വലിയ വീടുണ്ട്,ലക്ഷങ്ങൾ സമ്പാദിക്കുന്ന മക്കൾ,ബാങ്ക് ബാലൻസ്,അളവില്ലാത്ത സ്ഥലങ്ങൾ, ആവശ്യത്തിൽ അധികമുള്ള സ്വർണ്ണാഭരണങ്ങൾ എല്ലാം ഉണ്ട്……..

ടൈറ്റസ്

Story written by Navas Amandoor

“ഈശ്വരാ കുറച്ചു വെള്ളം എടുത്തു തരാൻ ഇവിടെ ആരുമില്ലല്ലോ…?”

ചുമച്ച് ശ്വാസം കിട്ടാതെ കട്ടിലിൽ കിടന്ന് അന്നമ്മ സങ്കടത്തോടെ ദൈവത്തെ വിളിച്ചു. ചുമകൊണ്ട് ശ്വാസം കിട്ടാതെ വന്നപ്പോൾ ഒരു കൈ കൊണ്ട് ടേബിൾ വച്ചിരുന്ന ഇൻഹേലർ തിരഞ്ഞു.തിരച്ചിലിന്റെ ഇടയിൽ കൈ തട്ടി ഇൻഹേലർ ടേബിളിൽ നിന്നും താഴെ വീണു.

വലിയ വീടുണ്ട്,ലക്ഷങ്ങൾ സമ്പാദിക്കുന്ന മക്കൾ,ബാങ്ക് ബാലൻസ്,അളവില്ലാത്ത സ്ഥലങ്ങൾ, ആവശ്യത്തിൽ അധികമുള്ള സ്വർണ്ണാഭരണങ്ങൾ എല്ലാം ഉണ്ട്… പക്ഷെ ഈ രാത്രി ഒരു ഗ്ലാസ്‌ വെള്ളം കിട്ടാൻ വഴിയില്ല.

നെഞ്ചിൽ തടവി ചുമച്ചു ശ്വാസത്തിന് വേണ്ടിയുള്ള ബദ്ധപ്പാടിൽ നെഞ്ചിന്റെ ഉള്ളിൽ നിന്നും ശ്വാസം വലിക്കുന്ന ശബ്ദം ആ മുറിയിൽ മുഴങ്ങി.

പെട്ടന്ന് മുറിയിൽ ലൈറ്റ് തെളിഞ്ഞു.ഇരുളിൽ നിന്നും അന്നമ്മയുടെ അരികിലേക്ക് ഒരാൾ നടന്നു വന്നു.

പതുക്കെ അന്നമ്മയെ പിടിച്ച് എണീപ്പിച്ചു. ഒരു തലയണ ചെരിച്ചു വെച്ച് അന്നമ്മയെ ചാരി ഇരുത്തി.

“എന്താ അമ്മച്ചി…എന്താണ് പറ്റിയത്..?”

“മോനെ ശ്വാസം കിട്ടുന്നില്ല.. ദാ താഴെ കിടക്കുന്ന ആ സാധനമൊന്ന് എടുത്തു തരോ…?

അയാൾ വേഗം താഴെ നിന്നും അന്നമ്മ വിരൽ ചൂണ്ടിയ ഭാഗത്തു വീണ് കിടക്കുന്ന ഇൻഹേലർ എടുത്തു കൊടുത്തു.

അന്നമ്മ വേഗം അതിന്റെ മൂടി ഊരി വായിൽ വെച്ച് സ്പ്രേ ചെയ്തു.രണ്ട് വട്ടം സ്പ്രേ ചെയ്തപ്പോൾ തന്നെ ശ്വാസമുട്ടൽ കുറഞ്ഞു.

“അമ്മച്ചി അങ്ങനെ തന്നെ ഇരിക്കൂ.. ഞാൻ വേഗം വെള്ളം ചൂടാക്കി തരാട്ടോ..”

അയാൾ പെട്ടന്ന് തന്നെ അടുക്കള കണ്ട് പിടിച്ചു.

ലൈറ്റ് ഓൺ ചെയ്തു.ഗ്യാസ് സ്റ്റവിൽ ഒരു പത്രത്തിൽ വെള്ളം എടുത്തു ചൂടാക്കാൻ വെച്ചു.

“എന്ത് ഉണ്ടായിട്ടെന്താ… വയസ്സ് കാലത്ത് ഒരു തുള്ളി വെള്ളം എടുത്തു കൊടുക്കാൻ ആരുമില്ല.”

അയാൾ മനസ്സിൽ കരുതി.

ചുടാക്കിയ വെള്ളം ഒരു ഗ്ലാസിൽ ഒഴിച്ച് അയാൾ അന്നമ്മയുടെ അടുത്തോട്ടു ചെന്നു.

അയാളിൽ നിന്ന് വെള്ളം വാങ്ങി പതുക്കെ പതുക്കെ കുടിക്കാൻ തുടങ്ങി.

പ്രയാസം മാറിയപ്പോളാണ് വെള്ളം കൊണ്ട് വന്ന ആളെ അന്നമ്മ ശരിക്കും നോക്കുന്നത്.

“മോൻ ഏതാ…?”

“ഞാൻ… ഞാൻ ഇവിടെ…. അമ്മച്ചിയുടെ ചുമ കേട്ടപ്പോൾ വന്നതാ..”

“ഉം.. വന്നത് നന്നായി.. പകൽ ഒരുത്തി ഉണ്ട് ഇവിടെത്തെ കാര്യങ്ങളൊക്കെ നോക്കാൻ.. രാത്രി ഒറ്റക്കാ.”

“അപ്പൊ മക്കൾ..”

“അവരൊക്കെ പലയിടത്താണ്.. വല്ലപ്പോഴും വരും.. വന്നാലും നിൽക്കാനും ഇരിക്കാനും സമയവും ഉണ്ടാവില്ല.”

അയാളുടെ മനസ്സിലപ്പോൾ സ്വന്തം അമ്മച്ചിയുടെ മുഖമായിരുന്നു. കഴിയുന്നപോലെ അമ്മച്ചിയെ സംരക്ഷിച്ചു. മരിക്കും വരെ ആരും കൂടെയില്ലെന്ന തോന്നൽ ഇല്ലാതെ തന്നെ നോക്കി.

“അല്ല മോനെ.. വാതിലൊക്കെ ഞാൻ അടച്ചതാണല്ലോ.. പിന്നെയെങ്ങനെ അകത്തു കയറി..?”

“ഞാൻ ഇവിടെ കക്കാൻ കയറിയതാ.”

മറച്ചു വെക്കാതെ അയാൾ കാര്യം തുറന്നു പറഞ്ഞു.

അന്നമ്മ ചിരിച്ചു.. പൊട്ടിച്ചിരിച്ചു.

“ആഹാ.. നീ കള്ളനായിരുന്നോ..?”

“ഉം…”

“പിന്നെ എന്തിനാ എന്റെ മുൻപിൽ വന്നത്.. പിടിക്കപ്പെടില്ലേ…?”

“അമ്മച്ചിയുടെ ചുമയും ഈശ്വരാന്നുള്ള വിളിയും കേട്ടപ്പോൾ കക്കാൻ വന്നതാണെന്ന് ഞാനങ്ങ് മറന്നുപോയി. അന്നേരം എന്റെ മനസ്സിൽ എന്റെ അമ്മച്ചിയുടെ മുഖമാണ് വന്നത്.

“സാരമില്ല.. നീ പേടിക്കണ്ട.. നിനക്ക് ഈ വീട്ടിൽ നിന്ന് കൊണ്ടുപോകാൻ കഴിയുന്നത് എന്തും കൊണ്ടുപോകാം..”

“ഹേയ് വേണ്ട…. ഒന്നും വേണ്ട.”

ഈ വീടും. ഈ വീടിന്റെ ചുറ്റുപാടും കാര്യങ്ങളും ഒരാഴ്ചയോളാം കണ്ടും നീരീക്ഷിച്ചും മനസ്സിലാക്കിയിട്ടാണ് ആ കള്ളൻ ഈ രാത്രിയിൽ കക്കാൻ കയറിയത്.രാത്രിയിൽ പ്രായമായ ഒരമ്മച്ചി മാത്രം ഉണ്ടാവുകയുള്ളൂ ഈ വലിയ വീട്ടിൽ എന്നും ഒരു പ്രശ്നവും ഇല്ലാതെ വിലപിടിപ്പുള്ള എന്തെങ്കിലും കൈക്കലാക്കാൻ കഴിയുമെന്നും കണക്ക് കൂട്ടിയാണ് ആരും കാണാതെ പകൽ വീടിനുള്ളിൽ കയറിപ്പറ്റിയത്.

“മോന്റെ പേര് പറഞ്ഞില്ല ല്ലോ..?”

“എന്റെ പേര്… അമ്മച്ചി എന്നെ ടൈറ്റസെന്ന് വിളിച്ചോളു..”

“ടൈറ്റസൊ.. ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ..?”

” യഹൂദന്മാർ യേശുദേവനെ യെരുശലേമിൽ കുരിശിൽ തറച്ചപ്പോൾ രണ്ട് കള്ളന്മാരെ കൂടി കുരിശിൽ തറച്ചു. ആ രണ്ട് കള്ളന്മാരിൽ ടൈറ്റസ് വലത്തു വശത്തും ദുമാക്കസ് ഇടതുവശത്തുമായി ക്രൂശിക്കപ്പെട്ടു.. അതിൽ നല്ലവനായ കള്ളനാണ് വലുത് വശത്ത് കുരിശിലേറിയ ടൈറ്റസ്.. ടൈറ്റസ് യേശുവിന് മുൻപേ പറുദീസയിലെത്തും.”

അന്നമ്മ പുഞ്ചിരിയോട് കള്ളനെ നോക്കി.

“അപ്പോൾ നീയാണല്ലേ ആ മാനസാന്തരം വന്ന നല്ലവനായ കള്ളൻ.”

“ഇപ്പൊ അമ്മച്ചിക്ക് എങ്ങനെയുണ്ട്..ബുദ്ദിമുട്ടൊന്നും തോന്നുന്നില്ലല്ലോ..?”

“കുഴപ്പമില്ല മോനെ..ഞാൻ കാരണം നിനക്കല്ലേ ബുദ്ദിമുട്ടായാത്.. അല്ലെ.”

“ഹേയ്.. ഇല്ലാ.. എന്നാൽ ഞാൻ പോകുന്നു…അമ്മച്ചി ഉറങ്ങിക്കോളൂ.. “

“കണ്ടപ്പോൾ തൊട്ട് നീയെന്നെ അമ്മച്ചിയെന്നാ വിളിച്ചത്.. എനിക്ക് തോന്നുന്നില്ല നീയൊരു കള്ളനാണെന്ന്..”

പോകാൻ നിൽക്കുന്ന അയാളുടെ നേരെ അന്നമ്മച്ചി കഴുത്തിൽ കിടന്ന വലിയൊരു മാലയൂരി നീട്ടി.

“ഇത് നീ കൊണ്ട് പോയ്ക്കോ.. ജീവനെക്കാളും വിലിയില്ല മോനെ ഈ മാലക്ക്.”

“എനിക്ക്.. വേണ്ട.. ഞാൻ ഈ അമ്മച്ചിയെ സ്വന്തം അമ്മയെ പോലെയാ.. കണ്ടത്.സ്വന്തം അമ്മയുടെ അടുത്ത് നിന്നും ആരെങ്കിലും കളവ് ചെയ്യുമോ അമ്മച്ചി.”

കള്ളൻ ചിരിച്ചു.. കൂടെ അന്നമ്മച്ചിയും ചിരിച്ചു.

“എന്നാ ഇത് സ്വന്തം അമ്മച്ചി തന്നതാണെന്ന് കരുതിയാൽ മതി.”

അങ്ങനെ പറഞ്ഞു അന്നമ്മ വീണ്ടും കള്ളന്റെ നേരെ മാല നീട്ടിപ്പിടിച്ചു. അപ്പോഴേക്കും ഇരുളിനെ അറിയുന്ന കള്ളൻ ഇരുളിന്റെ ഇടയിലേക്ക് തെളിച്ചമുള്ള മനസ്സുമായി മിന്നി മറിഞ്ഞു.

“കർത്താവ് നിന്നെ തന്റെ വലം കൈ കൊണ്ടു താങ്ങുകയും നിന്റെ പാപങ്ങൾ പൊറുക്കുകയും ചെയ്യും”

Related Posts

Leave a Reply

Your email address will not be published. Required fields are marked *