രമേ,, നീ ഒരു കാരണവശാലും ഇത് നൂസിയോടോ ,മറ്റൊരാളോടോ  പറയരുത് ,നിനക്ക് എന്ത് വേണമെങ്കിലും ഞാൻ തരാം ഇതെൻ്റെയൊരപേക്ഷയാണ്…..

Story written by Saji Thaiparambu

മാഡം,, സാറുമായി പിണക്കത്തിലാണോ?

ഓഫീസിലേയ്ക്ക് കൊണ്ട് പോകാനുള്ള ലഞ്ച് ബോക്സ് എടുക്കുമ്പോഴാണ് തറ തുടച്ച് കൊണ്ടിരുന്ന സർവ്വൻ്റ്, രമയുടെ ചോദ്യം

അത് നീ എങ്ങനെ അറിഞ്ഞു ?

ആകാംക്ഷയോടെയാണ് ഞാനവളോട് ചോദിച്ചത്

ചേച്ചി,സാറിനോട് ചോദിക്കില്ലെന്ന് സത്യം ചെയ്താൽ ഞാനൊരു കാര്യം പറയാം

അവളുടെ സംസാരം എൻ്റെ ഉള്ളിലൊരു തീക്കനലായി പൊള്ളിച്ചു.

ഇല്ല ഒരിക്കലുമില്ല ,നീ മനുഷ്യനെ ടെൻഷനടിപ്പിക്കാതെ കാര്യം പറയ്

എനിക്ക് ഒട്ടും ക്ഷമയില്ലാതായി

അത് പിന്നേ, ചേച്ചി ,രാവിലെ കുളിക്കാൻ കയറിയ സമയത്ത് സാറിവിടെ വന്നിരുന്നു

ങ് ഹേ, ഈ അടുക്കളയിലോ ?

ഒരിക്കൽ പോലും അടുക്കളയിലേക്കൊന്ന് തിരിഞ്ഞ് നോക്കാത്ത ആളായത് കൊണ്ടാണ് ഞാനങ്ങനെ ചോദിച്ചത്

അതേ ചേച്ചി ,,

എന്നിട്ട് ?

എന്നിട്ടെന്നോട്, എൻ്റെ ഫോൺ നമ്പര് ചോദിച്ചു, അത് കേട്ട് ഞാനാകെ വല്ലാതെയായി ,അതെന്തിനാന്ന് ചോദിച്ചപ്പോൾ എനിക്ക് നിന്നെ വിളിക്കാനാന്ന് പറഞ്ഞു ,ഞാനിപ്പോൾ ശ്രീദേവിയുമായി അത്ര രസത്തിലല്ല എന്നും പറഞ്ഞു

എന്നിട്ട് നീ നമ്പര് കൊടുത്തോ?

ഒരു തീഗോളം എന്നെ വിഴുങ്ങുന്ന വേദനയോടെ ഞാനവളോട് ചോദിച്ചു

ഇല്ല ,എനിയ്ക്ക് സ്വന്തം ഫോണില്ലെന്ന് പറഞ്ഞപ്പോൾ വൈകിട്ട് വാങ്ങിത്തരാമെന്നും പറഞ്ഞ് തിരിച്ച് പോയി ,സാറ് ഇത്തരക്കാരനാണെന്ന് എനിക്കറിയില്ലായിരുന്നു മേഡം,, അറിഞ്ഞെങ്കിൽ ഞാൻ സൂസി മേഡം പറഞ്ഞപ്പോൾ, ഇങ്ങോട്ട് വരില്ലായിരുന്നു

അത് കേട്ടപ്പോൾ എനിയ്ക്ക് ഒന്ന് കൂടി ആധിയായി, സൂസിയോടെങ്ങാനും, ഇവളിത് ചെന്ന് പറഞ്ഞാൽ അത് നാട് മുഴുവൻ പാട്ടാകും പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല

രമേ,, നീ ഒരു കാരണവശാലും ഇത് നൂസിയോടോ ,മറ്റൊരാളോടോ  പറയരുത് ,നിനക്ക് എന്ത് വേണമെങ്കിലും ഞാൻ തരാം ഇതെൻ്റെയൊരപേക്ഷയാണ്

എനിയ്ക്ക് അവളുടെ കാല് പിടിക്കേണ്ടി വന്നു

അയ്യോ മേഡം ,, ഒരിക്കലുമില്ല മേഡം,, പിന്നെ ഞാൻ മേഡത്തോട് ഒരു അയ്യായിരം രൂപം കടം ചോദിക്കാൻ ഇരിക്കുകയായിരുന്നു മേഡം തെറ്റിദ്ധരിക്കരുത് ബുദ്ധിമുട്ടില്ലെങ്കിൽ അത് കിട്ടിയാൽ കൊള്ളാമായിരുന്നു

കിട്ടിയ അവസരം അവള് ശരിയ്ക്കും മുതലെടുത്തു

അതിനെന്താ ഞാൻ തരാം ,, പിന്നെ ഞാൻ പറഞ്ഞത് ഓർമ്മയിലുണ്ടായാൽ മതി

ഞാനവളോട് ഒരിക്കൽ കൂടി ഉറപ്പ് വാങ്ങിച്ചു

എന്നെ കൊന്നാലും ഞാൻ ആരോടും പറയില്ല മാഡം,,,

സമാധാനത്തോടെ അവൾക്ക് ഞാൻ ചോദിച്ച അയ്യായിരം രൂപ അപ്പോൾ തന്നെ ഷെൽഫിൽ നിന്നുംഎടുത്ത് കൊടുത്തു.

ഇന്നിനി ഓഫീസിൽ പോയിട്ട് കാര്യമില്ല ,ജോലിയിൽ ശ്രദ്ധിക്കാൻ കഴിയില്ല ,എൻ്റെ മനസ്സാകെ കാട്ടുതീ പോലെ ചിന്തകൾ ആളിപ്പടർന്നുകൊണ്ടിരുന്നു.

വൈകുന്നേരം ഹസ്ബൻ്റ് വന്നു ഒന്നും സംഭവിക്കാത്തത് പോലെ ഡ്രസ്സ് മാറി ഫ്രഷാകാനായി ബാത്റൂമിലേക്ക് കയറി

ദേഷ്യവും സങ്കടവും കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞു, ബാത്റൂമിൽ നിന്ന് ഇറങ്ങി വരുമ്പോൾ തന്നെ, രാവിലെ വേലക്കാരി പറഞ്ഞത് സത്യമാണോന്ന് ചോദിയ്ക്കാൻ എൻ്റെ മനസ്സ് വെമ്പൽ കൊണ്ടു.

രമയ്ക്ക് കൊടുക്കാനുള്ള ഫോൺ വാങ്ങിയിട്ടാണോ വന്നത്?

മുഖം തുടയ്ക്കാനുള്ള ടവ്വൽ, ഷെൽഫ് തുറന്ന് എടുക്കുമ്പോഴാണ് ഞാനത് ചോദിച്ചത് ,ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷമാണ് മറുപടി വന്നത്.

വാങ്ങിയില്ല, സമയം കിട്ടിയില്ല ,നാളെ വാങ്ങണം,,

ഒട്ടും കൂസലില്ലാതെയുള്ള മറുപടി എന്നെ ചൊടിപ്പിച്ചു.

ഓഹോ,, ഞാനുമായി  നിസ്സാരമൊന്ന് പിണങ്ങിയപ്പോൾ നിങ്ങൾക്ക് വേലക്കാരിയുമായി സൊള്ളണമല്ലേ? ഇക്കണക്കിന് ഞാൻ പിണങ്ങി രണ്ട് ദിവസം എൻ്റെ വീട്ടിൽ പോയി നിന്നാൽ നിങ്ങളവളെ ബെഡ് റൂമിലേയ്ക്ക് ക്ഷണിയ്ക്കുമല്ലോ ?

ഷട്ട് യുവർ മൗത്ത് ,,,,,

അതൊരലർച്ചയായിരുന്നു.

നിസ്സാര കാര്യത്തിന് ആഴ്ചയിൽ മൂന്നും നാലും പ്രാപശ്യം നീ മിണ്ടാതെയിരുന്നാൽ, ഈ വീട്ടിലേയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ഞാനെങ്ങനെ അറിയും ,പിണങ്ങി ഇരിയ്ക്കുമ്പോൾ നിന്നെ വിളിച്ചാൽ നീ ഫോൺ എടുക്കില്ല ,പുറത്ത് പോകുന്ന ഞാൻ തിരിച്ച് വരാൻ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം വൈകിയേക്കാം

അതൊന്ന് നിന്നെ അറിയിക്കണമെങ്കിൽ ഇല്ലെങ്കിൽ എൻ്റെ ജോലിക്കാരെ എന്തെങ്കിലും സാധനങ്ങൾ എടുക്കാൻ വീട്ടിലേയ്ക്ക് വിടുകയാണെങ്കിൽ അതൊന്ന് വിളിച്ച് പറയാൻ പോലും വേറൊരു മാർഗ്ഗമില്ലാത്തത് കൊണ്ടാണ് ഞാൻ രമയോട് നമ്പര് ചോദിച്ചത്, അവൾക്ക് ഫോണില്ലാത്തത് കൊണ്ട്, തല്ക്കാലം ഒരു പഴയ ഫോൺ വാങ്ങി കൊടുക്കാമെന്ന് കരുതി ,അത് നീ വേണ്ടാത്ത അർത്ഥത്തിൽ എടുക്കുമെന്ന് ഞാനറിഞ്ഞില്ല ശ്രീ,,,

കൈകൂപ്പി കൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത പശ്ചാത്താപം തോന്നി, സോറി പറയാൻ നിന്നില്ല, എല്ലാ പിണക്കങ്ങളും മറന്ന് ഞാനാ മാറിലേയ്ക്ക് വീണു, അതോടെ ഞങ്ങടെ പിണക്കം തീർന്നു,,

ഇനിയെനിയ്ക്കൊരു വലിയ ദൗത്യമുണ്ട് ,രമയോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം ,അവളുടെ മനസ്സിലെ തെറ്റിദ്ധാരണ മാറ്റണം, ഇല്ലെങ്കിൽ, ഇനിയും അവളെന്നെ ബ്ളാക്ക് മെയിൽ ചെയ്തോണ്ടിരിയ്ക്കും,

അയ്യായിരം തിരിച്ച് കിട്ടുമോ എന്ന് എനിയ്ക്ക് ഉറപ്പില്ല, പക്ഷേ ,ചുമ്മാതെയുള്ള പിണക്കം, അതിനി വേണ്ടെന്ന് ഞാൻ തീരുമാനിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *