എന്നെ അവൾ വീണ്ടും കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ അവളോട്‌ എന്തു പറയണം എന്നറിയാതെ……..

കനൽ

Story written by Murali Ramachandran

“നീയെന്താടി അത്യാവശ്യമായി വരാൻ പറഞ്ഞത്..? എന്തൊ ഉണ്ടല്ലോ.. എന്താ നിനക്കിത്ര പേടി..? എന്തുവാ കൊച്ചേ.. നീ കാര്യം പറയ്യ്..”

ഞാൻ അതു ചോദിക്കുമ്പോൾ എന്നെ കെട്ടിപിടിച്ചു കൊണ്ടു പ്രിയ പൊട്ടിക്കരയാൻ തുടങ്ങി. പ്രതീക്ഷിക്കാതെയുള്ള ആ കരച്ചിലിൽ സംശയങ്ങൾ തോന്നിപ്പിച്ചതും ഞാൻ ഉടനെ ചോദിച്ചു.

“പ്രിയേ.. നീ കരയാതെ, എന്തു ഉണ്ടേലും എന്നോട് പറ..”

“സീമേ.. ഉച്ചക്ക് എന്നെ ദിലീപ് വിളിച്ചിരുന്നു.”

“ആരു..? അന്ന് നിന്റെ കെട്ടിയോനെ കാണാൻ വന്നവനോ..? ഞാനന്ന് ചോദിക്കണമെന്ന് കരുതിയതാ, അവനേതാ..?”

ഞാൻ അതു ചോദിക്കുമ്പോൾ കണ്ണീര് തുടച്ചു കൊണ്ടു അവൾ വിതുമ്പി കരഞ്ഞു. ഞാൻ വീണ്ടും ചോദിച്ചു.

“ശരി, എന്നിട്ട് അവനെന്താ പറഞ്ഞെ..?”

“അവൻ ഏട്ടന്റെ കൂടെ ഓഫീസിൽ ജോലി ചെയ്തിരുന്നതാ.. പ്രതീക്ഷിക്കാതെ രാവിലെ എന്റെ ഫോണിൽ വിളിച്ചിട്ട് പറയുവാ.. ‘എനിക്ക് തോന്നുന്നില്ല നിന്റെ ഭർത്താവിനെ കൊണ്ടു അതിന് കഴിയുമെന്ന്.. നിനക്കെന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടേൽ എന്നെ ഈ നമ്പറിൽ വിളിച്ചാൽ മതീന്ന്.’ ഞാൻ ഉടനെ ആ കോൾ കട്ടാക്കി. കൂടെക്കൂടെ രണ്ടു തവണ എന്നെ വിളിച്ചു. ഞാൻ അതു എടുക്കാൻ പോയില്ല. ഒരു മെസ്സേജ് ഇട്ടേക്കുന്നു, ‘എന്നോട് താല്പര്യം ഉണ്ടൊന്നു..?’ ഞാൻ എന്താ ചെയ്യേണ്ടേ..? എനിക്ക് പേടി യാകുന്നടി..”

“എടി.. നീ നിന്റെ കെട്ടിയോനോട് പറ.. അങ്ങേരു അവനെ വിളിച്ചു കണക്കിന് രണ്ടെണ്ണം പറയട്ടെ..”

പ്രിയയോട് ഞാൻ അതു പറഞ്ഞതും സങ്കടം കൊണ്ടു അവൾ മുഖം തിരിച്ചു.

“സീമേ.. ഏട്ടനോട് ഞാനത് അപ്പോഴേ പറഞ്ഞതാ, എന്നെ വിശ്വസിക്കുന്നില്ലന്നേ.. പുള്ളിക്ക് ഹെപ്പറ്റായിറ്റസ് ബി ആണെന്ന് കൂട്ടുകാരനോട് പറഞ്ഞിട്ടുണ്ട്. അതല്ലേ അവനൊക്കെ എന്നെ വേറെ രീതിയിൽ കാണുന്നേ.. ഇനി ഏട്ടൻ പറഞ്ഞിട്ടാണോ അവ നെന്നെ വിളിപ്പിച്ചത്..? എനിക്ക് അറിയില്ലടി.. എനിക്ക് പേടിയാവുന്നു.”

എന്നെ അവൾ വീണ്ടും കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ അവളോട്‌ എന്തു പറയണം എന്നറിയാതെ പകച്ചു നിന്നു പോയി. അവളുടെ കണ്ണീരിനു ഞാൻ ഇപ്പോൾ എന്ത് ഉത്തരം കൊടുക്കും..? എനിക്ക് അറിയില്ല, ഒന്നും അറിയില്ല. കരച്ചിൽ നിർത്തിയിട്ടു ഉറച്ച ശബ്ദത്തിൽ അവൾ ഉടനെ പറഞ്ഞു.

“എടി സീമേ.. നീ പറ, സെ ക്സ് മാത്രാണോ ജീവിതം..? ഇവർക്കെന്താ ഇത് മനസിലാവാത്തെ.. ഇനിയുള്ള എന്റെ ജീവിതം ഏട്ടനും, മോൾക്കും വേണ്ടിട്ടാ.. അതിന്റെ ഇടക്ക് ഇങ്ങനെ ഓരോരുത്തരെ കാണുമ്പോ എനിക്കെന്നെ തന്നേ നിയന്ത്രിക്കാൻ ആവുന്നില്ല. ഇനി അവൻ വിളിക്കട്ടെ.. ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്. മേലിൽ ഒരു പെണ്ണിനോടും അവൻ അങ്ങനെ ചോദിക്കാത്ത വിധം.”

“ശരിയാടി നീ പറഞ്ഞത്. ഇനിയാണ് നീ സൂക്ഷിക്കേണ്ടതും.. പേടിയല്ല, പ്രതികരിക്കണമാണ് വേണ്ടത്. ഇനി കരയണ്ട, നിന്റെ കണ്ണിരാണ് നിന്റെ ഊർജം. അതു നിനക്ക് വേണം..!”

നിറഞ്ഞ ആ കണ്ണീരിനെ പിടിച്ചു നിർത്തികൊണ്ട് പ്രിയ എന്നെ തീവ്രമായി ഒന്നു നോക്കി. അവളിൽ ഒരു കനലുണ്ട്, അതു എരിയട്ടെ.. ചാമ്പലാണെന്നു കരുതി തൊടുന്നവരെ അതു ചുട്ടേരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രതീക്ഷയുടെ ചെറു പുഞ്ചിരി കൊണ്ടു അവളെ ഞാൻ ചേർത്തു പിടിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *