പെറ്റ വയറിനെ അതിന്റെ നോവറിയൂ എന്നൊക്കെ. പിന്നെന്തേലും മിണ്ടാൻ ഒക്കുവോ. വേറെന്തേലും ആണ് പറഞ്ഞതെങ്കിൽ ഓഹ് അതൊക്കെ ഞങ്ങളെ കൊണ്ടും പറ്റുമെന്നൊക്കെ……

Story written by Adam John

നല്ല വിശപ്പ്. ഭാര്യ കൊച്ചിനെ സ്‌കൂളിലേക്ക് വിടാൻ വേണ്ടി സ്‌കൂൾ ബസ്സ് കാത്ത് നിക്കുവാ. അവനൊറ്റക്ക് പോവാമെന്ന് പറഞ്ഞാലും അവള് സമ്മതിക്കേല. പിള്ളേര് പിടുത്തക്കാരെങ്ങാനും വന്ന് കൊച്ചിനെ കൊണ്ട് പോയാലോ എന്നൊക്കെയുള്ള ആധിയാണ്. ഞാനതൊക്കെ കേട്ട് ചിരിക്കുമ്പോ അവള് പറയുന്നൊരു ഡയലോഗ്ണ്ട്.

പെറ്റ വയറിനെ അതിന്റെ നോവറിയൂ എന്നൊക്കെ. പിന്നെന്തേലും മിണ്ടാൻ ഒക്കുവോ. വേറെന്തേലും ആണ് പറഞ്ഞതെങ്കിൽ ഓഹ് അതൊക്കെ ഞങ്ങളെ കൊണ്ടും പറ്റുമെന്നൊക്കെ പറഞ്ഞോണ്ട് പിടിച്ചു നിക്കാരുന്നു..ഇതിപ്പോ മിണ്ടാതിരിക്കെ നിവൃത്തിയുള്ളൂ.എന്നാലു മെന്റെ ദൈവമേ വല്ലാത്തൊരു വിവേചനം ആയിപ്പോയെന്നെ..ഞങ്ങൾക്കും അങ്ങനൊരു അവസരം തന്നാരുന്നേൽ ഇതൊന്നും കേൾക്കേണ്ടി വരില്ലാരുന്നല്ലോ.

എന്തേലും കഴിക്കാൻ കിട്ടുവോന്ന് നോക്കാൻ നേരെ അടുക്കളയിലോട്ട് ചെന്നതാ. നോക്കുമ്പോ കണ്ട കാഴ്ച. സ്‌കൂൾ ടൈമിൽ ഓടുന്ന പ്രൈവറ്റ് ബസ്സ് കണക്കെയാണ് സിങ്കിന്റെ അവസ്ഥ. നിറയെ പാത്രങ്ങളാണ്. ഒന്നങ്ങോട്ടോ ഇങ്ങോട്ടൊ എന്ന പോലെ നിപ്പാണ് ഗ്ലാസുകൾ തൊട്ട് സ്പൂൺ വരെ. ഈ തിരക്കിനിടയിലും തവിയുണ്ട് തല പുറത്തൊട്ട് ഇട്ട് നിക്കുന്നു. ഇനി യാരെലും ടിക്കറ്റെടുക്കാൻ ബാക്കിയുണ്ടോ ന്ന് ചോദിക്കുന്ന കണ്ടക്ടറുടെ കൂട്ട്.

ഓംലെറ്റ് ഉണ്ടാക്കിയ പാൻ ഇതെന്താപ്പോ ഇവിടുണ്ടായെന്നുള്ള മട്ടിൽ ചുറ്റും നോക്കിക്കൊണ്ടിരിക്കുവാ. മിക്സിയുടെ ജാർ കണ്ടപ്പോ ബംബർ ചിരിയിലെ സ്ലയിം വീണ കണ്ടസ്റ്റന്റിനെ ആണോർമ്മ വന്നേ. മൊത്തം അരിമാവ് പുരണ്ടിരിക്കുവാ. ആകെക്കൂടെ അടിപൊളി ആയിട്ടുണ്ട്. കൂടുതൽ ആലോചിക്കാൻ നിക്കാതെ പാത്രത്തിൽ ഇരിപ്പുണ്ടാരുന്ന ദോശയും വരട്ടി വെച്ചേക്കുന്ന ചെമ്മീനും എടുത്തോണ്ട് ഡൈനിംഗ് ഹാളിലേക്ക് നടന്നു.

അവള് വരുന്നതിന് മുമ്പേ കഴിച്ചു തീർത്ത് സ്ഥലം കാലിയാക്കണം. വേറൊന്നും കൊണ്ടല്ല. ഈ ഭാര്യമാർക്കൊരു കുഴപ്പുണ്ട്. ഭാര്യമാർക്ക് മാത്രല്ല അമ്മമാർക്കും. ഞങ്ങള് ഭർത്താക്കന്മാർ വെറുതെ ഇരിക്കുന്ന കണ്ടാൽ എന്തേലുമൊക്കെ ജോലി തരുന്നൊരു സ്വഭാവം.

ലീവുള്ള ദിവസം ടീവീൽ എന്തേലും പരിപാടിയൊക്കെ കാണാമെന്ന് വെച്ചാൽ അപ്പോ തുടങ്ങും ചുമ്മാ ഇരിക്കുമ്പോ ഈ സവാളയൊന്ന് അരിഞ്ഞു തന്നൂടെ. ദേ ഈ തേങ്ങായൊന്ന് ചിരവിയെ. അടുപ്പേൽ ഉള്ളത് കരിഞ്ഞു പോവുമെന്ന് പേടിച്ചാ അല്ലേൽ ഞാൻ തന്നെ ചെയ്തേനെ എന്നൊക്കെ പറഞ്ഞോണ്ട് സ്വസ്ഥത നശിപ്പിക്കും.. എന്നാപ്പിന്നെ അടുപ്പിൽ എന്തേലും വെക്കുന്നതിന് മുമ്പ് ചെയ്താൽ പോരായോ. അതെങ്ങിനെ അന്നേരം എനിക്കിട്ട് പണി തരാൻ ഒക്കത്തില്ലാലോ. നാ ശം പിടിക്കാൻ ഈ തേങ്ങായൊക്കെ ആര് കണ്ട് പിടിച്ചെന്ന് തോന്നിപ്പോവും.

അല്ലേൽ തന്നെ തേങ്ങായോട് വല്ലാത്തൊരു ദേഷ്യമുണ്ട്. കുട്ടിക്കാലത്ത് ഒഴിവ് ദിവസങ്ങൾ മിക്കതും കൊണ്ടോയത് ഈ മുക്കണ്ണനാണ്. കാർന്നോ മ്മാരായിട്ട് കൊറേ തെങ്ങ് വെച്ചത് കാരണം അത് പെറുക്കി കൂട്ടാനും ഓല മടലൊക്കെ വലിച്ചടുക്കി വെക്കാനും ഞങ്ങള് കുട്ടികളെയാണ് ഏർപ്പാടാക്ക. കൂട്ടുകാരൊക്കെ പാടത്ത് പന്തിന് വേണ്ടി ഓടുമ്പോ ഞാൻ പറമ്പത്ത് തേങ്ങായുടെ പിറകെയാവും. കല്യാണം കഴിച്ചതിൽ പിന്നെയെങ്കിലും ഇതീന്നൊരു മോചനം കിട്ടുമെന്ന് വിചാരിച്ചപ്പോ അതിങ്ങനെയുമായി.

സ്‌കൂൾ ബസ്സ് വന്നെന്ന് തോന്നുന്നു. തുമ്പയോടും തുളസിയോടും മിണ്ടിപ്പറഞ്ഞോണ്ട് അവള് മെല്ലെ നടന്ന് വരുന്നത് ജനാലയീക്കൂടെ നോക്കിയാൽ കാണാം. ഇങ്ങോട്ടെത്തുന്നതിന് മുന്നേ മുങ്ങണം എന്നോർത്തോണ്ട് പ്ലേറ്റിലുണ്ടാരുന്ന അവസാനത്തെ ദോശയെയും കഴുത്തു ഞെരിച്ചു കൊന്ന് വായിലേക്കിട്ടോണ്ട് കിച്ചനിലോട്ട് നടന്നു. നടക്കുവല്ല ഓടുവാരുന്നു.

സിങ്കിനടുത്ത് എത്താറായപ്പോ കാലൊന്ന് തെന്നിയതും പൊത്തോന്ന് ഒരൊറ്റ വീഴ്ചയാരുന്നു. എന്റെ പൊന്നോ കണ്ണീന്ന് പൊന്നീച്ച പാറിപ്പോയി. കയ്യിലു ണ്ടാരുന്ന സ്റ്റീൽ പ്ലേറ്റ് ഐറ്റം ഡാൻസുകാരിയെ പോലെ തുള്ളിത്തെറിച്ചോണ്ട് ദൂരേക്ക് പോണ കണ്ട്. അല്ലേലും അതിനിവിടെ പ്രസക്തിയില്ലാലോ. പ്ലേറ്റ് വീഴുന്ന ശബ്ദം കേട്ടാവണം അവളോടി അകത്തോട്ട് വന്നത്.

നടു തല്ലിക്കിടക്കുന്ന എന്നെക്കണ്ടവൾ ഇതെന്നാ പറ്റിയതാന്നും ചോദിച്ചോണ്ട് അടുത്തേക്ക് വന്നു. നീയിതൊക്കെ ഒറ്റക്ക് ചെയ്യേണ്ടെന്ന് കരുതി ഒപ്പം കൂടാമെന്നോർത്ത് വന്നതാരുന്നെന്ന് പറഞ്ഞപ്പോ അവൾക്ക് വിഷമമായീന്ന് തോന്നുന്നു. കണ്ണൊക്കെ നിറയാറായിട്ടുണ്ട്. ഒരു കണക്കിന് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു ബെഡിലോട്ട് കൊണ്ട് ചെന്ന് കിടത്തി മുറിവെണ്ണ തേച്ചു തന്ന് പുറത്തോട്ട് പോവാൻ നേരം അവള് പറയുവാ മര്യാദക്ക് ഇവിടെ അടങ്ങി കിടന്നോണ്ടാ മതിയെന്ന്. അല്ലേലും ഇനിയടുത്ത കാലത്തൊന്നും എഴുന്നേൽക്കാൻ പറ്റുമെന്ന് തോന്നണില്ല.

സത്യം പറഞ്ഞാൽ അവൾക്കിട്ട് പണി കൊടുക്കാൻ നോക്കിയതിന് ദൈവം തന്ന ശിക്ഷയായിരിക്കും. പക്ഷെ നടന്നതെന്താണെന്ന് അവളോട് പറഞ്ഞാൽ പിന്നെ ജീവൻ പോലും ബാക്കി കാണുവോ. ഇപ്പോ അതേലും ബാക്കിയുണ്ടെന്നാ ശ്വസിക്കാലോ. അത് പേടിച്ചോണ്ടാ കള്ളം പറയേണ്ടി വന്നേ.

എല്ല് മുറിയുന്ന വേദന തോന്നിയാരുന്നു ശരിക്കും. ഓർക്കുമ്പോ പോലും ആ വേദന ഫീൽ ചെയ്യും. എന്റെ ദൈവമേ നീയെത്ര വലിയവൻ. ചുമ്മാതാണോ നീ ഞങ്ങൾക്ക് പ്രസവ വേദന അനുഭവിക്കാനുള്ള ഭാഗ്യം തരാഞ്ഞേ. പണ്ടൊക്കെ ദൈവം പിന്നെ പിന്നെയാരുന്നു. ഇപ്പോ സ്പോട്ടിൽ പണി തരുവാ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *