വീട്ടിൽ പോയി ഉമ്മയോട് ചോദിക്ക് വാപ്പ ആരാണെന്ന്… നിന്റെ വീട്ടിൽ നിന്ന് പിടിച്ച ഉമ്മയുടെ മറ്റവൻ ആണോന്ന്…

അടയാളങ്ങൾ.

എഴുത്ത്:-നവാസ് ആമണ്ടൂർ

“വീട്ടിൽ പോയി ഉമ്മയോട് ചോദിക്ക് വാപ്പ ആരാണെന്ന്… നിന്റെ വീട്ടിൽ നിന്ന് പിടിച്ച ഉമ്മയുടെ മറ്റവൻ ആണോന്ന്…?”

ഗ്രൗണ്ടിൽ വെച്ച് ഇക്കാക്കയോട് ഒരുത്തൻ കളിക്കിടയിൽ അങ്ങനെ ചോദിച്ചപ്പോൾ തല കുനിച്ചു വീട്ടിൽ വന്നു കയറിയ ഇക്കയുടെ മുഖം എനിക്ക് നല്ല ഓർമ്മയുണ്ട്.

അന്ന് രാത്രി എന്നെ കെട്ടിപിടിച്ചു എന്റെ ഇക്കാക്ക കിടന്നപ്പോൾ ഇക്കയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.പക്ഷെ എനിക്കറിയില്ലായിരുന്നു ഞാൻ ഉറങ്ങിയതിന് ശേഷം ഫാനിൽ ഉണ്ടാക്കിയ കുരുക്കിൽ ജീവൻ ഇല്ലാതാക്കുനാള്ള നോവാണ് എന്റെ ഇക്കയുടെ കണ്ണിൽ കണ്ട കണ്ണീർ.

പള്ളിക്കാട്ടിൽ ഇക്കാക്കയുടെ പുതിയ ഖബറിന്റെ അരികിൽ ഞാനും വാപ്പയും പ്രാർത്ഥനയോടെ നിന്നു. ഇരുവശവും തളർന്ന മൈലാഞ്ചിചെടിക്ക് ആരോ വെള്ളമൊഴിച്ചു. ഇന്ന് ഏഴാം ദിവസമായത് കൊണ്ട് പള്ളിയിലെ ഉസ്താദും കൂടെ ഉണ്ട്‌.

പുതിയതും പഴയതുമായ ഒരുപാട് ഖബറുകൾ.മീസാൻ കല്ലുകളാലും മൈലാഞ്ചിചെടിയാലും അടയാളപ്പെടുത്തിയ ഇന്നലെയുടെ കുറേ ഓർമ്മകൾ അടക്കപ്പെട്ട പള്ളികാട്ടിൽ ശാന്തത അടുത്ത നിമിഷത്തിൽ വിരുന്ന് എത്തുന്നവരെ സ്വീകരിക്കാനാകും.

ഉപ്പ ഖബറിൽ ഉറങ്ങുന്ന ഇക്കാക്കനോട്‌ യാത്ര പറഞ്ഞു സലാം ചൊല്ലിയ നേരം അടക്കി വെച്ച സങ്കടങ്ങളുടെ കെട്ടുകൾ പൊട്ടി പുറത്ത് ചാടി.ഇക്കാക്കയെ ഓർത്ത് ഞാനും വാപ്പയുടെ കൈ പിടിച്ചു തേങ്ങി.

വീട്ടിലെത്തി ചടങ്ങിൽ പങ്കടുക്കാൻ വന്നവർക്ക് ഭക്ഷണം വിളബി.ഞാൻ വന്നപാടെ പോയി കിടന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞു വാപ്പ എല്ലാവരെയും വിളിച്ചു.

അകത്തെ മുറിയിൽ കരഞ്ഞു തളർന്ന ഉമ്മയെയും വിളിച്ചു. കുറച്ചു ദിവസങ്ങളായി കണ്ണീർ നിർത്താതെ ഒലിക്കുന്ന കണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറം പടർന്നു ഉമ്മയുടെ മുഖം കരുവാളിച്ചത് പോലെയായി.

‘എന്റെ മോൻ എന്തിനാണ് ഇത് ചെയ്തതെന്ന് ഇപ്പൊൾ എല്ലാവർക്കും അറിയാം… അതുകൊണ്ട് തന്നെ ഇനി ഇവൾ എന്റെ ഭാര്യ ഈ വീട്ടിൽ നിൽക്കാൻ പാടില്ല… നിങ്ങളുടെയൊക്കെ സാന്നിധ്യത്തിൽ ഞാൻ മൂന്ന് ത്വലാഖ് ചൊല്ലി ബന്ധം വേർപ്പുടുത്തുന്നു..സിനാനെങ്കിലും ഞാൻ മരിക്കും വരെ കൂടെ ഉണ്ടാവണം.”

ഉമ്മ ഒന്നും മിണ്ടിയില്ല. തല കുനിച്ചു തന്നെയാ നിന്നത്. ആ സമയം അവിടെ ഉണ്ടായവർക്കും അഭിപ്രായം പറയാൻ കഴിഞ്ഞില്ല.

ഉമ്മ ഭക്ഷണം പോലും കഴിക്കാതെ അപ്പോൾ തന്നെ ഉടത്തിരുന്ന ഡ്രെസ്സിൽ പുറത്തറിങ്ങി.

ഉമ്മയെ ആരും തടഞ്ഞില്ല ഞാനും.

നൊന്ത് പ്രസവിച്ച മകന്റെ മരണം തളർത്തിയ ഉമ്മയുടെ മനസ്സിൽ പാപ ഭാരത്തിന്റെ കനവും. ചെയ്തുപോയ തെറ്റിന് സഹിക്കാൻ കഴിയാത്ത ശിക്ഷയുടെ വിധി.

എല്ലാം കണ്ടും കെട്ടും നിന്ന എന്റെ സങ്കടം ഇരട്ടിയായത് പോലെ തോന്നി.

ഇക്കാക്ക പോയി… ഇപ്പൊ ഉമ്മയും.

അന്ന് രാത്രി ഉപ്പയുടെ ഒപ്പമാണ് ഞാൻ കിടന്നത്.

“മോനെ നമ്മുക്ക് ഇനി ഉമ്മ വേണ്ട. ഉമ്മ കാരണമല്ലേ നിന്റെ ഇക്കാക്ക…”

കുറച്ചൊക്കെ എനിക്കും മനസ്സിലാകും. പതിമൂന്ന് വയസ്സ് അത്ര ചെറിയ പ്രായമല്ല. വാപ്പ ചെയ്തത് ശരിയാണെന്ന് എന്റെ മനസ്സും പറഞ്ഞു.

വാപ്പ പിന്നീട് ഉള്ള ജീവിതത്തെ എനിക്ക് വേണ്ടി മാത്രമാക്കി ചുരുക്കി. ഞാൻ മാത്രമായി വാപ്പയുടെ ലോകം.

“ഇക്കാ… നിങ്ങളാരും പിന്നെ ഉമ്മയെ തേടിപോയില്ലേ.. കണ്ടിട്ടില്ലെ ഉമ്മയെ.. പിന്നീട് ഒരിക്കലും..,,?”

“കണ്ടിട്ടുണ്ട് …രണ്ടോ മൂന്നോ വട്ടം എന്നെ കാണാൻ സ്കൂളിൽ വന്നിട്ടുണ്ട്.. ഉമ്മയുടെ വരവ് എന്നും നാണക്കേട് ഉണ്ടാക്കുന്ന കാഴ്ച ആയതുകൊണ്ട് എനിക്ക് ഉമ്മയെ കാണാൻ ഇഷ്ടമില്ല…. ഇപ്പൊ എവിടെയാണെന്ന് അറിയില്ല.. ജീവനോടെ ഉണ്ടോന്ന് പോലും അറിയില്ല..”

സിനാന്റെ പെണ്ണായി സൈഹ ആ വീട്ടിൽ വരുന്നതിന് മുൻപേ എല്ലാം അറിഞ്ഞിട്ടുണ്ട്.

സിനാന്റെ ഉമ്മാക്ക് ഒരാളെ ഇഷ്ടമായിരുന്നു. ബെഡ് റൂമിൽ നിന്നും അയാളുടെ ഒപ്പം ഉമ്മയെ പിടിച്ചിട്ടുണ്ട്. മക്കളെ കരുതി വാപ്പ എല്ലാം ക്ഷമിച്ചു. എന്നിട്ടും ഉമ്മ നേരയായില്ല. നാട്ടിൽ പാട്ടായ അ വിഹിതത്തിന്റെ കഥയുടെ നേരും നെറികേടും അവളും അറിഞ്ഞതാണ്.

“ഉമ്മയല്ലേ തെറ്റുകാരി… അതിന് അവൻ എന്ത്‌ പി ഴച്ചു… എനിക്ക് അവനെ ഇഷ്ടമാണ്…”

അവളുടെ ആ ഒരു വാക്കിൽ സിനാന്റെ ഭാര്യയായി സൈഹ ആ വീട്ടിൽ എത്തി.

എല്ലാ കഥകളും മറവിയുടെ അകത്തളങ്ങളിൽ ഒളിക്കും. മനുഷ്യന്റെ നിർമ്മിതിയിൽ ദൈവം ഒരുക്കിയ അനുഗ്രമാണ് മറവി.

പക്ഷെ സ്വന്തം ഭാര്യയെ ജീവിതത്തിൽ നിന്നും പുറത്താക്കിയിട്ടും മനസ്സിൽ നിന്നും പുറത്താക്കാൻ വർഷങ്ങളായി ശ്രമിക്കുന്ന ഒരാൾ ആ വീട്ടിൽ ഉണ്ട്.

എല്ലാവരുടെ മുൻപിലും അയാൾ പതറാതെ നിൽക്കുമ്പോഴും അയാളുടെ മനസ്സിൽ അവളോടുള്ള പ്രണയം ബാക്കിയാണ്.

ആരും അറിയാതെ അവളെ ഒന്ന് കാണാൻ ആഗ്രഹിക്കുന്ന മനസ്സുമായി അയാൾ പലയിടത്തും തിരഞ്ഞിട്ടുണ്ട്. അവൾ ചെയ്ത തെറ്റ് ക്ഷമിക്കാൻ കഴിഞ്ഞത് മക്കളെ ഓർത്തിട്ട് മാത്രമായിരുന്നില്ല…

മനസ്സിൽ വിരിഞ്ഞ പ്രണയത്തിൽ സ്വപ്‌നങ്ങൾ കണ്ട് അവളുമായി ജീവിക്കാൻ കൊതിച്ചു.വീട്ടുകാരുടെ ഇഷ്ടത്തെ പോലും ധിക്കരിച്ചു കൂടെ കൂട്ടിയവൾ ചതിച്ചപ്പോൾ ഏറെ നൊന്തമനസ്സുമായി നാട്ടുകാരുടെ പരിഹാസത്തിന്റെ മുൻപിലൂടെ ജീവിച്ചിട്ടും അവളെ കൂടെ നിർത്തി…

ചില തെറ്റുകളുടെ ശിക്ഷ മനുഷ്യൻ പൊറുത്തു കൊടുത്താലും അനുഭവിക്കേണ്ടി വരുമ്പോൾ കൂടെ നിന്നവരും ശിക്ഷയുടെ ചൂടിൽ ഉരുകും.

വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും കബർസ്ഥാനിൽ ഇക്കാക്കയുടെ ഖബറിന്റെ അരികിൽ നിൽക്കുമ്പോൾ സിനാന്റെ കണ്ണുകൾ നിറയും. ഇക്കാക്ക് വേണ്ടി പ്രാർത്ഥിക്കാൻ കൈകൾ ഉയർത്തുമ്പോൾ വല്ലാത്തൊരു നോവിന്റെ ചൂടാണ്. ഒരു ദിവസം ഉമ്മയും ഇക്കാക്കയും നഷ്ടപ്പെട്ട ചൂട് പള്ളിക്കാട്ടിൽ വളർന്നു പന്തലിച്ച ഞാവൽ മരത്തിന്റെ തണലിലും അവനെ ചുട്ടുപ്പൊള്ളിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *