വാപ്പ മരിക്കുന്നതിന് മുൻപ് വാപ്പയും മറ്റെല്ലാവരും ചേർന്ന് കണ്ടെത്തിയ ഭർത്താവ് രണ്ടു മക്കളെ തന്ന് വിവാഹബന്ധം വേർപ്പെടുത്തി വേറൊരു പെണ്ണിന്റെ ഒപ്പം ജീവിക്കുന്നു…..

പെരുന്നാൾ നിലാവ്.

എഴുത്ത്:- നവാസ് ആമണ്ടൂർ.

“ഉമ്മച്ചി എന്നാ പെരുന്നാൾ ഡ്രസ്സ്‌ കൊണ്ട് വരാ…”

കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ ഷാഹി തുണിക്കടയിൽ ജോലിക്ക് പോകാൻ തുടങ്ങിയിട്ട്. നോയമ്പ് തുടങ്ങി കുറച്ചു ദിവസങ്ങൾക്ക് ശേഷം മക്കൾ രണ്ടുപേരും ഉമ്മച്ചി പെരുന്നാൾ ഡ്രസ്സ് കൊണ്ടുവരുമെന്ന് കരുതി കാത്തിരിക്കും. ഉമ്മച്ചി വൈകുന്നേരം എത്തുമ്പോൾ കൈയിൽ ഡ്രസ്സിന്റെ കവർ കാണാതാകുമ്പോൾ മക്കളുടെ മുഖം വാടും. അവരുടെ മുഖത്തെ നിരാശ ഷാഹിയുടെ കണ്ണ് നിറയ്ക്കും.

ഷാഹിയുടെ ചെറുപ്പത്തിൽ വാപ്പ ഗൾഫിൽ ആയിരുന്നു. പെരുന്നാളിന് നേരത്തെ ഡ്രസ്സ് എടുത്തു വയ്ക്കും. അന്ന് ദാരിദ്ര്യം ഉണ്ടായിരുന്നില്ല. ആ സമയത്താണ് ഒരു പെരുന്നാളിന് ഷാഹിയുടെ കൂട്ടുകാരി അൻസിയക്ക് വാപ്പ വയ്യാതെ കിടക്കുന്നത് കൊണ്ട് പെരുന്നാൾ ഡ്രസ്സ് കിട്ടാത്ത സങ്കടം. കൂട്ടുകാരിയുടെ സങ്കടം കണ്ട് ഷാഹി ഉമ്മയോട് പറഞ്ഞ് അവൾക്കുള്ള ഡ്രസ്സ്‌ വാങ്ങിക്കൊടുത്തു. അൻസിയക്ക് പെരുന്നാൾ ഡ്രസ്സ് വാങ്ങി ഷാഹി അവളുടെ കൈയിലേക്ക് വെച്ചു കൊടുത്തപ്പോൾ… അൻസിയയുടെ മുഖത്ത് കണ്ട പ്രകാശം…

അതായിരുന്നു ഷാഹി കണ്ട “പെരുന്നാൾ നിലാവ്.”

അന്ന് കൂട്ടുകാരിയുടെ മുഖത്ത് കണ്ട നിരാശയാണ്.. ഇന്ന് സ്വന്തം മക്കളുടെ മുഖത്ത്…വാപ്പ മരിക്കുന്നതിന് മുൻപ് വാപ്പയും മറ്റെല്ലാവരും ചേർന്ന് കണ്ടെത്തിയ ഭർത്താവ് രണ്ടു മക്കളെ തന്ന് വിവാഹബന്ധം വേർപ്പെടുത്തി വേറൊരു പെണ്ണിന്റെ ഒപ്പം ജീവിക്കുന്നു.

ജീവിക്കാൻ വേറെ ഗതിയില്ലാതായപ്പോൾ ഷാഹി പലയിടത്തും ജോലിക്ക് പോകാൻ തുടങ്ങി. ഇപ്പോൾ ജോലി ചെയ്യുന്നത് തുണിക്കടയിലാണ്. കുറച്ചു ദിവസമായിട്ട് പെരുന്നാൾ ഡ്രസ്സ് എടുക്കാൻ വരുന്നവരുടെ തിരക്കാണ്. കുട്ടികൾക്കുള്ള പുതിയ ഡ്രസ്സുകൾ കാണിച്ചു കൊടുക്കുമ്പോൾ അവളുടെ യുള്ളിൽ സങ്കടം നിറയും. എത്ര സന്തോഷത്തോടെയാണ് കുട്ടികൾ അവർക്ക് ഇഷ്ടം ഉള്ളത് നോക്കി എടുക്കുന്നത്.

പുതുവസ്ത്രത്തിന്റെ മണം അവളുടെ കണ്ണുകളെ നനയിപ്പിച്ചു കൊണ്ടിരുന്നു. ഈ മാസം കിട്ടുന്ന സാലറി ആവശ്യങ്ങൾക്ക് തന്നെ തികയില്ല. കഴിഞ്ഞ മാസം മൂത്തവന് പനി വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയപ്പോൾ കടയുടെ മുതലാളിയിൽ നിന്ന് കടം വാങ്ങിയ ക്യാഷ് കൊടുക്കാൻ കഴിഞ്ഞിട്ടില്ല.. ഇനി കടയിൽ നിന്നും പെരുന്നാൾ ഡ്രസ്സ്‌ കടം വാങ്ങാൻ കഴിയില്ല.

ഓരോ ദിവസവും സങ്കടത്തോടെയാണ് അവൾ വീട്ടിലേക്ക് വരുന്നത്. പെരുന്നാളിന് കുറച്ചു ദിവസങ്ങൾ മാത്രം.

“ഉമ്മച്ചി ഇന്നും കൊണ്ടന്നില്ലേ ഡ്രസ്സ്‌…?”

“ഉമ്മച്ചി വാങ്ങിത്താരാ മക്കളെ..”

അവൾ വേഗം മുറിയിലേക്ക് പോയി വാതിൽ അടച്ചു.

” പടച്ചവനേ എല്ലാവർക്കും ആരെങ്കിലുമൊക്കെ കാണും സങ്കടം പറയാൻ.. എനിക്ക് നീയെ ഉള്ളൂ റബ്ബേ.. എങ്ങനെയാ എന്റെ മക്കൾക്ക് പെരുന്നാളിന് ഡ്രസ്സ് എടുക്കാൻ കഴിയുക.. ഒരു വഴിയും തെളിയുന്നില്ലല്ലോ.. “

രണ്ട് കൈകൾ കൊണ്ടും മുഖം പൊത്തിപ്പിടിച്ച് അവൾ കരഞ്ഞു. വാപ്പയുടെ ജോലി വാപ്പ നാട്ടിലേക്ക് പോന്ന സമയം ഭർത്താവിന് കൊടുത്തപ്പോൾ ഏറെ സന്തോഷം തോന്നി. പക്ഷേ കുറച്ചു കാലം കഴിഞ്ഞപ്പോൾ അയാൾക്ക് ഷാഹി പോരാന്ന് തോന്നി. നാട്ടിൻപുറത്തെ ഒരു സാധാരണക്കാരി അയാൾക്ക് യോജിക്കാത്തതു പോലെ തോന്നിയപ്പോൾ അയാൾ മക്കളെയും അവളെയും തനിച്ചാക്കി പോയി. ആ സങ്കടവും ആരെയും അറിയിക്കാതെ ഷാഹി മക്കൾക്ക് വേണ്ടി ജീവിച്ചു.

“ഉമ്മച്ചി പുറത്ത് ആരോ വന്നിരിക്കുന്നു..”

മക്കളുടെ വിളി കേട്ട് ഷാഹി വേഗം മുഖം തുടച്ചു മുറിയിൽ നിന്ന് ഇറങ്ങി വന്നു.

“എന്താ പുറത്ത് ത്ന്നെ നിൽക്കുന്നത്… വാ അനു.”

അനുവിനെ ഷാഹി വീട്ടിലേക്ക് ക്ഷണിച്ചു. ചെറു പുഞ്ചിരിയോടെ അനുവും ഭർത്താവ് രാജേഷും വീട്ടിലേക്ക് കയറി വന്നു. ആരാന്ന് അറിയാതെ മക്കൾ ഉമ്മയെ നോക്കി.

“ഇത് ഉമ്മച്ചിടെ ഒപ്പം കടയിൽ ജോലിക്ക് നിക്കുന്ന ചേച്ചിയാ മക്കളെ.. നിങ്ങൾ അവരോട് സംസാരിക്കൂ … ഉമ്മച്ചി വെള്ളം എടുക്കട്ടെ.”

“ഷാഹിത്ത വെള്ളമൊന്നും വേണ്ടാ…”

അനു മക്കളെ അടുത്തോട്ടു വിളിച്ചു. അവരുടെ കൈയിൽ ഉണ്ടായിരുന്ന കവർ മക്കളുടെ കൈയിൽ വെച്ചു കൊടുത്തു.

“മക്കൾക്ക് ഈ കൊല്ലത്തെ പെരുന്നാൾ ഡ്രസ്സ്‌ എന്റെ വക..”

ആ സമയം ഷാഹിക്ക് കരച്ചിൽ വന്നു. ഷാഹി അനുവിന്റെ കയ്യിൽ മുറുക്കിപ്പിടിച്ചു അവൾ കണ്ണീർ തുടച്ചു.

“കടയിൽ വെച്ച് ഒരു കുട്ടിക്കുള്ള ഡ്രസ്സ്‌ കൊടുത്ത ഇത്ത വലിച്ചു വാരിയിട്ട ഡ്രസ്സുകൾ മടക്കി വെക്കുമ്പോൾ കണ്ണുകൾ നിറയുന്നതും ആരും കാണാതെ തുടക്കുന്നതും ഞാൻ കണ്ടിരുന്നു..”

അന്ന് വീണ്ടും വർഷങ്ങൾക്ക് ശേഷം ഷാഹി പെരുന്നാൾ നിലാവ് സ്വന്തം മക്കളുടെ മുഖത്ത് കണ്ടു.

NB :നമ്മുടെയൊക്കെ ഇടയിൽ മക്കൾക്കും വേണ്ടപ്പെട്ടവർക്കും പെരുന്നാൾ ഡ്രസ്സ് വാങ്ങിക്കൊടുക്കാൻ കഴിയാതെ മനസ്സിൽ സങ്കടമായി നടക്കുന്നവരുണ്ടാകും… അവരുടെ മുമ്പിലാണ് രണ്ടും മൂന്നും ജോഡി ഡ്രസ്സുകളുമായി നമ്മുടെ മക്കൾ പെരുന്നാൾ ആഘോഷിക്കാൻ കാത്തുനിൽക്കുന്നത്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *