രാത്രി ഉമ്മറത്തേയ്ക്ക് കേറുമ്പോൾ തന്നെ കലിതുള്ളി നിൽക്കുന്ന അച്ഛനെ ആയിരുന്നു കണ്ടത്. ഞാൻ പതിയെ തലതാഴ്ത്തി നിന്നത് കണ്ടപ്പോൾ അച്ഛന്റെ…….

എഴുത്ത് :- മഹാ ദേവൻ

” നീ ക ള്ള് കുടിക്കാറുണ്ടോ? സി ഗരറ്റ് വലിക്കാറുണ്ടോ “

രാത്രി ഉമ്മറത്തേയ്ക്ക് കേറുമ്പോൾ തന്നെ കലിതുള്ളി നിൽക്കുന്ന അച്ഛനെ ആയിരുന്നു കണ്ടത്. ഞാൻ പതിയെ തലതാഴ്ത്തി നിന്നത് കണ്ടപ്പോൾ അച്ഛന്റെ ദേഷ്യം ഇരട്ടിയായി.

” കണ്ടില്ലേ, കള്ളലക്ഷണം, തലയും താഴ്ത്തി നിൽക്കുന്നത്. കണ്ടവന്റെ കൂടെ തെണ്ടി തിരിഞ്ഞു കേറി വരുമ്പോൾ വിഴുങ്ങാൻ തന്ത ഇവിടെ ഉണ്ടാക്കി വെക്കുന്നത് കൊണ്ടാ നീയൊക്കെ ഇങ്ങനെ ആയത്. ആർക്കും ഗുണമില്ലെങ്കിൽ നാട്ടുകാരെ കൊണ്ട് പറയിക്കാതെ വീട്ടിലെങ്ങാനും ഇരുന്നൂടെ.. പുറത്തേയ്ക്ക് ഇറങ്ങിയാൽ ആളുകൾക്ക് പറയാൻ ഇതേ ഉളളൂ, നിന്റ മോൻ വലിയാണല്ലോ, കൂടിയാണല്ലോ, ക ഞ്ചാവ് ആണല്ലോ… ത ന്തയെ പറയിപ്പിക്കാൻ ഉണ്ടായ ജന്മം “

അച്ഛൻ ഓങ്ങിയ കൈക്ക് മുന്നിൽ ഒഴിഞ്ഞുമാറുമ്പോൾ അകത്തു നിന്ന് ഓടിവന്ന അമ്മ അടുത്ത അടിക്ക് മുന്നേ അച്ഛന്റെ കയ്യിൽ കയറി പിടിച്ചിരുന്നു.

” നിങ്ങളിത് എന്ത് ഭാവിച്ചാ.. പാതിരാത്രി നാട്ടുകാരെ കൂടി അറിയിക്കാൻ. ഇനി ഇവിടെ കിടന്ന് വഴക്കിട്ട് എല്ലാവരേം അറിയിച്ചാൽ നിങ്ങടെ ദേഷ്യവും സങ്കടവുമെല്ലാം തീരുമോ? പിന്നെ അവനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അച്ഛനെ കണ്ടല്ലേ മക്കളും ഓരോന്ന് പഠിക്കുന്നെ “

അമ്മ പറഞ്ഞത് ഇഷ്ടപ്പെടാത്ത അച്ഛന്റെ നോട്ടം അമ്മയുടെ മുഖത്തു പതിക്കുമ്പോൾ ആ നോട്ടത്തെ അവഗണിച്ചുകൊണ്ട് അമ്മ എന്റെ കയ്യിൽ പിടിച്ച് അകത്തേക്ക് വലിച്ചു.

” അതേടി, കൊണ്ട് പൊക്കോ.. നീയൊക്കെ ചേർന്നാ ഈ ചെക്കനെ ഇങ്ങനെ വഷളാക്കുന്നത്. ഒരു ചെല്ല സ്നേഹം. നാളെ കു ടിച്ച് കൂ ത്താടാൻ നീ കാശ് കൊടുക്കേണ്ട അവസ്ഥ വരും, അപ്പഴേ നീയൊക്കെ പഠിക്കൂ… അനുഭവിച്ചോ.. “

അമ്മ അത് കേട്ടതായിപോലും ഭാവിക്കാതെ എന്നെ റൂമിലേക്ക് കയറുമ്പോൾ അച്ഛനിൽ നിന്ന് രക്ഷപ്പെടുത്തിയ അമ്മയെ ഞാൻ കൃതജ്ഞതയോടെ നോക്കി. എന്നാൽ അതുവരെ ഉണ്ടായിരുന്ന ഭാവമല്ലായിരുന്നു റൂമിലേക്ക് കയറിയ അമ്മയുടെ മുഖത്ത്‌. അത് വരെ കടിച്ചുപിടിച്ചു നിന്ന ദേഷ്യം മുഴുവൻ എന്റെ ദേഹത്തു തീർക്കുമ്പോൾ അമ്മയിൽ കണ്ടത് ദേഷ്യമല്ലായിരുന്നു. ദുഃഖം തളം കെട്ടിയ മുഖത്ത്‌ കണ്ണുനീർ കൊണ്ട് ആലേഖനം ചെയ്യപ്പെട്ടിരുന്നു. തല്ലി തല്ലി അവസാനം പൊട്ടിക്കരഞ്ഞ അമ്മ എന്റെ കൈകൾ ചേർത്തുപിടിക്കുമ്പോൾ അമ്മയുടെ കണ്ണുനീർ വീണ എന്റെ കൈ ഒന്ന് പൊള്ളി.

” എന്തിനാടാ മോനെ നീ ഇങ്ങനെ. നശിക്കാൻ എളുപ്പമാ.. നാലാളെ കൊണ്ട് നല്ലത് പറയിക്കാൻ ആണ് പ്രയാസം. നിങ്ങളെ പോലെയുള്ള കുട്ടികൾ ഈ പ്രായത്തിൽ ഇതുപോലെ ആരെയും പേടിയില്ലാതെ കന്നംതിരിവ് കാണിക്കാൻ ഇറങ്ങുമ്പോൾ അതിന്റയൊക്കെ പഴിയും പ്രാകും വന്ന് വീഴുന്നത് ഞങ്ങളെ പോലുള്ള മാതാപിതാക്കളിൽ ആണെന്ന് മക്കളെന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ ചെക്കൻ അങ്ങനെ ആയത് വളർത്തുദോഷം കൊണ്ടാണെന്ന് നാട്ടുകാർ പറയുമ്പോൾ മറുത്തൊരു വാക്ക് പറയാൻ കഴിയാതെ അവർക്കൊക്കെ മുന്നിൽ തോറ്റു തല കുമ്പിട്ട് നിൽക്കണം അച്ഛനും അമ്മയും. തല്ലിവളർത്തിയാലും ചൊല്ലി വളർത്തിയാലും ഒരു കാലം കഴിഞ്ഞാൽ പിന്നെ ഇങ്ങനെ പറയാനല്ലേ ഞങ്ങൾക്ക് കഴിയൂ….

ചിന്തിക്കേണ്ടതു മക്കളല്ലെടാ… ഏതൊരു മാത്രം മാതാപിതാക്കളും ആഗ്രഹിക്കുന്നത് മക്കളെ കുറിച്ച് നല്ലത്‌ മാത്രം കേൾക്കാനാണ്. നീയൊക്കെ ജീവിതം തുടങ്ങിയതല്ലേ ഉളളൂ മക്കളെ.. ഇപ്പഴേ സ്വയം നശിക്കണോ? കൂടെ അതിന്റെ ഒരു ഭാഗം അനുഭവിക്കുന്നടിത് അച്ഛനും അമ്മയും കൂടി ആണെന്ന് മോൻ ഓർത്താൽ നന്ന്. “

അമ്മ കരഞ്ഞുകൊണ്ട് റൂം വിട്ടിറങ്ങുമ്പോൾ എന്തോ മനസ്സിൽ വല്ലാത്തൊരു പിരിമുറുക്കം. കൂട്ടുകാർ നിർബന്ധിച്ചപ്പോൾ……… ഒന്നും വേണ്ടായിരുന്നു എന്നൊരു തോന്നൽ…. അമ്മയുടെ കണ്ണുനീർ വീണ കയ്യിൽ ഞാൻ ഒന്ന് തൊട്ടു, ആ വിഷമത്തിന്റെ കാഠിന്യം ആ ഒരുതുള്ളി കണ്ണുനീരിൽ ഉള്ളപോലെ.

റൂമിൽ നിന്ന് ഇറങ്ങിയ അമ്മ നെരെ പോയത് അച്ഛന്റെ അരികിലേക്ക് ആയിരുന്നു.

മകനോടുള്ള ദേഷ്യവും സങ്കടവും തീർക്കാൻ ഗ്ലാസ്സിലേക്ക് ഒഴിച്ച മ ദ്യം വായിലേക്ക് ഒഴിക്കുമ്പോൾ പിറകിൽ നിൽക്കുന്ന ഭാര്യയെ ഒന്ന് നോക്കി അയാൾ.

” ഓഹ്, വന്നോ… എന്നിട്ട് ആ മുടിപ്പിക്കാൻ ഉണ്ടായവനെ ഊട്ടിഉറക്കിയോ? എന്ത് പറഞ്ഞാലും ചെക്കന്റെ മുഖത്ത്‌ ക ള്ളലക്ഷണമാണ്. ഒന്നും മിണ്ടേ ഇല്ല, എത്ര തല്ലിയാലും നാണവുമില്ല “

പുച്ഛത്തോടെ ചിറികോട്ടികൊണ്ട് അടുത്ത പെ ഗ്ഗ് ഗ്ളാസ്സിലേക്ക് ഒഴിക്കുന്ന ഭർത്താവിനെ അവളും പുച്ഛത്തോടെ ഒന്ന് നോക്കി.

” അല്ല, ഞാനൊന്ന് ചോദിച്ചോട്ടെ…. അവനെ വഴക്ക് പറയാനും തല്ലാനും നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. നാളെ ഇങ്ങനെ അവൻ മുഖത്തു നോക്കി ചോദിച്ചാൽ നിങ്ങളെന്തു മറുപടി പറയും? ഒന്നും പറയാൻ കഴിയില്ല നിങ്ങൾക്ക്, വേണേൽ തർക്കുത്തരം ചോദിച്ചെന്നും പറഞ്ഞ് രണ്ട് തല്ല് തല്ലാം എന്നല്ലാതെ..

ആദ്യം നിങ്ങള് നന്നാവാൻ നോക്കൂ.. കെട്ടിയ കാലം മുതൽ ഞാൻ പറയുന്നതാ നിങ്ങളോട് കുടിയും വലിയും നിർത്താൻ. എന്നിട്ട് നിങ്ങൾ നിർത്തിയോ? കൂടിയതല്ലാതെ…

അന്നൊക്കെ നിങ്ങളെന്താ പറഞ്ഞേ… ജോലി കഴിഞ്ഞു രണ്ടെണ്ണം അടിച്ചില്ലേൽ ഉറക്കം വരില്ലെന്ന്. കുട്ടി ജനിച്ചപ്പോൾ ഞാൻ പറഞ്ഞ് കഴിക്കുന്നെങ്കിൽ പുറത്ത് നിന്ന് കഴിക്കാൻ, വീട്ടിൽ കുട്ടികളുണ്ടെന്ന്..അന്ന് നിങ്ങൾ തമാശ ആണെങ്കിലും പറഞ്ഞതെന്താ ചെക്കനല്ലേ, വലുതാകുമ്പോൾ ഇച്ചിരി കഴിക്കാൻ തുടങ്ങിയാൽ ങ്ങൾക്ക് ഒരു കമ്പനി ആകൂലോ എന്ന്. എന്നിട്ട് ഇപ്പോൾ എന്തായി… നിങ്ങൾ കുടിക്കുമ്പോൾ അവനെ ഇരുത്തും. അവനും അത് കണ്ടു പടിക്കുമെന്ന് ചിന്തിച്ചോ അന്ന്. ഇല്ല. എന്നിട്ടിപ്പോ അവനെ കുറ്റം പറയാൻ നടക്കുന്നു.

” ഓഹ്, അപ്പൊ ഞാൻ കുടിക്കുന്നത് കൊണ്ടാണ് അവനും കുടിക്കുന്നത് എന്നാണോ.. നല്ല കണ്ടുപിടുത്തം “

അച്ഛൻ അമ്മയെ രൂക്ഷമായി നോക്കുമ്പോൾ അമ്മ അച്ഛന്റെ നോട്ടത്തെ അവഗണിച്ചു..” നിങ്ങൾ ആണ് പൂർണ്ണഉത്തരവാദി എന്ന് ഞാൻ പറഞ്ഞില്ല… പക്ഷേ, നിങ്ങൾക്കും അതിൽ ചെറുതല്ലാത്തൊരു പങ്കുണ്ട്….നിങ്ങൾ കഴിക്കില്ലായിരുന്നു എങ്കിൽ അവനെ ചോദ്യം ചെയ്യുമ്പോൾ ഒരു മറുചോദ്യം പ്രതീക്ഷിക്കണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ നിങ്ങൾ അങ്ങനെ ഒരു ചോദ്യം ചോദിക്കുമ്പോൾ തിരിച് അച്ഛനും കുടിക്കേം വലിക്കേം ചെയ്യാറില്ലേ എന്ന് ചോദിച്ചാൽ….?

മക്കൾ നേർവഴിക്കു നടക്കണമെങ്കിൽ വഴി കാണിക്കേണ്ടവന് ആ വഴി അറിയണം. ഇതൊക്കെ ജീവിതത്തിൽ ഒരു പാഠമാണ്.. മക്കളെ മാത്രം കുറ്റം പറയുമ്പോൾ അവർക്ക് മാത്രകയാക്കാൻ നമ്മൾ ഒരു ശരിയായിരുന്നോ അതോ തെറ്റായിരുന്നോ എന്ന് നമ്മൾ സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. ആരോടു പറയാൻ… ആര് കേൾക്കാൻ…. തീ തിന്നാൽ എന്നെ പോലെ ഒരുപാട് പെണ്ണുങ്ങൾ ഉണ്ടല്ലോ വീട്ടിൽ “

അമ്മ കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ അയാൾ ആകെ അസ്വസ്ഥനായിരുന്നു.

അവൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നിയത് കൊണ്ടാകാം തുറന്നു വെച്ച കുപ്പി അടച്ച് വെച്ചത്. പിന്നെ ഗ്ലാസ്സിൽ ഒഴിച്ചു വെച്ച മ ദ്യം കയ്യിലെടുത്തു കളയാൻ തുടങ്ങുമ്പോൾ ഒന്നുകൂടി ചിന്തിച്ചു, ” ന്തായാലും ഒഴിച്ചുവെച്ചതല്ലേ, അതിനി കളയണ്ട ” എന്ന്.

അത് വേഗം വായിലേക്ക് ഒഴിച്ചു ചിറി തുടയ്ക്കുമ്പോൾ പാതിയൊഴിഞ്ഞ ജവാന്റ കുപ്പി അയാളെ പിന്നെയും മാടിവിളിക്കുന്നുണ്ടായിരുന്നു അയാളെ മനോവിഷമത്തിലാക്കികൊണ്ട്. !

Related Posts

Leave a Reply

Your email address will not be published. Required fields are marked *