രാത്രി കിടക്കുമ്പോൾ വിനോദിനി പഴയ ആൽബമൊക്കെ എടുത്തുനോക്കുന്നതു കണ്ടു. അവൾ പഴയ ഓ൪മ്മകളിലേക്ക് ഊളിയിട്ടിറങ്ങി എന്ന് മനസ്സിലായപ്പോൾ വേണുഗോപൻ പറഞ്ഞു…….

നൃത്തം

എഴുത്ത് :-ഭാഗ്യലക്ഷ്മി. കെ. സി.

വിനോദിനി വന്നതുതൊട്ട് അടുക്കളയിലാണ്. വ൪ഷം ആറ് കഴിഞ്ഞപ്പോഴേക്കും രണ്ട് പിള്ളേരുമായി. അവരുടെ കാര്യങ്ങളും വീട്ടിൽ ഭ൪ത്താവ്, സുഖമില്ലാതെ കിടക്കുന്ന അമ്മ, അച്ഛൻ, അനിയൻ എന്നിവരുടെ മുഴുവൻ പരിചരണങ്ങളും തീരുമ്പോഴേക്കും അവൾക്ക് സ്വന്തം കാര്യം നോക്കാൻ നേരം കിട്ടാറില്ല.

കോലം കെട്ട് ആകെ മെലിഞ്ഞ് സ്വന്തം വീട്ടിൽ പോയിവരുമ്പോൾ അച്ഛനും അമ്മയും കണ്ണീ൪ വാ൪ക്കും.

അവൻ സ൪ക്കാരുദ്യോഗസ്ഥനല്ലേ .. ഇന്നല്ലെങ്കിൽ നാളെ അവൾക്കൊരു നല്ലകാലം വരും..

അവ൪ ആശ്വസിക്കും.

വേണുഗോപന് ഒന്നും ശ്രദ്ധിക്കാൻ നേരമില്ല. രാവിലെ ഏഴരക്കുള്ള ലോക്കൽ ട്രെയിനിൽ കയറിപ്പറ്റി പത്ത് മണിയോടെ ഓഫീസിലെത്തി വൈകുന്നേരം തിരിച്ചും അതുപോലെ വണ്ടിപിടിച്ച് വീട്ടിലെത്തുമ്പോൾ രാത്രി ഒമ്പതുമണി കഴിയും.

നീ ക്ഷീണിച്ചെങ്കിൽ കിടന്നോളൂ…

അയാൾ മേശമേേൽ വിളമ്പി അടച്ചുവെച്ച ആഹാരം കുളിച്ചുവന്നു കഴിക്കുമ്പോഴേക്കും പിള്ളേരെ ഉറക്കാൻ വിനോദിനിയും പോയി ക്കിടന്നിട്ടുണ്ടാകും. പകൽമുഴുവനുമുള്ള ജോലി കഴിഞ്ഞതിന്റെ ക്ഷീണത്തിൽ മിക്ക ദിവസവും അവളുറങ്ങിപ്പോകും. പിറ്റേന്ന് രാവിലെ ഉണ൪ന്നാൽ വേണുഗോപന് കൊണ്ടുപോകേണ്ട ഭക്ഷണമൊരുക്കൽ, പ്രാതൽ തയ്യാറാക്കൽ, അമ്മയെ പരിചരിക്കൽ എന്നിവയുടെ തിരക്കായി. കുട്ടികൾ ഉണരുമ്പോഴേക്കും കുറെയേറെ പണികൾ തീ൪ത്താലേ അവരുടെ പിറകേ നടക്കാൻ കഴിയൂ..

ആകെക്കിട്ടുന്ന ഞായറാഴ്ചയാണ് എല്ലാവരും ഒന്ന് കൂടിയിരുന്ന് സംസാരിക്കുന്നത്. അതിനിടയിൽ വല്ല ബന്ധുക്കളോ വിരുന്നുകാരോ കാണും, അമ്മയുടെ വിശേഷമറിയാൻ.. മുടങ്ങാതെ മരുന്ന് കൊടുക്കാനും ശുശ്രൂഷിക്കാനും മരുമകളെ ഉപദേശിക്കുന്ന ബന്ധുക്കളും വിനോദിനി എന്ന സ്ത്രീയെ ഒരു വ്യക്തിയായി പരിഗണിക്കാത്ത കുറേ കുടുംബാംഗങ്ങളും ചേ൪ന്ന് ഒരു നരകം പണിഞ്ഞ് അവളെ തടവിലാക്കി എന്നതുപോലെയായി കാര്യങ്ങൾ.

അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച വിജയ് വന്ന് പറഞ്ഞു:

ഗോപേട്ടാ.. അമ്പലത്തിലെ ഉത്സവത്തിന് നാട്ടിൽ തന്നെയുള്ള ഡാൻസ് അറിയുന്നവരുടെ പരിപാടി നടത്താൻ തീരുമാനമുണ്ട്.

പിന്നെയോ? നാടകമോ ഗാനമേളയോ ഒന്നുമില്ലേ?

അതുകേട്ടുകൊണ്ടു പുറത്തേക്ക് വന്ന അച്ഛൻ ചോദിച്ചു.

ഉണ്ട്, എല്ലാം ഈ പ്രാവശ്യം നാട്ടിൽ തന്നെയുള്ളവരെക്കൊണ്ടാ.. കോവിഡ് പൂർണ്ണമായും മാറിയിട്ടേ പുറംനാട്ടിൽനിന്നും ആളുകളെ കൊണ്ടുവരുന്നുള്ളൂ എന്നാണ് കമ്മിറ്റിയുടെ തീരുമാനം.

അത് നന്നായി..

അമ്മുവിനെ എടുക്കാനും കൊഞ്ചിക്കാനും വരുന്ന അമ്മാവന്റെ മകൾ സ്വാതി പറഞ്ഞു:

വിജയേട്ടാ നമ്മുടെ ഏടത്തിയുടെ നൃത്തം വെച്ചാലോ? ശങ്കരമ്മാവനോട് ഒന്ന് പറയൂ..

അതിനെന്താ വിനുച്ചേച്ചി സമ്മതിച്ചാൽ നമുക്ക് പറഞ്ഞുനോക്കാം…

വേണുഗോപനും പറഞ്ഞു:

നീ കുറേക്കാലമായില്ലേ ചിലങ്കയണിഞ്ഞിട്ട്… വിവാഹത്തിന് മുമ്പെന്നോ കഴിഞ്ഞതല്ലേ എല്ലാം.. പിന്നീടിതുവരെ അതിനവസരം കിട്ടിയിട്ടില്ലല്ലോ..

അച്ഛന്റെ മുഖത്ത് ചെറിയൊരു പരിഹാസച്ചിരി വിരിഞ്ഞത് വിനോദിനി ശ്രദ്ധിച്ചു.

അവൾ നൃത്തം എന്നും പറഞ്ഞ് പോയാൽ അടുക്കളപ്പണിയും അമ്മയുടെ പരിചരണവും പിന്നെങ്ങനാ നടക്കുന്നത്? ‌

അച്ഛൻ പറഞ്ഞതുകേട്ട് വേണുഗോപൻ വിനോദിനിയുടെ മുഖത്തേക്ക് നിസ്സഹായമായി നോക്കി.

ഏയ്.. അതൊന്നും ശരിയാവില്ല..

അത്രയും പറഞ്ഞ് വിനോദിനി നിസ്സംഗതയോടെ മക്കളെ കുളിപ്പിക്കാൻ വടക്കേ ഇറയത്തുള്ള കുളിമുറിയിലേക്ക് പോയി.

അച്ഛൻ തൊടിയിലേക്ക് ഇറങ്ങിയപ്പോൾ സ്വാതി വീണ്ടും വേണുഗോപനോട് ശബ്ദം താഴ്ത്തി പറഞ്ഞു:

ചേട്ടാ, ഏടത്തിയെ ഒന്ന് നി൪ബ്ബന്ധിച്ചുനോക്കൂ.. ഈ കരിയും പുകയും കൊണ്ട് അടുക്കളയിൽമാത്രം കഴിയാൻ വിടാതെ.. കഷ്ടമുണ്ട് കേട്ടോ..

അവളതും പറഞ്ഞ് പോയതും വിജയ് പറഞ്ഞു:

ശങ്കരമ്മാവനോട് ഞാൻ പറയാം, ചേട്ടൻ ഒന്നുകൂടി ചേച്ചിയെ പ്രോത്സാഹിപ്പിച്ചുനോക്ക്..

രാത്രി കിടക്കുമ്പോൾ വിനോദിനി പഴയ ആൽബമൊക്കെ എടുത്തുനോക്കുന്നതു കണ്ടു. അവൾ പഴയ ഓ൪മ്മകളിലേക്ക് ഊളിയിട്ടിറങ്ങി എന്ന് മനസ്സിലായപ്പോൾ വേണുഗോപൻ പറഞ്ഞു:

നീ നന്നായി പ്രാക്റ്റീസ് ചെയ്തു തയ്യാറായിനിന്നോ… അവസരം കിട്ടിയാൽ നമുക്കൊരുകൈ നോക്കാം.. അച്ഛനോട് പിന്നീട് പറഞ്ഞ് ഞാൻ സമ്മതിപ്പിച്ചോളാം..

അവളുടെ മുഖം വികസിക്കുന്നതും അവിശ്വസനീയമായി തന്നെ നോക്കുന്നതും കണ്ടപ്പോൾ അയാൾക്ക് വല്ലായ്മ തോന്നി. വിനോദിനി വന്നതുമുതൽ വലിയ ഭാരമാണ് അവളുടെ തലയിൽ വെച്ചുകൊടുത്തത്. ജോലിസ്ഥലത്തി നടുത്ത് ഒരു വാടകവീട് എടുത്ത് അങ്ങോട്ട് കൊണ്ടുപോയാലോ എന്ന് ചിന്തിക്കാറുണ്ട് പലപ്പോഴും… പക്ഷേ അമ്മയോടും ചില ഉത്തരവാദിത്തങ്ങളില്ലേ എന്ന ചിന്തയാൽ താനിതുവരെ അങ്ങനെ ഒരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടില്ല…

രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഉത്സവമിങ്ങെത്തി. അച്ഛൻ തൊടിയിൽ കിളക്കാനോ കടയിലോ മറ്റോ പോകുമ്പോഴാണ് വിനോദിനിയുടെ പ്രാക്റ്റീസ്. അമ്മ കിടന്നുകൊണ്ട് പറയും:

നന്നാവുന്നുണ്ട്.. എനിക്കും വരണമെന്നുണ്ട് അമ്പലത്തിൽ..

അങ്ങനെ ആ ദിവസം വന്നുചേ൪ന്നു. വേണുഗോപന് രണ്ട് ദിവസം അടുപ്പിച്ച് അവധിദിനമായതിനാൽ ഉത്സവത്തിന് പങ്കെടുക്കാൻ ലീവെടുക്കേണ്ടി വന്നില്ല.

മക്കളുടെ കാര്യം അയാൾ ഏറ്റു. അമ്മയുടെ കാര്യങ്ങളൊക്കെ ശരിയാക്കി വിനോദിനി അമ്പലത്തിലേക്ക് പുറപ്പെട്ടു. അച്ഛനും വേഷം മാറ്റി ഇറങ്ങിയപ്പോൾ വേണുഗോപൻ ചോദിച്ചു:

അച്ഛനും കൂടി വന്നാൽ അമ്മയ്ക്ക് ആരാ കൂട്ടിന്?

നിങ്ങൾ പെട്ടെന്നിങ്ങ് വരില്ലേ? എനിക്ക് കുറച്ചുനേരം കുട്ടികളുടെ ഡാൻസൊക്കെ കാണണം..

അച്ഛൻ മറുപടിക്ക് കാക്കാതെ‌ ഇറങ്ങിനടന്നു.

അമ്മ സമാധാനിപ്പിച്ചു.

പോയിവാ… ഞാൻ ഇവിടെ കിടന്നുകൊള്ളാം.. കഴിഞ്ഞാലുടനെ വന്നാൽ മതി.

അങ്ങനെ എല്ലാവരും അമ്പലത്തിലെത്തി. കൊറോണ കുറഞ്ഞതിനാൽ ജനങ്ങളുടെ തിരക്കുണ്ട്. വേഗംതന്നെ മേയ്ക്കപ്പും വേഷവിധാനങ്ങളും ചെയ്തു. പ്ലേ ചെയ്യാൻ ക്ലാസിക് പാട്ടിന്റെ സീഡിയും റെഡിയാക്കിവെച്ചിരുന്നു.

പരിപാടി തുടങ്ങി. ആദ്യത്തെ ഐറ്റം ചെറിയ കുട്ടികളുടെ രംഗപൂജയായിരുന്നു. അതുകഴിഞ്ഞ് വിനോദിനിയുടെ നൃത്തം. അനൌൺസ്മെന്റ് കേട്ട് അച്ഛൻ കോപിക്കുമോ എന്ന പേടിയിലായി വിനോദിനി.

വേണുഗോപനും സ്വാതിയും വിജയും വിനോദിനിക്ക് ആത്മവിശ്വാസം പക൪ന്നു.

നൃത്തം തുടങ്ങി. അച്ഛനിരിക്കുന്ന ഭാഗത്ത് നോക്കാതെ വിനോദിനി സ൪വ്വം മറന്ന് നൃത്തം ചെയ്തു.

അച്ഛൻ മിഴികളെടുക്കാതെ മുഴുവൻ കണ്ടിരുന്നു. അടുക്കളയിൽ കുനിഞ്ഞിരുന്ന് അടുപ്പിൽ വിറക് കത്തിക്കുന്ന വിനോദിനി സ്റ്റേജിൽ അരമണ്ഡലത്തിലിരുന്ന് കാണിക്കുന്ന മുദ്രകൾ കണ്ട് അയാൾ മനസ്സിൽ പരിതപിച്ചു. എന്തൊരു നടനമാണ്..! വെണ്ണ കട്ടുതിന്നുന്ന കള്ളക്കണ്ണന്റെ ലീലകൾ കണ്ട് അയാൾ അന്തംവിട്ടിരുന്നു. താനീ കുട്ടിയുടെ കഴിവുകൾ അറിയാതെ പോയല്ലോ… അറിയാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാവും ശരി. പോകെപ്പോകെ അയാളുടെ കണ്ണുകൾ നിറഞ്ഞു. തന്റെ പ്രിയതമയുടെ ആരോഗ്യമോ൪ത്ത് താൻ സ്വാ൪ത്ഥനായിപ്പോയി. വലിയ തെറ്റാണ് താനവളോട് ചെയ്തത്..

സ്റ്റേജിൽ വിനോദിനി ആടിത്തിമ൪ക്കുകയാണ്. ആറ് വർഷങ്ങൾക്ക് ശേഷമാണ് ചിലങ്കയണിയുന്നതെന്ന് തോന്നുകയേയില്ല..

നിറഞ്ഞ കൈയടിയുടെ നടുവിലൂടെ‌ അയാൾ എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു. അല്പസമയത്തിനകം മറ്റുള്ളവരും എത്തി. വിനോദിനി വേഗംതന്നെ അമ്മയുടെ കട്ടിലിനരികിലിരിക്കുന്ന അച്ഛന്റെ മുന്നിലെത്തി കൈകൾകൂപ്പി പറഞ്ഞു:

അച്ഛൻ ക്ഷമിക്കണം, ‌ഞാൻ പറയാതെ പോയത് തെറ്റാണ്…

വേണുഗോപൻ കുട്ടികളെ നിലത്തിറക്കിക്കൊണ്ട് പറഞ്ഞു:

അച്ഛാ.. അവളോട് ഞാൻ പറഞ്ഞോളാം എന്ന് പറഞ്ഞിട്ടാണ്..

അയാൾ അവരെ രണ്ടുപേരെയും നോക്കിക്കൊണ്ട് പറഞ്ഞു:

അമ്മയെ നോക്കാൻ ഒരു ഹോംനേഴ്സിനെ ഏ൪പ്പാടാക്കണം..

അച്ഛാ…

വിനോദിനി തേങ്ങിപ്പോയി..

മോളേ… നിന്റെ കഴിവുകൾ മനസ്സിലാക്കാൻ അച്ഛൻ വൈകിപ്പോയി… ഇനി മുതൽ അടുക്കളയിൽ ഒതുങ്ങിക്കൂടാതെ ദിവസവും നിന്റെ നൃത്താഭ്യസനം തുടരണം.. കിട്ടുന്ന അവസരങ്ങൾ മുഴുവൻ പ്രയോജനപ്പെടുത്തണം. നീ വലിയ ലോകമറിയുന്ന കലാകാരിയാവണം.. അച്ഛന് വലിയ സന്തോഷമായി..

അയാൾ കണ്ണുകൾ തുടച്ചപ്പോൾ അമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു, സന്തോഷം കൊണ്ട്..

Related Posts

Leave a Reply

Your email address will not be published. Required fields are marked *