റോഷന്റെ പെങ്ങളുടെ ഭർത്താവ് ഹരിയുടെ ചില വഷളൻ നോട്ടങ്ങളും,.അവസരം കിട്ടുമ്പോൾ ഒക്കെ ഉള്ള സംസാരരീതികളും ആയിരുന്നു…….

തണൽ പൂക്കുമിടം

എഴുത്ത് :ലൈന മാർട്ടിൻ

ദേവു.. ഞാൻ പറയുന്നത് കേൾക്കടി..

നീ പറഞ്ഞ അവസാന വഴിയായ മരണത്തിൽ നിന്നും എന്റെ ജീവിതത്തിലേക്ക് ആണ് ഞാൻ നിന്നെ വിളിക്കുന്നത്,! അതിന് അർത്ഥം നീ എന്റെ ഭാര്യ ആകണം എന്നല്ല, എന്റെ മോള് അമ്മുവിന് ഒരു അമ്മയുടെ സ്നേഹം.. അതിനും ഉപരി നിനക്കൊരു തുണ ആകണമെന്നേ ഞാൻ ആഗ്രഹിക്കുന്നുള്ളു, നിനക്ക് അറിയാമല്ലോ… അഹല്യയുടെ സ്ഥാനത്ത്മ റ്റൊരു പെണ്ണിനേയും എന്റെ ഭാര്യ സ്ഥാനത്ത് കാണാൻ എനിക്ക് കഴിയില്ല, മറ്റൊരു പെണ്ണിനും അവൾ ആകാനും കഴിയില്ല.. പക്ഷെ നിന്റെ ഇപ്പോഴത്തെ അവസ്ഥ,! എന്റെ മോളുടെ ഒറ്റപ്പെടൽ..സങ്കടം,! ഇതിൽ നിന്ന് നമുക്ക് രണ്ട് പേർക്കും ഉള്ള മോചനം ആകും.. നീ ആലോചിച്ചു തീരുമാനിക്ക്..

“വേണ്ടാ.. എനിക്ക് അതിന് കഴിയില്ലടാ! , “നാട്ടുകാർക്ക് മുൻപിൽ ഞാൻ ഒരു മോശം പെണ്ണാകും, ഞാൻ അനുഭവിക്കുന്ന ഈ തീവ്ര വേദന അറിയാത്ത സമൂഹം എന്നെ പഴിക്കും”.. മനസ് കൊണ്ട് തൊട്ടറിഞ്ഞ നമ്മുടെ ഈ സൗഹൃദം അവർക്ക് മുൻപിൽ അ വിഹിതം എന്നാകും.. “

കൂടുതൽ സംസാരിച്ചാൽ കരഞ്ഞു പോകുമെന്ന് അറിയാമായിരുന്നത് കൊണ്ട് മറുപടിക്ക് കാക്കാതെ ദേവിക ഫോൺ കട്ട്‌ ചെയ്തു.. തുടർന്ന് അജയ് വിളിക്കാതിരിക്കാൻ ഓഫ്‌ ആക്കി വച്ചു.., അജയ് അവൻ തന്റെ കളികൂട്ടു കാരനാണ്, അജയും, അഹല്യയും താനും നിറഞ്ഞ മനോഹരമായൊരു ബാല്യവും, കൗമാരവും ഓർമകളിൽ നിറഞ്ഞു,.. അവരുടെ സൗഹൃദം പ്രണയത്തിനും, വിവാഹത്തിലേക്കും നടന്നപ്പോൾ കൂട്ടായ് താനും ഉണ്ടായിരുന്നു,! അവരുടെ മകൾ അമ്മുവിന് മൂന്നു വയസുള്ളപ്പോൾ ആയിരുന്നു അഹല്യയുടെ പെട്ടെന്ന് ഉള്ള മരണം, ബ്രെയിൻ ട്യൂമർ ആയിരുന്നു എന്ന് പിന്നീട് അറിഞ്ഞു.. ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞു.. അന്നുമുതൽ ഇന്നു വരെ അവളുടെ ഓർമകളുടെ ലോകത്താണ് അജയ്ടെ ജീവിതം.. താൻ കാരണം അവന്റെ നല്ല മനസ് വേദനിക്കരുത്… പക്ഷെ! ഇനിയെന്ത്? എന്നുള്ള ചോദ്യം മാത്രം ബാക്കിയായി ദേവികയുടെ മുൻപിൽ നിന്നു …!!

പോകാൻ ഒരിടം പോലും മുൻപിൽ തെളിഞ്ഞില്ല.. അമ്മയുടെ മരണ ശേഷം അനിയത്തിയും ഭർത്താവും ആണ് ആകെയുള്ള മൂന്നു സെന്റ്ലെ വീട്ടിൽ കഴിയുന്നത്, അങ്ങോട്ട് ചെന്ന് അവരുടെ സ്വൈര്യജീവിതം ഇല്ലാതാക്കാൻ മനസ് അനുവദിക്കുന്നില്ല,..

ഒരു കവറിൽ രണ്ട് ജോഡി സാരിയും എടുത്തു അടുത്ത വീടുകളിൽ തയ്ച്ചു കൊടുത്തതിൽ നിന്ന് കിട്ടിയ രൂപയും കൈയിൽ മുറുക്കെ പിടിച്ചു കൊണ്ട് അവൾ ഉറച്ച ചുവടുകളോടെ മുറ്റത്തേക്ക് ഇറങ്ങി നടന്നു.. തടയാൻ ആരും വരില്ല എന്നുള്ള ഉറച്ച വിശ്വാസം ഉണ്ടായിരുന്നു.. പിറകിൽ നിന്നുള്ള ശാപ വാക്കുകൾ കേട്ടില്ലെന്ന് നടിച്ചു അവൾ മുൻപോട്ടു നടന്നു, ബസ് സ്റ്റോപ്പ്‌ൽ ആദ്യം കണ്ട ബസിൽ കയറി അവൾ ഇരുന്നു.. പക്ഷെ എങ്ങോട്ട്? അതിനുള്ള ഉത്തരം ഇപ്പോഴുമില്ല,

ഓർമിക്കാൻ നല്ലതൊന്നും ബാക്കിയില്ലാത്ത ഭൂതകാലത്തിലേക്കു അവളുടെ ഓർമകൾ തിരികെ നടന്നു.. ദേവികക്ക് അമ്മയും അനിയത്തിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. തയ്യൽ പഠിക്കാൻ പോകുന്ന തന്നെ വഴിയിൽ കണ്ടിട്ടുണ്ട്… വിവാഹം കഴിക്കാൻ ഇഷ്ടം ആണ് എന്ന് പറഞ്ഞു റോഷന്റെ ആലോചന വന്നപ്പോൾ കൂടുതൽ ഒന്നും ചിന്തിക്കാതെ… അന്വേഷിക്കാതെ… കല്യാണം നടത്തി വിടാൻ മാത്രേ അമ്മക്ക് കഴിഞ്ഞുള്ളു, വിവാഹം കഴിഞ്ഞു ആദ്യത്തെ ദിവസം തന്നെ റോഷന്റെ അമ്മയ്ക്കും മൂത്ത പെങ്ങൾക്കും ഇഷ്ടം ഇല്ലാതെ ആണ് തന്നെ വിവാഹം കഴിച്ചതെന്ന് അവൾക്ക് മനസിലായി..

“ഇലക്ട്രിസിറ്റി ഓഫീസിൽ തരക്കേടില്ലാത്ത ജോലിയുള്ള റോഷന് നല്ല സ്ത്രീധനം കിട്ടുന്ന ഒരു പെണ്ണിനെ കിട്ടുമായിരുന്നു ഇതിപ്പോ അവൻ തൊലിവെളുപ്പ് കണ്ടു മയങ്ങിയതല്ലയോ “.എന്നുള്ള അവരുടെ പരിഹാസം കേൾക്കാത്ത ഒരു ദിവസം പോലും തുടർന്നുള്ള അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.,

പക്ഷെ അതിനെക്കാൾ ഏറെ അവളെ വേദനിപ്പിച്ചത് റോഷന്റെ രീതികൾ ആയിരുന്നു.. വിവാഹം കഴിഞ്ഞത് മുതൽ മ ദ്യപിച്ചു അല്ലാതെ റോഷനെ കണ്ടിട്ടില്ല, അവളോടു നല്ല ബോധത്തോടെ ഒരു വാക്ക് പോലും അവൻ പറഞ്ഞിട്ടില്ല, ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള സ്നേഹപ്രകടനങ്ങൾ,

മറ്റ്‌ ചിലപ്പോൾ അവൾ ആ മുറിയിൽ ഉണ്ടെന്ന് പോലും ശ്രദ്ധിക്കാതെ ഉള്ള പെരുമാറ്റം, സ്നേഹം കൊണ്ടും, വാക്കുകൾ കൊണ്ടും റോഷനെ മാറ്റിയെടുക്കാൻ ദേവിക കുറെ ശ്രമിച്ചു, ഒരു ഭാര്യക്ക് കിട്ടണ്ടതായ പരിഗണന ഒരിക്കലും റോഷനിൽ നിന്ന് കിട്ടില്ല എന്ന് മനസിലായ ദേവിക പിന്നെ പിന്നെ അത് ആഗ്രഹിച്ചുമില്ല….പക്ഷെ എല്ലാറ്റിനും മീതെ അവളെ ആ വീട്ടിൽ ഭയപ്പെടുത്തിയത് റോഷന്റെ പെങ്ങളുടെ ഭർത്താവ് ഹരിയുടെ ചില വഷളൻ നോട്ടങ്ങളും,.അവസരം കിട്ടുമ്പോൾ ഒക്കെ ഉള്ള സംസാരരീതികളും ആയിരുന്നു,

ആരോടു പരാതി പറയണം എന്ന് പോലും അറിയാതെ വിശ്രമം ഇല്ലാത്ത പകലുകളിലൂടെയും ഉറക്കമില്ലാത്ത രാത്രികളിലൂടെയും ദേവിക തന്റെ ജീവിതം തള്ളി നീക്കി, ഇതിനിടയിൽ പലപ്പോഴും ദേഹത്ത് തൊടാൻ അവസരങ്ങൾ ഉണ്ടാക്കിയ ഹരിയെ വെറുപ്പോടെയുള്ള നോട്ടം കൊണ്ടും ഒച്ചത്തിൽ സംസാരിച്ചും പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അയാൾ അതൊക്കെ നിസാരമായി തള്ളിക്കളഞ്ഞു, ഒരു ദിവസം രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയ റോഷനോട് മടിച്ചു മടിച്ചു ആണെങ്കിലും അയാളുടെ ശല്യത്തെ കുറിച്ച് പറഞ്ഞത് മാത്രമേ ഓർമയുള്ളു.. കരണം പുകച്ചു അടി തന്ന് കൊണ്ടാണ് അയാൾ മറുപടി പറഞ്ഞത്,

“നിന്നെ കാണും മുൻപേ ഞാൻ കാണുന്നത് ആണ് ഹരിയേട്ടനെ, ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ചേച്ചിയെ കല്യാണം കഴിച്ചു ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നതാ ഹരിയേട്ടൻ, അതിന് ശേഷം ഞങ്ങളുടെ കുടുംബത്തിന് താങ്ങായി നിന്നിട്ടേയുള്ളു,

അച്ഛന്റെ മരണ ശേഷം അന്നുമുതൽ ഇന്നു വരെ എന്റെയും അനിയത്തിയുടെയും പഠിപ്പ്, വീട്ടിലേ കാര്യങ്ങൾ ഒക്കെ നോക്കിയത് ഹരിയേട്ടനാ, ആ മനുഷ്യനെ കുറിച്ച് അനാവശ്യം പറഞ്ഞാലുണ്ടല്ലോ കൊ ന്നു കളയും “

“ഞാൻ പറയുന്നത് ദയവ് ചെയ്തു ഒന്ന് കേൾക്ക്,

മിണ്ടരുത് നീ!! അടി കൊണ്ട കരണം പൊത്തിപിടിച്ചു കൊണ്ട് തന്റെ ഭാഗം പറയാൻ ശ്രമിച്ച ദേവികക്ക് നേരെ അയാൾ ശബ്ദം ഉയർത്തി, അവൾ ക്കെന്തെങ്കിലും പറയാൻ അവസരം കിട്ടും മുൻപേ വാതിൽ വലിച്ചു തുറന്ന് പുറത്തേക്ക് ഇറങ്ങി പോയ്‌, കണ്ണീർ തുടച്ചു കൊണ്ട് പുറത്തേക്കിറങ്ങിയ ദേവിക കണ്ടത് ഇടനാഴിയുടെ അറ്റത്തായി തന്നെ നോക്കി നിന്ന് പരിഹസിച്ചു ചിരിക്കുന്ന ഹരിയെ ആണ്,,!!! ദിവസങ്ങൾ കഴിഞ്ഞു പോയ്‌…

ഇന്നു ചേച്ചിയുടെ മകളുടെ പിറന്നാൾ ദിവസം ആയിരുന്നു , വീട്ടിലെ പുരുഷന്മാരൊക്കെയും മ ദ്യത്തിന്റെ സൽക്കാരങ്ങളിലും സ്ത്രീകൾ അതിഥി കൾക്ക് ഭക്ഷണം നൽകുന്നതിന്റെ തിരക്കിലുമായിരുന്നു, റൂമിൽ ഇരിക്കുന്ന സ്ത്രീകൾക്കുള്ള ഭക്ഷണവുമായി പോകുകയിരുന്നു ദേവിക, പെട്ടെന്ന് ആണ് കറന്റ്‌ പോയത്, ഒപ്പം തന്നേ ആരോ തന്നെ ചുറ്റി പിടിക്കുന്നതും ദേവിക അറിഞ്ഞു..ഒച്ചത്തിൽ അലറാൻ ശ്രമിച്ച അവളുടെ വായ് പൊത്തിപ്പിടിച്ചിരുന്നു, കൈയിൽ ഉണ്ടായിരുന്ന പത്രങ്ങൾ നിലത്തേക്കിട്ട് ദേവിക കുതറി മാറാൻ ശ്രമിച്ചു,, കാലുകൾ പിറകിലേക്കെടുത്തു തന്നെ പിടിച്ചിരിക്കുന്ന ആളുടെ ദേഹത്തേക്ക് ആഞ്ഞു ചവിട്ടി,.. അപ്രതീക്ഷിത മായി കിട്ടിയ ചവിട്ടിൽ അയാൾ പുറക്കിലേക്ക് ആഞ്ഞു വീണു പോയതും ദേവിക അലറി വിളിച്ചു കൊണ്ട് ഓടാൻ ശ്രമിച്ചു ,. ചാടിയെഴുന്നേറ്റ് അയാൾ ദേവികയെ വീണ്ടും വട്ടം പിടിച്ചതും പെട്ടെന്ന് കറന്റ്‌ വന്നു, അവിടേക്ക് ഓടിയെത്തിയവർ കണ്ടത് നിലത്ത് വീണു കിടക്കുന്ന പാത്രങ്ങളും, ഭക്ഷണ സാധനങ്ങളും, ദേവികയെ ചുറ്റിപിടിക്കുന്ന ഹരിയെയും ആയിരുന്നു, ക്ഷണനേരം കൊണ്ട് അവിടെ വന്നവർക്ക് കാര്യം മനസിലായി.

“എന്റെ ജീവിതം നശിപ്പിക്കാൻ ആണോടാ നീ ഈ നാശം പിടിച്ചവളെ ഇങ്ങോട്ടു കൊണ്ട് വന്നത്” എന്ന് റോഷനോട് ചോദിച്ചു കൊണ്ട് റോഷന്റെ ചേച്ചി മുൻപോട്ട് വന്ന് ദേവികയെ പിടിച്ചു തള്ളി.. ചുമരിൽ നെറ്റിയിടിച്ചു നിന്ന ദേവിക റോഷനെ നോക്കി

“അന്നേ ഞാൻ പറഞ്ഞതല്ലേ? ദേവികക്ക് തുടർന്ന് സംസാരിക്കാൻ കഴിയും മുൻപ് റോഷന്റെ കൈ ദേവികയുടെ മുഖത്തേക്ക് ആഞ്ഞു പതിച്ചു,

“നീ ഇത്തരക്കാരി ആണെന്ന് അറിഞ്ഞില്ല എനിക്കിനി നിന്നെ വേണ്ടാ “

ഹരി കാണിച്ചതിനേക്കാൾ ദേവികയെ വേദനിപ്പിച്ചത് താലി കെട്ടിയവൻ തന്നെ മനസിലാക്കാതെ അപമാനിച്ചത് ആയിരുന്നു… റൂമിൽ എത്തിയ അവൾക്ക് മ രിക്കാൻ ആണ് ആദ്യം തോന്നിയത്.. പിന്നെ ചിന്തിച്ചു! ഒരു തെറ്റും ചെയ്യാത്ത താൻ എന്തിന് മരിക്കണം’? പോകാനായ് ഒരിടം മനസിൽ തിരഞ്ഞു.. അപ്പോഴാണ് അജയ്യുടെ മുഖം മനസിൽ തെളിഞ്ഞു വന്നത്..

ഫോൺ എടുത്തു അജയിയെ വിളിച്ചു.. ‘ഏതെങ്കിലും ഹോസ്റ്റലിൽ തല്ക്കാലം ഒരു റൂം കിട്ടാൻ വഴിയുണ്ടോ എന്ന് ചോദിച്ചു’ അപ്പോഴാണ് അവൻ അവന്റെ ജീവിതത്തിലേക്ക് തന്നെ ക്ഷണിക്കുന്നത്….

“എവിടേക്കാണ്?” കണ്ടക്ടറുടെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്..!.ദേവിക കയറിയ ബസ് മുൻപോട്ടു പോയികൊണ്ടിരുന്നു,!!!

അഭയയുടെ ആശ്രമത്തിലെ മരതണലിൽ നിന്ന് അജയ് ദേവികയെ നോക്കി നിന്നു.. തന്റെ മകൾ അമ്മുവിന്റെ തലയിൽ തലോടി ചേർത്ത് പിടിച്ചു നിൽക്കുന്ന ദേവുവിന് രൂപത്തിലും ഭാവത്തിലും ഒക്കെ ശരിക്കുമൊരു സന്യാസ ഭാവം!

“ദേവൂ.. എത്ര നാളാണ് നീ ഈ ആശ്രമത്തിൽ കഴിയുക? “

“എനിക്കിവിടെ മനസമാധാനം ഉണ്ട് അജയ്..കുറച്ച് മുൻപേ ഞാൻ ഇവിടെ എത്തണം ആയിരുന്നു “

“ജീവിതത്തിൽ നിന്നുള്ള നിന്റെ ഒളിച്ചോട്ടത്തിന് ഉള്ള ഇടമല്ല ഇത്.. വേണ്ടാ ദേവൂ .. നിനക്കിതു ചേരുന്നില്ല.. തിരികെ പോര്.. ഞാൻ നിനക്ക് ഒരു ജോലി ശരിയാക്കിയിട്ടുണ്ട്.. ഒരു ഹോസ്റ്റലിൽ റൂം ശരിയാക്കാം..

“ഞാൻ ഇല്ല അജയ് ഞാൻ ഇവിടുന്ന് എങ്ങോട്ടുമില്ല, അജയ് പൊയ്ക്കോളൂ “

എത്ര നിർബന്ധിച്ചിട്ടും ദേവിക അനുസരിക്കില്ലെന്ന് മനസിലായ അജയ് തിരികേ നടന്നു.. ദേവികയുടെ കവിളിൽ ഉമ്മ വയ്ച്ചു കൊണ്ട് അമ്മു നടന്നു ചെന്ന് കാറിൽ കയറുന്നത്, ദേവിക നോക്കി നിന്നു..

ആശ്രമത്തിലെ ലാൻഡ് ഫോണിൽ തനിക്ക് കാൾ ഉണ്ടെന്ന് അറിഞ്ഞു ദേവിക കാൾ എടുത്തു,

“ദേവിക ആണോ? പരിചയമില്ലാത്ത ഒരു പുരുഷ സ്വരം ആയിരുന്നു..

“അതെ ആരാണ്?

“ഞാൻ ജനറൽ ഹോസ്പിറ്റലിൽ നിന്ന് വിളിക്കുകയാണ്‌ ഇപ്പോൾ ഇവിടെ ആക്‌സിഡന്റ് ആയി കൊണ്ട് വന്ന ആളുടെ പോക്കറ്റ്ൽ നിന്ന് ആണ് ഈ നമ്പർ കിട്ടിയത് ദേവിക എന്ന് പേര് എഴുതിയിട്ടുണ്ടായിരുന്നു.. ആളുടെ ഐഡി കാർഡിൽ അജയ് ചന്ദ്രൻ എന്നാണ്, നിങ്ങൾക്ക് അറിയുന്ന ആളാണ് എങ്കിൽ ഹോസ്പിറ്റൽ വരെ ഒന്ന് വരാമോ?.ആളുടെ കൂടെ ഒരു കുട്ടിയും ഉണ്ട്…” കുട്ടിക്ക് വല്യ കുഴപ്പമില്ല.. ചെറിയ മുറിവേയുള്ളു.. പക്ഷെ ആളിന്റെ അവസ്ഥ!!!!.തന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് ദേവിക അറിഞ്ഞു..

അജയ് ഐസിയു വിനുള്ളിൽ ആയിരുന്നു…തലക്ക് ചുറ്റും ബാന്റെജ് ചെയ്തിട്ടുണ്ട്….ദേവിക വിളിച്ചപ്പോ പതിയെ കണ്ണ് തുറന്ന് അവളെ നോക്കി.. അവളെ കണ്ട് വേദന നിറഞ്ഞ ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു,.”എന്റെ മോള് അവളെ നോക്കികൊള്ളണേ ആരൂല്ല അവൾക്ക്,.പെൺകുഞ്ഞായ അവളെ വിശ്വസിച്ചു ഏൽപ്പിക്കാനും നീയേ ഉള്ളു..”.അവന്റെ വാക്കുകൾ അവളിൽ വേദന പടർത്തി, നിറഞ്ഞു വന്ന കണ്ണുകൾ ഇറുക്കിയടച്ചു ദേവിക അജയ്ടെ കൈകളിൽ അമർത്തി പിടിച്ചു…പതിയെ അവന്റെ കണ്ണുകൾ അടയുന്നത്.. നേർത്ത സ്പന്ദനം നിലക്കുന്നത് അവൾക്ക് നോക്കി നിൽക്കേണ്ടി വന്നു

വൈദ്യുത ശ്മാശാനത്തിൽ അജയ്ടെ ദഹനം കഴിഞ്ഞു അമ്മുവിനെയും ചേർത്ത് പിടിച്ചു ദേവിക തിരികെ നടന്നു.. ആദ്യം ആശ്രമത്തിലേക്ക്.. അവിടെ നിന്ന് കൊണ്ട് തയ്യൽ കടയിൽ ഒരു ജോലിയും ഒരു വാടക വീടും തരപ്പെടുത്തി അമ്മുവിനെയും കൊണ്ട് അങ്ങോട്ടേക്ക് താമസം മാറി…അപകടത്തിന്റെ ഷോക്കിൽ നിന്ന് പതിയെ പതിയെ അമ്മു ജീവിതത്തിലേക്ക് നടന്നു തുടങ്ങി.. ഒപ്പം ദേവികയുടെ ജീവിത സ്വപ്നങ്ങളിലും വർണങ്ങൾ നിറഞ്ഞു … പതിയെ സ്വന്തം ആയി തയ്യൽ ഷോപ്പ് തുടങ്ങി…

അമ്മുവിനെ സ്കൂളിൽ വിട്ട ശേഷം ഉള്ള സമയം ദേവിക തന്റെ തയ്യൽ ജോലി കളിലേക്ക് പോകും മുൻപ് ഉള്ള പത്ര വായനക്കിടയിലാണ് അവിചാരിതമായി ആ വാർത്തയും അതിലെ പരിചിത മുഖവും കാണുന്നത്…” പീ ഡനത്തി നിരയായ പെൺകുട്ടി ജീവനൊടുക്കി.. സഹോദരി ഭർത്താവ് കൂടി ആയ പ്രതി അറസ്റ്റിൽ ‘! വാർത്തയുടെ താഴെ വിലങ്ങു കൊണ്ട് ബന്ധിക്കപ്പെട്ട നിലയിൽ നിൽക്കുന്ന ഹരിയുടെ ഫോട്ടോയിലേക്ക് അഗ്നിയാളുന്ന കണ്ണുകളോടെ ദേവിക നോക്കിയിരുന്നു.. റോഷന്റെ അനിയത്തി നിത്യയുടെ നിഷ്കളങ്കമായ ചിരി അവളുടെ മനസിൽ തെളിഞ്ഞു വന്നു. ആ വീട്ടിൽ തന്നെ ഒരു മനുഷ്യ ജീവി ആയെങ്കിലും പരിഗണിച്ചത് നിത്യ മാത്രം ആയിരുന്നു.. പാവം കുട്ടി!!!! വൈകുന്നേരം അമ്മുവിന് ചായ കൊടുക്കുമ്പോഴും ദേവികയുടെ മനസിൽ നിത്യയും അവൾ അനുഭവിച്ച കൊടിയ വേദനയും ആയിരുന്നു..

വാതിൽക്കൽ ഏതോ വണ്ടി വന്നു നിന്ന ശബ്ദം കേട്ടാണ് ദേവിക പോയ്‌ നോക്കിയത്.. വണ്ടിയിൽ നിന്നിറങ്ങുന്ന ആളെ കണ്ടു ദേവിക വാതിൽപ്പടിയിൽ അമർത്തി പിടിച്ചു നിന്നു… പടിക്കെട്ട് കയറി വന്ന് റോഷൻ ദേവികയുടെ മുൻപിൽ നിന്നു.. കുറ്റബോധമോ, സങ്കടമോ.. അവന്റെ കണ്ണുകളിൽ എന്ത് എന്ന് തിരിച്ചറി യാനായില്ല ദേവികക്ക്…

“വീട്ടിൽ ചെന്നപ്പോ തന്റെ അനിയത്തിയാണ് പറഞ്ഞത് അജയ് യുടെ മോൾക്കൊപ്പം ഇവിടെ ആണ് താമസം എന്ന്!!!! വിറയാർന്ന വാക്കുകളോടെ സംസാരത്തിന് തുടക്കമിട്ടു കൊണ്ട് റോഷൻ പറഞ്ഞു, എന്നോട് പൊറുക്കണം നീ! അന്ന് നീ പറഞ്ഞത് ഒരു തവണ എങ്കിലും ഞാൻ വിശ്വസിച്ചിരുന്നെങ്കിൽ എനിക്കെന്റെ നിത്യ മോളെ നഷ്ടപ്പെടില്ലായിരുന്നു.. ഞങ്ങൾക്ക് അയാളിലെ മൃഗത്തെ തിരിച്ചറിയാൻ കഴിയാതെ പോയ്‌..! അല്ലെങ്കിൽ നിന്റെ ഭാഗത്തെ സത്യത്തെ അംഗീകരിക്കാൻ അന്ന്മ നസ് അനുവദിച്ചില്ല.. ഒക്കെ മറക്കണം.. തിരിച്ചു വരണം നീ “

അവൻ അവൾക്ക് മുൻപിൽ കൈകൂപ്പി നിന്ന് യാചിച്ചു..

റോഷന്റെ മുഖത്തേക്ക് കണ്ണിമ വെട്ടാതെ ദേവിക നോക്കി നിന്നു.. പതിയെ അവളുടെ ചുണ്ടുകളിൽ ഒരു വരണ്ട ചിരി വിരിഞ്ഞു..!

“അന്ന് എന്റെ ഭാഗത്തെ ശരി നോക്കാതെ മറ്റുള്ളവരുടെ മുൻപിൽ വച്ചു എന്റെ സ്ത്രീത്വത്തെ ചവിട്ടിയരക്കാൻ എല്ലാവർക്കും ഒപ്പം എന്റെ കഴുത്തിൽ താലി കെട്ടിയ നിങ്ങളും കൂടി ചേർന്ന്…. എന്നേ ഉപേക്ഷിച്ച ദിവസം…..എന്റെ ആദ്യത്തെ തീരുമാനം ആയിരുന്നു നിത്യ ഇപ്പോൾ ചെയ്തത്..” ദേവികയുടെ വാക്കുകളിലെ അഗ്നിയിൽ താൻ ആളി പടരുന്നത് പോലെ റോഷന് തോന്നി..

“അന്ന് ഞാൻ അത് ചെയ്തിരുന്നെങ്കിൽ ഇന്നു എന്നേ തിരികെ വിളിക്കാൻ നിങ്ങൾക്ക് കഴിയുമായിരുന്നോ…??. ” അന്നൊക്കെ പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് തെറ്റ് തിരുത്തി എന്നെങ്കിലും എന്നേ വിളിച്ചു കൊണ്ട് പോകാൻ നിങ്ങൾ വരുമെന്ന്.. പക്ഷെ ഇപ്പോൾ എനിക്ക് ആ ആഗ്രഹമില്ല.. ആ ദേവിക എന്നേ മരിച്ചു.. ഇത് ഇവളുടെ അമ്മയാണ്.. ഇവൾക്ക് വേണ്ടി ഉള്ളതാണ് ഇനിയുള്ള എന്റെ ജീവിതം.. രണ്ടര വർഷത്തോളം നിങ്ങളുടെ ജീവിതത്തിൽ ഞാൻ ഉണ്ടായിരുന്നിട്ടും എനിക്ക് ഇല്ലാതിരുന്ന സമാധാനവും സന്തോഷവും ഈ കുഞ്ഞിനൊപ്പം ഉള്ള ഈ ജീവിതത്തിൽ ഞാൻ അറിയുന്നുണ്ട്…!! നിങ്ങൾക്ക് തിരിച്ചു പോകാം… ഇനിയൊരിക്കലും എന്റെ വഴിയിൽ വരാതിരിക്കാൻ ദയവ് ചെയ്തു ശ്രമിക്കണം,”

തന്റെ കൈകളിൽ പിടിച്ചു മുറ്റത്തു നിൽക്കുന്ന ആളിനെ ഭീതിയോടെ നോക്കുന്ന അമ്മുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ദേവിക പറഞ്ഞു അവസാനിപ്പിച്ചത് പോലെ നിന്നു, ദേവികയുടെ വാക്കുകളിലെ ദൃഢത തിരിച്ചറിഞ്ഞു റോഷൻ പതിയെ പടിക്കെട്ടിറങ്ങി നടന്നു..

അയാൾ വണ്ടിയിൽ കയറി പോയിട്ടും ദേവിക അതെ നിൽപ്പ് നിന്നു.. അമ്മുവിന്റെ മുഖത്തേക്ക് നോക്കി പതിയെ ദേവിക പുഞ്ചിരിക്കുമ്പോൾ അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ആ വീടിന്റെ പടിക്കെട്ടിൽ പതിൻമടങ്ങ് ശോഭ വിതറുന്നുണ്ടായിരുന്നു!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *