Story written by Shabna Shamsu
രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഞങ്ങളുടെ ഹോസ്പിറ്റലിലെ ഫാർമസിയിൽ നൈറ്റ് ഡ്യൂട്ടി തുടങ്ങിയത്.. ഫാർമസി നൈറ്റ് ആക്കാൻ പോവുന്നു എന്ന് കേട്ടപ്പോ എനിക്ക് വല്ലാത്ത ടെൻഷൻ ആയിരുന്നു.. ഉറുമ്പ് മണ്ണും കട്ട ഏറ്റി നടക്കുന്ന പോലെയാണ് ഞാനെന്റെ വീട് ചുമക്കുന്നത് എന്നായിരുന്നു എന്റെ ധാരണ.. പ്രായമായ ഉമ്മയും ഉപ്പയും, എന്റെ മക്കള്, രാത്രി പത്ത് മണിക്ക് ശേഷം കടപൂട്ടി വരാറുള്ള എന്റെ ഇക്ക.. ഇവരൊക്കെ ഞാനില്ലാത്ത രാത്രികളിൽ എന്ത് ചെയ്യുമെന്നോർത്ത് സങ്കടപ്പെട്ടു ..
അങ്ങനെ എന്റെ നൈറ്റ് ഡ്യൂട്ടിയുടെ ദിവസം വന്നു ..രാവിലെ മുതൽ വീട്ടിലെ സകല ജോലികളും തീർത്ത് വൈകിട്ട് അഞ്ച് മണി ആയപ്പോ ഞാൻ പോവാനിറങ്ങി.. രണ്ടാം ക്ലാസിൽ പഠിക്കുന്ന ചെറിയ മോള് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.. ഉമ്മച്ചീന്റെ കുംഭ പ്പiള്ളേല് കിടക്കാണ്ട് ഞാൻ ഒറങ്ങൂലാന്ന് ഏങ്ങലടിച്ചു…എന്റെ നെഞ്ച് കനം വന്ന് തിങ്ങി..
ഏകദേശം രണ്ട് കിലോമീറ്ററോളം നടന്നിട്ട് വേണം ബസ് കിട്ടുന്ന സ്ഥലത്തെത്താൻ..നടക്കുന്ന വഴിയിലെ ചാറ്റൽ മഴയുടെ ഭംഗി ഞാൻ കണ്ടില്ല… വിങ്ങി നിന്ന ആകാശത്തോട്ട് ഞാൻ നോക്കിയില്ല.. വഴി യരികിലെ വള്ളിപ്പടർപ്പിൽ പൂവിട്ട കാട്ട് പൂക്കളെ മണത്ത് നോക്കിയില്ല.. പുഴ വക്കത്തെ മാവിലേക്ക് പടർന്ന് പന്തലിച്ച ബോഗൺ വില്ല കണ്ട് എന്റെ കണ്ണ് വിടർന്നില്ല. ഉള്ള് നിറയെ സങ്കടം മുറ്റി നിന്നു..
എന്റെ അടുക്കള, എന്റെ ഊഞ്ഞാല്,, രാത്രിയിലും നിർത്താതെ കത്തുന്ന വിറകടുപ്പ്,, മക്കളുടെ ഡയറി, അസൈൻമെന്റ്,, ഹോം വർക്ക് അങ്ങനെ പലതും ആലോചിച്ച് ബസില് ഇരിക്കുമ്പോഴും എന്റെ മനസ് മൂടിക്കെട്ടി…
ഡ്യൂട്ടി തുടങ്ങി.. ഒറ്റക്കും കൂട്ടമായും ആളുകള് വന്ന് കൊണ്ടേയിരുന്നു..
വാടിത്തളർന്ന് അച്ഛന്റെ തോളിലുറങ്ങുന്ന കുഞ്ഞുങ്ങളുണ്ട്.. നെഞ്ച് തടവുന്ന പ്രായമായവരുണ്ട്..താഴേന്ന് മേലോട്ട് വീണ് നെറ്റി പൊiട്ടിയ താണെന്ന് പറയുന്ന വോഡ്ഗ മണക്കുന്ന ടൂറിസ്റ്റുകളുണ്ട്..
മുറിയൻ ഹിന്ദി പറഞ്ഞൊപ്പിക്കുമ്പോ എഞിക്ക് കൊരച്ച് മലയാലം അരിയാം ഷിസ്റ്റർ എന്ന് പറയുന്ന ഹിന്ദിക്കാരുണ്ട്…
ഫാർമസിയിൽ ഞാനൊറ്റയ്ക്കാണ്.. വിശപ്പിന്റെ സമയം കഴിഞ്ഞിട്ടും ഞാൻ കഴിച്ചില്ല.. എന്റെ വയറ് വരെ മക്കള് നിറഞ്ഞ് നിന്നു… കണ്ണ് നിറഞ്ഞു.. മക്കളെ കാണാൻ വെള്ളം പോലെ ദാഹം വന്നു.. പതിനൊന്ന് മണി കഴിഞ്ഞപ്പോ ഞാൻ ഇക്കാന്റെ ഫോണിൽ വീഡിയോ കോൾ ചെയ്തു..
മൂന്നാല് വട്ടം റിംഗ് ചെയ്തപ്പോ ഫോണെടുത്തു..
ഇരുട്ടത്ത് മൊബൈലിന്റെ വെളിച്ചത്തിൽ ചിരിക്കുന്ന നാല് കൂട്ടം വെളുത്ത പല്ലുകൾ…
മടിയില് ലാപ്ടോപ്പ് വച്ച് മഞ്ഞുമ്മൽ ബോയ്സ് കാണുന്ന ബാപ്പയും മക്കളും…
“ഉമ്മച്ചിയൊന്ന് വെച്ചിട്ട് പോയാ… കൈമാക്സ് ആവാനായി…”
കുംഭപ്പള്ള ഇല്ലാണ്ട് ഒറങ്ങൂലാന്ന് പറഞ്ഞ ചെറിയ സന്തതിയാണ്..
സിനിമ കാണുന്ന ആർക്കും എന്നെ കാണണ്ട.. എന്നോട് മിണ്ടണ്ട..
ഞാൻ ഫോൺ കട്ടാക്കി.. എന്റെ ബാഗ് തുറന്നു.. ചോറ്റു പാത്രം തുറന്നു.. കോവക്ക ഉപ്പേരിയും കോരമീൻ പൊരിച്ചതും ചേനക്കറിയും കൂട്ടി വയറ് നിറയെ ചോറുണ്ടു…
കൈകഴുകി വന്ന് കറങ്ങുന്ന കസേരയിലിരുന്നു..
ബ്രിട്ടീഷുകാരുടെ കാലത്ത് പണി കഴിപ്പിച്ച ഹോസ്പിറ്റലാണ് ഞങ്ങളുടേത്…?കട്ടിയുള്ള മരങ്ങളിൽ ചിത്രപ്പണി ചെയ്തും വണ്ണമുള്ള തൂണുകളും ഉള്ള മനോഹരമായ ഫാർമസിയാണ്..
ഞാൻ മെല്ലെ രണ്ട് പാളിയുള്ള വാതില് തുറന്ന് പുറത്തോട്ടിറങ്ങി..
നന്നായി മഴ പെയ്യുന്നുണ്ട്..നേരെ മുമ്പിലായി ചെറിയൊരു പൂന്തോട്ടമുണ്ട്.. മുമ്പ് ജോലി ചെയ്ത ആരോ നട്ടു നനച്ച ചെമ്പരത്തി ചെടി നിറയെ പൂക്കളുണ്ട്.. മഴയത്ത് നനഞ്ഞ് കുളിച്ച് ബഷീർ പറഞ്ഞ പോലെ പച്ചിലക്കാടുകളിൽ ചോര പൊട്ടിച്ചിതറിയ പോലെ കടും ചെമപ്പായ പൂക്കൾ.. ചീവീടുകൾ നിർത്താതെ കരയുന്നുണ്ട്.. മഴപ്പാറ്റയുടെ ചിറകുകൾ മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങുന്നു..
മുറ്റത്തെ കൂറ്റൻ അയനി മരച്ചോട്ടിൽ തള്ളപ്പiട്ടി നാല് കുഞ്ഞുങ്ങളെ പാലൂiട്ടുന്നുണ്ട്…
മഴയും ശീതക്കാറ്റും തണുപ്പും,,, എനിക്ക് വല്ലാതെ കുളിരാൻ തുടങ്ങി..
കണ്ണടച്ച് കാത് കൂർപ്പിച്ച്കാലത്തോടൊപ്പം അങ്ങ് കുറേയെറെ പുറകില് ഒരു കുട്ടിയായിരിക്കാൻ തോന്നി…
ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള മറിയത്താന്റെ വീടിനെ തരം തിരിച്ച മഴയത്ത് നനഞ്ഞ് കുതിർന്ന ചെമ്പരത്തി വേലി കാണാൻ തോന്നി…
നനഞ്ഞ ബെറ്റിക്കോട്ടിട്ട് താളിയുണ്ടാക്കാൻ ഇല പറിക്കുന്ന കമറുവിന്റെ കറുത്ത മോണ കാട്ടിയുള്ള ചിരി കാണാൻ തോന്നി… തോർത്ത് മുണ്ടില് പിഴിഞ്ഞെടുത്ത കൊഴുത്ത താളി കൊണ്ട് എന്റെ മുടി കഴുകുമ്പോ കമറു എന്റെ ഉമ്മയോളം വലിയ ഉമ്മാമയാവുന്നത്…
കിണറ്റിൻകരയിലെ കുളി കഴിഞ്ഞ് അരി വറുത്തതും കൂട്ടി കട്ടൻ ചായ കുടിക്കുമ്പോ ഓലക്കീറിലെ ആകാശം നോക്കി ദെന്ത് മഴയാണെന്നും പറഞ്ഞ് ചുണ്ട് കോട്ടുന്നതോർത്തു..
വർഷങ്ങൾക്ക് ശേഷം കമറുവിനെ കണ്ടത് കഴിഞ്ഞ മാസമാണ്..
മോനെ യതീം ഖാനയിലാക്കി തിരിച്ച് വരുമ്പോ ബസ് സ്റ്റാന്റിലെ കൂൾബാറിലിരുന്ന് കാപ്പിയും പഴം പൊരിയും കഴിക്കുമ്പോ ഒരു വട്ടം പോലും അവളൊന്ന് ചിരിച്ചില്ല.. കറുത്ത മോണ കാട്ടിയുള്ള പല്ല് ഞാൻ കണ്ടില്ല..
“ഇനീപ്പോ അടുത്ത മാസേ ഓനെ കാണാൻ പറ്റുള്ളൂ… ഒരു മാർഗവും ഇല്ലാണ്ടായി പോയി.. ന്റെ കുട്ടിക്ക് എട്ട് വയസ്സേ ആയുള്ളൂ…”
കാപ്പിയും കയ്യിൽ പിടിച്ച് പറയുമ്പോ അവളുടെ കഴുത്തിലെ ഞരമ്പുകൾ പോലും കരയുന്നുണ്ടെന്ന് എനിക്ക് തോന്നി….
മഴ പെയ്തു കൊണ്ടേയിരുന്നു… നനഞ്ഞ് കുതിർന്ന ചെമ്പരത്തി ഇലകൾ ഓർമ്മിപ്പിച്ച് കൊണ്ടേയിരുന്നു…
നേരം വെളുക്കുവോളം ചീവീടുകൾ കരഞ്ഞു … ചെമ്പരത്തിയിലെ നനവിനും അയനിചോട്ടിലെ ഒച്ചകൾക്കും ഫാർമസിയിലെ നെടുവീർപ്പിനും
ഒരേ നോവായിരുന്നു.. അമ്മ മണമായിരുന്നു..
❤️