ഭാര്യ എത്ര കേമിയാണെങ്കിലും എപ്പോഴെങ്കിലും ആ ബന്ധത്തിലൊരു വിള്ളൽ കടന്നു വരാതിരിക്കില്ലല്ലോ….

Story written by Pratheesh

കല്യാണം കഴിഞ്ഞ ആണുങ്ങൾക്ക് എന്തു കൊണ്ടാണ് ഇത്ര ഭംഗി ? അവർ ഭാര്യമാരുടെ കൂടെ നിൽക്കുമ്പോഴാണെങ്കിൽ പിന്നെ പറയുകയും വേണ്ട, അന്നേരം അവരെ കാണാൻ ഒരു ഒടുക്കത്തെ ഭംഗിയാ…!

കല്യാണം കഴിയുന്നതോടെ ഒന്നുടച്ചു വാർത്ത പോലെ പല ആണുങ്ങളിലും ഒരു തിളക്കവും ഉണർവും കൂടുതലായി കാണാറുണ്ട്, അതെന്തു കൊണ്ടാണെന്ന് കൃത്യമായി അറിയില്ലെങ്കിലും വിവാഹശേഷം അവരിലെ ആ രൂപഭാവമാറ്റം പലരിലും വളരെ വ്യക്തമായി തെളിഞ്ഞു കാണപ്പെടാറുണ്ട് എന്നതൊരു സത്യമാണ്,

ചിലപ്പോഴത് ജീവിതത്തിന്റെ പുതിയൊരു ഘട്ടം ആരംഭിച്ചതിന്റെയോ, പുതിയൊരു ജീവിതപങ്കാളിയേ ലഭിച്ചതിന്റെയോ, വിവാഹമെന്ന സ്വപ്നക്കടൽ നീന്തികടന്ന തിന്റെയോ അതുമല്ലെങ്കിൽ താനുമൊരു കുടുംബനാഥനായി എന്ന തോന്നലിന്റെയോ ഭാഗമായി അവരിൽ സംഭവിക്കുന്നതോ ഒക്കെ ആവാം,

അതോ ഇനി ഇതെല്ലാം എന്റെ വെറും തോന്നലുകൾ മാത്രമാണോ എന്നും എനിക്കറിയില്ലട്ടോ, എന്നാലും ഞാൻ കണ്ടതും അറിഞ്ഞതുമായ ആളുകളിൽ നിന്ന് എനിക്കറിയാനും അനുഭവിക്കാനും കഴിയുന്നുണ്ട് അങ്ങിനെ ഒരു മാറ്റം അവർക്കിടയിൽ സംഭവിക്കുന്നുണ്ടെന്നത് !

അതുപോലെ കല്യാണശേഷം അവർ ഏതെങ്കിലും പെൺകുട്ടികളെ നോക്കുമ്പോൾ അവൾ തിരിച്ചവരേ മൈന്റ് ചെയ്തില്ലെങ്കിൽ പുതിയതായി അവരുടെ മുഖത്തു വിടരുന്നൊരു ഭാവമുണ്ട്, ” നീ മൈന്റ് ചെയ്തില്ലെങ്കിലും എനിക്കൊരു പുല്ലുമില്ല ഇപ്പോൾ നിന്നെക്കാൾ അടിപൊളിയൊരുത്തി എന്നെയും കാത്തവിടെ വീട്ടിലിരുപ്പുണ്ട് ” എന്നത് !

ഒരിക്കൽ ഞാനും കൂട്ടുകാരി സെഫ്രിൻ ടെറൻസും കൂടി അവളുടെ ഒരു കസിന്റെ കല്യാണത്തിനു പോയതായിരുന്നു വലിയ പരിചയക്കാരോന്നും ഇല്ലാത്തതു കൊണ്ട് ഞാനാകെ ബോറടിച്ചിരിക്കുകയായിരുന്നു, അവിടുന്ന് എങ്ങിനെ യെങ്കിലും ഒന്ന് ഒഴിവായി പോന്നാൽ മതി എന്നു കരുതിയിരിക്കുന്ന നേരത്താണ് രംഗ ബോധമില്ലാത്ത കോമാളിയേ പോലെ ബിരിയാണിച്ചെമ്പ് തുറന്ന ആ മണം അങ്ങു കയറി വന്നത്, പിന്നെന്തു ചെയ്യാനാണ് ? ഞാൻ പിന്നെ എന്തും വരട്ടെയെന്നു കരുതി അവിടെ തന്നെയിരുന്നു,

അതിനിടയിലാണ് നല്ല സിൽക്കിന്റെ ഷർട്ടും കസവുമുണ്ടും ഒക്കെ ഉടുത്ത് പെട്ടന്നൊരുവൻ നല്ല അടിപൊളി ലുക്കിൽ ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് കയറി വന്നത് അവനെ കണ്ടതും ഞാൻ സെഫ്രിയുടെ തുടയിൽ ഒരു നുള്ള് നുള്ളി അതോടെ അവളുടെ നോട്ടവും അവന്റെ നേരേ നീണ്ടുച്ചെന്നു,

അവനെ കണ്ടതോടെ നേരമ്പോക്കിന് ഒരാളായി എന്നു കരുതി ഒന്നു സന്തോഷിച്ച തായിരുന്നു അപ്പോഴാണ് ഹിരോഷിമയിൽ വീണ ആറ്റംബോംബു പോലെ എവിടെ നിന്നാണെന്നറിയില്ല പെട്ടന്നൊരുത്തി അവന്റെ അടുത്തേക്ക് ഒാടി കയറി വന്നത്,

അവളുടെ ആ വരവും അവനോടു ചേർന്നുള്ള ആ നിൽപ്പും അതോടൊപ്പം ഇടക്കണ്ണിട്ടു കൊണ്ട് ഞങ്ങൾക്കു നേരേയുള്ള നോട്ടവും കൂടി ആയപ്പോൾ തന്നെ ഞങ്ങൾക്ക് മനസിലായി അവളവന്റെ ഭാര്യയാണെന്നും, അവനു നേരേയുള്ള ഞങ്ങളുടെ നോട്ടം കണ്ടാണ് അവൾ ഇത്ര ഒാടി പിടിച്ച് അങ്ങോട്ടെ ക്കെത്തിയതെന്നും,

എന്നാലതു കണ്ടതും എന്നെ നോക്കി ആ സെക്കന്റിൽ തന്നെ സെഫ്രി പറഞ്ഞു,

ആനയുടെ പാപ്പാനെത്തിയെന്ന് ” !

അതു കേട്ടതും ഞാനറിയാതെ ചിരിച്ചു,

അവന്റെ അടുത്തെത്തിയ അവളുടെ നോട്ടം മുഴുവൻ ഞങ്ങളുടെ നേരേയായിരുന്നു, ഞങ്ങളെങ്ങാനും അവനെ എടുത്ത് വിഴുങ്ങിയാലോ എന്ന തരത്തിൽ ! അതാണ് കെട്ട്യൊനു കവചമൊരുക്കാൻ അവൾ ഒാടി പാഞ്ഞു വന്നത് ,

ഞങ്ങൾ അവനെ നോക്കുന്നുണ്ട് എന്നവൾക്കു മനസിലായതും ഞങ്ങളുടെ മുന്നിൽ വെച്ച് കെട്ട്യൊന്റെ നേരേയുള്ള അവളുടെ നോട്ടവും, കണ്ണുകൾ കൊണ്ടുള്ള കഥ പറച്ചിലും, സ്നേഹപ്രകടനങ്ങളും, ഒക്കെ കണ്ടപ്പോൾ തന്നെ സെഫ്രി വീണ്ടും പറഞ്ഞു,

അവളും കെട്ട്യൊനും തമ്മിൽ അവൾക്കു തന്നെ അറിയാത്ത ഭയങ്കരമായ എന്തോ ഒന്ന് അവർക്കിടയിൽ ഉണ്ടെന്ന് നമ്മളും ചുറ്റുമുള്ളവരും മനസിലാക്കണം വിശ്വസിക്കണം അതിനു വേണ്ടിയാണ് അവളുടെ ഈ കാട്ടി കൂട്ടലുകളെല്ലാം !

കണ്ടാൽ തന്നെ അറിയാം എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ! “

സെഫ്രിയുടെ വാക്കുകൾ പിന്നെയും എന്നെ ചിരിപ്പിച്ചു,

സെഫ്രി പറഞ്ഞത് പലപ്പോഴും എനിക്കും തോന്നിട്ടുണ്ട് പ്രത്യേകിച്ചും കല്യാണം പോലുള്ള പരിപാടികളിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ അതും കല്യാണം കഴിച്ച് അധികം ആയിട്ടില്ലാത്ത ചില പെണ്ണുങ്ങളുടെ കെട്ട്യൊനോടുള്ള സ്നേഹപ്രകടനം പലപ്പോഴും അവരിൽ അടങ്ങിയിട്ടുള്ള അളവിനേക്കാൾ അധികമായി പുറത്തേക്കു വരുന്നത് കാണുമ്പോൾ ഒരുമാതിരി ഹലുവയും മീഞ്ചാറും പോലെ ഒരു ചേർച്ചയില്ലായ്മ അനുഭവപ്പെടാറുണ്ട് !

എന്നാൽ അതേ അവസരത്തിൽ തന്നെ അതിനേക്കാൾ രസകരമായ മറ്റൊരു കാര്യം കൂടി അവിടെ കാണാൻ കഴിയാറുണ്ട് !

അവരുടെ ഈ കളികളെല്ലാം നോക്കി നിൽക്കുന്ന അതേ കല്യാണത്തിനു വന്ന അവരേക്കാൾ പ്രായം കൂടിയ മറ്റു പല സ്ത്രീകളുടെ മുഖത്തും ഇവരുടെ ഈ കാട്ടിക്കൂട്ടലുകളൊക്കെ കണ്ടൊരു ചിരി വിടരുന്നത് പലപ്പോഴും കാണാം,

ആ ചിരിയോടൊപ്പം അവർ ഒന്നും പറയാതെ തന്നെ അവർക്കുള്ളിലുള്ളത് നമുക്ക് വായിച്ചെടുക്കാനുമാവും,

“കല്യാണം കഴിഞ്ഞ സമയത്ത് ഞാനും കെട്ട്യൊനും തമ്മിൽ ഇതിനേക്കാൾ വലിയ ഒട്ടലായിരുന്നു എന്നാലിപ്പോൾ ഒരുമാതിരി കൊറോണയും സാനിറ്റൈസറും പോലെയാ, കുറച്ചങ്ങട് കഴിയട്ടെ നമ്മുക്ക് കാണാം !”

അല്ലെങ്കിലും കല്യാണം പോലെ ഏതൊരു പരിപാടിക്ക് പോയാലും കെട്ട്യൊനെ വിട്ട് എത്ര ദൂരത്താണെങ്കിലും ഭാര്യമാരുടെ ഒരു കണ്ണ് എപ്പോഴും കെട്ട്യൊന്റെ മേൽ തന്നെയായിരിക്കും,

അവർ അവിടെ ആരോട് എത്ര സീരിയസായി സംസാരിച്ചു നിൽക്കുക യാണെങ്കിലും ശരി ആ മണ്ഡപത്തിന്റെ ഏതു ദിക്കിൽ നിന്നായാലും കെട്ട്യൊനിലേക്ക് കടന്നു വരുന്ന നോട്ടങ്ങളെ പിടിച്ചെടുക്കാൻ ഭാര്യയേ പോലെ റഡാറിനു പോലും പറ്റുമോന്ന് സംശയമാണ് !

താൻ കൂടെയുള്ളപ്പോൾ തന്റെ ഭർത്താവിനെയൊന്ന് നോക്കാൻ കൂടി അവര് സമ്മതിക്കില്ല, അവർ കാൺകേ നമ്മൾ എങ്ങാനും അവരുടെ കെട്ടിയോനെ ഒന്നു നോക്കി പോയാൽ അന്നേരം അവരുടെ മുഖത്തു വരുന്നൊരു ഭാവമുണ്ട്

” മോളേ ചുമ്മാ അങ്ങോട്ട് കയറി കളിക്കണ്ട അതിനിവിടെ ലൈസൻസുള്ള ആൾ വേറെയുണ്ടെന്നർത്ഥത്തിൽ !

എന്നാലോ അവരുടെ കെട്ട്യൊന്മാരുടെ ആ ലുക്ക് കാണുമ്പോൾ നമ്മൾക്കാണെങ്കിൽ നോക്കാതിരിക്കാനും കഴിയില്ല എന്നതാണ് മറ്റൊരു പരമാർത്ഥം !

ഞാൻ സെഫ്രിയോടു ചോദിച്ചു, അവൾ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ? ഭർത്താവിനോടുള്ള വിശ്വാസങ്ങൾക്ക് ഇത്ര ബലമേയുള്ളോ ?

അതിനു മറുപടിയായി സെഫ്രി പറഞ്ഞു, പെണ്ണിന്റെ ശത്രു ആണല്ല അതു പെണ്ണു തന്നെയാണെന്നും, എന്നെയോ നിന്നെയോ പോലെ ഒരാൾ ഒന്നു തുനിഞ്ഞിറ ങ്ങിയാൽ അവനെയും കൊണ്ടേ പോകൂയെന്നും അവർക്കു നന്നായറിയാം !

പക്ഷേ……….?

അവസാനം പറഞ്ഞ ആ പക്ഷേ എന്താണെന്നു ചോദിച്ചിട്ട് അവളതിനു ഒന്നു ചിരിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല,

അവൾ പറഞ്ഞതു എല്ലാം ശരിയാണെന്നു എനിക്കും തോന്നി കാരണം കല്യാണം കഴിഞ്ഞ ആണുങ്ങളോടാണ് സെഫ്രിക്കും താൽപ്പര്യം, അതെന്തു കൊണ്ടാണെന്നു ചോദിക്കുമ്പോൾ അവൾ പറയും, ” അതാവുമ്പോൾ പരസ്പരം തേപ്പിന്റെ വിഷയം ഇല്ലാല്ലോന്ന് !

ഇതെല്ലാം കഴിഞ്ഞ് ഒരാഴ്ച്ചക്കു ശേഷമാണ് ഞാൻ മറ്റൊരുവനെ കാണുന്നത്, വളരെ മനോഹരമായ അവന്റെ പുഞ്ചിരിയാണ് ഞാൻ ആദ്യം ശ്രദ്ധിക്കുന്നത് അത് എന്നോടായിരുന്നില്ല ഫോണിൽ ആരോടോ തമാശപറഞ്ഞു ചിരിക്കുന്നതാണ് ഞാൻ കണ്ടത് !

പിന്നീട് എന്നും രാവിലെ അതെ സമയത്ത് തന്നെ അവനെ കാണാൻ തുടങ്ങിയതോടെ എന്റെ ഹൃദയം പതിയേ അവനിലേക്ക് അടുക്കാൻ തുടങ്ങി,

ഞാനവനെ ശ്രദ്ധിക്കുന്നുണ്ട് എന്നു മനസിലായി തുടങ്ങിയതും അവന്റെ കണ്ണുകളും പതിയേ എന്നെ തിരഞ്ഞെത്താൻ തുടങ്ങി അതോടെ പ്രണയത്തിന്റെ നനുത്ത സ്പർശം എന്നിലും പെയ്തിറങ്ങി തുടങ്ങി,

പിന്നെ പിന്നെ അവന്റെ നിഴൽവെട്ടം കാണാൻ തുടങ്ങുമ്പോൾ മുതൽ അവൻ മുന്നിലൂടെ കടന്നു പോകും വരെ അകത്തും പുറത്തും ഒരേ പോലെ വിറയൽ കടന്നു വരും,

അതിനിടയിൽ ഒരു ദിവസം ഞാൻ സ്ഥിരം വഴിയിൽ വെച്ചു കാണാറുള്ള ഒരുവൾ ഉണ്ട് അവനെ വല്ലാണ്ട് പ്രണയഭാവങ്ങളോടു നോക്കുന്നു, അവനത് അത്ര കാര്യമായി കണക്കിലെടുക്കാതെ പോയെങ്കിലും എനിക്കവളെ ഞെക്കിപിഴിഞ്ഞു അയലിൽ തൂക്കിയിടാനുള്ള ദേഷ്യമുണ്ടായിരുന്നു,

അതിനു ശേഷം അവനോട് എങ്ങിനെയെങ്കിലും ഉള്ളിലെ ഇഷ്ടം തുറന്നു പറയണമെന്നു കരുതി അതിനുള്ള വഴി തിരയുകയായിരുന്നു ഞാൻ അപ്പോഴാണ് ഞാൻ അവനെ കാത്തു നിൽക്കാറുള്ള സ്ഥലത്ത് എന്നെക്കാൾ മുന്നേ വന്ന് അവൻ നിൽക്കുന്നതു കണ്ടത് അതു കണ്ടപ്പോൾ എനിക്ക് പിന്നെയും ടെൻഷൻ കയറി,

എന്നിട്ടും മടിച്ചു മടിച്ചാണെങ്കിലും ഞാനവനടുത്തക്ക് മെല്ലെ നടന്നു എന്നെ കണ്ടതും അവൻ എന്നോടു ചിരിച്ചു, അവന്റെ വശ്യമായ ആ ചിരി കണ്ടതും എവിടെയോ ഒരാശ്വാസം എന്നിലും നിറഞ്ഞു,

അവനു മുന്നിലെത്തിയതും അവൻ എന്നോടെന്റെ പേരു ചോദിച്ചു,

‘അവനി ‘ എന്ന എന്റെ പേരവനോട് പറയുമ്പോൾ എന്നോട് ഇതുവരേ എന്റെ പേരു ചോദിച്ച ഒരാളോടും അതു പറഞ്ഞു കൊടുക്കുമ്പോൾ തോന്നാത്ത ഒരാനന്ദം അവനോടു പേര് പറയാൻ ശ്രമിച്ചപ്പോൾ എനിക്കനുഭവപ്പെട്ടു,

കുറച്ചു നേരം എന്നെ നോക്കി നിന്ന് എന്റെ പേരു വിളിച്ചു കൊണ്ട് അവൻ പറഞ്ഞു,

അവനി എന്നെ തെറ്റിധരിച്ചിട്ടുണ്ടെന്നു തോന്നുന്നു, എന്റെ ഭാഗത്തു നിന്നും ഇനി അത്തരം ഒരു സമീപനമോ, നോട്ടങ്ങളോ സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ എന്നോടു ക്ഷമിക്കുക ഒന്നും മനപ്പൂർവ്വമായിരുന്നില്ല,!

എനിക്കൊന്നും മനസിലായില്ല ! അതു മനസിലാക്കിയ അവൻ പറഞ്ഞു,

ഞാൻ മാരീഡാണ് ! സോറി..!

ആ പറഞ്ഞത് എനിക്കൊരു ഷോക്കായെങ്കിലും അവൻ പറഞ്ഞ കാര്യം എനിക്ക് കൃത്യമായി മനസിലായി,

അവൻ അതു പറഞ്ഞയുടൻ എന്നെ വിട്ടു പോകുകയും ചെയ്തു,

മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണതു പോലെ അവൻ പറഞ്ഞ വാക്കുകൾ എനിക്ക് അംഗീകരിക്കേണ്ടി വന്നു, അത് ആ സമയം എന്നെ വല്ലാത്ത വേദനിപ്പിച്ചെങ്കിലും അവന്റെ ഭാഗം അവൻ വളരെ ഭംഗിയായി വ്യക്തമാക്കി തന്നതു കൊണ്ട് സങ്കടത്തിനിടയിലും എനിക്കെന്തോ സന്തോഷം തോന്നി !

കേട്ടപ്പോൾ നല്ല വിഷമം തോന്നിയെങ്കിലും സത്യത്തിൽ ആ സംഭവത്തോടെ എനിക്കവനോട് കൂടുതൽ ഇഷ്ടം തോന്നുകയാണുണ്ടായത് !

എന്റെ ഉള്ളിലെ താൽപ്പര്യം മനസിലാക്കിയ അവനു വേണമെങ്കിൽ ആ താൽപ്പര്യം മുതലെടുക്കാമായിരുന്നു അതല്ലെങ്കിൽ പിടിക്കപ്പെടും വരെ അവനു വേണ മെങ്കിൽ അത് ഒളിപ്പിച്ചു വെക്കാനും കഴിയുമായിരുന്നു എന്നിട്ടും അവനതിന് മുതിർന്നില്ല എന്നതിൽ എനിക്കവനോട് കൂടുതൽ ആദരവ് തോന്നുക യാണുണ്ടായത് !

അതോടെ അവൻ വിവാഹം കഴിഞ്ഞവനാണെന്നുള്ള ചിന്തയെല്ലാം എന്നെ വിട്ട് എങ്ങോ പോയി പകരം അവനെ എങ്ങിനെയെങ്കിലും സ്വന്തമാക്കണമെന്ന ആഗ്രഹമാണ് ഉള്ളിൽ തെളിഞ്ഞത് !

സെഫ്രിയോടിത് പറയാൻ സാധിക്കില്ല ഇതു കേട്ടാൽ അവൾ പറയും കാര്യം നടത്തി മെല്ലെ ഒഴുവാക്കിയേക്കെന്ന് അവൾക്കെല്ലാം അത്രയേയുള്ളൂ,

എനിക്കാണെങ്കിൽ ആ നിമിഷം തൊട്ട് ഉള്ളിൽ അവനെന്ന വിഗ്രഹം വല്ലാതെ അടിയുറച്ചു പോയി, അവന്റെ കെട്ട്യോളെ അവനിൽ നിന്നു വേർപ്പെടുത്തി യിട്ടാണെങ്കിലും അവനെ എന്റെതാക്കണമെന്ന ഉറച്ച വിശ്വാസം ഉള്ളിൽ വേരോടി തളിർത്തു പൂവിട്ടു,

അപ്പോഴും എന്നെ ചിന്താ കുഴപ്പത്തിലാക്കിയ പ്രശ്നം എങ്ങിനെയാണ് എന്റെ ശ്രദ്ധയും താൽപ്പര്യങ്ങളും വളരെ കൃത്യമായി തന്നെ ഈ കല്യാണം കഴിഞ്ഞവരിലേക്ക് മാത്രം ഇത്ര ആഴത്തിൽ കടന്നു ചെല്ലുന്നത് എന്നതായിരുന്നു,

എന്റെ ആലോചനയിൽ ഇതൊന്നും ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ലല്ലോ എന്ന ചിന്ത കൂടി കടന്നു വന്നതോടെ ആ മോഹവുമായി മുന്നോട്ടു തന്നെ പോകാൻ ഞാനുറപ്പിച്ചു,

പിറ്റേ നാൾ മുതൽ ഞാൻ വീണ്ടും പഴയ സ്ഥാനത്ത് തന്നെ അവനെ കാത്തു നിന്നു,
അവിടെ വീണ്ടും എന്നെ കാണാനിടയായ അവനു തന്നെ എന്നെ കണ്ട് സംശയം ഇന്നലെ എന്നോടു പറഞ്ഞതൊന്നും എനിക്ക് മനസിലായില്ലെന്ന് എങ്കിലും എന്നെ കണ്ട അവനൊന്ന് ചിരിച്ചു അതു മതിയായിരുന്നു എനിക്കും !

തുടർന്നോരോ കാഴ്ച്ചയിലും എന്റെ കണ്ണിൽ പ്രണയത്തിന്റെ ആത്മഗന്ധം നിറച്ച് ഞാനവനെ നോക്കി കൊണ്ടേയിരുന്നു, എന്തായാലും ആണല്ലെ കല്യാണം കഴിഞ്ഞെന്നു വെച്ച് മറ്റൊരു പെണ്ണിന്റെ സ്നേഹം സൗജന്യമായി കിട്ടുമ്പോൾ അതു പൂർണ്ണമായും ഒഴിവാക്കാനൊന്നും അവർ ശ്രമിക്കില്ല, ഭാര്യ എത്ര കേമിയാണെങ്കിലും എപ്പോഴെങ്കിലും ആ ബന്ധത്തിലൊരു വിള്ളൽ കടന്നു വരാതിരിക്കില്ലല്ലോ ? എന്റെ അവസരവും അതായിരുന്നു എന്നെനിക്കറി യാമായിരുന്നു അതിനായി ഞാനും കാത്തിരുന്നു,

പോരാത്തതിന് ഞാനാണെങ്കിൽ വിശ്വാമിത്രന്റെ തപസ്സിളക്കിയ രംഭയുടെ ഗണത്തിൽ പെട്ടവളും എനിക്കുറപ്പായിരുന്നു അവനിൽ ഒരു മാറ്റം കടന്നു വരുമെന്നത് !

പതിയേ ആ മാറ്റം കടന്നു വരുക തന്നെ ചെയ്തു അവനിലും നോട്ടത്തിന്റെ അളവും പുഞ്ചിരിയുടെ അളവും കൂടി വന്നു അതോടെ വഞ്ചി കരക്കടുക്കുക യാണെന്ന് എനിക്കും മനസിലായി !

അടുത്തൊരു ദിവസം അവൻ വന്ന് അവന്റെ മൊബൈൽ നമ്പർ എനിക്കു തന്നിട്ട് വൈകിട്ടൊന്നു വിളിക്കാവോ എന്നു ചോദിച്ചു അതെനിക്ക് വലിയ സന്തോഷമായി ഞാൻ തലയാട്ടി സമ്മതിച്ചതും അവൻ തിരിച്ചു പോയി, അല്ലെങ്കിലും പുതിയ എന്തിനോടുമുള്ള മനുഷ്യന്റെ സഹജമായ താൽപ്പര്യം അവരെ വിട്ടു പോവില്ലല്ലോ ?

സെഫ്രിയോടു പറയണമോ എന്നു ഞാൻ ആലോചിച്ചു അവള് ചിലപ്പോൾ എന്തെങ്കിലും കൊനിഷ്ട്ടു പറയുമോ എന്നു കരുതി അതു അപ്പോൾ തന്നെ വേണ്ടന്നു വെച്ചു,

വൈകുന്നേരം ഞാനവനെ വിളിച്ചു അവൻ പാർക്കിനടുത്തുള്ള റസ്റ്റോറന്റിൽ വരാമോ എന്നു ചോദിച്ചതും ഞാൻ സമ്മതിച്ചു, തുടർന്ന് ഞാൻ വേഗം തന്നെ അങ്ങോട്ടു ചെന്നു റസ്റ്റോറന്റിൽ പറയത്തക്ക തിരക്കൊന്നുമില്ല,

കുറച്ചു കഴിഞ്ഞതും അവനും അങ്ങോട്ടു വന്നു രാവിലെ ഞാനവനെ കണ്ട വേഷത്തിലായിരുന്നില്ല പകരം അതിലും കുറച്ചു കൂടി ഭംഗിയുള്ള വേഷത്തി ലായിരുന്നു അതു കണ്ടതോടെ എനിക്ക് മനസിലായി അവൻ എന്നെ കാണാനായി തന്നെ ഒരുങ്ങി വന്നതാണെന്ന്, ചിരിച്ചു കൊണ്ട് അവൻ എന്റെ അടുത്തു വന്നിരുന്നു,

വന്നപ്പാടെ അവൻ എനിക്കും കൂടി ചേർത്ത് രണ്ടു കോഫി പറഞ്ഞു കോഫി വന്നതും ചിരിച്ചു കൊണ്ട് ഞങ്ങൾ കോഫി കുടിച്ചു അതിനിടയിൽ ചെറിയ ചില വിശേഷങ്ങളൊക്കെ ഞങ്ങൾ പരസ്പരം സംസാരിച്ചു കോഫി കുടിച്ചു തീർന്നതും എന്റെ പേരെടുത്തു വിളിച്ചു കൊണ്ട് അവൻ എന്നോടു പറഞ്ഞു,

അവനി ? ഞാനൊരു കഥ പറയട്ടെ ? കഥയെന്നു കേട്ടപ്പോൾ ഞാനും അതിന് തലയാട്ടിയതും അവൻ പറഞ്ഞു,

എന്റെ ഒരു അകന്ന ബന്ധത്തിലെ ഒരു ചേച്ചിയുടെ ഭർത്താവ് അവരെ ഉപേക്ഷിച്ചു പോയി തുടർന്നവർ ഒറ്റക്കു ജീവിക്കാൻ തുടങ്ങിയപ്പോൾ അതും അവർക്കു പ്രയാസമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർ വല്ലാതെ പ്രയാസ്സപ്പെട്ടു തുടർന്ന് അവരുടെ വിഷമങ്ങൾ മനസിലാക്കിയ സകലരും മറ്റൊരു വിവാഹം കഴിക്കാൻ അവരെ പ്രേരിപ്പിച്ചു അവിടെയും തടസമായത് അവരുടെ കുഞ്ഞായിരുന്നു കുഞ്ഞിനെ വിടാൻ അവർക്കും താൽപ്പര്യമില്ലായിരുന്നു

എന്നാൽ അമ്മയുടെ ജീവിതം കൂടി താൻ കാരണം തകരുകയാണെന്നു മനസിലാക്കി താനാണ് എല്ലാറ്റിനും കാരണമെന്നു ഉറച്ച് ആ കൊച്ച് ഒരു കയറിൽ തൂങ്ങി ആത്മഹ ത്യക്ക് ശ്രമിച്ചു ആരോ കൃത്യ സമയത്ത് കണ്ടതു കൊണ്ടു മാത്രം ആ കൊച്ച് കഷ്ടിച്ച് രക്ഷപ്പെട്ടു അന്നാ പെങ്കൊച്ചിന് 14 വയസായിരുന്നു പ്രായം സംഭവം അറിഞ്ഞ് ഒാടി കൂടിയവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു,

അവിടെ നടന്ന എല്ലാ സംഭവത്തിന്റെയും കാരണം ആ പെങ്കൊച്ചായിരുന്നു, അതിന്റെ കാരണം ആ പെങ്കൊച്ചിന് ജന്മനാ കഴ്ച്ച ശക്തിയില്ലായിരുന്നു എന്നതാണ് !

കണ്ണു കാണാത്ത ഒരു പെൺകുട്ടിയെ ഏറ്റെടുക്കാൻ ആരും തയ്യാറല്ലായിരുന്നു അതു മനസിലാക്കിയാണ് അവൾ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായി മരിക്കാനുള്ള ശ്രമം നടത്തിയത് !

എല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയിട്ടും ഞാനവളെ ചുറ്റിപ്പറ്റി അവിടെ തന്നെ നിന്നു ആളൊഴിഞ്ഞ സമയം നോക്കി അവൾക്കരുകിലേക്ക് ചെന്ന് ഞാനാണെന്ന് അവളോടു പറഞ്ഞതും അവൾക്കെന്നേ മനസിലായി ആ സമയം അവളുടെ കൈച്ചേർത്തു പിടിച്ചു കൊണ്ട് ഞാനവളോടു പറഞ്ഞു

” എനിക്കവളെ ഇഷ്ടമാണെന്നും എനിക്കു വേണ്ടി ജീവിച്ചിരിക്കണമെന്നും “

എന്റെ ഉറ്റ ബന്ധുക്കളടക്കം പലരും പല വിധത്തിലും എതിർക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അവളെ കൈവിടാൻ തയ്യാറായില്ല അവളെ താലി കെട്ടി കൂടെ കൂട്ടി !

അവൾക്ക് കണ്ണു കാണില്ല എന്നത് എനിക്ക് ഒരവസരമാണെന്ന തരത്തിൽ ഇന്നു വരെ ഞാൻ ചിന്തിച്ചിട്ടുമില്ല, പ്രവർത്തിച്ചിട്ടുമില്ല ഞാൻ ചെയ്തത് ഒരു ധീരകൃത്യമാണെന്ന ചിന്തയും എന്നിലില്ല,

അവളുടെ ജീവാംശവുമായി ചേർന്നു പോകുന്ന എന്തോ ഒരു ആത്മാംശം എന്നിലുണ്ട് എന്നു മാത്രമാണ് ഞാൻ വിശ്വസിക്കുന്നത് ഞങ്ങളെ മുന്നോട്ടു നയിക്കുന്ന മൂലധനം അതൊന്നു മാത്രമാണ് അതു പണയം വെക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല !

താൻ എന്നോടു ക്ഷമിക്കുക എനിക്കു പകരം നല്ലോരാളെ കണ്ടെത്തുക !

അതും പറഞ്ഞവൻ തിരിച്ചു പോയപ്പോൾ ഞാനതിശയപ്പെട്ടു പോയി,

ഞാൻ നോക്കി നിൽക്കേ അവൻ തിരിച്ചു ചെല്ലുമ്പോൾ അവനെ കാത്തു അവിടെ നിൽക്കുന്ന അവളെയും ഞാൻ കണ്ടു ! അവൻ ചെന്നവളുടെ കൈച്ചേർത്തു പിടിച്ചതും അവർ ഒന്നായി നടന്നകന്നു !

കഥയിലും, കവിതയിലും, സിനിമയിലും അല്ലാതെ സാധാരണ ജീവിതത്തിൽ ഇങ്ങനെയൊക്കെ സാധ്യമാവുമോ എന്നൊരു ചിന്ത എന്നിലൂടെ അപ്പോൾ കടന്നു പോയെങ്കിലും അതിനുള്ള ഉത്തരവും അപ്പോൾ തന്നെ എന്റെ മനസിലേക്കു കയറി വന്നു,

റിയൽ ലൈഫിൽ നിന്നു തന്നെയാണ് കഥകളും, കവിതകളും, സിനിമക്കഥകളും ഒക്കെ ജനിക്കുന്നതെന്ന്, അതിന്റെ കാരണം നമുക്ക് മുന്നിൽ പലതും വെളിപ്പെടുന്നില്ലാ എന്നു കരുതി അതൊന്നും സംഭവിക്കുന്നില്ലെന്നു കരുതുന്ന നമ്മളാണ് ശരിക്കും വിഡ്ഢീകൾ !

മുന്നിൽ സംഭവിച്ച ആർദ്രമായ ഒരു മനുഷ്യസ്നേഹത്തിന്റെ ആ നേർക്കാഴ്ച്ച അതുവരെ ഉണ്ടായിരുന്ന എന്റെ എല്ലാ ചിന്തകളെയും അടിയോടെ വെട്ടികളയുന്നതായിരുന്നു,

അപ്പോഴാണ് സെഫ്രി എന്നോട് മുന്നേ പറഞ്ഞു നിർത്തിയ ” പക്ഷേ….? ” എന്ന ആ വാക്കിന്റെ ശരിയായ അർത്ഥം എനിക്ക് മനസിലായത് !

ആണുങ്ങളിൽ ആണായ ഒരുത്തനെ വെല്ലാൻ നമ്മൾ കരുതിയതൊന്നും മതിയാവില്ലെന്ന് ആ പക്ഷേയിലൂടെ ഒാർമ്മപ്പെടുത്തുകയായിരുന്നു അവൾ !

ഉള്ളിൽ അതുവരെ ഉണ്ടായിരുന്ന സങ്കൽപ്പങ്ങളിൽ നിന്നു വഴിമാറിയാണ് ആ നിമിഷം മുതൽ ഞാനെന്റെ കാൽ മുന്നോട്ടു വെച്ചത് !

അവനെ പോലെ മറ്റൊരാൾ എന്നത്ഒ രു അസാധ്യതയാണ് അതിന്റെ കാരണം നമ്മൾക്ക് ഇഷ്ടം തോന്നുന്നവരേക്കാൾ നമ്മളെ ഇഷ്ടപ്പെടുന്ന ഒരാൾ എന്നതു തന്നെ,

ആ സാധ്യതക്ക് വെറുതെ ഒരിഷ്ടം മാത്രം പോരാ, മരണം കൊണ്ടു മാത്രം വേർപ്പെടുത്താൻ കഴിയുന്ന വിധം അത്രയും ഇഷ്ടം വേണം അവനെ പോലെ….!

ശരിക്കും കല്യാണം കഴിഞ്ഞ ആണുങ്ങളുടെ ഭംഗി അവരുടെ ഇഷ്ടം പേറി അവരിലേക്ക് കടന്നു വരുന്ന പെണ്ണിലാണ്, അവളെ മാത്രമായി സ്നേഹിക്കാൻ അവനു കഴിയുന്നിടത്താണ് അവനു കൂടുതൽ ഭംഗി !

Related Posts

Leave a Reply

Your email address will not be published. Required fields are marked *