മീരയുടെ കണ്ണുകളെ നാഗമാണിക്യം ഒളിപ്പിച്ച കണ്ണുകളാണെന്ന് ആദ്യമായി പറഞ്ഞത് അവളുടെ ജാതകം നോക്കിയാ പണിക്കരാണ്. വിടർന്ന……

“നാഗ മാണിക്യം ഒളിപ്പിച്ച കണ്ണുകൾ “

Story written by Navas Amandoor

മീരയുടെ കണ്ണുകളെ നാഗമാണിക്യം ഒളിപ്പിച്ച കണ്ണുകളാണെന്ന് ആദ്യമായി പറഞ്ഞത് അവളുടെ ജാതകം നോക്കിയാ പണിക്കരാണ്. വിടർന്ന കണ്ണുകൾക്കുള്ളിൽ തിളങ്ങുന്ന കൃഷ്ണമണി. കൺപീലികൾ കണ്ണുകളെ കൂടുതൽ സുന്ദരമാക്കി. മീര വളർന്നപ്പോൾ ആ കണ്ണുകൾ ആരെയും മോഹിപ്പിക്കുന്ന ആകർഷണമായി.

ത്രിസന്ധ്യ നേരത്തു നാഗത്തറയിൽ വിളക്ക്‌ വെച്ചു കണ്ണടച്ച് പ്രാർത്ഥിച്ചു. കണ്ണ് തുറന്ന മീര നാഗത്തറയിൽ അവളെ നോക്കി പത്തി വിടർത്തി നിൽക്കുന്ന സർപ്പത്തെ നോക്കി പുഞ്ചിരിച്ചു.

“മീര മോളേ നീ വിളക്ക് വെച്ച് പോന്നില്ലേ “

അമ്മയുടെ ചോദ്യം കേട്ട മീര തിടുക്കത്തിൽ വീട്ടിലേക്കു നടന്നു. എന്നും കാണാറുള്ളതാണ് നാഗത്തറയിലെ നാഗത്തെ. വേറെ ആരും കണ്ടിട്ടില്ലെന്നു കേട്ടതുകൊണ്ടാണ് മീരയുടെ മനസ്സിൽ സർപ്പത്തിനോട് ഇഷ്ടം തോന്നിയതും ഇതുവരെ പേടി തോന്നാതിരുന്നതും. പലപ്പോഴും സ്വപ്നത്തിൽ ശരീരത്തോടെ ഒട്ടിക്കിടക്കുന്ന സർപ്പത്തെ അവൾ കണ്ടിട്ടുണ്ട്.അവൾ ഭക്തിയോടെ സർപ്പത്തെ സ്‌നേഹിച്ചു. ഒരു കൂട്ടുകാരനെ പോലെ.

“പ്രായം തികഞ്ഞ പെണ്ണാണ്. എത്രവട്ടം പറഞ്ഞു അസ്സമയത്തു നാഗത്തറ യിലേക്കു അവളെ വിടരുതെന്ന്. അറിയാലോ ജോത്സ്യൻ ജാതകം നോക്കി പറഞ്ഞത്. അവളുടെ കണ്ണുകളിലെ തിളക്കം സർപ്പത്തെ മോഹിപ്പിക്കും. അത്‌ അപകടമാണ്”

ഉമ്മറത്ത് വിളക്ക് വെച്ച് നാമം ജപിച്ചിരുന്ന അഛ്മ്മ പറഞ്ഞത് ആരും കാര്യമാക്കിയില്ല. ഈ കാലത്തു ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ.. ?

“എന്ത് അപകടം.. ആ നാഗത്തറയിൽ ഒരു സർപ്പം ഉണ്ടന്ന് അറിയാം പക്ഷെ ഞാൻ അല്ലാതെ വേറെ ആരും കണ്ടിട്ടില്ല.അത്‌ എന്നെ ഒന്നും ചെയ്യില്ല.അത്‌ എനിക്ക് അറിയാം… “

“നീ എന്താടി പെണ്ണേ പറയുന്നത്.. ?”

“ഒന്നുല്ല അച്ചമ്മേ… “

രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്ന മീരയുടെ മനസ്സിൽ പത്തി വിടർത്തി നോക്കി നിൽക്കുന്ന സർപ്പം.

“ആ സർപ്പത്തിന് എന്നോട് മോഹം ഉണ്ടോ. അതുകൊണ്ടായിരിക്കോ ഇങ്ങിനെ നോക്കി നിൽക്കുന്നത്.എന്റെ കണ്ണുകൾ കണ്ടു മോഹിച്ചു പോയ പാവം സർപ്പം”

അവൾ ചെറു പുഞ്ചിരിയോടെ കണ്ണാടിയിൽ നോക്കി.കണ്ണിൽ തിളങ്ങുന്ന കൃഷ്ണമണി ഇന്ന് കൂടുതൽ തിളക്കം വെച്ചത് പോലെ. അലമാര യിൽ നിന്നും ഒരു ബുക്ക് എടുത്തു അവൾ വായിച്ചു.വായിച്ചാൽ പെട്ടന്ന് ഉറക്കം വരും.കണ്ണുകളിൽ നിദ്ര വന്നെന്നു തോന്നിയപ്പോ മീര വായിച്ചു കൊണ്ടിരുന്ന ബുക്ക് മടക്കി വെച്ച് കണ്ണുകൾ അടച്ചു. കൺപോളകളെ നിദ്ര അനുഗ്രഹിച്ചു.

പൂർണ്ണചന്ദ്രൻ ഉദിച്ച പാതിരാവിൽ നാഗത്തറയിൽ നിന്നും സർപ്പം മീരയുടെ മുറിയുടെ ജനലിന്റെ അടുത്ത് എത്തി. ജനലിലൂടെ ഇഴഞ്ഞു അകത്തു കയറി.കട്ടിലിന്റെ കാലിലൂടെ നാഗം അവളിലേക്ക് ഇഴഞ്ഞു കയറി.വെള്ളി കോലുസ്സ് അണിഞ്ഞ കാലിലൂടെ പതുക്കെ മുകളിലേക്ക്… വയറിലൂടെ അവളുടെ നെഞ്ചിൽ സർപ്പം പത്തി വിടർത്തി..

സർപ്പം അവളുടെ കണ്ണുക ളിൽ മാണിക്യം തേടി.സ്വപനത്തിൽ കാമുകനെ പോലെ അടുത്ത് വന്ന് ശരീരത്തെ തൊട്ടുണർത്തിയാ നാഗം അരികിൽ വന്നതും ശരീരത്തോട് പറ്റി ചേർന്നതും സ്വപനത്തിൽ എന്ന പോലെ അവളുടെ മനസ്സ് അറിയുന്നുണ്ട്.ഏതോ ഒരു നിർവൃതിയിൽ ലയിച്ചു മീര കണ്ണുകൾ തുറക്കാതെ കിടന്നു. മാറത്ത് പത്തി വിടർത്തിയ സർപ്പം ചുണ്ടുകൾ അവളുടെ ചുണ്ടിലേക്കു ചേർത്തു

രാത്രി പുലരുന്നതിനു മുൻപ് സർപ്പം നാഗത്തറയിൽ തിരിച്ചെത്തി.മാണിക്യം നഷ്ടപെട്ട സർപ്പം കല്ലിൽ തല തല്ലി മരിച്ചപ്പോഴേക്കും മീരയുടെ നീലിച്ച ശരീരത്തിൽ ജീവന്റെ തുടിപ്പ് ഇല്ലാതയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *