എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
സെക്യൂരിറ്റിക്കാരന്റെ കൈയ്യിൽ താക്കോൽ കൊടുത്തിട്ടുണ്ടെന്നാണ് മാഡം പറഞ്ഞത്. അതും വാങ്ങി ഫ്ലാറ്റ് നമ്പർ പതിമൂന്ന് ബീ -യിലേക്ക് ഞാൻ നടന്നു. തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഏഴ് വയസ്സ് മാത്രം പ്രായം തോന്നിക്കുന്നയൊരു ആൺകുട്ടി ഹാളിലെ സോഫയിൽ ഇരുന്ന് ടീവി കാണുന്നുണ്ടായിരുന്നു.
‘വെൽക്കം ആന്റി…. ഐ ആം രോഹൻ…’
എന്നെ അമ്പരിപ്പിച്ചു കൊണ്ടാണ് ആ മിടുക്കനത് പറഞ്ഞത്. തുടർന്ന് തന്റെ ചിപ്സ് തീറ്റ തുടരുകയും ചെയ്തു. ഈ പ്രായത്തിലും ഇത്രയും പാകതയോയെന്ന ചിന്തയോടെയാണ് ഞാൻ അടുക്കളയിലേക്ക് നടന്നത്. അവിടെ എന്നെയും കാത്ത് രണ്ട് ദിവസത്തെ എച്ചിൽ പാത്രങ്ങളുണ്ടായിരുന്നു…
ബന്ധുവും അയൽക്കാരനുമായ ഭാസ്‌കരേട്ടനാണ് ഇങ്ങനെയൊരു ജോലി ഏർപ്പാട് ചെയ്ത് തന്നത്. വീട്ടുടമയായ മാഡത്തിനെ കണ്ട് സംസാരിക്കുകയും ചെയ്തു. ഉണ്ടായിരുന്ന ജോലിക്കാരി പറയാതെ പോയതായിരുന്നു പ്രശ്നം. ഓഫീസിൽ നിന്ന് തിരിയാൻ പറ്റാത്ത തിരക്കായതുകൊണ്ട് തനിക്കും വീട് നന്നാക്കാൻ പറ്റിയില്ലെന്നും ആ മാഡം പറഞ്ഞു. അവധി ആയത് കൊണ്ട് മോൻ ഉറങ്ങുകയാ യിരിക്കുമെന്ന് ചേർത്തപ്പോൾ കോളേജിലെങ്ങാനും പഠിക്കുന്നതായിരിക്കുമെന്നാണ് ഞാൻ കരുതിയത്… പക്ഷെ, രോഹൻ…! അവൻ എന്നെ അതിശയിപ്പിച്ചിരിക്കുന്നു..
‘അമ്മ എപ്പോഴാണ് വരുക….?’
കാലത്ത് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്റെ മക്കള് ജനലിലൂടെ ചോദിച്ചതാണ്. പെട്ടെന്ന് വരുമെന്ന് പറഞ്ഞ് നടക്കുമ്പോൾ എന്റെ കണ്ണുകൾ കലങ്ങിയിരുന്നു. രോഹന്റെ പ്രായം തന്നെയാണ് എന്റെ ഇളയമോനും. പക്ഷെ, വീടും പൂട്ടി ഞാൻ നടന്നപ്പോൾ അവൻ ഒച്ചത്തിൽ കരഞ്ഞു. ആ കരച്ചിൽ മാറ്റാൻ പതിനൊന്ന് വയസ്സായ മൂത്തവൾ ഉണ്ടല്ലോയെന്ന ആശ്വാസം മാത്രമാണ് തിരിച്ചെത്തുവോളം…
‘ആന്റീ… എനിക്കൊരു ഹോർലിക്സ് വേണമായിരുന്നു…’
അടുക്കള വൃത്തിയാകുന്നത് വരെ ചുളിഞ്ഞിരുന്ന എന്റെ മൂക്ക് നിവർന്ന നേരത്താണ് രോഹൻ അത് പറഞ്ഞത്. ഇപ്പോൾ തരാം മോനേയെന്ന് പറഞ്ഞ് കഴുകിയെടുത്ത പാത്രങ്ങളൊക്കെ ഞാൻ അടുക്കി വെച്ചു. ശേഷമാണ് പാല് തിളപ്പിച്ചതും, അതിൽ ഹോർലിക്സ് കലക്കിയതും…
‘ഒറ്റക്കാകുമ്പോൾ മോന് പേടിയാകില്ലേ…?’
രോഹന് കുടിക്കാനായി ഹോർലിക്സ് തണുപ്പിക്കുമ്പോൾ ഞാൻ ചോദിച്ചു. എല്ലാവരും തനിച്ചാണെന്ന് മമ്മി പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു അവന്റെ മറുപടി. അത് കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നുപോയി. മക്കൾക്കെന്ന് ജീവിക്കുമ്പോഴും കഴിഞ്ഞ കുറച്ച് വർഷങ്ങളോളം ഞാനും ഇത് തന്നെയായിരുന്നു എന്നോട് പറഞ്ഞിരുന്നത്. ഏറെ നിഷ്‌ക്കളങ്കതയോടെ രോഹൻ എന്റെ കണ്ണുകളിൽ നോക്കി അതുതന്നെ പറഞ്ഞപ്പോൾ എനിക്ക് എന്റെ ഇളയ മോനെ ഓർമ്മ വന്നുപോയി. അവന്റെ പ്രായമല്ലേയുള്ളൂ രോഹനും.
ആരുടെ കൈയ്യിലാണ് വിശ്വസിച്ച് ഏൽപ്പിക്കേണ്ടതെന്ന് അറിയാതെ പണിക്ക് പോകാൻ കഴിയാത്ത അമ്മമാർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഗത്യന്തരമില്ലാതെ വീടിന് അകത്തിട്ട് പൂiട്ടി അവർ പോകുകയും ചെയ്യും. പതിനഞ്ച് വയസ്സുവരെ പല നാളുകളിലും പുറത്ത് നിന്ന് പൂട്ടിയ വീടിനുള്ളിൽ തന്നെയായിരുന്നു പലപ്പോഴും ഞാൻ. അങ്ങനെ പൊത്തി പൊത്തിയാണ് അമ്മയെന്നെ വളർത്തിയത്. അതുകൊണ്ടാ യിരിക്കും, വെളിയിൽ മനോഹരമായ ലോകമുണ്ടെന്ന് പറഞ്ഞ് എന്നോട് കണ്ണിറുക്കിയ ഒരുത്തന്റെ കൂടെ ഞാൻ ഇറങ്ങിപ്പോയത്…
ഇളയവന് നാല് വയസ്സാകുമ്പോൾ ലോകത്തോളം വിശ്വസിച്ചവന് എന്നിലും തുiടുത്ത മറ്റൊരു പെണ്ണിനെ കിട്ടി. കുഞ്ഞുങ്ങളേയും കൊണ്ട് എങ്ങോട്ട് പോകുമെന്ന് അറിയാതെ കണ്ണീരോടെ മിഴിച്ചു പോയ ആ രാത്രിയെ എനിക്ക് ഇന്നും ഓർത്തെടുക്കാൻ പറ്റുന്നുണ്ട്. പിറ്റേന്ന് മക്കളേയും വാരിപ്പിടിച്ച് ഞാൻ എന്റെ അമ്മയുടെ കാലിലേക്ക് തന്നെ വീഴുകയായിരുന്നു… അടച്ചുവെച്ചാലും അവിടെ തന്നെയാണ് സുരക്ഷിതമെന്ന് ഞാൻ അറിയുകയായിരുന്നു…
ഞങ്ങളുടെ കൂടെ ചുരുങ്ങിയ കാലം കഴിയാനുള്ള ആയുസ്സേ അമ്മയ്ക്കുണ്ടായിരുന്നുള്ളൂ. എന്റെ മക്കൾക്ക് ഞാൻ ഉണ്ടെന്ന് പറയുമ്പോഴും എനിക്കെന്ന് ആരെന്ന ചോദ്യം അന്നുതോട്ടേ എന്നിലുണ്ട്. മക്കളുണ്ടല്ലോയെന്ന് ചോദിച്ചാൽ ആദ്യം താഴേണ്ടത് എന്റെ തല തന്നെയാണല്ലോ…! ആകെയുള്ള മകൾ അടുത്തില്ലാത്ത എത്രയെത്ര രാത്രികളെ ഞാൻ എന്റെ അമ്മയ്ക്ക് സമ്മാനിച്ചിരിക്കുന്നു…!
‘മോൻ ഡേക്കെയറിലൊന്നും പോകാറില്ലേ…’
‘കഴിഞ്ഞ കൊല്ലം വരെ പോയി. അവിടെ ബോറാണെന്നേ… എനിക്ക് ഇഷ്ട്ടല്ല… സ്കൂളില്ലാത്തപ്പോ ഇങ്ങനെ മതിയെന്ന് മമ്മിയോട് ഞാനാണ് പറഞ്ഞേ…’
രോഹന്റെ പറച്ചിൽ കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. മക്കളെ സുരക്ഷിതമായി നോക്കാൻ ഏൽപ്പിക്കുന്ന ഇടങ്ങളെ പണ്ട് ഞാനും തിരഞ്ഞിരുന്നു. അവിടങ്ങളിലെ തിരക്കും ഫീസും കണ്ടപ്പോൾ പിന്മാറിയതാണ്. കുഞ്ഞുങ്ങളെ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ നാളും വാർത്തയിൽ നിറഞ്ഞു നിൽക്കുമ്പോൾ പൂട്ടിയിട്ട് പോകാനല്ലാതെ മറ്റെന്ത് ചെയ്യുമൊരു അമ്മ!
രോഹനെന്ന ഏഴ് വയസ്സുകാരൻ എന്നെ സംബന്ധിച്ചിടത്തോളം അതിശയം തന്നെയാണ്. എന്റെ മക്കളോട് വിവരിച്ച് പറയുമ്പോൾ അവർ കാത് കൂർപ്പിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. കുടിച്ചതിന് ശേഷം അവൻ നീട്ടിയ ഹോർലിക്സ് കപ്പും വാങ്ങി ഞാൻ അടുക്കളയിലേക്ക് തന്നെ നടന്നു. മാഡം പറഞ്ഞത് പോലെ തറയെല്ലാം തുടച്ച് മിനുക്കി. രോഹന് വേണ്ട ഭക്ഷണമെല്ലാം കൃത്യ നേരത്ത് വരുത്താനുള്ള സംവിധാനമൊക്കെ അവന്റെ മമ്മി ചെയ്തിട്ടുണ്ട്.
ജോലിയൊക്കെ തീർത്തപ്പോൾ പതിനൊന്ന് ബി -യിൽ ഒരു കൊച്ച് രാജാവാണ് താമസിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. അതിന്റെ ഇടയിൽ ടീവിയൊക്കെ ഓഫ് ചെയ്ത് രാജാവ് ഒന്ന് കുളിക്കുകയൊക്കെ ചെയ്തു. സഹായം വല്ലതും വേണോയെന്ന് ചോദിച്ചപ്പോൾ നോ താങ്ക്സെന്നാണ് പറഞ്ഞത്. രാജാവിന് ഇനി പഠിക്കാനുള്ള നേരമാണ് പോലും… പഠനം കഴിയുമ്പോഴേക്കും മമ്മി വരും പോലും…
‘എന്താ പഠിക്കാ…?’
ഭാഷയാണ് ആദ്യം പഠിക്കേണ്ടതെന്ന് മമ്മി പറഞ്ഞിട്ടുണ്ടെന്നായിരുന്നു രോഹന്റെ മറുപടി. ഇതൊന്നും എനിക്ക് എന്റെ മക്കൾക്ക് പറഞ്ഞുകൊടുക്കാൻ സാധിച്ചിരുന്നില്ല. അതിനുള്ള അറിവൊന്നും എന്റെ തലയിൽ ഇല്ല. ഇതുവരെ നേരിട്ട് കാണാത്ത ആ മാഡത്തിനോട് എനിക്ക് പ്രത്യേകമായൊരു ആദരവ് തോന്നി. കുഞ്ഞുങ്ങളെ വീട്ടിൽ പൂട്ടി പണിക്ക് പോകേണ്ടി വരുന്ന ഞാൻ അടക്കമുള്ള അമ്മമാരുടെ യാതൊരു അങ്കലാപ്പും ആ സ്ത്രീക്ക് ഇല്ല. അത്രത്തോളം പാകപ്പെട്ടാണ് രോഹൻ വളർന്നിരിക്കുന്നത്. അതിന്റെ ശരി തെറ്റുകൾ അളക്കാൻ ഞാൻ ആളുമല്ല…
ബാഗുമെടുത്ത് കതകിൽ എത്തിയപ്പോൾ ഒന്നുകൂടി രോഹനോട് ഞാൻ യാത്ര പറഞ്ഞു. താങ്ക്സ് ആന്റീയെന്ന് പറഞ്ഞ് തന്റെ പഠനമുറിയിലേക്ക് പോകുമ്പോൾ മറ്റൊരു കാര്യം കൂടി അവൻ എന്നോട് നീട്ടി പറഞ്ഞിരുന്നു. ആ മൃദുമൊഴി എന്റെ കാതുകളിൽ വ്യക്തമായി വീണു.
‘ആന്റീ… കതക് പുറത്ത് നിന്ന് പൂട്ടണേ…!!!’