ഹരിയേട്ടന്റെ ഒപ്പം രവീന്ദ്രൻസാറും അകത്തേക്ക് കയറി വന്നപ്പോൾ ഭദ്ര അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
മോളെ….. അതീവ വാത്സല്യത്തോടെ അയാൾ അവളെ ചേർത്തുപിടിച്ചു..
വരൂ സർ…..
അവൾ വിളിച്ചതും അയാളുടെ നെറ്റി ചുളിഞ്ഞു.
സാറോ…. ഞാൻ നിന്റെ സാറാണോ മോളെ….. ഇനി മേലിൽ അങ്ങനെ വിളിക്കരുത് കേട്ടോ.
ചെറുതായ് അവളെ ശകാരിച്ചു കൊണ്ട് രവീന്ദ്രൻ കണ്ണുരുട്ടി.
ഹരിയോടും ഞാനീക്കാര്യം പറഞ്ഞതെയൊള്ളു.. എന്നെ നിങ്ങൾ രണ്ടാളും ഇനിയങ്ങനെ വിളിക്കരുത് ന്നു. ഹരിയ്ക്ക് പക്ഷെ അത് മാറ്റാൻ ബുദ്ധിമുട്ട് ഉണ്ടത്രേ.. ഒരു കാര്യം ചെയ്യാം, എന്നെ ഇനി മുതൽ അങ്കിൾ എന്ന് വിളിച്ചോളമെന്ന് ഇയാള് തന്നെ സൊല്യൂഷനും നിർദ്ദേശിച്ചു കേട്ടോ. ചെറിയ പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് രവീന്ദ്രൻ വീടിന്റെ ഉള്ളിലേക്ക് കയറി.
അപ്പോളാണ് അയാൾ മീരയെ കണ്ടത്. പെട്ടെന്ന് രവീന്ദ്രന്റെ ഭാവം മാറി…
അയാൾ ദേഷ്യത്തോടെ മുഖം തിരിച്ചു.
ടീച്ചർ എപ്പോ വന്നു?
ഹരി അവരുടെ അടുത്തേക്ക് ചെന്നു.
കുറച്ചു സമയമായി.. ഹരി എന്നെ ഓർഭാനേജിലേക്ക് കൊണ്ട് പോയി വിടാമോ.
ഓർഫനേജിലെ ജോലിയിൽ നിന്നൊക്കെ കുറച്ച് റസ്റ്റ് എടുക്കാം ടീച്ചർ… ഇനിമുതൽ ടീച്ചർ കഴിയേണ്ടത് അവിടെ അല്ല .. സാറിന്റെ ഓഹ് സോറി സോറി, അങ്കിളിന്റെ കൂടെയാണ്.. ശരിയല്ലേ അങ്കിൾ.
ഹരി രവീന്ദ്രനെ നോക്കി,എന്നാൽ അയാളുടെ മുഖത്ത് ദേഷ്യം ആയിരുന്നു.
ഞാൻ കോഫി എടുക്കാം ഹരിയേട്ടാ..ഇരിയ്ക്ക് കേട്ടോ..ഭദ്ര പെട്ടെന്ന് അടുക്കളയിലേക്ക് മടങ്ങി. മീരയ്ക്ക് ആകെ ബുദ്ധിമുട്ടായി. അവർ കുനിഞ്ഞ മുഖത്തോടെ, സങ്കടപ്പെട്ടു നിന്നപ്പോൾ ഹരി വന്നിട്ട് ടീച്ചറുടെ കയ്യിൽ പിടിച്ചു.
എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്…. ഇത്രയും എല്ലാം ഉള്ളിൽ ഒതുക്കിക്കൊണ്ട് കാലം സങ്കടപ്പെട്ട് ജീവിച്ചില്ലേ.ഇനിയിപ്പോ കഴിഞ്ഞതെല്ലാം മറക്കുക… ഈശ്വരന്റെ അനുഗ്രഹം കൂടെ ഉള്ളതുകൊണ്ടാണ് ഇങ്ങനെയൊക്കെ നടന്നതെന്ന് രണ്ടാളും വിശ്വസിക്കുക.. എന്നിട്ട് ശേഷിക്കുന്ന കാലം സന്തോഷത്തോടെ സമാധാനത്തോടെ കഴിയുവാൻ മീരടീച്ചറിനും അങ്കിളിനും സാധിക്കട്ടെ.. ഹരി ഇരുവരെയും മാറിമാറി നോക്കി കൊണ്ട് പറഞ്ഞു.
ഭദ്ര എല്ലാവർക്കും വേണ്ടി ചായയുമായിട്ട് വന്നു..
