രാഹുൽ അവന്റെ വീട്ടുകാരെകൊണ്ടു ഒരുവിധം സമ്മതിപ്പിച്ചു പെണ്ണുകാണാൻ വരാനൊരുങ്ങിയപ്പോഴാണ് ആശയുടെ ആ ലാസ്റ് മെസ്സേജ്….അവളുടെ കല്യാണം ഏതോ ഗൾഫ്‌കാരനുമായി……

നേരം

എഴുത്ത്:-ഭാവനാ ബാബു

വൈകി വന്നതുകൊണ്ട് പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കാതെയാണ് സ്റ്റെപ്പുകൾ കയറിയത്…എന്നിട്ടും അമ്മച്ചി കൈയോടെ പിടികൂടി…

“മീനുകൊച്ചേ.. എന്റെ കണ്ണുവെട്ടിച്ചു നിനക്ക് കേറിപ്പോകാൻ കഴിയത്തില്ല…. നേരം ഇപ്പൊ എത്രയായി…നോക്ക് പാതിരകോഴി കൂവി..

ദേ…. അന്നമ്മച്ചി ഈ സന്ധ്യാ നേരത്ത് ഇത്രയും പേരും നുണയുമായിട്ട് ഇറങ്ങല്ലേ…ഇന്ന് ഓഫീസിൽ പിടിപ്പത് ജോലിയുണ്ടായിരുന്നു..അതാ…നാളെ അമ്മച്ചി തിരി കത്തിച്ചു കുരിശു വയ്ക്കുമ്പോൾ ഞാൻ മുന്നിലുണ്ടാകും…കർത്താവാണെ സത്യം…

അതേയതെ… ഒക്കെ നടക്കും….നീ എന്നാന്നു വച്ചാൽ ചെയ്യ്..നിന്റെ പെറ്റ തള്ള യൊന്നുമല്ലല്ലോ…ഞാൻ പറയാൻ വന്നത് മറ്റൊന്നാ…സൂസി നിന്റെ മുറി അടിച്ചുവാരാൻ ചെന്നപ്പോൾ ആരോ കൊറേ വിളിച്ചു..നിന്റെ ഫോണിൽ…ഞാൻ എടുക്കണ്ടാന്നു പറഞ്ഞു…ഇതു പറയാനാ നിന്നെ കാത്തുകെട്ടി നിന്നെ…ശരി ഞാൻ പോകുന്നേ….

ധൃതിയിൽ മൊബൈൽ എടുക്കാനും മറന്നു….മിക്കവാറും അമ്മയാകും…. വിചാരിച്ച പോലെത്തന്നെ… അമ്മയുടെ 16 മിസ്ഡ് കാൾസ്‌…പഴയ പല്ലവി തന്നെയാകും…തിരിച്ചു ചെല്ലാൻ…ആകെയുള്ളൊരു മകൾ അല്ലേ? ഇത്രയും ദൂരെ കഴിയുമ്പോൾ ഒരു സമാധാനവും കിട്ടില്ല ആ പാവത്തിന്…ഒക്കെറ്റിനും കാരണംആ കിരൺ എന്ന ചെറ്റയും….ജീവനുതുല്യം സ്നേഹിച്ചതാണ് അവനെ…എന്നിട്ടും ജോലികിട്ടിയപ്പോൾ വലിച്ചെറിഞ്ഞു മറ്റൊരു പെണ്ണിനു വേണ്ടി…..ഒരു മാറ്റം അനിവാര്യമായിരുന്നു…എത്രനാൾ അവനു വേണ്ടി കണ്ണീരൊഴുക്കി അറിയില്ല…അങ്ങനെയാണ് പാലക്കാട് വിട്ട് ഈ തിരുവനന്തപുരത്തു…രണ്ടു വർഷമായി നാടും , വീടും അമ്മയെയും ഒക്കെ കണ്ടിട്ട്…തിരിച്ചു പോക്കിന് മനസ്സു പാകപ്പെട്ടിട്ടില്ല…ഓരോന്ന് ആലോചിച്ചുകൂട്ടി അത്താഴവും കുളിയുമൊക്കെ കഴിഞ്ഞപ്പോൾ നേരം 10 മണി……

പൊന്നൂസ് ഫൈനൻസിലെ ജോലി അൽപ്പം കടുപ്പം തന്നെ…മറ്റന്നാൾ നോട്ടീസും കൊണ്ട് ഞാൻ തന്നെ പോകണം…സ്ത്രീകൾ മാത്രമുള്ള വീട്ടിൽ ആദ്യം ഞാൻ മയത്തിൽ സംസാരിയ്ക്കും…അതിൽ നിന്നില്ലെങ്കിൽ മൊതലാളിയുടെ ഗുണ്ടകൾ വരും…ചിന്തകൾക്കൊക്കെ തൽക്കാലം ഫുൾ സ്റ്റോപ്പിട്ടു , നെറ്റ് ഓണ് ചെയ്തു ഫേസ്ബുക്കിൽ കേറിയപ്പോഴാണ് രാഹുലിന്റെ കുറേ മെസ്സേജ്‌സ്…..രാഹുലിനെ പരിചയപ്പെട്ടിട്ട് ഒരാഴ്ച്ച ആകുന്നേയുള്ളൂ…

അവനെ ഏതോ പെണ്കുട്ടി ചതിച്ചുവെന്നു….ആശ…ബാംഗ്ലൂരിൽ നഴ്‌സ് ആയിരുന്നു…ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ വച്ചാണ് രാഹുൽ അവളെ പരിചയപ്പെടുന്നത്…നഗരത്തിലെ പുതിയ അതിഥി ആയതുകൊണ്ട് ആശ അവനെ എല്ലാ കാര്യത്തിലും സഹായിച്ചു…അവളുടെ ഹൃദ്യമായ പെരുമാറ്റം അവനെ ആകർഷിച്ചു…അതുപിന്നെ പ്രണയത്തിലും….ഒരുവർഷം കഴിഞ്ഞപ്പോൾ രാഹുലിന് നാട്ടിലേയ്ക്ക് മാറ്റം കിട്ടി…സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു ആശയുടെ കുടുംബം……തിരുവനന്തപുരത്താണ് അവർ താമസിയ്ക്കുന്നത്…..രാഹുൽ അവന്റെ വീട്ടുകാരെകൊണ്ടു ഒരുവിധം സമ്മതിപ്പിച്ചു പെണ്ണുകാണാൻ വരാനൊരുങ്ങിയപ്പോഴാണ് ആശയുടെ ആ ലാസ്റ് മെസ്സേജ്….അവളുടെ കല്യാണം ഏതോ ഗൾഫ്‌കാരനുമായി ഉറപ്പിച്ചുവെന്നും ഇനി മേലിൽ അവളെ ശല്യപ്പെടുത്തരുതെന്നും…അതോടെ അവൻ ആകെ തളർന്നു…ഇപ്പൊ ഒരു വർഷം കഴിഞ്ഞു..ആശയുടെ ഫോട്ടോയും അവൻ അയച്ച കൂട്ടത്തിൽ ഉണ്ട്…അവളെ കണ്ടാൽ ഒരു വഞ്ചകി ആണെന്നു തോന്നില്ല…അവളോടെനിയ്ക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി…എപ്പോഴാണുറങ്ങിയതെന്നു എനിയ്ക്കു പോലും അറിയില്ല .പിറ്റേന്ന് അലാറമടിയ്ക്കുന്നത് കേട്ടാണ് ഞെട്ടിയുണർന്നത്.

എങ്ങനെയൊക്കെയോ ഒരു കാക്കക്കുളിയും നടത്തി , ഒരുകഷ്ണം ബ്രെഡും വായ്ക്കുള്ളിലാക്കി സ്കൂട്ടിയിൽ പാഞ്ഞു ഓഫീസിൽ എത്തിയപ്പോൾ അവിടെ ആകെ ബഹളം…ഒരു കെട്ട് നോട്ടീസും കൊണ്ട് ഇപ്പോൾ തന്നെ പോകണമെന്ന് മുതലാളിയുടെ ഓർഡർ…ഒരു പത്തുമിനിറ്റ് ഇരിയ്ക്കാൻ പോലും പറ്റിയില്ല….ഒന്നുമിണ്ടാതെ ഹെൽമറ്റും തലയിൽ ഫിറ്റ് ചെയ്തു ഒരല്പം സ്പീഡിൽ തന്നെ പാഞ്ഞു…പതിനഞ്ചു നോട്ടീസുകളിൽ ഇനി ഒന്നുകൂടിയേ ബാക്കിയുള്ളൂ…നേരം ഒരുമണിയാകുന്നു…ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന്റെ പുറത്താണ് പിടിച്ചു നിൽക്കുന്നത്…ഈ വീടും കൂടി കഴിഞ്ഞാൽ വല്ലതും കഴിയ്ക്കമായിരുന്നു…പങ്കജാക്ഷി , നന്ദനം ഹൗസ്, തൊഴുവൻകോട്… ഒരുവിധം അഡ്രസ്സ്
തപ്പിപ്പിടിച്ചു വീട്ടിലെത്തി…സാമാന്യം നല്ലൊരു വീട് തന്നെയായിരുന്നു…കുറച്ചു പണികൂടി ബാക്കിയുണ്ട്.അടയ്ക്കാൻ നിവൃത്തിയില്ലെങ്കിലും വലുപ്പത്തിനു ഒരു കുറവുമില്ല…പുറത്തേയ്ക്ക് വന്ന നീരസം ഉള്ളിലമർത്തി .മുറ്റത്തു നിന്നു ഉറക്കെ ചോദിച്ചു

“ഇവിടെ ആരുമില്ലേ? എന്റെ ശബ്ദം കേട്ടു ഏകദേശം ഇരുപത് വയസ്സു പ്രായം തോന്നിയ്ക്കുന്ന മെലിഞ്ഞു കൊലുന്നനെയുള്ള ഒരു പെണ്കുട്ടിയാണ് വന്നത്.

ആരാ…മനസ്സിലായില്ല

ഞാൻ പൊ ന്നൂസ് ഫിനാൻസിൽ നിന്നും…ഈ പങ്കജാക്ഷി???

അവളുടെ കണ്ണുകളിൽ വിഷാദം പടരുന്നപോലെ…വരൂ , അകത്തിരിയ്ക്കാം…അമ്മ കിടപ്പിലാണ്..മൂന്നു മുറികൾ ആയിരുന്നു വീടിനു..ആദ്യത്തെ മുറിയിലേയ്ക്കാണ് ആ പെണ്കുട്ടി എന്നെ കൊണ്ടുപോയത്…അവിടെ നിറഞ്ഞു നിന്ന കുഴമ്പിന്റെ ഗന്ധം എന്നെയൽപ്പംഅസ്വസ്ഥയാക്കി…എണ്ണപുരണ്ടു മിനുസമേറിയ ആ സ്റ്റൂളിൽ ഇരിയ്ക്കാതെ നിന്നുകൊണ്ടുതന്നെ കാര്യങ്ങളൊക്കെ ഒറ്റ ശ്വാസത്തിൽ വിവരിച്ചു..വിശപ്പും, ദാഹവും എന്നെ വല്ലാതെ കീഴടക്കിയിരുന്നു…..അവരോട് യാത്ര പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് ആ അമ്മ എന്റെ കൈത്തണ്ടയിൽ പിടിച്ചു നിർത്തിയത്…അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…എന്തോ അവിടെനിന്നു പോകുവാനാകാതെ ആ സ്റ്റൂളിന്മേൽ ഞാനിരുന്നു….

മോളേ , നിനക്കറിയുമോ അടവ് മനപ്പൂർവം തെറ്റിച്ചതല്ല..ഇനി ഒരു ലക്ഷം രൂപ ബാക്കി നിൽപ്പുണ്ട്.എന്റെ മോളുടെ സ്വപ്നമായിരുന്നു ഈ വീട് . ഒറ്റപ്പൈസ ലോൺ എടുക്കാതെ തന്നെ ഇത് ഇത്രത്തോളം ആക്കുകയും ചെയ്തു.

ഇപ്പോൾ കണ്ട ആ പെണ്കുട്ടിയാണോ മകൾ? അപ്പോൾ പിന്നേ ഈ കടം എങ്ങനെ വന്നു? എന്റെ ചോദ്യം കേട്ടതും അവർ പൊട്ടിക്കരയാൻ തുടങ്ങി…അവരെ ആശ്വസിപ്പിയ്ക്കാനാകാതെ ഞാൻ വല്ലാതെ വിഷമിച്ചു… അപ്പോഴാണ് ഒരു നനഞ്ഞ കൈത്തലം എന്റെ തോളിൽ പതിഞ്ഞത്..നോക്കിയപ്പോൾ ആ പെണ്കുട്ടി.
“സാരമില്ല ചേച്ചി , ഇതിവിടെ പതിവാണ്…എന്റെ ചേച്ചിയെപ്പറ്റിയാണ് ‘അമ്മ പറയുന്നത്…ആറു മാസങ്ങൾക്കുമുമ്പ് ഞങ്ങളെ വിട്ടു..പോയി…ക്യാൻസർ ആയിരുന്നു.. ലാസ്റ്റ് സ്റ്റേജ്… അതാ ചേച്ചിയുടെ ഫോട്ടോ.അവൾ വിരൽ ചൂണ്ടിയ ഭാഗത്തേയ്ക്ക് ഞാൻ നോക്കി…ഹാളിൽ ആരും ശ്രദിയ്ക്കപ്പെടാത്ത കോണിൽ…വിശ്വാസം വരാതെ പലവട്ടം ഞാൻ അതിലേയ്ക്ക് തന്നെ നോക്കി…ഇത്..ഇത് ആശയല്ലേ? എന്റെ ചോദ്യം കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു….

ചേച്ചിയെ അറിയുമോ ? എങ്ങനെ?

അവളുടെ ചോദ്യങ്ങൾ എൻറെ ക്ഷമ കെടുത്തി…അതൊക്കെ അറിയാം..ആശയുടെ വിവാഹം?

ചേച്ചിയ്ക്കു ഒരാളെ ഇഷ്ടമായിരുന്നു…പെണ്ണുകാണലൊക്കെ ഉറപ്പിച്ചപ്പോഴാണ്…ഈ രോഗവിവരം അറിയുന്നത്..എന്തോ കള്ളം പറഞ്ഞു ചേച്ചി തന്നെ അതു മുടക്കി..അയാളെ പറ്റി ഒന്നും ഞങ്ങൾക്കറിയില്ല…എങ്കിലും ചേച്ചിയ്ക്കു അയാളെ ജീവനായിരുന്നു…അവളെയും , അമ്മയെയും സമാധാനിപ്പിച്ചു അവിടെ നിന്നും ഞാൻ യാത്ര പറഞ്ഞിറങ്ങി..വഴിയരികിലെ ഒരു ഹോട്ടലിൽ ഊണ് കഴിയ്ക്കാനായി കേറി…അവിടെ വച്ചു തന്നെ നടന്നതൊക്കെ ഞാൻ രാഹുലിന് മെസ്സേജ് ചെയ്തു..അവൻ ഓഫ് ലൈൻ ആയിരുന്നു…ആ കുടുംബത്തിനെ അവൻ ഏറ്റെടുക്കും..

ആശ നല്ലൊരു പ്രണയിനി മാത്രമല്ല..ഉത്തരവാദിത്തമുള്ള ഒരു മകൾ കൂടി ആയിരുന്നു….ഞാൻ അപ്പോൾ തന്നെ അമ്മയെ വിളിച്ചു….അതേ , ഇവിടുത്തെ പൊറുതി മതിയാക്കി ഞാൻ അങ്ങോട്ട് വരികയാ…സ്നേഹവും , വാത്സല്യവും നിറച്ച ഉരുളകൾ കഴിച്ചു ആ മടിയിൽ ചേർന്നുറങ്ങണമെനിയ്ക്കു….

Related Posts

Leave a Reply

Your email address will not be published. Required fields are marked *