വേറൊന്നും കൊണ്ടല്ല ഓൻ ന്നോട് ദേഷ്യം ഉണ്ടേല് അത് തീരും മുൻപ് ഞാൻ മരിച്ചാല് ഓനിക്ക് അത് താങ്ങൂല .. ഓൻ ആളൊരു പാവാ..,.

എഴുത്ത് :- സൽമാൻ സാലി

” അസ്സലാമു അലൈകും സാലിയെ ഇജ്ജ് നേരം കിട്ടുമ്പോ ഒന്ന് ഇവിടെ വരെ വരുമോ ..? അന്നൊട് ഒരു കാര്യം പറയാനുണ്ട് ..!!!

ചങ്ങായി നസീറിന്റെ ഉപ്പയാണ് .. ഒന്ന് അവിടെ വരെ ചെല്ലാൻ പറഞ്ഞത് .. ഒരാൾ നമ്മളോട് കാണണം എന്ന് പറഞ്ഞു വിളിക്കുമ്പോൾ പറ്റുന്ന അത്രയും വേഗം അവരെ കാണാൻ ശ്രമിക്കണം എന്നുള്ളതുകൊണ്ട് ചായകുടി കഴിഞ്ഞു ആക്റ്റീവയും എടുത്ത് നസീറിന്റെ വീട്ടിലേക്ക് വിട്ടു ..

ഉമ്മറത്ത് ചാരുകസേരയിൽ ഇരുന്ന് എന്തോ ആലോചിക്കുമ്പോളാണ് ഞാൻ കയറി ചെന്നത് ..

” അസ്സലാമു അലൈകും ..

” വ അലൈകുമുസ്സലാം .. ഇജ്ജ് എന്തേലും തിരക്കിൽ ആവും എന്ന് കരുതിയാണ് നേരം കിട്ടുമ്പോൾ വരാൻ പറഞ്ഞത് ..

കാര്യമായ എന്തോ ടെൻഷൻ മൂപ്പര്ക്ക് ഉള്ളതായിട്ട് ആ മുഖത്തുനിന്നും വായിച്ചെടുക്കാൻ പറ്റും ..

” സാലിയെ അന്നൊട് വരാൻ പറഞ്ഞത് നസീർ പെരുന്നാൾ കഴിഞ്ഞിട്ട് പിന്നെ ഈ വഴിക്ക് വന്നിട്ടില്ല ഇജ്ജ് ഓനെ കാണാറില്ലേ അന്നൊട് ന്തെലും പറഞ്ഞോ എന്നറിയാനാ ..?

നസീർ എന്നും മഗ്‌രിബ് നിസ്കാരം കഴിഞ്ഞു കൂടെ ഉണ്ടാവുന്നതാണ് പക്ഷെ ഓൻ ഒന്നും പറഞ്ഞിട്ടുമില്ല ..

” ഓനെ എന്നും കാണാറുണ്ടല്ലോ എന്ത് പറ്റി ഹമീദ്ക്ക ..?

” അത് ഒന്നൂല്ലടാ നോമ്പിന് ഓൻ ഒരീസം ന്നോട് നോമ്പ് തുറക്കാൻ അവിടെ ചെല്ലാൻ പറഞ്ഞിരുന്നു എനിക്ക് അന്ന് നല്ല കാല് വേദനയും അന്ന് ഓനോട്‌ നോമ്പ് തുറയൊന്നും വേണ്ട എനിക്ക് വയ്യ എന്ന് പറഞ്ഞപ്പോ ഓൻ ഒന്നും മിണ്ടാതെ പോയി .. പക്ഷെ പെരുന്നാക്ക് ഓന്റെ പൊരേൽ പോവാൻ ഇറങ്ങിയതായിരുന്നു ലത്തീഫിന്റെ പൊരേൽ എത്തിയപ്പോ ഓന്റെ മക്കളും കെട്യോളും അവിടെ ഉണ്ട് അവർ എങ്ങോട്ടോ പോവാണെന്ന് കരുതി ഞാൻ അവരോട് നിങ്ങളെ ഇവിടെ കണ്ടല്ലൊ ഇനി ഞാൻ ആ കയറ്റം കയറി അങ്ങോട്ട് വരണ്ടല്ലോ എന്നും പറഞ്ഞു തിരിച്ചു പോന്നതാണ് .. പക്ഷെ നസീർ എന്നെം കാത്ത് നിക്കുന്നത് ഞാൻ അറിഞ്ഞിരുന്നില്ല ..

” പെരുന്നാൾ കഴിഞ്ഞതിൽ പിന്നെ ഓൻ ഫോൺ എടുക്കുന്നുമില്ല ഇങ്ങോട്ട് വരുന്നുമില്ല .. അല്ലേൽ ഒന്നിടവിട്ട് ദിവസങ്ങളിൽ ഓൻ വന്നു സംസാരിക്കുന്നതാണ് .. എനിക്കാണേൽ അത് ആലോചിച്ചിട്ട് നെഞ്ചിൽ ഒരു പിടപ്പ് ..

” വേറൊന്നും കൊണ്ടല്ല ഓൻ ന്നോട് ദേഷ്യം ഉണ്ടേല് അത് തീരും മുൻപ് ഞാൻ മരിച്ചാല് ഓനിക്ക് അത് താങ്ങൂല .. ഓൻ ആളൊരു പാവാ പതിനഞ്ചാം വയസിൽ തുടങ്ങീതാ ഓൻ അദ്ധ്വാനിക്കാൻ ഇന്നും ആ ഓട്ടം നിന്നിട്ടില്ല … എനിക്ക് രണ്ട് മൂന്ന് ദിവസം ആയിട്ട് ഭയങ്കര നെഞ്ച് വേദന .. മരിക്കും മുൻപ് ഓനോട്‌ എനിക്ക് ഒരു ദെഷ്യവും ഇല്ലാ എന്ന് ആരോടെങ്കിലും പറഞ്ഞില്ലേൽ എനിക്ക് ഒരു സമാധാനം കിട്ടൂല അതാ അന്നേ വിളിച്ചത് ..

പിന്നേം കുറെ നേരം സംസാരിച്ചിട്ടാണ് അവിടുന്ന് ഇറങ്ങിയത് …

മഗ്‌രിബിന് പള്ളിയിൽ എത്തിയപ്പോ നസീർ അവിടെ ഉണ്ട് ..

” എടാ ഇയ്യ്‌ എന്തേ അന്റെ ഉപ്പാനെ കാണാൻ ചെല്ലാഞ്ഞത് .. ഇന്ന് അന്റെ ഉപ്പ വിളിച്ചിരുന്നു ..

” ഓഹോ ഇപ്പൊ നാട്ടാരെ വിളിച് എന്റെ കുറ്റം പറയാനും തുടങ്ങിയോ ..?

” എടാ മൈ … ഇജ്ജ് ഒരുമാതിരി മറ്റേ വർത്തമാനം പറയരുത് കേട്ടോ .. ഇയ്യ്‌ പെരുന്നാൾ കഴിഞ്ഞിട്ട് പിന്നെ അങ്ങോട്ട് ചെന്നിട്ടില്ല എന്നും പറഞ്ഞു വിഷമിച്ചിരിക്കുകയാ അന്റെ വാപ്പ ..

” ഹും .. വല്ല കുഴമ്പോ തൈലമോ തീർന്നിട്ടുണ്ടാവും അത് വാങ്ങിക്കൊടുക്കാൻ പൈസക്കർ മക്കളോട് പറയാൻ പറ്റില്ലാലോ .. അതിനൊക്കെ അല്ലെ ഞാൻ വേണ്ടത് .. !!

” എടാ ഇയ്യ്‌ എന്താ ഇങ്ങനെ പറയുന്നത് .. ഇതുവരെ എന്തിനും ഉപ്പാ ഉപ്പാ എന്ന് പറഞ്ഞത് ഒന്നും മനസ്സിൽ തട്ടി അല്ലായിരുന്നോ ..? അതോ അനക്ക് എന്തേലും പറ്റിയോ ..?

” അതേടാ എനിക്ക് പറ്റീക്ക് .. ഏറ്റാളുടെ വയർ നിറക്കാനും അനിയന്മാരുടേം പെങ്ങന്മാരുടേം പഠിപ്പ് മുന്നോട്ട് കൊണ്ടുപോകാനും ഉപ്പനെക്കൊണ്ട് ഒറ്റക്ക് കയ്യൂല എന്ന് തോന്നിയപ്പോ പതിനാലാം വയസിൽ പഠിപ്പും നിർത്തി ജോലിക്കിറങ്ങിയതാണ് ഞാൻ .. അന്നുമുതൽ എനിക്ക് പറ്റൽ തന്നെയാണ് ..

”അനിയന്മാരും പെങ്ങന്മാരും എന്ത് ആവശ്യത്തിനും ഇക്കാക്കാ എന്ന് പറഞ്ഞു വരുമ്പോഴും ഉപ്പാക്ക് വയ്യാതായപ്പോഴും ഒന്നും ആർക്കും ഒരു കുറവും വരുത്താതെ നോക്കിയതാണ് .. ഇപ്പൊ അവരൊക്കെ പഠിച്ചു നല്ല നിലയിൽ ആയി മാളിക വീടും പണിത് വണ്ടിയും ആയപ്പോ എന്റെ വീട്ടിലേക്ക് വരാൻ അവർക്ക് കയറ്റം കയറണം പോലും .. വേണ്ടടാ അങ്ങിനെ കയറ്റം കയറി എന്റെ വീട്ടില് വരാൻ പറ്റാത്തവർ വരണ്ട …

” അനിയന്മാർ രണ്ടാളും പെണ്ണ് കെട്ടിയപ്പൊ ഉപ്പയും ഉമ്മയും പറയാതെ പറഞ്ഞതാണ് ഒരു വീട് വെച്ച് മാറണം എന്ന് അന്ന് കയ്യിലുള്ള പൈസക്ക് റോഡ് സൈഡിൽ നിന്നും കുറച്ചു കയറ്റം കയറി എത്തുന്ന സ്ഥലമാണ് എനിക്ക് കിട്ടിയത് .. അന്നൊന്നും ആരും സഹായിക്കാനും ഉണ്ടായിരുന്നില്ല ആരോടും സഹായം ചോതിച്ചിട്ടുമില്ല. എന്നെകൊണ്ട് പറ്റുന്ന ഒരു ചെറിയ വീട് വെച്ച് അങ്ങോട്ട് മാറിയത് ..

” ഇന്നിപ്പോ അനിയന്മാർ വലിയ പൈസക്കർ ആയപ്പോ റോഡ് സൈഡിൽ ഉള്ള വീട്ടിലേക്ക് വണ്ടിയിൽ നോമ്പ് തുറക്കാൻ പോകാനും പെരുന്നാളിന് പോകാനും എല്ലാവര്ക്കും നേരമുണ്ട് .. ഇക്കാക്കാ എന്ന് വിളിച്ചു വന്നോണ്ടിരുന്ന പെങ്ങന്മാർക്ക് പോലും അനിയന്മാരുടെ വീട്ടിൽ എത്തിയാൽ പിന്നെ കാല് കയക്കും ഇങ്ങോട്ട് കേറാൻ …

” എടാ സാലിയെ അവർ നയിച്ചുണ്ടാക്കുന്ന പൈസക്ക് അവർ വലിയ വീട് വെച്ചതിന്റെ അസൂയയോ അവർ എന്നെ സഹായിക്കാത്തതിന്റെ വിഷമമോ അല്ല ഞാൻ പറഞ്ഞത് അവർ ആരും വന്നില്ലേലും എനിക്ക് ഒരു കുഴപ്പവും ഇല്ലാ .. അവരുടെ ഇക്കാക്ക എന്ന നിലയിൽ ഉള്ള സകല ഉത്തരവാദിത്തവും എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ നിറവേറ്റിയിട്ടുണ്ട് ..

” പക്ഷെ അവരുടെ വീട്ടിലൊക്കെ നോമ്പ് തുറക്കാൻ പോയ ഉപ്പ എന്റെ വീട്ടിൽ വരുന്നില്ല എന്ന് പറഞ്ഞപ്പോ എനിക്ക് സങ്കടം ആയി . പെരുന്നാളിന് വൈകിട്ട് ഉപ്പാന്റെ വരവും പ്രതീക്ഷിച്ചു എവിടേം പോകാതെ കാത്തിരുന്ന എന്നോട് കെട്യോള് അനിയന്റെ വീട്ടിൽ ഉപ്പാനെ കണ്ടെന്നും ഉപ്പ ഇങ്ങോട്ട് വരണ്ടല്ലോ എന്ന് പറഞ്ഞു തിരിച്ചു പോയി എന്നും കൂടെ അറിഞ്ഞപ്പോ ശരിക്കും എന്തോ എനിക്ക് ആരും ഇല്ലാത്തപോലെ ആയിപോയെടാ ..

” എന്നും ഉറങ്ങാൻ കിടക്കുമ്പോൾ രാവിലേ ഉപ്പാനെ പോയി കാണണം എന്നൊക്കെ കരുതും പക്ഷെ രാവിലെ ആയാൽ പിന്നെ എന്തോ ഒരു മടി എന്നെ പിടികൂടും .. അതാണ് … ഞാൻ പോവാത്തത് ..

” ഹും .. എടാ നസീറെ ഇയ്യ്‌ ഈ പറഞ്ഞകാര്യങ്ങൾ ഒക്കെ അന്റെ വാപ്പാനെ ഞാൻ കാണുന്നതിന് മുന്നേ ആണ് പറഞ്ഞതെങ്കിൽ ഒരുപക്ഷെ ഞാനും കണ്ണടച്ച് വിശ്വസിച്ചേനെ .. പക്ഷെ നോമ്പ് തുറക്കാൻ വരാത്തതും പെരുന്നാളിന് അവരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് ഇങ്ങോട്ട് വരാഞ്ഞത് എന്നും അന്റെ വാപ്പ എന്നോട് പറഞ്ഞിരുന്നു .. മൂപ്പര് അത് അലോയ്‌ച്ചു നെഞ്ചുവേദന വരുത്തിയിട്ടുണ്ട് .. ഇയ്യോന്ന് പോയി കണ്ട് സംസാരിച്ചാൽ തീരുന്ന ഒരു തെട്ടിധരന മാത്രമേ ഇപ്പൊ ഉള്ളൂ ..

” ആ പിന്നെ നസിയെ അന്റെ വാപ്പ ഒരു കാര്യം കൂടെ പറഞ്ഞു വാപ്പ മരിച്ചു കഴിഞ്ഞാൽ ആറ്‌ മക്കളിൽ ആരൊക്കെ തിരക്കൊഴിഞ്ഞ ന്റെ ഖബർ സന്ദർശിക്കും എന്ന് എനിക്ക് ഉറപ്പില്ല പക്ഷെ ഇയ്യ്‌ ഏത് തിരക്കും മാറ്റി ഉപ്പാന്റെ ഖബർ സന്ദർശിച്ചു പ്രാർത്ഥിക്കും എന്ന് അന്റെ ഉപ്പാക്ക് നല്ല ഉറപ്പുണ്ട് ..
പെട്ടെന്നെങ്ങാനും മരിച്ചു പോയാൽ അത് ഓർത്ത് ഇയ്യ്‌ വിഷമിക്കും എന്നോർത്തിട്ടാണ് അന്റെ വാപ്പ എന്നോട് കാര്യങ്ങൾ പറഞ്ഞത് .. ആ സ്നേഹം പോരെടാ അനക്ക് .. പെരുന്നാൾ കഴിഞ്ഞിട്ട് ആ പാവം സമാധാനത്തിൽ ഒന്നുറങ്ങീട്ടുണ്ടാവില്ല ഇയ്യ്‌ ഒന്ന് പോയി കാണ് …

പിറ്റേ ദിവസം വൈകിട്ട് നസീർ എന്നെ വിളിച്ചു രാത്രി ഭക്ഷണം അവന്റെ വീട്ടീന്ന് കഴിക്കാം എന്ന് പറഞ്ഞു .. അവന്റെ ഉപ്പയും ഉമ്മയും ഉണ്ട് കൂടെ അവൻ വാപ്പയെ ചെന്ന് കണ്ടു ഇറങ്ങാൻ നേരം വാപ്പ. പറഞ്ഞുപോലും രണ്ട് ദിവസം ഞാനും ഉമ്മയും അന്റെ കൂടെ താമസിക്കാൻ വരുന്നെന്നു ..

എവിടെ പോയാലും രാത്രി ഉറങ്ങാൻ തിരിച്ചു വീട്ടിലെത്തണം എന്ന് നിർബന്ധം ഉള്ള ആളാണ് ഹമീദ്ക്ക .. രണ്ട് ദിവസം താമസിക്കാൻ വരുന്നെന്നു അറിഞ്ഞപ്പോ മുതൽ നസീർ നല്ല സന്തോഷത്തിലും …

ചില തെറ്റിദ്ധാരണകൾ മനസ്സിലിട്ട് വലുതാക്കി വര്ഷങ്ങളോളം മിണ്ടാതിരിക്കുന്ന സഹോദരങ്ങളും സൗഹൃദങ്ങളും ഉണ്ടാവും ഒന്ന് കണ്ടു മിണ്ടിയാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ .. ക്ഷമിക്കാൻ കഴിയുന്നവൻ ആണ് നല്ല മനുഷ്യൻ ..

ഇതിലെ ഞാൻ മാത്രമാണ് സാങ്കല്പികം ബാക്കി എല്ലാം. സത്യവും ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *