മാലിനി കുറെ നാളായി എന്റെ സോഷ്യൽ മീഡിയ സുഹൃത്ത് ആണ്. ആ നിലക്ക് ഓൾടെ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാതിരിക്കുന്നത് മോശമാണ്….

മാങ്ങാ ജ്യൂസ്‌

എഴുത്ത് :- രാജീവ്‌ രാധാകൃഷ്ണപണിക്കർ

പഞ്ചായത്തോഫീസിന് മുന്നിലെ തത്കാലിക സ്റ്റേജിൽ മാലിനി വർമ്മയുടെ പുസ്തക പ്രകാശനം ഉണ്ടെന്ന് ഗ്രൂപ്പിൽ വന്ന വാട്സ്ആപ്പ് മെസേജ് ഓർത്തപ്പോഴാണ് ഓഫീസിൽ നിന്നും ഇറങ്ങിയത്.

മാലിനി കുറെ നാളായി എന്റെ സോഷ്യൽ മീഡിയ സുഹൃത്ത് ആണ്. ആ നിലക്ക് ഓൾടെ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാതിരിക്കുന്നത് മോശമാണ്.

ഒത്താൽ പുസ്തകം ഫ്രീയായി കിട്ടുകയും ചെയ്യും.

വല്ലാത്ത പരവശം.

ഒരു മാങ്കോ ഷേക്ക്‌ കുടിച്ചാലോ എന്നു കരുതി കടയുടെ മുന്നിൽ ചെന്നപ്പോഴാണ് ഓർത്തത് വെറുതെ കാശെന്തിനാ കളയുന്നത്.

വീടിന്റെ അതിരിലുള്ള വെളിമ്പറമ്പിൽ മാങ്ങ ഒരുപാട് വീണു കിടപ്പുണ്ടാകും. പറക്കി ജ്യൂസ്‌ അടിച്ചു ഒന്ന് തണുക്കാൻ വയ്ക്കാൻ പറഞ്ഞാൽ വീട്ടിലെത്തുമ്പോഴേക്കും ജ്യൂസ്‌ റെഡി.

ഉടനെ പ്രിയതമക്ക് ഫോൺ ചെയ്തു.

ജ്യൂസ്‌ റെഡിയാക്കാൻ.

ഓൾക്ക് മാങ്ങാ പറക്കാൻ സമയമില്ല. ചെർക്കനോട് പറഞ്ഞു പറക്കിക്കാമെന്നു പറഞ്ഞു.

പുസ്തകപേകാശനോം കണ്ട് മാങ്ങാ ജ്യൂസും കുടിച്ച് ദിവസത്തിന്റെ ബാക്കി ഭാഗം ധന്യമാക്കാമെന്നു കരുതി നേരെ പഞ്ചായത്തിനു സമീപത്തേക്ക് വിട്ടു

സദസ്സിൽ ആള് കുറവാണെങ്കിലും സ്റ്റേജിൽ ഒരു ഉത്സവത്തിനുള്ള ആളുണ്ട്. അതിനിടയിൽതിളങ്ങി നിന്ന മാലിനി വർമയെ നോക്കി ഇളിച്ചു കാണിച്ചു.

ഓള് കണ്ടില്ല.

കൈ പൊക്കി കാണിച്ചു നോക്കി..കണ്ട ഭാവമില്ല.

ചെലപ്പോ തിരക്ക് ആയതോണ്ടായിരിക്കും.

എന്തായാലും തരം കിട്ടിയാൽ ഒരു സെൽഫിയെങ്കിലും എടുക്കാമെന്ന് കരുതി അവടെ ഇരുന്നു.

ചടങ്ങ് തീർന്നിട്ടും സ്റ്റേജിലുണ്ടായിരുന്നവർ വർമയെ വിട്ടു പോകുന്നില്ല.

വയറാണെങ്കിൽ കത്തിക്കാളുന്നു.

സ്വതസിദ്ധധമായ പിശുക്ക് പുറത്തു നിന്നും ഒന്നും വാങ്ങി കഴിക്കാനും അനുവദിക്കുന്നില്ല.

വീട്ടിലിരിക്കുന്ന മാങ്ങാ ജ്യൂസാണെങ്കിൽ മാടി വിളിക്കുന്നു.

വേഗം വീട്ടിലേക്ക് വിട്ടു.

വിയർത്തു കുളിച്ചിരുന്നതിനാൽ കുറച്ചു വെള്ളമെടുത്ത് കാക്കക്കുളിയും നടത്തി ജ്യൂസ്‌ കുടിക്കാനിരുന്നപ്പോൾ കോളിങ്ങ് ബെൽ ചിലച്ചു.

ആരായാലും ജ്യൂസിന്റെ ഷെയർ അവർക്കു പോകേണ്ട എന്നു കരുതി അടുക്കളയിൽ കൊണ്ട് വച്ചു വാതിൽ തുറന്നപ്പോൾ ഞെട്ടിപ്പോയി.

ദേ മാലിനി വർമ.

ശരീരത്തിലൂടെ ഒരു കുളിരു പാഞ്ഞു നടന്നു.

“എങ്ങനെ കണ്ടു പിടിച്ചു വീട്?”

വിക്കി വിക്കി ഞാൻ ചോദിച്ചു.

“നിങ്ങളുടെ പേര് പറഞ്ഞപ്പോഴേ നാട്ടുകാര് പറഞ്ഞു ആ പിശുക്കൻ നായരുടെ വീടല്ലേ ഇന്ന ദിക്കിലാണെന്ന്. കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയില്ല.

ങ്ങക്ക് ഒരു പുസ്തകം തരാൻ വന്നതാ . ഫ്രീയാ കാശൊന്നും തരണ്ടാട്ടാ.”

സമാധാനമായി.

അപ്പോഴേക്കും വസുവും കൗതുകത്തോടെ എത്തിനോക്കി.

ഓള് ഒരെഴുത്തുകാരിയെ ജീവനോടെ കാണുന്നത് ആദ്യായിട്ടാണത്രെ.

ബുക്ക്‌ ഒക്കെ തന്ന് കഥാകാരിയോട് വർത്താനോംപറഞ്ഞിരിക്കുമ്പോഴാണ് ഓൾക്ക്‌ വെള്ളം വല്ലതും കൊടുക്കണമല്ലോ എന്നോർത്തത്.

വസു കുറച്ചു കരിങ്ങാലി വെള്ളം എടുക്കെടി എന്നു പറയാൻ ഒരുങ്ങിയപ്പോഴേക്കും ഓള് മാങ്ങാ ജ്യൂസുമായി വന്നു.

ഉള്ളു പൊള്ളി!

ഒരുപാട് ആശിച്ച് ഉണ്ടാക്കിയതാ.

അത് മാലിനി വർമ കുടിച്ചു കൊണ്ട് പോകുന്ന കാര്യം ഓർത്തപ്പോൾ മനസ്സു നീറി.

എന്തായാലും ജ്യൂസു കുടിച്ച് വസുവിന് നന്ദിയും പറഞ്ഞു മാലിനി തിരിച്ചു പോകുമ്പോൾ ജ്യൂസു കിട്ടാതെ വിഷമിച്ചിരുന്ന എന്നെ നോക്കി വസു പറഞ്ഞു.

അത് നിങ്ങള് കുടിക്കാതിരുന്നത് നന്നായി.ചെർക്കൻ പറക്കികൊണ്ടു വന്നത് ചീഞ്ഞ മാങ്ങയായിരുന്നു😄

വാൽക്കഷ്ണം :കഥയാണെ കഥ മാത്രം 😄

Related Posts

Leave a Reply

Your email address will not be published. Required fields are marked *