ശാന്തമ്മേ ഗംഗാധരൻ സുന്ദരനല്ലേ സുശീലനല്ലേ. അധ്വാനിയല്ലേ നീയെന്നു വച്ചാൽ ജീവനല്ലേ. ന്നിട്ട്…….

ദാമ്പത്യം

എഴുത്ത് :- രാജീവ്‌ രാധാകൃഷണ പണിക്കർ

മുരിക്കുംമുറിയിലെ ശാന്തമ്മ സുന്ദരിയായിരുന്നു.

സുശീലയും.

പോരാത്തതിന് ഭർത്താവ് ഗംഗാധരനോട് അളവറ്റ സ്നേഹമുള്ളവളും.

ഗംഗാധരൻ ഉണ്ടിട്ടെ അവൾ ഉണ്ണൂ .

ഉറങ്ങിയിട്ടേ അവൾ ഉറങ്ങു.

ഗംഗാധരനോടൊപ്പമേ പുറത്തു പോകൂ.

ഗംഗാധരൻ ആണെങ്കിൽ നല്ല ഒന്നാന്തരം അധ്വാനിയും.

ഔസപ്പ് മുതലാളിയുടെ ബോർമ്മയിലെ പ്രധാന പണിക്കാരൻ.

ക ള്ള് കുടിക്കില്ല.

ബീ ഡി വലിക്കില്ല.

രാവിലെ ശാന്തമ്മ രണ്ടു പശുക്കളെ കറന്നെടുക്കുന്ന പാല് സൊസൈറ്റിയിൽ കൊണ്ട് കൊടുത്തിട്ടേ പണിക്കു പോകൂ.

കൂടെ പണിയെടുക്കുന്ന നാരീമണികളുടെ മുഖത്തു പോലും നോക്കില്ല.

കിട്ടുന്ന കൂലി വൈകിട്ട് അണ പൈസ ചിലവാക്കാതെ ശാന്തമ്മയെ ഏല്പിക്കും.

കിട്ടുന്ന സമ്പാദ്യം കൊണ്ട് അവർ മനോഹരമായ ഒരു വീടുണ്ടാക്കി.

ഗോമൂത്രവും ചാണകവും ധാരാളമായി ഉള്ളതിനാൽ നല്ലൊരു അടുക്കള തോട്ടം ഉണ്ടാക്കി.

എല്ലാം കൊണ്ടും സംതൃപ്തമായ ദാമ്പത്യം.

അയൽക്കാരും ബന്ധുക്കാരുമെല്ലാം അവരുടെ ദാമ്പത്യത്തെ പുകഴ്ത്തി.

എല്ലാ സുഖവും ആർക്കും ഒരുമിച്ചു കൊടുക്കുകയില്ലല്ലോ.

അവരുടെ ജീവിതത്തിലും ഒരു കുറവുണ്ടായിരുന്നു.

ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം

നാട്ടിലുള്ള ക്ഷേത്രങ്ങളിൾ മുഴുവൻ അവർ വഴിപാടുകൾ നടത്തി.

അനാഥാലയങ്ങളിൽ ദാനധർമങ്ങൾ ചെയ്തു.

നോ രക്ഷ.

ഒടുവിൽ അതവർ തങ്ങളുടെ നിർഭാഗ്യമായി കരുതി പരസ്പരം സ്നേഹിച്ചു ജീവിച്ചു.

എന്നിട്ടും ശാന്തമ്മ ഒളിച്ചോടി

അടുത്ത വീട്ടിൽ മേക്കാട്ട് പണിക്കു വന്ന ബംഗാളിയുടെ കൂടെ.

നാട്ടുകാർക്ക്‌ മുഴുവൻ അത്ഭുതമായിരുന്നു.

അതുകൊണ്ട് തന്നെ നാട്ടുകാർ ഒന്നടങ്കം ഇളകി.

ശാന്തമ്മയേയും ബംഗാളിയെയും തപ്പി നാടായ നാടു മുഴുവൻ അലഞ്ഞു.

ഒടുവിൽ കനാൽ തിണ്ടത്തെ ചേരിയിലെ ഒറ്റമുറി വീട്ടിൽ നിന്നും അവരെ കണ്ടെത്തി.

നാട്ടു പ്രമാണിയായ ഔസപ്പ് മുതലാളിയുടെ മധ്യസ്ഥതയിൽ ചർച്ചകൾ ആരംഭിച്ചു.

“താൻ ഇനിയെന്തു വന്നാലും ഇയാൾടെ കൂടെ പോകുന്നില്ല ” എന്ന് ഗംഗധാരനെ നോക്കി ശാന്തമ്മ മുരണ്ടപ്പോൾ നാട്ടുകാർ ഞെട്ടി.

ഇതെന്തു മറിമായം.

“ശാന്തമ്മേ ഗംഗാധരൻ സുന്ദരനല്ലേ സുശീലനല്ലേ. അധ്വാനിയല്ലേ നീയെന്നു വച്ചാൽ ജീവനല്ലേ. ന്നിട്ട്?”

ഔസപ്പ് മുതലാളി മധ്യസ്ഥം പറഞ്ഞു.

“എന്റെ മുതലാളി ങ്ങള് പറഞ്ഞതൊക്കെ കാര്യമാ. പക്ഷേല് ഇങ്ങേർക്ക് ഉഷ്ണത്തിന്റെ അസുഖമുണ്ട്”

ഉഷ്ണത്തിന്റെ അസുഖമോ?

നാട്ടുകാർ മുഖാമുഖം നോക്കി

“ആന്നേ ഉഷ്ണത്തിന്റെ അസുഖം”

ശാന്തമ്മ വിശദീകരിച്ചു.

“കല്യാണം കഴിഞ്ഞിട്ട് ഇത്ര നാളായിട്ടും ഇങ്ങേരു മുറിക്കുള്ളിൽ കിടന്നിട്ടില്ല.

ബോർമ്മേലെ പണിയും കഴിഞ്ഞു വന്നാൽ ഉഷ്ണം ഉഷ്ണം എന്ന് പറഞ്ഞു എന്നും കോലായിൽ പായും വിരിച്ചാ കിടപ്പ്.

നിങ്ങള് പറ.ഞാനും ഒരു പെണ്ണല്ലേ”

ഔസപ്പ് മുതലാളി നാട്ടുകാരെ നോക്കി.

നാട്ടുകാർ ഗംഗാധരനെ നോക്കി.

ഗംഗാധരൻ ഭൂമിദേവിയെ നോക്കി.

മംഗളം .

Related Posts

Leave a Reply

Your email address will not be published. Required fields are marked *