രണ്ടാളും പെണ്ണ് അന്വേഷിക്കുന്നുണ്ട് കണ്ണന് വേണ്ടി ആലോചിച്ചാ വന്നത് പെണ്ണിന് അച്ചൂനെയാണ് ഇഷ്ട്ടപ്പെട്ടതെങ്കിൽ നമുക്കങ്ങനെ നീങ്ങാം

Story written by Adarsh Mohanan

എനിക്ക് അപ്പുറത്തിരിക്കണ ചേട്ടനെയാ ഇഷ്ട്ടായെ, അങ്ങനാണെങ്കിലേ ഞാനീ ബന്ധത്തിന് സമ്മതിക്കൂ. പതിനാറ് വീട് കേറി പെണ്ണുകണ്ട് ചായ കുടിച്ചിട്ട് കണ്ട പെണ്ണുങ്ങൾക്ക് മുട്ടോളം മുടിയില്ല മുല്ലപ്പൂ നിറമില്ലെന്നും പറഞ്ഞ് പൊടീം തട്ടി എണീറ്റ് വരാറുള്ള എനിക്ക് കിട്ടിയ ആദ്യത്തെയടിയായിരുന്നു അത് എന്റെ പതിനേഴാമത്തെ പെണ്ണുകാണലിന് വേഷവിതാനത്തോടു കൂടി അണിഞ്ഞൊരുങ്ങിയാ വീടിന്റെ പടി കയറുമ്പോൾ മനസ്സിൽ ഒരുപാട് മോഹങ്ങൾ ഉണ്ടായിരുന്നു . പെൺകുട്ടി നേഴ്സ് ആയിരുന്നതെന്നു തന്നെയാണ് ആദ്യത്തെ കാരണം, നേഴ്സുമാരെ എനിക്കിഷ്ട്ടമാണ് ഭൂമിയിലെ മാലാഖമാരാണവർ ആയുഷ്കാലം മൊത്തം മനുഷ്യ ജീവനെ വേർതിരിവു കൂടാതെ പരിചരിക്കുന്ന അവർക്ക് ജീവിതത്തിലെ ഏതൊരവസ്ഥയെയും തരണം ചെയ്യാനുള്ള ത്രാണിയുണ്ടാകുമെന്ന് എനിക്ക് നന്നേ ഉറപ്പുണ്ടായിരുന്നു

അങ്ങനെ ചായ ഗ്ലാസ്സുമേന്തി അരയന്നപ്പിട നടയോടെ മുൻപിലേക്ക് നടന്നടത്തവൾക്ക് ഞാൻ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന സ്വപ്നത്തിലെ ചിറകു വിരിച്ച മാലാഖയുടെ അതേ മുഖച്ഛായ തോന്നിയപ്പോഴാണ് അവളതുറക്കെ പറഞ്ഞതും പാതി കുടിച്ചയാ കണ്ണൻദേവൻ ചായയുടെ കൊറ്റൻ ഞാനറിയാതെത്തന്നെയെന്റെ തൊണ്ടയിൽക്കുടുങ്ങി, നേർത്ത ചുമയാൽ കുടിച്ച ചായ അപ്പാടെ ഞാൻ തുപ്പിക്കളഞ്ഞു. അടുത്തിരിക്കുന്നുണ്ടായിരുന്ന അമ്മായിടെ മോന്റെ മുഖത്തേക്ക് നോക്കി, അവൻ ആനന്ദ പുളകിതനായി കേട്ട ശബ്ദ വീചികളിലിങ്ങനെ ഭ്രമിച്ചിരിക്കുകയായിരുന്നു എന്റെ മനസ്സൊന്നവനെ ശപിച്ചു, വിഗ്ലങ്കമ്ലേ ച്ഛൻ നിനക്കെന്റെ പെണ്ണിനെത്തന്നെ വേണമല്ലേടാ നാറിയെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

എന്നാ പിന്നെ നമുക്ക് അങ്ങനെയങ്ങ് നീങ്ങാം, രണ്ടാളും പെണ്ണ് അന്വേഷിക്കുന്നുണ്ട്, കണ്ണന് വേണ്ടി ആലോചിച്ചാ വന്നത് പെണ്ണിന് അച്ചൂനെയാണ് ഇഷ്ട്ടപ്പെട്ടതെങ്കിൽ നമുക്കങ്ങനെ നീങ്ങാം എന്റെ അമ്മാവനായതുകൊണ്ട് പറയല്ലട്ടോ, ആളൊര് ചെറ്റയാണ് , സ്വന്തം മകന് ഇതിനേക്കാൾ നല്ല ബന്ധം വേറെ കിട്ടില്ലെന്ന് മൂപ്പിലാന് അറിയാം, കേട്ട പാതിയെന്റെ പല്ലിറുമ്മുന്ന ശബ്ദം കേട്ടിട്ടമ്മാവൻ പെണ്ണിനോടായ് ചോദിക്കുന്നുണ്ടായിരുന്നു അടുക്കളേലെന്താ കടുക് വറുക്കുകയാണോ? നേരമില്ല അല്ലെങ്കിൽ ഉണ്ടിട്ട് പോകാർന്നു എന്ന്

കാർന്നോർടെ പൂതി കൂടെ കേട്ടപ്പോളെന്റെ ദേഹമാസകലമങ്ങോട്ട് തരിച്ച് കയറി, ഞാനച്ചുവിന്റെ മുഖത്തേക്ക് കടുപ്പിച്ചൊന്ന് നോക്കി നിനക്കീ ബന്ധം വേണോടാ എന്ന അർത്ഥത്തിൽഅവന്റെ ഇളിഞ്ഞ മോന്തയെന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു എനിക്ക് ഈ പെണ്ണിനെത്തന്നെ മതി മറ്റൊരു പെണ്ണിനെക്കുറിച്ചിനി ഞാൻ ചിന്തിക്ക പോലും ഇല്ല എന്ന്വിഗ്ലങ്കമ്ലേച്ഛൻ , ഏട്ടത്തിയെന്നു വിളിക്കേണ്ടിയിരുന്ന പെണ്ണിനെ വധുവായി മനസ്സിൽ കണ്ട എന്നോട് പറഞ്ഞപ്പോൾ ഇരുന്ന ഇരുപ്പിൽ തൊലിയുരിഞ്ഞു പോയെന്റെ എന്നാ പിന്നെ ചെറുക്കനും പെണ്ണും സംസാരിക്കട്ടെയെന്ന് എന്റെ അമ്മായിയപ്പനാകേണ്ടിയിരുന്നവൻ പറഞ്ഞപ്പോൾ നെഞ്ചിൽ ആണിതറച്ച പ്രതീതിയാണ് തോന്നിയതും ടീപോയിൽ നിരത്തി വെച്ച തൊണ്ടില്ലാത്തയാ കപ്പലണ്ടി മുഴുവനും ഉള്ളങ്കൈയിൽ വാരിയെടുത്ത് ഞാൻ പുറത്തേക്കിറങ്ങി പിന്നീടെന്റെ ദേഷ്യം മുഴുവനും ആ കപ്പലണ്ടിയോടായിരുന്നു, എത്ര ചവച്ചരച്ചിട്ടും അത് പൊടിയാത്ത പോലെ തോന്നി സുമേഷുട്ടൻ അപ്പഴേ പറഞ്ഞതാ ഈ ശകുനം മുടക്കിയെക്കൊണ്ട് എവിടേം പോകണ്ട വിചാരിച്ച കാര്യം നടക്കില്ല എന്ന്, എന്നെ പറഞ്ഞാൽ മതിയല്ലോ

മൂവന്തിക്ക് വീട് മുളഞ്ഞയെന്നെ അർത്ഥം വെച്ചമ്മ നോക്കിയപ്പോഴും കളിയാക്കലു കൊണ്ടച്ഛൻ കീഴ്പ്പെടുത്തിയപ്പോഴും, എന്തിനും ഏതിനും ഒപ്പമുണ്ടാവാറുള്ള കുഞ്ഞനിയത്തി കൊഞ്ഞനം കുത്തിയോടിയപ്പോഴുo മനോധൈര്യം കൈവിടാതെ പുഞ്ചിരിച്ചു കാട്ടുകയായിരുന്നു ഞാൻ മാമനും അമ്മായിയും അച്ചുവും അടങ്ങുന്ന കൂട്ടുകുടുംബമായിരുന്നു എന്റെ, അതു കൊണ്ടു തന്നെ ഒന്നു ശബ്ദമുയർത്തണമെങ്കിൽ ഒന്നു കണ്ണീരിറക്കി വെക്കണമെങ്കിൽ വണ്ണാത്തിപ്പാടത്തിന്റെ ഏകാന്തത മാത്രമായിരുന്നെനിക്ക് കൂട്ട് ഒറ്റയ്ക്കവിടെ ചെന്ന് ആർത്തലറി ഓരിയിട്ടപ്പോഴാണെനിക്ക് സമാധാനം കിട്ടിയത് പതിവുപോലെ അച്ചുവെന്റെ മുറിയിലേക്ക് കടന്നു വന്നപ്പോൾ തന്നെയെന്റെ നാഡീ ഞരമ്പുകൾ വലിഞ്ഞുമുറുകിയതാണ്

നീണ്ട മൗനത്തിനു ശേഷം ഉറങ്ങാൻ കിടന്നയെന്നെ മാന്തി മാന്തി വിളിച്ചുണർത്തിക്കൊണ്ടെന്നോടായവളുടെ മേനിയഴക് വർണ്ണിക്കാൻ തുടങ്ങി മുടിത്തുമ്പു മുതൽ ഉപ്പുറ്റി വരെയുള്ള കാന്തി വർണ്ണനയും എന്തിനേറെ നെയ്ക്കൊഴുപ്പുള്ള മെയ്യഴകിനെ വരെയവൻ വള്ളി പുള്ളി തൊടാതെ വർണ്ണിച്ചപ്പോൾ നടുംപുറത്തൊരു ചവിട്ടും കൊടുത്തിട്ട് മിണ്ടാതെ കിടന്നുറങ്ങിക്കോണമെന്നവന് താക്കീതും കൊടുത്തു എന്റെ പെണ്ണിനെയവൻ തട്ടിയെടുത്തതും പോരാണ്ട് അവൾടെ മേനിക്കൊഴുപ്പിനേപ്പറ്റിയെന്നോട് തന്നെ വർണ്ണിക്കയായിരുന്നാ നാണംകെട്ടവനായ വിഗ്ലങ്കമ്ലേ ച്ചൻ പിന്നീടുള്ള രാത്രികളിൽ അവളുടെ മുഖമെന്നെ ഉറക്കത്തിൽ വല്ലാതെയലട്ടിക്കൊണ്ടിരുന്നു, ഇരുളടയുമ്പോൾ അവളുടെ മാലാഖച്ചിറകുകൾ മാഞ്ഞു പോയ പോലെ മാലഖയിൽ നിന്നും മാടയക്ഷിയുടെ പരിവേഷമണിഞ്ഞവൾ ദുസ്വപ്നങ്ങളിൽ ചേക്കേറിക്കുത്തിനോവിക്കാറുള്ളപ്പോൾ അമ്മേയെന്ന് ഉറക്കെ വിളിച്ച് ഞെട്ടിയെണീക്കാറുണ്ട് ഞാൻ

പതിനാറ് പെണ്ണുകാണാൻ പോയി പതിനേഴാമത്തെ പെണ്ണിന് ഇഷ്ട്ടമായത് അമ്മായിടെ മോനേയും, ഈ മാസം പതിനെട്ടാന്തിയതിയവരുടെ നിശ്ചയദാർഢ്യവും ഓർത്തപ്പോ കണ്ണു നിറഞ്ഞു, പിന്നീടുള്ള ദിവസങ്ങളൊക്കെയും ശോകമൂകമായിരുന്നു, ഒന്നിനോടും ഒരു താൽപ്പര്യമില്ലാതെയിരിക്കുമ്പോളാണ് അമ്മായിയുടെ നിർദ്ദേശo ” നിന്റെ അനിയന്റെ കല്യാണ നിശ്ചയമാണ്, എല്ലാത്തേനും മുൻപന്തിയിൽ നീ തന്നെയാണ് ഉണ്ടാകേണ്ടതും ” ആ വാക്കുകൾ എന്നെ ഒന്നൂടെ തളർത്തി, ഊണും ഉറക്കവുമില്ലാത്ത നാളുകളായിരുന്നു പിന്നീടങ്ങോട്ട്, ദേഹമാകെ ക്ഷീണിച്ചു. അവന്റെ നിശ്ചയം കഴിഞ്ഞാൽ ഉടനെ വീണ്ടുമാ പ്രവാസ ജീവിതത്തിലേക്ക് ചേക്കേറാൻ മനസ്സ് വെമ്പി ഉള്ളിലെ വറ്റാത്ത മോഹങ്ങളെ ഉണക്കിയെടുക്കുവാനാ മണലാരണ്യത്തേക്കാൾ പറ്റിയൊരിടം വേറെ എവിടെയാണുള്ളത്. അങ്ങനെയാ ദിവസം വന്നെത്തി, വീട്ടിലാകെ ആഹ്ലാദത്തിമർപ്പും ആരവങ്ങളുമായിരുന്നു, ബന്ധുക്കളെന്ന് പറയാൻ അധികമാരും തന്നെയുണ്ടായിരുന്നില്ല, ചടങ്ങുകൾ ലളിതമായി നടത്തി വിവാഹത്തിന് മോടികൂട്ടാൻ തന്നെയായിരുന്നു പെണ്ണിന്റെ വീട്ടുകാരുടെയും ഉദ്ദേശ്യവും

വീടിന്റെ ഉമ്മറത്തായിരുന്നു മണ്ഡപം, പെണ്ണു വീട്ടുകാരും അധികമൊന്നും എത്തിയിട്ടില്ലായിരുന്നു മണ്ഡപത്തിൽ അലങ്കാര കർമ്മങ്ങൾ നടത്തിക്കൊണ്ടിരുന്ന എന്റെ ഭാവി അമ്മായപ്പനകേണ്ടിയിരുന്നയാൾ എന്നേ നോക്കിയൊന്ന് പുഞ്ചിരിച്ചു ഞാൻ തിരിച്ചും അയാളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചെന്നു വരുത്തി മാറി നിക്കുന്നത് മോശമാണെന്നറിയാവുന്നത് കൊണ്ട് തന്നെയാണ് അനങ്ങാപ്പാറയായി നിന്നത്, ചുറ്റുമുള്ളവരുടെ മുഖത്ത് ആകെ സന്തോഷം മാത്രമായിരുന്നു , അപ്പോഴും എന്റെ ഉൾനെഞ്ചിനകത്ത് എന്തോ ഒരു തരം ചൂടാണനുഭവപ്പെട്ടത് സങ്കടായത് അമ്മേടെ മുഖം കണ്ടപ്പോഴാണ് എല്ലാരെക്കാളും സന്തോഷം ആ മുഖത്ത് വെട്ടി വിളങ്ങി നിൽക്കണ കണ്ടപ്പോ ഉൾനെഞ്ചിലെയാ ചൂട് കൂടിക്കൂടി വന്നു.

ചെറുക്കനെ വിളിച്ച് മണ്ഡപത്തിലിരുത്തു ശാന്തിയത് പറഞ്ഞപ്പോ കണ്ണിലാകെ ഇരുട്ട് പടരുo പോലെ തോന്നി, അച്ചുവും കൂട്ടുകാരും ഒരുമിച്ച് കസേരയിൽ നിന്നും എഴുന്നേറ്റ് എന്റെ നേർക്ക് വന്നു പെട്ടെന്നായിരുന്നു അത് സംഭവിച്ചത് ആർപ്പുവിളിയുo ആരവങ്ങളുമായി എല്ലാവരും കൂടെയെന്നെ പൊക്കിയെടുത്തെന്നെയാ മണ്ഡപത്തിനു മുൻപിൽ കൊണ്ടിരുത്തുമ്പോഴും ഒന്നും മനസ്സിലാകാതെ അന്ധാളിച്ചു നിൽക്കാനേ എനിക്കായുള്ളോ”എന്താ സംഭവം” ?

എന്റെയാ ചോദ്യത്തിന് മര്യാദക്ക് പെണ്ണുകാണിച്ച് നിന്നെ കെട്ടിക്കാമെന്ന് വിചാരിച്ചാൽ മുടീടേം പല്ലിന്റെം കാര്യം പറഞ്ഞ് നീ ഒടക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് ഇങ്ങനെയൊരു നാടകം ഞങ്ങൾ കളിച്ചത്, കഥ തിരക്കഥ നിന്റെ അമ്മയും , സംവിധാനം നിന്റെ ഭാവി വധുവും ആയപ്പോൾ ഞാനീ കഥയിലെ വില്ലൻ വേഷം കെട്ടിയെന്ന് മാത്രം എന്നാണ് അച്ചുവെനിക്കുത്തരം തന്നത് പറഞ്ഞത് ഏറെക്കുറെ ശരിയാണ് അല്ലേലും നമ്മളെ വേണ്ടെന്നു വക്കുന്നവരോടാകും നമുക്ക് കുറച്ച് ത്വര കൂടുന്നത്, അത് സ്നേഹിക്കുന്നോരാകുമ്പോൾ ആ ത്വര ഇച്ചിരി കൂടുതലാണ് ഉണ്ടായിരിക്കുക എന്തായാലും അമ്മയും മരുമോളും നല്ല ബെസ്റ്റ് പണിയാണ് തന്നത് അതിന് കൂട്ട് നിൽക്കാനൊരു വിഗ്ലങ്ക മ്ലേ ച്ഛനും.

വിഡ്ഢിയായതിൽ വിഷമുണ്ടായിരുന്നെങ്കിലും എന്റെ മാലാഖപ്പെണ്ണിനെയെനിക്കു തന്നെ കിട്ടുന്നതിൽ ഒരുപാട് സന്തോഷിച്ചു ഞാൻമോതിരമിടൽ ചടങ്ങിനു മുൻപേ ഞാനവളെ അടിമുടിയൊന്നു നോക്കിയപ്പോൾ മെല്ലെയവളെന്റെ കാതിൽ പറഞ്ഞു “ഇപ്പോഴെങ്കിലും ആദ്യമായൊന്ന് മുഖത്തേക്കൊന്ന് നോക്ക് മനുഷ്യ ” എന്ന് ആ മാലാഖമുഖത്തേക്ക് നോക്കി പതിയെയൊന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ മനസ്സിൽ മൊഴിഞ്ഞു അംഗലാവണ്യത്തിന്റെ അളവെടുത്തത് വേറെയൊന്നിനുമല്ല പെണ്ണെ കെട്ടിക്കഴിഞ്ഞ് പത്താം മാസം തന്നെ നീ തന്ന പണിക്ക് ഒരു മറുപണിയെങ്ങനെ പണിയാം എന്ന് ഞാൻ ആലോചിക്കുകയായിരുന്നു എന്ന്.

Leave a Reply

Your email address will not be published. Required fields are marked *