മോളെ… ഞാനിപ്പോൾ കുടിച്ചതല്ലേ ഉള്ളൂ…എനിക്ക് വേണ്ടായിരുന്നു…
ഇരിയ്ക്ക് ടീച്ചർ… ഇത്തിരി ചായ കൂടി കുടിയ്ക്കാമല്ലോ.
ഹരി നിർബന്ധിച്ചപ്പോൾ മീര വല്ലാത്ത വിമ്മിഷ്ടത്തോടെ ഭദ്രയെ നോക്കി.
അങ്കിൾ……
അവൻ ഒരു കപ്പ് ചായ എടുത്ത് രവീന്ദ്രന് കൊടുത്തു.
വല്ലാതെ കലുഷിതമായ മാനസികാവസ്ഥയിലാണ് രവീന്ദ്രനും മീരയും കടന്നുപോകുന്നത് എന്നുള്ളത് ഹരിക്ക് അറിയാം.
അവർ തുറന്നു സംസാരിക്കട്ടെ… അതാണ് അവർക്ക് കൊടുക്കുവാൻ പറ്റിയ ഏറ്റവും വലിയ കാര്യമെന്ന് അവന് തോന്നി..അല്ലേലും
പരസ്പരം പറഞ്ഞുകഴിയുമ്പോൾ ആണല്ലോ പ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരം കാണുവാൻ സാധിക്കുന്നത്.
ഒരു പ്രകാരത്തിൽ ചായകുടിച്ച് തീർത്ത ശേഷം മീര ഗ്ലാസുമായി അടുക്കളയിലേക്ക് ഓടി പോയി.
മെല്ലെ രവീന്ദ്രന്റെ കണ്ണുകൾ അവൾ പോയ വഴിയെ നീങ്ങുന്നത് ഹരിയുടെ മനസ്സിൽ ഒരു നിലാവ് പെയ്തിറങ്ങി….
അപ്പോൾ അദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും മീരടീച്ചറോട് സ്നേഹമാണ്… അതാണ് താൻ ഇപ്പോൾ കണ്ടത്.
☆☆☆☆☆☆☆☆☆☆☆☆☆
ഹോസ്പിറ്റലിൽ നിന്നും വന്നശേഷം ചടഞ്ഞു കൂടി കിടക്കുന്നതാണ് മഹാലക്ഷ്മി.
കുറച്ചുനാളുകളായിരുന്നു ബ്രസ്റ്റിൽ ഒരു തടിപ്പ് പോലെ തോന്നിയിട്ട്. ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല.. പിന്നീട് അതിന്റെ ഗ്രോത്ത് വർദ്ധിക്കുന്നതായി അവർക്ക് തോന്നിത്തുടങ്ങി.. എങ്കിലും ഡോക്ടറെ കാണുവാൻ പോകുവാനായി ആ മനസ്സ് അനുവദിക്കുന്നില്ല. അഥവാ ഇതൊരു മഹാരോഗത്തിലേക്ക് വഴിമാറുവാനുള്ള നീക്കം ആണോ എന്ന് ചിന്തിക്കുമ്പോൾ ശരീരം തളർന്നു പോകുന്നതു പോലെ ആയിരുന്നു.
രണ്ടുമൂന്നു ദിവസങ്ങൾ ആയിട്ട് വല്ലാത്ത ക്ഷീണവും പരവേശവും ഒക്കെ. ഒന്നിനോടും ഒരു ഉഷാറില്ല. ഓഫീസിലേക്ക് പോകാൻ ഒന്നും വയ്യാതെ വരുന്നതുപോലെ ഫീൽ ചെയ്തപ്പോൾ ഒരു ഡോക്ടറെ കാണാമെന്ന് ഒടുവിൽ അന്തിമ തീരുമാനത്തിൽ എത്തുകയായിരുന്നു.
എങ്കിലും പേടിക്കേണ്ടതായി പ്രശ്നമൊന്നും ഇല്ലെന്നും, ഇതൊരു ഫൈബ്രോയ്ഡ് ആണെന്നും, റിമൂവ് ചെയ്തു കഴിയുമ്പോൾ ഒക്കെ ആകും എന്നുമൊക്കെ ഡോക്ടർ പറയുന്നതായി പ്രത്യാശിച്ചു കൊണ്ടായിരുന്നു ഒപിയിലേക്ക് ചെന്നത്… പക്ഷേ അവരുടെ വാക്കുകൾ… അത് ഇപ്പോഴും കാതിൽ മുഴങ്ങുകയാണ്…
ലക്ഷ്മിഅമ്മേ..
ഭാമ വാതിൽക്കൽ വന്നു വിളിച്ചതും അവർ ഞെട്ടി മുഖം തിരിച്ചു നോക്കി.
എഴുന്നേറ്റ് വരുന്നില്ലേ ഇതെന്തൊരു കിടപ്പാണ്
…. ഇങ്ങനെ ഒരിക്കലും ഒരു പതിവില്ലാത്തതു കൊണ്ടാണ് ഞാൻ വിളിച്ചത് കേട്ടോ…
നേരം അപ്പോൾ 7 മണി ആയിരുന്നു.. മുടങ്ങാതെ ത്രിസന്ധ്യയ്ക്ക് കുളിച്ചു വിളക്ക് കൊളുത്തി നാമം ജപിക്കുന്ന പതിവുള്ള ആളാണ്.. ഇന്ന് ഹോസ്പിറ്റലിൽ പോയിട്ട് വന്നശേഷം റൂമിൽ കയറി വാതിൽ ചാരിയിട്ട് കിടക്കുന്നു.
അതിൽ സംശയം തോന്നിയിട്ടാണ് ഭാമ വന്നത്..
ആഹ്… ഞാൻ വരുവാ ഭാമേ
.. നീ പൊയ്ക്കോളൂ..
ഹ്മ്മ്…
അവൾ പിൻവാങ്ങി.
മുറ്റത്ത് ഏതോ ഒരു വാഹനം നിന്നത് പോലെ തോന്നിയതും മഹാലക്ഷ്മി ജനാലയുടെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി.
അനിരുദ്ധൻ ആയിരുന്നു അത്…
അവനെ കണ്ടതും അവരുടെ മിഴികൾ നിറഞ്ഞു.
അമ്മേ….
പാഞ്ഞു വന്നിട്ട് അവൻ അവരെ കെട്ടിപ്പിടിച്ചു
അമ്മയ്ക്ക് എന്തുപറ്റി….
അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല മോനെ… ചെറിയൊരു ക്ഷീണവും അസ്വസ്ഥതയും ഒക്കെ. അമ്മ ഹോസ്പിറ്റലിൽ പോയിട്ട് വന്നതാണ്.ഐശ്വര്യ എവിടെ?
അവൾ വന്നില്ല.. ഹരി ആയിരുന്നു എന്നോട് അമ്മയ്ക്ക് വയ്യ എന്ന് വിളിച്ചു പറഞ്ഞത്, ഞാനപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു, പക്ഷേ എനിക്ക് ഓഫീസിൽ അത്യാവശ്യമായിട്ട് പോകേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് അമ്മയുടെ അടുത്തേക്ക് വരാൻ ലേറ്റ് ആയത്..
അതൊന്നും സാരമില്ല നീ ഇരിക്ക്.. സൂസമ്മ അനിയ്ക്ക് ചായ എടുക്ക് കേട്ടോ.
അവർ വിളിച്ചു പറഞ്ഞു..
അമ്മയ്ക്ക് കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന് അനിരുദ്ധന് വ്യക്തമായി.. കാരണം അത്രമേൽ ക്ഷീണത്തിൽ മഹാലക്ഷ്മിയെ അവൻ കണ്ടിട്ടേയില്ല..
ഈശ്വരാ തന്റെ അമ്മയുടെ ആരോഗ്യത്തിൽ കുഴപ്പങ്ങളൊന്നും വരുത്തരുതേ എന്ന് മാത്രമേ അവനും അപ്പോൾ പ്രാർത്ഥിക്കുവാൻ കഴിയുമായിരുന്നുള്ളൂ..
ഈ സമയത്ത് കമ്പനി ഏറ്റെടുക്കണം എന്ന് മഹാലക്ഷ്മി പറഞ്ഞ വിവരങ്ങളൊക്കെയും രവീന്ദ്രൻ ഹരിയോട് അവതരിപ്പിച്ചു. കേട്ടതും അവൻ ഞെട്ടിപ്പോയ്.
അമ്മ… അമ്മ വിളിച്ചിട്ട് അങ്ങനെയൊക്കെ പറഞ്ഞോ അങ്കിൾ.
ഹ്മ്മ്… വിളിക്കുക മാത്രമായിരുന്നില്ല, മഹാലക്ഷ്മി എന്നെ നേരിട്ട് കാണുവാനായി വന്നിരുന്നു. അതിനുവേണ്ടിയാണ് ഞാൻ ഹോസ്പിറ്റലില് നിന്നും ഒരാളെ കാണുവാൻ ഉണ്ടെന്നു പറഞ്ഞു തിടുക്കപ്പെട്ട് പോയതും..
രവീന്ദ്രൻ പറഞ്ഞു നിറുത്തി
തുടരും…
