സിന്ധു മുറിയിൽ കയറി ജനാല തുറന്നു നോക്കി . നല്ല രീതിയിൽ കയ്യാല കെട്ടിത്തിരിച്ചിട്ടുണ്ട് .മാത്രമല്ല കിണറിന് ചുറ്റും വൃത്തിയാക്കിയിട്ടിരിക്കുന്നു……

“”വരത്തർ

Story written by Sebin Boss J

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“”‘പണി തീർന്നു കൊച്ചെ .. പൈസ തന്നാ ഞാമ്പൊക്കോളാം “”’

“‘ഏഹ് ?””

അടുക്കളപ്പുറത്തെ വരാന്തയിൽ വാഷിങ്‌മെഷീനിൽ നിന്നും തുണിയെടുത്തു വിരിച്ചുകൊണ്ടിരുന്ന സിന്ധു ഓർക്കാപ്പുറത്ത് അപരിചിതമായ ശബ്ദം കേട്ട് പുറകോട്ട് മലച്ചു .

ഗ്രില്ലിട്ട വരാന്തക്ക് വെളിയിൽ, ബട്ടണുകൾ ഇടാത്ത ഷർട്ടിന്റെ കൈ മടക്കി തിരുകിക്കയറ്റിക്കൊണ്ട് കറുത്ത് ഉയരം കൂടിയ കൈലിയുടുത്ത ഒരു മനുഷ്യൻ . കളർ വേർതിരിച്ചറിയാനാവാത്ത ഒരു നനഞ്ഞതോർത്ത് അയാളുടെ തോളിൽ കിടപ്പുണ്ടായിരുന്നു . പണിയെടുത്തുറച്ച ശരീരത്തിലെ മാംസപേശികൾ കുളിച്ചിട്ടും വിയർപ്പിനാൽ ഒഴുകുന്നു .

“‘ തനിക്കൊന്ന് വിളിച്ചിട്ട് വരാൻ മേലായിരുന്നോ .മനുഷ്യരെ പേടിപ്പിക്കാൻ “”

“”‘ പണികഴിഞ്ഞപ്പോ കെണറ്റിന്ന് വെള്ളം കോരി കുളിച്ചു .അപ്പളാ കൊച്ചിവിടെ നിക്കുന്നെ കണ്ടേ ..ഞാനോർത്തേ കൊച്ചും കണ്ടെന്നാ .എന്റെ പൈസ തന്നേച്ചാൽ ഞാനങ്ങു പൊക്കോളാം “” അയാൾ എളിയിൽ നിന്ന് ബീ ഡി എടുത്തു ചുണ്ടിൽ വെച്ചങ്ങോട്ട് മാറി നിന്ന് ക ത്തിച്ചു .

രാവിലെ ജയേട്ടനും മോനും പോകുന്നേന്റെ തിരക്കിൽ , പണിക്കാള് വന്നത് കണ്ടില്ല . രണ്ടു ദിവസത്തെ പണിയുണ്ടെന്ന് ജയേട്ടൻ പറഞ്ഞതിനാൽ പൈസയും തന്നില്ല . ഇതിപ്പോ മൂന്ന് മണി ആകുന്നതേ ഉള്ളൂ ,ഇതിനകം പണി തീർത്തോ അയാൾ .

സിന്ധു മുറിയിൽ കയറി ജനാല തുറന്നു നോക്കി . നല്ല രീതിയിൽ കയ്യാല കെട്ടിത്തിരിച്ചിട്ടുണ്ട് .മാത്രമല്ല കിണറിന് ചുറ്റും വൃത്തിയാക്കിയിട്ടിരിക്കുന്നു . ബാക്കി വന്ന കല്ലുകൾ കൊണ്ട് കിണറിനടുത്തുള്ള തെങ്ങിന് ചുറ്റും കെട്ടിയിരിക്കുന്നു .

“‘പൈസ എത്രയാ ?”” വരാന്ത ഗ്രില്ലിട്ടതാണെങ്കിലും സിന്ധു അല്പം നീങ്ങിനിന്നാണ് ചോദിച്ചത് .

“‘ എഴുന്നൂറ്റമ്പത് “”‘ ബീ ഡി കു ത്തിക്കെടുത്തിയിട്ടയാൾ അടുത്തേക്ക് വന്നപ്പോൾ സിന്ധു അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ നീട്ടി .

“”ചില്ലറയായിട്ടുണ്ടോ? എന്റെകയ്യിൽ ബാക്കിയില്ല തരാൻ “‘

“‘ സാരമില്ല ..അത് വെച്ചോ ..”” രണ്ടു ദിവസത്തെ കൂലി ആയിരത്തിയഞ്ഞൂറ് . ഇത് ഒരു ദിവസം കൊണ്ട് കഴിഞ്ഞു .ആയിരം കൊടുത്താലും ലാഭമാണല്ലോ

“” എഴുനൂറ്റിയമ്പതിനാ പണിയേറ്റത് .. ബാക്കി ഞാൻ മാറി തന്നോളാം ….””

“‘ഹേയ് … ഇനി ബാക്കിക്കായൊന്നും വരണ്ട”” തനിച്ചാകുമ്പോഴാണോ അയാൾ ഇനി വരുന്നതെങ്കിലുള്ള പേടികൊണ്ടാണ് സിന്ധുവങ്ങനെ പറഞ്ഞത് .

“‘ അത് പറ്റില്ല ..ചെയ്യുന്ന കൂലിക്കുള്ളകാശ് മതി “‘ ഒരു ബീ ഡി കൂടി ചുണ്ടിൽ വെച്ചുകൊണ്ടയാൾ നടന്നകന്നപ്പോൾ സിന്ധു ഒന്നാശ്വസിച്ചു .

ജയേട്ടനും മോനും പോയാൽ പിന്നെ താനും പൊടിമോളും തനിച്ചാണ് . സഹായത്തിന് വരുന്ന വല്യമ്മയെ ഇന്ന് കണ്ടതുമില്ല . ഒന്ന് കൂവി വിളിച്ചാൽ പോലും ആരുമോടി വരാനില്ലാത്ത ഈ ഗ്രാമത്തിൽ നിന്നും മാറാൻ പറഞ്ഞാൽ ജനിച്ചവീട് , നാടെന്നും പറഞ്ഞു ജയേട്ടൻ സമ്മതിക്കുകയുമില്ല . ഇത്ര സ്ഥലം ഉളളതിനാൽ ആരെങ്കിലും പണിക്കാർ മിക്കവാറും ദിവസങ്ങളില്‍ ഉണ്ടാകും . ഇത്രയും നാളിനിടയിൽ അയാളെ ഇതുവരെ കണ്ടിട്ടേയില്ലല്ലോ . ജയേട്ടൻ എന്ത് വിശ്വസിച്ചാണ് അയാളെ പണിയേൽപ്പിച്ചത് !!

“” കൊച്ചെ … കൊച്ചെ…. പൂയ്യ് “‘

“‘ഏഹ് ..”’ ചിന്തയിലായിരുന്ന സിന്ധു വീണ്ടും ഞെട്ടി പിന്നോക്കം മലന്നു

“‘എന്നാ ..എന്നാ വേണം .”‘ നേരെ പുറകിലേക്ക് വന്ന അയാളോട് സിന്ധു തട്ടിക്കയറി

“‘ ചായക്കട അടച്ചിട്ടെക്കുവാ ചില്ലറ മാറാൻ ചെന്നപ്പോ …”‘

“‘ ബാക്കി വേണ്ടന്ന് നിങ്ങളോട് പറഞ്ഞില്ലേ ഞാൻ “”‘

“‘ കൊച്ചിത് വെച്ചോ ..അടുത്ത പണിക്ക് കൂട്ടിത്തന്നാൽ മതി “‘ അയാൾ അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് ഗ്രില്ലിനിടയിലൂടെ നീട്ടിയപ്പോൾ സിന്ധു പിന്നോക്കം മാറി ഭിത്തിയിലേക്ക് ചാരി നിന്നു ,

“‘ പേടിക്കുവൊന്നും വേണ്ട “‘ ഗ്രില്ലിനിടയിൽ കൂടി കയ്യിട്ടപ്പോൾ സിന്ധു ഭയന്ന് പിന്നോക്കം മാറിയതിനാൽ ആവും അയാൾ പൈസ വീണ്ടും ഷർട്ടിന്റെ കൈമടക്കിൽ തിരുകി .

“” അതേയ് … ഒരു കാര്യം കൂടി ചോദിച്ചോട്ടെ … ഇച്ചിരി ചോറ് തരാമോ .. ആ ചായക്കട അടച്ചേക്കുവാ .അങ്ങേരുടെ ആരോ മരിച്ചെന്ന് .ഇവിടെ അടുത്ത് വേറെ കടയൊന്നുമില്ലല്ലോ , അതുകൊണ്ടാ .””’

ചോറിരിപ്പുണ്ട് , കറിയും ..പക്ഷെ …!!!

“” കൊച്ച് പേടിക്കണ്ട … ഞാനങ്ങു മാറി നിന്നേക്കാം ….ചോറിങ്ങോട്ട് വെച്ചേക്ക് …”‘ സിന്ധുവിന്റെ മുഖത്തെ ആലോചനാഭാവം കണ്ടാവും അയാൾ പറഞ്ഞിട്ട് അൽപം മാറി നിന്നു

പ്ളേറ്റും ഗ്ലാസിലെ വെള്ളവും കൊണ്ടയാൾ പുറത്തെ അലക്ക് കല്ലിലിരുന്ന് സ്വാദോടെ ആഹാരം കഴിക്കുന്നതവൾ തുണി വിരിച്ചിടുന്നതിനിടെ നോക്കിക്കണ്ടു . ഒരിക്കൽ പോലും അയാൾ കഴിക്കുന്നതിൽ അല്ലാതെ മറ്റൊന്നിലും ശ്രദ്ധിക്കാത്തത് അവളെ അത്ഭുതപ്പെടുത്തി .

“‘വീടെവിടെയാ … ഇതിനു മുൻപെങ്ങും കണ്ടിട്ടില്ലല്ലോ “‘

“”” അങ്ങനെ നാടൊന്നുമില്ല. പണി കിട്ടുന്നിടത്ത് താമസിക്കും .”‘

“‘അച്ഛനുമമ്മയും …ഭാര്യ കുഞ്ഞുങ്ങൾ ? ”’ സിന്ധു അയാളെ നോക്കി. ചോറിൽ തന്നെയാണ് ഇപ്പോഴും അയാളുടെ ശ്രദ്ധ.

“‘ അച്ഛനും അമ്മയും ….അറിയില്ല… പിന്നെ…ഭാര്യ ..എന്നെപോലെയുള്ളവർക്ക് ഒരു നേരത്തെ ആഹാരം കിട്ടിയാലത് ഭാഗ്യം “””

“‘ ഇവിടെയാരേലുമുണ്ടോ ?””

“‘ ഇല്ല … ഇവിടുന്നും ഞാൻ പോകും ..അല്ലേൽ ആരേലും ഓടിക്കും . ഇപ്പ കൊച്ചു പേടിച്ചത് പോലെ എല്ലാവരും എന്നെ പേടിക്കുന്നു . ഇവിടെയെന്തെലും മോഷണമോ കൊലപാതകമോ കണ്ടാൽ എന്നെ ആദ്യം പിടിക്കും . ഞാൻ കക്കാറും മോഷ്ടിക്കാറുമില്ല . ജീവൻ നിലനിർത്താനുള്ള ആഹാരത്തിനാ പണിയെടുക്കുന്നെ ..അതിനുള്ള കാശ് മതിയെനിക്ക് ..നല്ല രുചിയാരുന്നു കേട്ടോ “. വിരൽ നക്കിത്തുടച്ചിട്ടു , കിണറിനു ചുവട്ടിലെ ബക്കറ്റിൽ നിന്ന് കയ്യും മുഖവും പ്ളേറ്റും കഴുകി വാതിൽക്കൽ കൊണ്ട് വെച്ചിട്ട് അയാൾ ഒന്നും മിണ്ടാതെ നടന്നകന്നു .

” സുകുവേട്ടന്റെ ചായക്കടയിലാ സിന്ധു അയാള് കിടപ്പ് . കുറച്ചു നാളായി അയാളവിടെയുണ്ട് . പുറത്തു കിടക്കുന്ന ബെഞ്ചിലായിരുന്നു ആദ്യം കിടത്തം . സ്ഥിരം ആഹാരം കഴിക്കുന്ന ആളെന്ന നിലയിൽ , മഴ പെയ്‍തപ്പോൾ സുകുവേട്ടനാ അകത്ത് കയറി കിടന്നോളാൻ പറഞ്ഞെ . അയാളതിനു പകരമായി വിറക് കീറിക്കൊടുക്കും . വെളുപ്പിനെ ചായക്കട തുറക്കുമ്പോൾ എണീറ്റ് പോകും . പാടത്തോ പറമ്പിലോ എന്നു വേണ്ട കിട്ടുന്ന പണിക്കെല്ലാം പോകും. അയാളെകൊണ്ട് പ്രത്യേകിച്ചൊരു ശല്യവുമില്ല ..ചില ദിവസങ്ങളിൽ പണി കാണും .ഇപ്പൊ കുറച്ചായി അയാൾക്ക് പണിയൊന്നുമില്ല സാറെ ,എന്തേലും ഉണ്ടേൽ കൊടുക്കെന്ന് സുകുവേട്ടൻ പറഞ്ഞപ്പോഴാ ഞാൻ പണിക്ക് വിളിച്ചേ “”

“‘ഉം “‘ സിന്ധു വൈകിട്ട് അയാളെക്കുറിച്ചു ചോദിച്ചപ്പോൾ ജയൻ പറഞ്ഞ മറുപടി കേട്ട് വെറുതെ മൂളി .

“‘ഞാനല്ല സാറെ ..ഞാനല്ലന്ന് പറഞ്ഞില്ലേ സാറെ …””

കുറച്ചു ദിവസം കഴിഞ്ഞ് ഒരു നാൾ കുഞ്ഞിനെ ഹോസ്പിറ്റലിൽ കാണിച്ചിട്ട് ബസിറങ്ങിയ സിന്ധു കവലയിലെ ആൾക്കൂട്ടവും ബഹളവും കേട്ട് അങ്ങോട്ട് നോക്കി .ചായക്കടയിൽ നിന്ന് പുറത്തേക്ക് ഒരു പോലീസുകാരൻ ഷർട്ടിന്റെ കോളറിൽ പിടിച്ചു അല്പം മാറ്റിയിട്ടിരിക്കുന്ന പോലീസ്‌ ജീപ്പിനരികിലേക്ക് കൊണ്ട് വരുന്ന ആളെ കണ്ട് സിന്ധു നിശ്ചലയായി നിന്നു . അയാൾ !!!

“‘ഞാനല്ല സാറെ …ഞാനല്ല മോഷ്ടിച്ചെ ..ദേയീ ചായക്കടക്കാരനോട് ചോദിക്ക് ഇത്രേം നാളും ഇവിടെ കിടന്നിട്ട് ഞാൻ വല്ല പ്രശ്‌നവും ഉണ്ടാക്കിയോന്ന് ?”

“‘എന്താടാ നിന്റെ പേര് ? എവിടെയാടാ നിന്റെ നാട് “‘ ജീപ്പില്‍ നിന്നിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ അയാളെ ചുഴിഞ്ഞു നോക്കി.

“‘നാടും വീടുമൊന്നുമില്ല സാറേ .. ഞാൻ ആരുമില്ലാത്തവനാ . ഇവിടെ പണിക്ക് വന്നതാ “‘

“” കൊറേ നാളായിട്ടറിയാം സാറേ.. കുഴപ്പക്കാരൻ ഒന്നുമല്ല”” ചായക്കടക്കാരൻ ജീപ്പിനരികിൽ ഭവ്യതയോടെ നിന്നു.

“” താനേതാ ? താനിയാളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ?”’ ചോദ്യം കേട്ടപ്പോൾ ചായക്കടക്കാരൻ തലയിൽ ചൊറിഞ്ഞുകൊണ്ട് പിൻവലിഞ്ഞു.

“‘ നിന്റെ ഐഡി വല്ലതുമുണ്ടോ ? ആധാർ കാർഡ് , റേഷൻ കാർഡ് ?”’ ചയക്കട ക്കാരൻ പറഞ്ഞത് കൊണ്ടാവാം പോലീസ് ഉദ്യോഗസ്ഥൻ ഒന്ന് മയപ്പെട്ടു.

“‘ഇല്ല സാറെ ..വീടും കുടീമൊന്നുമില്ലാത്ത എനിക്കാരാ ഇതൊക്കെ തരാൻ? ..അല്ലേലും ഇതൊക്കെ എനിക്കെന്തിനാ? ജീവൻ നിലനിർത്താനുള്ള ആഹാരം കഴിക്കണം. അതിനുള്ളത് പണിയെടുത്തുണ്ടാക്കും.””

“” തനിക്കറിയാവുന്ന വല്ല രാഷ്ട്രീയക്കാരോ വല്ലൊമുണ്ടോ ? താനേത് ജാതിയാ? ക്രിസ്ത്യനോ ഹിന്ദുവോ അതോ മുസ്ലിമോ ?”’

“”‘ എനിക്കറിയില്ല സാറെ … ഓർമ വെച്ചപ്പോൾ തെരുവിലാ ..ആരുമെന്നോട് ഏത് ജാതിയാന്ന് പറഞ്ഞു തന്നില്ല . എനിക്ക് വോട്ടില്ലാത്തത് കൊണ്ട് ഒരു രാഷ്ട്രീയ ക്കാരനും എന്റടുത്തേക്ക് വന്നില്ല . വീടും പണവും ഇല്ലാത്തത് കൊണ്ട് ഒരു മതനേതാക്കളും എന്നെ അറിഞ്ഞില്ല .””

” ഒരു പുണ്ണാക്കുമില്ലാതെ പ്രസംഗിക്കുന്നോടാ നാ ******* മോനെ ….കേറടാ ജീപ്പിൽ “” പുറകിൽ നിന്നൊരു പോലീസുകാരൻ അയാളെ ജീപ്പിനുള്ളിലേക്ക് തള്ളി .

“”അതെ സാറെ ..സാറിപ്പോൾ പറഞ്ഞ നായ്ക്കൾക്കും ഈ ഭൂമിയിലിടമുണ്ട്. അപ്പനുമമ്മയും ആരെന്നറിയാതെ ജനിച്ചെന്ന പേരിൽ ഞാൻ ജയിലിൽ കിടക്കണമല്ലേ ….ഇവിടെ ജീവിക്കണേൽ ഏതേലും രാഷ്ട്രീയം വേണം .. ഏതേലും മതം വേണം . വീടും കുടിയുമില്ലാതെ എന്നെ പോലെയുള്ളവരുടെ കണ്ണീര് കാണുന്നത് ഏത് ദൈവമാണെന്ന് പറ സാറേ ഞാൻ അതിൽ വിശ്വസിക്കാം .. എനിക്കൊരു കിടപ്പാടം തന്ന് സാറീ പറയുന്ന കാർഡുകളൊക്കെ തരുന്നേൽ ആ രാഷ്ട്രീയത്തിലും വിശ്വസിക്കാം . “‘

“‘ഭാ …%^ നിർത്തടാ നിന്റെ കോ പ്പിലെ പ്രസംഗം…””

“‘സാറെ ..അടിക്കരുത് സാറെ ..അതെന്റെ ചേട്ടനാ .. കുഞ്ഞിലേ കാണാണാതായ ചേട്ടൻ .””‘ പോലീസുകാർ അയാളെ മർദ്ധിക്കുന്നത് കണ്ട സിന്ധു താൻപോലു മറിയാത്ത ഏതോ വികാരത്താൽ മുന്നിലെ സീറ്റിലേക്ക് കയറുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മുന്നിലെത്തി .

“”‘ ചേട്ടനോ … നിന്റെയോ ?”’ വെളുത്ത നിറമുള്ള സിന്ധുവിനെ അടിമുടിയൊന്ന് നോക്കിയിട്ട് പോലീസ് ഉദ്യോഗസ്ഥൻ അയാളെയും തിരിഞ്ഞു നോക്കി

“‘അതെ സാറെ .. ചേട്ടന്റെ നെഞ്ചിലൊരു വലിയ വെളുത്തൊരു മറുകുണ്ടെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് . ഒന്ന് നോക്കിക്കെ സാറെ “” അന്നയാൾ പണിയെടുത്ത കാശിനായി വന്നപ്പോൾ കണ്ട മറുകായിരുന്നു സിന്ധുവിന്റെ മനസ്സിൽ .

“‘നെഞ്ചിൽ മറുകോ ….”” പുറകിൽ അയാൾക്കൊപ്പം ഇരുന്ന പൊലീസുകാരൻ ചോദിച്ചപ്പോൾ സിന്ധു ഓടി പുറകിലെത്തി.

“‘അതെ സാറെ …ഒന്ന് നോക്ക് സാറെ ..ചേട്ടനെ കൊണ്ടുപോകരുത് സാറെ …””

“”‘എന്റെ നെഞ്ചിൽ മറുകൊന്നുമില്ല സാറെ ..അവർക്ക് ആള് മാറിയതാ ഞാൻ അനാഥനാ . എന്നെ നിങ്ങള് കൊണ്ടോക്കോ “”

“‘വേണ്ട കൊച്ചേ ..എന്നെ സഹായിക്കാനാണ് നിങ്ങളിത് പറഞ്ഞെന്നറിയാം .പക്ഷെ അവരത് തെറ്റായ ചിന്തയിലെ എടുക്കൂ. .എന്നെ സപ്പോർട്ട് ചെയ്ത് കൊച്ചിനോട് ചീ ത്തപ്പേരാവണ്ട . ഈ ലോകത്ത് നാൽക്കാലികൾക്കുള്ള സംരക്ഷണം പോലും ഇരുകാലികൾക്കില്ല .അടുത്ത ജന്മത്തിൽ എങ്കിലും ഒരു നായയായോ നരിയായോ ജനിച്ചാൽ മതിയാരുന്നു”‘ കൈ മടക്കിൽ നിന്നെന്തോ എടുത്തു സിന്ധുവിന്റെ കൈയിലേക്ക് ചരുട്ടി വെച്ചിട്ടയാൾ പറഞ്ഞപ്പോഴേക്കും ജീപ്പെടുത്തിരുന്നു .

കണ്ണിലൂറിയ ജലകണങ്ങളാൽ പോലീസ് ജീപ്പ് കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോൾ അവളുടെ കയ്യിൽ അയാൾ ചുരുട്ടിയേൽപ്പിച്ച , അന്നത്തെ പണിക്കൂലിയുടെ ബാക്കി കറൻസിയിൽ ഗാന്ധിജിയുടെ ചിരിക്കുന്ന മുഖമുണ്ടായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *