വണ്ടി ഒരു വിധം ഒതുക്കി പാർക്ക് ചെയ്ത് സാവിത്രി കൂട്ടിയോടൊപ്പം റോഡു മുറിച്ചു നടക്കുമ്പോൾ ദൂരെ സാറ് കോളേജിന്റെ തുറന്ന ഗേറ്റിനുള്ളിൽ കൂടി അകത്തേക്ക് കയറുന്നതു കണ്ടു………

മറന്നുവെച്ച ചുവർചിത്രങ്ങൾ

എഴുത്ത്:ഷാജി മല്ലൻ

“ഇതിപ്പൊ എന്താ കഥ ….. മാമനിത് എങ്ങട്ടാ ? ഗംഗാധരേട്ടാ ഒന്നു പറയൂന്ന് …. സോഡിയം കുറഞ്ഞോന്ന് ഒരു സംശയമുണ്ട്ട്ടോ!”. സാവിത്രി അല്പം പരിഭ വത്തോടും അതിലേറെ പരിഭ്രമത്തോടെയുമാണ് അങ്ങനെ പറഞ്ഞതെന്ന് ഡ്രൈവർ ശംഗാധരൻ എന്ന എനിക്ക് യ തോന്നി. സിറ്റി സ്ക്വയറിൽ വണ്ടിയെത്തിയപ്പോഴാണ് കാറ് നിർത്തി പുറത്തിറങ്ങാൻ സാർ ആഗ്രഹം പ്രകടിപ്പിച്ചത്.. കഴിഞ്ഞ മുപ്പതു കൊല്ലമായി സാറിന്റെ നിഴലായി നടക്കുന്നത് കൊണ്ട് സാർ നിർത്താൻ പറഞ്ഞാൽ തനിക്ക് നിർത്താതിരിക്കാൻ പറ്റുവോ?, കഴിഞ്ഞ പതിനഞ്ചുകൊല്ലമായി സാറ് അധികാര കേന്ദ്രങ്ങളിൽ നിന്നകന്ന് വിശ്രമ ജീവിതത്തിലാണെങ്കിലും കേരളത്തിന്റെ ഓരോ മണൽത്തരികളേയും ത്രസിപ്പിച്ച ഭരണാധികാരിയല്ലായിരുന്നോ?

“ഗംഗാധരേട്ടാ ആലോചിച്ച് നിൽക്കാതെ എന്റെ കൂടെയൊന്നു വന്നേ, നമുക്ക് സാറിനെ പെട്ടന്നുതന്നെ കാറിലോട്ടു കയറ്റണം. അദ്ദേഹത്തിനെ കണ്ടാൽ ആൾക്കാർ കൂടും ….. നമുക്ക് തിരിച്ചു പോകാൻ ബുദ്ധിമുട്ടാകും”.

വണ്ടി ഒരു വിധം ഒതുക്കി പാർക്ക് ചെയ്ത് സാവിത്രി കൂട്ടിയോടൊപ്പം റോഡു മുറിച്ചു നടക്കുമ്പോൾ ദൂരെ സാറ് കോളേജിന്റെ തുറന്ന ഗേറ്റിനുള്ളിൽ കൂടി അകത്തേക്ക് കയറുന്നതു കണ്ടു.” ചേട്ടാ ഇനി ഈ പിള്ളേര് സാറിനു ചുറ്റും കൂടില്ലേ ?, ഹോം നേഴ്സാണെങ്കിലും വകയിൽ സാറിന്റെ അകന്ന ഒരു ബന്ധു കൂടിയായതിനാൽ സാവിത്രിയ്ക്ക് എല്ലാ കാര്യത്തിലും ഒരൊന്നര ശ്രദ്ധയാണെന്ന് ഗംഗാധരന് തോന്നി. പറഞ്ഞതിലും കാര്യമുണ്ട്. കേരളം കണ്ട ഏറ്റവും ജനപ്രിയ നായ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്നല്ലോ സാർ, അപ്പോൾ പിന്നെ ഒരു കോളേജിലേക്കൊക്കെ കയറി ചെന്നാലുള്ള അവസ്ഥ എന്തായിരിക്കും?!!

ആശുപത്രിയിൽ നിന്നു വരുന്ന വഴിയായതിനാൽ സാറ് സർജിക്കൽ മാസ്ക്ക് വെച്ചിട്ടുണ്ടെന്ന സമാധാനത്തിലാണ് സാവിത്രി. പണ്ടൊക്കയുള്ള പോലെ പ്രീഡിഗ്രിക്കാരൊന്നും ഇല്ലെങ്കിലും കോളേജിലെ കുട്ടികൾക്കൊക്കെ പത്താം ക്ലാസുകാരുടെ വലിപ്പമേയുള്ളുവെന്നത് എന്റെ തോന്നൽ മാത്രമോ എന്തോ ?..

സാറിനെ പിന്തുടർന്ന് ചെന്നത് ലൈബ്രറിയിലേയ്ക്കാണ്. അല്ലേലും സാർ വലിയ പുസ്തക പ്രേമിയാണെല്ലോ .” സാവിത്രി നിനക്കറിയുമോ ഈ ലൈബ്രറി കെട്ടിടം എന്റെ കാലത്തു ഞാൻ വകുപ്പിൽ നിന്ന് പണം അനുവദിച്ച് നിർമ്മിച്ചതാ … അതുകൊണ്ട് പുതിയ തലമുറയ്ക്ക് ഉപകാരപ്പെട്ടില്ലേ ?”. ശരിയാണ് സാർ മന്ത്രിയായിരിക്കുന്ന സമയക്ക് സാറിന്റെ പ്രത്യേക പരിഗണനയിൽ ഫണ്ട് അനുവദിച്ച് പണി കഴിപ്പിച്ച മൂന്നു നില കെട്ടിടം.” മാമൻ അങ്ങനെ ചെയ്തോണ്ട് എന്തോരം കുട്ടികൾക്കായിരിക്കും ഗുണം കിട്ടിയതല്ലേ …. നോക്കു ലൈബ്രറിയിലെ തിരക്ക്!!!”. സാവിത്രികുട്ടിയുടെ അത്ഭുതപരവശയായുള്ള സംസാരം കേട്ടു എന്റെ കണ്ണുകൾ ചുറ്റും പരതി. ശരിയാണ് കുട്ടികൾ തിങ്ങി നിൽക്കുന്നു പക്ഷേ ആരുടെ കൈയിലും ബുക്സോ അല്ലേൽ ആരെങ്കിലും ഗഹനമായി വായിക്കുന്നതും കണ്ടില്ല ….പലരും ജോഡികളായി നിന്നു സല്ലാപത്തിലാണെന്നാ എനിക്ക് തോന്നിയത്. പഴയ പത്താം ക്ലാസും ഗുസ്തിയും മാത്രം കൈവശമുള്ളതുകൊണ്ട് സദാചാര പോലീസ്കാരനെന്ന പേരു വീഴാതിരിക്കാൻ ഞാൻ മൗനം പാലിച്ചു.

തിരക്കു കാരണം അധിക സമയം അവിടെ നിൽക്കാതെ സാറ് പുറത്തിറങ്ങി കോളേജിലെ ഗാന്ധി പാർക്കിലേക്ക് നടക്കുന്നതു കണ്ടു. സാറാണ് അതിനു ഫണ്ട് നൽകിയതെന്ന് ഞാനോർത്തു.” കുറച്ചു കൂടി മര്യാദയാകാം, മഹാത്മാവിന്റെ മുമ്പിൽ നിന്നാണോ പുകവലിക്കുന്നേ”. സാറ് പ്രതിമയ്ക്കു ചുറ്റും പുകവലിച്ചു നില്ക്കുന്ന വിദ്യാർത്ഥികളോട് മാസ്ക്കൂരി കയർക്കുന്നതു കണ്ടു.

” ജീവിച്ചിരിക്കുന്ന മാഷൻമാരുടെ മുമ്പിൽ വലിയ്ക്കും പിന്നാ അപ്പൂപ്പന്റെ പ്രതിമ!!!”, പയ്യൻമാർ ആർത്തലയ്ക്കുന്നതു കണ്ടു സാറ് ആശ്ചര്യപ്പെടുന്നതു കണ്ടു. സാറിനെ പിള്ളേർക്കു മനസ്സിലായില്ലെന്നു തോന്നുന്നു. എന്റെ മുഖം അരിശത്താൽ ചുവന്നു. അവരെ തിരുത്താൻ മുന്നോട്ടാഞ്ഞ എന്നെ കണ്ണൂ കൊണ്ട് സാറ് വിലക്കി മെല്ലേ മാസ്ക്ക് വീണ്ടും മുഖത്തേക്ക് വലിച്ചിട്ടു.

” ഇതാരണെന്ന് പറഞ്ഞാൽ സമ്മാനമുണ്ട്!!!”, ഏതോ ചാനലിന്റെ ആൾക്കാർ പാർക്കിൽ കുട്ടികളുടെ ഇടയിൽ തിരക്കുക്കൂട്ടിക്കുന്നതു കണ്ടു.” ഇതു സീരിയൽ നടൻ അടിയോടി ആണോ?”, പറഞ്ഞ പയ്യന് ഉറപ്പില്ല!. പിന്നെയും പലരും പലതും പറഞ്ഞു… അതൊന്നും ഉത്തരമായില്ല!!!” ചേട്ടൻ പറയൂന്നേ.. ചാനലിലെ ശ്യംഗാരി പെണ്ണ് മൈക്ക് എന്റെ നേരെ പിടിച്ചു മൊബൈലിലെ ഫോട്ടോ കണ്ട് ഞങ്ങൾ ഞെട്ടി ….. സരസനും നർമ്മരസപ്രധാനിയുമായ മുൻ മുഖ്യൻ പുഞ്ചിരിച്ചു നിൽക്കുന്നു. എനിക്കു മുൻപേ ഉത്തരം നല്കിയ ശേഷം സാറിന്റെ ആത്മഗതം അല്പം ഉയർന്നു, “ഇങ്ങേരെ അടിയോടി ആക്കാമെങ്കിൽ പിന്നെ നമ്മളെന്ത്”.

ഗേറ്റിനടുത്തേക്ക് ഒരുമിച്ചു തിരിച്ചു നടക്കുമ്പോൾ സാറ് മൗനത്തിലൊളിച്ച പോലെ തോന്നി.

“സാറെന്താ ഇവിടെ?, സിനിമാ സംവിധായകൻ അനന്തൻ സാറിൻ്റെ അച്ഛനല്ലേ ? ഗേറ്റ് കയറി അകത്തേക്കു വന്ന കാറിലിരുന്ന കോട്ടിട്ടയാൾ ഗ്ലാസ് താഴ്ത്തി വിനയ്വാനിതനായി .സാറിന്റെ മുഖം വിടർന്നെങ്കിലും ആഗതനെ മനസ്സിലാകാത്തതിനാൽ ആരാണെന്നർത്ഥത്തിൽ എന്റെ മുഖത്തേക്ക് നോക്കി..” ഇവിടത്തെ ഹിസ്റ്ററി അധ്യാപകനാണ്. അനന്തൻ സാറിന്റെ അസിസ്റ്റൻ്റാവാൻ കുറച്ചുനാൾ മുൻപ് വീട്ടിൽ കാണാൻ വന്നിരുന്നു. എൻ്റെ പാഷൻ സിനിമയാണ് ‘പുതിയ ലൊക്കേഷൻ വല്ലതും തിരക്കി വന്നതാണോ?.” അല്ല, അതിന് ഞാൻ സിനിമാ പിടുത്തക്കാരനല്ലല്ലോ”,സാറ് മെല്ലേ ഊറിച്ചിരിച്ചു. രാഷ്ട്രീയം തലക്കുപിടിച്ചപ്പോൾ അധ്യാപക ജോലി രാജിവെച്ചു പോയ ആളാണ് സാറെന്ന് കേട്ടിട്ടുള്ളത് എൻ്റെ ഓർമ്മയിൽ തെളിഞ്ഞു. തിരികെ വീട്ടിൻ്റെ ഗേറ്റു കടന്നപ്പോൾ സാർ ഇറങ്ങി ഗേറ്റ് പില്ലറിലെ സാറിൻ്റെ പഴയ നെയിം ബോർഡ് ഇളക്കിക്കൊണ്ടു വരുന്നതു കണ്ടു. വിസ്മൃതിയിൽ അകപ്പെട്ടവർക്ക് ചുവർചിത്രങ്ങളുടെ ആവശ്യമില്ലെന്നു സാറിനു തോന്നിയിരിക്കാം!!!.

Related Posts

Leave a Reply

Your email address will not be published. Required fields are marked *