ലക്ഷ്മിയുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരമെന്ന വണ്ണം അവരെ നോക്കി ഒന്നു ചിരിച്ചിട്ട് ബാലൻ ദൂരത്തിലെവിടെയോ വീണ്ടും ദൃഷ്ടി ഉറപ്പിച്ചു…..

നിഴൽ പോലെ

എഴുത്ത് :- ലൈന മാർട്ടിൻ

“ഇതെന്ത് ഇരിപ്പാ ന്റെ ബാലേട്ടാ .. പല്ല് തേച്ചിട്ടില്ല, കുളിച്ചിട്ടില്ല.. ഇന്നല്ലേ പെൻഷൻ മേടിക്കാൻ പോകേണ്ട ദിവസം.. എന്നിട്ടാണോ ഇങ്ങനെ ചടഞ്ഞു കൂടിയിരിക്കുന്നെ?

ലക്ഷ്മിയുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരമെന്ന വണ്ണം അവരെ നോക്കി ഒന്നു ചിരിച്ചിട്ട് ബാലൻ ദൂരത്തിലെവിടെയോ വീണ്ടും ദൃഷ്ടി ഉറപ്പിച്ചു..

ഇതെന്താപ്പോ ഇങ്ങനെ? ഭർത്താവിന്റെ നിസ്സംഗ ഭാവം കണ്ടു ഒന്നും മനസിലാകാതെ ലക്ഷ്മി അടുക്കളയിലേക്ക് നടന്നു..

“അമ്മേ ദോശക്ക് ചട്ണി ആക്കി വച്ചിട്ടുണ്ടേ അമ്മ കിച്ചുവിനെ ഉണർത്തി സ്കൂളിൽ വിടാൻ റെഡി ആക്കണേ.. ഞാൻ ഇനിയും നിന്നാൽ ലേറ്റാകും… വൈകുന്നേരം എന്തെങ്കിലും മേടിച്ചിട്ട് വരണോ അമ്മേ?

“അമ്മേ ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ”?

“അച്ഛന് എന്തോ സങ്കടം ണ്ട് മോളെ.. രണ്ടീസം ആയി ആകെ ഒരു ഭാവമാറ്റം… ഒന്നിലും ഒരു ഉത്സാഹം ഇല്ലാത്ത പോലെ….എപ്പോഴും എന്തോ മറന്നിട്ടെന്ന പോലെ പരതി നടക്കുവാ.. ചിലപ്പോൾ ഒന്നിനും പ്രതികരിക്കാതെ ദൂരേക്ക് നോക്കി യിരിക്കുന്നത് കാണാം..”

“അമ്മക്ക് ചോദിച്ചൂടായിരുന്നോ അച്ഛന് എന്താ സങ്കടം ന്നു?”

“ചോദിച്ചാൽ എന്തെങ്കിലും പറഞ്ഞിട്ട് വേണ്ടേ? ഇപ്പോൾ തന്നെ പല്ല് തേക്കാതെ കുളിക്കാതെ ഉമ്മറത്തു ചടഞ്ഞു കൂടിയിരിക്കുവാ.. ഇന്നു പെൻഷൻ മേടിക്കേണ്ട ദിവസം ആണെന്ന് പോലും ഓർക്കാതെ.. രാവിലെ ഉണർന്നാൽ ഉടനെ കുളിക്കണം ന്ന് നിർബന്ധം ണ്ടായിരുന്ന ആളാ… എന്ത് പറ്റിയോ ഇങ്ങനെ…. മോള് ഒന്ന് മഹിയെ വിളിച്ചു പറ ലീവ് എടുത്തു ഒന്നിവിടം വരെ വരാൻ….അവന്റെ അച്ഛന് എന്ത് സങ്കടം ണ്ടേലും അവനോടു പറയും..”

“ഞാൻ പറയാം അമ്മ വിഷമിക്കണ്ട.. ഞാൻ ഇറങ്ങുവാണേ…”

ഉമ്മറത്തു എത്തിയ ശ്രേയ കണ്ടു.. ദൂരേക്ക് എവിടെയോ ഉള്ള കാഴ്ച്ചയിൽ കണ്ണും മനസുമുടക്കി അച്ഛൻ ഇരിക്കുന്നത്..

“അച്ഛാ എന്താ പറ്റിയെ? അച്ഛൻ എന്താ ഇങ്ങനെ ഇരിക്കണേ? അമ്മക്ക് ശരിക്കും സങ്കടം ണ്ട് കേട്ടോ അച്ഛൻ ഇങ്ങനെ സൈലന്റ് ആയിരിക്കുന്നതിൽ…”

“അച്ചപ്പം വേണം കൊണ്ട് വരുവോ?.തന്നെ നോക്കി ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്ക ഭാവത്തോടെ ബാലൻ ആവശ്യപെടുന്നത് കേട്ട് നേർത്തൊരു ആശങ്കയോടെ തലയാട്ടി കൊണ്ട് ശ്രേയ പുറത്തേക്ക് നടന്നു..

ഓഫീസ് തിരക്ക് കഴിഞ്ഞു ഫോൺ നോക്കിയപ്പോഴാണ് വീട്ടിൽ നിന്നും തുടരേയുള്ള അമ്മയുടെ മിസ്സ്കാൾസ് ശ്രേയ കാണുന്നത്. തിരികെ വിളിക്കാൻ എടുത്തപ്പോഴേക്കും ലക്ഷ്മിയുടെ കാൾ വീണ്ടും വന്നു വന്നു അറ്റൻഡ് ചെയ്തയുടനെ ലക്ഷ്മിയുടെ സ്വരം നിലവിളി പോലെ ശ്രേയയുടെ കാതുകളിൽ വന്നലച്ചു..

“മോളെ ഒന്ന് പെട്ടന്ന് വരാമോ”?

എന്താ അമ്മേ… എന്ത് പറ്റി? അച്ഛനെ കാണുന്നില്ല..

അച്ഛൻ പെൻഷൻ മേടിക്കാൻ പോയതാകും അമ്മ വിഷമിക്കാതെ…ഇല്ല മോളെ.. എന്നോടു പറയാതെ അച്ഛൻ എങ്ങടും പോകില്ലെന്ന് നിനക്ക് അറിയില്ലേ…

കുറെ മുൻപ് വരേ ഉമ്മറത്തിരിപ്പുണ്ടാർന്നു… കാപ്പി കഴിക്കാൻ വിളിക്കാൻ നോക്കിയപ്പോ കാണണില്ല.. ഞാൻ ഇവിടൊക്കെ നോക്കി.. എവിടെയുമില്ല…. അമ്മയുടെ കരച്ചിലിന്റെ ചീളുകൾക്കൊപ്പം രാവിലേയുള്ള അച്ഛന്റെ ഭാവം പെട്ടന്ന് ശ്രേയയുടെ ഓർമയിൽ വന്നു… അമ്മ ടെൻഷൻ അടിക്കേണ്ട.. ഞാൻ ദാ വരുന്നു… വീട്ടിലെത്തി അമ്മയെയും കൂട്ടി ശ്രേയ അച്ഛൻ പോകാൻ സാധ്യത ഉള്ളിടത്തൊക്കെ അന്വേഷിച്ചു.. പെൻഷൻ മേടിക്കാനോ കൂടെ ജോലി ചെയ്തവർക്ക് ഒപ്പമോ ഉണ്ടാകും എന്നുള്ളതായിരുന്നു ആ നിമിഷം വരെ അവളുടെ പ്രതീക്ഷ… എന്നാൽ ഒരിടത്തും ബാലനെ കാണാതെ വന്നപ്പോൾ ശ്രേയയിൽ ഭയം മുളപൊട്ടി.. ജോലി സ്ഥലത്തേക്ക് വിളിച്ചു മഹിയോട് അച്ഛനെ കാണാൻ ഇല്ലെന്ന് പറയുന്നതിനൊപ്പം തന്നെ രണ്ട് ദിവസം ആയി അച്ഛനിൽ കാണുന്ന മാറ്റവും അവൾ പറഞ്ഞു…

” ഞാൻ ഇപ്പോൾ തന്നെ ഇവിടുന്ന് തിരിക്കാം…നീ അമ്മയെ നോക്കിക്കോ….” വിഷമിക്കണ്ട.. അച്ഛൻ എങ്ങോട്ടും പോകില്ല… ഏതെങ്കിലും ചങ്ങാതിമാരെ കാണാൻ പോയതാകും…” ഉറപ്പില്ലാത്ത സ്വരത്തിൽ ആശ്വസിപ്പിക്കാൻ എന്ന പോലെ മഹി പറഞ്ഞവസാനിപ്പിച്ചു… “മോളെ… ഒന്നിങ്ങട് ഓടി വായോ..”.നീ അങ്ങോട്ടൊന്നു നോക്കിയേ… ലക്ഷ്മി അമ്മയുടെ വിളി കേട്ട് മുറിയിൽ എത്തിയ ശ്രേയയോട് കട്ടിലിനു അടിയിലേക്ക് ചൂണ്ടികാണിച്ചു കൊണ്ട് അവർ പറഞ്ഞു… കട്ടിലിനടിയിൽ ചുരുണ്ടു കൂടി കിടക്കുന്ന ബാലനെ കണ്ടു ശ്രേയ ആദ്യമൊന്നു പകച്ചു… അച്ഛാ ഇതെന്താ കാണിക്കുന്നേ…? ഇറങ്ങി വാ…

ബാലൻ കട്ടിലിനു അടിയിൽ ഒന്ന് കൂടെ ചുരുണ്ടു കിടന്നതല്ലാതെ പുറത്തേക്ക് ഇറങ്ങി വരുന്നില്ല എന്ന് കണ്ട് ശ്രേയ ലക്ഷ്മി അമ്മയെയും കൂട്ടി കട്ടിൽ പതിയെ മാറ്റിയിടാൻ ശ്രമിച്ചു… പെട്ടന്ന് ഒരു നിലവിളിയോടെ പുറത്തേക്ക് ഇറങ്ങിയോടാൻ തുനിഞ്ഞ ബാലനെ ശ്രേയ വട്ടം പിടിച്ചു … അച്ഛാ! നിൽക്ക് അച്ഛാ.. അച്ഛാ…. ശ്രേയയുടെ വിളിയൊച്ച നിലവിളി പോലെ പ്രകമ്പനം കൊണ്ടു.. അടുത്ത നിമിഷം ശ്രേയയേ നോക്കി നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് ബാലൻ അവിടെ കിടന്ന കസേരയിലേക്കമർന്നു ഇരുന്ന് കൊണ്ട് ചുറ്റും നോക്കി … എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പകച്ചു നിൽക്കുന്ന ലക്ഷ്മി അമ്മയെ ശ്രേയ ദയനീയതയോടെ നോക്കി നിന്നു. യാത്ര മദ്ധ്യേ വീട്ടിൽ നടന്ന സംഭവങ്ങളൊക്കെ അറിഞ്ഞ മഹി തന്റെ സുഹൃത്തു കൂടിയായ ഡോക്ടർ അനന്തനെയും കൂട്ടിയാണ് വീട്ടിൽ എത്തിയത്,

ബാലനുമൊത്തു കുറച്ചു സമയം തനിച്ചു ചെലവഴിച്ച ശേഷം ഡോക്ടർ മഹിയുടെയും ശ്രേയയുടെയും അടുത്തെത്തി..

“ഞാൻ പറയുന്നത് മഹി ശ്രദ്ധിച്ചു കേൾക്കണം… അച്ഛന് ഓർമ്മ കുറവുണ്ട്.. പ്രായമേറുമ്പോൾ മനുഷ്യരിൽ ഉണ്ടാകുന്ന ഒരു അവസ്ഥ ആണിത് എന്ന് ആദ്യം മനസിലാക്കുക… ചിലരിൽ അപൂർവം ആയി ഈ രോഗം വാർദ്ധക്യം എത്തും മുൻപും കാണാറുണ്ട്.. അൽഷിമേഴ്സ് എന്ന ഈ രോഗം തലച്ചോറിലെ നാഡീ കോശങ്ങൾ ജീർണ്ണിച്ച് മൃതം ആകുന്ന അവസ്ഥയാണ് . ഒപ്പം തലച്ചോർ ചുരുങ്ങുകയും ചെയ്യും. ഇനി ഒരിക്കലും പുനർജീവനം സാധ്യമാകാത്ത തലച്ചോറിന്റെ അവസ്ഥയാണ് ഈ രോഗം

“ഡോക്ടർ ചികിത്സ കൊണ്ട്? “ശരിക്കും പറഞ്ഞാൽ അച്ഛനല്ല ചികിത്സ നൽകേണ്ടത്.. അച്ഛന് എന്ത് സംഭവിക്കുന്നു എന്നറിയേണ്ടത് നിങ്ങൾ ആണ്‌. അച്ഛനെ നന്നായി ശ്രദ്ധിക്കുക.. വാശിയും ദേഷ്യവും ഒക്കെ കൂടുതൽ ആയിരിക്കും… വെളിച്ചത്തിൽ നിൽക്കുന്ന ഒരാൾ പെട്ടന്ന് ഇരുട്ടിലേക്കു വലിച്ചെറിയപ്പെട്ട അവസ്ഥയിലാണ് അച്ഛൻ.. അത് മനസിലാക്കി നിങ്ങൾ കൂടെ നിൽക്കുകയാണ് വേണ്ടത്”

ഡോക്ടറെ യാത്രയാക്കിയ ശേഷം മഹി അച്ഛന്റെ മുറിയിലേക്ക് ചെന്നു.. ഡോക്ടർ നൽകിയ മരുന്നിന്റെ സെഡേഷനിൽ ചരിഞ്ഞു കിടന്ന് ശാന്തമായി ഉറങ്ങുന്ന അച്ഛനെ നോക്കി മഹി നിന്നു… നാളുകൾ കടന്ന് പോയി.. ആരെയും.. അറിയാതെ.. ഒന്നും ഓർമിക്കാതെ ബാലൻ അവർക്കിടയിൽ ജീവിച്ചു കൊണ്ടേയിരുന്നു…

പലപ്പോഴും ശ്രേയയെ ആണ് ബാലന്റെ ഓർമ്മക്കുറവ് ബാധിച്ചത്.. ശ്രേയയുടെ വസ്ത്രങ്ങൾ വാരി പുറത്തിടുക, കുഞ്ഞിന്റെ പുസ്തകങ്ങൾ നശിപ്പിക്കുക, ഓഫീസിലെ ഫയലുകൾ നശിപ്പിക്കുക അങ്ങനെ ബാലൻ ചെയ്യുന്ന ഓരോ പ്രവർത്തികളും ശ്രേയക്ക് ബാലനോടുള്ള സ്നേഹത്തിനു പകരം അമർഷവും വിദ്വേഷവും നിറച്ചു… ശ്രേയയുടെ പരാതികൾക്ക് പരിഹാരം കണ്ടെത്താൻ കഴിയാതെ മഹി പലപ്പോഴും പകച്ചു നിന്നു… ഒരു അഞ്ച് വയസുകാരന്റെ മാനസിക നിലയിലേക്ക് അച്ഛൻ പോകുന്നത് മഹി മനസിലാക്കി

ബാലന്റെ അവസ്ഥയിൽ മനം നൊന്തും പ്രാർത്ഥനയിൽ മുഴുകിയും ദിവസങ്ങൾ തള്ളി നീക്കുമ്പോഴും തന്റെ ഭർത്താവിന്റെ അസുഖം മൂലം വീടിനുള്ളിൽ ഉണ്ടാകുന്ന മുറുമുറുപ്പുകളും അസ്വാരസ്യങ്ങളും ലക്ഷ്മി അറിയുന്നു ണ്ടായിരുന്നു….

ഒരു ദിവസം കുളി കഴിഞ്ഞു വന്ന ലക്ഷ്മി കണ്ടത് ശ്രേയയും മഹിയും തമ്മിൽ ഉള്ള വാക്കേറ്റമാണ്…

“എന്റെ കുഞ്ഞിന്റെ ജീവൻ ആണ്‌ മറ്റെന്തിനെക്കാളും എനിക്ക് വലുത്.. ഇന്ന് നിങ്ങളുടെ അച്ഛൻ കാരണം എന്റെ കുഞ്ഞിന്റെ ജീവൻ അപകടത്തിൽ ആയെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു… നിങ്ങൾക്ക് നിങ്ങളുടെ അച്ഛനും അമ്മയും മാത്രം മതി.. ഞാൻ എന്റെ വീട്ടിലേക്ക് പോകുന്നു…”

ബാലൻ കിച്ചുവിനോപ്പം ഒളിച്ചു കളിക്കുന്നതിനിടയിൽ കുട്ടിയെ അലമാരയിൽ ആക്കി പുറത്ത് നിന്ന് ലോക്ക് ചെയ്തത് ആണ്‌ ഇപ്പോഴുള്ള ഈ വഴക്കിനു കാണാമെന്നു അറിഞ്ഞു ലക്ഷ്മിയമ്മ തറഞ്ഞു നിന്നു.. മകന്റെ ജീവിതം മനോഹരമാകാൻ ഏറ്റവും അധികം സ്വപ്നം കണ്ട ആള് തന്നേ അവന്റെ ജീവിതം ഇല്ലാതാകാൻ കാരണം ആകുന്നതു കണ്ടു ലക്ഷ്മിയമ്മയുടെ ഹൃദയം പിടഞ്ഞു…

“മോളെ…. ഒന്ന് ക്ഷമിക്ക്.. ഈ രാത്രി ഒന്ന് പുലർന്നോട്ടെ അമ്മ എന്തെങ്കിലും വഴി കാണാം “

ശ്രേയയേ സാന്ത്വനിപ്പിക്കുമ്പോഴും പരിഹാരം എന്തെന്ന് മാത്രം ലക്ഷ്മിയമ്മക്ക് അറിയുമായിരുന്നില്ല.. രാത്രി അത്താഴം വിളമ്പി വച്ചു വിളിക്കാൻ ചെന്നപ്പോഴും ശ്രേയ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്ന് വസ്ത്രങ്ങൾ ബാഗുകളിൽ നിറക്കുന്നത് കണ്ടു ലക്ഷ്മിയമ്മ പതിയെ തിരിഞ്ഞു നടന്നു.

ബാലനുള്ള കഞ്ഞിയുമായി മുറിയിലെത്തിയ ലക്ഷ്മിയമ്മയേ കണ്ടു ബാലൻ പുഞ്ചിരിച്ചു.. എന്നും ഒരു കുഞ്ഞിന്റെ നിഷ്കളങ്കത ആണ്‌ ബാലേട്ടന്റെ ചിരിക്ക്… ലക്ഷ്മിയമ്മ പതിയെ ബാലന്റെ കവിളിൽ തൊട്ടു.. ഒരു ആയുസിലേക്ക് ഉള്ള സ്നേഹവും കരുതലും തനിക്കും മകനും കുടുംബത്തിനും സമ്മാനിച്ച ആ മുഖത്തേക്ക് നോക്കിയിരിക്കേ ആദ്യമായ് ബാലേട്ടന്റെ കൈപിടിച്ച് ഈ വീടിന്റെ പടി കയറി വന്ന ദിവസം ഓർമകളിൽ പെയ്തിറങ്ങി..

“ബാലേട്ടാ… നമുക്ക് പോകാം… ഒന്നിച്ചു പോകാം… ഞാനെങ്ങാനും ആദ്യം പോയാൽ ആരാരും നോക്കാനില്ലാതെ ഏട്ടൻ ഒറ്റക്കായി പോകും… അത് വേണ്ട.. നമുക്ക് ഒന്നിച്ചു പോകാം… കഞ്ഞി കുടിക്ക്… “

ഓരോ സ്പൂൺ കഞ്ഞി കോരി ബാലനും കൊടുത്തു ലക്ഷ്മിയും കുടിച്ചു കൊണ്ട് നോക്കുമ്പോൾ ബാലന്റെ പുഞ്ചിരി നിറഞ്ഞ മുഖം കണ്ണുനീർ കണങ്ങളാൽ നനയുന്നുണ്ടെന്ന് ലക്ഷ്മി അറിഞ്ഞു… ആ മുഖം തന്റെ തോളിലേക്ക് ചേർത്ത് വയ്ച്ചു ലക്ഷ്മി പതിയെ ഈറനണിഞ്ഞ കണ്ണുകൾ അടച്ചു പിടിച്ചു…. ബാലന്റെയും ലക്ഷ്മിയുടെയും ചലനമറ്റ ശരീരമാണ് പിറ്റേന്നത്തെ പ്രഭാതത്തെ എതിരേറ്റത്..

Related Posts

Leave a Reply

Your email address will not be published. Required fields are marked *