മനസ്സിൽ കൊണ്ട് നടക്കാതെ ഒരു വട്ടമെങ്കിലും നിനക്ക് പറയാമായിരുന്നു… എന്നെ ഇഷ്ടമാണെന്ന്. ഇത്രയും നാൾ കാത്തിരുന്നില്ലേ ഞാൻ……

മൗത്തോളം

എഴുത്ത്:-നവാസ് ആമണ്ടൂർ

“ഹാഷിം നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ….?”

“ഉണ്ട്. ഒരുപാട് ഇഷ്ടത്തോടെ ഞാൻ ഒരാളെ പ്രണയിച്ചിട്ടുണ്ട്. പക്ഷെ ആ ഇഷ്ടം അവളോട് പറയാൻ കഴിഞ്ഞില്ല.അത് കൊണ്ടായിരിക്കും ഇന്നും ആ പ്രണയം എന്നിൽ ജീവിക്കുന്നത്.”

ഇന്നിപ്പോൾ പ്രണയത്തെ കുറിച്ച് ഓർത്തപ്പോൾ ഹാഷിമിന്റെ കണ്ണുകൾ നിറയുന്നുണ്ട്. ഈ യാത്ര അവളെ കാണാൻ വേണ്ടി മാത്രമാണ്. വിമാനത്തിന്റെ സമയമാകും വരെ അയാൾ അവളുടെ പ്രൊഫൈലിൽ വെറുതെ നോക്കി ഇരുന്നു.

അവളുടെ പുഞ്ചിരിയിൽ മാത്രം കവിളിൽ വിടരുന്ന നുണക്കുഴികളുടെ സൗന്ദര്യം അവളറിയാതെ ആസ്വദിക്കാറുള്ള ഹാഷിം വർഷങ്ങൾക്ക് ശേഷം അവളെ കാണാൻ യാത്രയാകുന്നു. ഓർമ്മയിൽ ഒരു ദിവസമുണ്ട്…അവളുടെ മുഖത്ത് അവസാനമായി ആ നുണക്കുഴി തിരഞ്ഞ ദിവസം..

സുലുവിന്റെ കല്യാണത്തിന്റെ മൂന്ന് ദിവസം മുൻപ് കൂട്ടുകാരി രമ്യയുടെ വീട്ടിൽ അവർ അഞ്ച് പേരും ഒത്തുകൂടി. ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചും തമാശകൾ പറഞ്ഞും ആ ദിവസത്തെ അവർ മനോഹരമാക്കി.

” ഇതുപോലെ ഇനിയൊരു ദിവസം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതു കൊണ്ടാവും അല്ലെ സിജു കേക്കുമായി വന്നത് …? “

“അതുകൊണ്ട് മാത്രമല്ല… എല്ലാർക്കും സന്തോഷം ആവട്ടെ..”

അഞ്ച് പേരും ഒരുമിച്ച് കേക്ക് മുറിക്കാൻ നിന്നു. ഹാഷിം സുലുവിന്റെ അരികിലാണ്. ഇല്ലാത്തൊരു പുഞ്ചിരി അഭിനയിച്ചു സുലു കേക്ക് മുറിക്കാൻ കത്തിയെടുത്തു.

” സ്വാതന്ത്ര്യത്തിന്റെ അവസാന അത്താഴത്തിന്റെ ഓർമ്മയ്ക്ക്… “

ഹാഷിം അത് പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു സുലുവിനെ നോക്കി. തെളിച്ച മില്ലാതെ അവളുടെ മുഖം മാത്രം. അവർ അഞ്ച് പേരിൽ ഏറ്റവും അടുപ്പം ഹാഷിമും സുലുവുമാണ്. അവരുടെ കുടുംബങ്ങൾ തമ്മിലും ചെറിയ ബന്ധം ഉണ്ട്. അതുകൊണ്ട് തന്നെ അവളുടെ എല്ലാ കാര്യത്തിലും ഹാഷിം ഉണ്ടാവും. കേക്ക് മുറിച്ചു തിന്നുകൊണ്ട് ഹാളിലെ സോഫയിൽ ഇരിക്കുമ്പോൾ ഹാഷിം സുലുവിന്റെ മുൻപിൽ ചെന്ന് നിന്നു.

“ഞാൻ ഇവിടെ വന്നപ്പോൾ മുതൽ നിന്നെ ശ്രദ്ധിക്കുന്നു. നീ എന്നോട് മാത്രം മിണ്ടുന്നില്ല. ഞാൻ എന്ത് ചെയ്തിട്ടാണ്. എന്നോട് ഇങ്ങനെ….?”

തല കുനിച്ചിരുന്നിരുന്ന സുലു മിഴികൾ ഉയർത്തി അവനെ നോക്കി. ആ കണ്ണുകൾ നിറഞ്ഞിരുന്നു. കവിളിലൂടെ കണ്ണീർ തുള്ളികൾ ഒലിച്ചിട്ടുണ്ട്. ദേഷ്യവും സങ്കടവും കൊണ്ട് അവളുടെ മുഖം ചുമന്നിരുന്നു.

അവൾ എഴുന്നേറ്റു… അവന്റെ മുഖത്തേക്ക് നോക്കി. കൈ വീശി മുഖത്തടിച്ചു. കോളറിൽ കു ത്തിപ്പിടിച്ചു.

“മനസ്സിൽ കൊണ്ട് നടക്കാതെ ഒരു വട്ടമെങ്കിലും നിനക്ക് പറയാമായിരുന്നു… എന്നെ ഇഷ്ടമാണെന്ന്. ഇത്രയും നാൾ കാത്തിരുന്നില്ലേ ഞാൻ.”

പൊട്ടിക്കരച്ചിൽ പോലെ അവൾ അത് പറഞ്ഞപ്പോൾ ഹാഷിം ഞെട്ടിപ്പോയി. അവൾ പറഞ്ഞത് സത്യമാണ്. പറയാതെ ഇഷ്ടം മനസ്സിൽ കൊണ്ട് നടന്നു. പറയാൻ തോന്നിയപ്പോൾ സമയവും കഴിഞ്ഞുപോയി.

കോളറിൽ കുത്തിപ്പിടിച്ച സുലുവിന്റെ വിരലുകൾ അടർത്തിമാറ്റി ഹാഷിം പുറത്തേക്ക് ഇറങ്ങി. അവനും കണ്ണുകൾ തുടച്ചു തിരിഞ്ഞുനോക്കാതെ നടന്നു .

അവർക്ക് അഞ്ച് പേർക്കും അറിയാമായിരുന്നു ഹാഷിമിനു സുലുവിനോട് ഉള്ളപോലെ സുലുവിനു ഹാഷിമിനോടും ഇഷ്ടം ഉണ്ടെന്ന്. പക്ഷെ ആരും അത് പറഞ്ഞില്ല.

അവളുടെ കല്യാണം കഴിഞ്ഞു. ഒന്ന് രണ്ട് വട്ടം അവളെ പലയിടത്തും വെച്ച് ഹാഷിം കണ്ടു. ഒന്നും മിണ്ടാതെ കടന്നുപോയ നിമിഷങ്ങൾ.. അപ്പോഴും അവൻ നോക്കിയത് അവളുടെ ചുണ്ടിൽ പുഞ്ചിരി വിടരുമ്പോൾ മാത്രം വിരിയുന്ന നുണക്കുഴികളെയാണ്. ഒരിക്കൽ കൂടി അവനത് കാണാൻ ആഗ്രഹമുണ്ടെങ്കിലും അവനെ കാണുമ്പോൾ നിറയുന്ന അവളുടെ കണ്ണുകളെ ഓർത്ത് അവൻ പരമാവധി അവളിൽ നിന്നും ഒഴിഞ്ഞു മാറി.

മൊബൈൽ ബെല്ലടിച്ചപ്പോൾ ഹാഷിം ഓർമ്മയിൽ നിന്നും ഉണർന്നു.നാട്ടിൽ നിന്ന് ഷെമിയാണ്.

“ഇക്കാ… നിങ്ങൾ നാട്ടിലേക്ക് വരികയാണല്ലേ…?”

“അതെ..”

“ഇത്രയും പൈസ മുടക്കി കാമുകിയുടെ മയ്യിത്ത് കാണാൻ വരുന്ന ഒരു മാതൃക കെട്ടിയോൻ.. ഉളുപ്പില്ലേ മനുഷ്യാ..”

“ഇല്ല.”

“ആഹാ… എന്തെങ്കിലും ആവട്ടെ… ഇതോടെ ആ ശല്യം നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയല്ലോ..”

“അതിന് ഞാനും ഇല്ലാതാവണം ഷെമി.”

ഷെമിയൊരു നല്ല ഭാര്യയാണ്. അവർക്കിടയിൽ സുലു എന്നൊരു പേര് മാത്രമാണ് ഇടക്കിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.

വിമാനത്തിനു സമയമായി..ഹാഷിമിന്റെ മുഖം വാടിയിരുന്നു.സുലു മരിച്ചെന്നറിഞ്ഞപ്പോൾ അവസാനമായി അവളെയൊന്ന് കാണണമെന്ന് അവന് തോന്നി. മണ്ണോട് മണ്ണാകും മുൻപേ അവസാനകാഴ്ചയിൽ പറയാതെ പറയണം അവന്റെ ഇഷ്ടം.

രാവിലെ നാട്ടിൽ എയർപോർട്ടിൽ ഇറങ്ങി. വീട്ടിലെത്തി കുളി കഴിഞ്ഞപ്പോഴേക്കും സിജുവും എത്തി. ഹാഷിം അവന്റെ കൂടെ പുറത്തേക്കിറങ്ങിയപ്പോൾ പിന്നാലെ ഷെമിയും വന്നു.

“ഇക്കാ… ഞാനും ഉണ്ട്.”

ഹാഷിം മറുപടി ഒന്നും പറഞ്ഞില്ല. ഷെമി കാറിന്റെ ബാക്ക് ഡോർ തുറന്നു കാറിൽ കയറിയിരുന്നു. സിജു വണ്ടിയോടിച്ചു. മൂന്ന് പേരും ഒന്നും മിണ്ടാതെയുള്ള യാത്ര.

മരണവീട്ടിൽ ആളുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്. മയ്യിത്ത് എടുക്കാനുള്ള സമയം ആയെന്ന് തോന്നുന്നു.സിജു കാർ ഒരു സൈഡിൽ ഒതുക്കി പാർക്ക് ചെയ്തു.

ഹാഷിം വെള്ളത്തുണിയിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്ന സുലുവിന്റെ അരികിൽ ചെന്ന് നിന്നപ്പോൾ ആരോ ഒരാൾ അവളുടെ മുഖത്തെ തുണി മാറ്റിക്കൊടുത്തു. അവന്റെ ഉള്ളിൽ നിന്നുള്ള തേങ്ങൽ സുലുവിന്റെ റൂഹ് അറിയുന്നുണ്ടാവും. മൗനമായി നിന്ന് അവൻ അവളോട് പറയുകയായിരുന്നു…

“സുലു…. ഞാൻ നിന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു.”

അകത്തെ മുറിയിൽ ആരൊക്കെയൊ കരയുന്നുണ്ട്. നിറഞ്ഞു കലങ്ങിയ കണ്ണുകളുടെ കരിഞ്ഞ നോട്ടങ്ങളാണ് പരസ്പരം പങ്കുവെക്കുന്നത്.

ഹാഷിമിന്റെ അരികിൽ നിന്ന് ഷെമി സുലുവിന്റെ മുഖത്തേക്ക് നോക്കി. ഒരു നനുത്ത പുഞ്ചിരി ബാക്കിയാക്കി യാത്രയായവളുടെ മുഖം. എന്നും പകയോടും വിദ്വേഷത്തോടെയും മാത്രം മനസ്സിൽ കണ്ടിരുന്ന മുഖം ആദ്യമായിട്ടാണ് ഇത്രയും അടുത്ത് കാണുന്നത്. ആ സമയം അവളുടെ മനസ്സിൽ ഹാഷിമിനോട്‌ പലപ്പോഴായി അവളെ പറഞ്ഞ മോശം വാക്കുകളും കുറ്റപ്പെടുത്തുലുകളും ഓർമ്മ വന്നു. ആ ഓർമ്മയിൽ ഒരു കുഞ്ഞുകുട്ടിയെ പോലെ ഷെമി വിതുമ്പി. വിതുമ്പൽ പെട്ടെന്നൊരു പൊട്ടിക്കരച്ചിലായി മാറി..ഹാഷിം പോലും പ്രതീക്ഷിക്കാതെ ഷെമി സുലുവിന്റെ മുഖം രണ്ട് കൈക്കുള്ളിലാക്കി. പതുക്കെ കുനിഞ്ഞു സുലുവിന്റെ കവിളിൽ ഒന്നിൽ കൂടുതൽ തവണ ചുംബിച്ചു.

“സോറി…”

ഹാഷിം സുലുവിന്റെ അടുത്ത് നിന്ന് കരയുന്ന ഷെമിയുടെ കൈയിൽ അമർത്തിപ്പിടിച്ചു. അവൾ കരച്ചിൽ അടക്കാൻ വാ പൊത്തി. ആ സമയം ഷെമിയെ ചേർത്ത് പിടിച്ച ഹാഷിം സുലുവിന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടരുമ്പോൾ മാത്രം വിരിയുന്ന നുണക്കുഴികൾ കണ്ടു.

സുലുവിന്റെ അരികിൽ നിന്നും ഷെമിയെ ഹാഷിം പുറത്തേക്ക് കൊണ്ട് വന്നു. അപ്പോഴും അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒലിക്കുന്നുണ്ട്. അവന്റെ കൈ പിടിച്ചു നടക്കുമ്പോഴും അവൾ കണ്ണുകൾ തുടച്ചു വെറുതെ തിരിഞ്ഞു നോക്കി.

തിരിച്ചു പോകുമ്പോൾ കാറിലിരുന്ന് ആദ്യമായി ഷെമി ഹാഷിമിന്റെ കൈ പിടിച്ചു അവനോട് ചോദിച്ചു.

“ഇത്രയും ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ അവളോട് പറയാമായിരുന്നില്ലേ…?”

“പറയാൻ കഴിഞ്ഞില്ല. ഒരുപക്ഷെ അവളെക്കാൾ എന്നെ ഒരുപാട് സ്‌നേഹിക്കുന്ന നിനക്ക് വേണ്ടിയാകും അന്നെനിക്കത് പറയാൻ കഴിയാതെ പോയത്.”

ഷെമി അവളുടെ കൈക്കുള്ളിലായിരുന്ന ഹാഷിമിന്റെ കൈ അവളുടെ കവിളിൽ അമർത്തി. ആ സമയം അവളുടെ കണ്ണിൽ നിന്ന് അടർന്ന കണ്ണീർതുള്ളികളെ അവന്റെ വിരലുകൾ തുടച്ചു മാറ്റി

Related Posts

Leave a Reply

Your email address will not be published. Required fields are marked *