നിനക്കെന്താ എന്നെ പ്രണയിച്ചാൽ.. എനിക്ക് വല്ലാത്ത ഇഷ്ടം തോന്നുന്നു. എന്റെ ആരോ ആണെന്ന തോന്നൽ..” അതു പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് പോലെ……

ഒരു ചായ കഥ

Story written by Medhini krishnan

മനുകൃഷ്ണൻ… രണ്ടു വർഷങ്ങൾക്ക് മുൻപ് പരിചയപ്പെട്ടു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ വെറുതെ അയാളോട് ഒരു ചോദ്യം ചോദിച്ചു.

“മനുവിന്റെ ആഗ്രഹം എന്താ”?

“I want to become a good man..” അതായിരുന്നു മറുപടി. “ഇപ്പൊ അങ്ങനെ അല്ലേ.?” “അല്ല? “ഞാനൊരു ചീത്ത മനുഷ്യനാണ്.നല്ലതെന്ന് പറയാൻ എന്നിൽ ഒന്നും അവശേഷിച്ചിട്ടില്ലെന്നു തോന്നുന്നു.”അയാൾ ഒരു മടിയും കൂടാതെ നേരിയ ചിരിയോടെ പറഞ്ഞു.”ഇത് വരെ ഞാൻ ജീവിച്ചിരുന്ന ജീവിതത്തിന്റെ പേരെന്തായിരുന്നു.. അറിയില്ല. ഒരു ഒഴുക്കായിരുന്നു.കലങ്ങി മറിഞ്ഞു പുഴ ഒഴുകുന്നത് കണ്ടിട്ടുണ്ടോ.. വാശിയോടെ.. അത് പോലെ. ഞാൻ കലങ്ങി പോയിരിക്കുന്നു. ഇനിയൊന്നു തെളിഞ്ഞു വരാൻ എളുപ്പമാവില്ലെന്നൊരു തോന്നൽ..”

അയാൾ എല്ലാം തുറന്നു പറഞ്ഞിട്ടും എനിക്ക് അയാളോട് സംസാരിക്കാൻ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. ഞാൻ അയാളെ അന്വേഷിച്ചു ചെല്ലും. വിശേഷങ്ങൾ തിരക്കും. പിന്നെ പിന്നെ അയാൾ ഒരുപാട് സംസാരിക്കുമായിരുന്നു. ബന്ധങ്ങളോ ബന്ധനങ്ങളോ ഇല്ലാത്ത ഒരു മനുഷ്യൻ. ചിക്കമംഗ്ലൂരിലെ അനാഥാലയത്തിലെ ജീവിതവും ബേലൂരിലെ സ്വന്തം വീടും പിന്നെ യാത്രകളിലെ ജീവിതവും.. അയാൾ പറഞ്ഞു കൊണ്ടേയിരുന്നു. ഞാൻ നല്ലൊരു കേൾവിക്കാരിയായിരുന്നു.

ഇടയ്ക്കു എന്നെ കാണാൻ വീട്ടിലെത്തുന്ന അയാൾക്ക് ഞാൻ ഇഞ്ചിയും ഏലക്കയും ചേർത്ത ചായയുണ്ടാക്കി കൊടുക്കുമായിരുന്നു. അയാൾ വളരെ ആസ്വദിച്ചു ആ ചായ കുടിക്കുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിൽക്കും. നിറഞ്ഞ ചിരിയോടെ കുസൃതിയോടെ ഒരു കപ്പ്‌ കഴിയുമ്പോൾ അയാൾ വീണ്ടും ചായ ചോദിക്കും.

പക്ഷേ പിന്നെ എപ്പോഴോ ഞാൻ അറിഞ്ഞു. അയാളെന്നെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു.

“നീയെന്നെ സ്നേഹിക്കണം.” ഇടക്കൊക്കെ ചെറിയ കുട്ടികളെ പോലെ അയാൾ വാശി പിടിച്ചു കൊണ്ടിരുന്നു. നിനക്കെന്താ എന്നെ പ്രണയിച്ചാൽ.. എനിക്ക് വല്ലാത്ത ഇഷ്ടം തോന്നുന്നു. എന്റെ ആരോ ആണെന്ന തോന്നൽ..” അതു പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് പോലെ. ആണെന്നോ അല്ലെന്നോ ഞാൻ പറഞ്ഞില്ല. ഞാനൊരു നല്ല കേൾവിക്കാരിയായിരുന്നു. നല്ലൊരു സുഹൃത്തായിരുന്നു. അതിനുമപ്പുറം..ഇല്ല. ഞാനൊരിക്കലും അങ്ങനെ യൊന്നും ചിന്തിച്ചിട്ടില്ല.

അവ്യക്തമായ ആ മുഖത്തെ കണ്ണുകളിൽ നിന്നും അടർന്നു വീണ കണ്ണുനീര് എന്റെ കൈകളെ പൊള്ളിച്ചതായി ഒരിക്കൽ ഞാൻ സ്വപ്നം കണ്ടിരുന്നു. അന്ന് ഞാനൊന്നു പൊള്ളി. നിലാവിൽ മഞ്ഞനിറമുള്ള ഒരു പക്ഷി ചിറകു കുടയുന്നത് ഞാൻ കണ്ടു. തോന്നലാവാം.. ഞാൻ അത് പറഞ്ഞപ്പോൾ മറുപടിയൊന്നും പറയാതെ അയാൾ പോയി. അങ്ങനെയിരിക്കെ ഒരിക്കൽ അയാൾ പറഞ്ഞു.

“എന്റെ പ്രണയം എനിക്ക് തിരിച്ചു കിട്ടുന്നില്ല. ഞാൻ ഇത് വരെ ഇങ്ങനെ ആരുടെ അടുത്തും..എന്നെ ഒന്ന് സ്നേഹിച്ചു കൂടെ നിനക്ക്.. അയാളുടെ സ്വരം ഇടറി.

“ഞാൻ നിങ്ങളെ സ്നേഹിക്കുന്നുണ്ട്. ഇഷ്ടവുമാണ്. അതിന് പ്രണയത്തിന്റെ പരിവേഷം വന്നാൽ എന്റെ ഹൃദയത്തിലൊരു ചങ്ങല വീണത് പോലെ തോന്നും. ബന്ധനസ്ഥയാവാൻ എനിക്ക് വയ്യാ..എനിക്ക് ആരെയും പ്രണയിക്കാനുള്ള കഴിവില്ല. സ്നേഹിക്കാം.. പക്ഷേ പ്രണയം. എന്നെങ്കിലും ഒരിക്കൽ നിങ്ങൾക്ക് വേണ്ടാതായാൽ.. എനിക്ക് വയ്യാ.. മരിച്ചു ജീവിക്കാൻ..”

എന്റെ വാക്കുകൾ അയാളെ വേദനിപ്പിച്ചോ.. എന്തോ.. അറിയില്ല.

ഒന്നും പറയാതെ എന്നിൽ നിന്നും വേദനയോടെ തന്നെ അയാൾ മടങ്ങി.

പിന്നെ ദിവസങ്ങൾക്ക് ശേഷം ഞാനൊരു യാത്ര പോകുന്നുവെന്ന് പറഞ്ഞു എനിക്കൊരു മെസ്സേജ് അയച്ചു. “ഇനിയെന്നു വരുമെന്നോ കാണുമെന്നോ അറിയില്ല. ഞാൻ തനിച്ചായിരുന്നു. ജനിച്ചത് മുതൽ ഇന്ന് വരെ.. ഇനിയും അങ്ങനെ തന്നെ.” ആ വരികൾ എന്നെ വേദനിപ്പിച്ചു.

പിന്നീട് അയാളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ ആ നമ്പർ നിലവില്ലെന്ന് മനസ്സിലായി. അങ്ങനെ ആദ്യമായി ഒരാൾക്ക് വേണ്ടി ഞാൻ അന്ന് കരഞ്ഞു. പക്ഷേ എന്തോ ഞാൻ അയാളെ മറക്കാൻ ഒരിക്കലും ശ്രമിച്ചില്ല. ഓർത്തു കൊണ്ടിരുന്നു. ഓർമ്മകളിൽ ഞാൻ അയാളായി മാറുന്നതറിഞ്ഞു.

എന്നെങ്കിലും എന്റെ വീടിന്റെ പടി കയറി വരുന്ന അയാളെ ഞാൻ കാത്തിരുന്നിരുന്നു എന്നത് സത്യം. ഒരിക്കലും വരുവാനിടയില്ലാത്ത ഒരാൾക്ക് വേണ്ടി ഒരു കപ്പ് ചായ എന്നും ഉണ്ടാക്കി മാറ്റി വയ്ക്കുക. നിശബ്ദതയിൽ ആറി തണുത്ത കഴിഞ്ഞ ഒരു പരിഭവത്തിന്റെ സ്ഥായി ഭാവം കടമെടുത്തു ആ തണുത്ത ചായ സ്വയം കുടിച്ചു തീർക്കുക.

കാത്തിരിപ്പുകളിൽ ഒരു നേർത്ത കാലൊച്ച മനസ്സിനെ പരിഭ്രമിക്കുമ്പോൾ.. ഉടലൊന്നു വിറക്കുമ്പോൾ.. കണ്ണൊന്നു നിറയുമ്പോൾ… ശൂന്യമായ വാതിൽ പ്പാളികളിൽ നനഞ്ഞ കാറ്റിന്റെ കൈകളിൽ ഞാൻ അമർന്നു തിങ്ങുമ്പോൾ വീണ്ടും.. വീണ്ടും കണ്ണുകൾ ആരെയോ തിരയുന്നുണ്ട്.. നീയെന്തേ വരാൻ വൈകുന്നുവെന്ന് ആരോടോ മൗനമായി പറയുന്നുണ്ട്..ഒരിക്കലും വരില്ലെന്ന് ഉപ്പു നിറഞ്ഞൊരു മഴ വിങ്ങി പറഞ്ഞു കടന്ന് പോവും.

ഞാൻ പിന്നെയും പാലും പഞ്ചസാരയും എലക്കയും ഇഞ്ചിയും ചേർത്തൊരു ചായയുടെ കഥ രചിക്കും. അയാൾക്ക് എന്റെ ചായ എത്ര ഇഷ്ടമായിരുന്നു. ആ ഒരു ഇഷ്ടത്തിന്റെ പേരിൽ ഞാൻ എന്തിന് ചായയുണ്ടാക്കി കാത്തിരിക്കുന്നു. എനിക്ക് ഭ്രാന്താണോ? അറിയില്ല. അതോ ഞാൻ അയാളെ ശരിക്കും പ്രണയിച്ചു തുടങ്ങിയോ.?

എനിക്ക് എന്തോ പറ്റിയിരിക്കുന്നു. നീ പോയിട്ടും.. ഞാനിപ്പോഴും നിന്നിൽ തന്നെ ജീവിക്കുന്നു.. ഓർമ്മകൾ എന്നൊന്നില്ല.. നിന്നിലാണ്.. അതൊരു ഓർമ്മയായി മാറാൻ വിസമ്മതിച്ചു മനസ്സ് പിടക്കുകയാണ്.. ഭാരം കുറഞ്ഞു ഒഴുകി നീങ്ങുന്ന ഒരു അപ്പൂപ്പൻ താടി പോലെ ഞാൻ നിന്റെ ചിന്തകളിലേക്ക് പറക്കുകയാണ്.. ഏതോ ഒരു നിമിഷത്തിൽ അതിന്റെ മൃദുലമായ നൂലിഴകൾ നിന്നിലേക്ക്‌ അടർന്നു വീഴുകയാണ്..

നിന്റെ മാറിലെ വിയർപ്പിൽ ഒട്ടി നിൽക്കാൻ ചുണ്ടുകൾ വിതുമ്പുന്നു. ഇത് പ്രണയത്തിന്റെ ഭാഷയാണോ.. അറിയില്ല.ഇനിയുമൊരു സ്വപ്നത്തിലേക്ക് നിന്നെ ക്ഷണിക്കുന്ന എന്റെ കണ്ണുകളിൽ നിന്നെ നനക്കാൻ ഒരുങ്ങുന്ന തിരയുടെ സ്വരമാണ്.. അലസമായ മുടിയിഴകളിൽ ഊർന്നിറങ്ങാൻ കൊതിക്കുന്ന നിന്റെ വിരലുകൾ ഇപ്പോഴും അവിടെ ഉണ്ടെന്നൊരു തോന്നൽ..നിന്റെ മിഴിത്തുമ്പിൽ മൗനമായി പെയ്തിറങ്ങുന്ന ഒരു മഴയായി ഞാൻ മാറിയിരിക്കണം.. നിന്റെ വിരൽത്തുമ്പിൽ വിറയാർന്നൊരു കാറ്റായി ഞാൻ പിടഞ്ഞിരിക്കണം..ഉള്ളിൽ ആരോ കരയുന്നുണ്ട്.. പറയാതെ പറഞ്ഞു തീർത്ത വാക്കുകളിൽ മറച്ചു വച്ച അർത്ഥത്തിന്റെ പൊരുൾ തേടി മനസ്സിൽ ഒരു വാൽമീകം ഉയരുകയാണ്.. ഞാൻ നിന്നിൽ തപസ്സിലാണ്.. വിരഹത്തിന്റെ ചിതലുകൾക്ക് ഞാൻ സ്വയം ഭക്ഷണമാവുന്നു..

എന്തിത് ഇങ്ങനെ… ചോദ്യത്തിലേക്ക് ഞാൻ വീണ്ടും ഒരു സ്വപ്നം എറിഞ്ഞുടക്കുന്നു..ചീളുകൾ തറച്ച രക്തത്തിൽ വിരൽത്തുമ്പു മുക്കി വീണ്ടും ഞാൻ നിന്നെ എഴുതാൻ തുടങ്ങും.. വായിക്കാൻ തുടങ്ങും.. മറക്കുക വയ്യാ.. നിന്റെ വഴിയിൽ നിന്നും ഞാൻ തിരികെ വിളിച്ച എന്റെ നിഴലിന്റെ കുത്തേറ്റ് ഞാൻ നോവുന്നു.. ഒരു പക്ഷേ ഇനിയും നമ്മൾ കാണുമായിരിക്കും.. അന്നും പെയ്യുന്ന മഴയിൽ നീയും ഞാനും നനഞ്ഞു ഒരു മഴയോർമ്മയായി മണ്ണിലേക്ക് മടങ്ങി യിരുന്നു വെങ്കിൽ..സൂര്യൻ തിരികെ വിളിച്ച മഴയോർമ്മകൾ… ആകാശത്തിലെ ഏതെങ്കിലുമൊരു കോണിൽ ഒഴുകി പടർന്നു നടക്കുന്ന പ്രണയമായി നമ്മൾ മാറുന്നത്.. ഒരു പുലരിയിൽ വീണ്ടും മഴയായി പെയ്യുന്നത്.. ഇലയുടെ പച്ച ഞരമ്പുകളിൽ ഒരു സ്വപ്നമായി നാം മാറുന്നത് …

ഞാൻ വരികളിൽ എന്നെയും നിന്നെയും പകർത്തി മായ്ക്കാൻ ശ്രമിക്കുന്നു.. മായാത്ത അക്ഷരങ്ങളിൽ നീയെന്നെ മുറുകെ പുണരുന്നു.. ചുംബിക്കുന്നു.. എനിക്കും നിനക്കും ഇടയിൽ അളന്നിട്ട സ്വപ്നത്തിന്റെ ദൂരം മാഞ്ഞു പോവുന്നു.. നിഴലുകൾ ഒന്നാവുന്നു..

ഞാൻ നിന്നിൽ കരയാൻ തുടങ്ങും.. എന്നിലേക്ക്‌ മടങ്ങാനാവാത്ത ദൂരത്തിലേക്ക് മിഴികൾ പായിച്ചു ഒരു ഭ്രാന്തിയെ പോലെ ഞാൻ പുലമ്പികൊണ്ടിരിക്കും.. നിന്റെ വിയർപ്പു ഭക്ഷിക്കാൻ കൊതിക്കുന്ന ശരീരത്തെ ഞാൻ കീറി മുറിക്കും.. മുറിവിൽ വീണ്ടും നിന്റെ പ്രണയത്തെ തുന്നി ചേർക്കും..

ഇനിയും കാണാമെന്നോ… ഇനിയെന്ന് കാണുമെന്നോ.. ഇനിയും കാണാതിരിക്കാൻ നമുക്ക് മറക്കാമെന്നോ… ഏതു വാക്കിന്റെ അറ്റത്താണ് ഞാൻ ഇനി ഒളിച്ചിരിക്കേണ്ടത്.?

വെറുതെ.. വെറുതെ ഞാൻ കാത്തിരിക്കുന്നു നന്ദ…എന്നൊരു വിളി കേൾക്കാൻ.. ഞാനൊരു ഭ്രാന്തിയെ പോലെ പുലമ്പി കൊണ്ടിരിക്കുന്നു. ഇങ്ങനെയൊക്കെ തോന്നാൻ ഞാൻ നിന്നെ പ്രണയിച്ചിരുന്നുവോ?

അങ്ങനെയിരിക്കെ രണ്ടു വർഷങ്ങൾക്കിപ്പുറം.. എന്നെ ഓർക്കുന്നുവോയെന്ന് ചോദിച്ചു അയാൾ വീണ്ടും വന്നു. വല്ലാത്തൊരു പരിഭ്രമം.

“ഞാൻ എപ്പോഴാണ് നിങ്ങളെ മറന്നിട്ടുള്ളത്..” ആ ഉത്തരം എന്നിൽ നിറഞ്ഞു തുളുമ്പി. എന്റെ കണ്ണുകളും. നിങ്ങൾ പോയപ്പോൾ ഞാൻ ഇല്ലാതായത് പോലെ.. മണ്ണിനടിയിലായിരുന്നു.. എന്നൊക്കെ പറയാൻ തോന്നി.

മണ്ണിനടിയിൽ നിദ്രയിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ വെമ്പുന്ന ഒരു വിത്തിന്റെ സ്പന്ദനം പോലെ ഈ നിമിഷം.. നിന്റെ മിഴിമുനകൾ എന്നിൽ ആഴ്ന്നിറങ്ങുമ്പോൾ നേർത്ത മണ്ണിന്റെ പാളികൾ അടർത്തി മാറ്റി ഞാൻ നിദ്രയിൽ നിന്നും ഉണരുകയാണ്. വിരിയുന്ന പച്ചനാമ്പുകളുടെ കണ്ണുകളിൽ ഇറ്റു വീഴുന്ന ആദ്യ ജലകണം.. മിഴികൾ തുറക്കുന്നത് നിന്റെ കണ്ണുകളിലേക്ക്.. എന്നെ സ്പർശിക്കുന്ന നിന്റെ മിഴികൾ.. ഞാനൊരു കാറ്റിന്റെ തലോടലിൽ അലിഞ്ഞു മഴയിൽ നനഞ്ഞ് ഭൂമിയുടെ ശ്വാസത്തെ മെല്ലെ നുണഞ്ഞു നിന്നിലേക്ക്‌ പ്രാണനായി പടർന്നു കയറുന്നത് പോലെ.. എനിക്ക് പിന്നെയും പരിഭ്രമം. വിഭ്രാന്തി. രണ്ടു വർഷങ്ങൾക്ക് മുൻപ് അയാളോട് സംസാരിച്ചിരുന്ന നന്ദയായിരുന്നില്ല ഞാൻ.. ഇത് വേറെയാരോ.

ഞാൻ എന്നെ അടക്കിപ്പിടിച്ചു. മനസ്സിനെ ശാസിച്ചു.

ഒന്നും പറയാനാവാതെ ശ്വാസം മുട്ടി പിടഞ്ഞ ഞാൻ വീണ്ടും മനുവിനോട് ആ ചോദ്യം ചോദിച്ചു. “നിങ്ങൾ..നിങ്ങൾ നല്ലൊരു മനുഷ്യൻ ആയോ.. ആ ആഗ്രഹം.. അത് നടന്നോ?” കുടജാദ്രിയിലെ തണുപ്പിൽ വിരിഞ്ഞു നിൽക്കുന്ന വയലറ്റ് പുക്കൾ പറിച്ചെടുത്തു അയാൾ എനിക്ക് നേരെ നീട്ടി..എന്നിട്ട് പറഞ്ഞു. “ഞാൻ നിന്നെ ഓർക്കാറുണ്ട്..അപ്പോഴൊക്കെ എനിക്കൊരു പുതിയ ജീവിതം കിട്ടിയത് പോലെ തോന്നാറുണ്ട്..

നിന്റെ കണ്ണുകളിൽ ഞാനൊരു തെളിഞ്ഞ പുഴ പോലെ ഒഴുകി മറയുന്നത് കാണാറുണ്ട്.”എന്റെ കണ്ണുകൾ നിറയുന്നു. സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ. അറിയില്ല.എന്നെ മാത്രം സ്നേഹിക്കുന്ന അയാളുടെ വഴിയിലേക്ക് വിറയലോടെ കാലെടുത്തു വയ്ക്കുമ്പോൾ ഞാൻ അതു വാങ്ങി.. കുടജാദ്രിയുടെ തണുപ്പിൽ വിരിഞ്ഞു നിൽക്കുന്ന എനിക്കേറെ പ്രിയപ്പെട്ട ആ വയലറ്റ് പൂക്കൾ… ഞാനത് നെഞ്ചോട് ചേർത്തു. അയാളെയും..

ഞാൻ വീണ്ടും ചായയുണ്ടാക്കി. ഏലക്കയും ഇഞ്ചിയും കല്ലിൽ ചതച്ചെടുത്തു വെള്ളം കുറച്ചു കട്ടിപാലിൽ ഇട്ട് വലിയ തരിയുള്ള ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് തിളപ്പിച്ച്‌ വെളുത്ത തുണിയിൽ അരിച്ചു പിഴിഞ്ഞെടുത്ത കൊഴുത്ത നല്ല ഗന്ധമുള്ള ചായ ഭംഗിയുള്ള ഒരു കപ്പിൽ ഞാൻ അയാൾക്ക് സമ്മാനിച്ചു. കാത്തിരിപ്പിൽ നനഞ്ഞ കണ്ണുകൾക്കിടയിൽ ആവി പറക്കുന്ന ചായയുമായി എനിക്ക് മുന്നിൽ അയാൾ.. നിറഞ്ഞ ചിരിയോടെ സന്തോഷത്തോടെ.. പ്രണയാർദ്രമായ നോട്ടത്തോടെ.. സ്വപ്‌നമാണോ.. ചൂടുള്ള ചായ എന്റെ ചുണ്ടുകളെ പൊള്ളിച്ചു. സത്യമാണ്.. ഇത് സത്യമാണ്..സ്

Leave a Reply

Your email address will not be published. Required fields are marked *