ഷരങ്ങൾക്കും പറ്റും മാത്യുച്ചായ . ആദ്യം അവരെ കുറിച്ചൊന്ന് പഠിക്കട്ടെ . പിന്നെ അവർ വീടിന് വേണ്ടി പോയ വഴിയേ ഒന്ന് പോകാം . ഒരു വാർത്ത കൊടുക്കുമ്പോൾ അതിന്റെ പിന്നിലെ സത്യാവസ്ഥ അറിയണമെന്നതല്ലെ പത്ര ധർമ്മം . ആ ഭവാനി ചേച്ചീ … ഒന്ന് നിന്നെ “” സ്റ്റീഫൻ മാത്യൂസിനോട് പറഞ്ഞിട്ട് ജെയ്‌മോളുടെ അടുത്ത് സംസാരിക്കുകയായിരുന്ന ആ സ്ത്രീയെ വിളിച്ചു .

“‘ജെയ്‌മോളെ … മമ്മിയോട് പറയ് അവരുടെ അടുത്തൂന്ന് വേണ്ട പച്ചക്കറികൾ വാങ്ങാൻ . പൈസ ഞാൻ കൊടുത്തോളാം “”

ജെയ്‌മോൾ തലയാട്ടുന്നത് കണ്ട് , സ്റ്റീഫൻ മുറിക്കുള്ളിലേക്ക് കയറി .

“‘ നമ്മുടെ ചുറ്റും ചെറുകച്ചവടക്കാരുണ്ട് മാത്യുച്ചായ . നമ്മളെ മാത്രമാശ്രയിച്ചു ജീവിക്കുന്നവർ . സൂപ്പർമാർക്കറ്റിൽ നൂറുരൂപ കൊടുക്കുമ്പോൾ ഇതുപോലെയുള്ളവർക്ക് ഒരു പത്തുരൂപയെങ്കിലും കൊടുത്താൽ ആ പണം നമ്മുടെ നാട്ടിൽ കിടക്കും . . കോടിക്കണക്കിന് മുതൽമുടക്കി നമ്മുടെ നാടിൻറെ വികസനത്തിനും കുറച്ചു നാട്ടുകാർക്ക് ജോലിക്കും കാരണമാകുന്ന സൂപ്പർ മാർക്കറ്റിൽ നിന്നും സാധനം വാങ്ങുന്നത് നല്ല കാര്യം തന്നെ. . മാർക്കറ്റിൽ ലഭ്യമായ മുന്തിയ തരം ഫസ്റ്റ് ക്വാളിറ്റി സാധനം കിട്ടുന്നുമുണ്ട് ശെരിയാണ് . അവർ ഇവിടെ വിറ്റുകിട്ടുന്ന പണം എന്ത് ചെയ്യുന്നു എന്നറിയാമോ ?”’

“‘അതവർ അവരുടെ മെയിൻ അകൗണ്ടിലേക്ക് ഇടുന്നുണ്ടാവാം . കർഷകർക്കും മറ്റ് സപ്ലയേഴ്‌സിനും അവിടെ നിന്നല്ലേ പണം കൊടുക്കുന്നെ .””

“‘അതെ മാത്യുച്ചായ … അവരും കർഷകരുടെ അടുത്തുനിന്നാണ് സാധനങ്ങൾ മേടിക്കുന്നത് .എന്നാൽ നമ്മുടെ അടുത്തുള്ള ചെറുകടകളിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ ആ പണം നമ്മുടെ ചുറ്റും കിടന്ന് കറങ്ങും .സൂപ്പർമാർക്കറ്റിൽ കൊടുക്കുന്ന പണം നമ്മുടെ നാട്ടിലേക്ക് വരാൻ ഒരുപക്ഷെ സമയം എടുത്തേക്കാം . എന്നാൽ ഈ സ്ത്രീ അവർക്കാവശ്യമുള്ള വീട്ടുസാധനങ്ങൾ നമ്മുടെ കമ്പോളത്തിൽ നിന്ന് തന്നെ വാങ്ങുന്നു .ഉടനെ തന്നെ നമ്മുടെ കർഷകർക്ക് പണം കിട്ടുന്നു . സൂപ്പർമാർക്കറ്റിൽ നിന്നും നമുക്കിഷ്ടമുള്ള ബ്രാൻഡഡ് സാധനങ്ങളും മറ്റും വാങ്ങുമ്പോൾ ഇവരെ പോലെയുള്ള ചെറുകിടകച്ചവടക്കാരെ കൂടി സഹായിക്കേണ്ട കടമ നമുക്കുണ്ട് .അതൊരു സേവനമായിട്ട് കരുതിയാലും മതി .ചെറുകിട വിൽപ്പനക്കാരുടെയും അടുപ്പ് പുകയണ്ടേ ? “” സ്റ്റീഫൻ പേഴ്സിൽ നിന്ന് പൈസ എടുത്തു മാത്യൂസിന് നേരെ നീട്ടി .

”’ വേണ്ട സാറെ ..ഞാൻ കൊടുത്തോളാം പൈസ “‘

“‘ശെരി മാത്യുച്ചായാ ..ഞാനെന്നാൽ റെഡിയാവട്ടെ . ജെയ്‌മോളോടും റെഡിയാവാൻ പറയൂ “”

”” ചേച്ചിയേയ് ..നാളെ മുതൽ ഞങ്ങൾക്ക് സ്ഥിരമായി പച്ചക്കറി തന്നോളൂട്ടോ . പിന്നെ നല്ല മീൻ കിട്ടുവാണേൽ അതും ”’ മാത്യൂസിന്റെ സംസാരം കേട്ടുകൊണ്ടാണ് സ്റ്റീഫൻ ഫ്രഷാവാൻ ബാത്റൂമിലേക്ക് കയറിയത് .

”’ കുറെയുണ്ടോ ജെയ്‌മോളെ ?”’

“‘ഇല്ല സാറെ … സ്കൂട്ടർ പോകുന്നാ ഭവാനി ചേച്ചി പറഞ്ഞെ പറഞ്ഞേ “”

തെങ്ങ് ഇരുവശത്തുമായി നിൽക്കുന്ന പാടത്തിന് നടുവിലൂടെയുള്ള വഴുക്കലുള്ള ചെറുവഴിയെ സ്‌കൂട്ടർ ഓടിക്കുമ്പോൾ ജെയ്‌മോൾ ശ്രദ്ധാലുവായിരുന്നു .

”’ ഇതവരുടെ വീട്ടിലേക്ക് മാത്രമുള്ള റോഡാണോ ?” മെയിൻ റോഡിൽ നിന്നും അരകിലോമീറ്ററോളം ഉള്ളിലേക്ക് പോന്നിരുന്നു . വഴിയിലെങ്ങും ഒരുവീട് പോലും കാണാനായില്ല .

“‘ദേ അതാവും സാറെ ..”‘ നാലുവശത്തും ചതുപ്പ് നിറഞ്ഞ ഒരു സ്ഥലത്തായിരുന്നു ആ വീട് . ചെറുതെങ്കിലും ഓടിട്ട ആ വീടിന് അത്ര കുഴപ്പമൊന്നും വിദൂര ദൃശ്യത്തിൽ നിന്നും തോന്നിയില്ല . സ്‌കൂട്ടർ നിർത്തി ചെറിയ പാട വരമ്പിലൂടെ നടന്നു ചെന്നപ്പോൾ മുന്നിലെ തിണ്ണയിൽ ഇരുന്നിരുന്ന പെൺകുട്ടിയും ആൺകുട്ടിയും അച്ഛമ്മേയെന്നു വിളിച്ചകത്തേക്ക് ഓടിപ്പോയി .

“” ഓ ..സാറായിരുന്നോ ..ഇത്ര പെട്ടന്ന് ? …”’ ഭവാനി ചേച്ചി അകത്ത് നിന്നുമിറങ്ങിവന്നു

“‘കേറി വാ സാറേ …””‘ തോളിൽ ഉണ്ടയിരുന്ന തോർത്തുകൊണ്ടവർ രണ്ട് കസേര തുടച്ചുമുന്നിലേക്കിട്ടു . ചെറുതെങ്കിലും വൃത്തിയായിഅടുക്കി സൂക്ഷിച്ചിരിക്കുന്നൊരു മുറി . രണ്ട് വാതിലുകൾ , അതൊന്ന് അടുക്കളയിലേക്കാണന്നു പുക വരുന്നതിലൂടെ മനസ്സിലായി .

“” ഞാനൊന്ന് വീട് കണ്ടോട്ടെ “‘ സ്റ്റീഫൻ എഴുന്നേറ്റതും ജെയ്‌മോൾ കാംകോർഡർ ഓണാക്കി .

പനമ്പ് കൊണ്ട് മച്ചുള്ളതിനാൽ ഇരുന്നിരുന്ന മുറിയിൽ നിന്ന് ആ വീടിന്റെ ശോചനീയാവസ്ഥ മനസ്സിലാകുമായിരുന്നില്ല . പുറകിലെ മൺഭിത്തികൾ ഇടിഞ്ഞിരുന്നു .മഴയത്ത് നനയാതെ ടാർപോളിൻ കൊണ്ട് മേൽക്കൂര പോയത് മറച്ചിരിക്കുന്നെങ്കിലും മറ്റേ മുറിയും അടുക്കളയും പല സ്ഥലത്തും നനഞ്ഞിരുന്നു . പുറകിലെ പാടത്തു നിന്ന് വെള്ളം കേറി മുറ്റത്തു ഇറങ്ങാനാവാതെ ചതുപ്പ് ആയിരുന്നു അവിടം
.
“‘ജെയ്‌മോളെ വേണ്ട . അവരെയെടുക്കരുത് “”

വീടിന്റെ ശോചനീയാവസ്ഥയും പരിസരവും എടുത്ത ജെയ്‌മോൾ ആ കുട്ടികളെ ഉൾപ്പെടുത്തി വീഡിയോ എടുത്തപ്പോൾ സ്റ്റീഫൻ വിലക്കി .

“‘സാർ .. രണ്ട് പെണ്ണുങ്ങളും കുട്ടികളുമുള്ള കുടുംബം ഇവരെ സോഷ്യൽ മീഡിയയിൽ കാണിച്ചാൽ ഒരുപക്ഷെ ..””

“‘ ഒരുപക്ഷേ സഹായ വാഗ്ദാനങ്ങൾ ഉണ്ടാവുമല്ലേ … സർക്കാരിന് മുന്നിലും ഇവര് ചോദ്യചിഹ്നവുമാകും . ജെയ്‌മോളെ … ഇതുപോലെയുള്ള വാർത്തകൾ കൊടുത്താൽ വൈറലാവും . പക്ഷെ ബാധിക്കപ്പെട്ടവരുടെ വേദനയും വിഷമവും മനസ്സിലാക്കണം . നീ വീടും പരിസരവുമെടുത്തോ , അത് പോസ്റ്റ് ചെയ്തു ഉത്തരവാദപ്പെട്ട കുറച്ചുപേരെ ഉൾപ്പെടുത്തി ഒരു കൂട്ടായ്മ ഉണ്ടാക്കി ഇവരുടെ പേരിൽ ബാങ്ക് അകൗണ്ട് തുടങ്ങി ആ പണം നല്ല രീതിയിൽ ഇവർക്ക് വേണ്ടി വിനിയോഗിക്കണം . നമ്മളെ പോലെത്തന്നെ നികുതിപ്പണം പലരീതിയിലും ഇവരും സർക്കാരിലേക്ക് ഒടുക്കുന്നതാണ് . നിത്യേനെ വാങ്ങുന്ന സാധനങ്ങളിലൂടെ . ആ പണം പാവപ്പെട്ടവർക്ക് വേണ്ടി വിനിയോഗിക്കുമ്പോൾ അതാരുടെയും ഔദാര്യമല്ല . നീ പറഞ്ഞ സോഷ്യൽ മീഡിയയിലെ നല്ലവരുടെ സഹായങ്ങൾ ഒഴിച്ച് , അതും നല്ല മനസുള്ളവർ പേരിനും പ്രശസ്തിക്കും വേണ്ടി ഒന്നും ചെയ്യില്ല . “‘

“‘സാറെ .. ചായയെടുത്തു . മോളെ .. കേറി വാ “” ഭവാനി ചേച്ചി വിളിച്ചപ്പോൾ അവരകത്തേക്ക് കേറിയതും കോട്ടൺ സാരിയുടുത്ത ഒരു സ്ത്രീ കയ്യിൽ ചെറിയൊരു ബാഗുമായി അകത്തേക്ക് വന്നതുമൊരുമിച്ചായിരുന്നു .

“‘ മോളെ .. ഇതാ ഞാൻ പറഞ്ഞ സാർ “‘

ആ സ്ത്രീയൊന്ന് ചിരിച്ചു . പെൺകുട്ടിയും ആൺകുട്ടിയും അവളുടെ അടുത്തുവന്നു പരുങ്ങിയപ്പോൾ അവൾ ബാഗിൽ നിന്നും ചെറിയൊരു കടലാസ്സ് പൊതിയെടുത്തവർക്ക് കൊടുത്തു . പൊതിവാങ്ങിയ ആൺകുട്ടിയുടെ പുറകെ പെൺകുട്ടിയും പുറത്തേക്കോടി

“‘വീഴല്ലേടാ …അവൾക്കൂടെ കൊടുക്കണേ “‘ ഭവാനി ചേച്ചിയവരെ ശാസിച്ചു

“‘ ഇന്നലെ അവള് തന്നില്ലച്ഛമ്മേ … ഇതീന്ന് ഞാൻ കൊടുക്കുവേല “‘

”അച്ഛമ്മ … മോളെന്നല്ലേ പറഞ്ഞെ .. പിന്നെങ്ങനെ ?” ജെയ്‌മോൾ നെറ്റിചുളിച്ചുകൊണ്ടവരെ നോക്കി

“‘ ഞാൻ മരുമോളാണ് സാറെ . ചേട്ടന് ജോലികിട്ടിയപ്പോ ചെറിയ വഴക്കുകൾ ഒക്കെയുണ്ടായി . . അമ്മേടെ അകന്ന ബന്ധത്തിലുള്ളതാ സാറെ ഞാൻ . അച്ഛനുമമ്മയും മരിച്ചു . ചേട്ടനെന്നെ ഉപേക്ഷിച്ചപ്പോൾ അമ്മേയെന്നെ ഇറക്കി വിട്ടില്ല . എനിക്കിനി മകനില്ല മകളെ ഉള്ളെന്ന് പറഞ്ഞു “‘ സീത വിതുമ്പി .

“” വയറ്റിൽ പിറക്കണമെന്നില്ല അമ്മയാവാൻ, ഒരു മകളാവാൻ . തന്റേതല്ലാതെ കുഞ്ഞുങ്ങളെയും മുലയൂട്ടി വളർത്തുന്നവരുണ്ട് നമ്മുടെ മുന്നിൽ . ലാഭേച്ഛയില്ലാതെ സ്വന്തം ജീവനെ പോലും ബലികൊടുക്കാൻ തയ്യാറായി പ്രളയത്തിലും മറ്റ് അപകടങ്ങളിലും സഹായത്തിനിറങ്ങുന്നവരില്ലേ. അവരൊക്കെയല്ലേ ശെരിക്കും നമ്മുടെ മാതാപിതാക്കളും ദൈവങ്ങളും ”’

“‘ ചേച്ചിക് അസൗകര്യമുണ്ടോ ഞങ്ങളുടെ കൂടെയൊന്ന് വരാൻ “” സ്റ്റീഫൻ ചായ ഗ്ലാസ് വെച്ചെണീറ്റു .

“‘ഇല്ല സാറെ .. പച്ചക്കറി മറ്റേ സാറ് വാങ്ങിയ കൊണ്ട് ഞാനിപ്പത്തന്നെ
വരാം ..എങ്ങോട്ടാ സാറെ “”

“‘ ആദ്യം മുതൽ തുടങ്ങണം . ഓരോ ഓഫീസും കയറിയിറങ്ങാൻ . ജെയ്‌മോളെ ഇവരുടെ തിരിച്ചറിയൽ രേഖകൾ അടക്കം ഭൂമി സംബന്ധമായ എല്ലാ രേഖകളും എടുത്തുകൊണ്ടിവരേം കൂട്ടി പോരെ “”

“” സാറെങ്ങോട്ട് പോകുന്നു . ” ജെയ്‌മോൾ തിരക്കി .

“‘ഓഫീസിൽ …കുറച്ചു കാര്യങ്ങളുണ്ട് . നിങ്ങളിവിടുന്നിറങ്ങുമ്പോൾ വിളിക്കണം . ഞാൻ എത്തിയേക്കാം “‘

“‘സാറെ ഇത്രയും ദൂരമില്ലേ ? കൊണ്ടുപോയി വിടാം “”

“‘വേണ്ട ജെയ്‌മോളെ . ഇരുൾ മൂടുമ്പോൾ ഈ അമ്മയും മക്കളും തനിച്ചു വരുന്ന വഴിയല്ലേ . ഞാനുമൊന്ന് നടക്കട്ടെ ”’

അവിടുന്നിറങ്ങി നടന്നു പാതി ദൂരമായപ്പോഴേക്കും മാത്യുച്ചായന്റെ ബുള്ളറ്റ് ശബ്ദം അടുത്തടുത്ത് വന്നു .

“” മോളെന്നെ വിളിച്ചു പറഞ്ഞു . ആ കാണുന്നതാണോ വീട് ? വലിയ തരക്കേടില്ലല്ലോ സാറെ “‘

“‘അടുത്തു ചെന്ന് നോക്കണം മാത്യൂച്ചായ . ജീർണിച്ചിരിക്കയാണ് … മഴക്കാലം കഴിച്ചുകൂട്ടുമെന്ന് തോന്നുന്നില്ല “”

“‘ആണോ .. പിന്നെ മെമ്പർമാരും മറ്റ് അധികാരികളുമൊക്കെ എന്ത്കൊണ്ട് ഇവർക്ക് വീട് അനുവദിച്ചില്ല “‘

“‘കണ്ടില്ലേ കാൽ താണു പോകുന്ന പാടവരമ്പ് ? വിലകൂടിയ പാദരക്ഷകളിൽ ചെളി പുരളാൻ ആഗ്രഹിക്കുന്നുണ്ടാവില്ല . ഇവിടെനിന്ന് നോക്കി മാത്യുച്ചായൻ പറഞ്ഞ പോലെ വിലയിരുത്തിക്കാണും . പ്രത്യക്ഷത്തിൽ കുഴപ്പമൊന്നുമില്ലല്ലോ “‘

“” ഹമ് ..സാറ് ഓഫീസിലേക്കാണോ .ഞാൻ മെയിൻ റോഡിൽ ഇറക്കാം . എനിക്കൊരു സ്ഥലം വരെ പോകാനുണ്ട് . എന്നിട്ട് ഞാനും വരാം നിങ്ങടെ കൂടെ . വില്ലേജിലും താലൂക്കിലുമൊക്കെ എനിക്ക് കുറച്ചു പരിചയക്കാരുണ്ട്. ‌ “‘ മാത്യൂസ് ബുള്ളെറ്റ് തിരിച്ചു .

*****************

“” ഇനിയെന്നാ അടുത്തത് സാറെ ?”’

“‘ വില്ലേജിൽ നിന്ന് പറഞ്ഞപോലെ തന്നെ . റീസർവേക്ക് അപേക്ഷ കൊടുക്കണം . അതിന് മുൻപ്നമുക്ക് ബാധ്യത സർട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കണം . ”” സ്റ്റീഫൻ ഓഫീസിൽ നിന്നിറങ്ങി ജെയ്‌മോളോട്ടും ഭവാനിചേച്ചിയോടും പറഞ്ഞ ശേഷം അതിലെ പോയ പ്യൂണിനെ വിളിച്ചു .

“‘സാറെ .. ഒന്ന് നിന്നേ ””’

“‘ആ ..നിങ്ങളിതുവരെ പോയില്ലേ … നിന്നിട്ട് കാര്യമൊന്നുമില്ല ചേട്ടാ . പറഞ്ഞ പരിപാടികൾ ഒക്കെ തീർത്തിട്ട് വാ . അന്നേരം ബാക്കി പറയാം “”

“”’ അല്ല സാറെ … ആധാരവും കരമടച്ചിരുന്നതുമായ സ്ഥലം റീസർവേയിൽ ഇല്ലാതായത് ആരുടെ പിഴവാണ് ? ഈ ചേച്ചിയുടെയോ ?”’ ജെയ്‌മോൾക്ക് അമർഷം .

”ആ അതൊന്നും എനിക്കറിയത്തില്ല . ആദ്യം നിങ്ങള് പറഞ്ഞ പേപ്പേഴ്സ് ഒക്കെ റെഡിയാക്കിക്കൊണ്ട് വാ . അത് കഴിഞ്ഞു ബാക്കി പറയാം “”‘

“‘ സാറെ … ദിവസം നാലഞ്ചായി ഇതിന്റെ പുറകെ നടപ്പ് തുടങ്ങീട്ട് . ഇവരുടെ ജോലി കൂടി മെനക്കെടുത്തിയാ എന്നെ സഹായിക്കാനായി ഇവര് നടക്കുന്നെ . സാറിതു വാങ്ങിയാട്ടെ . എന്നിട്ടെന്നാ വേണോന്ന് പറയ് “‘ ഭവാനി ചേച്ചി ബ്ലൗസിനകത്തു നിന്ന് ഒരു കടലാസ് പൊതി തുറന്നു നൂറിന്റെയും അൻപതിനേയും രണ്ടുമൂന്ന് നോട്ടുകൾ പ്യൂണിന് നേരെ നീട്ടി .

”’എന്നാ പറഞ്ഞു സാറെ ”’ മാത്യൂസ് അവരുടെ അടുത്തേക്ക് വന്നു .

“‘ഓ ..നടപടിയൊന്നുമില്ല ഡാഡീ . ആദ്യം മുതൽ നടക്കണം .റീസർവ്വേയിൽ ഇവരുടെസ്ഥലമില്ലെന്ന് “”

”അതെന്നാ പറച്ചിലാ .ഞാനൊന്ന് നോക്കട്ടെ ..ആ ..എടാ ജോമോനെ “”

“”‘ആരിത് മാത്യു സാറോ .. കുറെ ആയല്ലോ കണ്ടിട്ട് ? ഇപ്പ റിയൽ എസ്റ്റേറ്റ് പരിപാടിയൊന്നുമില്ലയോ ?”’ തിരിഞ്ഞു നടന്ന പ്യൂൺ മാത്യൂസ് വിളിച്ചതും വെളുക്കെ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു .

“”” ഇടക്കൊരു സ്ട്രോക്ക് ഉണ്ടയടാവേ .അത്‌കൊണ്ട് കുറച്ചുനാൾ ഇല്ലായിരുന്നു . “‘

“‘ആട്ടെ ..സാറെന്നാ ഇവിടെ ?”’

“” ആ ..എടാ ജോമോനെ .. ദേ ഇവരുടെ സ്ഥലം റീസർവ്വേയിൽ ഇല്ലന്ന് . അതൊന്ന് ശെരിയാക്കാൻ പറ്റുമോന്ന് അറിയാൻ വന്നതാ .”‘

“‘ഇവരുടെയോ ? “”” ജോമോൻ അവരെ അടിമുടിയൊന്ന് നോക്കിയിട്ട് മാത്യൂസിനെ കണ്ണ് കാണിച്ചു . മാത്യൂസ് ജോമോന്റെ കൂടെ അപ്പുറത്തേക്ക് നടന്നു .

“” സാറെ ..അവരുടെ സ്ഥലം വാങ്ങാൻ ആണോ . വേണ്ടെന്നേ ഞാൻ പറയൂ . റീസർവ്വേയിൽ സ്ഥലമില്ല . ഇനി കുറെ നടപടികൾ ഉണ്ട് . റീസർവ്വേക്ക് അപേക്ഷ കൊടുക്കണം , പിന്നെ അതിന്റെ ചിലവ് . അവരെ കൊണ്ട് കൂടിയാൽ കൂടൂന്നു തോന്നുന്നില്ല . അവരുടെ അടുത്തുള്ള ആൾക്കാരുടെ സ്ഥലവും റീസർവ്വേയിൽ ഇല്ലെങ്കിൽ എല്ലാരേം കൊണ്ട് അപേക്ഷ കൊടുപ്പിക്ക് . ചിലവും പങ്ക് ആക്കാമല്ലോ “‘

“‘എന്റെയറിവിൽ അവരുടെ അടുത്ത് വേറെ വീടില്ല . ചുറ്റുമുള്ള സ്ഥലമൊക്കെ ആരുടെയാണെന്ന് നോക്കാം “”

“‘ആ ..ഞാൻ പറയാനുള്ളത് പറഞ്ഞു മാത്യു സാറെ . സാറിനയെനിക്ക് മറക്കാൻ പറ്റോ . പിന്നെ ഇതിന് വേറെ കാണണം കേട്ടോ “‘

“‘അതൊക്കെ ശെരിയാക്കാമെടാ ഉവ്വേ ..എന്നാൽ ഞാൻ അടുത്ത പരിപാടി നോക്കട്ടെ . ”” മാത്യൂസ് ജോമോന്റെ അടുത്തുനിന്ന് സ്റ്റീഫനോക്കെ നിന്നിരുന്ന സ്ഥലത്തേക്ക് നടന്നു ..

“‘എന്ത് പറഞ്ഞു മാത്യുച്ചായ ”’ സ്റ്റീഫൻ മത്യൂസിനെ നോക്കി .

“‘ബാ കേറ് .. നീ ചേച്ചിയെ വീട്ടിലാക്കീട്ട് വന്നാ മതി ജെയ്‌മോളെ . ചേച്ചിയേയ് നമുക്ക് എല്ലാം ശെരിയാക്കാം കേട്ടോ . പേടിക്കണ്ട . “‘ മാത്യൂസ് ഭവാനിയെ നോക്കി പറഞ്ഞിട്ട് പാർക്കിങ്ങിലേക്ക് നടന്നു .

“” റീസർവ്വെ നടത്തുമ്പോ അതാത് സ്ഥലം പോയിക്കണ്ട് ചെയ്യണമെന്നാ . ഇത് പണ്ടത്തെ സർവേ നോക്കി പണി തീർത്തു കാണും . പിന്നെ ഇതൊക്കെ ഒരു വഴിപാടാ മാത്യു സാറെ . തരിശുഭൂമി കുറഞ്ഞാൽ പല ചോദ്യങ്ങളുമുണ്ടാകും . വേണ്ടപ്പെട്ടവർ ഈ കയ്യേറ്റവും ഒക്കെ നടത്തുമ്പോൾ ഇങ്ങനെയുള്ള പാവപ്പെട്ടവരുടെ കുറെ ഭൂമി പുറമ്പോക്കായി മാറും . നേരായ വഴിയാണ് നമ്മള് പോയതെങ്കിലും ഇച്ചിരി താമസമെടുക്കും . ഇപ്പ നമുക്ക് ആ മെമ്പറെ ഒന്ന് നോക്കാം . ജംക്ഷനിലെവിടെയേലും കാണും . “” മാത്യൂസ് കാർ ഓടിക്കുന്നതിനിടെ പറഞ്ഞു .

“” സുകുമാരാ ..ആ മെമ്പർ സുധാകരനെ കണ്ടോ “‘ മാത്യൂസ് ജംക്ഷനിൽ കാർ ഒതുക്കി ഒരു ഹോട്ടലിലേക്ക് കയറിച്ചെന്നു . ഒപ്പം സ്റ്റീഫനും .

:”” എന്താ ..ആ മാത്യൂസാറോ ..എന്നാ കാര്യം “” അകത്തു മുറിയിൽ നിന്നൊരു തല പുറത്തേക്ക് നീണ്ടു .

“‘നീയിവിടെയുണ്ടായിരുന്നോ … എടാ ഉവ്വേ ..ആ നാലാം ബ്ലോക്കിലെ ഭവാനി ചേച്ചിയില്ലേ ? അവരുടെ വീടിടിഞ്ഞു വീഴാറായി . നിനക്ക് വല്ലതും ചെയ്യാൻ പറ്റുമോ ?”’

“‘ഓ ..അവർക്കെന്നാത്തിനാ വീട് . ആ പെണ്ണ് എന്നും ഒരുങ്ങിക്കെട്ടി പോകുന്നത് കാണാല്ലോ. അതിനൊക്കെ പൈസയുണ്ട് . “‘ കടയിലിരുന്ന ഒരാളാണ് അത് പറഞ്ഞത്

“‘ചേട്ടാ ..അവർക്കെന്താ ജോലിയെന്നറിയാമോ ?”’
സ്റ്റീഫൻ പറഞ്ഞയാളുടെ നേരെ തിരിഞ്ഞു .

“‘ ഏതോ തുണിക്കടയിലാണെന്ന് തോന്നുന്നു . തുണിക്കടേലൊക്കെ നല്ല ശമ്പളമല്യോ . പത്തിരൂപത്തിനായിരം രൂപാ കിട്ടാണ്ടിക്കാലത്ത് ആരേലും ജോലിക്ക് പോകുവോ ?”

“”ചേട്ടാ … ആദ്യം അങ്ങനെ ജോലിയുള്ള ആരോടെങ്കിലും ചോദിക്കണം ശമ്പളവും മറ്റുമൊക്കെ . എന്നിട്ട് പറഞ്ഞാൽ മതി . ചേട്ടാ ഇവിടെങ്ങനെയുണ്ട് കച്ചവടം ?”” സ്റ്റീഫൻ അഭിപ്രായം പറഞ്ഞയാളെ ദേഷ്യത്തിൽ നോക്കിയിട്ട് കടക്കാരന്റെ നേരെ നോക്കി .

“‘ കുറവാ സാറെ . ഒന്നാമത് സാമ്പത്തിക മാന്ദ്യം ഇപ്പൊ ദേ അടുത്ത സൂക്കേടും വന്നു .ഓടിച്ചോണ്ട് പോകാമെന്നല്ലാതെ നീക്കിയിരിപ്പൊന്നുമില്ല “‘

“‘കണ്ടോ … കാണുമ്പോൾ ഒരു സ്ഥാപനമുണ്ട് . നിങ്ങളൊക്കെ ഇവിടെ യിരിക്കുമ്പോൾ കാണുന്നോർക്ക് കച്ചോടം ഉണ്ടെന്നും തോന്നും . പക്ഷെ സത്യമതാണോ ?.”

“‘ആ പെണ്ണിന് ഒരു ജോലിയുണ്ട് . അവിടെ ഭംഗിയായി ഡ്രെസ് ചെയ്തുകൊണ്ട് പോകണം .അല്ലെങ്കിൽ അതവരുടെ ജോലിയെ ബാധിക്കും . ആ ഡ്രെസ്സുകൾ ഷോപ്പുകാരോ മറ്റാരെങ്കിലുമോ കൊടുത്തതാകാം . അവരും നാണം മറക്കണ്ടേ ? . മിന്നുന്ന കുപ്പായത്തിനും പുറമോടിയും കണ്ട് എല്ലാവരും എല്ലാം തികഞ്ഞവരെന്നു വിലയിരുത്തരുത് . അവർക്കും വേദനകളും വിഷമങ്ങളും ഉണ്ട് . എത്ര നാളായെന്നോ ആ പാവങ്ങൾ ഒരു വീടിന് വേണ്ടി പുറകെ നടക്കുന്നു . കെട്ടുറപ്പുള്ള വീടിനുള്ളിൽ ഇരുന്ന് കുറ്റം പറയാൻ എളുപ്പമാണ് . നിങ്ങൾക്കിത് നിസാരമാണ് . അവരുടെ കൂടെ ഒന്ന് നടന്നു നോക്കണം അതിന്റെ നോവറിയാൻ . ഉള്ളിൽ തീയാണെങ്കിൽ ൽ പൂ വിതറിയ പാതയും കനലും മുള്ളുകളും നിറഞ്ഞതായേ തോന്നൂ .””

””മെമ്പറെ … നിങ്ങൾ അവരുമിവരും പറയുന്നത് കേട്ട് അർഹതപ്പെട്ടവരുടെ നേരെ കണ്ണടക്കരുത് . ആ വീട്ടിൽ ഇന്ന് തന്നെ ചെല്ലണം . അവരുടെ വീട് കാണണം . അവർക്ക് പറയാനുള്ളത് കേൾക്കണം . “‘സ്റ്റീഫൻ മെമ്പറുടെ നേരെ തിരിഞ്ഞു .

“‘സാറേതാ ..മനസ്സിലായില്ലല്ലോ “‘ മെമ്പർ സ്റ്റീഫനെ നോക്കി ചോദിച്ചു .

“‘ സാറെ ..സാർ പറഞ്ഞത് തന്നെയാ ശെരി . തൂലികക്കെ ഈ ആഴിമതികളും നൂലാമാലകളും നീക്കാൻ പറ്റൂ .ഇന്ന് തന്നെ ഈ വാർത്ത പത്രത്തിൽ കൊടുത്തോ . എന്നാലേ അധികാരികളുടെ കണ്ണ് തുറക്കൂ . “‘ മാത്യൂസ് സ്റ്റീഫന്റെ തോളിൽ തട്ടിയിട്ട് പുറത്തേക്കിറങ്ങി .

”പത്രത്തിൽ നിന്നാണോ ?”’ പുറകിൽ നിന്ന് മെമ്പറുടെ ചോദ്യം അവഗണിച്ചു അവർ നടന്നിരുന്നു .

“‘ സാറെ ..സാറെ …”’ പിറ്റേന്ന് പുലർച്ചെ വാതിലിൽ കൊട്ടുന്നത് കേട്ടാണ് സ്റ്റീഫൻ കണ്ണ് തുറന്നത് . ലൈറ്റിട്ട് ക്ളോക്കിൽ നോക്കി , സമയം നാലു മണി ആകുന്നതേ ഉള്ളൂ .

“‘ മത്യുച്ചായാ … എന്നാ ..എന്നാ ഈ സമയത്ത് ?”’ വാതിൽ തുറന്ന സ്റ്റീഫൻ മാത്യൂസിന്റെ പുറകിൽ നനഞ്ഞൊലിച്ച വേഷവുമായി നിൽക്കുന്ന കുട്ടികളെ അപ്പോഴാണ് കണ്ടത് .

“‘ഇത് .. സീതേടെ പിള്ളേരല്ലേ ? ഭവാനിച്ചേച്ചിയുടെ ?”

“‘അതെ സാറെ .. പുലർച്ചെ അവരുടെ കുറച്ചുമാറിയുള്ള ചിറ പൊട്ടി . വെള്ളത്തിൽ അവരുടെ വീട് തകർന്നു . …”‘മാത്യൂസിന്റെ വാക്കുകൾ മുറിഞ്ഞു .

“‘ സീതയെ വിളിച്ചിട്ട് കൂടെ വന്നില്ല .പെരുമഴയത്ത് നിൽക്കണ്ടല്ലോന്ന് കരുതി പിള്ളേരെ ഞാനിങ്ങു കൊണ്ടുവന്നു . സാറിന് താഴെ മുറി ശെരിയാക്കിയിട്ടുണ്ട് . താഴേക്ക് പോരെ . “‘

“‘ മാത്യുച്ചായാ ..ഭവാനിച്ചേച്ചി ?”’

“‘ തിരയുന്നുണ്ട് . ഇവരെ മാറ്റി നിർത്തി പ്രമാണോം മറ്റുമെടുക്കാൻ വീണ്ടും കേറിയതാ വീട്ടിലേക്ക് …””

മാത്യൂസ് തിരിഞ്ഞു നോക്കാതെ പടിയിറങ്ങിയപ്പോൾ മാനത്ത് ഇടിമിന്നൽ മുഴങ്ങുന്നുണ്ടായിരുന്നു , അടുത്ത തോരാ മഴക്കായി …

Related Posts

Leave a Reply

Your email address will not be published. Required fields are marked *