വരത്തൻ ~ ഭാഗം 07 & 08, എഴുത്ത്: സജി തൈപ്പറമ്പ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഭാഗം -7

കൊന്നതാ മോനേ.. നിൻ്റെ അച്ഛനെ അവൻ കൊന്നതാ, നിൻ്റെ കൂട്ടുകാരൻ, ആ ജോമോൻ..

എന്നെ കണ്ടതും ഹാലിളകിയത് പോലെ അമ്മ എന്നോട് വിളിച്ച് പറഞ്ഞു

തലയ്ക്കകത്ത് കരിവണ്ട് മൂളുന്നത് പോലൊരു മരവിപ്പായിരുന്നു അത് കേട്ടപ്പോൾ.

എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിന്ന് പുറത്തേയ്ക്കിറങ്ങിയപ്പോൾ വലിയമ്മാവൻ അടുത്തേയ്ക്ക് വന്നു.

ഇന്നലെ രാത്രി ,കുടിച്ചിട്ട് ബോധമില്ലാതെ, വാസു വഴിയരികിലെങ്ങാണ്ട് കിടക്കുകയായിരുന്നു , ആ സമയത്ത് അത് വഴി വന്ന നിൻ്റെ കൂട്ടുകാരൻ ആ ജോമോൻ ,അടുത്ത് കിടന്ന ഒരു കരിങ്കല്ലെടുത്ത് തലയ്ക്കടിച്ച് കൊന്നിട്ട് ,തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് തള്ളിയിട്ടെന്നാണ് പറയുന്നത് , എന്നിട്ട് ഇന്ന് രാവിലെ സ്‌റ്റേഷനിലെത്തി പോലീസുകാരോട് കുറ്റംഏറ്റ് പറഞ്ഞത് പ്രകാരമാണ്, പോലീസുകാർ അവനുമായി ബോഡി കിടക്കുന്നിടത്ത് ചെന്നതും, പിന്നീട് ബോഡി ആശുപത്രിയിലേക്ക് മാറ്റിയതും

എൻ്റെ തോളിൽ കൈപ്പത്തി അമർത്തിക്കൊണ്ട് അമ്മാവൻ കാര്യങ്ങൾ വിശദമാക്കിത്തന്നു.

അച്ഛൻ സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നില്ല , കൂലിത്തല്ലായിരുന്നു പ്രധാന ജോലി, സ്വബോധത്തോടെ ഞങ്ങളച്ഛനെ കാണുന്നത് വളരെ അപൂർവ്വമായിട്ടായിരുന്നു , നാട്ടുകാരൊക്കെ പേടിയോടെയും, അറപ്പോടെയും മാത്രമേ അച്ഛനെ നോക്കാറുള്ളു, കുപ്രസിദ്ധനായ വാസുവിൻ്റെ, വീട്ടുകാരോടും നാട്ടുകാർക്ക് വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല.

അത് കൊണ്ട് തന്നെ ഞങ്ങൾ മൂന്ന് മക്കൾക്കും അച്ഛനോട് വലിയസ്നേഹമൊന്നുമുണ്ടായിരുന്നില്ല

അത് കൊണ്ടാവാം തന്നെയും തൻ്റെ അമ്മയെയും അനാഥരാക്കിയ വാസുവിനെ ദാരുണമായി കൊലപ്പെടുത്തിയ ജോമോനോട് തനിക്ക് വൈരാഗ്യമൊന്നും തോന്നാതിരുന്നത്.

അച്ഛൻ്റെ മരണശേഷം വീട്ടിലെ നിത്യചിലവുകൾ ആകെ ബുദ്ധിമുട്ടിലായി

ആ കാലമാടൻ്റെ തലതെറിച്ച് പോകത്തേയുള്ളു , കുടിയനാണേലും, കൂലി തല്ല് കാരനാണേലും ഈ വീട്ടിലെ ചെലവ് മുഴുവൻ അങ്ങേര് നോക്കുവായിരുന്നു ,ഇനി ആര് കൊണ്ട് തന്നിട്ടാണ്, ഞങ്ങള് കഞ്ഞി കുടിക്കുന്നത്?

ഇടയ്ക്കിടെ അമ്മ ജോമോനെ തലയിൽ കൈവച്ച് പ്രാകുകയും, ആരോടെന്നില്ലാതെ പരിഭവം പറയുകയും ചെയ്തു കൊണ്ടിരുന്നു.

അമ്മയുടെയും സഹോദരിമാരുടെയും വിശപ്പടക്കാൻ, താൻ ജോലിക്ക് പോകണമെന്ന സ്ഥിതി വന്നപ്പോഴാണ്, സ്കൂൾ ബാഗ് വലിച്ചെറിഞ്ഞിട്ട് ,പ്ളാൻ്റേഷനിൽ വന്ന് പോകാറുള്ള ,തമിഴ്നാട് ലോറികളിൽ ഒന്നിൽ, ക്ളീനറായി കയറിപ്പറ്റിയത്.

ഇൻഡ്യ മുഴുവൻ സഞ്ചരിക്കുന്ന ആ വാഹനത്തിലെ യാത്ര , ചിലപ്പോൾ ദിവസങ്ങളോളം നീണ്ട് നില്ക്കുമായിരുന്നു.

മാസത്തിൽ ഒന്നോ രണ്ടോ തവണ വീട്ടിലെത്തുന്ന താൻ, ഒരു ദിവസം ജോമോൻ്റെ വീട്ടിലും ചെന്നു.

ആകെ ഉണ്ടായിരുന്ന ഏക മകനും ജയിലിൽ പോയതോടെ, തീർത്തും അവശയായ, ആ പാവം സ്ത്രീയുടെ മുഖത്തെ ദൈന്യത, തൻ്റെ കരളലിയിച്ചു.

എല്ലാത്തിനും കാരണം, തൻ്റെ അച്ഛനൊരാളാണ് ,മരിച്ച് തലയ്ക്ക് മുകളിൽ നില്ക്കുന്ന അച്ഛൻ്റെ ആത്മാവിനെ താൻ വീണ്ടും ശപിച്ചു.

ജോമോൻ്റെ അമ്മയോട് , അച്ഛന് വേണ്ടി, താൻ മാപ്പ് ചോദിച്ചു.

അച്ഛനെ കൊന്ന ജോമോനോട് നിനക്കൊട്ടും ദേഷ്യമില്ലേയെന്ന് അവർ തന്നോട് ആശ്ചര്യത്തോടെ ചോദിച്ചു.

ഇല്ലമ്മേ .. അവൻ്റെ സ്ഥാനത്ത് ഞാനായാലും അങ്ങനെ ചെയ്ത് പോകുമെന്ന് പറഞ്ഞ് അവരെ താൻ സമാധാനിപ്പിച്ചിട്ട്, ജോമോൻ്റെ കേസിൻ്റെ കാര്യങ്ങളൊക്കെ അന്വേഷിച്ചു.

അവന് പ്രായപൂർത്തിയാകാത്തത് കൊണ്ട്, കോടതി അവനെ ദുർഗ്ഗുണ പരിഹാര പാഠശാലയിലേക്കാണയച്ചത്, അഞ്ചാറ് വർഷം അവിടെ കഴിയേണ്ടിവരുമെന്നാണ് വക്കീല് പറഞ്ഞത്

അത് പറയുമ്പോൾ അവർ വിതുമ്പുന്നുണ്ടായിരുന്നു.

അമ്മ വിഷമിക്കേണ്ട, ജോമോൻ തിരിച്ച് വരുന്നത് വരെ, ഞാൻ നോക്കി കൊള്ളാം അമ്മയെ,

അവരുടെ കൈകൾ ചേർത്ത് പിടിച്ച് കൊണ്ട്, താനവരെ സമാധാനിപ്പിച്ചു.

താൻ പറഞ്ഞത് പോലെ തന്നെ ഓരോ ട്രിപ്പ് കഴിഞ്ഞ് നാട്ടിലെത്തുമ്പോഴും, അവരെ കാണാൻ ചെല്ലുമായിരുന്നു. തൻ്റെ അമ്മയെ നോക്കുന്നത് പോലെ ഒരു കുറവും വരാതെ താനവരെയും നോക്കി.

ദിവസങ്ങളും മാസങ്ങളും വർഷങ്ങളായി പരിണമിച്ചപ്പോൾ താനും സ്വന്തമായൊരു ലോറി വാങ്ങി, പിന്നെ തൻ്റെ വണ്ടിയിലെ ഡ്രൈവറും ക്ളീനറുമെല്ലാം താൻ തന്നെയായിരുന്നു, അതോടെ വരുമാനവും വർദ്ധിച്ചു, അങ്ങനെ , വലിയ ബുദ്ധിമുട്ടില്ലാതെ മൂത്ത സഹോദരിയെ വിവാഹം കഴിച്ചയച്ചു.

ഇതിനിടയിൽ കാലം കടന്ന് പോയതറിഞ്ഞില്ല, ഒരു തമിഴ്നാട് ട്രിപ്പ് പോയി തിരിച്ച് വന്നിട്ട്, ജോമോൻ്റെ അമ്മയെ കാണാൻ ചെന്ന താൻ കണ്ടത്, ഉമ്മറത്തെ പ്ളാസ്റ്റിക് വരിഞ്ഞ ഇരുമ്പ് കസേരയിൽ, കാലിന്മേൽ കാല് കയറ്റിയിരിക്കുന്ന, ഒരു താടിക്കാരനെയാണ്, അടുത്ത് ചെന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ്, അത് ജോമോനാണെന്ന് തനിക്ക് മനസ്സിലായത്.

എണ്ണ വയ്ക്കാതെ പ്രാകൃതമായി കിടക്കുന്ന നീണ്ട മുടിയും, ഊശാൻതാടിയും വച്ച ഒരു ഭ്രാന്തൻകോലമായിരുന്നു അവന്,

ജോമോനല്ലേ? നീ എപ്പോൾ വന്നു?

അതേടാ.. ജോമോൻ തന്നെ ,നിൻ്റെ അച്ഛനെ കൊന്നേച്ച് ജയിലിൽ പോയി ശിക്ഷ കഴിഞ്ഞ് തിരിച്ച് വന്നതാണ് ഞാൻ ,ഇതോടെ എൻ്റെ പക തീർന്നെന്ന് നീയും നിൻ്റെ വീട്ടുകാരും കരുതേണ്ട, നിൻ്റെ കുടുംബത്തിൻ്റെ അടിത്തറ വരെ തോണ്ടിയിട്ടേ ഞാൻ അടങ്ങുകയുള്ളു,

പക മൂത്ത അവൻ്റെ ചോരകണ്ണുകളിൽ കനലെരിയുന്നത് താൻ കണ്ടു.

എന്തിനാ ജോമോനേ.. ഞങ്ങളെ ശിക്ഷിക്കുന്നത്? തെറ്റ് ചെയ്തത് എൻ്റെ അച്ഛനല്ലേ? അതിനുള്ള ശിക്ഷ നീ അദ്ദേഹത്തിന് കൊടുത്തില്ലേ?

കലിതുള്ളി നില്ക്കുന്ന അവനെയൊന്ന് തണുപ്പിക്കാനായിരുന്നു തൻ്റെ ശ്രമം

ഇല്ല അത് കൊണ്ട് എനിക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ച് കിട്ടില്ലല്ലോ, എൻ്റെ കുടുംബം തരിപ്പണമായത് പോലെ, വാസുവിൻ്റെ കുടുംബവും നാമാവശേഷമാകണം, ഇനി എൻ്റെ ലക്ഷ്യം അതാണ്

അതും പറഞ്ഞ് കയ്യിലിരുന്ന് എരിയുന്ന ബീഡി അവൻ ആഞ്ഞ് വലിച്ച്, പുക പുറത്തേയ്ക്കൂതി വിട്ടു.

ചുരുളുകളായി അന്തരീക്ഷത്തിൽ തങ്ങി നിന്ന ആ പുകയ്ക്ക്, അഗ്നിയിലെരിയുന്ന മാം സത്തിൻ്റെ ഗന്ധമായിരുന്നു.

അവൻ ക ഞ്ചാവാണ് വലിക്കുന്നതെന്നും, സ്വബോധത്തോടെയല്ല സംസാരിക്കുന്നതെന്നും തനിക്ക് മനസ്സിലായി.

കുറച്ച് കഴിഞ്ഞപ്പോൾ , ബോധം നഷ്ടപ്പെട്ടത് പോലെ കസേരയിലേക്കവൻ മയങ്ങി വീണപ്പോൾ, താൻ മെല്ലെ അകത്തേയ്ക്ക് കയറി.

തന്നെ കണ്ടതും ജോമോൻ്റെ അമ്മ പൊട്ടിക്കരഞ്ഞു.

മോനേ … അവൻ ആകെ മാറിപ്പോയി ,ജയിൽ ജീവിതം അവനെയൊരു ക്രൂരനാക്കിയെന്നാണ് തോന്നുന്നത് ,എനിക്കാകെ പേടിയാകുന്നു മോനേ…

ആ പാവത്തിനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്ന് തനിക്കറിയില്ലായിരുന്നു

സാരമില്ലമ്മേ എല്ലാം ശരിയാകും ചിലപ്പോൾ എന്നെ കണ്ടതിലുള്ള ദേഷ്യമാവും ഞാനെന്തായാലും കുറച്ച് ദിവസത്തേയ്ക്ക് ഇങ്ങോട്ട് വരുന്നില്ല ,അമ്മ അവനെ പതിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയാൽ മതി

ജോമോൻ്റെ പെരുമാറ്റത്തിൽ ആ പാവം സ്ത്രീയെ പോലെ താനും തകർന്ന് പോയിരുന്നു.

അവിടെ നിന്നിറങ്ങുമ്പോൾ അവൻ്റെ അടുത്ത നീക്കം എന്താകുമെന്ന ആശങ്കയിലായിരുന്നു താൻ

പിന്നെ കുറേ നാളത്തേയ്ക്ക് താൻ ജോമോൻ്റെ വീട്ടിലേയ്ക്ക് പോകാറില്ലായിരുന്നു

ദിവസങ്ങൾക്ക് ശേഷം മറ്റൊരു ദുരന്ത വാർത്ത കേട്ട് കൊണ്ടാണ് ആ മലയോര ഗ്രാമം ഉണരുന്നത്

മേരിക്കുട്ടിയെ ആരോ കഴുത്തറുത്ത് കൊന്നിരിക്കുന്നു, കൂടെ ഉണ്ടായിരുന്ന ജോമോനെ കാണാനുമില്ല

തൻ്റെ അച്ഛൻ മരിച്ചെന്നറിഞ്ഞപ്പോൾ നിറയാതിരുന്ന കണ്ണുകൾ ആ വാർത്ത കേട്ട് നിറഞ്ഞൊഴുകുകയായിരുന്നു

അന്വേഷണത്തിനെത്തിയ പോലീസിൻ്റെ നിഗമനം ,കൊല ചെയ്തത് ജോമോൻ തന്നെയാണെന്നായിരുന്നു,

കാരണം, പോലീസ് നായ മണം പിടിച്ച് ചെന്ന് നിന്നത് ,ഡാമിൻ്റെ കരയിൽ ഊരിയിട്ട നിലയിൽ കിടന്ന, ചോര പുരണ്ട ജോമോൻ്റെ ഷർട്ടിനരികിലായിരുന്നു.

മേരിക്കുട്ടിയുടെ ഡെഡ്ബോഡി കണ്ട തനിക്കും ,ആ സംശയം തന്നെയായിരുന്നു ,കാരണം അവരുടെ ആഭരണങ്ങളൊന്നും ദേഹത്തില്ലായിരുന്നു , ക ഞ്ചാവും, മയ ക്ക് മരുന്നുമൊക്കെ വാങ്ങാൻ കയ്യിൽ കാശില്ലാതെ വന്നപ്പോൾ ,ആ ക്രൂരൻ സ്വന്തം അമ്മയെ കൊന്നതായിരിക്കാം

പക്ഷേ, ഒളിവിൽ പോയ ജോമോനെ കണ്ടെത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം, വയനാട്ടിൽ പോയി തിരിച്ച് നാട്ടിലേക്ക് തിരിച്ച് വരുമ്പോൾ, നേരം പാതിരാവായിരുന്നു.

വയനാടൻ ചുരമിറങ്ങുമ്പോൾ, ഇടയ്ക്കിടെ കോടമഞ്ഞ് കാഴ്ച മറയ്ക്കുന്നുണ്ടായിരുന്നു, അത് കൊണ്ട് ഹെഡ് ലൈറ്റ് കൂടാതെ രണ്ട് മഞ്ഞ നിറത്തിലുള്ള ഹലോജൻ ബൾബുകൾ കൂടി ഓൺ ചെയ്യേണ്ടി വന്നു.

എങ്കിലും റോഡ് പൂർണ്ണമായും വ്യക്തമായിരുന്നില്ല , പെട്ടെന്നാണ് മുന്നിലെന്തോ ഒരു വസ്തുവിൽ, വണ്ടിമുട്ടിയതായി തോന്നിയത്.

ഉടൻ തന്നെ ലോറി ചവിട്ടി നിർത്തി ,

പാതിരാത്രിയായിരുന്നത് കൊണ്ട് ,മലയോരപാത വിജനമായിരുന്നു.

വണ്ടിയിൽ നിന്നിറങ്ങിയ താൻ, പുറകിലേക്ക് വന്ന് നോക്കുമ്പോഴാണ്, റോഡിൽ കിടക്കുന്നത് ഒരു മനുഷ്യനാണെന്ന് മനസ്സിലായത്.

ഞെട്ടലോടെ തിരിച്ച് ചെന്ന് ലോറിയുടെ ക്യാബിനിൽ നിന്ന് ചെറിയ ടോർച്ചെടുത്ത് കൊണ്ട് വന്ന്, അയാളുടെ മുഖത്തടിച്ച് നോക്കിയപ്പോഴാണ്, ശരിക്കും ഞെട്ടിയത് .

അത് ജോമോനായിരുന്നു.

വിറയ്ക്കുന്ന വിരലുകൾ, അയാളുടെ മൂക്കിനരികിൽ വച്ച് നോക്കി ,ഇല്ല ശ്വാസമില്ല

അയാൾ മരിച്ചിരിക്കുന്നു, അതും തൻ്റെ കൈ കൊണ്ട്, മന:പ്പൂർവ്വമല്ലെങ്കിലും നാളെ ഈ വാർത്ത പരക്കുമ്പോൾ, പോലീസ് മാത്രമല്ല ,നാട്ടുകാരും പറയും, തൻ്റെ അച്ഛനെ കൊന്നവനെ താൻ കൊന്നതാണെന്ന്

നിരപരാധിയായ താനങ്ങനെ ജയിലിലാകും, തൻ്റെ അമ്മയും സഹോദരിയും തനിച്ചാകും, അത് സംഭവിക്കാൻ പാടില്ല.

ടോർച്ചടിച്ച് ചുറ്റിനും നോക്കി, പരിസരത്തെങ്ങും ആരുമില്ലെന്നുറപ്പാക്കി, തൊട്ടടുത്തായി ,സൂയിസൈഡ് പോയിൻ്റ് എന്ന ബോർഡ് കണ്ടപ്പോഴൊരു ബുദ്ധി തോന്നി ,പിന്നെ വേറൊന്നും ചിന്തിച്ചില്ല, ജോമോൻ്റെ ചലനമറ്റ ശരീരം വലിച്ച് കൊണ്ട് പോയി ,റോഡിനരികിലെ നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ടു

കിതപ്പോടെ ലോറിക്കരികിലേക്ക് നടക്കുമ്പോൾ ഉള്ള് നിറയെ തീയായിരുന്നു.

ഭാഗം-8

പാറപ്പുറത്ത് തുണി അലക്കുന്ന ശബ്ദം കേട്ടാണ്, നോബിൾ (നിഖിൽ വാസു ) ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നത്.

ശബ്ദം കേട്ടത് കുളിക്കടവിൽ നിന്നായിരുന്നു ,നൈറ്റി ഉയർത്തി എളിയിൽ കുത്തി വച്ചിട്ട്, മോളിക്കുട്ടിയായിരുന്നു അവിടെ നിന്ന് തുണി അലക്കി കൊണ്ടിരുന്നത്.

ഇവളെന്താണ് തന്നെ കണ്ടിട്ട് ഒന്നും മിണ്ടാതെ പോയത്,? സാധാരണ എന്തെങ്കിലും ചോദിച്ചിട്ട്, തൻ്റെ വായീന്ന് കേട്ടിട്ടേ അവള് പോകാറുള്ളു.

നിഖിൽ (നോബിൾ ) അവളെ സൂക്ഷിച്ച് നോക്കി.

ഇല്ല, ആള് നല്ല ഗൗരവത്തിൽ തന്നെയാണ് ,താൻ നില്ക്കുന്നിടത്തേയ്ക്ക്, ഒന്ന് മൈൻഡ് ചെയ്യുന്നു പോലുമില്ല, അവൾക്ക് മനസ്സിലായി കാണും, തന്നോട് അടുപ്പം കാണിച്ചിട്ട് വലിയ കാര്യമില്ലന്ന്, അതേതായാലും നന്നായി, ഇല്ലെങ്കിൽ ചിലപ്പോൾ, താനറിയാതെ അവളെ സ്നേഹിച്ച് പോകും, ഒടുവിൽ അവളുടെ സഹോദരൻ്റെ മരണത്തിന് കാരണക്കാരനായ താൻ തന്നെ, എല്ലാം മറച്ചു് പിടിച്ച് കൊണ്ട്, അവളെ വിവാഹം കഴിക്കാൻ നിർബന്ധിതനാകും, പിന്നീടെപ്പോഴെങ്കിലും, താനും തൻ്റെ അച്ഛനുമാണ് ,അവളുടെ അമ്മയുടെയും സഹോദരൻ്റെയും വേർപാടിന് കാരണക്കാരായതെന്ന് തിരിച്ചറിയുമ്പോൾ, എല്ലാം അതോടെ അവസാനിക്കും, വെറുതെയെന്തിനാ, ഒരു പാവം പെൺകുട്ടിയുടെ ജീവിതം, അറിഞ്ഞ് കൊണ്ട് നശിപ്പിക്കുന്നതെന്ന് കരുതിയിട്ടാണ് ,ചുട്ട് പൊള്ളുന്ന മനസ്സുമായി നടന്നപ്പോഴും ഉള്ളിൽ തോന്നിയ പ്രണയം താൻ മന:പ്പൂർവ്വം മറച്ച് വച്ച്, അവളോട് അകലം കാണിച്ചത്.

കുറച്ച് കഴിഞ്ഞ്, നനച്ച് കുളിക്കാനായി, കടവിലേക്ക് മറ്റ് പെണ്ണുങ്ങളും കൂടി വരാൻ തുടങ്ങിയപ്പോൾ, മോളിക്കുട്ടിക്ക് കൂട്ടിനാളുണ്ടല്ലോ എന്ന സമാധാനത്തിൽ, നിഖിൽ ലോറിയുമെടുത്ത് കൊണ്ട് പുഴക്കരയിൽ നിന്ന് തിരിച്ച് പോയി.

പിറ്റേന്ന് പതിവ് പോലെ, അതിരാവിലെ എഴുന്നേറ്റ നിഖിൽ ,മുറിയുടെ വാതിൽ തുറന്ന് ആദ്യം നോക്കിയത്, പത്രം വന്നിട്ടുണ്ടോ എന്നായിരുന്നു .

രണ്ടാഴ്ച മുമ്പ് ഇവിടെ വാടകയ്ക്ക് മുറിയെടുത്തപ്പോൾ തന്നെ, റിപ്ഷനിസ്റ്റിനോട് പറഞ്ഞിരുന്നു ,ഒരു ദിനപത്രം മുടങ്ങാതെ, തൻ്റെ മുറിയുടെ വാതിലിൽ വച്ചേക്കണമെന്ന്.

കാരണം ,സൂയിസൈഡ് പോയിൻ്റിൽ നിന്നും എന്നെങ്കിലുമൊരിക്കൽ, ജോമോൻ്റെ ഡെഡ്ബോഡി ഏതെങ്കിലും കാട്ട് മൃഗം കടിച്ച് വലിച്ച് കരയ്ക്കെത്തിക്കുമെന്നും, അതിനെ തുടർന്നുള്ള അന്വേഷണം, തന്നിലേക്ക് നീളുമെന്നും നിഖിൽ ആശങ്കപ്പെട്ടിരുന്നു.

അയാൾ പത്രം തുറന്ന് അകത്തെ പേജുകൾ സസൂക്ഷ്മം നോക്കി.

ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃതദേഹം തിരയുന്നതിനിടയിൽ, പോലീസിന് മറ്റൊരു ഡെഡ് ബോഡി കൂടി ലഭിച്ചു.

ചെറിയ പാരഗ്രാഫിലെ ആ വാർത്ത നിഖിൽ നെഞ്ചിടിപ്പോടെയാണ് വായിച്ചത്.

കോഴിക്കോട്.

വയനാട് ചുരത്തിനടുത്തുള്ള സൂയിസൈഡ് പോയിൻ്റിൽ നിന്നും, കാമുകനോട് പിണങ്ങിയ പെൺകുട്ടി, പൊടുന്നനെ കൊക്കയിലേക്ക് ചാടുകയായിരുന്നു ,കാമുകൻ തന്നെയാണ്, പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്.

ഉടൻ സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സുകാരും, പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് , പെൺകുട്ടിയുടെ ബോഡി കിടന്ന സ്ഥലത്ത് നിന്ന്, അ ജ്ഞാതനായൊരു യുവാവിൻ്റെ മൃതദേഹം കൂടി കണ്ടെടുത്തത്, അഴുകി വ്യകൃതമായ മൃതദേഹത്തിന്, ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ മനസ്സിലാക്കിയ പോലീസ് ,പോസ്റ്റ്മോർട്ടത്തിന് ശേഷം , ബോഡിയെക്കുറിച്ച് നിലവിൽ ആരും അന്വേഷിച്ച് വരാത്തത് കൊണ്ട് ,ആശുപത്രി മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്, വരും ദിവസങ്ങളിലും, മാൻ മിസ്സിങ്ങ് എവിടെ നിന്നും റിപ്പോർട്ട് ചെയ്യാത്ത പക്ഷം ,പിന്നീട് പൊതുശ്മശാനത്തിൽ സംസ്ക്കരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

അവനെ അന്വേഷിച്ച്, ഇനി ആര് ചെല്ലാനാണ് ,അന്വേഷിക്കാനായിട്ട് ആകെയുണ്ടായിരുന്ന സ്വന്തം അമ്മയെ തന്നെ, അവൻ ആദ്യമേ ഇമാതാക്കിയില്ലേ ? പിന്നെ ഇനി ആരും, അവൻ്റെ ബോഡി അന്വേഷിച്ച് ചെല്ലില്ല, കുറച്ച് ദിവസം കഴിയുമ്പോൾ, ആശുപത്രി അധികൃതർ തന്നെ, ആ ബോഡി മണ്ണിൽ ലയിപ്പിച്ച് കൊളളും.

ഒരു ദീർഘനിശ്വാസത്തോടെ നിഖിൽ,പത്രം മടക്കി വച്ചു.

ഇപ്പോഴാണ് ഒരു സമാധാനമായത് ,ഇനി തനിക്ക് തിരിച്ച് ചക്കിട്ടപ്പാറയെന്ന തൻ്റെ സ്വന്തം ഗ്രാമത്തിലേക്ക് പോകാം ,അറിയാതെയാണെങ്കിലും, തൻ്റെ കൈ കൊണ്ടാണ് ജോമോൻ മരിച്ചതെന്നും, താനാണ് അവനെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞതെന്നും ഒരാൾക്കും അറിയില്ല, അത് കൊണ്ട് ,ആ രഹസ്യം തൻ്റെ അമ്മ പോലും അറിയാതെ നിഖിൽ മനസ്സിൽ തന്നെ അടക്കം ചെയ്തു.

കൂപ്പിലെ തടി ലേലം ചെയ്യുന്ന സീസണായത് കൊണ്ട്, ഇവിടുന്ന് ഉടനെ തിരിച്ചെത്താൻ കഴിയില്ലെന്നാണ്, കഴിഞ്ഞ ദിവസവും അമ്മയെ വിളിച്ചപ്പോൾ താൻ പറഞ്ഞത്

എന്തായാലും ഇന്നത്തെ ട്രിപ്പ് കൂടി കഴിഞ്ഞിട്ട് നാളെ നാട്ടിലേക്ക് മടങ്ങാം.

അയാൾ ഫ്രഷാകാനായി താഴെയുള്ള ബാത്റൂമിലേക്ക് പോയി.

*************

കൂപ്പിൽ നിന്നും തടിയും കയറ്റി കവലയിലെത്തിയപ്പോൾ ,ഇനി ഏതായാലും താനീ നാട്ടിലേക്ക് വരാൻ സാധ്യതയില്ലെന്ന് തോന്നിയ നിഖിലിന്, അവസാനമായി മത്തായിച്ചൻ്റെ കടയിൽ നിന്നും, ഒരു ചായ കുടിക്കണമെന്നും, എല്ലാവരോടും യാത്ര ചോദിക്കണമെന്നും തോന്നി.

ലോറി സൈഡാക്കി നിർത്തിയിട്ട്, നിഖിൽ ചായക്കടയിലേക്ക് കയറിച്ചെന്നു.

ചായ പറഞ്ഞിട്ട്, അയാൾ അടുക്കള ഭാഗത്തേയ്ക്ക് പ്രതീക്ഷയോടെ നോക്കിയിരുന്നു.

പക്ഷേ ,ചായകൊണ്ട് വന്നത് തെയ്യാമ്മയായിരുന്നു.

ചൂട് ചായ സാവധാനമാണ് അയാൾ കുടിച്ച് തീർത്തത്, അതിനുള്ളിൽ മോളിക്കുട്ടി ,ഇപ്പുറത്തേയ്ക്ക് വരുമെന്നും, അവളോട് തനിച്ച് ഒരു യാത്ര ചോദിക്കണമെന്നും, അയാൾക്കാഗ്രഹമുണ്ടായിരുന്നു.

പക്ഷേ, മത്തായിച്ചൻ്റെ കൈയ്യിൽ ചായയുടെ പൈസ കൊടുത്ത് യാത്ര പറയുമ്പോൾ പോലും, അവളെ അങ്ങോട്ട് കണ്ടില്ല.

നിരാശയോടെ നിഖിൽ അവിടുന്നിറങ്ങി, ലോറി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പോയി.

ഒരു വളവ് തിരിഞ്ഞ് കുത്തനെയുള്ള ഇറക്കമിറങ്ങുമ്പോൾ നിഖിൽ സെക്കൻ്റിലേക്ക്, ഗിയർ ഷിഫ്റ്റ് ചെയ്ത് ,വളയം ജാഗ്രതയോടെ പിടിച്ചു.

ഇരുവശങ്ങളും തട്ടുതട്ടായി കിടക്കുന്ന മനോഹരമായ തേയിലത്തോട്ടങ്ങളാണ്, കണ്ണിനെ കുളിരണിയിക്കുന്ന ആ കാഴ്ചയിലേക്ക് നിഖിൽ ഇടയ്ക്കിടെ കണ്ണോടിച്ച് കൊണ്ടിരുന്നു.

അപ്പോഴാണ് തേയില തോട്ടങ്ങൾക്കിടയിലൂടെ കൈയ്യും വീശി ഓടി വരുന്ന മോളിക്കുട്ടിയെ അയാൾ കണ്ടത്

പെട്ടെന്ന് നിഖിൽ ലോറി ചവിട്ടി നിർത്തി.

തിരിച്ച് പോകുവാണല്ലേ?ഇനി ഒരിക്കലും ഇങ്ങോട്ട് വരില്ലേ?

നിഖിലിൻ്റെ അടുത്ത് വന്നു നിന്നിട്ട് കിതപ്പോടെ അവൾ ചോദിച്ചു.

മത്തായിച്ചൻ എല്ലാം പറഞ്ഞല്ലേ ? ഞാൻ മോളിക്കുട്ടിയോട് നേരിട്ട് യാത്ര പറയാനായി അവിടെയൊക്കെ നോക്കിയിട്ട് കണ്ടില്ല ,എന്തായാലും ഇപ്പോൾ കണ്ടല്ലോ ഇനി എനിക്ക് തന്നോട് യാത്ര ചോദിച്ചിട്ട് , സമാധാനമായി പോകാം

അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു.

അപ്പൻ പറഞ്ഞറിഞ്ഞതല്ല ,അപ്പനോട് യാത്ര പറയുന്നത് ഞാൻ അകത്ത് നിന്ന് കേട്ടിരുന്നു, അതാ നിങ്ങള് വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ, കുറുക്ക് വഴികളിലൂടെ ഓടി ഞാൻ ഇവിടെ എത്തിയത് ,എന്താ പെട്ടെന്ന് തന്നെ തിരിച്ച് പോകുന്നത് ,മറ്റുള്ള ലോറിക്കാരൊക്കെ കുറെ വർഷങ്ങളായി ഇവിടെ വന്ന് പോകുന്നവരാണ് ,പിന്നെ നോബിച്ചായൻ മാത്രമെന്താ തിരിച്ച് വരുന്നില്ലെന്ന് പറഞ്ഞത്?

അവളുടെ നിഷ്കളങ്കത അയാളെ വേദനിപ്പിച്ചു.

മോളിക്കുട്ടീ.. നിനക്കറിയാത്ത കുറെ കാര്യങ്ങളുണ്ട് ,അതൊന്നും ഇപ്പോൾ പറയാൻ കഴിയില്ല, പിന്നെ നീ കരുതുന്നത് പോലെ, എൻ്റെ പേര് നോബിളെന്നല്ല ,അന്ന് ഞാൻ പെട്ടെന്ന് അങ്ങനെ പറഞ്ഞെന്നേയുള്ളു ,ഞാൻ ശരിക്കും നിഖിലാണ് ,എനിക്കറിയാം മോളിക്കുട്ടിക്ക് എന്നെ ഇഷ്ടമാണെന്ന് ,എനിക്ക് മോളിക്കുട്ടിയെയും ഇഷ്ടമൊക്കെ തന്നെയാണ്, പക്ഷേ ചില കാരണങ്ങളാൽ നമുക്കൊരിക്കലും ഒന്നാകാൻ കഴിയില്ല, ഇപ്പോൾ അത്രയും മനസ്സിലാക്കിയാൽ മതി, മോളിക്കുട്ടി പൊയ്ക്കോ നേരമിരുട്ടുന്നു

അതെന്താ നമുക്ക് ഒന്നിക്കാൻ തടസ്സമാകുന്ന ആ ചില കാരണങ്ങൾ ? ഞാനൊരു ക്രിസ്ത്യാനി പെണ്ണായത് കൊണ്ടാണോ ?അതോ വെറുമൊരു ചായക്കടക്കാരൻ്റെ മോളായത് കൊണ്ടോ ?

ഹേയ് അതൊന്നുമല്ല മോളിക്കുട്ടീ… ഞാൻ പറഞ്ഞില്ലേ? എനിക്ക് മോളിക്കുട്ടിയെ ഇഷ്ടമൊക്കെ തന്നെയാണ് പക്ഷേ തന്നെ സ്വന്തമാക്കാനുള്ള യോഗ്യതയൊന്നും എനിക്കില്ല

അത് ഞാനല്ലേ തീരുമാനിക്കുന്നത് ,നിഖിലേട്ടനെ ഞാൻ കാണാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുളളു ,പക്ഷേ എന്ത് കൊണ്ടോ നിങ്ങളെൻ്റെ മനസ്സിൽ കയറി പറ്റി ,എത്ര ശ്രമിച്ചിട്ടും, മനസ്സിൽ നിന്ന് കുടിയിറക്കാനും പറ്റുന്നില്ല ,എന്നെ ഒഴിവാക്കരുത്, എന്ത് കുറവുകളുണ്ടങ്കിലും ഞാനത് സഹിച്ചോളാം, കൂടെ എന്നെയും കൊണ്ട് പോയിക്കൂടെ?

ശ്ശെ ! നീയെന്തൊക്കെയാണീ പുലമ്പുന്നത്, ആരാ, എന്താ ഒന്നുമറിയാതെ, ഇന്നലെ കണ്ട ഒരുത്തനോട്, ഉള്ളിൽ തോന്നിയ പ്രണയം കൊണ്ട് മാത്രം, സ്വന്തം ജീവിതത്തെ, ഒരു പരീക്ഷണത്തിനായി വിട്ട് കൊടുക്കുന്നത് ,ശുദ്ധ മണ്ടത്തരമാണ് മോളിക്കുട്ടീ.. നിനക്ക് നിൻ്റെ അപ്പച്ചൻ നല്ലൊരു ചെറുപ്പക്കാരനെ കണ്ട് പിടിച്ച് തരും ,അവനുമായിട്ട് സുഖജീവിതം നയിക്കുമ്പോൾ നിനക്ക് മനസ്സിലാകും, നീയിപ്പോൾ കാട്ടിക്കൂട്ടിയതൊക്കെ വെറും പാഴ് വേലകളായിരുന്നെന്ന്

ശരിയാണ് ,എന്നെ കെട്ടിച്ച് കൊടുക്കാനായി ഒരാളെ അപ്പനും, ചിറ്റമ്മയുംകൂടി കണ്ട് വച്ചിട്ടുണ്ട് ,അത് വേറാരുമല്ല, എൻ്റെ ചിറ്റമ്മ ,തെയ്യാമ്മയുടെ ആങ്ങള തന്നെയാണ് , പേര് റോബർട്ട് , പൊള്ളാച്ചിമാർക്കറ്റിലെ ഗുണ്ടാ പിരിവ് നടത്തുന്ന ഒരു റൗഡിയാണയാൾ , എനിക്കയാളെ പേടി മാത്രമല്ല, അറപ്പുമാണ്, അയാളോടൊപ്പം ജീവിക്കേണ്ടി വന്നാൽ, ഇവിടെ ഒരു പാട് ഡാമുകളുള്ള സ്ഥലമാണ് ,ഏതെങ്കിലുമൊന്നിൽ ചാടി ഞാൻ , ആത്മഹത്യ ചെയ്തിരിക്കും, എങ്കിൽ നിഖിലേട്ടൻ പൊയിക്കൊളു, ഞാൻ തടയുന്നില്ല ,നിങ്ങളെ മറക്കാൻ ഞാൻ പരമാവധി ശ്രമിക്കാം,

അത്രയും പറഞ്ഞ് ,നുള്ളാൻ പാകമായ തേയില കാടുകൾക്കിടയിലൂടെ മോളിക്കുട്ടി ദൂരേക്ക് മറഞ്ഞ് പോകുന്നത് നിഖില് നിസ്സഹായതയോടെ നോക്കിയിരുന്നു.

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *