സ്ഥിരമായി അവൾക്കിട്ടു പണികൊടുക്കുന്ന ചിലരെയൊക്കെ അവൾ നോട്ടമിട്ടു വെച്ചിട്ടുണ്ട്. തിരിച്ച് എട്ടിന്റെ അല്ല പതിനാറിന്റെ പണി കൊടുക്കണമെന്ന് അവൾ മനസ്സിൽ തീരുമാനിച്ചിട്ടും ഉണ്ട്…..

ക്ലാസ്റൂം

എഴുത്ത്:-ഭാഗ്യലക്ഷ്മി കെ. സി.

ദിവ്യാ.. പ്രിൻസിപ്പലിനെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി…

ദിവ്യ അന്നും ലേറ്റ് ആയിരുന്നു. പലപ്പോഴും ക്ലാസിൽ ലേറ്റായി എത്തുന്നതിന് ടീച്ചർ ശാസിച്ചിട്ടുണ്ട് അവളെ. ടീച്ചർ ശാസിക്കുന്നത് ഒന്നും ദിവ്യക്ക് പ്രശ്നമായിരുന്നില്ല. അതൊക്കെ തന്റെ നന്മക്ക് വേണ്ടിയാണെന്ന് അവൾക്കറിയാം. പക്ഷേ അതുകഴിഞ്ഞ് ഇന്റർവെൽ വരുമ്പോൾ ക്ലാസിലെ മറ്റുചില കില്ലാഡികൾ അവളെ വളഞ്ഞിട്ട് റാഗ് ചെയ്യും.

ഇന്നെന്താണ് ചോറിന് കറി ഉണ്ടാക്കിയത്..?

രാവിലെ അപ്പവും മുട്ടക്കറിയും ആയിരുന്നോ..?

ദിവ്യയാണോ അരക്കുന്നത്..?

കോഴിയെ വെട്ടാനറിയുമോ..?

ദിവ്യ വിറക് കീറുമോ..?

എന്നിങ്ങനെ ദിവ്യയുടെ ചുറ്റും കൂടിനിന്ന് കുട്ടികൾ കളിയാക്കാൻ തുടങ്ങും. ദിവ്യയുടെ അച്ഛനും അമ്മയും ഒരു ഹോട്ടൽ നടത്തുന്നുണ്ട്. ദിവ്യയും രാവിലെ കുറെസമയം അവരെ സഹായിക്കാൻ കൂടും. അതുകൊണ്ടാണ് അവൾ ക്ലാസിലെത്താൻ ലേറ്റാകുന്നത് എന്ന് ക്ലാസ്സിലെ കുട്ടികൾക്ക് മുഴുവൻ അറിയാം. അതിനാണ് അവളെ എല്ലാവരും കളിയാക്കുന്നത്. എങ്കിലും അവൾ കൊണ്ടുവരുന്ന ആഹാരം പങ്കിട്ടെടുത്തു കഴിക്കാൻ അവർക്കൊക്കെ ബഹുമിടുക്കാണ്.

സ്ഥിരമായി അവൾക്കിട്ടു പണികൊടുക്കുന്ന ചിലരെയൊക്കെ അവൾ നോട്ടമിട്ടു വെച്ചിട്ടുണ്ട്. തിരിച്ച് എട്ടിന്റെ അല്ല പതിനാറിന്റെ പണി കൊടുക്കണമെന്ന് അവൾ മനസ്സിൽ തീരുമാനിച്ചിട്ടും ഉണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം വന്നു.

ക്ലാസ്സിൽ തന്നെപ്പോലെ നിശ്ശബ്ദം എല്ലാം കേട്ടും സഹിച്ചും ഇരിക്കുന്ന സുരഭിയെ നാലഞ്ചുപേർ വളഞ്ഞിട്ട് റാഗ് ചെയ്യുകയായിരുന്നു. കുട്ടികൾ അവിടവിടെ കൂട്ടംകൂടി നിൽക്കുകയും സംസാരിക്കുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. ചിലർ ഇതൊന്നും ശ്രദ്ധിക്കാതെ എഴുതുകയും ചിലർ പാട്ടുപാടുകയും ചില൪ തമാശ പറയുകയും ചെയ്യുകയായിരുന്നു.

ദിവ്യ പതിയെ തന്റെ മൊബൈൽ എടുത്ത് ജനലഴിയിൽ വീഴാതെ ചാരിവെച്ച് വീഡിയോ ഷൂട്ട് ചെയ്യാനായി റെഡിയാക്കി.. കൂട്ടുകാരിയുടെ ഫോണിൽ ഒരു പാട്ട് വെച്ച് ദിവ്യ നന്നായി ഒരു ഡാൻസ് ചെയ്തു. അവൾ ഫോൺ ഫോക്കസ് ചെയ്തിരുന്നത് റാഗ് ചെയ്യുന്ന സീൻ കൂടി അവളുടെ ഡാൻസിന്റെ ബാക്ഗ്രൌണ്ടിൽ വരുന്ന വിധത്തിൽ ആയിരുന്നു. കോളേജ് ഡേ വരുമ്പോൾ കളിക്കാനായി പുതിയ സ്റ്റപ്സ് പഠിച്ച് പ്രാക്ടീസ് ചെയ്തതുകൊണ്ട് അവൾക്ക് ഡാൻസ് നന്നായി കളിക്കാനായി.

അവളത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. ആ ഡാൻസ് വൈറലായി. അവൾക്ക് നല്ല അപ്രീസിയേഷൻ കിട്ടി. അതിനൊപ്പം ബാക്ഗ്രൗണ്ടിൽ റാഗ് ചെയ്യപ്പെട്ട കുട്ടിയുടെ ദയനീയ മുഖവും വൈറലായി. നാലു മില്യൺ ആളുകളാണ് രണ്ടുദിവസംകൊണ്ട് ആ വീഡിയോ കാണാനിടയായത്. ചാനലുകളിൽ ചർച്ചകൾ നടന്നു. റാഗ് ചെയ്ത കുട്ടികളുടെ നേരെ പ്രിൻസിപ്പലിന് ആക്ഷൻ എടുക്കാതെ നിവൃത്തിയില്ലെന്നായി.

നിന്നെ പിന്നെ കണ്ടോളാം…

വെച്ചേക്കില്ല…

നീ മനഃപൂ൪വ്വം കുടുക്കിയതല്ലേ..?

എന്നൊക്കെ അവരുടെ ശിങ്കിടികൾ വന്ന് ദിവ്യയെ ഭീഷണിപ്പെടുത്തി. അവൾ ഭയപ്പെടാതെ തന്നെ സ്ഥിരമായി ക്ലാസിന് വന്നുകൊണ്ടിരുന്നു.

ഒരു ഞായറാഴ്ച ഉച്ചസമയം. ആ ദിവസങ്ങളിൽ പൊതുവേ ഹോട്ടലിൽ തിരക്ക് കുറവായിരിക്കും. എങ്കിലും പത്തെൺപതോളം ആളുകൾ വന്ന് ഊണ് കഴിച്ചിട്ട് പോകും. പത്തുമുപ്പത് പേർ ഊണ് കഴിച്ചു കൊണ്ടിരിക്കെയാണ് നാലഞ്ച് ആൺകുട്ടികൾ കയറിവന്നത്. അവരെ ദിവ്യ കോളേജിൽ കണ്ടിട്ടുണ്ട്. സീനിയേഴ്സ് ആണെന്ന് അറിയാം. ദിവ്യയെ അവർ ഗൗനിച്ചതേയില്ല. പകരം അവർ പലതും ഓർഡർ ചെയ്ത് ബഹളം വെച്ചുകൊണ്ട് ആഹാരം കഴിക്കാൻ തുടങ്ങി. പാട്ട് പാടുകയും താളം പിടിക്കുകയും മേശ ചവിട്ടി നിരക്കുകയും വെള്ളം തട്ടിമറിക്കുകയും അങ്ങനെ പലതും ചെയ്തു. ആഹാരം കഴിച്ചുകൊണ്ടിരുന്ന മറ്റുള്ളവർക്ക് വലിയ ബുദ്ധിമുട്ടായിത്തുടങ്ങി. ദിവ്യയുടെ അച്ഛൻ എന്താ വേണ്ടത് എന്നറിയാതെ വിയർക്കുന്നുണ്ടായിരുന്നു. ദിവ്യയുടെ മുഖത്തുനിന്നും അയാൾ അപകടം മണത്തു.

അവർ കലിപ്പിലാണെന്ന് ദിവ്യക്ക് മനസ്സിലായിരുന്നു. പക്ഷേ എങ്ങനെ നേരിടണ മെന്ന് യാതൊരു പിടിയും ഉണ്ടായിരുന്നില്ല. പക്ഷേ ആഹാരം കഴിക്കാൻ വന്നിരുന്നവരൊക്കെ സ്ഥിരമായി അവിടെ വരുന്നവരും ദിവ്യയുടെ അച്ഛനോട് എന്നും മാന്യതയോടെ പെരുമാറുന്നവരും ആയിരുന്നു. ദിവ്യയുടെ വൈറലായ ഡാൻസ് കണ്ടവരും ധാരാളം ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ ക്ലാസ്സിൽ നടന്ന റാഗിംഗ് അവരും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. ദിവ്യക്കും അച്ഛനും നാശനഷ്ടം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് വന്നുകയറിയവർ എന്ന് മറ്റുള്ളവർ മനസ്സിലാക്കി. അവർ ഇടപെട്ടു.

അടി പൊട്ടിത്തുടങ്ങിയപ്പോൾ ദിവ്യയുടെ അച്ഛൻ എല്ലാവരെയും തൊഴുതു കൊണ്ട് ദയനീയമായി പറഞ്ഞു:

പ്രശ്നം ഉണ്ടാക്കരുത്.. എല്ലാവരും പിരിഞ്ഞുപോണം..

ആഹാരവസ്തുക്കൾ ഒക്കെ തട്ടിയെറിഞ്ഞ് അവർ ഇറങ്ങിപ്പോയി. മറ്റുള്ളവർ അവരെ രണ്ടുപേരെയും സമാധാനിപ്പിച്ചു.

ഇനിയും ഇത്തരം കൂട്ടർ വന്നാൽ ഞങ്ങളെ വിളിച്ചാൽ മതി.. ഞങ്ങൾ ഇവിടെ ചുറ്റുവട്ടത്തൊക്കെത്തന്നെ ഉണ്ടാകും..

അവർ പറഞ്ഞു.

അടുത്തദിവസം കോളേജിൽ ഇതിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ദിവ്യക്ക് ഉറപ്പായിരുന്നു. അവൾ അതിനെ നേരിടാൻ തയ്യാറെടുത്തു തന്നെയായിരുന്നു കോളേജിലേക്ക് പോയത്. അടുക്കളയിൽ കയറി അല്പം കുരുമുളകു പൊടിയെടുത്ത് ഒരു ചെറിയ പൊതിയിലാക്കി പോക്കറ്റിൽ ഇടുന്നത് കണ്ട അമ്മ ചോദിച്ചു:

നീ ഇത് എന്തിനുള്ള പുറപ്പാടാണ്..?

എന്റെ സ്വന്തം ജീവൻ രക്ഷിക്കാനുള്ള ബാധ്യത എനിക്കില്ലേ…?

ദിവ്യ തിരിച്ചു ചോദിച്ചു.

ക്ലാസ്സിൽ സസ്പെൻഷനിൽ ആയ കുട്ടികളെ തിരിച്ചെടുത്തിട്ടുണ്ടായിരുന്നു. അവർ അന്ന് എല്ലാവരുടെയും നേരെ വലിയ ഭീഷണി മുഴക്കി സംസാരിക്കുക യുണ്ടായി. ഇനിമേൽ അവർക്കെതിരെ ആർക്കെങ്കിലും എന്തെങ്കിലും പരാതി കൊടുക്കണം എന്ന് തോന്നിയാൽ അതോടെ ക്ലാസിൽ വരുന്നത് നിർത്തിക്കോണം എന്നുവരെ പറയുകയുണ്ടായി.

ദിവ്യ അതൊന്നും ശ്രദ്ധിക്കാനേ പോയില്ല. ലഞ്ച് ബ്രേക്ക് വന്നപ്പോഴാണ് കുട്ടികൾ കൂട്ടംകൂടിനിന്ന് ദിവ്യയെത്തന്നെ ശ്രദ്ധിക്കുന്നത് അവൾക്ക് കാണാൻപറ്റിയത്. എന്തോ ചിലത് നടക്കാൻ പോകുന്നു എന്ന് എല്ലാവർക്കും ഊഹിക്കാൻ കഴിഞ്ഞു. ദിവ്യക്കും ഉള്ളിൽ ചെറിയതോതിൽ പേടി ഉടലെടുത്തു കഴിഞ്ഞിരുന്നു. ഡിപ്പാ ർട്ട്മെൻറിൽ ചെന്ന് ഹെഡിനോട് ഉച്ചക്കുശേഷം അവധി ചോദിച്ചാലോ എന്നുവരെ അവൾക്ക് തോന്നി.

പെട്ടെന്നാണ് പുറത്തുനിന്ന് ഒരു തുറന്ന ജീപ്പിൽ കുറച്ച് ആൺകുട്ടികൾ കോളേജ് ക്യാമ്പസിനകത്തേക്ക് ഇരച്ചുകയറി വന്നത്. കോളേജിനകത്തുള്ള ആൺകുട്ടി കളുടെ ആർപ്പുവിളികളും കൂടിയായപ്പോൾ എല്ലാവരും അങ്ങോട്ടേക്ക് നോക്കി. ദിവ്യക്ക് മനസ്സിലായി തന്നെ നേരിടാൻ പുറത്തുനിന്ന് ആളെ ഇറക്കിയതാണ്… ഇവിടെ ഇന്ന് എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുണ്ട്…

അവൾ തന്റെ പോക്കറ്റിൽ പിടിമുറുക്കി. തന്റെ ദേഹത്ത് ഒരുവൻ തൊട്ടാൽ അവന്റെ കണ്ണിൽ കുരുമുളകുപൊടി വിതറണം എന്ന് അവൾ തീരുമാനിച്ചുറച്ചു.

ആരവം തന്റെ ക്ലാസ് റൂമിന് നേർക്ക് വരുന്നതായി അവൾക്ക് മനസ്സിലായി. കുട്ടികളൊക്കെ അവളുടെ അടുത്തുനിന്നും അകന്ന് കാഴ്ചകാണാനായി മാറിനിന്നു. അവൾ തനിച്ച് ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് എന്തിനും തയ്യാറായിനിന്നു. വരാന്തയിലൂടെ വന്ന കുട്ടികൾ പെട്ടെന്ന് അകത്തേക്ക് കയറി.

മുന്നിൽ വീറുറ്റ രോഷത്തോടെ നടന്നുവന്ന കുട്ടി ദിവ്യയെ കണ്ടതും ഒരു നിമിഷം പതറി.

ഇത് ദിവ്യയല്ലേ..?

അവൻ ചോദിച്ചു.

അതെ…!

എല്ലാവരും ഒപ്പം പറഞ്ഞു.

നമ്മുടെ ഹോട്ടൽ നടത്തുന്ന ദിവാകരേട്ടന്റെ മകൾ…?

അതെ, അവൾ തന്നെ…

അപ്പോഴാണ് ദിവ്യ മുഖമുയർത്തി അവനെ ഒന്ന് നോക്കിയത്. ഒരു ദിവസം രാത്രി ഓടിക്കിതച്ച് ഹോട്ടലിനകത്തേക്ക് കയറിവന്ന അയാളെ അവൾക്ക് ഓർമ്മ വന്നു. കാശില്ല മൂന്നുദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്ന് പറഞ്ഞ് വിഷമിച്ച അയാൾക്ക് കാശ് വാങ്ങാതെതന്നെ അവളുടെ അച്ഛൻ ആഹാരം ഒക്കെ കൊടുത്തു വിട്ടിരുന്നു. അന്ന് അയാൾ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഹോട്ടൽ വിട്ട് ഇറങ്ങിപ്പോയത്. അയാളുടെ ജീവിതത്തിൽ എന്തൊക്കെയോ ദുരൂഹതകൾ ഉള്ളതായി ദിവ്യക്ക് അന്നേ ആഹാരം വിളമ്പിക്കൊടുക്കുമ്പോൾ തോന്നിയിരുന്നു. അയാൾ സ്വന്തം കഥകൾ മാറിനിന്ന് ചുരുക്കമായി അച്ഛനോട് പറയുന്നതും അച്ഛൻ അയാളെ ആശ്വസിപ്പിക്കുന്നതും ദിവ്യ കണ്ടിരുന്നു.

ആരാണയാൾ എന്ന് പിന്നീട് തിരക്കുകൊണ്ട് അച്ഛനോട് ചോദിക്കാൻ സാധിച്ചിരുന്നില്ല. അച്ഛന് പരിചയമുള്ള ആരുടെയോ മകനാണെന്ന് മാത്രം മനസ്സിലായിരുന്നു. അവൻ നടന്നുവന്ന് ദിവ്യയുടെ മുന്നിൽ തൊഴുതുനിന്നു. എന്നിട്ട് പതിയെ പറഞ്ഞു:

ദിവാകരേട്ടൻ അന്ന് തന്ന ഊണിന്റെ രുചി ഇന്നും നാവിൽ ഉണ്ട്.. ഇവിടെ നടന്നതൊന്നും അച്ഛനോട് പറയല്ലേ…

ശേഷം തിരിഞ്ഞുനിന്ന് മറ്റു കുട്ടികളോടായി ഉച്ചത്തിൽ പറഞ്ഞു:

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ദിവാകരേട്ടന്റെ കടയിൽ പോയി പൊറോട്ടയും ചിക്കനും കഴിക്കാം.. എന്റെ പേരിൽ പറ്റു പറഞ്ഞാൽ മതി..
ഞാൻ കൊടുത്തോളാം.

അതും പറഞ്ഞ് ധൃതിയിൽ അവൻ ജീപ്പിൽ കയറി ഓടിച്ചുപോയി. ബാക്കിയുള്ള വരുടെയൊക്കെ കാറ്റു പോയതു പോലെയായി. ഇഞ്ചി കടിച്ച മുഖത്തോടെ എല്ലാവരും ക്ലാസ്സിൽ വന്നിരുന്നു. ദിവ്യയും തന്റെ സീറ്റിൽ വന്നിരുന്നു. എന്തു വന്നാലും പഠനം മുടക്കുകയില്ലെന്ന് അവൾ തീരുമാനിച്ചിരുന്നു. ആർപ്പുവിളിയും ബഹളവും ആരവവും കേട്ട് പ്രിൻസിപ്പലും അധ്യാപകരും വരാന്തയിലൂടെ നടന്നു വരുന്നുണ്ടായിരുന്നു. അവർ എത്തുമ്പോഴേക്കും ശാന്തമായിക്കഴിഞ്ഞ ക്ലാസ് കണ്ട് അവർക്ക് അത്ഭുതമായി. അവർ പരസ്പരം നോക്കി ഇതെന്തു കഥ എന്ന മട്ടിൽ തിരിച്ചുപോയി.

അതിനുശേഷമാണ് ദിവ്യ ആ കോളേജിലെ സ്റ്റാർ ആയത്..

ഇപ്പോൾ ദിവ്യ അഥവാ ലേറ്റായാലും ടീച്ചർ അവളെ ശാസിക്കാറില്ല. അവളെയോ സുരഭിയെയോ ആരും റാഗ് ചെയ്യാറുമില്ല. മാത്രവുമല്ല അവളുടെ അച്ഛനുണ്ടാക്കുന്ന പൊറോട്ടയും ചിക്കനും കഴിക്കാൻ കോളേജിൽനിന്നും ഒരു പട തന്നെ മിക്കദിവസവും ഹോട്ടലിൽ വരാറുണ്ട്താനും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *