രണ്ടുപേർക്ക് കിടക്കാൻ ഇടമുണ്ടായിട്ടും ആകെയുണ്ടായിരുന്ന കട്ടിലിൽ സഹോദരൻ മാത്രം കിടന്നു. പുതിയ വസ്ത്രങ്ങൾ അവന് മാത്രം വാങ്ങി കൊടുക്കും. അത് പഴകി നരക്കുമ്പോൾ എന്നിലേക്ക്…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

‘നിന്നെ പെറ്റതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്…’

അമ്മയൊരിക്കൽ എന്നോട് പറഞ്ഞതാണ്. അതുകേട്ടപ്പോൾ എന്റെ തലയെടുത്ത് തേക്കാത്ത ആ ഭിത്തിയിൽ തല്ലി പൊട്ടിക്കാൻ എനിക്ക് തോന്നി. പൊട്ടിയാലും വേദനിക്കുന്നത് എനിക്ക് മാത്രമാണെന്ന് അറിയുന്നത് കൊണ്ട് ഞാൻ അത് ചെയ്തില്ല…

പണ്ട്. പണ്ടെന്ന് പറഞ്ഞാൽ ഞാൻ ജനിക്കാത്ത പണ്ട്. അച്ഛനുമായി വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് കയറിപ്പോകുമ്പോൾ അമ്മയ്ക്ക് ഒരു മകനേ ഉണ്ടായിരുന്നുള്ളൂ. എന്റെ സഹോദരൻ. നാളുകൾക്കുള്ളിൽ വഴക്ക് തീർക്കാൻ അച്ഛൻ വന്നുപോലും. ക്ഷമ പറഞ്ഞ് തന്റെ ഭാര്യയേയും മകനേയും കൂട്ടിക്കൊണ്ട് പോകുമ്പോൾ അമ്മൂമ്മ വിലക്കി. ഇനിയെന്ത് പ്രശ്നമുണ്ടെങ്കിലും ഇങ്ങോട്ട് കയറി വന്നേക്കരുതെന്ന് അമ്മയുടെ അച്ഛനും പറഞ്ഞു. തനിക്ക് തന്റെ ഭർത്താവാണ് വലുതെന്ന് പ്രഖ്യാപിച്ച് അമ്മ അച്ഛന്റെ കൂടെ ഇറങ്ങിപ്പോയി. ശേഷമാണ് ഈയുള്ളവന്റെ വരവ്.

മകൾ വീണ്ടും ഗർഭിണിയായെന്ന് അറിഞ്ഞപ്പോൾ അമ്മയുടെ മാതാപിതാക്കൾ മുഷിഞ്ഞു. ഗർഭാവസ്ഥയുടെ തുടക്കത്തിൽ തന്നെ അച്ഛനുമായി പിന്നേയും പൊരുത്തക്കേടുകൾ സംഭവിച്ചപ്പോൾ ഞാൻ പുറത്ത് വരണ്ടായെന്ന് അമ്മയ്ക്ക് തോന്നിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ എന്നെ അ ലസിപ്പിക്കാനായി പപ്പായയും വഴുതിനങ്ങയും മുന്തിരിയും മീനുമെല്ലാം അമ്മ കഴിച്ചിട്ടുണ്ട്. തിരിച്ചറിവ് വന്നതിന് ശേഷമുള്ള വളർച്ചയുടെ ഒരോ ഘട്ടത്തിലും അമ്മയിൽ നിന്ന് തന്നെയാണ് ഇതൊക്കെ ഞാൻ അറിയുന്നത്.

എനിക്ക് എഴോ എട്ടോ വയസ്സുള്ളപ്പോൾ അച്ഛൻ എങ്ങോട്ടോ പോയി. ഞാൻ കാരണമാണ് തന്റെ വീട്ടുകാർ പോലും നഷ്ട്ടമായതെന്ന തോന്നൽ അമ്മയുടെ ഉള്ളിൽ ഉണ്ടായിരുന്നു. രണ്ടുമക്കളുമായി തനിച്ച് പൊരുതുന്ന വേളകളിലെല്ലാം പെറ്റതിന്റേയും പോറ്റിയതിന്റേയും കണക്കു പറച്ചിലുകൾ എന്റെ കാതിൽ തറച്ചിരുന്നു. ആ കാതു വേദനയോട് തന്നെയാണ് ഞാൻ വളർന്നത്.

രണ്ട് മക്കളുള്ള അമ്മമാർക്ക് രണ്ടും രണ്ട് കണ്ണുകളാണെന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്. എന്റെ കാര്യത്തിൽ ആ കേൾവിക്കൊന്നും യാതൊരു അടിസ്ഥാനവും ഇല്ലെന്ന് എനിക്ക് മനസ്സിലായി. പണിക്ക് പോയി അമ്മയ്ക്ക് താങ്ങായി മാറിയ സഹോദരൻ മാത്രമായിരുന്നു അമ്മയുടെ രണ്ട് കണ്ണുകളും. ഞാൻ അതിലേക്ക് എപ്പോഴോ വീണുപോയ കരട് മാത്രമാണ്.

പത്ത് ജയിച്ചിട്ടും തുടർന്ന് പഠിക്കാൻ അമ്മ എന്നെ സമ്മതിച്ചില്ല. ചേട്ടൻ പഠിച്ചത് പോലെ പ്രീഡിഗ്രീ വരെ എത്തണമെന്ന് അപേക്ഷിച്ചിട്ടും അമ്മ വഴങ്ങിയില്ല. വല്ല പണിക്കും പോയി നിന്റെ ചേട്ടന്റെ അമിതഭാരം ഒഴിവാക്കൂ എന്നതായിരുന്നു അമ്മയുടെ കൽപ്പന. ഞാൻ അത് അനുസരിച്ചു. ചൂണ്ടയിടുന്ന പുഴയിൽ മണ്ണ് വരാൻ പോയും, അയലത്തെ പിള്ളേരുടെ കൂടെ കശുവണ്ടി മോഷ്ട്ടിക്കാൻ പോയും കുടുംബത്തിലേക്ക് ഞാനും എന്നെ കൊണ്ടാകും വിധം പണം എത്തിച്ചു. അപ്പോഴും അമ്മയുടെ ഉള്ളിൽ വേർതിരിവ് തന്നെയായിരുന്നു.

രണ്ടുപേർക്ക് കിടക്കാൻ ഇടമുണ്ടായിട്ടും ആകെയുണ്ടായിരുന്ന കട്ടിലിൽ സഹോദരൻ മാത്രം കിടന്നു. പുതിയ വസ്ത്രങ്ങൾ അവന് മാത്രം വാങ്ങി കൊടുക്കും. അത് പഴകി നരക്കുമ്പോൾ എന്നിലേക്ക് എത്തുകയെന്നതാണ് പണ്ടുതൊട്ടേയുള്ള വഴക്കം. ഇത്തരം പക്ഷപാതങ്ങളിൽ വളർന്നതുകൊണ്ട് തന്നെ അമ്മയെന്ന വാക്കിനോടോ കുടുംബമെന്ന ആശയത്തോടൊ എനിക്ക് യാതൊരു മതിപ്പുമില്ല.

അന്ന് സഹോദരന്റെ കല്ല്യാണമായിരുന്നു. രജിസ്ട്രാഫീസിൽ ഒപ്പിടാൻ ഞാനും ഉണ്ടായിരുന്നു. നാളുകൾക്കുള്ളിൽ താമസിക്കുന്ന വീട് ചെറുതാണെന്ന കാരണവും പറഞ്ഞ് ഭാര്യയേയും കൂട്ടി അവൻ ഇറങ്ങി. അതും അമ്മയെടുത്ത് എന്റെ തലയിൽ വെച്ചു. തന്റെ വീട്ടുകാരും, ഭർത്താവും, ഇപ്പോൾ മൂത്തമകനും വിട്ടുപോയത് ഞാൻ കാരണമാണെന്ന് ഒരു രാത്രിയിൽ അമ്മ എന്നോട് പറഞ്ഞു.

‘നിങ്ങക്ക് എന്നെ പെറാതിരുന്നൂടെയായിരുന്നോ…? ‘

സഹികെട്ട് അന്ന് ഞാൻ അമ്മയോട് ചോദിച്ചു. നിന്നെ പെറ്റത് തന്നെയാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നത് തന്നെയായിരുന്നു അപ്പോഴും അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. അമ്മയാണ് പോലും… ഇങ്ങനെയുമുണ്ടാകുമോ അമ്മമാർ..! ഉണ്ടാകും.. അമ്മമാർ മാത്രമല്ല. എന്നെ പോലെയുള്ള മക്കളും ഉണ്ടാകും.

തീരേ ആഗ്രഹിക്കാതെ വയറുവീർക്കുകയും, ഗത്യന്തരമില്ലാതെ പെറുകയും , നാലാൾ എന്തുപറയുമെന്ന് ഓർത്ത് പൈതലുകളെ വളർത്തുകയും ചെയ്യുന്ന സ്ത്രീകളുമുണ്ട് ഈ മണ്ണിൽ. അത്തരം സ്ത്രീകൾ തന്റെ മുഴുവൻ മാനസിക വിഷാദങ്ങളും, വിഭ്രാന്തികളും ആ കുഞ്ഞുങ്ങളിൽ തീർക്കും. അങ്ങനെ ആരാലും ആഗ്രഹിക്കാതെ ഭൂമിയിലേക്ക് വന്നുചേർന്ന എന്നെപോലെയുള്ള എത്രയോ ഭാഗ്യം കെട്ട അതിഥികളും ഈ ലോകത്തിൽ ഉണ്ടാകുമെന്ന് എനിക്ക് തോന്നി.

ജീവശാസ്ത്രപരമായി ഒരു ആണും പെണ്ണും ഇണ ചേരുമ്പോൾ കുഞ്ഞുങ്ങൾ ഉണ്ടാകും. പെറാനുള്ള ഘടന പെണ്ണിനായത് കൊണ്ട് അവൾ അമ്മയായി. തന്റെ ജീവനാണ് അതെന്ന ബോധമുള്ളവർക്കേ ആ കുഞ്ഞിനെ കരുതലോടെ വളർത്താൻ സാധിക്കൂ.. അതിൽ ഏറിയ പങ്ക് പ്രസവിച്ച സ്ത്രീക്ക് തന്നെയാണ്. കാരണം അവളിലൂടെയാണ് ഒരു പുതുജീവൻ വെളിച്ചം കാണേണ്ടത്.

പ്രാകികൊണ്ട് വളർത്താനാണെങ്കിൽ വയറുവീർപ്പിക്കാൻ നിൽക്കരുത്. നിർഭാഗ്യവശത്താൽ അങ്ങനെയൊരു സ്ത്രീയിൽ നിന്നായിപ്പോയി എന്റെ ജന്മം. അതുകൊണ്ട് തന്നെ അത്രയ്ക്കും മഹത്വമൊന്നും എന്റെ ജീവിതത്തിൽ അമ്മയെന്ന വാക്കിനോട് എനിക്ക് തോന്നിയിട്ടില്ല. ഉണ്ടെന്ന് പറയുന്നവരോട് തീർത്താൽ തീരാത്ത അസൂയ മാത്രം തോന്നും..

അല്ലെങ്കിലും, എന്റെ ജീവിതത്തിലൂടെ അല്ലാതെ ഈ ലോകത്തെ ഞാൻ എങ്ങനെയാണ് വായിക്കേണ്ടത്..! ഉണ്ടാക്കിയവനും വേണ്ട, ഉദരത്തിൽ ചുമന്നവൾക്കും വേണ്ട! പിന്നെ ആർക്കാണ് എന്നെ വേണ്ടത്…?

അങ്ങനെ ചിന്തിച്ചപ്പോൾ എന്നെ വേണ്ടത് എനിക്ക് മാത്രമാണെന്ന് ഞാൻ മനസിലാക്കി. യാത്ര പോലും പറയാതെ അന്ന് ഞാനും ആ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഇറങ്ങുമ്പോൾ ഈ തീരുമാനമെടുക്കാൻ എന്തേ ഇത്രയും വൈകിയെന്നേ എനിക്ക് എന്നോട് ചോദിക്കാനുണ്ടായിരുന്നുള്ളൂ…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *