പ്രിയം ~ ഭാഗങ്ങൾ 30 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഫോൺ കട്ടായി..

രതീഷിന് വല്ലാതെ ടെൻഷൻ കയറി തുടങ്ങി, വെറുതെ ആലോചിക്കുമ്പോൾ തന്നെ വീണ്ടും ടെൻഷൻ കൂടുന്നു, അപ്പോൾ അവിടെ പോയി ഗായത്രിയെ വിളിച്ച് കാറിൽ കയറ്റി വീട്ടിലെത്തിക്കുമ്പോഴേക്കും പാതി ജീവൻ മേലോട്ട് പോവൂലോ, കസേരയിൽ ചാരിയിരുന്നു, വെറുതെ റിസെപ്ഷനിലേക്ക് നോക്കിയപ്പോൾ രശ്മി ഒളികണ്ണിട്ട് തിരിച്ചുനോക്കുന്നുണ്ട്, രതീഷ് മുഖം തിരിച്ചു, ഇവളതിനും മേലെ, വെറുതെ നോക്കുകയും ചെയ്യും, ചോദിക്കാൻ പോയാൽ തൃശൂർ പൂരത്തിന് കണ്ട പരിചയം പോലും കാണിക്കത്തുമില്ല, രതീഷ് രണ്ടും കൽപ്പിച്ച് പുറത്തേക്കിറങ്ങി, കാറിലേക്ക് കയറി സ്റ്റാർട്ടാക്കി, പതുക്കെ ഓടിച്ച് ഗായത്രിയുടെ ഹോസ്പിറ്റലിന് മുന്നിൽ നിർത്തി, ഇനിയെന്ത് ചെയ്യും, താഴെ നിൽക്കുന്ന കാര്യം അറിയിക്കണ്ടേ, ഫോണിൽ വിളിക്കണോ അതോ അങ്ങോട്ട് പോയി നോക്കണോ, അല്ലെങ്കിൽ അത് വേണ്ട അവിടെ പോയാൽ ചോദ്യമായി വഴക്കായി, ഫോണിൽ വിളിച്ചു നോക്കാം, രതീഷ് കാറിൽ നിന്ന് പുറത്തേക്കിറങ്ങി, ഗായത്രിയുടെ നമ്പറിൽ തൊട്ടു, പെട്ടെന്ന് കട്ടാക്കി, എടുത്താൽ എന്ത് പറയും, ഉണ്ണി പറഞ്ഞിട്ട് വിളിക്കാണ് താഴെ നിൽക്കുന്നുണ്ട് അങ്ങനെ പറയണോ, അതാ നല്ലത് ഇനി ഞാനാരാണെന്ന് ചോദിക്കോ, ഏയ് അതുണ്ടാവില്ല എന്റെ നമ്പർ അവളുടെ കയ്യിലുണ്ടല്ലോ, വീണ്ടും കോൾ ചെയ്തു, പക്ഷെ പോവുന്നില്ല, പെട്ടോ ഭഗവാനെ നടന്ന് അവളുടെ അടുത്തേക്ക് പോവേണ്ടി വരോ, എന്ത് ചെയ്യും മിണ്ടാതെ വീട്ടിൽ പോയാലോ ഉണ്ണി ചോദിച്ചാൽ അമ്മക്ക് സുഖമില്ല പറഞ്ഞ് വിളിച്ചെന്ന് കള്ളം പറയാം, ആലോചിച്ചു നിൽക്കുന്നതിനിടയിൽ…

വന്നിട്ട് കുറെ നേരമായോ…

പെട്ടെന്നുള്ള ശബ്ദം കേട്ടപ്പോൾ രതീഷ് ഞെട്ടി ഫോൺ താഴെ വീണു, ഗായത്രി കുനിഞ്ഞ് അതെടുത്ത് അവന് നേരെ നീട്ടി, രതീഷ് വിറയാർന്ന കൈകൾ കൊണ്ട് വാങ്ങി, ഗായത്രി രതീഷിനോട്‌ വീണ്ടും ചോദിച്ചു..

ഇപ്പോൾ വന്നേയുള്ളോ അതോ കുറെ നേരമായോ..

ചോദ്യം കേട്ട് രതീഷ് ഒന്ന് മടിച്ചു നിന്നെങ്കിലും സാവധാനം മറുപടി പറയാൻ തുടങ്ങി..ഞാൻ ഇപ്പോൾ വന്നിട്ട് ഫോൺ വിളിക്കാൻ വേണ്ടി നിൽക്കായിരുന്നു.

ഞാൻ ആ മരത്തിന്റെ ചുവട്ടിൽ ഇരിക്കായിരുന്നു, ഉണ്ണി എന്നെ വിളിച്ചപ്പോൾ തന്നെ താഴേക്ക് ഇറങ്ങി നിന്നു, ഇനി കാണാതെ തിരയണ്ടല്ലോ വിചാരിച്ചു…

ഫോൺ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല ഞാൻ എന്താ ചെയ്യേണ്ടത് എന്നാലോചിക്കുകയായിരുന്നു..

ആ അതെന്റെ ഫോൺ പഴയത് പൊട്ടി, പുതിയ ഫോണും സിമ്മും വാങ്ങിയിട്ടേയുള്ളൂ, ഉണ്ണിക്ക് മാത്രമേ നമ്പർ അറിയൂ..

അതെന്ത് പറ്റി പഴയ ഫോൺ ജോലിക്കിടയിൽ താഴെ വീണോ..

അല്ല യുദ്ധത്തിനിടയിൽ പൊട്ടിയതാ, എന്റെ അച്ഛനത് വെച്ച് ഫുട്ബോൾ കളിക്കായിരുന്നു, അതിന്റെ ഒരു പാർട്സ് പോലും എനിക്ക് ബാക്കി കിട്ടിയില്ല.

ഗായത്രിയുടെ മറുപടി കേട്ട് രതീഷിന് വേറൊന്നും ചോദിക്കാൻ തോന്നിയില്ല, ഡോർ തുറന്ന് അകത്തേക്ക് കയറി, ഗായത്രിയും മുൻഭാഗത്തെ ഡോർ തുറന്നു , രതീഷ് അത് പ്രതീക്ഷിച്ചിരുന്നില്ല, ആ ഭാവം മുഖത്ത് കാണിക്കാതെ സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു, കുറച്ച് ദൂരം പോയപ്പോൾ നിശബ്ദതക്ക് വിരാമമിട്ട് ഗായത്രി രതീഷിനെ നോക്കികൊണ്ട്..

ഇപ്പോൾ ജോലിക്കൊന്നും പോവുന്നില്ലാന്ന് ഉണ്ണി പറയുന്നത് കേട്ടു, എന്ത് പറ്റി..

പെട്ടെന്നുള്ള ചോദ്യത്തിൽ രതീഷ് ഒന്ന് പതറി, കാറിന്റെ വേഗത കുറച്ചു..
അത് വേറൊന്നും കൊണ്ടല്ല ഈ പ്രശ്നങ്ങളൊക്കെ ഒന്നൊതുങ്ങട്ടെ വിചാരിച്ചു, പിന്നെ അവിടെ പോയാലും കളിയാക്കലും മറ്റുമായിട്ട് എല്ലാവരെയും അഭിമുഖീകരിക്കാൻ ഒരു മടി..

ഗായത്രിയൊന്ന് ചിരിച്ചു..മടിയോ എന്തിന്, അങ്ങനെയാണെങ്കിൽ എനിക്കൊന്നും പുറത്തേക്കിറങ്ങാൻ പറ്റില്ലല്ലോ, ഏട്ടനെ കെട്ടി അനിയന്റെ കൂടെ താമസം കൂട്ടത്തിൽ കുറച്ച് ഭ്രാന്തും, വീടിന്റെ മുന്നിലുള്ള റോഡിലേക്ക് തിരിഞ്ഞാൽ അവിടുന്ന് തൊട്ട് തലവരെ എന്നെ തന്നെ എല്ലാവരും നോക്കി നിൽക്കും, ഒരു കുഴപ്പവും തോന്നാറില്ല..

എല്ലാവരും നിന്നെ പോലെയാവോ..രതീഷ് അവളുടെ വായടക്കുമെന്ന പ്രതീക്ഷയിൽ ചോദിച്ചു.

എന്നെ പോലെയാവണ്ട അനിയനെ ഉദാഹരണം ആക്കാലോ, എന്നെ പറയുന്നതിനേക്കാൾ കൂടുതൽ നാട്ടുകാർ അവനെ കുറിച്ച് പറയുന്നുണ്ട്, കല്യാണം കഴിയുന്നതിനു മുമ്പ് ഞങ്ങള് തമ്മിൽ പ്രണയത്തിലായിരുന്നു എന്നടക്കം പറയുമ്പോഴും ഒരു കൂസലുമില്ലാതെ ദിവസവും ജോലിക്ക് പോവുന്നില്ലേ.

അവന് നാണവും മാനവും ഇല്ലാന്ന് വെച്ച് എനിക്ക് കുറച്ച് അഭിമാനമൊക്കെയുണ്ട്..

അഭിമാനം..ഗായത്രി പുച്ഛത്തോടെ പറഞ്ഞു നിർത്തി.

ടൗണിലെത്തിയപ്പോൾ ഗായത്രിയൊന്ന് പുറത്തേക്ക് നോക്കികൊണ്ട്..
പോയിട്ട് ധൃതിയുണ്ടോ…?

പോയിട്ട് പണിയൊന്നുമില്ല എന്തിനാ..രതീഷ് സംശയത്തോടെ ചോദിച്ചു.

എന്നാൽ ഒന്ന് നിർത്തോ ഞാനാ കടയിൽ നിന്ന് കുറച്ച് പച്ചക്കറി വാങ്ങിയിട്ട് വരട്ടെ..

രതീഷ് മറുപടിയൊന്നും പറയാൻ നിൽക്കാതെ ഒതുക്കികൊടുത്തു, ഗായത്രി പുറത്തേക്കിറങ്ങി വേഗത്തിൽ സാധനങ്ങൾ വാങ്ങി തിരിച്ചു വന്നു, കയ്യിലെ കവറിലേക്ക് നോക്കി കൊണ്ട്..

പച്ചക്കറിക്കൊക്കെ വില കൂടി തോന്നണു..

രതീഷിന്റെ ചോദ്യം കേട്ട് ഗായത്രിയൊന്ന് പുറത്തേക്ക് തലതിരിച്ച് ചിരിച്ചു, മറുപടിക്ക് കാത്ത് നിൽക്കുകയാണെന്ന് മനസ്സിലായപ്പോൾ മുന്നോട്ട് നോക്കി. ആ ചില സാധനങ്ങൾക്ക് വില കൂടുതലാ, പിന്നെ ഞാൻ ഇതെനിക്ക് വേണ്ടി വേടിക്കുന്നെന്നെയുള്ളൂ, ഉണ്ണിക്ക് ചില സമയത്ത് ഭക്ഷണം തന്നെ വേണ്ട, അല്ലെങ്കിൽ മീനോ ചിക്കനോ വല്ലതും വേണം, അപ്പോൾ ഞാൻ കുറച്ച് സാധനങ്ങൾ ഇങ്ങനെ എപ്പോഴെങ്കിലും വേടിക്കും..

രതീഷോന്ന് തലയാട്ടി..നിനക്കവനെ വല്ലാതെയങ്ങോട്ട് പിടിച്ചെന്ന് തോന്നുന്നു..

ഇതുവരെ കേട്ടതിൽ നിന്നും വ്യത്യസ്തമായൊരു ട്യൂണിലുള്ള ചോദ്യം കേട്ടപ്പോൾ ഗായത്രിയൊന്ന് രതീഷിനെ നോക്കി…പിന്നെ ഇഷ്ടമാവാതെ, നമ്മളെ ആരെങ്കിലും പ്രതിഫലത്തിനു വേണ്ടി രക്ഷിച്ചാൽ പോലും സ്നേഹം തോന്നും, അപ്പോൾ ഒന്നും മോഹിക്കാതെ കൂടെ നിൽക്കുന്നയാളോട് തോന്നാതിരിക്കോ..

മിണ്ടാതെ ഈ ചീത്ത പേര് കേൾക്കുന്നതിലും നല്ലത് അവനെയങ്ങ് കെട്ടിക്കൂടായിരുന്നോ, അതോ വീട് പണിയും കഴിഞ്ഞിട്ടേയുള്ളൂന്ന് വെച്ചിട്ടാണോ..

പ്രതീക്ഷിക്കാത്തൊരു ചോദ്യമായിരുന്നെങ്കിലും അവളൊന്നു കൂടി പുഞ്ചിരിച്ചു…നിങ്ങളും നിങ്ങളുടെ അനിയനും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസമെന്താണെന്ന് അറിയോ…

രതീഷ് മറുടിയൊന്നും പറഞ്ഞില്ല. ഗായത്രി തുടർന്നു..

അവന് എല്ലാവരെ കുറിച്ചും നന്നായിട്ടറിയാം പക്ഷെ നിങ്ങൾക്ക് നിങ്ങളെ കുറിച്ച് തന്നെ മുഴുവനുമായിട്ട് അറിയില്ല, ഉണ്ണി എന്നെ സ്വന്തമാക്കാൻ മോഹിച്ചിരുന്നെങ്കിൽ അവന് ഏട്ടന് കല്യാണം കഴിപ്പിച്ചു കൊടുത്തിട്ട് തിരിച്ചെടുക്കേണ്ട ആവശ്യമില്ലായിരുന്നു, ഇനി നിങ്ങൾക്കറിയാത്ത ഒരു സത്യം പറയട്ടെ, ഞാൻ തന്നെ അവനോട് കെഞ്ചി പറഞ്ഞാലും അവന്റെ കൈ എന്റെ കഴുത്തിലേക്ക് താലി ചാർത്തില്ല കാരണം അവൻ എന്നെ ഏടത്തി എന്നല്ല അമ്മ എന്ന് കൂട്ടിയാ വിളിക്കുന്നേ,ഇനി ഒന്ന് കൂടി പറയട്ടെ അവന് നിങ്ങൾ വിചാരിക്കുന്ന പോലെ എന്നോട് മോഹമൊന്നുമില്ല.

ഇത് കേൾക്കുന്നവർക്ക് കൂടി തോന്നണ്ടേ..?

എല്ലാവരെയും ബോധ്യപെടുത്തിയിട്ട് ജീവിക്കാൻ പറ്റോ, എനിക്കെന്തായാലും ഇപ്പോൾ നല്ല സന്തോഷമുണ്ട്, ചീത്ത പേര് കേട്ടാലും വേണ്ടില്ല ഇങ്ങനെ തന്നെ ജീവിച്ചു തീർത്തോളാം.

രതീഷ് കാറിന്റെ വേഗത കൂട്ടി, പെട്ടെന്ന് തന്നെ വീട്ടിലെത്തി, ഗായത്രി ഡോർ തുറന്ന് പുറത്തേക്കിറങ്ങി അവനെയൊന്ന് നോക്കി ചിരിച്ചു. അപ്പോൾ ശരി താങ്ക്സ്…

അകത്തേക്ക് കയറാൻ ഗേറ്റ് തുറക്കാൻ നിന്നപ്പോൾ രതീഷ് പുറകിൽ നിന്ന് വിളിച്ചു, ഗായത്രി തിരിഞ്ഞു നോക്കി.

എനിക്ക് ഗായത്രിയുടെ നമ്പറൊന്ന് തരോ, ഇനി ഇത് പോലെ ആവശ്യം വന്നാൽ നിന്ന് കറങ്ങണ്ടല്ലോ..

ഗായത്രിയൊന്ന് ചിരിച്ചു. സോറി ഒന്നും തോന്നരുത്, പുതിയ നമ്പർ ഞാൻ തൽകാലം ആർക്കും കൊടുക്കുന്നില്ലാന്ന് വെച്ചിരിക്കുകയാണ്.

അവൾ അകത്തേക്ക് കയറിപ്പോയി, രതീഷ് കുറച്ച് നേരം നോക്കി നിന്നതിനു ശേഷം വീട്ടിലേക്ക് തിരിച്ചു, വീട് പണി നടക്കുന്നത് നോക്കി പോയികൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ബ്രേക്കിട്ടു, കാർ ഒതുക്കി പണി സ്ഥലത്തേക്ക് നടന്നു, അവിടെ എത്തിയപ്പോൾ..

എന്റെ പൊന്നനിയൻ ഇവിടെ വായ്‌നോക്കികൊണ്ടിരിക്കായിരുന്നല്ലേ, ഇങ്ങോട്ടാണ് വരുന്നതെങ്കിൽ അവളെയും കൂട്ടികൊണ്ട് വന്നാൽ പോരായിരുന്നോ..

രതീഷിന്റെ പറച്ചിൽ കേട്ട് ഉണ്ണി അവനെ നോക്കി. അതിന് ക്ലിനിക്കിൽ നിന്ന് നേരെ ഇങ്ങോട്ടല്ലേ വന്നത്, ആ സമയത്ത് വിളിച്ചുകൊണ്ടു വരാൻ പറ്റോ..

ഇവിടെ വെറുതെ ഇരിക്കല്ലേ, എന്നെ വിളിച്ച നേരമുണ്ടെങ്കിൽ പോയി കൊണ്ടുവരാലോ..

ഏട്ടൻ അടുത്തല്ലേ ഉള്ളത് ഞാൻ ഇവിടുന്ന് പെട്രോളും ചിലവാക്കി അങ്ങോട്ട് പോണോ, അതുപോട്ടെ ഇപ്പോൾ ഏടത്തിയമ്മയെ കൊണ്ട് വന്നോ അതോ അവിടെ ഇട്ടിട്ട് പോന്നോ..

അവളെയൊക്കെ വീട്ടിൽ ഇറക്കിയിട്ടുണ്ട്, നീ അവൾക്ക് എന്തോ മരുന്ന് കൊടുക്കുന്നുണ്ടോന്ന് എനിക്ക് നല്ല സംശയമുണ്ട്..

അതെന്താ അങ്ങനെ തോന്നാൻ..

എന്താ നാക്ക്..

ഉണ്ണിയൊന്ന് ചിരിച്ചു. ഉത്തരം മുട്ടിയല്ലേ, കാര്യമാക്കണ്ട..

പിന്നെ… അവളാരാ… അല്ല നീയെന്താ ഇവിടെ നോക്കിനിൽക്കുന്നത്..?

കണ്ടില്ലേ ഫുൾ മെറ്റീരിയൽസ് തട്ടി, യുദ്ധകാലാടിസ്ഥാനത്തിൽ പണി തീർക്കും.

രതീഷ് ചുറ്റിലും നോക്കി. നീയെന്തിനാ ഇതെല്ലാം കൂടി ഒരുമിച്ച് കൊണ്ട് വന്നിരിക്കുന്നത്, ഓരോന്നും അതാത് പണി നടക്കുമ്പോൾ കൊണ്ടുവന്നാൽ പോരെ..

ഇതൊക്കെ പെട്ടെന്ന് തീരും, പിന്നെ ഞാൻ ഇവര് ചോദിക്കുമ്പോൾ ആദ്യം വാങ്ങണ്ടേ..

അല്ല ഇതിനൊക്കെ കാശ് എവിടുന്നാ..

കുറച്ച് കൊടുത്തു ബാക്കിയുള്ളത് ലോൺ കിട്ടുമ്പോൾ കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്..

കാശ് വല്ലതും വേണോ..

ഉണ്ണിയൊന്ന് രതീഷിനെ നോക്കി.. എന്തിന് ഏട്ടൻ സമാധാനമായിട്ട് ഇരിക്ക്, എനിക്ക് ഇതൊക്കെ മാനേജ് ചെയ്യാവുന്നതേയുള്ളൂ..

ഉം..കാണാം.. എത്ര കൊണ്ടാലും വീഴാതെ നിൽക്കുന്നതൊരു കഴിവ് തന്നെ..

ശരി ഏട്ടൻ പോയി ചായ കുടിക്ക്..

രതീഷിനെ യാത്രയാക്കി പണികളൊക്കെ നോക്കി നിൽക്കുമ്പോഴാണ് അമ്മയെ അടുക്കള ഭാഗത്ത്‌ കണ്ടത്..

ഏയ് അയൽക്കാരി.. ഇന്നെന്താണ് രാത്രിയിലേക്ക് സ്പെഷ്യൽ..

ഉണ്ണിയുടെ വിളിച്ചു ചോദിക്കല് കേട്ട് അമ്മ പുറത്തേക്ക് വന്നു..എന്തായാലും നിനക്കെന്താ, നിന്നോട് ഞാൻ പറയാൻ ഉദ്ദേശിക്കുന്നില്ല..

അയ്യോ അതെന്താ പിണങ്ങിയിരിക്കാണോ..

പോടാ അവിടുന്ന് ഞാൻ നിന്റെ അമ്മയല്ലാന്നല്ലേ പറഞ്ഞത്, ഇനി എന്നോട് മിണ്ടണ്ട..

ഉണ്ണി മതിലിനരുകിലേക്ക് ചെന്നു..നല്ല മണമുണ്ടല്ലോ, ഇന്ന് മീൻ വാങ്ങിയോ..

അമ്മയൊന്നും മിണ്ടിയില്ല..

എനിക്കൊരു പത്രത്തിലാക്കി തന്നാൽ മതി..

നിനക്ക് ഒന്നും തരില്ലാന്ന് പറഞ്ഞില്ലേ, ഇതെന്റെ മോന് വേണ്ടി ഉണ്ടാക്കിയതാ.

ഓ ഞാൻ മോനല്ലാന്ന്, ശരി ആയിക്കോട്ടെ, വീട് പണി കഴിയട്ടെ ഞാൻ ദിവസവും മീൻ വേടിക്കുന്നുണ്ട്, എന്നിട്ടത് പൊരിക്കുന്ന സമയത്ത് അടുക്കളയുടെ ജനൽ തുറന്നിടും..

പിന്നെ ദിവസവും മീൻ..അമ്മ വീടുപണിയൊക്കെ കണ്ണോടിച്ചു നോക്കി..എന്റെ കുട്ടിക്കെന്തിനാ ഇത്രയും വലിയ വീട്..

എവിടെയാ വലിയ വീട്, ചെറിയ വീട് തന്നെയാ അമ്മക്ക് ഇവിടുന്ന് നോക്കുമ്പോൾ തോന്നുന്നതാവും, ആകെ രണ്ട് റൂമേയുള്ളൂ, ഒന്ന് എനിക്കും മറ്റൊന്ന് ഏടത്തിയമ്മക്കും..ഉണ്ണിയൊന്ന് അമ്മയെ ഒളിക്കണ്ണിട്ട് നോക്കി..

അപ്പോൾ എനിക്കോ..?

ഉണ്ണി പ്രതീക്ഷിച്ച ചോദ്യമായിരുന്നത് കൊണ്ട് ചിരിച്ചു..മീൻ തരാത്ത അമ്മയെ എനിക്ക് വേണ്ട..

ഓ നിങ്ങള് രണ്ടാൾക്കും വേണ്ടിയാണോ ഉണ്ടാക്കുന്നെ ഞൻ വിചാരിച്ചു ന്റെ കുട്ടി അമ്മയ്ക്കും ഒരു മുറി വെച്ചിട്ടുണ്ടാവുമെന്ന്..

മീൻകറി തരോ എന്നാൽ അമ്മ വീട് മുഴുവനും എടുത്തോ..ഉണ്ണി തിരിഞ്ഞ് നിന്ന് കൈചൂണ്ടി കാണിച്ചു. ആ കുഴിക്കുന്നത് കണ്ടോ അവിടെയാ അമ്മക്കുള്ള മുറി…

അമ്മ സന്തോഷത്തിൽ ചിരിച്ചു..എനിക്ക് താഴത്തെ മുറി തന്നെയാ നല്ലത്, മുകളിലേക്കൊന്നും കയറി ഇറങ്ങാൻ വയ്യ.

അയ്യടാ എന്താ സന്തോഷം എന്റെ മീനെവിടെ..

തരാടാ ഞാൻ എടുത്തിട്ട് വരാം..

അമ്മ അടുക്കളയിലേക്ക് പോയി, കറിയൊക്കെ പത്രത്തിലാക്കി തിരിച്ചു വന്നപ്പോഴേക്കും ഉണ്ണിയെ പുറത്തെങ്ങും കാണാനില്ല, അമ്മ റോഡിലേക്കിറങ്ങി പണി സ്ഥലത്തൊക്കെ നോക്കി, കാണാത്തതുകൊണ്ട് വീട്ടിൽ പോവാൻ തീരുമാനിച്ചു, നടന്ന് വീട്ടിലെത്തി, ഗേറ്റ് പതുക്കെ തുറന്ന് അകത്തേക്ക് നടന്നു, സ്റ്റെപ്പ് കയറാൻ നിന്നപ്പോഴാണ് ഗായത്രി വീടിന് വലം വെച്ചിട്ട് വരുന്നത് കണ്ടത്, അമ്മ പുറത്ത് നിൽക്കുന്നത് കണ്ടപ്പോൾ ഗായത്രിയും നിന്നു, അമ്മ ഗായത്രിയെ നോക്കി..

എന്റെ കുട്ടിയില്ലേ അകത്ത്..

ഗായത്രി വെറുതെയൊന്ന് അകത്തേക്ക് എത്തി നോക്കുന്നത് പോലെ കാണിച്ചു..
ഏത് കുട്ടിയാണാവോ…

ഞാൻ നൊന്ത് പ്രസവിച്ച എന്റെ ഉണ്ണിയുടെ കാര്യമാ ചോദിച്ചത്..

ഗായത്രിയൊന്ന് ചിരിച്ചു…എല്ലാവരും അങ്ങനെ തന്നെയാ പ്രസവിക്കുന്നത്, അല്ലാതെ പെട്ടെന്നൊരു ദിവസം രാവിലെ തൊട്ടിലിൽ കിടന്ന് ആടുന്നതൊന്നുമല്ല..

അമ്മ ദേഷ്യം നിയന്ത്രിക്കാനാവാതെ കണ്ണടച്ച് തുറന്നു..നിന്നോട് സംസാരിക്കാൻ ഞാനില്ല, എന്റെ മോനെവിടെയാണെന്ന് പറ, ഞാൻ അവനെ കാണാനാ വന്നത്..

ഞാൻ പറഞ്ഞല്ലോ അമ്മയുടെ മോൻ അകത്തില്ലാന്ന്…

അമ്മ പുറത്ത് കിടക്കുന്ന ചെരിപ്പിലേക്ക് നോക്കി..അത് പിന്നെ ആരുടെയാ, എന്റെ കുഞ്ഞ് അകത്തുണ്ടെന്ന് എനിക്ക് നല്ല പോലെ അറിയാം..

ഗായത്രി അമ്മ പറഞ്ഞ ചെരിപ്പിലേക്കൊന്ന് നോക്കി..ആ അതാണോ അതെന്റെ കാമുകന്റെയല്ലേ, അയ്യോ അപ്പോൾ ഞാൻ അമ്മയുടെ മരുമകളാണോ…

നീ എന്റെ ആരുമല്ല..

അമ്മയല്ലേ ഇപ്പോൾ പറഞ്ഞത് മകനാണ് അകത്തുള്ളതെന്ന്, ഞാൻ ആ മകന്റെ സ്വന്തമല്ലേ, അപ്പോൾ ഞാൻ പറഞ്ഞത് കറക്റ്റാ..

പോടീ നിന്നോട് സംസാരിക്കാൻ ഞാനില്ല..

അമ്മ അകത്തേക്ക് കയറാൻ വേണ്ടി നടന്നു, പടിയിൽ കാലുവെക്കാനായി ഉയർത്തിയപ്പോഴേക്കും ഗായത്രി പുറകിൽ നിന്ന് വിളിച്ചു..

അമ്മയൊന്ന് നിന്നേ…

അമ്മ തിരിഞ്ഞുനോക്കി..

എന്റെ സമ്മതമില്ലാതെ ആ പടി കയറാൻ ഞാൻ സമ്മതിക്കില്ല, അത് അമ്മയുടെ മോൻ പറഞ്ഞാലും..

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *