സൂക്ഷിച്ചു സംസാരിച്ചില്ലെങ്കിൽ രമേശേട്ടന്റെ അമ്മയാണ് നിങ്ങളെന്നെ കാര്യം മറന്നെനിക്കു പെരുമാറേണ്ടി വരും.. വെറുതെയല്ല നാട്ടില് കൂണ് പോലെ വൃദ്ധസദനങ്ങള്………

ഭാര്യ…..

Story written by Aswathy Joy Arakkal

“സൂക്ഷിച്ചു സംസാരിച്ചില്ലെങ്കിൽ രമേശേട്ടന്റെ അമ്മയാണ് നിങ്ങളെന്നെ കാര്യം മറന്നെനിക്കു പെരുമാറേണ്ടി വരും.. വെറുതെയല്ല നാട്ടില് കൂണ് പോലെ വൃദ്ധസദനങ്ങള് പൊട്ടിമുളക്കണതു, നിങ്ങളെ പോലുള്ളവരുടെ കൂടെയൊക്കെ ജീവിക്കാൻ ആർക്കു പറ്റും… “

ഇത്രയും പറഞ്ഞു അമ്മക്ക് നേരെ വിരൽ ചൂണ്ടി കയർക്കുന്ന ഭാര്യയെ കണ്ടുകൊണ്ടാണ് വൈകിട്ട് ഓഫീസിൽ നിന്നു വന്ന രമേശൻ വീട്ടിലേക്കു കയറുന്നതു…….ഓഫീസിലെ നൂറു കൂട്ടം ടെൻഷനും കഴിഞ്ഞു വീട്ടിലെത്തുമ്പോഴും സ്വൈര്യം ഇല്ലെന്നു വെച്ചാ… രമേശൻ ദേഷ്യം കൊണ്ട് നിന്നു വിറച്ചു…

“രാജി.. “ക്രോധത്തോടെ അയാൾ ഉറക്കെ വിളിക്കുന്നതും അവളുടെ മുഖത്തയാളുടെ കൈ പതിയുന്നതും ഒരുമിച്ചായിരുന്നു…

എന്റെ അമ്മയെ ഭീഷണിപ്പെടുത്തിയിട്ടു, ഇവിടെ സുഖിച്ചു വാഴാം എന്നു ആരും കരുതണ്ട… മര്യാദക്ക് മാപ്പ് പറയടി…

“രമേശേട്ടാ ഞാൻ… ” രാജിയുടെ കണ്ണു നിറഞ്ഞു വന്നു…

“രമേശാ ഭാര്യയെ തല്ലുന്നത് അന്തസ്സാണെന്നു നിന്നെയാരാടാ പഠിപ്പിച്ചത്.. മോള് റൂമിലേക്ക്‌ പൊയ്ക്കോ…” അപ്പോഴേക്കും രമേശന്റെ അച്ഛനും അവിടേക്കെത്തി..

നിറഞ്ഞ കണ്ണുകളും തുടച്ചു അവൾ ഒന്നും മിണ്ടാതെ റൂമിലേക്ക്‌ പോകുന്നത് കണ്ടിട്ടും അയാൾക്കൊരു കുറ്റബോധവും തോന്നിയില്ല… തന്റെ അമ്മയ്ക്ക് നേരെ വിരൽ ചൂണ്ടിയവളെ തല്ലിയതിയിൽ കുറ്റബോധം തോന്നേണ്ട ആവശ്യമില്ലല്ലോ…

ആരും ഒരു സ്വസ്ഥതയും തരില്ലെന്ന് പൊറുപൊറുത്തു കൊണ്ട് ദേഷ്യത്തിൽ ബൈക്ക് എടുത്തു രമേശൻ പുറത്തേക്കിറങ്ങി..

**************

“അവരെ തമ്മിൽ തല്ലിച്ചപ്പോൾ നിനക്ക് സമാധാനയോ ദേവി… ” അല്പ സമയത്തിനു ശേഷം റൂമിലേക്ക്‌ വന്ന ഭാര്യ ദേവിയെ നോക്കി രമേശന്റെ അച്ഛൻ ശ്രീധരമേനോൻ ചോദിച്ചത് കുറച്ചു ദേഷ്യത്തിൽ തന്നെയാണ്…

“ഞാനെന്തു ചെയ്തൂനാ… അവളുടെ വായിൽ നിന്നു വന്നതൊന്നും ശ്രീധരേട്ടൻ കേൾക്കാഞ്ഞിട്ടാ.. പെറ്റ തള്ളയോട് അങ്ങനെയൊക്കെ പറയുന്നത് കേട്ടാൽ ആരായാലും തല്ലിപോകും.. എന്റെ മോനെ അമ്മയെന്ന് വെച്ചാ ജീവനാ.. അല്ലെങ്കിലും അവൾക്കു രണ്ടു തല്ലിന്റെ കുറവുണ്ട്… എന്നാലും അവൻ തല്ലണ്ടായിരുന്നു ” ഒരു ഒഴുക്കൻ മട്ടിൽ ദേവിയമ്മ പറഞ്ഞൊപ്പിച്ചു…

“നല്ല നാല് തല്ലു തരേണ്ട സമയത്ത് ഞാൻ നിനക്ക് തന്നിരുന്നെങ്കിൽ ഇപ്പൊ എന്റെ മോനെങ്കിലും സമാധത്തോടെ ജീവിച്ചു പോയേനെ.. ഇപ്പൊ കിടന്നു മരുമോളുടെ മുതുകത്തു കയറുന്ന നീ കെട്ടി കേറി വന്ന അന്നു മുതൽ എന്റമ്മ മരിക്കണ വരെ ഇവിടെ എന്തായിരുന്നു അങ്കം. എന്തായാലും അത്രേ ഒന്നുല്ല രാജിമോള്. എന്തിനധികം എന്റെ അമ്മയുടെ പോര് സഹിക്കാൻ പറ്റില്ല എന്നു പറഞ്ഞു ഞാൻ ഗൾഫിലായിരുന്ന സമയത്തൊക്കെ സ്വന്തം വീട്ടിൽ തന്നെയല്ലായിരുന്നില്ലേ നീ എന്നിട്ടിപ്പോ.. ” ശ്രീധരമേനോനു ദേഷ്യം നിയന്ത്രിക്കാൻ ആയില്ല….

“അല്ലെങ്കിലും നിങ്ങളെന്നും മരുമോളുടെ ഭാഗത്തല്ലേ നിൽക്കു….” ദേവിയമ്മ കെർവിച്ചു…

“പിന്നല്ലാതെ… രാജി അവസാനം പറഞ്ഞ വാചകം കേട്ടിട്ടല്ലേ അവനു ദേഷ്യം വന്നത്… അതിനു മുൻപ് നീ പറഞ്ഞതൊക്കെ ഞാനും കേട്ടിരുന്നു.. പിന്നെ പെണ്ണുങ്ങള് തമ്മിൽ പറയുന്നതിന്റെ ഇടേലു കേറി രംഗം വഷളാക്കണ്ടാന്നു വെച്ചു മിണ്ടാതിരുന്നതാ ഞാൻ..

നിന്റെ മോനെ കറക്കിയെടുത്തെന്നാരോപിച്ചു അവളുടെ അമ്മയുടെ സ്വഭാവം ശെരിയല്ല എന്നുവരെ പറഞ്ഞില്ലേ നീ.. ആട്ടക്കാരി എന്നു സ്വന്തം അമ്മയെപ്പറ്റി ആരെങ്കിലും പറഞ്ഞാ നീ സഹിക്കോ….. സ്വന്തം അമ്മയോട് അവള് ദേഷ്യപ്പെട്ടു കണ്ടപ്പോ നമ്മുടെ മോനുണ്ടായ അതേ വികാരം അവളുടെ അമ്മയെപ്പറ്റി നീ പറഞ്ഞപ്പോ അവൾക്കും വന്നു.. അതിനെ അങ്ങനെ കണ്ടാമതി…

അതും ആ കുഞ്ഞുങ്ങളുടെ ചെറുപ്പത്തിലെ ഭർത്താവ് മരിച്ചു പോയിട്ടും വേറൊരു വിവാഹം പോലും കഴിക്കാതെ മക്കൾക്കായി ജീവിച്ച അമ്മയെപ്പറ്റി അങ്ങനൊക്കെ കേട്ടാ ഏതു മക്കളാ… തല്ലിയാൽ പോലും തെറ്റ് പറയാൻ സാധിക്കില്ല.. “

“മനഃപൂർവം അല്ല ഏട്ടാ.. പെട്ടന്ന് വന്ന ദേഷ്യത്തിലു ഞാൻ… ” അവർ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു…

പലതും മനഃപൂർവം തന്നെയാണ് ദേവി… അല്ലെന്നു നീ വെറുതെ ന്യായീകരിക്കാൻ ശ്രമിച്ചാലും സത്യം അതാകില്ലല്ലോ…

പ്രേമിച്ചു എന്നു പറഞ്ഞു മരുമകൾക്ക് മാത്രം കുറ്റം… അവള് തനിച്ചല്ലല്ലോ നമ്മടെ മോനും മനസ്സ് വെച്ചാൽ അല്ലേ പ്രണയിക്കാൻ പറ്റു.. പ്രേമിച്ചാലെന്താ കുഴപ്പം ദേവി.. രണ്ടു പേരും പഠിച്ചു ജോലിയുള്ള, പക്വതയുള്ളവർ… അന്തസ്സായി വീട്ടിൽ കാര്യം അവതരിപ്പിച്ചു കല്യാണം കഴിഞ്ഞു കുഞ്ഞുമായി… എന്നിട്ടിപ്പോഴും മോനെ കറക്കി എടുത്തവൾ എന്ന പഴി അവൾക്കു… നാണം ആകില്ലേ തനിക്കു..

“ഓ… ആ നാണക്കേട് ഞാനങ്ങു സഹിച്ചു… ” ഭർത്താവ് പറഞ്ഞതൊക്കെ സത്യങ്ങളാണെങ്കിലും അംഗീകരിക്കാൻ തയ്യാറാകാതെ ദേവിയമ്മ ഇരുന്നു…

നാണക്കേട് മാത്രോ, അവളുണ്ടാക്കണതൊക്കെ മൂക്കുമുട്ടെ കഴിച്ചിട്ട് കറിക്കു ഉപ്പില്ല, ചായക്ക്‌ കടുപ്പമില്ല തുടങ്ങി പതിനാലാം നൂറ്റാണ്ടിലെ അമ്മായമ്മമാരുടെ പോലത്തെ സ്വഭാവം നീയെടുക്കുമ്പോ പലപ്പഴും ഞാൻ വിചാരിച്ചിട്ടുണ്ട് ഇത്രയ്ക്കു സ്റ്റാൻഡേർഡ് കുറവാണോ നിനക്കെന്നു…

എല്ലാം പറയുന്നതിനു ഒപ്പം ആ കുട്ടിയുടെ അമ്മക്കിട്ടൊരു കുത്തും… വളർത്തുദോഷം ആരോപിച്ചു .. ഇവിടുന്നു പോകുമ്പോ നമ്മുടെ മോൾക്ക്‌ ഒരു ചായ ഇടാനെങ്കിലും അറിയാമായിരുന്നോ എന്നു ഓർത്തിട്ടാണോ ഈ അഹങ്കാരമൊക്കെ… അവളെ കൊണ്ട് പോയത് എന്റെ പെങ്ങളുടെ കുടുംബത്തേക്കായത് ഭാഗ്യമായി.. ഇല്ലെങ്കിൽ കാണാമായിരുന്നു..

മാത്രോ … അവരൊരുമിച്ചൊരു യാത്ര പോകുമ്പോ, അല്ലെങ്കി അവളുടെ വീട്ടില് രണ്ടൂസം നിക്കാൻ പോകുമ്പോ എല്ലാം എന്തെങ്കിലും അസുഖം അഭിനയിച്ചു മുടക്കാൻ നോക്കാറുള്ള നീ മോനും മരുമോളും ടൂർ പോകുന്നതൊക്കെ അയല്വക്കതൊക്കെ പറഞ്ഞു ആഘോഷിക്കാറുണ്ടല്ലോ … ഇപ്പോഴത്തെ പിള്ളേരുടെ ട്രോളു പോലെ മോനും, മരുമോളും സന്തോഷിച്ചാല് അവൻ പെങ്കോന്തൻ … മോളും മരുമോനുമാണെങ്കിലോ അവൻ കുടുംബ സ്നേഹിയും …അല്ലേ..

നമ്മടെ മോളും മോശൊന്നും അല്ലല്ലോ.. വല്ലപ്പോഴും നിൽക്കാൻ വരുമ്പോ നിനക്ക് നല്ല എരിവെച്ചു തന്നിട്ടല്ലേ പോകാറ്…

ഇതൊക്ക നീ ചെയ്തിട്ടും നിനക്ക് യൂട്രസ് റിമൂവ് ചെയ്തു റെസ്റ്റായി കിടന്നപ്പോ വീട്ടിലിരിക്കണ മോളാണോ വന്നു നോക്കിതു അല്ലല്ലോ.. അതിനു മരുമോള് വേണം ..എത്ര ദിവസം ആ കുട്ടി ലീവെടുത്തു നിനക്ക് കൂട്ടിരുന്നു.. എന്നിട്ടും ആവശ്യം കഴിഞ്ഞപ്പോ..

കൊച്ചുമക്കളുടെ കാര്യത്തിലു പോലും നിനക്ക് വേർതിരിവല്ലേ … നീ ഒന്ന് മനസ്സ് വെച്ചാ അവൾക്കു ജോലിക്ക് പോകുമ്പോ ആ പൊടിക്കുഞ്ഞിനെ ഡേ കെയറിലാക്കണോ …ഉണ്ണിക്കുട്ടനെ നോക്കേണ്ടത് നിന്റെ കൂടെ കടമയല്ലേ.. അതു ചെയ്യാതിരിക്കാൻ മാത്രം ശാരീരിക പ്രശ്നങ്ങളൊന്നും നിനക്കില്ലല്ലോ… ഇതൊക്കെ ശെരിയാണോ ദേവി..

“ഞാനും എന്റെ മോളും മാത്രം ചീത്ത… നിങ്ങടെ മരുമോള് ദേവത… എന്നാ എടുത്തു തലേല് വെച്ചോ… “

ഞാൻ ആരെയും തലേല് വെക്കുന്നില്ല . കണ്ടത് പറഞ്ഞു അത്രേയുള്ളൂ..

എന്റെ കുറ്റം പറഞ്ഞു കഴിഞ്ഞെങ്കിൽ കിടന്നുറങ്ങാൻ നോക്ക് … മനസ്സിൽ ചിലതൊക്കെ കൊണ്ടെങ്കിലും ഒന്നുമറിയാത്ത ഭാവത്തിൽ ദേവിയമ്മ കിടന്നു…

അതല്ല ദേവി… നിന്നെ മാത്രം കുറ്റപ്പെടുത്തുന്നതല്ല… ആ കുട്ടീടെ ഭാഗത്തും തെറ്റും കുറ്റവുമൊക്ക ഉണ്ട്… അതൊക്ക പറഞ്ഞു തിരുത്തി കൊടുക്കുന്നതിനും, ക്ഷമിക്കുന്നതിനും പകരം നീ എന്താ ചെയ്യണേ … ഒട്ടും പക്വത കാണിക്കാതെ പരസ്പരം പോരടിച്ചു കുടുംബസമാധനം കളയുന്നു ..

ഇപ്പൊ എന്താ ഇണ്ടായേ… രമേശൻ ആ കുട്ടിയെ തല്ലി… എന്തിന്റെ പേരിലായാലും ഭാര്യയെ തല്ലുന്നത് അന്തസ്സില്ലാത്ത പ്രവർത്തി തന്നെയാണ്…

അമ്മായമ്മയും മരുമോളും തമ്മിലു പോരടിക്കുന്നതു അന്താരാഷ്ട്ര പ്രശ്നമൊന്നുമല്ല പക്ഷെ അതിന്റെ പേരിൽ അവനാ കുട്ടിയെ തല്ലിയിട്ടും ഒരു വിഷമവും ഇല്ലാതെ നീ ഭക്ഷണവും കഴിച്ചു റൂമിലേക്ക്‌ വന്നു… അവര് വല്ലതും കഴിച്ചോ കുടിച്ചോന് അന്വേഷിച്ചോ നീ… ഇന്ന് നമ്മടെ മോളാണ് ഇങ്ങനെ സംഭവിച്ചു പട്ടിണി കിടക്കണെങ്കിലു നീ ഇങ്ങനെ ഒന്നും സംഭവിക്കാത്ത പോലെ പെരുമാറോ… മരുമോള് വന്നു കേറിയതല്ലേ അവളൊരു നേരം പട്ടിണി കിടന്നാൽ എന്താലെ…

“മരുമകളും ഒരു മകളാണ് അതു നീ മറക്കരുത് “

അവള് മാത്രല്ല അവനും ഒന്നും കഴിച്ചു കാണില്ല…

അതുകേട്ടപ്പോൾ ദേവിയമ്മയുടെ മനസ്സൊന്നിളകി..

**************

അച്ഛന്റെ വാക്ക് കേട്ടു സിറ്റ്ഔട്ടിൽ നിന്നു കയറി വന്ന രമേശൻ കാണുന്നത് അമ്മയും രാജിയും കൂടെ ഭക്ഷണം വിളമ്പുന്നതാണ്…

“നീ ഇതുകണ്ട് സന്തോഷിക്കണ്ടാ . ഇതു പെട്ടന്ന് എന്റെ വായിന്നു രണ്ടുകേട്ടതിന്റെ അമ്പരപ്പില് ചെയ്യുന്നതാ നിന്റമ്മ .. നാളെയാകുമ്പോ വീണ്ടും ചങ്കരൻ തെങ്ങുമേ തന്നെ ആയിക്കോളും …”

അതുപോട്ടെ അതവരുടെ കാര്യം..

ഒന്ന് ഞാൻ പറയാം… ഇനി എന്തിന്റെ പേരിലായാലും അനാവശ്യമായി അവളുടെ മേലെ നിന്റെ കൈ പതിഞ്ഞാൽ ഇത്ര വലുതായെന്നൊന്നും നോക്കില്ല…..അടിച്ചു പല്ല് ഞാൻ കൊഴിക്കും .പെണ്ണിനെ തല്ലി അല്ല ആണത്തം കാണിക്കേണ്ടത്…

എടാ പെണ്ണുങ്ങളാകുമ്പോ ഒന്നും രണ്ടും പറഞ്ഞെന്നും, കലഹിച്ചെന്നും വരും… അവിടെ ഭാഗം ചേരാനും, ഭാര്യയെ തല്ലാനുമൊന്നും അല്ല നിൽക്കേണ്ടത്… ഇതൊക്ക ആണും പെണ്ണും ഉണ്ടായ കാലം തൊട്ടുള്ള പ്രശ്നങ്ങളാണ്.. പറയാനും പരിഹരിക്കാനും ശ്രമിച്ചു ദൈവങ്ങളു വരെ തോറ്റു പോയിട്ടുള്ള വിഷയം… അതുകൊണ്ട് അറിഞ്ഞും കണ്ടും പെരുമാറുക എന്നല്ലാതെ മാർഗമൊന്നുമില്ല മോനെ…

“അതു അച്ഛാ… ” രമേശൻ നിന്നു പരുങ്ങി

“മം.. ചെല്ല്… ” മേനോൻ ഗൗരവത്തിൽ പറഞ്ഞു…

പിണക്കമൊക്ക തീർത്തെല്ലാവരുമൊരുമിച്ചു ഭക്ഷണം കഴിച്ചെങ്കിലും ഭാര്യയെ തല്ലിയത് രമേശന്റെ മനസ്സിലൊരു നൊമ്പരമായി ഉരുണ്ടു കൂടിയിരുന്നു… തല്ലുകൊണ്ട രാജിയുടെ മനസ്സിലും..

മറ്റുള്ളവർക്ക് പലതും ഒറ്റവാക്കിൽ പറഞ്ഞു അവസാനിപ്പിക്കാമെങ്കിലും.. ഏറ്റവരുടെ മനസ്സിൽ ആ മുറിവൊരു പോറലായിട്ടെങ്കിലും അവശേഷിക്കാതിരിക്കില്ലല്ലോ… എല്ലാവരും മനുഷ്യരല്ലേ…. അല്ലേ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *