വിവാഹം കഴിഞ്ഞാൽ ചിലപ്പോൾ അവളുടെ കുസൃതികൾ അവൾ ഒളിച്ചു വെച്ചേക്കും…..

മകൾ…

Story written by Ammu Santhosh

“മുഹൂർത്തമായി “

ആരോ പറയുന്നു വിനയൻ മണ്ഡപത്തിലേക്ക് നോക്കി. അവിടെ തന്റെ പ്രാണനുണ്ട് ..തന്റെ മകൾ ..ഒരു ദേവസുന്ദരിയെ കണക്കെ ..

“താലി എടുത്തു കൊടുക്ക് വിനയ “അമ്മാവനാണെന്നു തോന്നി പറഞ്ഞത്. ചുറ്റിലും കാണുന്ന കാഴ്ചകൾക്ക്, കേൾക്കുന്ന ഒച്ചകൾക്ക് ഒരു വ്യക്തതയില്ല .ഗുഹാമുഖത്തെവിടെയോ നിൽക്കും പോലെ .താലിച്ചരട് ആനന്ദിന്റെ കയ്യിലേക്ക് വെച്ച് കൊടുക്കുമ്പോൾ ഉള്ളിൽ നിറഞ്ഞ പ്രാർത്ഥന . കണ്ണുകളിൽ “എന്റെ മകളെ ഞാൻ തരികയാണ് പൊന്നു പോലെ നോക്കിക്കൊള്ളാനെ എന്ന അപേക്ഷയും “

നെഞ്ചില് സർവം ഭേദിച്ച് പുറത്തു വരാനൊരുങ്ങുന്ന ഒരു കരച്ചിലുണ്ട് . .. ഇരുപത്തിനാലു വര്ഷം നെഞ്ചിൽ ചേർത്ത് വളർത്തിയ മകൾ ഇനി മറ്റൊരു വീട്ടിലാണ് .താൻ ഒറ്റയ്ക്കാവുന്നു . .ജീവിതതിൽ പെണ്മക്കളുള്ള എല്ലാ അച്ഛൻമാരും കടന്നു പോകുന്ന സമയമാണിത് .അവരെങ്ങനെയാവും ഇത് തരണം ചെയ്തിട്ടുണ്ടാകുക ?

താൻകാത്തു സൂക്ഷിച്ചത് പോലെ .താൻ കരുതിയതു പോലെ ,താൻ ഉരുകിയതു പോലെ , താൻ കൊഞ്ചിച്ച പോലെ ഇനിയൊരു പുരുഷന് സാധിക്കുമോ എന്ന ആശങ്ക ഇല്ലാത്ത ഒരു അച്ഛൻ എങ്കിലും ഉണ്ടായിരിക്കുമോ ഭൂമിയിൽ ?

വിവാഹം കഴിഞ്ഞാൽ ചിലപ്പോൾ അവളുടെ കുസൃതികൾ അവൾ ഒളിച്ചു വെച്ചേക്കും അവളുടെ ഇഷ്ടങ്ങൾക്കു മേൽ ഒരു ഒരു പുതപ്പു മൂടും അവളുടെ സ്വപ്നങ്ങളുടെ കുടയ്ക്ക് ഒരു മൂടിയുണ്ടാകും

തന്റൊപ്പം ആയിരുന്നപ്പോൾ

“അച്ഛാ എനിക്ക് ഇന്ന് ബിരിയാണി മതി ട്ടോ “

“അച്ഛാ എനിക്ക് കളർ പെന്സില് വേണം “

“അച്ഛാ നീല ദാവണി കൊള്ളാമോ ?”

“അച്ഛാ ഞാൻ മുടി എങ്ങനെയാ കെട്ടേണ്ടത് ?”

“അച്ഛാ കണ്ണെഴുതി തന്നെ സമയം ആയി “

“അച്ഛാ അച്ഛാ അച്ഛാ …അയാൾക്കു തന്റെ കാതുപൊത്തി ഇറങ്ങി ഓടണം എന്ന് തോന്നി

താൻ ആയിരുന്നു എന്നുമവൾക്ക് അച്ഛനും അമ്മയും ..ജനിച്ചു ഒരു ദിവസം പ്രായമായ അവളെ നെഞ്ചോട് ചേർത്തപ്പോൾ അടഞ്ഞതാണ് അവളുടെ അമ്മയുടെ മിഴികൾ. പ്രപഞ്ചം മകളിലേക്കു ഒതുങ്ങി .അവൾക്കും അങ്ങനെ തന്നെയായിരുന്നു എന്തിനും ഏതിനും അച്ഛൻ മതി

വിവാഹാലോചനകൾ നടക്കുമ്പോൾ ചോദിച്ചു “മനസിലാരെങ്കിലും ഉണ്ടെങ്കിൽ പറയണം ട്ടോ “

അവൾ ചിരിച്ചു

“എന്റെ മനസിലെൻറെ അച്ഛൻ മാത്രമേയുള്ളു അച്ഛനെക്കാൾ സ്നേഹിക്കുന്ന ഒരാളെ ഞാൻ ഇത് വരെ കണ്ടിട്ടില്ലച്ഛാ ..” കണ്ണ് നിറഞ്ഞു പോയി .

.പഠിപ്പിച്ചു ഡോക്ടർ ആക്കിയപ്പോൾ സന്തോഷം അഭിമാനം ..ഒരു ഡോക്ടറെ തന്നെ വരനായി കിട്ടി ..വീട്ടിൽ നിന്നും വലിയ ദൂരത്തല്ലാതെ തന്നെ ..അതും ദൈവാധീനം. ഒന്ന് പോയി കാണാമല്ലോ ആഗ്രഹിക്കുമ്പോൾ . തന്നെ ക്കാൾ കൂടുതൽ അവളെ സ്നേഹിക്കുന്ന ഒരാളാകാനേ എന്ന ഒരു പ്രാർത്ഥന മാത്രം ഉണ്ടായിരുന്നുള്ളു എന്നും

“തനിക്കു ക്ഷീണമുണ്ടാകും കിടന്നോളു “ആനന്ദിന്റെ വാക്കുകൾ കേട്ട് അനുപമ അയാളെ നോക്കി ആ കണ്ണുകൾ നനഞ്ഞിരുന്നു

“അച്ഛനെ മിസ് ചെയ്യുന്നുണ്ടല്ലേ ?”

അവൻ അലിവോടെ ചോദിച്ചു

ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി

അവൻ ഒരു നിമിഷം ഒന്ന് പകച്ചു പിന്നെ അരികിൽ ചെന്ന് നിന്നു.

“ഐ ആം സോറി.. ആനന്ദ് ..സോറി “അവൾ മുഖം തുടചു ചിരിക്കാൻ ശ്രമിച്ചു.

“നമ്മൾ കല്യാണതിനു മുൻപ് അധികം സംസാരിച്ചിട്ടില്ല …നമുക്ക് കുറച്ചു സംസാരിച്ചാലോ ? “ആനന്ദ് അവളോട് ചോദിച്ചു

“അച്ഛനെ കുറിച്ച് പറയു ” അവൻ വീണ്ടും പറഞ്ഞു

അച്ഛൻ എന്ന മൂന്നക്ഷരം അവളുട ജീവൻ തന്നെയാണെന്ന് അവനു തോന്നി. അവൾ വരച്ചിട്ട അച്ഛന്റെ ചിത്രങ്ങൾക്ക് മഴവില്ലിന്റെ തിളക്കവും മിഴിവു മുണ്ടായിരുന്നു. അച്ഛൻ ഒറ്റയ്ക്കായതിന്റ വിങ്ങലും സങ്കടവും ഉണ്ടായിരുന്നു. അച്ഛൻ ഇന്ന് ഉറങ്ങില്ല എന്ന് വേദനയോടെ പറഞ്ഞു.

“ഇപ്പോൾ നമുക്കൊരു റൈഡ് പോയാലോ? മൂഡ് ഒക്കെ ഒന്ന് മാറട്ടെ ” അവൻ മെല്ലെപറഞ്ഞു അവൾ അമ്പരപ്പോടെ ഒന്ന് നോക്കി

“ബൈക്കിൽ രാത്രി റൈഡിനു പോയിട്ടുണ്ടോ? ” അനുപമ ചിരിച്ചു

“എനിക്ക് വലിയ ഇഷ്ടാ. അച്ഛന് ബുള്ളറ്റ് ഉണ്ട് ഞങ്ങൾ അതിൽ പോകും “
അവളുടെ മുഖം വിടർന്നു കണ്ണുകളിൽ ഉത്സാഹം നിറഞ്ഞു

“കം ഓൺ “അവൻ ഇറങ്ങി

“നല്ല തണുപ്പല്ലേ? “തണുത്ത കാറ്റിൽ അവൾക്കു കുളിർന്നു.

“എന്നെ ഒന്ന് കെട്ടിപ്പിടിച്ചോടോ “

“എന്താ ?”അവളതു ശരിക്കു കേട്ടില്ല

“ഒന്ന് മുറുകെ കെട്ടിപ്പിടിക്കാൻ …”

അവൾക്കു നേരിയ ഒരു മടി തോന്നി എന്നാലും ഒന്ന് ചേർന്നിരുന്നു ആ തോളിലൂടെ കയ്യിട്ടു.

തന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് ബൈക്ക് തിരഞ്ഞപ്പോൾ അവൾ ആ തോളിൽ ഒന്നമർത്തി

“നമ്മളെങ്ങോട്ട ?”

“താൻ അല്ലെ പറഞ്ഞത് അച്ഛൻ ഉറങ്ങി കാണില്ല എന്ന്. ഉറങ്ങിയോ എന്നൊന്നു നോക്കമെടോ ” ഗേറ്റിന്റെ കൊളുത്തെടുത്ത ശബ്ദം കേട്ടു വിനയൻ മുറ്റത്തു നിന്ന് അങ്ങോട്ടേക്ക് വന്നു

ഒരു പൂങ്കുല നെഞ്ചിൽ പതിച്ച പോലെ

“മോളുട്ടി ..”അയാൾ മകളെ അമർത്തി പിടിച്ചു

“ഞങ്ങൾ വെറുതെ ഒരു റൈഡിനിറങ്ങിയതാ .അച്ഛൻ ഉറങ്ങി കാണില്ല എന്ന് അനു.. ഉറങ്ങിക്കാണും എന്ന് ഞാൻ … ഞാൻ തോറ്റു” അവൻ കുസൃതിയിൽ പറഞ്ഞു

വിനയൻ അവനെ ഇമ വെട്ടാതെ നോക്കി നിന്ന് പോയി .തന്റെ മകളെ മനസിലാക്കുന്നവൻ ., തന്നെ മനസിലാക്കുന്നവൻ .അയാളുടെ ഹൃദയം നിറഞ്ഞിരുന്നു . തന്റെ മകളെ തന്നെക്കാൾ നന്നായി സ്നേഹിച്ചേക്കുന്ന ഒരാൾ .താൻ തിരഞ്ഞെടുത്തത് തെറ്റിയില്ല .

ഒരാണിന് മറ്റൊരാണിനെ മനസിലാകും പോലെ മറ്റാർക്കാണ് കഴിയുക ?

ആനന്ദ് മുറ്റത്തു പൂത്തു നിൽക്കുന്ന മുല്ല ചെടികളിൽ നിന്ന് ഒരു പൂവിറുത്തു മണത്തു

“ഇവിടുത്തെ കാറ്റിന് പോലും കുടമുല്ലപ്പൂവിന്റെ മണം”

വിനയന്റെ മെല്ലെ ആ തോളിൽ ഒന്ന് ചേർത്ത് പിടിച്ചു

“അകത്തേക്ക് വരൂ “

അകത്തേക്ക് നടക്കുമ്പോൾ ആനന്ദ് ആ മുല്ല പ്പൂവ് അച്ഛൻ കാണാതെ അനുപമയുടെ മുടിയിലേക്കു വച്ചു കൊടുത്തു

അവൾ നാണം പൂത്ത മിഴികളോടെ അവനെ നോക്കി എത്ര പെട്ടന്നാണ് പെണ്ണ് പ്രണയത്തിന്റെ പൂമരം ആയി മാറുന്നത് ? കുറച്ചു മുൻപ് വരെ കണ്ട ആളെയല്ല

കണ്ണിൽ വശ്യത നിറഞ്ഞ ചിരിയുമായി അവളെങ്ങനെ നടന്നു മുറിക്കുള്ളിലേക്ക് കയറി

അവളങ്ങനെ തോരാതെ പെയ്യുന്ന മഴയാകണമെങ്കിൽ ആനന്ദിനെ പോലെ ഒരു ഭൂമി വേണം എന്ന് ആണ് മനസിലാക്കുന്നിടത്തു മാത്രമാണ് പെണ്ണിനെ ആണിന് പൂർണമായും സ്വന്തമാക്കാനാകുന്നതും. ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *