വർഷത്തിൽ ഒന്നോ മറ്റോ വരുന്ന സരസു മിണ്ടാൻ വരുമ്പോൾ താനൊഴിഞ്ഞു മാറുമായിരുന്നു.ഈട്ടിയുടെ നിറമുള്ള താൻ ചന്ദനത്തിന്റെ നിറമുള്ള സരസൂനോടൊത്തു നടക്കുന്നത് കണ്ടാൽ അതുമതി അവളുടെ ജീവിതം തുലയാൻ……..

സൂര്യനുദിക്കാത്ത നാട്

Story written by Sebin Boss J

” ഡാ മത്തായിച്ചാ … അറിയോ ?”

ചുമലില്‍ തോണ്ടിക്കൊണ്ടാരോ ചോദിച്ചപ്പോൾ മാത്യൂസ് തിരിഞ്ഞു നോക്കി .

പെട്ടന്നയാളുടെ കണ്ണുകൾ നിറഞ്ഞു .

” സരസു … സരസ്വതി ”’

”അപ്പൊ നിനക്കോർമയുണ്ട് അല്ലെ … ”

”മറക്കാൻ പറ്റുമോ ?” മാത്യൂസ് അവളുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു .

” അമ്മച്ചീ .. പാലും പാത്രം താ സമയം പോയി ”

” ഓ ..എന്നുവെച്ചു പഠിച്ചു വല്യ കണ്ട്രാക്റ്റർ ആകാൻ പോകുവല്ലേ … ”

ഓമന പിറുപിറുത്തുകൊണ്ട് പാലും പാത്രം കൊണ്ടുവന്നു ഇറയത്തേക്ക് വെച്ചിട്ടകത്തേക്ക് അതെ വേഗതയിൽ പോയി . ഇറയത്തു നീട്ടിക്കെട്ടിയിരിക്കുന്ന അയയിൽ നിന്ന് ഉണങ്ങിയ ഒരുതുണിയെടുത്തു മാത്യൂസ് പാൽ പാത്രം നന്നായി തുടച്ചു . വൃത്തിയില്ലേൽ പണി കിട്ടും , നാലു വീട്ടിൽ പാൽ അളന്നു കൊടുക്കാനുണ്ട് , എന്നിട്ടുവേണം ബാക്കിവരുന്ന പാൽ സൊസൈറ്റിയിൽ കൊണ്ടുപോയി കൊടുക്കാൻ .

”അപ്പാ … പോകുവാ ”

ഇറയത്തെ തടിബെഞ്ചിൽ കിടന്നുറങ്ങുന്ന കറിയയെ നോക്കിപ്പറഞ്ഞപ്പോൾ ബെഞ്ചോന്നു ആടിയതല്ലാതെ കറിയയിൽ അനക്കമൊന്നുമുണ്ടായില്ല .പുളിച്ച ക ള്ളിന്റെ മണം അടിക്കുന്നുണ്ട് .

” ഇന്നും മഴ ഉണ്ടെന്നാ തോന്നുന്നേ … രണ്ടു ദിവസം കൂടി വെയിൽ കിട്ടിയിരുന്നേൽ ഓല മെടഞ്ഞുതീരാമായിരുന്നു . ചിട്ടിപൈസ സമയത്തു കിട്ടിയതുമില്ല . ”’

അപ്പൻ കിടക്കുന്നതിന് സമീപത്തെ ചെരുവത്തിൽ വെള്ളം നിറഞ്ഞതെടുത്തു പറമ്പിലേക്കൊഴിച്ചിട്ട് മാത്യൂസ് പ്രഭാത സൂര്യന്റെ മങ്ങിയ വെളിച്ചം കാണുന്ന ഓലക്കീറുകൾക്കിടയിലൂടെ നോക്കി സ്വയം പരിഭവിച്ചു കൊണ്ട് കളർ മങ്ങിയ തുണിസഞ്ചിയിൽ പൊതിഞ്ഞ പുസ്തകങ്ങളും പാൽ പാത്രമെടുത്തു മുറ്റം കടന്നു .

കൊങ്ങിണിച്ചെടികൾ പടർന്നുകിടക്കുന്ന വേലിപ്പടർപ്പ് ചാടിക്കടന്നോടിയ മാത്യൂസ് കമ്മ്യൂണിസ്റ്റ് പച്ച മൂന്നാലെണ്ണം പറിച്ചെടുക്കാൻ മറന്നില്ല.

വെറുതെയാണ് .

പശൂനേം കുളിപ്പിച്ച് പാലും കറന്ന് പുല്ലും അരിഞ്ഞിട്ടു വരുമ്പോഴേക്കും സമയമൊരുപാടാകും . നേരത്തെ എണീക്കാമെന്ന് കരുതിയാൽ ചെമ്മലക്കാട്ടിൽ അത്ര വെളിച്ചോമില്ല . എല്ലാം കഴിഞ്ഞുവരുമ്പോഴേക്കും കൂട്ടുകാരെല്ലാം പോയിരിക്കും . പിന്നെയെങ്ങനെ അവർ വരുന്ന ഇടവഴികളുടെ തുടക്കത്തിൽ കമ്മ്യുണിസ്റ്റ് പച്ച ഒടിച്ചിടും ?

ആദ്യത്തെ വീട്ടില്‍ പാല് അളക്കുമ്പോഴും അവന്റെ കക്ഷത്തില്‍ കമ്മ്യൂണിസ്റ്റ് പള്ള ഭദ്രമായുണ്ടായിയുരുന്നു .

നാലാമത്തെ വീടിൻറെ പടിക്കെട്ടിന് മുന്നിൽ പതിവുപോലെ അവനൊന്നു ശങ്കിച്ച് നിന്നു

” കേറി വാടാ മത്തായിച്ചാ ”

രാഘവൻ സാർ ആണ് …അല്ല രാഘവൻ മാമ.

കേശവൻ സാർ ഉണ്ടായിരുന്നപ്പോൾ പടിക്കെട്ടിനകത്തേക്ക് കയറാൻ അനുവാദമുണ്ടായിരുന്നില്ല .

അദേഹത്തിന്റെ മരണത്തിന് ശേഷമാണ് മദിരാശിയിലെങ്ങോ ആയിരുന്ന മകൻ രാഘവൻ സാറും ഭാര്യയും മോളും ഇവിടെ താമസമാക്കിയത് . അച്ഛനും മകനും തമ്മിൽ എന്തോ നീരസത്തിൽ ആയിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . മോളെ തന്റെ സ്‌കൂളിൽ ചേർത്തപ്പോൾ അത്ഭുതമായിരുന്നു എല്ലാവർക്കും . പട്ടണത്തിലോ മറ്റോ ചേർത്തുപഠിപ്പിക്കാൻ ആസ്തിയുള്ള ജന്മികളാണ് .

സരസ്വതി … പേരുപോലെ സുന്ദരിയും നന്നായി പഠിക്കുന്നവളും

പാല് കൊടുക്കാൻ പോയപ്പോഴാണ് ആദ്യം കാണുന്നത് . തന്റെ ക്‌ളാസ്സിൽ ആണെന്ന് പറഞ്ഞപ്പോൾ രാഘവൻ സാർ തന്നെയേൽപ്പിച്ചു കൂട്ടിന് . ഇവിടെ അധികം പരിചയമില്ലല്ലോ .

വൈകുന്നേരം രണ്ടുമൂന്നു കൂട്ടുകാരുണ്ടാകും തിരികെവരാൻ . അവരുടെ വീട് കഴിഞ്ഞാൽ പിന്നെ താനും സരസ്വതിയും . അലിയാറിക്കയുടെ മുറുക്കാൻ കടയിൽ നിന്ന് കിട്ടുന്ന നാരങ്ങാ മിട്ടായി അപ്പോഴാണ് സഞ്ചിയിൽ നിന്നെടുക്കുക . ഒരിക്കൽ പാലിന്റെ പൈസയുടെ ചില്ലറ ബാക്കി ഇല്ലാത്തതിനാൽ അലിയാറിക്ക തന്നതാണ് നാരങ്ങാ മിട്ടായി .അത് കൊടുത്തതും സരസു ആസ്വദിച്ച് കഴിക്കുന്നത് നോക്കി നിന്നുപോയി . മുല്ലപ്പൂ പോലുള്ള പല്ലുകൾ കാട്ടി വെളുക്കെ ചിരിച്ചു മധുരം നുണഞ്ഞിട്ടുള്ള ഒരു ചിരിയുണ്ട് .അത് കാണാനായി , എന്നും വാങ്ങാനുള്ള പൈസയില്ലങ്കിലും കിട്ടുന്ന നാണയ തുട്ടുകൾക്ക് നാരങ്ങാ മിട്ടായി അവൾക്കായി വാങ്ങിയിരുന്നു .

മനയ്ക്കൽ എത്തുമ്പോൾ മിക്കവാറും ചാരുകസേരയിൽ രാഘവൻ സാറുണ്ടാകും . കയറിവരാൻ പറയുമ്പോൾ അറച്ചു നിൽക്കുന്ന തന്നെ കൈപിടിച്ച് അകത്തേക്ക് കയറ്റും . അടുക്കളയിൽ സരസ്വതിയുടെ ഇപ്പുറമിരുത്തി വൈകുന്നേരത്തെ ഇലയടയും കുമ്പിളപ്പവും പലഹാരങ്ങളുമൊക്കെ ഊട്ടും .

എന്നും കണ്ണ് നിറഞ്ഞാണ് മടങ്ങുക .

സാർ എന്ന് വിളിച്ചപ്പോൾ സ്നേഹ ശാസനയോടെ മാമ എന്ന് വിളിക്കാൻ പറഞ്ഞതും അദ്ദേഹമാണ് .

കൂടെ പഠിക്കുന്ന കുട്യോളുടെ മാതാപിതാക്കളെ അച്ഛനമ്മ എന്നോ മാമനെന്നോ മാമിയെന്നോ വിളിക്കണമത്രേ . സരസൂന്റെ അമ്മ ഒരു സാധു സ്ത്രീയാണ് . ചിരിച്ചുകൊണ്ട് വിളമ്പിത്തരാനും കോലൻ മുടിയിൽ കോതാനും മാത്രം അറിയുന്നൊരു പാവമെന്ന് ചിന്തിച്ചിട്ടുണ്ട് .

ഒന്ന് രണ്ടു വർഷങ്ങൾ കൂടി കഴിഞ്ഞുപോയി .

ഹൈസ്‌കൂളിലേക്ക് ആയപ്പോൾ പഠിപ്പിൽ മോശമല്ലെങ്കിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കേശവൻ മാമ നിർബന്ധിച്ചു . അദ്ദേഹം തന്നെ സരസൂനും തനിക്കും പാഠഭാഗങ്ങൾ പറഞ്ഞു തരാൻ തുടങ്ങി . സ്‌കൂൾ വിട്ട് കയറി വല്ലതും കഴിച്ചു മടങ്ങിയിരുന്ന താൻ രാവിലേം വൈകിട്ടും ട്യുഷനായി മനയ്ക്കൽ എത്തിത്തുടങ്ങിയപ്പോൾ ശങ്കരേട്ടന്റെ ചായപ്പീടികയിൽ വാർത്തയായി . മനക്കൽ എത്തിനോക്കാൻ പോലും കഴിയാത്തവർ നിറം പിടിപ്പിച്ച കഥകൾ പ്രചരിപ്പിച്ചപ്പോൾ പിന്നെ അങ്ങോട്ട് പോകാതായി . കേശവൻ മാമ വീട്ടിൽ വന്നാണ് വീണ്ടും കൂട്ടിക്കൊണ്ടുപോയത് . പത്താം തരം കഴിഞ്ഞപ്പോൾ സരസു ചെന്നൈയിലേക്ക് പോയി പഠിക്കാൻ . തന്നെയും നിർബന്ധിച്ചെങ്കിലും താൻ മാറിയാൽ കുടുംബം പട്ടിണിയാകുമല്ലോ എന്ന് കരുതി പോയില്ല . അച്ഛൻ അൾസർ ബാധിച്ചു മരിച്ചിരുന്നു അപ്പോഴേക്കും . കേശവൻ മാമ അതിനന്ന് ക്യാൻസർ എന്നായിരുന്നു പറഞ്ഞുകേട്ടത് .

വർഷത്തിൽ ഒന്നോ മറ്റോ വരുന്ന സരസു മിണ്ടാൻ വരുമ്പോൾ താനൊഴിഞ്ഞു മാറുമായിരുന്നു .

ഈട്ടിയുടെ നിറമുള്ള താൻ ചന്ദനത്തിന്റെ നിറമുള്ള സരസൂനോടൊത്തു നടക്കുന്നത് കണ്ടാൽ അതുമതി അവളുടെ ജീവിതം തുലയാൻ .

അതുമാത്രമോ കാരണം ? നാട്ടുകാരുടെ മുറുമുറുക്കലും മനക്കല്‍ `തറവാടിനെ താറടിച്ചു കാണിക്കാന്‍ തന്നെയുമവളെയും ചേര്‍ത്തുണ്ടാക്കിയ നുണക്കഥകളുമൊക്കെ മൂലം മനസ്സിലെവിടെയോ സരസൂന്റെ മുഖം വേരാഴ്ന്നു പോയിരുന്നു .

അന്നമൂട്ടിയ സരസൂന്റെ അമ്മയോടും ‘ പഠിപ്പിച്ചു വളർത്തിയ ” പോറ്റച്ഛൻ കേശവൻ മാമയോടും ചെയ്യുന്നൊരപരാധം . മനസിൽ കുറ്റബോധം വേട്ടയാടിയപ്പോൾ അമ്മയേം കൊണ്ട് കൊൽക്കൊത്തക്ക് തീവണ്ടി കേറി . മറാത്താ ദിനപത്രത്തിൽ ശിപായി ആയി തുടക്കം . വെറുതെ ഒരു രസത്തിനായാണ് എഴുതി തുടങ്ങിയത് . പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല . വളർച്ച ഓരോന്നായി കീഴടക്കുമ്പോഴും വിവാഹം കഴിഞ്ഞു മക്കൾ ഉണ്ടായപ്പോഴും അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും സരസൂന്റെ മുഖവും തങ്ങളുടെ കുട്ടിക്കാലവും മിഴിവേകി തെളിഞ്ഞു വന്നിരുന്നു .

” നീയെന്താ ഈ ആലോചിക്കുന്നേ ? നമ്മുടെ കുട്ടിക്കാലമാണോ ?”

ക്യാമ്പസ് കാന്റീനിലേക്കുള്ള വഴിയിലെ ചോപ്പും മഞ്ഞയും ഇടകലർന്ന മൊസാന്ത തണൽ നൽകുന്ന കൽബെഞ്ചിൽ ഇരിക്കുകയായിരുന്ന മാത്യൂസിന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് സരസ്വതി ചോദിച്ചപ്പോഴാണ് അയാൾ ഓർമയിൽ നിന്നും ഞെട്ടിയുണർന്നത് .

”ഹ്മ്മ് … പെട്ടന്ന് കണ്ടപ്പോ ഓരോന്ന് . ഇപ്പഴും ഞാൻ ഓർക്കുന്നുണ്ട് ഓരോ നിമിഷവും. സരസൂനേം കേശവൻ മാമേം നാടും ഒക്കെ ”

അറിയാതാണ് മാത്യൂസിന്റെ വായിൽ നിന്നങ്ങനെ വീണത്

” ഓഹോ ..എന്നിട്ടാണോ ച ത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അന്വേഷിക്കാതിരുന്നത് . പത്രവാർത്തകളിൽ നിന്നെ ആദ്യം കണ്ടപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ തിരഞ്ഞിരുന്നു . കണ്ടില്ല … അഡ്രസ്സും തപ്പിയിട്ട് കിട്ടിയില്ല ”

പറഞ്ഞു കഴിഞ്ഞു വേണ്ടായിരുന്നു എന്ന് ചിന്തിക്കുമ്പോഴേക്കും സരസു അവന്റെ അങ്ങിങ്ങു നരവീണ കോലൻ മുടിയിലൂടെ വിരലോടിച്ചു ചോദിച്ചു .

”’ മോളിവിടെയാണ് പഠിപ്പിക്കുന്നത് . അവൾ പറഞ്ഞറിഞ്ഞാണ് ജൂബിലിക്ക് നീയുണ്ട് വിശിഷ്ടാ തിഥിയായി എന്നറിഞ്ഞത് ” സരസു അപ്പോഴും മുടിയിൽ നിന്ന് കയ്യെടുത്തിരുന്നില്ല . പണ്ടും അവൾക്കും അമ്മയ്ക്കും ഭയങ്കര അത്ഭുതം പോലായിരുന്നു തന്റെ അനുസരണ ഇല്ലാത്ത കോലൻ മുടിയെന്നു മാത്യൂസ് ഓർത്തു .

”കേശവൻ മാമ ? സരസൂന്റെ ഫാമിലിയൊക്കെ ”

” ഒരു മോൾ .. ഇവിടെ ഇംഗ്ലീഷ് ഡിപ്പാർട്ടമെന്റ് ഹെഡ് . ഞാനും പഠിപ്പിച്ചിരുന്നത് ഇവിടാണ് . അതുകൊണ്ട് അമ്മ മരിച്ചപ്പോൾ അച്ഛനെയും ഇവിടേക്ക് കൊണ്ട് വന്നു . ഏട്ടൻ മോൾക്ക് നാല് വയസുള്ളപ്പോൾ നാടുവിട്ടതാണ് . ഇപ്പോൾ എവിടെയുണ്ടെന്ന് അറിയില്ല ..നിന്റെ ഫാമിലിയോ ?”

” രണ്ട് മക്കളാ ..ഇരട്ടകൾ . രണ്ടാളും വിദേശത്ത് സെറ്റിലായി ഇപ്പോൾ . അവൾ പ്രസവത്തോടെ മരിച്ചു”’

”പിന്നെ കല്യാണം ഒന്നും കഴിച്ചില്ലേ നീ ?” സരസൂന്റെ സ്വരത്തിൽ ചെറിയൊരു അത്ഭുതവും ആഹ്ളാദവും ഉള്ളപോലെ അയാൾക്ക് തോന്നി .

” പ്രണയവും വിവാഹവുമൊക്കെ മനസിൽ ഇഷ്ടപ്പെട്ട് ജീവിതത്തിൽ ഒരിക്കൽ ഉണ്ടാകുന്നതല്ലേ .. മനസിന് ഇഷ്ടപെട്ട മറ്റൊരാളെ അതിനുമുമ്പും പിന്നീടും പി കണ്ടുമുട്ടിയില്ല . ”

”ഹ്മ്മ്മ് … ”’

സരസു എന്തോ പറയാനാഞ്ഞപ്പോൾ സുന്ദരിയായൊരു പെണ്ണ് അവിടേക്കു വന്നു . സിത്താര …. സരസുവിന്റെ മോൾ …

പരിചയപ്പെടുത്തിയപ്പോൾ മോൾക്ക് തന്നെയും തന്റെ കാര്യങ്ങളുമൊക്കെ അറിയാമെന്ന് കേട്ടപ്പോൾ മാത്യൂസിന് അത്ഭുതം തോന്നി . വല്യച്ഛനും അമ്മയും പറയാറുണ്ടത്രെ

വീട്ടിലേക്ക് ക്ഷണിച്ചു യാത്ര പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ മാത്യൂസ് അറിയാതെ തന്നെ കാലുകൾ നിശ്ചലമായി .

”എടാ … ”

”സരസൂ ..”

രണ്ടാളും ഒരുമിച്ചായിരുന്നു വിളിച്ചത് .

സിത്താര ഫോണിൽ സംസാരിച്ചുകൊണ്ടല്പം നടന്നു നീങ്ങിയിരുന്നു .

” പറയ് … ” മാത്യൂസ് പറഞ്ഞപ്പോൾ സരസുവൊന്നു ചിരിച്ചു .

” നീ എന്തോ പറയാൻ വന്നിട്ട് ? നീ പറ ..അല്ലങ്കിൽ വേണ്ട … ഒരു കാര്യം ചോദിക്കട്ടെ ? നീ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിരുന്നോ ?”

മാത്യൂസ് ശിലയായി നിന്നു പോയി .

മോൾ വിളിച്ചിച്ചപ്പോൾ ആകാംഷയോടെ ഒരു നിമിഷം കൂടി തന്നെ നോക്കി നിന്നിട്ട് സരസു നടന്നു മറഞ്ഞെങ്കിലും അതിനുള്ള ഉത്തരം തേടിയലഞ്ഞ മനസിനെ മടക്കിവിളിക്കാനാകാതെ മാത്യൂസ് ആ നിൽപ്പ് തുടരുകയായിരുന്നു .

” അച്ഛാ … ഇതാരാണെന്ന് പറയാൻ പറ്റുമോ ?”

പിറ്റേന്ന് നഗരത്തിലെ ബഹുനില കെട്ടിടത്തിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പുറത്തെ കാഴ്ചകളിൽ കണ്ണ് നട്ടിരിക്കുന്ന വീൽചെയറിലിരിക്കുന്ന മെലിഞ്ഞുണങ്ങിയ രൂപത്തിന് മുന്നിലേക്ക് വലിച്ചു നിർത്തിയ മാത്യൂസിനെ ചൂണ്ടി സരസു ചോദിച്ചപ്പോൾ ആ മനുഷ്യന്റെ മുഖമൊന്നു തിളങ്ങി . മെല്ലെയനങ്ങിയ കൈകൾ എടുത്തുകൊണ്ട് മാത്യൂസ് അയാളുടെ മുന്നിൽ മുട്ടുകുത്തി നിന്ന് മുഖത്തേക്ക് നോക്കി . ശരീരം നിശ്ചലമെങ്കിലും ആ കണ്ണുകളിലെ തിളക്കത്തിനൊരു കുറവും വന്നിട്ടില്ല .

” ഞാനോർത്തത് നിങ്ങൾ കല്യാണം കഴിക്കുമെന്നാ ”

ഒരു ഗുഹക്കുള്ളിലെന്ന പോലെയുള്ള ശബ്ദം പുറത്തേക്ക് വന്നപ്പോൾ മാത്യൂസ് നടുക്കത്തോടെ സരസൂനെയും മോളെയും മാറിമാറി നോക്കി .താൻ കൊടുത്ത നാരങ്ങാ മിട്ടായിയുടെ പാക്കറ്റ് പൊട്ടിച്ചു മോൾക്ക് കൊടുക്കുന്ന സരസൂന് അത് കേട്ട ഭാവമില്ല .

”മാമാ .. ഇത് ഞാനാ മാത്യൂസ്… മത്തായി ”

ആളെ മനസിലായില്ലന്നു തോന്നിയാണയാൾ അങ്ങനെ പറഞ്ഞത് .

” ദൈവമൊന്ന് ചിന്തിക്കും . അതിനായി വഴിതെളിക്കും ..രൂപപ്പെടുത്തും എന്നെയായിരുന്നു അതിന് ചുമതലപ്പെടുത്തിയത് . പക്ഷെ ഞാൻ കൊളുത്തിയ വിളക്ക് നിനക്ക് പ്രകാശം നൽകിയില്ല .. നീ ഇവളുടെ ജീവിതത്തതിൽ ഇരുൾ പടർത്തി അണഞ്ഞു പോയി ”’

”ദൈവമുണ്ടോ ഇല്ലയോ എന്നല്ല വിഷയം .. മനസും മനസും സ്നേഹിക്കുന്നവരെ വേർപെടുത്തിയാൽ പിന്നീടുണ്ടാകുന്നത് വെച്ചുകെട്ടുകളാണ് .. എത്ര കൂട്ടിച്ചേർത്താലും മുഴച്ചു നിൽക്കുന്ന ഏച്ചുകെട്ടലുകൾ . ദൈവം നിങ്ങളെയായിരുന്നു ഒരുമിക്കാൻ തീരുമാനിച്ചിരുന്നതെന്ന് തോന്നുന്നു ..അത് നടക്കാതിരുന്നപ്പോൾ രണ്ടാളുടെയും ജീവിതത്തിന് അർത്ഥമില്ലാതായി ”’

” മാമാ ഞാൻ ..”’ മാത്യൂസിന്റെ സ്വരമിടറി . കണ്ണുകൾ തുളുമ്പാതിരിക്കാനായാൽ പരിശ്രമിച്ചെങ്കിലും നടന്നില്ല .

”ജാതിയായിരുന്നോടാ പ്രശ്നം ? അതോ നിന്റെ നിറമോ ? പട്ടിണി കിടന്നപ്പോൾ ഏത് മതമാണ് നിന്നെയൂട്ടിയത് ? നീ പഠിച്ച പാഠങ്ങളിലെ അക്ഷരങ്ങൾ വെള്ളയായിരുന്നോ ? ”

അവർണനെന്നും സവർണനെന്നും മുദ്രകുത്തി ആളുകളെ വേർതിരിച്ചിരുന്ന കാലത്ത് കീഴാളരെ മേലോട് ചേർത്തു നിർത്തി അവർക്ക് വേണ്ടി ശബ്ധിച്ചിരുന്ന അതെ മൂർച്ച കേശവൻ മാമയുടെ സ്വരത്തിലുണ്ടെന്ന് അറിഞ്ഞപ്പോൾ മാത്യൂസ് ഒന്നും മിണ്ടാനാകാതെ പുറകിലെ ഭിത്തിയിലേക്ക് ചാരി .

”അടുത്താഴ്ച കൊച്ചുമോളുടെ കല്യാണമാണ് .അത് കഴിഞ്ഞു നീ വരണം . ഇവളെ കൊണ്ടുപോകണം .എനിക്കിനി അധികനാൾ ഇല്ല . ഇനി ഇപ്പോഴേ ആണെങ്കിൽ കൊച്ചുമോളുടെ അനുവാദമാണ് വേണ്ടത് . കാലമേറെ കഴിഞ്ഞിട്ടും ഇക്കാലത്തും ജാതിമത ചിന്തകൾക്കാണല്ലോ പ്രാമുഖ്യം.. അന്നത്തെ ജാതിമത വർണ ചിന്തകൾ ഒരടി പുറകോട്ടിന്നും പോയിട്ടില്ല .. പണവും അധികാരവും മേമ്പൊടിക്ക് കൂടിച്ചേർന്നു താനും . ” ”

” അങ്കിൾ പോയിട്ട് വരട്ടെ വല്യച്ചാ . ജോലിക്കാര്യങ്ങൾ എന്താണെങ്കിൽ ശെരിയാക്കി വരട്ടെ . കല്യാണ മണ്ഡപത്തിൽ എന്നെ കൈ പിടിച്ചു കയറ്റാൻ അങ്കിളുണ്ടാകും ” ”

സിത്താരയുടെ ഉറച്ച ശബ്ദം

കേശവൻ മാമയുടെ മുന്നിൽ ഇരുന്നിരുന്ന മാത്യൂസ് കൈ കൂപ്പി തൊഴുതപ്പോൾ തന്റെ മുടിയിഴകളിൽ ഇഴഞ്ഞിരുന്ന സരസുവിന്റെ കൈവിരലുകളിലേക്ക് അവളുടെ കണ്ണുനീർ തുള്ളികൾ ഇറ്റുവീണതയാൾ കണ്ടു .അവളുടെ മുഖത്തെ തിളക്കത്തിന് നാരങ്ങാ മുട്ടായിയുടെ ചേലും കണ്ണീർ തുള്ളിക്ക് നാരങ്ങാ മുട്ടായിയുടെ മധുരവുമായിരുന്നു .

Related Posts

Leave a Reply

Your email address will not be published. Required fields are marked *