വയറ്റിൽ വളരുന്ന കുഞ്ഞ് ഒരു ചോദ്യചിന്ഹമായി വളരുമ്പോൾ അവൾക്ക് പോലും…..

എഴുത്ത്:-മഹാ ദേവൻ

നെറ്റിയിൽ തോട്ടു കൊടുത്ത ചന്ദനക്കുറി നോക്കി അവൻ പുഞ്ചിരിയോടെ പറയുന്നുണ്ടായിരുന്നു ” ഈ ചന്ദനം കൂടി തൊട്ടാൽ നിന്നോളം സൗന്ദര്യം വേറെ ഇല്ല പെണ്ണെ ” എന്ന്.

അത്‌ കേട്ടവൾ പുഞ്ചിരിച്ചു. പിന്നെ അവന്റെ കയ്യും പിടിച്ചു അമ്പലം പ്രദക്ഷിണം വെക്കുമ്പോൾ ആ വിരൽ ഒന്നുകൂടി മുറുക്കെ പിടിച്ചവൾ കണ്ണിറുക്കി പറയുമായിരുന്നു

” ഈ സ്നേഹത്തോളം വലിയ സുരക്ഷിതത്വം ഞാൻ ഇന്നോളം അനുഭവിച്ചിട്ടില്ല ഏട്ടാ “” എന്ന്.

അത്‌ കേട്ട രാജീവ് കയ്യിലെ പിടുത്തതിന് ഒന്നുകൂടി മുറുക്കം കൂട്ടുമ്പോൾ അവൻ പറയാതെ തന്നെ ജാനി അറിയുന്നുണ്ടായിരുന്നു ഇന്നോണം കിട്ടാത്തൊരു കരുതലിന്റ നിമിഷങ്ങൾ.

അമ്പലം തൊഴുതു പാതി മനസ്സോടെ അവനിൽ നിന്നും യാത്ര പറഞ്ഞ് അവൾ വീട്ടിലെത്തുമ്പോൾ മുറ്റമടിക്കുന്ന രണ്ടാനമ്മയായ ശകുന്തള ഒന്ന് മുതു നിവർത്തി ചൂലിന്റ മൂടൊന്നു കയ്യിൽ കുത്തികൊണ്ട് ഇച്ചിരി വിഷമത്തോടെ തന്നെ പറയുന്നുണ്ടായിരുന്നു

” രാവിലെ ഒരുങ്ങിക്കെട്ടി അമ്പലത്തിൽ പോയിട്ടൊന്നും കാര്യമില്ല കുട്ട്യേ. വയ്യാതെ കിടക്കുന്ന അച്ഛന് കുറച്ച് വെള്ളമെങ്കിലും എടുത്ത് കൊടുത്താൽ അത്രയെങ്കിലും പുണ്യം കിട്ടും. ” എന്ന്.

അത്‌ കേട്ടവൾ അവരെ രൂക്ഷമായൊന്നു നോക്കി. പിന്നെ ദേഷ്യത്തോടെ ചവിട്ടിതുളളി അകത്തേക്ക് പോകുമ്പോൾ പുച്ഛത്തോടെ പറയുന്നുണ്ടായിരുന്നു ” ന്റെ അമ്മ മരിച്ചതിൽ പിന്നെ ആണ് ഞാനും ആ മനുഷ്യനെ വെറുത്തത് . അത്‌ നിങ്ങളെ കൂട്ടി ഈ പടികയറിയത് മുതൽ ആയിരുന്നു. എന്റെ അമ്മയുടെ സ്ഥാനത് അച്ഛൻ നിങ്ങളെ പ്രതിഷ്ഠിച്ചപ്പോൾ എനിക്ക് കിട്ടേണ്ട സ്നേഹം നിങ്ങളുടെ മകനു കൂടി പകുത്തു നൽകിയപ്പോൾ ഞാൻ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ട് ഇവിടെ.

എന്റെ മുറിയിലേക്ക് മാത്രമായി ചുരുങ്ങിയ ദിവസങ്ങളിൽ ഞാൻ അനുഭവിച്ച ഏകാന്തതയെ പ്രണയിക്കാൻ തുടങ്ങിയപ്പോൾ മുതൽ എന്റെ വെറുപ്പിന്റെ ആഴം പതിന്മടങ്ങ് കൂടിയിട്ടേ ഉളളൂ. എന്റെ മനസ്സിൽ എന്നോ മരിച്ചുപോയ ആ മുഖം ഇനി കാണണം എന്ന് തോന്നിയിട്ടില്ല… മനസ്സിൽ നാം കൊടുക്കുന്ന സ്ഥാനം കൊണ്ടാണ് ഒരാൾ ദൈവവും ചെകുത്താനും ആകുന്നത്. “

പോകുമ്പോൾ രണ്ടാനമ്മ അതേ നിൽപ്പ് നിൽക്കുകയായിരുന്നു. രണ്ട് തുളളി കണ്ണുനീർ പൊടിഞ്ഞുവീഴുമ്പോൾ ഓർക്കാൻ ഒരു കാലം മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ട് അടുക്കലുണ്ടായിരുന്നു.

അന്ന് ഭാര്യ മരിക്കുമ്പോൾ പരമേശ്വരനു മുന്നിൽ ആറു വയസ്സായ ഒരു കുഞ്ഞുണ്ടായിരുന്നു.

അവൾക്ക് വേണ്ടി ജീവിതത്തെ മാറ്റിവെക്കുമ്പോൾ പലരും പറഞ്ഞതാണ് വേറെ ഒരു വിവാഹം കഴിക്കാൻ. പക്ഷേ, ഇനി ഒരാൾ കേറി വന്നാൽ അവൾ തന്റെ കുഞ്ഞിനോട് എങ്ങിനെ പെരുമാറും എന്ന ചിന്ത മനസ്സിൽ ഒരു പിടിവലി നടത്തുമ്പോൾ വീട്ടുകാർ കൊണ്ട് നിർത്തിയത് അമ്മാവന്റെ മകളെ തന്നെ ആയിരുന്നു.

ഒരിക്കൽ മോഹിച്ചവൾ. കൂടെ കൂട്ടാൻ ആഗ്രഹിച്ചവൾ. പക്ഷേ, അന്ന് പെങ്ങളുടെ മകൻ അമ്മാവന്റെ അന്തസ്സിനു ചേരില്ലെന്നും പറഞ്ഞ് പിടിച്ച പിടിയാൽ അവളെ വേറെ ഒരുത്തനെ കൊണ്ട് കെട്ടിക്കുമ്പോൾ ഒരു വിജയിച്ച ഭാവം ഉണ്ടായിരുന്നു അയാളുടെ മുഖത്ത്‌. പക്ഷെ അതിന് അതികം ആയുസ്സില്ലാത്ത പോലെ മകൾ നിറവയറുമായി വീട്ടിലേക്ക് വരുമ്പോൾ ഏച്ചുകൂട്ടാൻ പറ്റാത്ത പോലെ അറുത്തെറിഞ്ഞ താലിയുമായിട്ടായിരുന്നു.

ഒരാളുടെ കൂടെ ജീവിക്കാൻ വിട്ടവൾക്ക് പലരുടെ കൂടെ കി ടക്കേണ്ടി വന്ന കഥ കേട്ട് തരിച്ചിരിക്കുമ്പോൾ, വയറ്റിൽ വളരുന്ന കുഞ്ഞ് ഒരു ചോദ്യചിന്ഹമായി വളരുമ്പോൾ അവൾക്ക് പോലും ഉത്തരം ഇല്ലായിരുന്നു അതിന്റ പിതൃത്വത്തിന് ആരുടെ പേരു നൽകണമെന്ന്. അതുകൊണ്ട് തന്നെ അവൾ പ്രസവിക്കുമ്പോൾ അച്ഛന്റെ ഒപ്പിന്റ സ്ഥാനം ശൂന്യമായിരുന്നു.

അഹംഭാവത്തിന്റെ നെറുകയിൽ തന്നെ കിട്ടിയ അടിപോലെ എല്ലാം നഷ്ട്ടപ്പെട്ട അവസ്ഥയിൽ അമ്മാവൻ മുന്നിൽ കൈ കൂപ്പുമ്പോൾ അയാളോട് തോന്നിയ സിമ്പതി അല്ലായിരുന്നു അവളെ സ്വീകരിക്കാൻ പ്രേരിപ്പിച്ചത്.

ഒരിക്കൽ പ്രേമിച്ചവളേ ഇങ്ങനെ ഒരു അവസ്ഥയിൽ കൈ വിടാനുള്ള വിഷമം അതോടൊപ്പം അവൾക്ക് തന്റെ മകളെ പൊന്ന് പോലെ നോക്കാൻ കഴിയുമെന്ന വിശ്വാസം. ആ വിശ്വാസം അവളെ കൈപിടിച്ച് കയറ്റാൻ പ്രേരിപ്പിക്കുമ്പോൾ കളങ്കപ്പെട്ട പെണ്ണിന്റ മനസ്സ് പുതിയ ജീവിതത്തോട് പൊരുത്തപ്പെടാൻ വിഷമിക്കുന്നുണ്ടായിരുന്നു.

പിന്നെ പിന്നെ ആ വീടുമായി പൊരുത്തപ്പെട്ടുത്തുടങ്ങുമ്പോൾ സ്നേഹിക്കാൻ രണ്ട് മക്കളെ കിട്ടിയ സന്തോഷം ആയിരുന്നു അവളിൽ. പക്ഷേ, രണ്ടാനമ്മയെന്ന് ആരോ പറഞ്ഞ് പഠിപ്പിച്ച ഒരു ഏഴ് വയസ്സ്കാരിക്ക് വയസ്സ്കാരിക്ക് ശകുന്തള ഒരു വെറുപ്പിന്റെ അടയാളമായിത്തുടങ്ങിയിരുന്നു പതുക്കെ പതുക്കെ.

മോളെ എന്ന് വിളിക്കുമ്പോൾ എല്ലാം മറുകൈ കൊണ്ട് തട്ടിയെറിഞ്ഞു ഓടുന്ന അവളെ പരമേശ്വരൻ ചേർത്തുപിടിക്കുമ്പോൾ കയ്യിൽ ഉണ്ടായിരുന്ന പൊതി രണ്ടായ് പകുത്തു നൽകുമ്പോൾ ദേഷ്യത്തോടെ കിട്ടിയത് വലിച്ചെറിഞ്ഞവൾ പറയുമായിരുന്നു ” മുഴോൻ എനിക്ക് തന്നിരുന്ന അച്ഛൻ ഇപ്പോൾ എന്തിനാ പാതി അവന് കൊടുക്കണെന്ന്. അവൻ രണ്ടാനമ്മയുടെ മോൻ അല്ലെ. ഞാൻ അല്ലെ അച്ഛന്റെ മോള് ” എന്ന്.

അത്‌ കേട്ട് തെല്ല് സങ്കടത്തോടെ ഇതൊന്നും മനസ്സിലാവാതെ കിട്ടിയത് ആഹ്ലാദത്തോടെ കഴിക്കുന്ന മകനെ ചേർത്തു പിടിച്ച് നിൽക്കുന്ന ശകുന്തളയെ നോക്കികൊണ്ട് അയാൾ മകളെ അരികിൽ ഇരുത്തി പറയും ” ഇപ്പോൾ നിന്റെ അമ്മ ഇതല്ലേ മോളെ.. അത്‌ നിന്റെ അനിയനും. അച്ഛന് നിങ്ങൾ രണ്ട് പേരും ഒരുപോലെ അല്ലെ ” എന്ന്.

അത്‌ കേട്ട് അവൾ കൈ കുതറി കെറുവിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോൾ ആരോ പറഞ്ഞ് പഠിപിച്ച പോലെ പറയുന്നുണ്ടായിരുന്നു ” ഇതെന്റെ ആരുമല്ല.. ഇത് ചീത്തയാ… ” എന്ന്.

അങ്ങനെ ഓരോ കാര്യങ്ങൾകും അവൾ വാശിപിടിച്ചു വളരുമ്പോൾ എല്ലാവരും അവളുടെ കണ്ണിൽ ശത്രുക്കൾ ആയിരുന്നു. അവൾക്ക് കിട്ടേണ്ട സ്നേഹം പകുത്തു നൽകിയ അച്ഛനായിരുന്നു ആദ്യത്തെ ശത്രു. തനിക്ക് കിട്ടേണ്ട സ്നേഹം തട്ടിപ്പറിക്കാൻ വന്ന അമ്മയും മകനും അടുത്ത ശത്രുക്കൾ ആകുമ്പോൾ ആ വീട്ടിൽ സ്വന്തം ഒറ്റപ്പെടുകയായിരുന്നു അവൾ. ആ ഇടയ്ക്കായിരുന്നു പരമേശ്വരൻ തളർന്നു വീണതും. അതിൽ പിന്നെ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ഒരേ കിടപ്പ് കിടക്കുമ്പോൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല അവൾ.

” മോളെ അച്ഛന് നിന്നെ ഒന്ന് കാണണമെന്ന് പറയുന്നുണ്ട്. നിനക്ക് ശത്രുക്കൾ ഞങ്ങൾ അല്ലെ. എന്തൊക്ക പറഞ്ഞാലും അദ്ദേഹം നിന്റെ അച്ഛനല്ലേ. നീ എത്രയൊക്കെ വെറുത്താലും നിന്റെ പിതൃത്വം ആ കിടക്കുന്ന ആൾക്ക് അവകാശപ്പെട്ടതല്ലേ…

കൊ ല്ലാൻ കൊണ്ട് പോകുന്ന കൊ ലയാളിക്ക് പോലും അവസാനമായി ചെവി കൊടുക്കും നിയമം. അങ്ങനെ ഒരു സിമ്പതി എങ്കിലും കാണിച്ചൂടെ.. “

ജോലിക്ക് പോവാൻ ഇറങ്ങുന്ന ജാനകിക്ക് മുന്നിൽ കാര്യം അവതരിപ്പിക്കുമ്പോൾ അവൾ മറുത്തൊന്നും പറയാതെ പുറത്തേക്കിറങ്ങി. പിന്നെ തിരിഞ്ഞുപോലും നോക്കാതെ മുന്നോട്ട് നടക്കുമ്പോൾ നിറമിഴികളുമായി ശകുന്തള അവളെ നോക്കി ഉമ്മറത്ത് നിൽപ്പുണ്ടായിരുന്നു.

പിന്നെ തിരിഞ്ഞ് മിഴികൾ തുടച്ചുകൊണ്ട് റൂമിലേക്ക് നടന്ന് അയാൾക്ക് അരികിൽ ഇരിക്കുമ്പോൾ അവളെ നോക്കി ഒന്ന് പുഞ്ചിരി അയാൾ.

പിന്നെ ചോദിക്കുന്നുണ്ടായിരുന്നു ” അവൾക്ക് ഇപ്പോൾ അച്ഛൻ മരിച്ച ഒരാൾ ആണല്ലേ. പക്ഷേ, അവൾക്ക് അറിയില്ലല്ലോ അവൾക്ക് വേണ്ടാത്ത പോലെ അവളുടെ അച്ഛനെ മരണത്തിനും വേണ്ടെന്ന്. അല്ലെങ്കിൽ ആ ദയ എങ്കിലും….. “

അത്‌ പറയുമ്പോൾ അയാളുടെ കവിളുകൾ നനച്ചുകൊണ്ട് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ഒന്നും പറയാൻ കഴിയാതെ അവൾ ആ കണ്ണുനീർ തുടച്ചുകൊണ്ട് ഒരു ചോദ്യം പോലെ അയാളുടെ കൈകളിൽ മുറുക്കെ പിടിക്കുമ്പോൾ അയാൾ പതിയെ നിഷേധാർത്ഥത്തിൽ തലയാടിയുന്നുണ്ടായിരുന്നു.

പുറത്തേക്കിറങ്ങിയ ജാനകിക്ക് ആ ദിവസം വല്ലാത്തൊരു അവസ്ഥ ആയിരുന്നു. രാവിലെ തന്നെ ആ തള്ള ഉള്ള മൂഡ് കളഞ്ഞെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് മുന്നോട്ട് നടക്കുമ്പോൾ അവൾ വിളിച്ചത് രാജീവിനെ ആയിരുന്നു.

ഒന്ന് കാണാൻ… സംസാരിക്കാൻ… ആ നിഴലോരം ചേർന്ന് നിൽക്കുമ്പോൾ സുരക്ഷിതത്വതിൽ കുറച്ച് നേരം മനസ്സിനെ ശാന്തമാക്കാൻ. !

പാർക്കിലെ തണൽ ചേർന്ന് ഇരിക്കുമ്പോൾ അവൾക്ക് പറയാനുണ്ടായിരുന്നു വീട്ടിലേ കാര്യങ്ങൾ ആയിരുന്നു. രാവിലെ അച്ഛൻ കാണണമെന്ന് പറഞ്ഞത് വരെ.

” എനിക്ക് വയ്യ രാജീവ് ആ വീട്ടിൽ ഇനിയും….. എന്നെ കൊണ്ട് പൊയ്ക്കൂടേ നിനക്ക്. പ്ലീസ്.. ഏട്ടനൊന്ന് വിളിച്ചാൽ മതി. ഞാൻ വരും. പ്ലീസ് “

അവൾ കെഞ്ചിക്കൊണ്ട് അവന്റെ തോളിലേക്ക് തല ചേർത്ത് വെക്കുമ്പോൾ അവൻ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് പറയുന്നുണ്ടായിരുന്നു ” നിനക്ക് വേണമെങ്കിൽ അവിടെ നിന്ന് ഇറങ്ങാം. പക്ഷേ ഞാൻ കൂട്ടാൻ വരുമെന്ന വിശ്വാസത്തിൽ ആവരുത് ” എന്ന്.

അത് കേട്ട് അവളൊന്നു ഞെട്ടി. പിന്നെ തോളിൽ നിന്നും തല ഉയർത്തി വിശ്വസിക്കാൻ കഴിയാത്ത പോലെ അവനെ നോക്കുമ്പോൾ അവൻ അവളെ ശ്രദ്ധിക്കുകപോലും ചെയ്യാതെ പറയുന്നുണ്ടായിരുന്നു

” ഇപ്പോൾ നിനക്ക് അച്ഛനുണ്ട്. പക്ഷേ, നീ അവിടെ നിന്ന് ഇറങ്ങുന്നത് മുതൽ നീ പഴയ പോലെ അനാഥയാണ്. നീ ആ വീട്ടിലേക്ക് കേറി വന്നതും അങ്ങനെ ആണല്ലോ ” എന്ന്.

അത്‌ അവൾക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. ഞാൻ അനാഥ യാണെന്നോ.. അപ്പൊ അയാൾ…. !

” രാജീവ്‌.. നീ.. നീ എന്താ പറഞ്ഞെ.. ഞാൻ… ഞാൻ….. “

അവളുടെ വാക്കുകളിൽ തുടിക്കുന്ന അവിശ്വാസത മനസ്സിലാക്കിയപോലെ പോലെ ആയിരുന്നു അവന്റെ മറുപടിയും.

” അതേ.. നീ അനാഥയാണ്. അത്‌ ഞാൻ അറിഞ്ഞത് വൈകിയാണെങ്കിലും നീ അറിയരുത് എന്ന് മാത്രം പറഞ്ഞിരുന്നു അവർ.. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് അറിഞ്ഞ ദിവസം അവർ എന്നെ കാണാൻ വന്നിരുന്നു. ഞാൻ സ്നേഹിക്കുന്നത് നിന്നെ ആണോ അതോ നിന്റെ പേരിലുള്ള സ്വത്തിലാണോ എന്നറിയാൻ. ഞാൻ സ്നേഹിച്ചത് നിന്നേ ആണെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞ ഒരു കാര്യമുണ്ട്.

മോനെ അവളൊരു പാവം കുട്ടിയാ… കുറച്ച് മുൻശുണ്ഠി ഉണ്ടെന്നേ ഉളളൂ. അവളുടെ മനസ്സിനെ സ്നേഹിക്കാൻ കഴിയുന്ന നിനക്ക് അവളുടെ കണ്ണ് നിറയുന്നത് കാണാൻ കഴിയില്ലെന്ന് അറിയാം. പക്ഷേ, അവൾ നാളെ നിനക്ക് ഒരു ബാധ്യത ആവരുത്. അതുകൊണ്ട് മോൻ ആ സത്യം അറിയണം. അവൾ ശരിക്കും അവളുടെ അച്ഛന്റെ മോള് അല്ല.. അവൾ അവരുടെ മകൾ അല്ല. എല്ലാം അറിഞ്ഞിട്ട് സ്നേഹിക്കുമ്പോഴേ അതിന് ആത്മാർത്ഥത ഉണ്ടാകൂ.. നിങ്ങളുടെ സന്തോഷകരമായ ജീവിതത്തിനിടയിൽ ഇങ്ങനെ ഒന്ന് അറിയുമ്പോൾ അത്‌ നിനക്ക് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ…..

അവൾക്ക് ഇതുവരെ അറിയാത്ത കാര്യം ആണിത് അത്ര ചെറുപ്പത്തിൽ ആയിരുന്നു അവൾ ആ വീട്ടിലെത്തുന്നതും.

ഞങ്ങൾ അവൾക്ക് ശത്രുക്കളാണ്. ആ ശത്രുക്കൾക്കിടയിൽ അവൾ ആശ്വാസം കണ്ടെതുന്നത് മോനിൽ നിന്നാണെന്ന് മനസ്സിലായി.. അതുകൊണ്ടാണ്…. “

അവൻ പറഞ്ഞ വാക്കുകൾ അവൾ കേട്ടത് നിർവികാരതയോടെ ആയിരുന്നു. അച്ഛാ എന്ന് വിളിച്ചില്ലെങ്കിലും ഇത്ര കാലം അച്ഛനെന്ന് മനസ്സിൽ കരുതിയ മനുഷ്യൻ തനിക്ക് ആരുമില്ലെന്ന്. എന്നിട്ടും ഒന്നുമറിയിക്കാതെ സ്വന്തം മോളെ പോലെ…. പക്ഷേ താനോ…

അവളുടെ മനസ്സ് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു.

” ആരാ.. ആരാ രാജീവിനോടിതു പറഞ്ഞത്.. പ്ലീസ്… പറ “

അവൾ അവന്റ കയ്യിൽ പിടിച്ച് കെഞ്ചുമ്പോൾ അവൻ അവളെ ചേർത്തു പിടിച്ചു.

” എന്നോട് പറഞ്ഞതൊ… നിന്നെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന, നീ എന്നും വെറുപ്പോടെ മാത്രം കണ്ട നിന്റെ രണ്ടാനമ്മ. നിനക്ക് കാണാൻ കഴിയാതെ പോയ ആ മനസ്സ് കുറച്ചു നേരം കൊണ്ട് ഞാൻ കണ്ടതാ.. അതിൽ നിന്നോടുള്ള സ്നേഹം, കരുതൽ എല്ലാം.. പക്ഷേ, നീയോ.. അതുകൊണ്ട് തന്നെ ആണ് ഞാൻ പറഞ്ഞത് നിന്നെ സ്നേഹിച്ചവരെ മനസ്സിലാക്കാൻ കഴിയാതെ നീ എല്ലാം ഇട്ടെറിഞ്ഞു വരുമ്പോൾ വീടിന്റ പടിക്കൽ കാത്തുനിൽക്കാൻ ഞാൻ ഉണ്ടാകില്ല എന്ന്.

കൂടെ നീ വേണമെന്നുണ്ട്. പക്ഷേ, അത്‌ അവർ കൈ പിടിച്ചു തരുമ്പോൾ മതി. വെറുപ്പ് കൊണ്ട് നമുക്ക് ഒന്നും സമ്പാദിക്കാൻ കഴിയില്ല ജാനി. പക്ഷേ, സ്നേഹം കൊണ്ട് പറ്റും. ഒരു രൂപ ചിലവിലാതെ നമുക്ക് ആവോളം കൊടുക്കാൻ കഴിയുന്ന ഒന്ന് സ്നേഹമാണ്. അത്‌ തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കാതെ നൽകാൻ കഴിയണം. അവർ നൽകി നിനക്ക് അങ്ങനെ ഒരു സ്നേഹം. പക്ഷേ, നീ നൽകിയത് വെറുക്കപ്പെടാൻ മാത്രമുള്ള നിമിഷങ്ങൾ ആയിരുന്നു.

ഇനിയും വൈകിയിട്ടില്ല.. നിന്റെ ഒരു വിളിക്ക് വേണ്ടി കൊതിച്ചു കാത്തിരിക്കുന്ന ഒരു മനുഷ്യൻ ഉണ്ട് നിന്റെ വീട്ടിൽ. ചെല്ല്. ചെന്ന് ആ കാല് പിടിക്ക്. കുറച്ച് നേരം കൂട്ടിരിക്ക്. നിന്റെ സ്നേഹം കണ്ട് നിറയുന്ന കണ്ണൊന്ന് തുടച്ചു കൊടുക്ക്. നിന്നെ സ്നേഹിച്ചിട്ടും നീ അവഗണിക്കുക മാത്രം ചെയ്ത ആ മനസ്സിന് കഴിയും നിന്നോട് ക്ഷമിക്കാൻ.

അപ്പഴേ നമ്മുടെ ജീവിതത്തിനും ഒരു അർത്ഥമുണ്ടാകൂ.. !”

രാജീവ്‌ പറഞ്ഞതെല്ലാം കേട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അവന്റെ മാറിലേക്ക് വീഴുമ്പോൾ അവന് മനസ്സിലായിരുന്നു ജാനകി ഒരു പെണ്ണിലേക്ക് മാറാൻ തുടങ്ങിയെന്ന്.. അതിന്റ സൂചനയാണ് നിറഞ്ഞൊഴുകുന്ന ഈ കണ്ണുനീർ എന്ന്. അവൻ അവളെ ഒന്നുകൂടി ചേർത്തു പിടിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പിപ്പറയുന്നുണ്ടായിരുന്നു

” ഏട്ടാ.. നിക്ക് അച്ഛനെ കാണണം.. ” എന്ന്.

കാലങ്ങൾക്ക് ശേഷം അവൾ പറഞ്ഞ ആ വാക്ക് ഹൃദയത്തിൽ നിന്നായിരുന്നു

” അച്ഛൻ “

Related Posts

Leave a Reply

Your email address will not be published. Required fields are marked *