എന്ന് പ്രണയത്തോടെ ~ ഭാഗം 02 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

വേദൂട്ടീ.. കരയേണ്ടെടീ പോട്ടെ വിട്ടേക്ക് അവൻ മാപ്പ് പറഞ്ഞല്ലോ. ആരെങ്കിലും കണ്ടാൽ അതുമതി അടുത്ത പ്രശ്നത്തിന്.. തന്റെ തോളിൽ കിടന്ന് കരയുന്ന വേദുവിനെ ആശ്വസിപ്പിക്കുകയായിരുന്നു ദിയയും സിയയും.

കുറേ നേരമായല്ലോ അവൾ കിടന്ന് മോങ്ങുന്നു അതിന് മാത്രം ഇവിടെന്താ സംഭവിച്ചത് അലറിക്കൊണ്ട് ആരുഷ് ചാടിയെഴുന്നേറ്റു. സ്വിച്ച് ഇട്ടതുപോലെ വേദുവിന്റെ കരച്ചിൽ നിന്നു.

ജീവൻ പറഞ്ഞതനുസരിച്ച് ഗോകുൽ വേദുവിനോട് മാപ്പ് പറഞ്ഞു. ക്ലാസ്സിൽ കയറാൻ നേരമായത് കൊണ്ടുതന്നെ അധികമാരും സംഭവം അറിയാത്തതുകൊണ്ടും വലിയ പ്രശ്നങ്ങൾ ഉണ്ടായില്ല.

കരഞ്ഞു കലങ്ങിയ മിഴികളോടെ ഇരിക്കുന്ന വേദുവിനെ മുനീർ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു.

വേദൂ.. ആർദ്രമായി ആരുഷ് വിളിച്ചു. കലങ്ങിയ മിഴികളുയർത്തി അവളവനെ നോക്കി. പോട്ടെടീ.. അവന്മാർക്ക് നന്നായി ഞാൻ കൊടുത്തില്ലേ ഇനി ഈ കരച്ചിലൊന്ന് നിർത്ത്. എടീ പിടക്കോഴീ നീയൊന്ന് പറഞ്ഞേ അത് പറഞ്ഞവൻ ദിയയെ നോക്കി.

ആരാടാ പിടക്കോഴി അവളോടി വന്നവന്റെ കഴുത്തിൽ കൈകളമർത്തി. ഇതുകണ്ട വേദിക പൊട്ടിച്ചിരിച്ചു. എല്ലാവരുടെയും ചുണ്ടിൽ ചിരി വിരിഞ്ഞു. സിയ അവളെ വട്ടം പിടിച്ചു തോളിലേക്ക് മുഖമമർത്തി.

രണ്ടുദിവസം കടന്നുപോയി. ഉച്ചയ്ക്ക് റഫർ ചെയ്യാനുള്ള അക്കൗണ്ടിംഗ് ബുക്ക്‌സ് എടുക്കാൻ ലൈബ്രറിയിലെത്തിയതായിരുന്നു വേദുവും ദിയയും. രണ്ടെണ്ണം എടുത്തശേഷം അവസാനത്തേത് കൂടി തിരയുന്നതിനിടയിലാണ് അവൾ നവീനെ കണ്ടത്.കൂടെ ഗോകുലുമുണ്ടായിരുന്നു. ദിയ അപ്പുറത്തെ റോയിൽ ബുക്സ് നോക്കുകയാണ്. അന്നത്തെ സംഭവത്തിന്‌ പ്രതികാരം ചെയ്യുമോ എന്നൊക്കെയുള്ള ചിന്തകൾ ഞൊടിയിടയിൽ മനസ്സിലൂടെ കടന്നുപോയി.

എന്നാൽ അവളെ നോക്കാതെ ഗോകുൽ കടന്നുപോയി. അന്നത്തെ സംഭവത്തിന്‌ ക്ഷമിക്കണം കേട്ടോ. ഇനിയങ്ങനെ ഉണ്ടാകില്ല. താൻ പേടിക്കണ്ട. ഒന്ന് ശ്വാസം വിടെടോ നവീൻ അവളോട് പറഞ്ഞു. പരിഭ്രമം മാഞ്ഞ് ആശ്വാസത്തിന്റെയൊരു പുഞ്ചിരി അവളിൽ തെളിഞ്ഞു. മൂക്കിൻ തുമ്പിൽ പൊതിഞ്ഞ വിയർപ്പുകണങ്ങൾക്കിടയിൽ ജ്വലിച്ചു നിൽക്കുന്ന മുക്കുത്തിയിലേക്ക് ഒരുനിമിഷം നവീന്റെ നോട്ടം തങ്ങിനിന്നു. വേദുവിനടുത്ത് നിന്നും പുഞ്ചിരിയോടെ പോകുന്ന നവീനെ കണ്ട് ദിയ പാഞ്ഞെത്തി.എന്താടി അവന്മാർ എന്തെങ്കിലും പറഞ്ഞോ നിന്നെ.? ദിയയുടെ പരിഭ്രമം കണ്ട് വേദുവിന് ചിരി പൊട്ടി. ഇല്ലെടീ..അയാളൊരു പാവമാണെന്നാ തോന്നുന്നേ. മാപ്പ് പറഞ്ഞതാ വീണ്ടും വേദിക അവളെ സമാധാനിപ്പിച്ചു.

ആശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് അവർ അക്കാര്യം ആരുഷിനോടും മുനീറിനോടും സിയയോടും പറഞ്ഞത്. അല്ലാഹ്.. ആ പേടി ഒഴിഞ്ഞുകിട്ടി ഭാഗ്യം സിയ ആശ്വസിച്ചു. മുനീറും അതുതന്നെയാണ് പറഞ്ഞത്. എന്നാൽ ആരുഷിന്റെ മുഖം മാത്രം തെളിഞ്ഞില്ല. അതവർക്ക് മനസ്സിലായെങ്കിലും അവന്റെ ദേഷ്യം വന്നാലുള്ള അവസ്ഥയോർത്ത് മൗനമായിരുന്നു.

ഏയ്‌ വേദിക, പിന്നിൽ നിന്നൊരു വിളികേട്ട് അവൾ തിരിഞ്ഞുനോക്കി. ആരെടാ ഇവനെന്ന മട്ടിൽ ദിയ വേദികയെയും അയാളെയും മാറിമാറി നോക്കി. ഋതിക് അല്ലേ വേദിക പരിചയഭാവത്തിൽ ചിരിച്ചു. താനിവിടെയാ അല്ലേ ഋതിക് ചോദിച്ചു. അതെ ബി കോം സെക്കന്റ്‌ ഇയർ. താനോ.?

ഞാൻ എം കോം ഫസ്റ്റ് ഇയർ. അവൻ പറഞ്ഞു. മിണ്ടാതെ നിന്ന ദിയയെ അവന് പരിചയപ്പെടുത്തി.

ദിയയെ പോകുന്ന വഴിക്ക് ബസ് സ്റ്റോപ്പിലാക്കുന്നത് വേദുവാണ്. ആക്ടീവയിലിരിക്കെ ദിയയോട് ഋതിക്കിനെ പരിചയപ്പെട്ട സാഹചര്യം അവൾ പറഞ്ഞു.

ഓഹോ.. അപ്പോൾ നിങ്ങൾ ബന്ധുക്കളായി വരും അല്ലേ ദിയ ചിരിച്ചു. ആഹ്.. എന്റെ വ്യാസൂട്ടന്റെ പോക്ക് ഇങ്ങനെയാണെങ്കിൽ ബന്ധുക്കളാകേണ്ടി വരും. വേദു നെടുവീർപ്പോടെ പറഞ്ഞു. ഏതായാലും ആള് നല്ല ചുള്ളനാ ദിയ പറഞ്ഞതും വേദിക തലയാട്ടി.

വീട്ടിലെത്തി വ്യാസൂട്ടനോട് അടി കൂടിയശേഷം അക്കൗണ്ടിങ്ങുമായി മല്പിടിത്തം നടത്തുന്നതിനിടെയാണ് ആരുഷിന്റെ കാൾ വന്നത്. എന്താടാ കാൾ എടുത്തയുടൻ അവൾ ചോദിച്ചു. ഏയ്‌ വെറുതെ വിളിച്ചതാ ആരുഷ് പറഞ്ഞു. എന്നോടുള്ള ദേഷ്യമൊക്കെ മാറിയോ മോന് കുസൃതിയോടവൾ ചോദിച്ചപ്പോൾ മറുവശത്തുനിന്ന് ചിരിയുയർന്നു. നിന്നോട് പിണങ്ങാൻ എനിക്കാകുമോടീ.. നീ അവനോട് മിണ്ടിയെന്നറിഞ്ഞപ്പോൾ എനിക്കതിഷ്ടമായില്ല. നിന്റെ കണ്ണ് നിറയരുത് അത്രേയുള്ളൂ. പുഞ്ചിരിയോടവൾ കാൾ കട്ട്‌ ചെയ്ത് കിടക്കയിലേക്ക് ചാഞ്ഞു.

പിറ്റേന്ന് ബോട്ടിൽ ഗ്രീൻ നിറത്തിലെ ഗോൾഡൻ ബീഡ്‌സ് വർക്ക് ഉള്ള കുർത്തിയും ഗോൾഡൻ നിറത്തിലെ ചുടി ബോട്ടവുമായിരുന്നു വേദുവിന്റെ വേഷം.

കൊള്ളാമല്ലോടി ചേച്ചീ.. വലതുകൈകൊണ്ട് മുടി മാടിയൊതുക്കി ഇറങ്ങിവന്ന വേദികയെ നോക്കി വ്യാസൂട്ടൻ പറഞ്ഞു. മായ പുഞ്ചിരിയോടെ ദേവനെ നോക്കി. പ്രൈവറ്റ് ബാങ്കിൽ മാനേജർ ആണ് ദേവരാജൻ.
നമ്മുടെ മോൾക്ക് ഉടനെ തന്നെ ചെക്കനെ നോക്കേണ്ടി വരുമല്ലോടീ മായേ ദേവന്റെ സംസാരം കേട്ട് വേദു അമ്പരന്നു. തന്നെ കളിയാക്കുകയാണ് അവരെന്ന് മനസ്സിലായതും വേദിക മുഖം കൂർപ്പിച്ചു. അതുകണ്ട് അവർ പൊട്ടിച്ചിരിച്ചു.

പോ അച്ഛാ കുറുമ്പോടെ അച്ഛനെയും അമ്മയെയും ചേർത്ത് പിടിച്ചവൾ മുഖത്ത് ചുണ്ടമർത്തിയശേഷം വ്യാസൂട്ടനെയും വിളിച്ചുകൊണ്ട് അവളിറങ്ങി.

കോളേജിൽ എത്തുമ്പോൾ തന്നെ കണ്ടു. തന്നെക്കാത്ത് ചെമ്പകത്തിന്റെ ചുവട്ടിൽ നിൽക്കുന്ന കൂട്ടുകാരെ. ഹെൽമെറ്റ്‌ ആക്ടീവയിൽ തൂക്കിയശേഷം അവരുടെ അടുത്തേക്കവൾ നടന്നു. വേദികയെ കണ്ടപ്പോൾ വിടർന്ന ആരുഷിന്റെ മുഖം ശ്രദ്ധിച്ചുകൊണ്ട് മുനീർ അവനെ തട്ടി. ഇളം കാറ്റേറ്റ് പറക്കുന്ന മുടിയിഴകളെ ഒതുക്കി വച്ചുകൊണ്ട് വേദിക ആരുഷിനടുത്തേക്ക് നിന്നു.

ഹലോ..

പിന്നിൽനിന്നും ഉയർന്ന ശബ്ദം കേട്ട് അവർ തിരിഞ്ഞുനോക്കി. വേദികയ്ക്ക് കൈകൊടുത്ത് സംസാരിക്കുന്ന ജീൻസും റെഡ് ചെക്ക് ഷർട്ട് ഇട്ട ഉയരമുള്ള താടിയുള്ള സമൃദ്ധമായി വളർന്നുകിടക്കുന്ന മുടിയിഴകളുള്ള അവനെ ആരുഷ് നോക്കിനിന്നു . ഋതിക്കേട്ടനെന്ന് പറഞ്ഞവൾ അവനെ അവർക്ക് പരിചയപ്പെടുത്തുമ്പോഴും ആരുഷിന്റെ മിഴികൾ അവന്റെ മുഖത്തായിരുന്നു. വേദികയെ കണ്ട് അവന്റെ മിഴികൾക്കുണ്ടാകുന്ന തിളക്കത്തെ ആരുഷ് സംശയത്തോടെ ഉറ്റുനോക്കി.

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *