MBA. ഉണ്ടായിട്ട് ഒരു കാര്യോം ഇല്ല. എവിടെ നോക്കിയാലും MBA, കരാണല്ലോ. ആഹ്, പിന്നെ മോള് അങ്ങോട്ട് വന്നാൽ പിന്നെ ജോലിക്കൊന്നും……….

എഴുത്ത് :- മഹാ ദേവൻ

വീട്ടുമുറ്റത്തു നിൽക്കുന്ന കാർ കണ്ടപ്പഴേ അവളൊന്ന് അമ്പരന്നു. പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു അച്ഛൻ. അവർ വരുന്നതിനു മുന്നേ അമ്പലത്തിൽ പോയി വരണമെന്ന് പറഞ്ഞതും ആണ്. കുറച്ചു ലേറ്റ് ആയപ്പോഴേക്കും അച്ഛന്റെ വിളിയും വന്നിരുന്നു” മോള് ഇതെവിടെ, അവര് വന്നിട്ട് എത്ര നേരായീന്ന് അറിയോ. അവർക്ക് പോയിട്ട് ഒരുപാട് ജോലിത്തിരക്ക് ഉള്ളവരാ. എത്ര നേരംന്ന് വെച്ച ങ്ങനെ ഇരിക്കാ, മോള് വേഗം ഒന്ന് വന്നേ “

” ന്റെ അച്ഛാ.. അത്ര തിരക്കുള്ളവർ ആണേൽ പൊയ്ക്കോട്ടേ അച്ഛാ.. പെണ്ണ് കാണാൻ വരുമ്പോഴേ ഒന്നിരിക്കാൻ സമയമില്ലാത്തവർ ആണെങ്കിൽ കല്യാണം കഴിഞ്ഞാൽ ഉള്ള അവസ്ഥ എന്താകും. അപ്പൊ പിന്നെ ഇരിക്കാൻ സമയമില്ലാത്തവരെ പിടിച്ചിരുത്തി സമയം കളയണ്ട. “

ന്തോ അച്ഛന്റെ സംസാരം കേട്ടപ്പോൾ തന്നെ അവൾക്ക് ആ ആലോചന അത്രയ്ക്ക് ബോധിച്ചില്ല.

” മോളെ, നീ വെറുതെ എഴുതാപ്പുറം വായിക്കാതെ ഉള്ള സമയംകൊണ്ട് വേഗം വാ.. “

അച്ഛനെ ഇനി വിഷമിപ്പിക്കണ്ട എന്ന് കരുതി മാത്രം വേഗം വീട്ടിലെത്തുമ്പോൾ ആണ് മുറ്റത് കിടക്കുന്ന കാർ കണ്ടത്. അപ്പഴേ അവൾ മനസ്സിൽ കണക്ക് കൂട്ടിയിരുന്നു “കൊക്കിലൊതുങ്ങുന്നതല്ല, കൊത്താൻ നിൽക്കണ്ട ” എന്ന്.

അവളെ കാത്തു നിൽക്കുന്ന അമ്മ ” നീ ഇത്‌ എവിടെ പോയി കിടക്കുക യായിരുന്നുപെണ്ണെ “എന്നും ചോദിച്ചുകൊണ്ട് ധൃതിയിൽ അടുത്തേക്ക് വരുമ്പോൾ ചിരിച്ചുകൊണ്ട് സിറ്റൗട്ടിലേക്ക് കയറിയിരുന്നു..

” നിക്ക് മോളെ. അടുക്കള വഴി പോകാം.. എന്നിട്ട് ഈ ഡ്രെസ്സൊക്കെ ഒന്ന് മാറി ചായയുമായി വേണം ഉമ്മറത്തേക്ക് പോകാൻ “

അമ്മ വേഗം അവളുടെ കൈ പിടിച്ചു വലിക്കുമ്പോൾ അവൾക്ക് ഈർഷ്യയാണ് വന്നത്.

” എന്റെ അമ്മേ.. പെണ്ണ് കാണാനല്ലേ വന്നത്. അല്ലാതെ ഫാൻസിഡ്രസ്സ്‌ ഒന്നും അല്ലല്ലോ. പിന്നെ അമ്പലത്തിൽ പോകാൻ അത്യാവശ്യം നല്ല ഡ്രസ്സ്‌ ആണ് ഇട്ടത്. ഇത്‌ മോശമായി കാണുന്നവൻ ന്നെ കെട്ടണ്ടാന്നെ. പിന്നെ ഞാൻ ചായ കൊടുത്താലേ കുടിക്കൂ എന്നൊന്നും ഇല്ലല്ലോ. അമ്മ ചായ എടുത്താലും മതി. “

അവൾ അതും പറഞ്ഞ് അകത്തേക്ക് കയറുമ്പോൾ അമ്മ ദേഷ്യപ്പെട്ട് അടുക്കളയിലേക്ക് നടന്നു.

ഹാളിലേക്ക് കയറിയ അവളെ കണ്ടതും വന്നവരുടെ മുഖത്തെല്ലാം ഒരു തെളിച്ചമുണ്ടായിരുന്നു.

“ഇതാണ് എന്റെ മോള് ” എന്നും പറഞ്ഞ് അച്ഛൻ അവളെ എല്ലാവർക്കും മുന്നിൽ പരിചയപ്പെടുത്തുമ്പോൾ അവൾ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.

” മോളെ ഇതാണ് ചെക്കൻ. അത് അച്ഛൻ, അമ്മ, അമ്മാവൻ “

എല്ലാവരെയും അച്ഛൻ പരിചയപ്പെടുത്തുമ്പോൾ അവൾ വേഗം അച്ഛന്റെ കൂടെ പോയി ഇരുന്നിരുന്നു.

അത് കണ്ടപ്പോൾ തന്നെ അവിടെ ഇരിക്കുന്ന സ്ത്രീയുടെ മുഖം കറുത്തിരുന്നു.

“. കുട്ടി ഏത് വരെ പഠിച്ചു? “

കാണാൻ വന്ന ചെക്കന്റെ ചോദ്യം കേട്ട് അവൾ “MBA”എന്ന് പറയുമ്പോൾ വന്ന സ്ത്രീ ഒട്ടും താല്പര്യമില്ലാത്ത പോലെ പറയുന്നുണ്ടായിരുന്നു ” ഓഹ്, ഈ കാലത്തൊക്കെ MBA. ഉണ്ടായിട്ട് ഒരു കാര്യോം ഇല്ല. എവിടെ നോക്കിയാലും MBA, കരാണല്ലോ. ആഹ്, പിന്നെ മോള് അങ്ങോട്ട് വന്നാൽ പിന്നെ ജോലിക്കൊന്നും പോണ്ട ആവശ്യം ഇല്ലാലോ.. അപ്പൊ പിന്നെ ഇ പഠിപ്പൊക്കെ തന്നെ അധികമാ. “

അവരുടെ സംസാരം കേട്ടപ്പഴേ അവൾ ഓർത്തത് ” തുടക്കം തന്നെ കല്ലുകടി ആണല്ലോ ദൈവേ ” എന്നായിരുന്നു.

” പിന്നെ മോളെ, ഞങ്ങളൊക്കെ മുതിർന്നവരെ ബഹുമാനിക്കുന്ന കൂട്ടുകാരാട്ടൊ.. തുറന്നു പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഇത്രേം മുതിർന്ന ആൾക്കാർ ഇവിടെ ഇരിക്കുമ്പോൾ മോളിങ്ങനെ ഇടയ്ക്ക് കേറി ഇരുന്നത് ബഹുമാനക്കുറവ് ആണ്. നാളെ മോള് അങ്ങോട്ട് വരുമ്പോൾ ഇങ്ങനെ ഒന്നും ചെയ്യരുത്ട്ടൊ.. ഞങ്ങളുടെ വില പോകും. “

അവർ ചിരിച്ചായിരുന്നു സംസാരിച്ചതെങ്കിലും അതിലെ കുത്ത് കൊണ്ടത് അച്ഛനാണെന്ന് ആ മുഖഭാവം കണ്ടപ്പോൾ അവൾക്ക് മനസ്സിലായി.

ആണുങ്ങൾക്ക് എന്തെങ്കിലു ചോദിക്കാനുള്ള അവസരം കൊടുക്കാതെ പൊങ്ങച്ചം പറഞ്ഞ് സ്വയം പൊങ്ങുന്ന ആ സ്ത്രീയുടെ പെരുമാറ്റം അവള്ക്ക് ചിരിയാണ് വരുത്തിയത്.

ചെക്കന്റെ അച്ഛൻ ഇടയ്ക്ക് കേറി സംസാരിച്ചത് കൊണ്ട് ആ അമ്മ ഒന്ന് അടങ്ങബോൾ അയാള് ചോദിച്ചത് സ്ത്രീധനത്തെ കുറിച്ചായിരുന്നു.

” എന്റെ ചെക്കന് മോളെ അങ്ങ് ഇഷ്ടപ്പെട്ടു. ഇനി നിങ്ങൾക്ക് ഒക്കെ ആണെങ്കിൽ മറ്റു കാര്യങ്ങൾ എങ്ങനെ ആണെന്ന് കൂടി നമുക്ക് സംസാരിച്ചു പിരിയാം… ന്താ “

അയാൾ ആകാംഷയോടെ അച്ഛനേ നോക്കുമ്പോൾ അച്ഛൻ താടിയുഴിഞ്ഞു കൊണ്ട് ഭാര്യയെ ഒന്ന് നോക്കി.

” അതിപ്പോ.. എനിക്ക് ഒറ്റ മോളാ.. ഇതൊക്കെ അവൾക്ക് ഉള്ളതാ.. അതിപ്പോ കണക്ക് നോക്കേണ്ട ആവശ്യമൊന്നും ഇല്ലാലോ “

അത് കേട്ടപ്പോൾ വന്നവരുടെ മുഖം തെളിഞ്ഞിരുന്നു.

” അപ്പൊ മോളെ ഞങ്ങളിറങ്ങാ. ഇനി മോള് വേഗം ന്റെ മരുമോളായി അങ്ങ് വന്നേക്കണം. അമ്മയ്ക്ക് എല്ലാത്തിനും ഒരു കൂട്ട് ആകുമല്ലോ. “

ആ സ്ത്രീ അവളുടെ കയ്യിലൊന്ന് പിടിച്ചുകൊണ്ട് ചിരിക്കുമ്പോൾ അവളും ചിരിച്ചു.

പിന്നെ കാണാൻ വന്ന ചെക്കന് നെരെ തിരിഞ്ഞു.

” ന്റെ ചേട്ടാ.. നിങ്ങൾ പെണ്ണ് കാണാൻ വന്നതാണോ അതോ അമ്മയ്ക്ക് അനുസരിപ്പിക്കാൻ ഒരു പട്ടിയെ വാങ്ങാൻ വന്നതോ.. അതാണെങ്കിൽവീടിന്റ പിറകിൽ കൂട്ടിലുണ്ട്. പിന്നെ പെണ്ണ് കാണാൻ വന്നതാണെങ്കിൽ നല്ലത്. പക്ഷേ, കാണുമ്പോൾ തന്നെ ഞാൻ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നൊക്കെ നിങ്ങൾ തീരുമാനിക്കാൻ തുടങ്ങിയാ പിന്നെ ഇത്രേം വളർത്തിവലുതാക്കി പഠിപ്പിച്ചു ഇത്രടം വരെ എത്തിച്ച എന്റെ മാതാപിതാക്കൾക്ക് ന്ത് വില. “

അവൾ നെരെ ആ സ്ത്രീയ്ക്ക് നെരെ തിരിഞ്ഞു.

” എന്റെ പൊന്നമ്മച്ചി, ഇവിടെ സോഫ ഇട്ടിരിക്കുന്നത് ഇരിക്കാനാണ്. പിന്നെ പ്രായമായവർക്ക് മുന്നിൽ ഇരുന്നത് അത്ര വലിയ അപരാധവും ബഹുമാന ക്കുറവുമാണെങ്കിൽ അമ്മച്ചി ആദ്യം ആ ബഹുമാനം സ്വന്തം മോനെ പഠിപ്പിച്ചിട്ടല്ലേ അന്തസ്സ് കാണിക്കേണ്ടത്. ഇവിടെ ഇത്രേം വയസ്സിനു മൂത്തവർ ഉള്ളപ്പോൾ ഇടയ്ക്ക് കേറി അമ്മച്ചീടെ മോന് ഇരിക്കാമെങ്കിൽ പിന്നെ പെണ്ണ് ഇരിക്കുന്നിടത്താണോ അയിത്തം കൽപ്പിച്ചിരിക്കുന്നത്?

പിന്നെ ഞാൻ MBA പടിച്ചെങ്കിൽ അത് കഷ്ടപ്പെട്ട് തന്നെ ആണ്. അത് ചെന്ന് കേറിയ വീട്ടിൽ അരിയാട്ടി കളയാൻ ഉള്ളതല്ല, ചെന്ന് കേറുന്ന വീട്ടിൽ പണ മുണ്ടെന്ന് കരുതി വീട് തൂത്തുതുടയ്ക്കാൻ ഒരാളെ ആണ് വേണ്ടതെങ്കിൽ നിങ്ങൾക്ക് സ്ഥലം മാറി. കൂലിക്ക് വീട്ട് വേല ചെയ്യാൻ ആളെ വേറെ കിട്ടും. അതിനു താലി കെട്ടി കൂലി ലഭിക്കാൻ നിൽക്കണ്ട. പഞ്ഞതരം ആണത്.

ഇനി പെണ്ണ് കാണാൻ വന്ന ചേട്ടന്റെ അച്ഛനോട് ഒന്നേ പറയാനുള്ളൂ.

എന്റെ അച്ഛന്റെ ആയുഷ്‌ക്കാലത്തെ അദ്ധ്വാനം ആണിത്. അതങ്ങ് തന്നെ എന്നെ ഒന്ന് കെട്ടിക്കൊണ്ട് പോകോ എന്ന് ആരും യാചിക്കുന്നില്ല. പെണ്ണിനെ കെട്ടണ മെങ്കിൽ എന്ത് കിട്ടും എന്ന് ചോദിക്കുന്നവനോട് ചെവിക്കല്ല് നോക്കി നല്ല തല്ല് കിട്ടും എന്ന് പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആ തുടക്കം എന്റെ നാവിൽ നിന്ന് ആകുന്നതിനു മുന്നേ ഈ അന്തസ്സ് കൂടിയ അമ്മച്ചിയേയും കൂട്ടി പോയാട്ടെ. ഇവിടെ തൂക്കി വിൽക്കാൻ പെണ്ണില്ല. “

അവൾ അവർക്ക് മുന്നിൽ തല ഉയർത്തിപിടിച്ചു തന്നെ നിൽക്കുമ്പോൾ ” അല്ലേലും ഈ അഹങ്കാരം പിടിച്ച പെണ്ണിനെ ഒന്നും നമ്മുടെ മോന് വേണ്ട ” എന്നും പറഞ്ഞ് ചാടിത്തുള്ളികൊണ്ട് ആ സ്ത്രീ മുന്നിൽ ഇറങ്ങിയിരുന്നു.

ആ പോക്ക് കണ്ട മനസ്സ് നിറഞ്ഞു പുഞ്ചിരിക്കുമ്പോൾ ചാർത്തികിട്ടിയ പേരിൽ അഭിമാനം തോന്നി അവൾക്ക് !

അഹങ്കാരി

Related Posts

Leave a Reply

Your email address will not be published. Required fields are marked *