വിളഞ്ഞ വിത്താ ആ പെണ്ണ്. അഹങ്കാരി . ഒന്ന് പറഞ്ഞാൽ രണ്ട് ഇങ്ങോട്ട് പറയും. അതെങ്ങനാ തല്ലി വളർത്താൻ ത ന്തയില്ലല്ലോ. ഉള്ള തള്ളയ്ക്ക് ആണേൽ ആവതും ഇല്ല…….

എഴുത്ത് :- മഹാ ദേവൻ

വിളഞ്ഞ വിത്താ ആ പെണ്ണ്. അഹങ്കാരി . ഒന്ന് പറഞ്ഞാൽ രണ്ട് ഇങ്ങോട്ട് പറയും. അതെങ്ങനാ തല്ലി വളർത്താൻ ത ന്തയില്ലല്ലോ. ഉള്ള തള്ളയ്ക്ക് ആണേൽ ആവതും ഇല്ല. പിന്നെ ആരെ പേടിക്കാൻ. തന്നിഷ്ടക്കാരി. “

നാട്ടിലെ പല ആളുകൾക്കും വേദയെ കുറിച്ച് പറയാൻ ഇതൊക്കെ ആണ്. ആർക്കു മുന്നിലും തല ഉയർത്തിനടക്കുന്നത് കൊണ്ടാവാം പലർക്കും അവൾ ഒരുമ്പെ ട്ടവൾ ആണ്.

” ചേട്ടാ പെട്രോളടിക്കുമ്പോൾ തീരുംമുൻപ് എടുതോണ്ടോടുന്ന പരിപാടി വേണ്ട, 102 രൂപ തരണമെങ്കിൽ ന്നേപോലെ ഉള്ളവർ കുറച്ചു കഷ്ട്ടപ്പെടണം. അതുകൊണ്ട് തന്ന കാശിനുള്ളത് മുഴുവൻ ടാങ്കിലേക്ക് ഊ ത്തിയിട്ട് പോയാൽ മതി “

അവളുടെ സംസാരം കേട്ടപ്പോൾ പമ്പിലെ പയ്യന്റെ മുഖത്തൊരു പുച്ഛം.

” ന്നാ പിന്നെ മോള് ഒരു കാര്യം ചെയ്യ്. അതികം കഷ്ട്ടപ്പെടാതെ കാശുണ്ടാക്കൻ ഒരു പണിയുണ്ട്. ന്തേ, നോക്കുന്നോ “

” ആഹാ, ചേട്ടൻ ആ പണിക്ക് ആളെ നോക്കുന്ന ചേട്ടനാണോ. എന്നാൽ ഒരു കാര്യം ചെയ്യ്. വീട്ടിൽ ചെല്ലുമ്പോൾ നിന്നേം കാത്തിരിക്കുന്ന ഒരാൾ ഇല്ലേ, അവരോടു പറ ഇപ്പോൾ നീ പറഞ്ഞ ആ പണി. നിന്നെപോലെ ഒന്നിനെ വളർത്തിവലുതാക്കിയതിനേക്കാൾ അഭിമാനിക്കാം ആ പണിക്ക്. വാഴ വെക്കേണ്ട സമയത്ത്…… “

അവൾ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്, പക്ഷേ, മുഖത്തടികിട്ടിയപ്പോലെ ആയിരുന്നു അവന്റെ ഭാവം. അവൻ മറുത്തെന്തെങ്കിലും പറയുംമുൻപ് സ്കൂട്ടിയുമെടുത്തു അവൾ പോന്നിരുന്നു.

വീട്ടിലെത്തുമ്പോൾ ആധിയോടെ അമ്മ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു. “ഇന്നും ഒത്തിരി വൈകിയല്ലോ മോളെ. നിനക്ക് നിന്റ മൊതലാളിയോട് പറഞ്ഞ് ഇച്ചിരി നേരത്തെ പൊന്നൂടെ “

അമ്മയുടെ മുഖത്തെ ദൈന്യത കണ്ടപ്പോൾ അവൾ ആ കവിളിൽ ഒന്ന് തട്ടി. ” ന്റെ അമ്മേ. അല്ലെങ്കിലേ കോളേജ് കഴിഞ്ഞുള്ള സമയം അല്ലേ ആകെ ഉള്ളത്. അതിനിടയ്ക്ക് നേരത്തെ പോണം എന്ന് കൂടി പറഞ്ഞാൽ എന്നാ മോള് വീട്ടിൽ തന്നെ ഇരുന്നോ എന്ന് പറയും അയാള്. ഉള്ള പാർട്ട്‌ടൈം ജോലി കൂടി വെറുതെ കളയണോ. ഇതിപ്പോ വണ്ടി ഉണ്ടല്ലോ. പിന്നെന്താ. എന്നെ ആരും പിടിച്ച് തിന്നതൊന്നും ഇല്ലന്നെ… അമ്മ വെറുതെ ടെൻഷൻ അടിച്ച് വയ്യയ്ക കൂട്ടണ്ട. ഞാൻ പോയി കുളിച്ചുവരാം. “

അവൾ ചാടിതുള്ളി അകത്തേക്ക് പോകുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഈ പ്രായത്തിൽ തന്നെ വീടിനു വേണ്ടി കഷ്ടപ്പെടേണ്ടിവന്നല്ലോ ന്റെ മോൾക്ക് എന്നോർക്കുമ്പോൾ ആ അമ്മയുടെ നെഞ്ച് വിങ്ങുകയായിരുന്നു.

രാത്രി കിടക്കുമ്പോൾ വേദയുടെ ഫോൺ നിർത്താതെ അടിക്കുന്നുണ്ടായിരുന്നു. രാഹുലാണ്‌. ഇനി ഞാനും നീയുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് പിരിഞ്ഞതാണ്.

ഒരുത്തനെ ഇഷ്ട്ടപ്പെട്ടാൽ അതിനർത്ഥം അവന് ഉ മ്മ വെക്കാനും തരം കിട്ടിയാൽ അവിടേം ഇവിടേം പിടിക്കാനും പിന്നെ…. പ്രണയത്തെ അങ്ങനെ ഒക്കെ അവൻ വ്യാഖ്യാനിക്കാൻ തുടങ്ങിയപ്പോൾ വെറുപ്പ് തോന്നി. അവന്റെ ഇഷ്ട്ടങ്ങൾക്ക് മാത്രം മുൻ‌തൂക്കം കൊടുക്കണമെന്ന അവന്റെ വാശി.ഫോൺ ഒന്ന് ബിസി അയാൾ സംശയം.. ആര്, എന്ത്, എന്തിന് വിളിച്ചു എന്നൊക്ക നൂറു സംശയങ്ങൾ. പിന്നെ അതിന്റെ പേരിൽ വഴക്ക്, പിണക്കം… മടുത്തപ്പോൾ ആണ് ഗുഡ്ബൈ പറഞ്ഞത്.

അപ്പൊ മുതൽ നിർത്താതെ ഉള്ള ഈ വിളി. ഇടയ്ക് ഫോൺ എടുത്തപ്പോൾ പറഞ്ഞതാണ് ഇനി ശല്യം ചെയ്യരുത് എന്ന്. പക്ഷേ, അപ്പൊ അവൻ കരയുകയായിരുന്നു. ” നീ ഇല്ലാതെ എനിക്ക് പറ്റില്ലെന്നും പറഞ്ഞ് !

അത് കേട്ടപ്പോഴേ വേദയിൽ വെറുപ്പ് കൂടി. ഒരു പെണ്ണിന് മുന്നിൽ കരയുന്നവനോട് തോന്നിയ ദേഷ്യം. പക്ഷേ, ആ കരച്ചിൽ ഇടയ്ക്ക് ഭീക്ഷണിയായി.

” എന്നെ വേണ്ടെന്ന് വെച്ചിട്ട് മോള് അങ്ങനെ ഞെളിഞ്ഞുനടക്കണ്ട. നിന്നേം കൊണ്ടേ ഞാൻ പോകൂ. നീ ജീവിക്കുകയാണെങ്കിൽ എന്റെ കൂടെ… അല്ലെങ്കിൽ “

ആ വാക്കുകളിൽ ഒരു മരണത്തിന്റെ ചുവയുണ്ടെന്ന് തോന്നി. പ്രണയമെന്ന വാക്കിന്റെ അർത്ഥം പോലും മാറിത്തുടങ്ങിയ ഈ കാലത്ത് എന്റെ അമ്മയും നാളെ ഒട്ടപെട്ടാൽ… നാട്ടുകാർക്ക് പറയാൻ ഒരു വാർത്തയായി, പ്രണയത്തിന്റെ രക്തസാക്ഷിയായി എന്തിന്…..

ഇപ്പോഴും അവന്റെ കാൾ വരുന്നുണ്ട്. എടുക്കില്ലെന്ന് മനസ്സിലായത്കൊണ്ടാവാം ഒരു മെസ്സേജ് വാട്സപ്പിൽ വന്നിരുന്നു.

” മോളെ.. നീയില്ലാത്ത ഞാൻ ജീവിക്കും. പക്ഷേ, ഞാനില്ലാത്ത നിന്റ ജീവിതം ശൂന്യമാകും.. “

ആ വാക്കുകൾക്ക് ഒരു ക ത്തിയുടെ മൂർച്ചയുണ്ടെന്ന് തോന്നി. ചോ രയുടെ മണമാണെന്നും.

ആ രാത്രി ഒരുപാട് ആലോചിച്ചു അവൾ. ഉറക്കം നഷ്ട്ടപ്പെട്ട ആ രാത്രി വെളുക്കുമ്പോൾ അവൾ ഒന്ന് തീരുമാനിച്ചിരുന്നു. അവനരികിലേക്ക് തന്നെ പോകാൻ. അമ്മയ്ക്ക് മോളെ നഷ്ടപ്പെടാൻ പാടില്ലല്ലോ.

അവൾ ആ വലിയ ഗേറ്റിനു മുന്നിൽ എത്തുമ്പോൾ ഒരു പരിഭ്രമം ഒക്കെ തോന്നി. പക്ഷേ, ഈ യാത്ര പിറകിലോട്ട് അല്ലെന്ന ഉറച്ച കാൽവെപ്പോടെ മുന്നോട്ട് നടന്നു വേദ.

കോളിംഗ് ബെൽ അമർത്തുമ്പോൾ ഉള്ളിൽ ഒരുപാട് കാര്യങ്ങൾ ഒതുക്കി വെച്ചിരുന്നു.

വാതിൽ തുറന്നത് മധ്യവയസ്ക്കനായ ഒരാൾ ആയിരുന്നു. ” ആരാ ” എന്ന് ചോദിച്ചപ്പോൾ ” ഞാൻ രാഹുലിന്റെ ക്ലാസ്മേറ്റ്‌സ് ” ആണ് എന്നവൾ സ്വയം പരിചയപ്പെടുത്തി.

” മോള് വാ, ” എന്നും പറഞ്ഞ് അയാൾ അവളെ അകത്തേക്ക് ക്ഷണിക്കുമ്പോൾ അവളുടെ കണ്ണുകൾ നാലുപാടും അവനെ തിരയുകയായിരുന്നു.

” മോനെ, നിന്റെ കൂടെ പഠിക്കുന്ന കുട്ടി വന്നിട്ടുണ്ട്. “

അച്ഛന്റെ വിളികേട്ട് പുറത്തേക്ക് വന്ന രാഹുൽ വേദയെ കണ്ട് ഒരു നിമിഷം ഞെട്ടി. അപ്പോഴേക്കും അവന്റെ അമ്മയും പെങ്ങളും പുഞ്ചിരിയോടെ അവർക്കരികിലേക്ക് വന്നിരുന്നു.

“മോള് ഇരിക്ക്, ഞാൻ കുടിക്കാൻ എന്തേലും എടുക്കാം ” എന്ന് പറഞ്ഞ അമ്മയോട് സ്നേഹത്തോടെ അത് നിരസിച്ചു അവൾ.

” വേണ്ടമ്മേ.. ഞാൻ ഒരു കാര്യം പറയാൻ വന്നതാണ്. “

അവളുടെ മുഖത്തായിരുന്നു അപ്പൊ എല്ലാവരുടെയും കണ്ണുകൾ.

” ഞാനും രാഹുലും തമ്മിൽ ഇഷ്ടത്തിലാണ്. എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അത് ഇവന്റെ കൂടെ ആയിരിക്കും. നാളെ അച്ഛനും അമ്മയും ഇവനെ വേറെ വിവാഹത്തിന് നിർബന്ധിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ തന്നെ നേരിട്ട് വന്നു പറഞ്ഞത്. അമ്മയും അച്ഛനും ഇതിനു സമ്മതിക്കണം. “

അവൾ അവർക്ക് മുന്നിൽ തൊഴുകൈയ്യോടെ നിൽകുമ്പോൾ രാഹുൽ ആകെ വിളറിവെളുത്തിരുന്നു. ഇവൾ ഇങ്ങനെ കേറിവരുമെന്നോ ഇങ്ങനെ ഒക്കെ പറയുമെന്നോ സ്വപ്നത്തിൽപോലും കരുതിയതല്ല. പക്ഷേ,

അവളുടെ വാക്കുകൾ കേട്ട് അച്ഛന്റെയും അമ്മയുടെയും നോട്ടം തന്റെ നേർക്കാണെന്ന് കണ്ടപ്പോൾ അവൾ വേഗം താഴോട്ടിറങ്ങിവന്നു.

” അച്ഛാ.. എനിക്കീ കൊച്ചിനെ അറിയാം എന്നല്ലാതെ ഞങ്ങൾ തന്നിൽ യാതൊരു ബന്ധവും ഇല്ല. “

അവൻ കിടന്ന് ഉരുണ്ടുമറിയുന്നത് കണ്ടപ്പോൾ അവൾക്ക് ചിരിയാണ് വന്നത്.

” അങ്ങനെ പറഞ്ഞാൽ എങ്ങനാ രാഹുൽ. ഞാനില്ലാതെ പറ്റില്ലെന്നും പറഞ്ഞ് കരഞ്ഞിട്ട് ഒരാഴ്ചപോലും ആയില്ലല്ലോ. അതൊക്കെ പോട്ടെ. ഇന്നലെ കൂടി നീ എനിക്ക് msg. അയച്ചല്ലോ. നീയില്ലാത്ത എന്റെ ജീവിതം ശൂന്യമാണ് എന്നൊക്കെ പറഞ്ഞ്. അങ്ങനെ ശൂന്യമാക്കേണ്ടെന്ന് കരുതി വന്നപ്പോൾ നിനക്ക് എന്നെ അറിയില്ല അല്ലേ. “

അവളുടെ കളിയാക്കൽ കേട്ടപ്പോൾ അവൻ പല്ലുകൾ ഞെരിച്ചു. പക്ഷേ, അവളുടെ മുഖത്ത്‌ അപ്പോഴും പുഞ്ചിരിച്ചു ആയിരുന്നു. പതിയെ സോഫയിൽ നിന്നും എഴുനേറ്റ് അവൾ ആ അച്ഛന് മുന്നിൽ അവളുടെ ഫോൺ നീട്ടിപിടിച്ചു.

” ഒരിക്കൽ ഇവനെ ഞാൻ സ്നേഹിച്ചിരുന്നു. പക്ഷേ, ഇവൻ ഇപ്പോൾ പറഞ്ഞത് അച്ഛൻ കേട്ടില്ലേ. എന്നെ കണ്ട പരിചയം മാത്രം ഉണ്ടെന്ന്. അങ്ങനെ കണ്ട് പരിചയം മാത്രമുള്ളവൻ അയച്ച മെസ്സേജ് ആണിത്. ഈ വാക്കുകൾക്ക് ചോ രയുടെ മണമുണ്ടെന്ന് തോന്നിയത് കൊണ്ടാണ് നേരിട്ട് വന്നത്. എനിക്കിത് വേണേൽ നെരെ പോലീസ്സ്റ്റേഷനിൽ ഏൽപ്പിക്കാം. പക്ഷേ, അത് ചിലപ്പോൾ ഇവനെപോലെ ഉള്ളവരുടെ വളര്ച്ചയ്ക്കെ ഉപകരിക്കൂ. ഒരു തുള്ളി പെട്രോളിലോ ക ത്തിയുടെ തുമ്പിലോ ഞാൻ തീർന്നാൽ എന്റെ അമ്മയ്ക്ക് ആരുമില്ലാതാകും. പ്രണയത്തിന്റെ പേരിൽ നാളെ കൊട്ടിഘോഷിക്കപ്പെടുന്ന ഒരു രക്തസാക്ഷി യാവാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് നേരിട്ട് വന്നത്. ഇവടേം ഉണ്ടല്ലോ ഒരു മോള്. ഇവനെ പോലെ ഉള്ളവർക്ക് ഒരു നേരംപോക്ക് ആവാതിരിക്കാൻ പ്രാർത്ഥിക്കാം. “

അവൾ അത്രയും പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുമ്പോൾ അമ്മയ്ക്കും അച്ഛനും പെങ്ങൾക്കും മുന്നിൽ രാഹുലിന്റെ തല താഴ്ന്നിരുന്നു.

ഉറച്ച കാൽവെപ്പോടെ വേദ മുന്നോട്ട് നടന്നു,

” പെങ്ങളെ തിരിച്ചറിഞ്ഞാൽ മതി, അവൻ പെണ്ണിനെ തിരിച്ചറിയാൻ ” എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട്. !

Related Posts

Leave a Reply

Your email address will not be published. Required fields are marked *