സുലു മിടുക്കിയാണ് പെട്ടെന്ന് തന്നെ പഠിച്ചു. കുറച്ച് ദിവസം കൂടി ഓടിച്ചാൽ ഓൾക്കും ധൈര്യമായി കുതിരപ്പുറത്തു സവാരി ചെയ്യാം……

ആക്ടിവ

Story written by Navas Aamandoor

ഫൈസലും സുലുവും ആക്ടിവയും തമ്മിലുള്ള ബന്ധം വല്ല്യ സംഭവം അല്ലങ്കിലും ഈ തവണ നാട്ടിൽ പോകാൻ റെഡി ആയപ്പോൾ ഞാൻ അവനോട് ചോദിച്ചു.

” അല്ലാ ഫൈസൽ ഈ തവണ നീ ആക്ടിവ വാങ്ങിക്കുന്നില്ലേ… ?”

“ഇനി ആക്ടിവ വേണ്ടെന്നാ സുലു പറയുന്നത്. “

എന്താ സുലു അങ്ങിനെ പറഞ്ഞതെന്നു ഫൈസൽ തന്നെ പറയട്ടെ അല്ലേ… ?

എല്ലാ പെണ്ണുങ്ങളും ആക്ടിവയിൽ. വണ്ടി ഓടിക്കാൻ അറിയാത്തതും സ്വന്തമായി ഒന്ന് വീട്ടിൽ ഇല്ലാത്തതും കുറച്ചിലാണെന്ന് സുലു പറഞ്ഞപ്പോൾ ശെരിയാണെന്ന് എനിക്കും തോന്നി.

നാട്ടിൽ വരാൻ നിയ്യത്ത് വെച്ച നേരം തന്നെ ആക്ടിവക്ക് ഒരു വിഹിതം ഞമ്മളെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി. കല്യാണം കഴിഞ്ഞു മൂന്ന് മാസത്തിന് ശേഷമാണ് പ്രവാസിയായത്. അതുകൊണ്ട് തന്നെ സുലു പറഞ്ഞ ആവിശ്യം തള്ളി കളയാനും പറ്റില്ല.

നാട്ടിൽ എത്തി ഒരു മാസം കഴിഞ്ഞ് കുറച്ച് പൈസക്ക് ഇത്തിരി പഴക്കമുള്ള നല്ല ഒന്നാന്തരം കറുപ്പ് ആക്ടിവ തന്നെ വാങ്ങി. കണ്ട ഊട് വഴിയിലും പോക്കറ്റ് റോഡിലും അവളെ ഇരുത്തി ഓടിച്ചു പഠിപ്പിച്ചു തുടങ്ങി.

സുലു മിടുക്കിയാണ് പെട്ടെന്ന് തന്നെ പഠിച്ചു. കുറച്ച് ദിവസം കൂടി ഓടിച്ചാൽ ഓൾക്കും ധൈര്യമായി കുതിരപ്പുറത്തു സവാരി ചെയ്യാം.

പക്ഷെ അതിന്റെ ഇടയിലാണ് ഞമ്മടെ പോന്നു സുലുവിന്റെ കുഞ്ഞി വയറിൽ ഒരു കുഞ്ഞി കുട്ടി ജീവൻ വെച്ചത്. ആദ്യത്തെ കണ്മണി. അപ്പൊ ഇനി ബെഡ് റസ്റ്റ്.

അനങ്ങാൻ പാടില്ല. പതുക്കെ നടക്കണം. നല്ലത് പോലെ നോക്കാൻ ഡോക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ആ ഉത്തരവിന്റെ ബലത്തിൽ എന്നെ പിടിച്ചു ഹാളിൽ കിടത്തി. എന്താലേ. അങ്ങിനെ ഞാനും പുറത്ത്.

ലീവ് തീർന്നു പോരുന്നതിന് മുൻപ് കിട്ടിയ ക്യാഷിന് ഞമ്മളെ ആദ്യ ആക്ടിവ കൊടുത്തു. സുലു ഉമ്മായാവാൻ ഉള്ള ഒരുക്കത്തിൽ ആയത് കൊണ്ട് ഞാൻ പോയത് പോലും കാര്യമാക്കിയില്ല.. പിന്നെയാ അവളുടെ കുതിര.

മാസങ്ങൾ കഴിഞ്ഞ് അവൾ ഒരു ആൺ കുട്ടിയെ എനിക്ക് തന്നു. ഒരു കൊല്ലം കഴിഞ്ഞ് മോനെ കാണാൻ പോയി തിരിച്ചു വന്ന് വീണ്ടും ലീവിന് പോകാൻ നിക്കുന്ന ടൈമിൽ വീണ്ടും ആക്ടിവ മോഹം സുലുവിൽ ഉണർന്നു.

പാവല്ലേ.. സുലു. എന്റെ മുത്തിനെ തന്ന പൊന്നല്ലെ അവൾ. ഈ തവണ പുതിയ ആക്ടിവക്കു ഓർഡർ കൊടുത്തിട്ടുണ് നാട്ടിൽ ചെന്നത് വീട്ടിൽ ചെന്നു കയറിയപ്പോൾ ആക്ടിവ പുറത്ത് ഇരിക്കുന്നുണ്ട്.

നാട്ടിൽ ചെന്ന തിരക്ക് കഴിഞ്ഞ് വീണ്ടും പഠിപ്പിക്കാൻ തുടങ്ങി. സമയം കിട്ടാറില്ല അവൾക്ക്. കുറച്ച് നേരം മോൻ ഉറങ്ങുന്ന സമയം നോക്കിയാണ് ഈ പഠിക്കൽ.

രണ്ട് മാസം കൊണ്ട് അവൾ ഉഷാറായി ഓടിച്ചു. പേടി മാറി.

പക്ഷെ ഈ തവണയും പടച്ചവൻ അനുഗ്രഹിച്ചു. പഠിത്തം നിറത്തി. ആദ്യത്തെ പോലെ ഇല്ലങ്കിലും റസ്റ്റ് വേണം. നിന്നിട്ട് ഇനി കാര്യമില്ലാ ഞാനും തിരിച്ചു പോന്നു.

അത്‌ കഴിഞ്ഞുള്ള നാട്ടിൽ പോക്കാണ് ഇപ്പൊ.ഞാൻ വെറുതെ അവളോട്‌ ചോദിച്ചു.

“നമ്മുക്ക് ഒരു ആക്ടിവ വാങ്ങിയാലോ സുലു. “

“എനിക്ക് ഇനി ആക്ടിവ വേണ്ട ഇക്കാ. പ്രസവം നിർത്തിയിട്ട് വേണമെങ്കിൽ ആലോചിക്കാം. “

ഫൈസൽ പറഞ്ഞു നിർത്തിയപ്പോൾ ഞങ്ങളെക്കാൾ കൂടുതൽ അവൻ തന്നെയാണ് ചിരിച്ചത് .

“രണ്ട് ആൺ കുട്ടികളാണ്. ഒരു പെൺ കുട്ടി ക്കൂടി വേണം. നീ നാട്ടിൽ പോയി ഒരു വട്ടം കൂടി വാങ്ങിക്ക് ആക്ടിവ…. “

“വേണം വേണം… എന്തായാലും വാങ്ങും. “

അപ്പൊ അതാണ് ഫൈസലും സുലുവും ആക്ടിവയും തമ്മിലുള്ള പ്രശ്നം. അവർ അടങ്ങി കിടന്ന് ഉറങ്ങാത്തതിന് പാവം ആക്ടിവക്കാണ് പഴി. ‘നിന്നോട്‌ ദൈവം ചോദിക്കും ഫൈസൽ’ അല്ല പിന്നെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *