സരളേച്ചി ദിവസവും രാവിലെ അമ്പലത്തിൽ പോകുന്നേന് മുന്നേ അടുക്കള വശത്ത് നിന്ന് കുളിക്കാറുണ്ടെന്ന് പത്രം ഇടാൻ പോകുന്ന ചേട്ടനും……

Story written by Alex John Joffan

എസ് എസ് ൽ സി പരീക്ഷയുടെ ചൂട് തലക്ക് പിടിച്ചു ടെൻഷനടിച്ചിരുന്ന സമയം. ഡിസ്റ്റിൻഷനാണോ ഫസ്റ്റ് ക്ലാസ്സാണോ കിട്ടുന്നതെന്നോർത്തുള്ള ടെൻഷനായിരുന്നില്ല. മറിച്ച് മോഡറേഷനോട് കൂടിയെങ്കിലും ഇരുന്നൂറ്റി പത്തെന്ന മാന്ത്രിക സംഖ്യയിലെത്താൻ ഉറക്കമൊഴിച്ചിരുന്ന് വെട്ടുന്ന തുണ്ടുകളെല്ലാം വരുമോയെന്നും, വന്നാൽ തന്നെ മാഷ് പൊക്കുമോയെന്നും, പൊക്കിയാൽ പുറത്താക്കുമോയെന്നും ഓർത്തുള്ള ടെൻഷനായിരുന്നു.

അങ്ങനെയൊരു പരീക്ഷ ദിവസം വെളുപ്പിനെണീറ്റ് ലേബർ ഇന്ത്യയിലും
വീ ഗൈഡിലും ആർട്ട്‌ വർക്ക്‌ ചെയ്യുമ്പോളാണ് പുറത്തെവിടെയോ വെള്ളം വീഴുന്ന ശബ്ദം എന്റെ കാതുകളിൽ പതിയുന്നത്.

മുകളിലെ ടാങ്ക് നിറഞ്ഞു വെള്ളം പോകുകയാണെന്ന് കരുതി നിർത്താനായി അടുക്കള വശത്തെത്തി നോക്കിയപ്പോഴാണ് ടാങ്ക് നിറഞ്ഞുള്ള വെള്ളം പോക്കല്ലെന്ന് മനസ്സിലായത്. അപ്പോഴാണ് അടുക്കളയിലെ ജനലിൽക്കൂടി അടുത്ത വീട്ടിലെ സരളേച്ചിയുടെ അടുക്കള വശത്തെ ബൾബിന്റെ പ്രകാശം എന്റെ കണ്ണുകളിൽ പതിയുന്നത്.

വീണ്ടും വന്നിരുന്ന് ആർട്ട് വർക്കിൽ തൊണ്ണൂറ്റിയൊമ്പത് ശതമാനം ശ്രദ്ധയും കൊടുത്തിരുന്ന് വെട്ടുമ്പോഴാണ് ബാക്കി ഒരു ശതമാനം ക്രിക്കറ്റ് ഗ്രൗണ്ടിലെ ചേട്ടന്മാരുടെ വാക്ക് തർക്കത്തിലേക്ക് പോയത്.

സരളേച്ചി ദിവസവും രാവിലെ അമ്പലത്തിൽ പോകുന്നേന് മുന്നേ അടുക്കള വശത്ത് നിന്ന് കുളിക്കാറുണ്ടെന്ന് പത്രം ഇടാൻ പോകുന്ന ചേട്ടനും, അല്ല സരളേച്ചി രാത്രി കിടക്കുന്നേന് മുന്നെയാ കുളിക്കുന്നതെന്ന് പുറകിലെ വീട്ടിലെ ചേട്ടനും.

ഒരുപക്ഷേ ഞാനിന്നൊന്നു മനസ്സ് വെച്ചാൽ അവരുടെ തർക്കത്തിനൊരു അവസാനമുണ്ടാകുമെങ്കിൽ… അങ്ങനെ ആ സൽക്കർമ്മം ഏറ്റെടുക്കാൻ ഞാൻ തയ്യാറായി. അവരുടെ തർക്കം മാറ്റുകയെന്ന ഉദ്ദേശം മാത്രമുണ്ടായിരുന്നയെന്നെ എന്റെ മനസ്സ് കു ളിസീൻ കാണാൻ പോകുവാണെന്ന് പറഞ്ഞ് അധിക്ഷേപിക്കാൻ ശ്രമിച്ചെങ്കിലും അതിനെയെല്ലാം അവഗണിച്ചു കൊണ്ട് അടുക്കള വാതിൽ മെല്ലെ തുറന്നു പുറത്തേക്കിറങ്ങി.

നിശബ്ദയായ പ്രകൃതിയെ ഉണർത്താതെ വളരെ സൂക്ഷ്മതയോടു കൂടി മന്ദം മന്ദം ഓരോ ചുവടുകളും സരളേച്ചിയുടെ അടുക്കള ലക്ഷ്യമാക്കി മുന്നോട്ട് വെക്കുമ്പോൾ, എന്റെ നിഴൽ ഒരനുസരണയുമില്ലാതെ എന്നെക്കാളും മുൻപേ പോകുന്നുണ്ടായിരുന്നു.

ഒരു തർക്കത്തിന് അവസാനം കാണാൻ പോകുമ്പോഴെങ്കിലും ഇങ്ങനെ ആക്രാന്തം കാണിക്കതടെയെന്നു ഉരുവിട്ട്കൊണ്ട് ഞാൻ നിലത്തു കിടന്ന് നിഴലിനെ അപ്രത്യക്ഷനാക്കി.

പിന്നീടുള്ള എന്റെ ഓരോ നീക്കവും അതിർത്തിയിൽ നുഴഞ്ഞു കയറുന്ന പട്ടാളക്കാരെ അനുസ്മരിപ്പിക്കും വിധം ഇഴഞ്ഞിഴഞ്ഞു നീങ്ങിക്കൊണ്ടായിരുന്നു.

വെള്ളത്തിന്റെ ശബ്ദം കാതുകളോട് അടുക്കുംതോറും നെഞ്ചിടിപ്പിന്റെ ശബ്ദവും ഉയർന്നു കൊണ്ടിരുന്നു. എങ്കിലും ഏറ്റെടുത്ത ഉദ്യമത്തിൽ നിന്നും പിന്മാറാൻ ഞാൻ തയ്യാറായില്ല. ഒടുവിലൊരു വിധം അടുക്കള ഭാഗത്തെത്തി പ്രകാശം കണ്ട ഭാഗത്തേക്ക്‌ തലയെത്തി നോക്കാനൊരുങ്ങുമ്പോഴാണ് തോളിലൊരു കൈ പതിയുന്നത്.

ഈശ്വരാ..ഞാൻ പിടിക്കപ്പെട്ടിരിക്കുന്നു. സരളേച്ചിയുടെ ഭർത്താവായിരിക്കും ഞാനുറപ്പിച്ചു.

‘എല്ലാം അവസാനിച്ചുവെന്ന് കരുതിയ നിമിഷം’ ആയിരുന്നത്.

എന്റെ പരീക്ഷ, ഉറക്കമൊഴിച്ചു ഞാൻ വെട്ടിയ തുണ്ടുകൾ, നാട്ടിലെ നല്ലവനായ ഉണ്ണിയായ എന്റെ സൽപ്പേര്, അച്ഛനമ്മമാർക്കുണ്ടാകാൻ പോകുന്ന അപമാനം, എന്റെ ഭാവിജീവിതം. നിമിഷനേരം കൊണ്ട് മരണത്തെക്കുറിച്ച് വരെ ഞാൻ ചിന്തിച്ചു പോയി.

മെല്ലെ കഴുത്ത് പൊക്കി മേലേക്ക് നോക്കിയപ്പോൾ കണ്ടത് ദിവസവും രാവിലെ അമ്പലത്തിൽ പോകാനിറങ്ങുന്ന അമ്മാവനെയായിരുന്നു.

എന്താ മോനേ നീ രാവിലെയീ അഭ്യാസമൊക്കെ കാണിക്കുന്നത്.

അതമ്മാവാ രാവിലെ എണീറ്റിങ്ങനെ ഇഴഞ്ഞാൽ പഠിച്ചതെല്ലാം ഓർമ്മയിൽ നിക്കും.

സരളേടെ കെട്ടിയോൻ നിന്റെ ഉള്ള ഓർമ്മ ഇല്ലാണ്ടാക്കേണ്ടെൽ എണീറ്റ് വീട്ടിൽ പോടാ.

അല്ല അമ്മാവനിവിടെ. ചാടിയെണീറ്റ് മണ്ണും തട്ടിക്കളഞ്ഞു വീട്ടിലേക്ക് പോകും വഴി തിരിഞ്ഞ് നിന്ന് അമ്മാവനോടായി ചോദിച്ചു.

കൊച്ചു വായിൽ വല്ല്യ വർത്തമാനം പറയാതെ വീട്ടിൽ പോടാ.

തിരികെ വീട്ടിൽ വന്നെങ്കിലും സരളേച്ചിയുടെ അടുക്കളക്ക് അടുത്ത് വരെത്തിയിട്ടും ചേട്ടന്മാരുടെ തർക്കം പരിഹരിക്കാനാവാത്ത അസ്വസ്ഥത യിലായിരുന്നു ഞാൻ. അപ്പോഴും മനസ്സ് കു ളിസീൻ കാണാൻ പറ്റാത്തതിലുള്ള അസ്വസ്ഥതയാണെന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *