കുഞ്ഞിപെങ്ങൾ
Story written by Arun Karthik
അമ്മയുടെ വയറ്റിൽ കുഞ്ഞാവ ഉണ്ടെന്നറിഞ്ഞപ്പോൾ തൊട്ടു തുടങ്ങിയതാണ് ഞാനെന്റെ കുഞ്ഞി പെങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്…
എനിക്ക് ഉറപ്പുണ്ടായിരുന്നു ജനിച്ചു വീഴുന്ന ആ തങ്കക്കുടം എന്റെ അനിയത്തി കുട്ടി തന്നെയാവുമെന്ന്…
അമ്മയുടെ അരികിൽ കിടക്കുന്ന കുഞ്ഞിന് എന്താ പേര് വയ്‌ക്കേണ്ടതെന്നച്ചൻ ചോദിച്ചപ്പോൾ അമ്മയുടെ മുഖത്തിന് ചുറ്റും ഞാനെന്റെ കൈ കൊണ്ട് മൂന്നു വട്ടം ഉഴിഞ്ഞു കാണിച്ചു..
എന്റെ ആംഗ്യം കണ്ടു ഒന്നും മനസ്സിലാവാതെ നിന്ന അച്ഛനെ നോക്കി അമ്മ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു അവൻ പറഞ്ഞത് “ആരതി” എന്നാണെന്ന്…
തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിപെങ്ങളുടെ ഇത്തിരിപോന്ന മൂക്കിൽ ഞാനെന്റെ മൂക്ക് മുട്ടിച്ചു ആരതി ന്ന് വിളിച്ചപ്പോൾ അവളാ കുഞ്ഞികൈ കൊണ്ട് എന്റെ കവിളിൽ ഒരു തല്ല് വച്ചു തന്നു
അപ്പോഴേ ഞാൻ മനസ്സിൽ ഉറപ്പിച്ചു ഇവൾ ആരതി ഉഴിയേണ്ടവളല്ല കുരുത്തക്കേടിനു കയ്യും കാലും വച്ച കാന്താരിപെണ്ണാണെന്ന്.
അവൾ പതിയെ വളരുന്തോറും കുറുമ്പുകൾ ഓരോന്നായി പുറത്തേക്കു വന്നുകൊണ്ടിരുന്നു
ആനപ്പുറം കളിക്കുമ്പോൾ പുറത്തിരുന്നെന്റെ ചെവിപിടിച്ചു പൊന്നക്കാനും തലമുടിയിൽ കോർത്തു വലിക്കാനും കുഞ്ഞിക്ക് എന്തുത്സാഹമായിരുന്നു…
വട്ടപൊട്ടു തൊടാൻ പറഞ്ഞാൽ നീളൻപൊട്ട് തൊടുമ്പോഴും മുടിയിഴമെനഞ്ഞു കെട്ടിവയ്ക്കാൻ പറഞ്ഞാൽ അഴിച്ചു പരത്തി മുന്നിലേക്കിട്ടു മാറിനിന്നു കൊഞ്ഞനം കുത്താനും അവൾ മിടുക്കി ആയിരുന്നു..
എന്റെ പാത്രത്തിലെ മൊട്ടപൊരിച്ചത് അടിച്ചുമാറ്റി കഴിക്കാനും ഹോംവർക്ക് ചെയ്യാൻ എന്റെ മുന്നിൽ ബുക്ക് കൊണ്ടിട്ടു പുറത്തു ചാരികിടന്ന് ഉറക്കം തൂങ്ങാനും കാന്താരിയ്ക്ക് ഒട്ടും മടിയില്ലായിരുന്നു…
അന്നാട്ടിലെ ഏത് മാവിലെയും മാങ്ങാ കല്ലെറിഞ്ഞു വീഴ്ത്താനും പുളിയും ഉപ്പും കൂട്ടി കഴിക്കുന്ന ചെറുപിള്ളാരുടെ കയ്യിലെ പുളി അടിച്ചു മാറ്റി ഓടാനും അവൾക്ക് ലവലേശം നാണമുണ്ടായിരുന്നില്ല…
മരംകേറിപെണ്ണ്,, വഴക്കാളി പെണ്ണ് കാന്താരി പെണ്ണ് അങ്ങനെ എത്ര വിശേഷപട്ടങ്ങൾ ആണ് അവൾക്ക് ചാർത്തികിട്ടിയത്..
പക്ഷേ, കാലം എത്ര പെട്ടെന്നാണ് ആ സന്തോഷങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തിയത്..
പെട്ടെന്നൊരു നാൾ സ്ട്രോക്ക് പിടി പെട്ട അച്ഛൻ കട്ടിലിലേക്ക് വീഴുമ്പോൾ വീട്ടിലേക്കുള്ള വരുമാനത്തോടൊപ്പം കുഞ്ഞിപെങ്ങളുടെ കണ്ണുനീരിനു സാക്ഷി കൂടി ആവേണ്ടി വന്നു എനിക്ക്….
പത്താം തരം പാസ്സായപ്പോൾ അമ്മ പറഞ്ഞു മതി മോനെ കാർത്തി പഠിച്ചത്.. എന്തെങ്കിലും തൊഴിൽ ഇല്ലെങ്കിൽ രണ്ടാളെയും കൂടി പഠിപ്പിക്കാനുള്ള ആവത് ഈ അമ്മയ്ക്കില്ലെന്നു..
അല്ലേലും കുറെ പഠിച്ചിട്ടിപ്പോ എന്തിനാ ജീവിതം പഠിക്കാൻ പുറംലോകതേ അനുഭവത്തെക്കാൾ വലിയ വിദ്യാലയം ഉണ്ടോന്ന് പറഞ്ഞു പണിയാൻ ഇറങ്ങുമ്പോൾ മനസ്സിൽ കുഞ്ഞിപെങ്ങളുടെ ആഗ്രഹം പോലെ ഒരു നേഴ്സ് ആക്കി തീർക്കണം എന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ
പൊള്ളുന്ന വെയിലിൽ മൂന്നാൾ കൂടി ഉയർത്തി തന്ന ഭാരമേറിയ കരിങ്കൽ തലയിൽ ചുമക്കുമ്പോൾ കണ്ണിൽ കൂടി പൊന്നീച്ച പാറി കളിക്കുന്ന പോലെ തോന്നി
പണി കഴിഞ്ഞു വെയിലേറ്റു വാടിയ മുഖവുമായി തിരിച്ചു വരുന്ന എന്നെ നോക്കി കുഞ്ഞേട്ടാ വേറെന്തെങ്കിലും പണി നോക്കാമെന്ന് കുഞ്ഞിപെങ്ങൾ സങ്കടത്തോടെ പറഞ്ഞപ്പോൾ സാരമില്ല മോളെ ന്ന് പറഞ്ഞു ഞാൻ ചെറിയൊരു കരിമണിമാല അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു…
അത് കണ്ടു പൊട്ടികരഞ്ഞുകൊണ്ട് അവളെന്നെ കെട്ടിപിടിച്ചു ഉമ്മവയ്ക്കുമ്പോൾ ആ സ്നേഹം മാത്രം മതിയായിരുന്നു ഒരായുസ്സ് മുഴുവൻ എത്ര പൊരിവെയിലിലും ഈ ഏട്ടന് പണി എടുക്കാൻ….
കുഞ്ഞി പെങ്ങൾ കോളേജിൽ എത്തിയപ്പോൾ ഫീസിനും അച്ഛന്റെ മരുന്നിനും വീട്ടുചിലവിനുമെല്ലാം കൂടി പണം കണ്ടെത്താൻ നൈറ്റ് പണിയേകൂടി കൂട്ട് പിടിക്കേണ്ടി വരുമ്പോഴും കുഞ്ഞി പെങ്ങൾടെ പുഞ്ചിരിച്ച മുഖം ഒന്ന് ഓർക്കുമ്പോൾ മനസ്സ് നിറയുമായിരുന്നു..
പിന്നിട് പലപ്പോഴും പണികഴിഞ്ഞെത്തുമ്പോഴേക്കും കുഞ്ഞി പെങ്ങൾ ഉറങ്ങിയിട്ടുണ്ടാവുമെങ്കിലും അവൾക്കുള്ള ചോക്ലേറ്റ് പതിവ് തെറ്റാതെ ഞാനാ മേശപ്പുറത്തു കൊണ്ടു വയ്ക്കുമായിരുന്നു…
പിന്നീടെപ്പോഴോ.. പതിയെ പതിയെ ഞങ്ങൾക്കിടയിലെ സംസാരത്തിന്റെ അളവും കുറഞ്ഞു തുടങ്ങി..
അവൾ കോളേജ് ലൈഫ് ആസ്വദിക്കാൻ തുടങ്ങിയപ്പോൾ ഞാനും പണമുണ്ടാക്കാനുള്ള നെട്ടോട്ടം ആയിരുന്നുവല്ലോ..
അവൾക്ക് ഏറെ ഇഷ്ടമുള്ള ചോക്ലേറ്റ് പലപ്പോഴും ആ മേശയിൽ ഇരുന്ന് ഉറുമ്പരിക്കുന്നത് കണ്ടിട്ടും കാണാതെ നടിക്കേണ്ടി വന്നു എനിക്ക്..
കിട്ടണ സമയത്തു കുഞ്ഞിപെങ്ങളോട് സംസാരിക്കാൻ ചെല്ലുമ്പോഴൊക്കെ ഞാൻ മേടിച്ചു കൊടുത്ത പുതുമൊബൈലിൽ കൂട്ടുകാരോട് സംസാരിക്കാനുള്ള തിരക്കിൽ ആയിരുന്നു അവൾ..
എന്തെങ്കിലും കാരണം പറഞ്ഞ് ദിനംതോറും ഫീസ് മേടിക്കാൻ മാത്രം അമ്മയെ പറഞ്ഞു വിടുമ്പോൾ പെൺകുട്ട്യോൾ വളരുമ്പോൾ കുറച്ചു അകലം പാലിച്ചു നിക്കണമെന്നാരോ പറഞ്ഞതോർത്തു ഞാൻ അകലം പാലിച്ചു പോയി …
ടൗണിലെ ഇരുനിലവീടിന്റെ ഷെയ്ഡിലേക്ക് കോവണിയിലൂടെ സിമന്റ് ചാക്കുമായി കയറുമ്പോൾ ഒരു കോളേജ് പയ്യനൊപ്പം ബൈക്കിൽ ഷാളിനാൽ മുഖം മറച്ചു എന്റെ കുഞ്ഞിപ്പെങ്ങൾ കൂടെയിരുന്നു പോകുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം പൊടിഞ്ഞു പോയി..
വിയർപ്പൊട്ടി ചെളി പിടിച്ചിരിക്കണ ആ കീറൻ ഷർട്ടാലേ അവള് കയറിയ ഷോപ്പിംഗ് മാളിനുള്ളിലേക്കു പിന്നാലെ ചെന്ന് കയറാൻ തുടങ്ങിയെങ്കിലും പാതിവഴിയിൽ ഞാനാ നടത്തമങ്ങു നിർത്തി.
കാരണം, എന്നെ കാണുമ്പോൾ ആ കാമുകന്റെ മുന്നിൽ വച്ച് ആരാണ് നിങ്ങളെന്നു അവൾ എന്നോട് തിരിച്ചു ചോദിച്ചാൽപിന്നെ ഈ ഏട്ടൻ തകർന്നുപോകുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു….
പണി കഴിഞ്ഞു വീട്ടിൽ എത്തിയ ഞാൻ മുറിയിലെ ഫോണിൽ കിന്നരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞി പെങ്ങളോട് ഇരച്ചു വന്ന ദേഷ്യത്താലേ ചോദിച്ചു നീ പഠിക്കാന് തന്നെയാണോ കോളേജിൽ പോകുന്നതെന്ന്…
ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ ചെയ്യും.. ഈ വീട്ടിൽ ഒരു സ്വാതന്ത്ര്യം ഇല്ലല്ലോ ന്ന് പറഞ്ഞു കുഞ്ഞി പെങ്ങൾ ആ ഫോണിലേക്കു മുഖം തിരിച്ചപ്പോൾ അണപൊട്ടി വന്ന സങ്കടവും ദേഷ്യവും സഹിക്കവയ്യാതെ എന്റെ കൈ ആദ്യമായി ആ കവിളിൽ പതിഞ്ഞു
തിരിച്ചെന്നെ കനപ്പിച്ചൊന്നു നോക്കി മുറിയിലെ ബാഗെടുത്തുട്ട് കായലിനക്കരെയുള്ള അമ്മാവന്റെ വീട്ടിൽ എങ്കിലും സമാധാനം കിട്ടുമോന്ന് നോക്കട്ടെയമ്മേ ന്ന് പറഞ്ഞു അവൾ ആ വീടിന്റെ പടിയിറങ്ങുന്നത് ഞാൻ നോക്കി നിന്നു
തിരിച്ചുവിളിക്കാൻ അമ്മ പറഞ്ഞപ്പോൾ തന്നിഷ്ടക്കാരി എന്തെങ്കിലും കാണിക്കട്ടെന്ന് പറഞ്ഞു ഞാനെന്റെ മുറിയുടെ വാതിൽ ചേർത്ത് അടയ്ക്കുമ്പോഴും കുഞ്ഞിപെങ്ങളെ തല്ലിയതോർത്തു എന്റെ ഉള്ളിലെ വിങ്ങൽ അടക്കാൻ ഞാൻ പാട്പെടുന്നുണ്ടായിരുന്നു.
ഉണ്ണാൻവിളിക്കാൻ വന്ന അമ്മയോട് വിശപ്പില്ലെന്ന് പറഞ്ഞു വാതിൽ തുറക്കാതിരിക്കുമ്പോൾ അമ്മ പുറത്ത് നിന്ന് പറയുന്നത് കേട്ടു.. അവൾ അമ്മാവന്റെ വീട്ടിൽ ഭദ്രമായി എത്തിയിട്ടുണ്ടെന്നു..
ചെറിയൊരാശ്വാസം മനസ്സിന് അനുഭവപ്പെട്ടെങ്കിലും കുഞ്ഞിപെങ്ങളെ തിരിച്ചു കൂട്ടികൊണ്ടുവരാൻ മനസ്സ് തിടുക്കം കാണിക്കുമ്പോഴും അക്കരകടവിലേക്കുള്ള അവസാന തോണിയും ആ സമയം പോയിക്കഴിഞ്ഞിരുന്നു….
അറിയാതെ ആദ്യമായി അവളെ തല്ലിപോയത് കൊണ്ടാവാം ആ മുറിയിൽ ഉറക്കം വരാതെ അങ്ങോളം ഇങ്ങോളം കുഞ്ഞിപെങ്ങളെ ഓർത്ത് നടക്കാൻ മാത്രമേ എനിക്ക് അപ്പോൾ സാധിക്കുമായിരുന്നുള്ളൂ..
കസേരയിൽ വന്നിരുന്നെപ്പോഴോ മയങ്ങി തുടങ്ങിയപ്പോഴാണ് കുഞ്ഞി പെങ്ങളുടെ കാൾ വൈബ്രേറ്റ് ചെയ്യുന്നത് ഞാൻ കേട്ടത്.
ചാടിയാ കാൾ അറ്റൻഡ് ചെയ്യുമ്പോൾ എതിരെ നിന്നും പേടിച്ചരണ്ട കുഞ്ഞിപ്പെങ്ങളുടെ കുഞ്ഞേട്ടാ ന്നുള്ള കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു..
എന്തിനാ മോളെ കരയുന്നത്….
എനിക്ക് പേടിയാവുന്നു കുഞ്ഞേട്ടാ
മോള് എന്തിനാ പേടിക്കുന്നതെന്ന് ചോദിച്ചപ്പോൾ അവൾ പറയുന്നുണ്ടായിരുന്നു ഇവിടെ അമ്മാവനും അമ്മായിയും ഇല്ല അവൾ തനിച്ചാണെന്നു.
അവൾ അവിടെ വന്നു കയറിയപ്പോഴാണ് അറിഞ്ഞതത്രെ അവർ രണ്ടാളും കൂടി ഗുരുവായൂർ തൊഴാൻ പോയിരിക്കുകയായിരുന്നുവെന്നു…
കുഞ്ഞേട്ടാ കതകിൽ ആരോ മുട്ടുന്നുണ്ട്…പുറത്തൂടെ ആരൊക്കെയോ നടക്കുന്നത് പോലെ… കുഞ്ഞേട്ടാ നിക്ക് പേടിയാവുന്നുന്ന് പറഞ്ഞു അവൾ തേങ്ങി കരയാൻ തുടങ്ങി…
പുറത്തു ശക്തമായ മഴയും മിന്നലും പെയ്തിറങ്ങുമ്പോൾ മുറിയുടെ മൂലയിൽ ഓരം ചേർന്നിരുന്ന് കുഞ്ഞേട്ടാ ഫോൺ വയ്ക്കരുതേ എനിക്ക് കൂട്ടിരിക്കണേയെന്ന് പറഞ്ഞു അവൾ പൊട്ടികരയുന്നുണ്ടായിരുന്നു.
കൂട്ടിന് ഏട്ടനുണ്ട് മോളെ കരയല്ലേ ന്ന് പറഞ്ഞു സമാധാനിപ്പിച്ചെങ്കിലും കുറച്ചു സമയം കഴിഞ്ഞപ്പോൾ അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയി പോയിരുന്നു.
നേരം പുലരാൻ കുറച്ചു സമയം ബാക്കി നിൽക്കും വരെ എന്റെ കുഞ്ഞിപെങ്ങളെ കാത്തോളണേ ന്ന് പ്രാർത്ഥിച്ചു കടവിലെ ആദ്യ തോണിയിൽ കയറി അങ്ങോട്ട് യാത്ര പുറപ്പെടുമ്പോൾ എന്റെ നെഞ്ച് പട പട ന്ന് ഇടിക്കുന്നുണ്ടായിരുന്നു…..
ആ വീടിന്റെ വാതിലിൽ തെരുതെര മൂന്നു വട്ടം ഞാൻ ഇടിച്ചപ്പോൾ കുഞ്ഞേട്ടാ ന്ന്
വിളിച്ചു കൊണ്ട് അവൾ ഓടിവന്ന് വാതിൽ തുറന്നു എന്നെ കെട്ടിപിടിച്ചു പറഞ്ഞു കുഞ്ഞേട്ടനെ വിട്ട് ഈ കാന്താരി ഇനി എങ്ങും പോകില്ലെന്ന്.
കുഞ്ഞേട്ടനോടല്ലാതെ ആരോടാ മോളെ നീ വഴക്ക് ഇടുന്നത് എന്ന് ചോദിച്ചു കൊണ്ട് ഞാനവളെ വീട്ടിൽ കൊണ്ടിരുത്തുമ്പോൾ അവൾ ഓടി ചെന്ന് മുറിയിൽ നിന്നും ഒരു കവർ എടുത്തു കൊണ്ടു വന്നു….
കുഞ്ഞേട്ടന്റെ പിറന്നാൾനു ഇടാൻ ഒരു ഷർട്ട് മേടിക്കാൻ വേണ്ടിയാ ഞാൻ ഇന്നലെ ഫ്രണ്ട്നൊപ്പം പോയതെന്ന് പറഞ്ഞു അവൾ ആ കവർ എനിക്ക് വച്ചു നീട്ടി.
നിന്നെ വേദനിപ്പിച്ചതിന് എന്നോട് പൊറുക്കണേ മോളെന്ന് പറഞ്ഞപ്പോ സാരമില്ല ഏട്ടാ ഏട്ടന്റെ പെങ്ങൾ ഏട്ടനെ മറന്നൊന്നും ചെയ്യൂല്ല… ഇനി അങ്ങനെ ഒരു ഇഷ്ടം ആരോടെങ്കിലും തോന്നിയാലും എന്റെ ഏട്ടനോടല്ലേ ഞാൻ ആദ്യം പറയൂള്ളൂ ന്ന് പറഞ്ഞപ്പോൾ ആ കുഞ്ഞി പെങ്ങൾടെ സ്നേഹത്തിനു മുന്നിൽ ഞാൻ തോറ്റു പോയിരുന്നു..
അതേ…. ഏട്ടനെ സ്നേഹിക്കുന്ന എല്ലാ കുഞ്ഞിപെങ്ങൾ മാരും ആദ്യം എന്തും തുറന്നു പറയുന്നത് ഏട്ടനോട് തന്നെയാവും….