പ്രിയം ~ ഭാഗം 09 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അമ്മയുടെ മോനെവിടെ ?

നീ എന്നോട് രാവിലെ തന്നെ വഴക്കിന് വരാണോ ….അമ്മ ഉണ്ണിയെ നോക്കികൊണ്ട് ചോദിച്ചു…

ശരി… ദേഷ്യപ്പെടുന്നില്ല…. അവനെ ഞാൻ വന്നിട്ട് കണ്ടോളാം.. ഉണ്ണി കഞ്ഞിയുമെടുത്ത് മുറിയിലേക്ക് ചെന്നു…… കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന ഗായത്രിയെ തട്ടി വിളിച്ചു….. പതുക്കെ കണ്ണു തുറന്ന് ചുറ്റിലുമൊന്ന് കണ്ണോടിച്ച് ഗായത്രി എഴുന്നേറ്റിരുന്നു..

ക്ഷീണം കാരണം നല്ല ഉറക്കം വരുന്നുണ്ടല്ലെ ….. പക്ഷേ അതിനു മുമ്പ് ഈ ഗുളിക കഴിച്ചിട്ട് കിടന്നോ ….

ഉണ്ണിയുടെ കയ്യിലിരുന്ന പ്ലേറ്റ് ഗായത്രിക്ക് നീട്ടി…ആദ്യം കുറച്ച് കഞ്ഞി കുടിക്ക് ….അല്ലെങ്കിൽ ഗുളിക മാത്രം കഴിച്ചാൽ ക്ഷീണം മാറില്ല…

ഗായത്രി പ്ലേറ്റ് വാങ്ങി മടിയിൽ വെച്ചു…. ബുദ്ധിമുട്ടി കുറേശ്ശെയായി കഴിക്കാൻ തുടങ്ങി…..ഉണ്ണി കട്ടിലിന്റെ അറ്റത്ത് ഗായത്രിയുടെ കാലിനു ചുവട്ടിലായിരുന്നു….

ഏടത്തിയമ്മയോട് ഒരു കാര്യം ചോദിക്കട്ടെ …..?

ഉം…കഴിക്കുന്നതിനിടയിൽ ഗായത്രി മൂളി …

സത്യത്തിൽ എന്താ ഏടത്തിയമ്മയുടെ പ്രശ്നം….. എനിക്ക് കൃത്യമായി ഒന്നും മനസ്സിലാവുന്നില്ല….ഞാൻ ഇത്രയും ദിവസം വിചാരിച്ചത് നിങ്ങൾ തമ്മിൽ ചെറിയ പ്രശ്നമേയുള്ളൂവെന്നാ…. അതല്ലാന്ന് ഇന്നലത്തോടെ മനസ്സിലായി…

ഗായത്രി കഴിക്കുന്നത് നിർത്തി… സ്പൂൺ പ്ലേറ്റിലേക്കിട്ട് മടിയിൽ നിന്ന് താഴെയിറക്കി വെച്ചു…

ഉണ്ണിക്ക് എന്നെ കണ്ടാൽ മാനസ്സിക പ്രശ്നമുള്ള പോലെ തോന്നുന്നുണ്ടോ …?

ഏടത്തിയമ്മയോട് ഞാനങ്ങനെയൊന്നും പറഞ്ഞില്ലല്ലോ…..

നിന്റെ ഏട്ടൻ ഇന്നലെ എന്നോടങ്ങനെയാ പറഞ്ഞത്…..

ഗായത്രിയൊന്ന് നെടുവീർപ്പിട്ടു…ഉണ്ണിക്ക് എന്റെ വീട്ടിൽ വന്ന് കല്ല്യാണമുറപ്പിച്ചത് ഓർമ്മയുണ്ടോ ….. അന്ന് നിങ്ങൾ വന്നു പോയതു മുതൽ എന്റെ സ്വപ്നമായിരുന്നു വിവാഹം…. ഏട്ടൻ താലി കെട്ടുന്നത് എത്ര ദിവസങ്ങളിൽ ഞാൻ മനസ്സിൽ ആലോചിച്ചിട്ടുണ്ടെന്നറിയോ….. കല്ല്യാണ ദിവസം രാത്രി ആ മുറിയിൽ കയറുന്നവരെ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ….. നീ എന്നോട് പറഞ്ഞൊരു വാക്ക് എന്റെ മനസ്സിലിപ്പോഴുമുണ്ട് … എന്റെ ഭാഗ്യമാണ് ഏട്ടനെന്ന്….. ഉണ്ണിയ്ക്കറിയോ ആ ഭാഗ്യത്തിന് വേറൊരു മുഖം കൂടിയുണ്ട്…. അതെനിക്ക് മനസ്സിലായത് ആ രാത്രിയിലായിരുന്നു….. പിച്ചിചീന്തുക എന്നൊക്കെ ഞാൻ പത്രത്തിൽ വായിച്ചിട്ടേയുള്ളൂ….. അതിങ്ങനെയാണെന്ന് ഉണ്ണിയുടെ ഏട്ടൻ പഠിപ്പിച്ചു തന്നു…. ഞാൻ അത് ചിലപ്പോൾ ആദ്യത്തെ അനുഭവമാവുന്നത് കൊണ്ട് തോന്നുന്നതാവുമെന്ന് വിചാരിച്ച് വിട്ടു….

പക്ഷേ ആ ആഴ്ച്ച എനിക്ക് മരിച്ചാൽ മതിയെന്ന് തോന്നിപ്പോയി…. ഉണ്ണി എന്നോടെന്താ മിണ്ടാത്തതെന്ന് ചോദിച്ച് പരാതി പറഞ്ഞിരുന്നില്ലെ….. കരയാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല പിന്നെയെങ്ങനെ നിന്നോട് ചിരിക്കും…… വല്ലാതെ ബുദ്ധിമുട്ടിയപ്പോഴാ നിന്റെ അമ്മയോട് പറഞ്ഞത്…. അമ്മ കേട്ടതായി പോലും ഭാവിച്ചില്ല….ഒരാഴ്ച്ചയും രണ്ടാഴ്ച്ചയും കഴിഞ്ഞ് സഹിക്കാൻ പറ്റാത്തതുകൊണ്ടാ എന്റെ വീട്ടിൽ പറയാൻ പോയത്….. എന്റെ അമ്മ പറഞ്ഞതെന്താ അറിയോ…..നീ ഇത് വല്ലതും വേണ്ടാ വെച്ചിട്ട് വന്ന് കുടുംബത്തിന് മാനക്കേടുണ്ടാക്കിയാൽ തൂങ്ങി ചാവുമെന്ന് ….. ദേഷ്യത്തിലാ ഞാനിങ്ങോട്ട് പോന്നത്…. നിന്നോട് ദേഷ്യപ്പെട്ടതോർക്കുന്നില്ലെ….

ഉണ്ണി തലയുയർത്തി ഗായത്രിയെ നോക്കി…ഉണ്ട് …. എന്നാലും ഏട്ടൻ ഇങ്ങനെയൊക്കെ ….എനിക്ക് ചിന്തിക്കാൻ കൂടി പറ്റുന്നില്ല…..

ഉണ്ണിയൊന്ന് എന്റെ വേദന ആലോചിച്ച് നോക്കാ …… രാവിലെ വരെ ദേഹത്തൊരു പുതപ്പിന്റെ കഷ്ണം പോലുമില്ലാതെ ടോർച്ചർ ചെയ്യുന്നതിനെ പറ്റി…..

ഉണ്ണി ഗായത്രിയുടെ കാലിൽ കൈകൾ കൊണ്ടമർത്തി….പ്ലീസ് ….. മതി…. എനിക്കിനി ഒന്നും കേൾക്കേണ്ട ഒന്നും പറയുകയും വേണ്ടാ……

ഉണ്ണി കട്ടിലിൽ നിന്നെഴുന്നേറ്റു ….ഈ ഗുളിക കഴിക്ക് ….ഞാൻ വൈകുന്നേരം വന്നിട്ട് എല്ലാവരോടും സംസാരിക്കാം….അതിനു ശേഷം വീട്ടിൽ പറഞ്ഞാ മതി……

ഗായത്രി ഗുളിക വാങ്ങി…. ഉണ്ണി ജഗ്ഗിലെ വെള്ളമെടുത്ത് കയ്യിൽ കൊടുത്ത് താഴേക്കിറങ്ങി…. അടുക്കളയിലേക് എത്തി നോക്കി……

അമ്മേ ഏട്ടനെങ്ങോട്ടാ പോയത്….?

അമ്മ ചെയ്യുന്ന പണി വിട്ട് തിരിഞ്ഞു നിന്നു. രാവിലെ അമ്മാവൻ വിളിച്ചിരുന്നു…. അങ്ങോട്ടു പോയിട്ടുണ്ടാവും….

എന്തിന്…..അല്ലെങ്കിൽ വിളിച്ചാൽ പോവാത്ത ആളാണല്ലൊ….. സത്യത്തിൽ അവരിങ്ങോട്ട് വിളിച്ചോ അതോ അവൻ അങ്ങോട്ടോ …..

ആ….ആർക്കറിയാം…. നിങ്ങളൊക്കെ എന്റെയടുത്ത് പറഞ്ഞിട്ടാണോ വല്ലതും ചെയ്യാറ്…..അമ്മ വീണ്ടും പണിയിലേക്ക് തിരിഞ്ഞു…ഉണ്ണി പുറത്തേക്കിറങ്ങി…. ഇവൻ വെറുതെയൊന്നും അവിടെ പോവില്ലല്ലോ….എന്തായിരിക്കും പ്ലാനിട്ടിട്ടുണ്ടാവുക…… പെട്ടെന്ന് ഉണ്ണിയുടെ ഫോണിലേക്ക് കോൾ വന്നു…എടുത്ത് സംസാരിച്ചു…. ഓഫീസിൽ നിന്നാണ്…. സൈറ്റിൽ ചെല്ലാൻ ആവശ്യപ്പെട്ടതനുസരിച്ച് ഉണ്ണി ബൈക്കെടുത്ത് പുറപ്പെട്ടു….. സമയം പോയ്കൊണ്ടിരുന്നു….. ഉച്ചയാവാറായി…. വീടിനു മുന്നിൽ രതീഷിന്റെ കാർ വന്ന് നിന്നു…. അമ്മ പുറത്തേക്കിറങ്ങി നോക്കിയപ്പോൾ ആങ്ങള മാധവകൃഷണനും ഭാര്യ സരസ്വതിയും ……

മാധവേട്ടാ വരൂ ….അമ്മ അവരെ അകത്തേക്ക് സ്വാഗതം ചെയ്തു…..

മാധവൻ റിട്ടയേർഡ് കേണലാണ്…… അതിന്റെയൊരു ഗാംഭീര്യം മുഖത്തെപ്പോഴും കാണും ……

ഇരുവരും ഹാളിലെ സോഫയിലിരുന്നു…

എന്തൊക്കെയുണ്ട് മാധവേട്ടാ വിശേഷങ്ങൾ ….? അമ്മ സുഖാന്വേഷണങ്ങൾ ചോദിക്കാൻ തുടങ്ങി…

വിശേഷങ്ങളൊക്കെ ഇവിടെയല്ലെ ദേവകി ……മാധവൻ കുറച്ച് ഗൗരവത്തോടെ ചോദിച്ചു…..

അമ്മ തലതാഴ്ത്തി ….

നിങ്ങളോട് ഞാൻ ഈ ആലോചന വന്നപ്പോഴെ പറഞ്ഞതല്ലെ നമ്മുടെ കുടുംബവുമായി ചേരില്ലാന്ന് ….. അന്ന് ഞാൻ പറഞ്ഞത് നീ കണക്കിലെടുത്തോ….. വീടു വെച്ചിട്ടുള്ള ആദ്യത്തെ മംഗളകർമ്മം തന്നെ മോശമായില്ലെ…..

അതിപ്പോൾ പറഞ്ഞിട്ട് കാര്യമുണ്ടോ മാധവേട്ടാ …… ഇനിയെന്താ വേണ്ടതെന്ന് ആലോചിക്കാതെ …സരസ്വതി ഇടയിൽ കയറി പറഞ്ഞു….

അതും ഇവരു തന്നെ തീരുമാനിക്കട്ടെ …. ദേവകി പറയു എന്താ വേണ്ടതെന്ന് …

അമ്മ രതീഷിനെ നോക്കി….

അവനെ നോക്കണ്ട ….. അവന് വേണ്ടാന്നാ പറഞ്ഞത്….. ഞാൻ ദേവകിയുടെ അഭിപ്രായമാ ചോദിച്ചത്…..

അതു പിന്നെ ഏട്ടാ …..ഞാൻ …..പെട്ടെന്നൊരു തീരുമാനമെടുക്കണോ ….
അമ്മ വിക്കി കൊണ്ട് പറഞ്ഞു…..

മാധവേട്ടൻ കുറച്ച് ദേഷ്യത്തോടെ …..നിന്റെ ഉദ്ദേശ്യമെന്താ ഭ്രാന്തുള്ള പെണ്ണിനെ ഇവന്റെ തലയിൽ തന്നെയിരുന്നോട്ടെ എന്നോ …..

ഭ്രാന്തോ ….? അമ്മ ഞെട്ടലോടെ ചോദിച്ചു…

പിന്നെ അല്ലാതെ ….. രതീഷ് പറയുന്നത് കുട്ടിക്ക് നല്ല മാനസ്സിക പ്രശ്നമുണ്ടെന്നാ….

അമ്മയൊന്ന് വീണ്ടും രതീഷിനെ നോക്കി….. അവൻ തല തിരിച്ചു….

ദേവകിക്ക് ഇതിൽ അഭിപ്രായമൊന്നും ഇല്ലെന്നറിയാം….. നീ ഇവന്റെ ചെറിയച്ഛന്മാരെയൊക്കെ വിളിക്ക് ….. അവരുമായി ആലോചിച്ചിട്ട് എന്താ വേണ്ടതെന്ന് തീരുമാനിക്കാം…. ചതിച്ചതിന് നഷ്ടപരിഹാരമോ എന്താച്ചാ വാങ്ങാം….

അമ്മ മറുപടിയൊന്നും പറഞ്ഞില്ല…..മാധവൻ രതീഷിന് നേരെ തിരിഞ്ഞു….

നീ പോയി അവരെ വിളിക്ക് …..

എല്ലാവരും ജോലിക്ക് പോയിട്ടുണ്ടാവില്ലെ മാധവേട്ടാ …..സരസ്വതി സംശയത്തോടെ ചോദിച്ചു…..

എന്നാൽ അവരെ വിളിച്ചു പറഞ്ഞേക്ക് …. വൈകിയാലും തീരുമാനമാക്കിയിട്ട് പോവാം ….

രതീഷ് ഫോണെടുത്ത് പുറത്തേക്ക് മാറി…

സുകുമാരനെ കൂടി വിളിച്ച് പറഞ്ഞേക്കാം…… സരസ്വതി ഒന്ന് ഡയൽ ചെയ്തേ …. എനിക്ക് കാണുന്നില്ല …..മാധവൻ കയ്യിലിരുന്ന ഫോൺ സരസ്വതിക്ക് നേരെ നീട്ടി…..

കുറച്ച് കഴിഞ്ഞപ്പോൾ അകത്തേക്ക് ചെറിയമ്മമാർ കയറി വന്നു…അവരെ കണ്ട് മാധവൻ …..നിങ്ങളൊക്കെ അടുത്തുണ്ടായിട്ടാണോ ഇങ്ങനെ നടക്കുന്നേ…

ദേവകിയേടത്തി ഞങ്ങളോട് വല്ലതും പറഞ്ഞാലല്ലെ മാധവേട്ടാ ….. ഈ വീട്ടിൽ നിന്ന് ഒരു കാര്യവും പുറത്ത് പോവുന്നില്ല , ഇവരു തന്നെ സൂക്ഷിച്ച് വെക്കാ….ചെറിയമ്മ കുറച്ച് നീരസത്തോടെ പറഞ്ഞു..

അതു തന്നെയാ ഇത്രയും പ്രശ്നത്തിന് കാരണം…. ഒരു കാര്യം ചെയ്യ് …. നിങ്ങള് സരസ്വതിയെയും കൂട്ടി ആ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് നോക്ക് ….. വീട്ടുകാര് അറിഞ്ഞിട്ട് പറ്റിച്ചതാണോന്നറിയാലോ …മാധവൻ ചെറിയമ്മമാരെ നോക്കി കൊണ്ട് പറഞ്ഞു…..

സ്റ്റെപ്പ് കയറി അവർ രതീഷിന്റെ മുറിയിലേക്ക് നടന്നു…. തുറന്നിട്ട മുറിയിൽ ആരെയും കാണാത്തതു കണ്ട് ….

ഇന്ന് ജോലിക്ക് പോവുന്നത് കണ്ടില്ലല്ലോ….ചെറിയമ്മ കുറച്ച് സംശയത്തോടെ ചോദിച്ചു..

തിരിഞ്ഞ് ഉണ്ണിയുടെ മുറിയിലേക്ക് നടന്നു…. ഗായത്രി കട്ടിലിൽ ഉറങ്ങുകയായിരുന്നു…

ആ…. ഇവിടെയുണ്ടായിരുന്നോ ….

ശബ്ദം കേട്ട് ഗായത്രി കണ്ണ് തുറന്നു….ചുറ്റിലുമുള്ളവരെ കണ്ട് പതുക്കെ എഴുന്നേറ്റു ….

കെട്ടുന്നത് ഏട്ടനെയും കിടക്കുന്നത് അനിയന്റെയും മുറിയിലാണോ ….ചെറിയമ്മ ദേഷ്യത്തോടെ തന്നെ ചോദിച്ചു…

ഗായത്രി ചെവി പൊത്തി…എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ…… വയ്യാ തോന്നി അറിയാതെ കിടന്ന് മയങ്ങി പോയി……

നിങ്ങള് നിൽക്ക് അവളോട് ഞാൻ കാര്യങ്ങൾ ചോദിച്ച് നോക്കാം….സരസ്വതി കട്ടിലിലേക്കിരുന്നു…..മോള് ഇതിനു മുന്നേ ഡോക്ടറെ കാണിച്ചിട്ടുണ്ടോ ….

എന്താണ് പറയുന്നതെന്ന് മനസ്സിലാവാതെ ഗായത്രി സരസ്വതിയെ നോക്കി.

ഞാൻ മോളുടെ അസുഖത്തെ കുറിച്ചാ ചോദിച്ചത്….. എന്തോ വലിയ വെപ്രാളമൊക്കെ കാണിയ്ക്കാറുണ്ട് രാത്രിയിലെന്ന് രതീഷ് പറഞ്ഞു….. ഇതിനു മുമ്പ് ഇങ്ങനെയുണ്ടായിട്ട് ഡോക്ടറെ കാണിച്ചിട്ടുണ്ടോന്നാ ചോദിച്ചത്…..

അതിന് എനിക്ക് അസുഖമൊന്നുമില്ല…..എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു…

പിന്നെ രതീഷിനാണോ കുഴപ്പം ….. ഇത് നല്ല കഥയായി ….. കാര്യങ്ങളൊക്കെ തുറന്ന് പറഞ്ഞൂടേ…..സരസ്വതി വീണ്ടും ചോദിച്ചു…

നിങ്ങളൊന്ന് ഈ മുറിയിൽ നിന്ന് പോവോ …. എനിക്ക് നിങ്ങളോടൊന്നും പറയാനില്ല…..

സരസ്വതി ഇറങ്ങി പുറത്തേക്ക് വന്നു…മാധവന്റെ അടുത്തെത്തിയപ്പോൾ…..അവൾക്ക് നല്ല അഹങ്കാരമാ….. ഇതൊക്കെ അറിഞ്ഞു കൊണ്ട് ചെയ്യുന്ന പോലെയാ തോന്നുന്നത്…

വരട്ടെ അവര് വന്നിട്ട് തീരുമാനിക്കാം…മാധവൻ എല്ലാവരോടുമായി പറഞ്ഞു..

വൈകുന്നേരമായി…….

സൈറ്റിൽ തിരക്കിലായിരുന്ന ഉണ്ണിയുടെ മൊബൈൽ റിംങ് ചെയ്യാൻ തുടങ്ങി….കയ്യിലെടുത്ത് സ്ക്രീനിൽ നോക്കി….. അമൃത …. മാധവേട്ടന്റെ മകളാണ് …. ഉണ്ണി കോൾ അറ്റൻഡ് ചെയ്തു…ഹലോ ….

ഉണ്ണിയേട്ടൻ എവിടെ …. ഞങ്ങളെത്ര നേരമായെന്നോ വന്നിട്ട് ….

ഞങ്ങളെന്ന് പറഞ്ഞാൽ ….ഉണ്ണി സംശയത്തോടെ ചോദിച്ചു..

ഫുൾ ഫാമിലി…

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *