എന്തു പറഞ്ഞാലും ടീച്ചറമ്മ യുടേതാണ് അവസാന വാക്ക്.. അവരെയൊന്നു പരിചയപ്പെടാമല്ലോ ന്നു കരുതി മോൾടെ ഡയറിയിൽ………

ടീച്ചറമ്മ…

Story written by Fasna Salam

അനു മോൾടെ വായിൽ നിന്നാണ് ആദ്യമായി അവരെ കുറിച്ച് കേൾക്കുന്നത്..

മോളെ പഠിപ്പിക്കുന്ന ടീച്ചർ ആണ്.. അവളെയിപ്പോ ഒന്നാം ക്ലാസ്സിലേക്ക് ചേർത്തതേയുള്ളൂ..

പ്രവേശനോത്സവത്തിനു അനിലേട്ടന്റെയൊപ്പം ഞാനും പോയിരുന്നു അന്ന് വേറെരു ടീച്ചർ ആയിരുന്നു.. മോൾ ഒരുപാട് കരയുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല

അതു കണ്ടു ഒരു ടീച്ചർ വന്നവളെ സമദനിപ്പിച്ചു..

മോളെ പ്രേതേകം ശ്രദ്ധിച്ചോണെന്നു ഞാൻ ആ ടീച്ചറോട് പറഞ്ഞു..

ഒറ്റ മോളായോണ്ട് ഒരുപാട് ലാളിച്ചാണ് വളർത്തിയത്..അതിന്റ കുറച്ചു പ്രശ്നങ്ങളുണ്ട്..

അതുകേട്ടപ്പോൾ ടീച്ചർ പറഞ്ഞു തീർച്ചയായും എല്ലാ മക്കളും ഞങ്ങടെ മക്കളല്ലേ..

പക്ഷെ ഞാനല്ല ഇവരുടെ ക്ലാസ്സ്‌ ടീച്ചർ.. പുതിയൊരു ടീച്ചർ വരുന്നുണ്ട് അവർ ജോയിൻ ചെയ്തിട്ടില്ല ന്നും രണ്ടു ദിവസത്തിനകം വരുമെന്നും പറഞ്ഞു..

ഞാനൊരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നത് കൊണ്ട് അനു മോളെ നോക്കാൻ എന്റെ അമ്മയുണ്ടായിരുന്നു ഇതുവരെ..

ഇപ്പോ സ്കൂളിൽ ചേർത്തിയപ്പോൾ അമ്മയ്ക്കും വീട്ടിൽ പോവാൻ പറ്റി..

നാലു മണിയാവും ഞാൻ ഓഫീസ് കഴിഞ്ഞെത്താൻ.. മോളെത്തുമ്പോഴേക്കും നാലരയാവും….

പുതിയ ടീച്ചർ വന്നാപ്പോ തൊട്ട് ടീച്ചറമ്മ യെ കുറിച്ചു പറയാനേ അവൾക്ക് നേരമൊള്ളൂ..

അക്ഷരങ്ങളൊക്കെ പഠിപ്പിക്കുമ്പോ അവൾ പറയും ടീച്ചറമ്മ അങ്ങനെ പറഞ്ഞില്ല ല്ലോ ഇങ്ങനെയാണല്ലോ പറഞ്ഞത്..

എന്തു പറഞ്ഞാലും ടീച്ചറമ്മ യുടേതാണ് അവസാന വാക്ക്.. അവരെയൊന്നു പരിചയപ്പെടാമല്ലോ ന്നു കരുതി മോൾടെ ഡയറിയിൽ നിന്നും നമ്പർ തപ്പിയെടുത്തു വിളിച്ചു..

സംസാരിച്ചപ്പോൾ എനിക്കത്ര സുഖം തോന്നിയില്ല ചോദിക്കുന്നതിനൊക്കെ മറുപടി പറയുന്നുണ്ട് ന്നല്ലാതെ എന്തോ ഒരിഷ്ടക്കേട് അവരുടെ സംസാരത്തിൽ ഫീൽ ചെയ്തു ..

ചിലപ്പോൾ അവരുടെ മൈൻഡ് ശരിയായി കാണില്ല ഇനി മീറ്റിംഗ് ഇൽ വെച്ചു കൂടുതൽ സംസാരിക്കാം ന്നു കരുതി..

ആ ഇടക്കാണ് ഞങ്ങളുടെ അടുത്തൊരു വാടക വീട്ടിൽ പുതിയ താമസക്കാരാരോ വരുന്നുണ്ടന്നു കേട്ടത്..

സ്റ്റീഫെൻ ചേട്ടന്റ വീടാണത് മുൻപൊരു മുസ്ലിം കുടുംബ മായിരുന്നു താമസിച്ചത് ആയിഷത്ത..

ഒരു വർഷത്തോളം അവരവിടെ താമസിച്ചു.. നല്ല ആൾക്കാരായിരുന്നു പുതിയ വീടിന്റ പണി കഴിഞ്ഞതോടെ അവരങ്ങോട്ട് താമസം മാറ്റി..

ഇപ്പൊ ആറു മാസത്തോളമായി വീട് പൂട്ടി കിടക്കുന്നു.. സ്റ്റീഫൻ ചേട്ടൻ പണിക്കാരുമായി വന്നു… വീടല്ലാം വൃത്തിയാക്കുന്നത് കണ്ടപ്പോഴാണ് പുതിയ താമസക്കാർ വരുന്നുണ്ടന്നു മനസ്സിലായത്..

ആയിഷത്ത നെ പോലെ നല്ലവരായിരിക്കണേ ന്നു ഞാൻ അനിലേട്ടനോട് പറഞ്ഞു..

ഒരു ഞാറാഴ്ച്ച ദിവസം ആ വീടിന്റ മുന്നിൽ ഗുഡ്‌സ് ന്റെ വണ്ടി കണ്ടപ്പോഴാണ് ആളെത്തി ന്നു മനസ്സിലായെ..

ഞാനും അനു മോളും ആൾക്കാരെ കാണാൻ വേണ്ടി സിറ്റൗട്ടിൽ നിന്നും ഏന്തി വലിഞ്ഞു നോക്കി..

കുറച്ചു കഴിഞ്ഞപ്പോഴുണ്ട് ടീച്ചറമ്മേ ന്നു വിളിച്ചു കൊണ്ടവൾ ഓടുന്നു..

അപ്പഴാണ് അതാണ്‌ അവളുടെ ടീച്ചറമ്മ ന്നു മനസ്സിലായെ..

കണ്ടാൽ ഒരു നാല്പത്തഞ്ചിനോടടുത്തു പ്രായം തോന്നിക്കും..

ഒരു പഴയ പട്ടു സാരിയാണ് ഉടുത്തിരിക്കുന്നെ ഗൗരവക്കാരി യാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം..

പക്ഷെ അനു മോളെ കണ്ടപ്പോ വാരിയെടുത്തു കൊണ്ട് കവിളിൽ നുള്ളി എന്തൊക്കയോ വിശേഷങ്ങൾ ചോദിക്കുന്നുണ്ട്..

അത്‌ കണ്ടപ്പോൾ സന്തോഷം തോന്നി..

അവരൊറ്റക്കെയുള്ളൂ എന്നത് എന്നെ അത്ഭുതപ്പെടുത്തി..

കാരണം ഞങ്ങടെ നാട്ടിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളാരുമില്ല

രാധേച്ചിയോട് ഞാനത് പറഞ്ഞപ്പോൾ അവർക്കും അത്ഭുതമായി

ചിലപ്പോൾ ഭർത്താവ് ഗൾഫിൽ ആവും അല്ലെങ്കിൽ വീട്ടുകാർ ഉപേക്ഷിച്ചിരിക്കും..

അങ്ങനെ അവരെ കുറിച്ചു ഒരുപാട് അഭിപ്രായങ്ങൾ നാട്ടിൽ പരന്നു..

ആരുമായും കൂട്ടു കൂടാൻ താല്പര്യമില്ലാത്ത വ്യക്തിത്വ മായതു കൊണ്ട് ഞാനും അവരോട് മിണ്ടാൻ പോയില്ല..

പക്ഷെ അനുമോൾ നേരെ തിരിച്ചായിരുന്നു സ്കൂൾ വിട്ടു സന്ധ്യ ആകുന്നത് വരെ അവൾ ടീച്ചറമ്മ യുടെ വീട്ടിലാവും

ഹോളിഡേ ഒക്കെ ആണെങ്കി പിന്നെ പറയണ്ട അവിടുന്ന് പോരത്തില്ല..

അവളുടെ ഈ അടുപ്പം കണ്ടു എന്റെ ഉള്ളിലൊരു ഈഗോ മുളപൊട്ടി..

എന്തിനാനവൾ എന്നെക്കാളതികം അവരെ സ്നേഹിക്കുന്നത്.. അവളിക്കിനി എന്നെ വേണ്ടാതാവോ.. ഇങ്ങനെ ഒരുപാട് അനാവശ്യ ചിന്തകൾ എന്റെ മനസ്സിൽ കുമിഞ്ഞു കൂടി..

ഒരുദിവസം രാത്രിയായപ്പോ ഉറക്കത്തിൽ വല്ലാത്ത കരച്ചിൽ..

ഞാനും അനിലേട്ടനും ആകെ പേടിച്ചു എന്തിനാ കരയുന്നെന്ന് ചോദിച്ചപ്പോ പറയാ എനിക്ക് ടീച്ചറമ്മ യെ കാണണം ന്നു..

അതുകേട്ടപ്പോളെനിക്ക് ദേഷ്യമാണ് വന്നത് ഞാനവൾക്ക് നല്ല അടി വെച്ചു കൊടുത്തു.. അവളുടെയൊരു ടീച്ചറമ്മ.. നീയെന്തിനാ അവരെ ടീച്ചറമ്മേ ന്നു വിളിക്കുന്നത് ടീച്ചർ ന്നു വിളിച്ച പോരേ നിന്റെ അമ്മ ഞാനല്ലേ..

എന്റെ സംസാരം കേട്ട് ഞെട്ടി പോയത് അനിലേട്ടനാണ് നിനക്കെന്താ ഭ്രാന്ത് പിടിച്ചോ ന്നു ചോദിച്ചു..

എനിക്കെന്താ സംഭവിച്ചേന്നു എനിക്കും അറിയത്തില്ലായിരുന്നു..

എന്റെ മോൾ എന്നെക്കാൾ കൂടുതൽ വേറെരെയും ആരെയും സ്നേഹിക്കരുതെന്നൊ .. അതോ അവളോടുള്ള സ്വാർത്ഥതയോ…

പക്ഷെ അന്നാദ്യമായാണ് ഞാനവളെ അങ്ങനെ അടിക്കുന്നത്…

രണ്ടു ദിവസമായി അവളെന്നോട് മിണ്ടിയില്ലാ ..

അച്ഛന്റെ കൂടെ മാത്രം ഭക്ഷണം കഴിക്കും.. ഞാനെത്ര സ്നേഹത്തോടെ ചെന്നാലും തട്ടി മാറ്റുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ സഹിക്കാൻ പറ്റിയില്ല..

പക്ഷെ അതിനേക്കാൾ എന്നെ വേദനിപ്പിച്ചത് അവളുടെ ടീച്ചറമ്മയുടെ അടുത്തേക്കോടി പോയപ്പോഴായിരുന്നു ..

അതുവരെ സന്ധ്യ ആവുന്നതിനു മുന്നേ വീട്ടിൽ വന്നിരുന്നു.. ഇപ്പൊ ക്ലാസ്സ്‌ കഴിഞ്ഞു ബാഗു മായിട്ട് ഒറ്റ പോക്കാ..

അവളെ തിരഞ്ഞു അങ്ങോട്ടേക്ക് ചെന്നപ്പോ റൂമിൽ കയറി ഒറ്റ വാതിലടക്കൽ..

ഇതൊന്നും എനിക്ക് താങ്ങാൻ പറ്റുന്നതായിരുന്നില്ല…..

അനിലേട്ടൻ രാത്രി ഓഫീസ് കഴിഞ്ഞു വരുമ്പോഴേ അവൾ വരൂ..

എന്റെ സങ്കടം കണ്ടു അനിലേട്ടൻ പറഞ്ഞു നീ അവരുമായിട്ടൊന്നു സംസാരിക്കു ഒരുപക്ഷെ അവർ പറഞ്ഞാൽ മോൾ കേട്ടാലോ…

പക്ഷെ എന്റെ അഭിമാനം അതിനനുവദിച്ചില്ല എന്റെ മോൾക്ക്‌ വേണ്ടി ഞാനവരോട് കെഞ്ചേ…ഒരിക്കലും നടക്കുന്ന കാര്യമല്ല ..

ആയിടക്ക് അവരെ കുറിച്ച് ഒരുപാട് ഊഹാ പോഹങ്ങൾ നാട്ടിൽ പരക്കുന്നത്..

അവരുടെ വിവാഹം കഴിഞ്ഞു ഭർത്താവ് ഉപേക്ഷിച്ചതാണെന്നും ചൊവ്വാ ദോഷക്കാരിയാണെന്നും വേറെ ആരുമായോ അവിഹിതമുള്ളത് കൊണ്ട് വീട്ടിൽ നിന്നും പുറത്താക്കിയതാണെന്നും വരെ പറയുന്നു..

ഇങ്ങനെ അവരെ കുറിച്ചുള്ള പരദൂഷണം കേൾക്കുമ്പോ ഭയങ്കര സന്തോഷം തോന്നി..

ഞാനതല്ലാം അനിലേട്ടനോട്‌ പറഞ്ഞു സ്വയം ആത്മ സംതൃപ്തി നേടി..

ഒരുദിവസം ഞാൻ മുറ്റം തൂക്കുമ്പോ അവർ സിറ്റൗട്ടിലിരുന്നു പത്രം വായിക്കുന്നു..

അവരെ കാണുമ്പോഴൊക്ക എനിക്കെന്തന്നില്ലാത്ത ദേഷ്യം നുരഞ്ഞു പൊന്തി..

രാധേച്ചിയോട് അവർ കേൾക്കാൻ പാകത്തിന് ഉറക്കെ സംസാരിക്കും..

നാട്ടിലേതെങ്കിലും അവഹിത ബന്ധങ്ങളുള്ള വരെ കുറിച്ചോ ഭർത്താവ് മരിച്ചവരെ കുറിച്ചോ ആയിരിക്കും സംസാരിക്കാ..

ഇടയ്ക്കിടെ അവർ പത്രം താഴ്ത്തി നോക്കുന്നത് കണ്ടപ്പോ ഞാൻ ഗൂഢമായി ചിരിച്ചു ..

ഒരാളെ കുത്തി നോവിക്കുമ്പോ എന്തൊക്കയോ നേടിയ പോലെ തോന്നി…

ഓഫീസിൽ നിന്നും ഞാൻ നേരെത്തെ വന്നു മോൾക്കിഷ്ടപ്പെട്ട പലഹാരങ്ങളെല്ലാം ഉണ്ടാക്കി..

ചോക്ലേറ്റ്സ് വാങ്ങി കൊണ്ട് വന്നു പുതിയ ഉടുപ്പു വാങ്ങി കൊണ്ട് വന്നു.. എങ്ങനെയെങ്കിലും അവളുടെ ഇഷ്ടം നേടുക എന്നേ ഉണ്ടായിരുന്നുള്ളൂ..

പക്ഷെ ഒന്നും ഫലിച്ചില്ല… അവളപ്പോഴും ടീച്ചറമ്മേ ന്നും വിളിച്ചു ബാഗും പുസ്തകവുമെല്ലാം എടുത്തു അങ്ങോട്ടേക്ക് ഓടും..

ഇന്നു അനിലേട്ടൻ വരുന്നതിനു മുന്നേ ഞാനവരുടെ വീട്ടിൽ രണ്ടും കല്പ്പിച്ചു പോയി..

അടുക്കളയിൽ നിന്നും പാത്രങ്ങളുട ശബ്ദം കേൾക്കുന്നു അനൂ ന്നു വിളിച്ചപ്പോ അവരാണ് വന്നത്..

‘മോൾ ഭക്ഷണം കഴിച്ചു നേരെത്തെ ഉറങ്ങി.. ഇന്നു ഇന്റവൽ നു ഫ്രണ്ട്സിനൊപ്പം കുറെ ഓടി ചാടി കളിക്കായിരുന്നു അതിന്റെ ക്ഷീണം കൊണ്ടാണെന്ന് തോന്നുന്നു പെട്ടന്ന് ഉറങ്ങിപോയി ..’

‘ഞാനൊരു കാര്യം അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കാ നിങ്ങളെന്റെ മോളെ ദത്തടുത്തോ ..’പെട്ടന്നുള്ള എന്റെ പെരുമാറ്റം കണ്ടു അവരാകെ അത്ഭുതപ്പെട്ടു..

‘നിങ്ങൾ അകത്തേക്ക് വരൂ ആളുകൾ ശ്രദ്ധിക്കും..’

ഞാൻ അവരുടെ പിറകെ ഹാളിലേക്ക് പോയി..

‘എത്ര ദിവസായി ന്നറിയോ എന്റെ മോൾ എന്നോട് മിണ്ടിയിട്ട് ..’

അത്‌ വരെ പിടിച്ചു നിന്നിട്ട് പെട്ടന്ന് കൈവിട്ടു പോയി.. ഞാൻ അവരുടെ മുന്നിൽ പൊട്ടികരഞ്ഞു..

‘പൊടി കുഞ്ഞാണെങ്കിലും അവളുടെ ഈ അവഗണന എനിക്ക് താങ്ങുന്നില്ല.. അതൊക്കെ മനസ്സിലാകണമെങ്കിൽ നിങ്ങളും ഒരമ്മയാവണം..’

അവരൊന്നും മിണ്ടാതെ നിന്നു..

‘ഇന്നു ഓഫീസ് കഴിഞ്ഞു വന്നപ്പോ ഞാനവൾക്ക് എന്തൊക്ക കൊണ്ട് വന്നത് ഒരുപാട് ചോക്ലേറ്റ് സ് കൊണ്ട് വന്നു..

പുതിയ കളർ പെൻസിലുകൾ കൊണ്ട് വന്നു ..ഉടുപ്പു കൊണ്ട് വന്നു…

അവൾക്കിഷ്ടപ്പെട്ട ഉണ്ണിയപ്പം വരെ ഉണ്ടാക്കി വെച്ചു എന്നിട്ടും അവൾ ഇങ്ങോട്ടേക്കാണ് ഓടി വന്നത്… അറിയോ..’

‘ഞാനൊരിക്കലും നിങ്ങളുട മോളെ ഇങ്ങോട്ടേക്കു വിളിച്ചിട്ടില്ല.. അവൾ ടീച്ചറമ്മേ ന്നു വിളിച്ചു വരുമ്പോ എനിക്കെന്തു ചെയ്യാൻ പറ്റും..’

‘വരണ്ടാന്നു പറയണം… നിങ്ങളിത് വരെ ചോദിച്ചോ എന്തിനാ അമ്മയോട് പിണങ്ങി നടക്കുന്നെ ന്നു..’

‘ശ്ശെടാ ഇതു നല്ല കഥ ഞാനിപ്പോഴാ അറിയുന്നേ അവൾ നിങ്ങളോട് പിണങ്ങി നടക്കുവാണന്നു..

എനിക്കെല്ലാ മക്കളും ഒരുപോലെയാ…ടീച്ചറെ ന്നു വിളിച്ചു ഇങ്ങോട്ടേക്കു വരുമ്പോ നീ നിന്റെ വീട്ടി പോടീ ന്നു പറയാനൊന്നും എന്നേ കൊണ്ട് പറ്റത്തില്ല…’

“അതേയ് എനിക്ക് തോന്നുന്നത് ഇതൊന്നും നിങ്ങക്ക് അറിയാഞ്ഞിട്ടല്ല… കല്യാണം കഴിഞ്ഞു മക്കളുമായി സന്തോഷത്തോടെ കഴിയുന്ന കുടുംബങ്ങളെ കാണുമ്പോ നിങ്ങളെ പോലെയുള്ളവർക്കൊരു കുശുമ്പുണ്ട്..

കുഞ്ഞുങ്ങളെ അത്രക്കിഷ്ടമാണെങ്കി കല്യാണം കഴിക്കണം..

അല്ലെങ്കി നമ്മുടെ നാട്ടിൽ എത്രയോ ഓർഫാനെജുണ്ട് അവിടെ പോയി ഏതെങ്കിലും കുട്ടിയെ ദത്തെടുക്കണം..’

ഇതു കേട്ടപ്പോൾ അവർ ചുവരിൽ തൂക്കിയിരിക്കുന്ന ഫ്രെയിം ചെയ്ത ഫോട്ടോ യിൽ നോക്കി നിന്നു..

അവർ നോക്കുന്നത് കണ്ടു ഞാനും അങ്ങോട്ടേക്ക് നോക്കി..

അപ്പോഴാണ് ശ്രദ്ധിച്ചത്.. ഒരു പെൺകുട്ടി യുടെ ഫോട്ടോ.. അനു വിന്റെ പ്രായം കാണും..

അവരുടെ മോളായിരിക്കും ന്നും ഞാൻ ഊഹിച്ചു..അതിന്റ മേലെ മാലയിട്ട് കണ്ടപ്പോൾ മനസ്സിലായി മരിച്ചു പോയെന്നു..’

പിന്നെ അവർ സോഫയിലിരുന്നു മുഖം പൊത്തി കരയായിരുന്നു..

ഒന്നും പറയേണ്ടിയിരുന്നില്ല ന്നു എനിക്കപ്പോ തോന്നി.. ഞാൻ വേഗം അവരുടെ അടുത്തേക്ക് ചെന്നു സോറി പറഞ്ഞു..

അവരുടെ കരച്ചിൽ കൂടുന്നു ന്നല്ലാതെ കുറയുന്നില്ല… ഞാൻ വീണ്ടും വീണ്ടും അവരുടെ കൈ പിടിച്ചു മാപ്പ് പറഞ്ഞോണ്ടേയിരുന്നു..’

കുറെ കഴിഞ്ഞു നിശബ്ദക്കൊടുവിൽ അവർ കണ്ണീരൊക്കെ തുടച്ചു അവരുടെ കഥ പറഞ്ഞു..

കോളേജിൽ വെച്ചു ഒരാളുമായി പ്രണയിതിലായ കഥ.. അന്യ ജാതിക്കാരനായത് കൊണ്ട് വീട്ടിൽ സമ്മതിച്ചില്ല..

പിന്നെ ആൾക്കൊപ്പം ഒളിച്ചോടി പോയി.. പക്ഷെ എല്ലാവരുടെയും ശാപമേറ്റതു കൊണ്ടാവണം വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളൊന്നും ഉണ്ടായില്ല..

കുറെ മരുന്നു കഴിച്ചു.. പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ സന്തോഷ വാർത്ത അവരെ തേടിയെത്തി..

അവർ ഗർഭിണിയായി… അങ്ങനെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി…

അവൾക്ക് നാലു വയസ്സായപ്പോൾ ദൈവം വീണ്ടും പരീക്ഷിച്ചു…

അതും നാലു വയസ്സായ അവരുടെ പൊന്നു മോൾക്ക് ക്യാൻസർ നൽകി കൊണ്ട്..

എന്റെ കുഞ്ഞിനെ സ്നേഹിച്ചു കൊതി തീർന്നില്ല അതിന് മുന്നേ ദൈവം അങ്ങോട്ടേക്ക് വിളിച്ചു…

നിങ്ങക്കറിയ്യോ ഒരു കുഞ്ഞു നഷ്ടപ്പെട്ട എന്റെ വേദന…

ഇതു താങ്ങാനാവാതെ ഏട്ടായി യും അറ്റാക്ക് വന്നു മ രിച്ചു..

ഈ ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞതാ…അപ്പോഴൊക്കെ രക്ഷകരുടെ രൂപത്തിൽ ആരെങ്കിലും വരും..

നാട്ടിലേക്ക് തിരിച്ചു പോയപ്പോ ആരും വീട്ടിൽ കയറ്റിയില്ല..

അന്യ ജാതി ക്കാരന്റെ കൂടെ പോയത്തിനുള്ള ശിക്ഷ… എല്ലാവരും ഒറ്റപ്പെടുത്തിയപ്പോ ജീവിക്കാനൊരു വാശിയായിരുന്നു..

പലരും വേറെരു ബന്ധത്തിന് എന്നേ ഉപദേശിച്ചു… പക്ഷെ എന്തിന്….

ഒരിക്കലും നല്ലൊരു കുടുംബ ജീവിതം എന്നേ കൊണ്ട് പറ്റില്ല ന്നു ഉറപ്പായിരുന്നു..

വേണമെങ്കിൽ ആൾക്കാരെ കാണിക്കാൻ എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കാം..

പക്ഷെ അവിടെ യും ഞാൻ കാരണം തകരുന്നത് വേറെ ഒരാളുടെ ജീവിതമല്ലേ.. അങ്ങനെയാണ് ഞാൻ നല്ലൊരു ജോലി കണ്ടത്തി ഒറ്റക്ക് ജീവിക്കാൻ തീരുമാനിച്ചത്..

ചെറിയ മക്കളെ പഠിപ്പിക്കലാവുമ്പോ ഒരു പാട് സങ്കടങ്ങൾ മറക്കാം..

അനു വിനെ കണ്ടപ്പോ എനിക്കെന്റെ മോളെ ഓർമ വന്നത് .. അതാണ്‌ അവളെ ഞാൻ…’

വാക്കുകൾ മുറിഞ്ഞു പോയപ്പോ അവരെന്താണ് പറയാൻ പോകുന്നെ ന്നു ഞാൻ മനസ്സിലാക്കി…

ഞാൻ വീണ്ടും വീണ്ടും അവരോട് പറഞ്ഞ വാക്കുകളിൽ ക്ഷമ ചോദിച്ചു…

എന്റെ മോൾടെ പിണക്കം മാറ്റി തന്നത് അവരായിരുന്നു.. അന്ന് മുതൽ ഞാൻ മനസ്സിലാക്കി…

ഈ സ്നേഹം ന്നു പറയുന്നത് അങ്ങോട്ട്‌ കൊടുത്താലേ തിരിച്ചു കിട്ടൂ ന്നു…

എന്റെ ഉത്തരവാദിത്തങ്ങൾക്കിടയിൽ… പലപ്പോഴും മോളെ സ്നേഹിക്കാൻ മറന്നു പോയി..

ഓഫിസ് ജോലി യും വീട്ടു ജോലി യും ഒരേ അനുപാതത്തിൽ കൊണ്ട് പോവാനുള്ള തിടുക്കത്തിലായിരുന്നു ഞാൻ..

അതിനിടയിൽ മോളെ ശ്രദ്ധിച്ചില്ല

എന്റെ അമ്മയായിരുന്നു അവൾക്കെല്ലാം… അമ്മ പോയതോടെയാണ് ഈ ടീച്ചറെ കിട്ടിയത്… അതായിരിക്കും അവരുമായി ഇത്ര അടുപ്പത്തിലായത്..

നമ്മൾ ജന്മം കൊടുത്ത മക്കളാണെങ്കിലും.. അങ്ങോട്ട് സ്നേഹിച്ചാലേ തിരിച്ചിങ്ങോട്ട് സ്നേഹം കിട്ടൂ…

അവൾക്ക് വേണ്ടി ഞാൻ കൂടുതൽ സമയം കണ്ടത്തി…

ഇപ്പൊ അനുമോൾ ക്ക് രണ്ടമ്മ മാരാണ് ഒന്നു ഞാനും മറ്റൊന്ന് ടീച്ചറമ്മ യും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *