മോള് കേറിക്കോ എങ്ങോട്ടാണെന്ന് വച്ചാൽ ഞാൻ കൊണ്ടാക്കാം അയാൾ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ…

🖤അവൾക്കായി🖤

Story written by Sarath Lourd Mount

🖤🖤🖤🖤🖤🖤🖤

ചേട്ടാ എന്നെ ഒരിടം വരെ കൊണ്ടു വിടാമോ???

രാത്രി വണ്ടി ഒതുക്കി വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് ദിനേശൻ ആ ശബ്ദം കേട്ടത്. ഒരു പെൺകുട്ടിയാണ്. ഏകദേശം ഒരു ഇരുപത് വയസ്സ് പ്രായം കാണും, മുഖത്ത് വല്ലാത്ത ഒരു വായിച്ചെടുക്കാൻ കഴിയാത്ത ഭാവം. മറ്റ് ഓട്ടോകൾ എല്ലാം പോയതിനാലും ഈ സമയത്ത്‌ ഒരു പെണ്ണിനെ തനിയെ ഇവിടെ വിട്ടാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളും ഓർത്തപ്പോൾ ആ മനുഷ്യന് അവളെ അവിടെ വിട്ടിട്ട് പോകാൻ കഴിഞ്ഞില്ല.

മോള് കേറിക്കോ എങ്ങോട്ടാണെന്ന് വച്ചാൽ ഞാൻ കൊണ്ടാക്കാം അയാൾ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ചെറിയൊരു ആശ്വാസം നിഴലിച്ചു. ഒട്ടും സമയം പാഴാക്കാതെ അവൾ വണ്ടിയിലേക്ക് കയറി.

അല്ല,എങ്ങോട്ടാ മോൾക്ക് പോകേണ്ടത്???

എന്നെ… എന്നെ ആ ഏഴിമല കുന്നിന്റെ അവിടെ ഇറക്കിയാൽ മതി…

അവളുടെ നാവിൽ നിന്ന് കേട്ട വാക്കുകൾ നൽകിയ ഞെട്ടലിൽ അയാളുടെ വണ്ടി ഒന്ന് പാളി. പെട്ടെന്ന് അയാൾ നിയന്ത്രണം വീണ്ടെടുത്ത് വണ്ടി ബ്രേക്ക് ചവുട്ടി നിർത്തി…

എങ്ങോട്ടാണെന്നാ പറഞ്ഞേ??? താൻ കേട്ടത് തെറ്റിയോ എന്നറിയാനായി അയാൾ വീണ്ടും ചോദിച്ചു.

ഏഴിമല കുന്ന്!… ഒട്ടും പതറാതെയുള്ള അവളുടെ വാക്കുകൾ ആ മനുഷ്യനിൽ അസ്വസ്ഥതയുണ്ടാക്കി.

ഈ സമയത്ത് ആ കുന്നിൽ അവൾ എന്തിന് പോകുന്നു എന്ന് അയാൾക്ക് അതികം ചിന്തിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. കാരണം ആത്മഹത്യകളുടെ കണക്കിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ആ കുന്നിൽ അവൾ എന്തിന് പോണം എന്നത് അയാൾക്ക് ഊഹിക്കാൻ കഴിയുന്നതെ ഉള്ളായിരുന്നു.

ഒന്നും മിണ്ടാതെ അയാൾ വണ്ടി മുന്നോട്ട് എടുത്തു. പുറകിൽ അവൾ ഔട്ടോയുടെ വശം ചാരി, ഒന്നും മിണ്ടാതെ ഇരിക്കുന്നത് അയാൾ കണ്ണാടിയിലൂടെ നോക്കികണ്ടു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.

എന്തിനാ താൻ മരിക്കാൻ പോകുന്നത്??? പ്രണയനഷ്ടമാണോ???

അയാളിൽ നിന്ന് പ്രതീക്ഷിക്കാതെ കേട്ട ആ ചോദ്യത്തിൽ അവളൊന്ന് പതറി. തന്റെ ലക്ഷ്യം ആ മനുഷ്യൻ മനസ്സിലാക്കിയിരിക്കുന്നു.

എന്തായിരുന്നു അവന്റെ പേര്????

വീണ്ടും അയാളിൽ നിന്ന് ചോദ്യം ഉയർന്നു.

കിരൺ!.. അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിയന്ത്രണമില്ലാതെ നിറഞ്ഞൊഴുകി.

എന്താ നിങ്ങൾക്കിടയിൽ സംഭവിച്ചത്??

ഞാൻ രേഷ്മ. ഒത്തിരി ഇഷ്ടമായിരുന്നു എനിക്കവനെ. എന്നാൽ അവൻ അവൻ സ്നേഹിച്ചത് എന്റെ ഈ ശരീരത്തെ മാത്രമായിരുന്നു. ആർത്തിയോടെ സ്വന്തമാക്കാൻ തുനിഞ്ഞ അവനെ തടഞ്ഞതിന് എനിക്ക് ലഭിച്ച പ്രതിഫലം മറ്റൊരു ന ഗ്ന ശരീരത്തിൽ വെട്ടി ചേർത്ത എന്റെ മുഖമുള്ള ചിത്രങ്ങളായിരുന്നു.nലോകം മുഴുവൻ അത് കണ്ട് ആഘോഷിച്ചു, മറ്റുള്ളവർക്ക് മുന്നിൽ ആ ശരീരം ,അത് എൻറെയാണ് .. ഇനി എന്തിനാണ് ഈ ജീവിതം…വേണ്ട.. എനിക്കിത് വേണ്ട…. ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് അവൾ പൊട്ടി പൊട്ടി കരഞ്ഞു.

അവളോട് എന്ത് പറയണം എന്നറിയാതെ ആ മനുഷ്യനും നിശബ്ദത പാലിച്ചു. അപ്പോളെല്ലാം ആ വാഹനം മുന്നോട്ട് തന്നെ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് എവിടെയോ ആ വണ്ടി നിന്നതും അവൾ കണ്ണുകൾ തുടച്ച് ചുറ്റും നോക്കി. ഓല മേഞ്ഞ ഒരു കുഞ്ഞ് വീട് അതൊഴിച്ചാൽ ചുറ്റും വിജനമാണ്…ഇത്… ഇത് എവിടെയാ??? നിങ്ങളെന്നെ എന്തിനാ ഇവിടേക്ക് കൊണ്ട് വന്നത്???? അവൾ പരിഭ്രമത്തോടെ ചോദിച്ചു.

മരിക്കാൻ ഇറങ്ങിത്തിരിച്ച ആൾക്ക് എനിക്കൊപ്പം വരാൻ ഇത്രക്ക് പേടിയോ???

വാ ഇറങ്.

ഒരു അച്ഛന്റെ എന്നപോലെ സ്നേഹം നിറഞ്ഞ ആ വിളിയിൽ അവളുടെ ചുവടുകൾ വെളിയിലേക്ക് നീണ്ടു, അവൾ പോലുമറിയാതെ അവളാ മനുഷ്യനെ അനുസരിച്ചു പോകുകയായിരുന്നു.

ഈ മുഖം എവിടെയെങ്കിലും കണ്ടിട്ടുണ്ടോ???

ആ വീട്ടിനുള്ളിലേക്ക് നടന്ന മനുഷ്യൻ ഒരു മൂലയിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു.

അയാൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് അവൾ നോക്കി.

ഇത്… ഇത് ദീപ്തി അല്ലെ???

ആ മൂലയിൽ കട്ടിലിലായി കിടന്നിരുന്ന രൂപത്തിലേക്ക് നോക്കി അവൾ പതർച്ചയോടെ ചോദിച്ചു. 3 മാസങ്ങൾക്ക് മുൻപ് വരെ പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ആ മുഖം അവളും മറന്നിരുന്നില്ല. മനുഷ്യരൂപം ധരിച്ച ആറ് മൃ ഗങ്ങളാൽ പി ച്ചിച്ചീ ന്തപ്പെട്ട പെണ്ണ്.മാധ്യമങ്ങൾ ഇര എന്ന പേര് നൽകി ആഘോഷിച്ചവൾ….ആ മുഖത്തേക്ക് നോക്കവേ അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത നോവ് അനുഭവപ്പെട്ടു.

അതേ ദീപ്തി,അവൾ എന്റെ മകളാണ്…6 മൃഗങ്ങളുടെ പാപക്കറ പേറേണ്ടി വന്നു എന്ന കാരണം കൊണ്ട് ജീവിതം നഷ്ടപ്പെട്ടു എന്ന ചിന്തയിൽ നിന്നെപ്പോലെ ജീവിതം ഒടുക്കാൻ ഇറങ്ങിത്തിരിച്ചവൾ . ഒരുപാട് വട്ടം ഞാൻ പറഞ്ഞു, എന്റെ മോൾക്ക് ഒന്നും നഷ്ടമായിട്ടില്ല എന്ന്. എന്നാൽ അതൊന്നും അവൾ ഉൾക്കൊണ്ടില്ല.. എന്നിട്ടോ?? മരണം പോലും അവളോട് ദയ കാട്ടിയില്ല. അവളുടെ ശരീരത്തിലെ മാം സം മാത്രം അറുത്ത് മാറ്റി അതും അവളെ തോൽപ്പിച്ചു. അവളുടെ ശരീരത്തെ മൂടിയിരുന്ന പുതപ്പയാൾ വലിച്ചു മാറ്റി. ആ കാഴ്ചകണ്ട രേഷ്മ ഞെട്ടി. മുട്ടിന് താഴെ പൂർണമായ നിലയിൽ മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു.

ഇത്രയൊക്കെ സംഭവിച്ചിട്ടും അവളുടെ മുഖത്ത് ആ പുഞ്ചിരി എന്ത് കൊണ്ടാണെന്ന് നിനക്കറിയാമോ???

കൊന്നു മോളെ ഞാൻ . ആ ആറു പേരെയും കൊന്നു ഞാൻ. എന്റെ മകൾക് വേണ്ടി, അവൾക്ക് ഉണ്ടായത് മറ്റൊരു പെണ്കുട്ടിക്ക് ആവർത്തിക്കാതിരിക്കാൻ വേണ്ടി.

ഇനി പറയ്, നിനക്കും ഇല്ലേ ഇത് പോലെ ഒരച്ഛൻ??? ഇത്രയൊക്കെ സംഭവിച്ചിട്ടും നിന്നോട് സാരമില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച ഒരു മനുഷ്യൻ??? നിനക്ക് ജന്മം നൽകിയ നിന്റെ അച്ഛൻ???

ഇത് പോലെ നിനക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന ഒരമ്മയില്ലേ വീട്ടിൽ ??? അയാൾ രേഷ്മയ്ക്ക് അരികിലായി ഇരുന്ന തന്റെ ഭാര്യയെ ചൂണ്ടി ചോദിച്ചു.

ഇവരെയൊക്കെ വിട്ട് നീ എങ്ങോട്ടാണ് പോകുന്നത്?? എന്തിനെയാണ് നീ ഭയപ്പെടുന്നത്?? നിന്റേതല്ലാത്ത ആ ശരീരത്തെ ആർത്തിയോടെ നോക്കി നിന്നെ പരിഹസിക്കുന്ന മനുഷ്യരെയോ??? ആർക്ക് മുന്നിലാണ് നീ തോറ്റു കൊടുക്കുന്നത്??? നിന്റെ ശരീരത്തെ മാത്രം പ്രണയിച്ചവന് മുന്നിലോ???

ഇനിയും നിന്റെ തീരുമാനം മരിക്കണം എന്നാണെങ്കിൽ നിന്നെ ഞാൻ നീ പറഞ്ഞിടത്ത് കൊണ്ടാക്കാം. നിനക്ക് തീരുമാനിക്കാം നിന്റെ വിധി. അയാൾ പറഞ്ഞു നിർത്തി.

ഒരു നിമിഷം അവിടെയാകെ നിശബ്ദത നിറഞ്ഞു.

എന്നെ…. എന്നെ എന്റെ വീട്ടിൽ കൊണ്ട് വിടാമോ???

നിറകണ്ണുകളോടെ അവളുടെ ചോദ്യത്തിന് മുന്നിൽ അയാൾ പുഞ്ചിരിച്ചു.

തിരികെ അവളെ അയാൾ വീടിനടുത്ത് വരെ കൊണ്ട് വിട്ടു. വണ്ടി കുറച്ച് ദൂരെയിട്ട് വീടിന് മുന്നിൽ വരെ അയാൾ അവൾക്കൊപ്പം നടന്ന് ചെന്നു. വാതിൽ തുറന്ന് അവൾ ഉള്ളിലേക്ക് നടക്കുന്നത് നിറകണ്ണോടെ ,അതിലേറെ ആശ്വാസത്തോടെ അയാൾ നോക്കി നിന്നു.

അവൾ ഉള്ളിലേക്ക് പോയിക്കഴിഞ്ഞു എന്ന് മനസ്സിലായ ആ മനുഷ്യൻ തിരിച്ചു പോയി.

ഉള്ളിൽ കയറിയ അവൾ തന്റെ അച്ഛനമ്മമാരുടെ മുറിയിലേക്ക് നടന്നു. ശബ്ദമുണ്ടാക്കാതെ ശാന്തമായി ഉറങ്ങുന്ന അവരുടെ ആ കാലുകളിൽ തൊട്ടവൾ മാപ്പ് പറഞ്ഞു. തിരികെ മുറിയിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിൽ തന്നെ മകളെപ്പോലെ സ്നേഹിച്ച് , ഉപദേശിച്ച് ഒരാപത്തും വരുത്താതെ തിരികെ കൊണ്ടാക്കിയ ആ മനുഷ്യന്റെ മുഖം മാത്രമായിരുന്നു. കണ്ണീരിന്റെ ഭാക്ഷയിൽ അവൾ അയാൾക്ക് നന്ദി പറഞ്ഞു . കളിയാക്കലുകൾക്കും മറ്റും മുൻപിൽ അവൾ തലയുയർത്തി തന്നെ നടന്നു. അവൾക്ക് താങ്ങായി അവളുടെ മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു.

മൂന്ന് ദിവസത്തിന് ശേഷം അവൾക്ക് ഒരു ലെറ്റർ വന്നു.

നിന്നെ വേട്ടയാടിയ ആ ദുസ്വപ്നം ഇതാ അവസാനിച്ചിരിക്കുന്നു. എന്റെ മകൾക്ക് വേണ്ടി, നിന്നെ പോലെയുള്ള എന്റെ ഓരോ മക്കൾക്ക് വേണ്ടിയും ആ ജീവൻ , അത് ഞാനെടുക്കുന്നു, ഇനി നിനക്ക് ദുസ്വപ്നങ്ങളില്ലാതെ ഉറങ്ങാം….

എന്ന്, നിന്നെപോലെയുള്ള ഓരോ പെണ്മക്കളുടെയും അച്ഛൻ….

അത്രയും എഴുതി അവസാനിച്ച ആ ലെറ്റർ വായിച്ച് അവൾ ഞെട്ടി . Tv ഓൺ ചെയ്ത അവൾ തന്നെ വേട്ടയാടാൻ കൊതിച്ചവന്റെ മരണ വാർത്ത കണ്ട് അത്ഭുതപ്പെട്ടു.

പെട്ടെന്ന് വീട്ടിൽ നിന്ന് ഇറങ്ങിയ അവൾ ആ മനുഷ്യന്റെ കൂര ലക്ഷ്യമാക്കി പാഞ്ഞു. എന്നാൽ അന്ന് അവൾ കണ്ട ആ വീടിന്റെ സ്ഥാനത്ത് ഇന്ന് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

നിങ്ങൾ… നിങ്ങൾ ആരാണ്??? മനസ്സിൽ നിന്നലട്ടി വന്ന ചോദ്യത്തിന് അവൾ തന്നെ ഒരു ഉത്തരം കണ്ടെത്തി.

അച്ഛൻ….നിങ്ങൾ ഒരച്ഛനാണ്, എന്നെ പോലെ ഓരോ പെണ്ണിന്റെയും അച്ഛൻ……….

അവളുടെ ഉള്ളിൽ നിന്ന് അയാൾക്കായി ഒരു പ്രാർത്ഥന ഉയർന്നു.

ഈ സമയം അയാൾ മറ്റെവിടേക്കോ ഉള്ള യാത്രയിൽ ആയിരുന്നു, അയാൾക്ക് അവിടെയും പുതിയൊരു മകൾക്കായി പലതും ചെയ്യാൻ ബാക്കിയുണ്ടായിരുന്നു……….

സ്റ്റോറി ബൈ ശരത്ത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *