സജിത വിളിക്കുന്നു. എന്താണ് കാര്യമെന്നറിയാൻ, വേഗം ഉമ്മറമുറ്റത്തേക്കു ചെന്നു. മുറ്റത്ത്, ഗംഭീര പ്രൗഢിയോടെ കാർ കിടപ്പുണ്ട്. ഇന്നലത്തെ സഞ്ചാരത്തെക്കുറിച്ചോർത്ത്……

ഞങ്ങളുടെ കാർ

എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്

പതിനഞ്ചു വർഷം മുൻപ്, കാമുകപുരം മൈതാനത്തിൽ അന്തവും കുന്തവുമില്ലാതിരിക്കുന്ന ഒരു വേനൽപ്പകലിലാണ് ഞങ്ങളിലാ ആശയം ഉരുത്തിരിഞ്ഞത്.

ഞങ്ങൾ എന്നു പറഞ്ഞാൽ മൂന്നുപേർ. ഞാൻ, അവിനാഷ്, സുമേഷ്. വെറുതേയിരിക്കുമ്പോൾ മനയ്ക്കലേ വേലി പൊളിക്കുക എന്ന ചൊല്ലിനെ അന്വർത്ഥമാക്കിക്കൊണ്ട് ഞങ്ങളിലാരോ പറഞ്ഞു.

” നമുക്കൊരു കാർ വാങ്ങിയാലോ?”

എല്ലാവർക്കും പൂർണ്ണസമ്മതം. അങ്ങനേ, ഏറ്റവും വിലക്കുറവിൽ ഏറ്റവും നല്ല കാർ എന്ന ലക്ഷ്യവുമായി ഞങ്ങൾ ഇടനിലക്കാരെ സമീപിച്ചു.

”നന്തിക്കര ഒരു കാറുണ്ട്, സിംഗിൾ ഓണർ. ഷോറൂം കണ്ടീഷൻ. നാല് വീല് പുത്തൻ. ലേഡിയായിരുന്നു ഓടിച്ചുകൊണ്ടിരുന്നത്. ചവുട്ടിപ്പൊളിച്ച് ഓടിച്ചിട്ടില്ല. പക്കാ വണ്ടി. വേണങ്കിൽ എടുത്തോ, ഇനിയിങ്ങനെ കിട്ടില്ല. സൂപ്പറ് സാധനം”

കുറച്ച് നടന്നപ്പോൾ, ഞങ്ങൾക്ക് ഒരു കാര്യം പിടികിട്ടി. ഇടനിലക്കാർക്ക് ഇതൊരു മന്ത്രമാണ്. സ്ഥലവും, വാഹനവും മാത്രമേ വ്യത്യസ്തമാകുന്നുള്ളൂ.

ഒടുവിലാ, സുദിനമെത്തി. ഒരു കാറെന്ന ഞങ്ങളുടെ മോഹങ്ങളിലേക്ക് ആ മാരുതി 800 ഒഴുകിയിറങ്ങിയെത്തി. ഞങ്ങൾ കാറിനു ചുറ്റും നടന്നു.കുരുടൻമാർ ആനയെ നിശ്ചയിച്ചതുപോലെ ഓരോരുത്തരും ഓരോ നിർണ്ണയങ്ങളെടുത്തു.
നല്ല വെള്ള മാരുതി. ഗ്യാസ് കിറ്റുണ്ട്. sയറ് കൊള്ളാം. കുഴപ്പമില്ല, പറഞ്ഞ കാശ് കൊടുത്ത്, സംഗതി സ്വന്തമാക്കി.

വടക്കേ തൊറവിന്റെ ഇടവഴികളിലൂടെ അന്തവും കുന്തവുമില്ലാതെ മാരുതി പാഞ്ഞു. സ്റ്റിയറിംഗ് വീലിനു പിന്നിലിരിക്കുമ്പോൾ ഓരോരുത്തരിലും മൈക്കൽ ഷൂമാക്കർമാർ അവതരിച്ചു. നാട്ടിലെ പ്രജകൾക്കും നാൽക്കാലികൾക്കും, ഏറെ ഭീഷണി തീർത്തുകൊണ്ട് ഗ്രാമവീഥികളിലൂടെ ശകടം സഞ്ചരിച്ചു.

ഒരുദിവസം രാത്രി, കൂട്ടുകാരൻ സുരേഷ് മികച്ച ഡ്രൈവറാണ്. അവന്റെ പിൻബലത്തിൽ ഞാൻ കാറെടുത്തു. കുട്ടനെല്ലൂർ പമ്പിൽ നിന്ന് ഗ്യാസ് നിറച്ച് നാഷണൽ ഹൈവേയിലൂടെയൊരു യാത്ര.

കുട്ടനെല്ലൂർ,മത്താക്കര ടോൾപ്ലാസാ വഴി തോക്കിൻകുഴൽ പോലെ നീണ്ടുനിവർന്നു കിടന്നു. സ്റ്റിയറിംഗ് ബാലൻസുള്ള ഏതു കണ്ണുപൊട്ടനും വളരേ ലളിതമായി ഈ കുഞ്ഞുകാറിനെ കൊണ്ടുപോകാം. ഞാനങ്ങനേയൊരു നാഷണൽ പെർമിറ്റ് ലോറിയോടിക്കുന്ന ഗൗരവത്തോടെ ഇടംവലം നോക്കാൻ കഴിയാതെ വണ്ടിയോടിച്ചു കൊണ്ടിരിക്കുകയാണ്.

വളരേ, പതുക്കെയാണ് സഞ്ചാരം. ഓട്ടോറിക്ഷകളും ബൈക്കുകളും കാറിനെ അനായാസേനേ മറികടന്നു പോയ്ക്കൊണ്ടിരുന്നു. ചില ട്രക്കുകൾ മറികടന്നുപോകുമ്പോൾ കാതിലേക്കലയടിച്ച ഇരമ്പലുകൾ, എന്നെ തെല്ലു വിറപ്പിക്കാതിരുന്നില്ല.ആമ്പല്ലൂർ, പുതുക്കാട്,കൊടകര,പേരാമ്പ്ര,പോട്ട വഴിയാണ് സഞ്ചാരം. പോട്ടയിൽ നിന്നും വലം തിരിഞ്ഞ് ഇരിങ്ങാലക്കുട റോഡിലേക്ക് കയറി.

ഈ റോഡ് അത്ര സുഖല്യാ. നാഷണൽ ഹൈവേയിൽ എതിരേ വാഹനങ്ങൾ വരുന്നുണ്ടായിരുന്നില്ല. ഇരിങ്ങാലക്കുട റൂട്ടിൽ അതല്ലാ സ്ഥിതി. എതിരേ വരുന്ന വാഹനങ്ങളുടെ വെളിച്ചം കണ്ണിൽ തറയ്ക്കുമ്പോൾ ഒന്നുരണ്ട് നിമിഷം ഞാൻ ധൃതരാഷ്ട്രരായിപ്പോകുന്നതു പോലെ തോന്നി. ഇപ്പോൾ, സുരേഷിന്റെ ശാസനകളും വർദ്ധിക്കുന്നുണ്ട്.

ഇരിങ്ങാലക്കുട, മാപ്രാണം,കോന്തിപുലം പാടം,പാലാഴി വഴി റെയിൽവേ സ്റ്റേഷനും കടന്ന് പുതുക്കാടെത്തി. സുരേഷിന്റെ വീടെത്തിയപ്പോൾ അവൻ ഇറങ്ങി.

” രഘു, ഞാൻ കൂടെ വരണോ? ഇനി നീ കൊണ്ടു പോയ്ക്കോളില്ലേ? അല്ലെങ്കിൽ ഞാൻ തിരിച്ചുനടക്കേണ്ടേ”

ഒന്നു പതറിയെങ്കിലും, ഞാൻ സമ്മതിച്ചു. ഇനിയധികം ദൂരമില്ല വീട്ടിലേക്ക്. ഞാൻ, പതിയേ വണ്ടി മുന്നോട്ടെടുത്തു. സുരേഷ് കൂടെയുള്ളപ്പോളുള്ളൊരു ആത്മ വിശ്വാസം ഇപ്പോളില്ല. വണ്ടി പതിയെ മുന്നോട്ട് നീങ്ങി.

വീട്ടിലേക്കുള്ള വഴി കുത്തനേയൊരിറക്കമാണ്. ചുരുക്കിപ്പറഞ്ഞാലൊരു കിണറ്റിലേക്കിറങ്ങും പോലെ. സമസ്ത ദൈവങ്ങളെയും ധ്യാനിച്ച് കാർ ഇറക്കത്തിലേക്ക് തിരിച്ചു. കൂരിരുട്ടിലൊരുപാട് ആന്തലുകൾ സമ്മാനിച്ച് കാർ വേഗം ഇറക്കമിറങ്ങി.?ഇറങ്ങിച്ചെല്ലുന്നത് വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്കാണ്. ഒരു മാരുതിക്കാറിന് കഷ്ടിച്ചുപോകാൻ കഴിയുന്ന വഴി.
വഴി, ഇംഗ്ലീഷ് അക്ഷരം L ആകൃതിയിൽ വീട്ടിലേക്കു തിരിയുന്നു.
തിരിയുന്ന മൂലയ്ക്കു തന്നെ, വലിയൊരു കണിക്കൊന്ന മരം. പിന്നേ, മുട്ടനൊരു തെങ്ങ്. ഇവയെല്ലാം ഒഴിവാക്കിയിട്ടുവേണം കാർ മുറ്റത്തെത്തിക്കാൻ.

ഊടുവഴി വളഞ്ഞ്, കാർ മുറ്റത്തു വന്നുനിന്നു. ആശ്വാസത്തോടെ ഞാനിറങ്ങി.
സജിത കാത്തുനിൽപ്പുണ്ടായിരുന്നു. ഞാൻ, ജീവനോടെ തിരിച്ചെത്തിയ ആശ്വാസം അവളുടെ മുഖത്ത് വ്യക്തമായിരുന്നു.

പിറ്റേന്ന്. നേരം വൈകിയാണുണർന്നത്. ചായ്പ്പുമുറിയിൽ കിടക്കുമ്പോൾ മുറ്റമടിക്കുന്ന ശബ്ദം കേൾക്കാം. സജിതയാണ്.

“രഘുച്ചേട്ടാ, ഒന്നു പുറത്തു വന്നേ”

സജിത വിളിക്കുന്നു. എന്താണ് കാര്യമെന്നറിയാൻ, വേഗം ഉമ്മറമുറ്റത്തേക്കു ചെന്നു. മുറ്റത്ത്, ഗംഭീര പ്രൗഢിയോടെ കാർ കിടപ്പുണ്ട്. ഇന്നലത്തെ സഞ്ചാരത്തെക്കുറിച്ചോർത്ത് തെല്ലിട ഗർവ്വിഷ്ഠനായി നിൽക്കുമ്പോൾ സജിതയുടെ ശബ്ദം വീണ്ടും കേട്ടു.

“രഘുച്ചേട്ടാ, നമ്മുടെ കാറിന്റെതെന്നു തോന്നുന്നു, കണിക്കൊന്ന മരത്തിനോട് ചേർന്ന് suzuki എന്ന റബ്ബർ ബീഡിംഗ് കിടപ്പുണ്ട്. ഒന്നു നോക്ക്യേ”

ഞാൻ, വേഗം മുറ്റത്തെ മൂലയിലെ കണിക്കൊന്നയ്ക്കരികിലെത്തി.
കണിക്കൊന്നയുടെ തോലടർന്നു പോയിരിക്കുന്നു. കാട്ടാനകൾ, മരങ്ങളിൽ ചൊറിച്ചിൽ തീർത്ത പോലെ. താഴെ കിടപ്പുണ്ട് suzuki എന്ന ലിഖിതം.

“ഈശ്വരാ, ചതിച്ചോ?”

ഞാൻ വേഗം കാറിന്റെ മറുവശത്തേക്ക് ചെന്നു. സത്യമാണ്. പിൻവശത്തെ ഡോറിനു കീഴ്ഭാഗം ഉള്ളിലേക്കമർന്നു പോയിരിക്കുന്നു. കണിക്കൊന്ന ചതിച്ച ചതി.

രാവിലെ തന്നെ കാറുമെടുത്ത് ആമ്പല്ലൂരിൽ കൊണ്ടുപോയി ചുളുക്കു തീർത്തു, suzuki യെ പുന:പ്രതിഷ്ഠിച്ചു. ആ വഴിക്ക്, ആയിരം രൂപാ നീങ്ങിക്കിട്ടിയപ്പോൾ ഒരു വല്ലാത്ത മനസ്സുഖം അനുഭവപ്പെട്ടു.

ഇനി സുമേഷിന്റെ ഊഴമാണ്. രാവിലേത്തന്നേ കൂട്ടുകാരുമൊന്നിച്ച് സുമേഷിന്റെ കാർയജ്ഞം ആരംഭിച്ചു. പുതുക്കാട് ജംഗ്ഷനിൽ ചെന്ന്, പതിയേ തിരിച്ചു മടങ്ങലാണ് പതിവ്.

പുതുക്കാട് അങ്ങാടിയിൽ, ദേശീയപാതയുടെ അരികിലുള്ള തൃശൂർ ബസ്സ്റ്റോപ്പിനോട് ചേർന്ന് ചെരിപ്പും കുടയും ബാഗും നന്നാക്കുന്ന ഒരു വയോധികനുണ്ട്.

സ്വന്തം തൊഴിലിൽ അഗ്രഗണ്യൻ.നിപുണൻ,നാട്ടിലെ പ്രജകളുടെ ബാഗും ചെരിപ്പുകളും ഏറെ വൃത്തിയോടും സൂക്ഷ്മതയോടും കൂടി ശരിയാക്കുന്ന അദ്ദേഹത്തിന് കസ്റ്റമേഴ്സും ധാരാളമുണ്ടായിരുന്നു.

കുട നന്നാക്കി ഒരു നൂറുരൂപാ തികഞ്ഞാൽ അദ്ദേഹം പതിയേ എഴുന്നേൽക്കും.
ഇനി ലക്ഷ്യം പുതുക്കാടിന്റെ സ്വന്തം മേഫെയർ ബാ റാണ്. രണ്ട് പെ ഗ് കഴിച്ച്, വീണ്ടും നിത്യവൃത്തിയിലേക്ക്. വീണ്ടും ബാ റിലേക്ക്. കഥ തുടർന്നു കൊണ്ടേയിരിക്കും. പതിവുപോലെ നൂറുരൂപാ തികഞ്ഞ ശുഭനിമിഷത്തിൽ പാവം ചെരുപ്പുകുത്തി ബാർ ലക്ഷ്യമാക്കി നീങ്ങി.?അതേ നേരത്തു തന്നെയാണ്,
സുമേഷും സംഘവും ഓടിച്ച കാർ പാഞ്ഞെത്തിയതും. അദ്ദേഹത്തെ തട്ടിയതും.

കാർ തട്ടി വീണ ചെരുപ്പുകുത്തിയെ സുമേഷും കൂട്ടരും വാരിയെടുത്തു കാറിൽ കയറ്റി.പ്രൊഫഷണൽ ഡ്രൈവർമാരെ അമ്പരപ്പിക്കും വിധം കാർ പുതുക്കാട് അങ്ങാടിയിൽ വട്ടം തിരിഞ്ഞു. പുതുക്കാട് ഗവൺമെന്റ് ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. ആശുപത്രി മുറ്റത്തേ കൊടിമരത്തിലോ, മതിലിലോ ഇടിച്ച് കാർ നിന്നു.
വൃദ്ധനേ ഇറക്കി. പുതുക്കാട്ടു ആശുപത്രിക്കാർ വൃദ്ധനെ തൃശൂർക്ക് കൊണ്ടു പോകാൻ ആവശ്യപ്പെട്ടു. മുറി ഡ്രൈവിംഗുമായി മാരുതി തൃശൂർക്കു പാഞ്ഞു.
യാതൊരാൾക്കും ആപത്തു പിണയാതെ കാർ തൃശൂരിലെത്തി. പരം പുരുഷന് നന്ദി. വൃദ്ധന്റെ കൈ, കാൽ, നട്ടെല്ല് എന്നിവയെല്ലാം തീരുമാനമായിരുന്നു.
കേസ് രജിസ്‌റ്റർ ചെയ്യാൻ തീരുമാനമായി.

പുതുക്കാട് പോലിസ് സ്റ്റേഷൻ, സുമേഷും, ഞാനും അവിനാഷും, മറ്റു രണ്ടു കൂട്ടുകാരുമുണ്ട്. സബ്ബ് ഇൻസ്പെക്ടറുടെ ചോദ്യം.

“ആരാണ് കാർ ഓടിച്ചത്?”

ഞങ്ങളുടെ കൂട്ടത്തിലുള്ള സലീഷ് പറഞ്ഞു, അവനാണ് ഓടിച്ചതെന്ന്.

“ആരുടെയാണ് കാർ?”

അടുത്ത ചോദ്യം.

സുമേഷ് മുന്നോട്ടുവന്നു. അവന്റെ പേരിലാണ് കാർ എടുത്തിട്ടുള്ളത്. തീരെ മെല്ലിച്ച, വെളുത്ത, കയ്യിൽ നിറയേ ചരടും, നെറ്റി മുഴുവൻ കുറികളുമുള്ള സുമേഷിനെ നോക്കി എസ് ഐ ചോദിച്ചു.

“സുമേഷിന് എന്താ ജോലി?” ഇൻസ്പെക്ടറുടെ വാക്കുകളിൽ മുറുക്കം.

” പെയിന്റ് പണിയാണ് സർ”

സുമേഷ് ഭയമില്ലാതെ മറുപടി പറഞ്ഞു.

” പെയിന്റു പണിയാണോ? എങ്കിൽ ഒരു മാരുതി അത്യാവശ്യമാണ്”

ഇൻസ്പെക്ടറുടെ മുഖത്ത് ഒരു ചിരി മിന്നിമാഞ്ഞു.

അദ്ദേഹം നടപടികളിലേക്കു കടന്നു. ഇടക്കിടക്ക്, എന്നേ പാളിനോക്കുന്നുമുണ്ട്. എല്ലാം പൂർത്തിയായി തിരിഞ്ഞുനടക്കുമ്പോൾ അദ്ദേഹം എന്നെ വിളിച്ചു.

“എന്താ, പേര്?”

” രഘു”

“നല്ല പരിചയം. രഘൂന്റെ പേരിൽ വല്ല ക്രിമിനൽ കേസുമുണ്ടോ?”

“ഇതുവരേയില്ല സാർ”

” അതേയോ, എവിടേയോ കണ്ട പോലെ. അതാ ചോദിച്ചേ” അദ്ദേഹം, പറഞ്ഞു നിർത്തി.

ഏതൊരാളും ആദ്യം കാണുമ്പോൾ, തനി ക്രിമിനലെന്നു തോന്നിക്കുന്ന എന്റെ ശരീരഭാഷയും മുഖഭാവവും ഓർത്ത് ചിരിയാണ് വന്നത്.

കാർ വിൽക്കാൻ തീരുമാനമായി. വാങ്ങിക്കാൻ വന്ന ഒരാൾ ചക്രങ്ങൾക്കടിയിലേക്ക് നൂണ്ടുനോക്കി, ഞങ്ങളോട് ചോദിച്ചു.

“പൊന്നുമക്കളേ, ടയറ് പഞ്ചറായാൽ ജാക്കി വയ്ക്കാൻ വരേ പറ്റില്ലല്ലോ. തുരുമ്പു മാത്രമാണ് താഴേ”

ഞങ്ങളൊന്നും മിണ്ടിയില്ല.

കിട്ടിയ കാശിനു കാർ കൊടുത്തു മടങ്ങുമ്പോൾ ഞങ്ങൾ ഓരോരുത്തരും ആ ചെരുപ്പുകുത്തിയേ ഓർത്തു. ഈ കാറു കൊണ്ട് ജീവിതം മാറിമറിഞ്ഞ ഒരേയൊരു വ്യക്തി അദ്ദേഹമായിരുന്നല്ലോ.

അദ്ദേഹത്തിന്, കാലം നന്മകൾ വരുത്തട്ടേ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *