മതിലിൽ വണ്ടി തട്ടി റോഡരികിൽ കിടന്ന ആളെ ഹോസ്പിറ്റിലിൽ എത്തിച്ചത് ആയിഷയുടെ പിടിവാശിയാണ്. വഴിയിൽ കിടക്കുന്ന മാരണം…..

ആയിഷ

എഴുത്ത്:- നവാസ് ആമണ്ടൂർ

മതിലിൽ വണ്ടി തട്ടി റോഡരികിൽ കിടന്ന ആളെ ഹോസ്പിറ്റിലിൽ എത്തിച്ചത് ആയിഷയുടെ പിടിവാശിയാണ്. വഴിയിൽ കിടക്കുന്ന മാരണം എടുത്തു തലയിൽ വെക്കണ്ടന്നു റാഷി പറഞ്ഞിട്ടും ആയിഷ കെട്ടില്ല. ജീവനാണ് വഴിയിൽ കിടന്ന് പിടക്കുന്നത്. പിടച്ചിൽ അവസാനിക്കും മുൻപേ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത് കാത്തിരിക്കുന്നവരുടെ പ്രാർത്ഥന.

“കാര്യമായിട്ട് പരിക്കൊന്നും ഇല്ല. ബ്ലഡ് പോയിട്ടുണ്ട്. ഒരാളെ കൊണ്ടുവാ AB നെഗറ്റിവ് ഗ്രൂപ്പ് “

“അടുത്ത പണി. മിണ്ടാതെയങ് പോയാമതിയായിരുന്നു. ഇവളുടെ വാക്കും കേട്ട്… “

റാഷി പറയുന്നത് ശ്രദ്ധിക്കാതെ ആയിഷ ബ്ലഡ് കൊടുക്കാൻ അകത്തേക്ക് പോയി. അവളുടെ രക്തം പ്ളാസ്റ്റിക് ബാഗിലേക്കു പതുക്കെ ഒലിച്ചു ഇറങ്ങി.

“രക്ത ദാനം മഹാദാനം. “

ചുമരിൽ എഴുതിവെച്ച പരസ്യത്തിലെ വാചകം വായിച്ചു നിന്ന റാഷി യുടെ മുഖത്തു അല്പം നീരസം ഉണ്ടങ്കിലും ഉള്ളിൽ അവൾ ചെയ്തത് ചെയുന്നത് ശരിയാണ് എന്ന തോന്നലുണ്ട്.

കുറച്ചു കഴിഞ്ഞു പുറത്തിറങ്ങിയ അവളെ നോക്കി.

“ഇക്കാ അയാളെ ഇപ്പൊ റൂമിലേക്ക് മറ്റും. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് അവരുടെ വീട്ടിലേക്ക്. അവര് വന്നിട്ട് പോകാം അല്ലെ “

“മ്മ്. ആയിക്കോട്ടെ “

റൂമിലേക്ക് കൊണ്ടുവന്നു കിടത്തി അറ്റൻഡർ പോയതിനു ശേഷം അയിഷയും റാഷിയും വാതിൽ തുറന്ന് അകത്തു കയറി.

തളർച്ചയുടെ അലസസ്യത്തിൽ നിന്നുമായാൾ മിഴി തുറന്ന്..

“നിസ… മോളേ… “

“ഞാൻ നിസയല്ല. ആയിഷ. ഞങ്ങളാണ് നിങ്ങളെ ഇവിടെ എത്തിച്ചത് “

കിടക്കയിൽ കിടന്ന് അയാളുടെ മനസ്സ് ആയിഷ എന്ന പേരിലെ ഓർമ്മകളെ ഉണർത്തി.

ആയിഷ നിസയെ പോലെ അല്ലെങ്കിൽ നിസ ആയിഷയെ പോലെ. മുഖച്ഛായ ഒരുപോലെ. കാലങ്ങളോളം മനസ്സിൽ ഒന്ന് കാണാൻ കൊതിച്ച ആയിഷയാണോ ഇപ്പൊ വഴിയരികിൽ നിന്നും ജീവൻ തിരിച്ചു തന്നത്.

മുറിയിലേക്കു വന്നവരുടെ ഒപ്പം നിസയും അകത്തേക്ക് കടന്നു. അയിഷയും നിസയും കണ്ട് നിന്നവരിൽ അത്ഭുതം സൃഷ്ടിച്ചു.

രണ്ടാളും ഒരുപോലെ. റാഷിയും ആയിഷയും പര്സപരം നോക്കി നിന്നു പോയി. ഒരു നുണകുഴിയുടെ വിത്യാസം മാത്രം.

യാത്ര പറഞ്ഞു പുറത്തുറങ്ങുമ്പോഴും ആയിഷയുടെ മനസ്സിലെ അത്ഭുതം മാറിയില്ല.

കേട്ടിട്ടുണ്ട് ഒരാളെ പോലെ ഒമ്പത് പേര് ഉണ്ടന്ന്. പക്ഷെ കണ്ടപ്പോ പകച്ചു പോയി..ഇത്‌ കാണിക്കാൻ ആയിരുന്നോ ഇങ്ങിനെ ഒരു നാടകം പടച്ചവൻ ഒരുക്കിയത്.

“വാപ്പ… ഇതായിരിക്കും അല്ലെ വാപ്പാടെ ആയിഷ “

“ആയിരിക്കും മോളേ.

അവൾ എന്റെ മോളാണ്. പക്ഷെ പറയാൻ കഴിയില്ല മോളെന്നു വിളിക്കാൻ അവകാശമില്ല “

നിസയുടെ ചോദ്യത്തിന് ഉത്തരം കൊടുത്തു അയാൾ കണ്ണുകൾ അടച്ചു കിടന്നു.

“ഇക്കാനെ പോലെ ചിരിക്കുന്ന ഒരു മോളേ താരോ എനിക്ക്. അവളും ഞാനും ഇക്കയും മാത്രമായി ഒരു ജീവിതം. ആയിഷ എന്ന്‌ പേരിടണം നമ്മുടെ മോൾക്ക്‌”

അവന്റെ നെഞ്ചിൽ തലവെച്ചു കിടന്ന് അവളുടെ മോഹങ്ങളുടെ കെട്ടഴിച്ചു. പ്രണയം ഒരുമിപ്പിച്ചു മനസ്സുകൾ ശരീരത്തിന്റെ രുചി അറിഞ്ഞു ഒന്നായി കെട്ടി പുണർന്നു.

“കല്യാണത്തിന് മുൻപ് ഇങ്ങിനെ ഒന്നും പാടില്ലെന്ന് അറിയാം. പക്ഷെ ഇക്കാ എനിക്ക് നഷ്ട്ടപെടുമ്പോ എനിക്ക് ജീവിക്കാൻ എന്റെ മോള്‌ കൂടെ ഉണ്ടാവണം. തെറ്റും ശരിയും പടച്ചവന്റെ കോടതിയിൽ വിധിച്ചു വിധി നടപ്പാക്കട്ടെ “

“നിനക്ക് വിഷമം തോന്നുന്നില്ലേ … മോളേ… എല്ലാം അവസാനിച്ചു ഈ പ്രണയത്തിനു തിരശ്ശില വീഴും നേരത്തും നീ എനിക്ക് നിന്നെ…. “

“ഇല്ല ഇക്കാ… എനിക്ക് അറിയാം. ഇക്കാടെ അവസ്ഥ. സാരില്ല. ഇക്കാ കല്യാണം കഴിച്ചു സുഖമായി ജീവിച്ചോളു. ഒരിക്കലും എന്നെയോ എന്റെ മോളെയോ തേടി വരരുത്. വന്നാൽ ഞങ്ങൾ ജീവനോടെ ഉണ്ടാവില്ല. “

“മ്മ്. വരില്ല. നിനക്ക് ഉറപ്പുണ്ടോ മോളേ. നിനക്ക് ഒരു മോൾ എന്നിൽ നിന്നും… “

“ഉണ്ട് ഇക്കാ… ഉണ്ടാകും. അവളെ ആയിഷ എന്ന്‌ പേരിട്ട് വിളിക്കും ഞാൻ.. വളർത്തും. അവൾക്ക് വേണ്ടി ഞാൻ ജീവിക്കും ഇനി “

ഓർമ്മകൾ ഉണർത്തിയ മനസ്സിൽ ആയിഷയുടെ ഉമ്മയുടെ മുഖം. ജീവനു തുല്യം സ്‌നേഹിച്ച പെണ്ണ്. അവളുടെ ഇഷ്ടത്തിന് പകരം അവൾ ചോദിച്ചു വാങ്ങി ആയിഷയെ.

പലപ്പോഴും മോഹമുണ്ടായിരുന്നു അവളെ ഒന്ന് കാണാൻ. കൊടുത്ത വാക്ക് പാലിക്കപ്പെടണം.

“വാപ്പ കരയുകയാണോ….. ?”

“ഇല്ല മോളേ.. കണ്ണൊന്നു നിറഞ്ഞു. സാരില്ല. എന്റെ മോള്‌ വന്നിട്ടും എനിക്ക് ഒന്നും പറയാൻ പറ്റിയില്ല. അരികിൽ ഇരുത്തി കൈ പിടിച്ചു മോളേ എന്ന്‌ വിളിക്കാൻ പറ്റിയില്ല. “

“എനിക്ക് മനസ്സിലാകും വാപ്പ.. ഇങ്ങടെ സങ്കടം. ഞാൻ കൊണ്ടുവരാം അവളെ എന്റെ വാപ്പയുടെ അടുത്ത്. “

“വേണ്ട… ആയിഷ ഒന്നും അറിയണ്ട. വഴിയരികിൽ കിടന്ന ആരോ ഒരാൾ…… അതുമതി “

ഓർമ്മ വെക്കുന്നതിനു മുൻപ് ഉമ്മ തനിച്ചാക്കി പോയ വാപ്പയുടെ മോളാണ് നിസ അവൾക്ക് അറിയാം വാപ്പയെ.പലവട്ടം പറഞ്ഞിട്ടുണ്ട് അവളോട്‌ ആയിഷയെ പറ്റി. എവിടെയോ ജീവിച്ചിരിക്കുന്ന ആയിഷ.

ജീവിതം ഇങ്ങനെയൊക്കെയാണ് പലവേഷങ്ങൾ പകർന്നു ആടിക്കും. കഥ യറിയാതെ നമ്മൾ ആട്ടം തുടരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *