എഴുത്ത്:-ഗിരീഷ് കാവാലം
“മൂന്ന് കുട്ടികളാ ട്ടോ .. നല്ലപോലെ ശ്രദ്ധിക്കണം”
റിപ്പോർട്ട് നോക്കിയ ഗൈനക്കോളജിസ്റ്റ് പറഞ്ഞു
അപ്പോൾ ഏറുകണ്ണിട്ട് ജോസൂട്ടിയെ നോക്കുന്നുണ്ടായിരുന്നു ആൻസി
ഷോക്ക് അടിച്ചപോലെ ഇരിക്കുകയായിരുന്നു ജോസൂട്ടി
“ഇപ്പൊ എത്ര കുട്ടികൾ ഉണ്ട് ?
ഡോക്ടർ മെഡിസിൻ എഴുതുന്നതിനിടയിൽ ചോദിച്ചു
“മൂന്ന് പെൺകുട്ടികൾ..”
ഡോക്ടർ തല ഉയർത്തി രണ്ട് പേരെയും ഒന്ന് നോക്കി
“ഒന്നാലോചിച്ചാൽ നിങ്ങൾ ഭാഗ്യവാൻമാരാ ഇന്നത്തെ കാലത്ത് ഒന്ന് അല്ലെങ്കിൽ രണ്ടിൽ നിർത്തുവല്ലേ എല്ലാവരും”
ഡോക്ടർ ഞൊടിയിടയിൽ മുഖ ഭാവം മാറ്റി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
“ഡോക്ടറേ ഒന്ന് ചോദിച്ചോട്ടെ”
“ഉം.. ചോദിച്ചോളൂ”
“കുട്ടികൾ ആൺകുട്ടി ആണോ അതോ പെൺകുട്ടി…….”
ഇടറിയ ശബ്ദത്തിൽ ആണ് ജോസൂട്ടി അത് ചോദിച്ചത്
“ഇല്ല… അത് പറയാൻ കഴിയില്ല.. ഓക്കേ..”
ജോസൂട്ടിയും, ആൻസിയും ഗൈനോയുടെ കൺസൾട്ടിങ് റൂമിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി
പകലും രാത്രിയും എന്നല്ലാതെ എപ്പോൾ വിളിച്ചാലും ജോസൂട്ടിയുടെ പെട്ടി വണ്ടി ഓട്ടത്തിന് റെഡി ആണ്. താങ്ങായി ഭാര്യ ആൻസിഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് പോകുന്നതിൽ നിന്നുള്ള ചെറിയ ഒരു വരുമാനവും കൂടി ഉണ്ട്.
എങ്കിലും ഗൈനോ ഡോക്ടറെ കണ്ട ശേഷം ജോസൂട്ടി ആകെ മൂഡ് ഓഫ് ആയി
“മൂന്നും ആൺകുട്ടികൾ ആണേ!!!!!!!!
രാത്രി ഉറക്കത്തിനിടയിൽ ജോസൂട്ടിയുടെ അലർച്ച കേട്ടുകൊണ്ട് ആൻസി ഞെട്ടി ഉണർന്നത്
“ഇച്ചായാ എന്ത് പറ്റി… നമുക്ക് ജനിക്കാൻ പോകുന്നത് ആണോ പെണ്ണോ ആകട്ടെ അതിനെന്താ “
“ഉം…..
ഒന്ന് അമർത്തി മൂളിക്കൊണ്ട് ജഗ്ഗിലെ വെള്ളം എടുത്തു കുടിച്ച ജോസൂട്ടി വീണ്ടും ബെഡിലേക്ക് ചാഞ്ഞു
“എടീ ഇതും പെൺകുട്ടികൾ ആയാൽ ഉള്ള സ്ഥിതി ആലോചിക്കുമ്പോൾ”
“ഞാൻ അന്നേ പറഞ്ഞതാ വേണ്ടാന്ന്. നാലാമത് ഒരു ആൺകുട്ടിയെ തന്നെ കർത്താവ് നമ്മൾക്കു തരും എന്ന് ഇച്ചായൻ നിർബന്ധം പിടിച്ചകൊണ്ടല്ലേ “
“അതൊക്കെ ശരിയാ. പക്ഷേ ഇപ്പൊ മൂന്ന് കുട്ടികളാ വയറ്റിൽ ഉള്ളതെന്നത് പ്രതീക്ഷിക്കാത്ത കാര്യം അല്ലെ”
ആൻസിയുടെ പ്രസവം കഴിഞ്ഞു മൂന്ന് പെൺകുട്ടികൾ..
ആറ് പെൺകുട്ടികളുടെ അച്ഛൻ ആയി മാറി ജോസൂട്ടി
അതോടെ ജോസൂട്ടി കൂട്ടുകാർക്കിടയിൽ അര ഡെസൻ ജോസൂട്ടി ആയി താമസിയാതെ തന്നെ നാട്ടുകാരും ആ വട്ടപ്പേര് ഏറ്റെടുത്തു
“ജോസൂട്ടി നിനക്ക് എന്ത് പറ്റിയെടാ നീ അങ്ങ് ക്ഷീണിച്ചു വരുവാണല്ലോ.. നിന്റെ ഒരു ചിരി കണ്ടിട്ട് എത്ര നാളായെടാ “
“ഒരേ പോലെ വളർന്നു വരുന്ന ആറ് പെണ്മക്കളുടെ അച്ഛന്റെ അവസ്ഥ നിനക്കൊന്നും മനസ്സിലാകില്ലടാ”
ജോസൂട്ടി മനസ്സിൽ പറഞ്ഞു
“ജോസുട്ടി പെൺപിള്ളേരെ ഇങ്ങനെ ഒറ്റക്ക് വീട്ടിൽ നിർത്തരുത്.. എപ്പോഴും ഒരു കണ്ണ് അവരുടെ മേളിൽ വേണം പഴയ കാലം അല്ല”
ആന്റപ്പൻ അപ്പാപ്പൻ പറഞ്ഞത് കേട്ട് ഒരു നിമിഷം മൗനിയായി ജോസൂട്ടി
“അപ്പാപ്പൻ പറഞ്ഞു വരുന്നത് ?
“ജോസൂട്ടി… പെൺകുട്ടികൾ വളർന്നു വരുവാ ഈ സമയം മാതാപിതാക്കളുടെ ഒരു കണ്ണ് എപ്പോഴും അവരുടെ മേൽ വേണം. പ്രേത്യേകിച്ചു അമ്മയുടെ”
“അപ്പോൾ ആൻസിയെ ജോലിക്ക് വിടേണ്ടന്നാണോ”
ആൻസിയുടെ വരുമാനം നിന്ന് പോയാൽ ഉള്ള അവസ്ഥ
ഒരു നിമിഷം ജോസൂട്ടി ഓർത്തു പോയി
“അപ്പാപ്പൻ പറയുന്നതും ശരിയാ “
ജോസൂട്ടി അപ്പാപ്പൻ പറഞ്ഞതിനെ ശരിവച്ചു
വർഷം അഞ്ച് കഴിഞ്ഞു മൂത്തവളുടെ പ്ലസ് ടു റിസൾട്ട് വരുവാണ് നാളെ
“ആൻസി ചില സമയത്ത് തോന്നും കർത്താവ് ദയ ഇല്ലാത്തവൻ ആണെന്ന്, ഇല്ലേൽ നാലാമതെങ്കിലും ഒരു ആൺകുട്ടിയെ ആഗ്രഹിച്ച നമുക്ക് തന്നതോ ഒറ്റയടിക്ക് മൂന്ന് പെൺകുട്ടികളെ “
കിടപ്പുമുറിയിലെ സംഭാഷണ മദ്ധ്യേ ജോസൂട്ടി പറഞ്ഞു
“നമ്മുടെ കഷ്ടതകൾ ഒക്കെ ഒരിക്കൽ മാറും ഇച്ചായാ കർത്താവ് നമ്മുടെ കൂടെ തന്നെ ഉണ്ടാകും”
നാൻസിയുടെ വാക്കുകൾ ജോസൂട്ടിക്ക് ഊർജം പകർന്നു നൽകുന്നതായിരുന്നു
“എന്താ മോളെ എന്ത് പറ്റി ?
അടുത്ത ദിവസം പ്രഭാത ഭക്ഷണ സമയത്ത് മൂത്തവൾ അന്നയുടെ മുഖം ശ്രദ്ധിച്ച ജോസൂട്ടി ചോദിച്ചു
“പപ്പാ ഞാൻ ഒരു കാര്യം പറയട്ടെ “
“എന്താ മോളെ. ?
ജോസൂട്ടിയും, ആൻസിയും അവളെ ചോദ്യഭാവത്തോടെ നോക്കി
“ഞാൻ മഠത്തിൽ ചേർന്നോട്ടെ”
അപ്രതീക്ഷിതമായ മോളുടെ ചോദ്യം കേട്ട് ജോസൂട്ടിയും, ആൻസിയും അന്തിച്ചു നിന്നുപോയി
“ഞാൻ മാത്രം അല്ല മരിയയും മഠത്തിൽ ചേരണമെന്നാ പറയുന്നത്”
ജോസൂട്ടിയും, ആൻസിയും മോളുടെ വാക്കുകൾക്ക് മറുപടി പറയാൻ കഴിയാതെ പരസ്പരം നോക്കി
അവർ രണ്ട് പേരുടെയും മുഖം ഇരുണ്ടു
“മോളുടെ മനസ്സിൽ നിന്ന് തോന്നിയത് ആണെങ്കിൽ പപ്പാ അതിനെ പറ്റി ആലോചിക്കാം അതല്ലെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും പപ്പാ എന്റെ മക്കളെയെല്ലാം വളർത്തി നല്ല നിലയിലാക്കും”
“അത് കേട്ട അന്ന മോളുടെ മുഖം വിടർന്നു”
അവൾക്ക് പിന്നെ ഒന്നും പറയാനായില്ല
ജോസൂട്ടിയുടെ മുഖത്തും പുഞ്ചിരി വിടർന്നു കുറച്ച് നാളുകൾക്ക് ശേഷം മനസ്സിൽ നിന്നു വിരിഞ്ഞ പുഞ്ചിരി
ഒരച്ഛന്റെ കഷ്ടപ്പാടുകൾ മക്കൾ മനസ്സിലാക്കുന്നു എന്ന തിരിച്ചറിവിൽ നിന്ന് വിരിഞ്ഞ പുഞ്ചിരി ആയിരുന്നു അത്
മൂത്ത മോളുടെ പ്ലസ് ടൂ സർട്ടിഫിക്കറ്റു കണ്ട ജോസൂട്ടിക്കും കുടുംബത്തിനും സന്തോഷത്തിന്റെ ദിനമായി മാറി അന്ന്
സ്കൂളിൽ ഫസ്റ്റ്…
അരഡസൻ ജോസേ.. എന്തുണ്ടെടാ.. അല്ല ഹാപ്പി ആണല്ലോ, ലോട്ടറി വല്ലതും അടിച്ചോ
“അതേടാ ആറു മക്കൾ, പ്രത്യേകിച്ച് പെണ്മക്കൾ ഉള്ള ഞാൻ ലോട്ടറി അടിച്ചവനിലും ഭാഗ്യവാൻ ആണെടാ”
“അവസാന കാലത്ത് കിടക്കയിൽ ഏതെങ്കിലും ഒരു നിറ സ്പൂൺ ചുണ്ടിലേക്ക് നീണ്ടു വരും എന്നുറപ്പാ…. അത് പോരായോ”
കുറിക്കു കൊള്ളുന്ന അപ്രതീക്ഷിതമായ ആ മറുപടിയിൽ കൂട്ടുകാരന്റെ മുഖം വാടുന്നത് ശ്രദ്ധിച്ച ജോസിന്റെ പുഞ്ചിരിക്ക് എന്നത്തേക്കാളും തിളക്കം ഉണ്ടായിരുന്നു…..