അങ്ങാടിക്കാർ കാർത്തുവിന്റെ പ്രതികാരത്തെ കൂടുതൽ കൂടുതൽ ഭയന്നുകൊണ്ടേയിരുന്നു….

Story written by Saran Prakash

”ഇന്നലെ രാത്രീലും കൊണ്ടോയിട്ടുണ്ട് പാകമായ രണ്ടെണ്ണം..”

അന്നും ഖാദർക്കാന്റെ ചായപീടികേലെ ചൂടുള്ള വാർത്ത അതു തന്നെ യായിരുന്നു…

ചായപീടികേല് മാത്രമല്ല… ആ അങ്ങാടീല് ആളുകൂടുന്നിടത്തെല്ലാം നാളുകളായുള്ള ചർച്ചാ വിഷയം അതുമാത്രമായിരുന്നു…

ഭാർഗ്ഗവൻ നമ്പൂരിയുടെ വീട്ടിലെ ചക്കമോഷണം…

”കണ്ടാൽ ആർക്കുമൊന്നു കട്ടെടുക്കാൻ തോന്നും… അത്രക്ക് നല്ല ചക്കയല്ലേ…”

പറമ്പിലെ പ്ലാവിന്റെ കയ്യെത്തുന്നിടത്തെല്ലാം വെച്ചൂരി പശുവിന്റെ ചാണകം വാരിത്തേച്ചുകൊണ്ട് ഗോവാലൻ നായര് നെടുവീർപ്പിട്ടു…

വസന്തം ഒരിക്കൽ പോലും എത്തിനോക്കാത്ത ആ പ്ലാവിനെ ഗോവാലൻ നായര് ഒരു നിമിഷം അടിമുടിയൊന്നു നോക്കി… ഇനി പയറ്റാൻ അടവുകളൊന്നും ബാക്കിയില്ലെന്ന നിസ്സംഗതയോടെ..

”ഒരൊറ്റ ചക്ക മതി, നാല് ദിവസം സുഭിക്ഷമായി കഴിയാം…”

അടുക്കളയോരങ്ങളിൽ മോഷണം പോയ ആ ചക്കകളെയോർത്ത്, പെണ്ണുങ്ങൾ നൊമ്പരപെട്ടു…

തോരനും, പുഴുക്കും, വറവും, എന്തിനേറെ ചക്കകൊണ്ട് പായസോം മെനഞ്ഞെടുക്കാനാകുമ്പോൾ അവർക്കങ്ങനെയല്ലേ ചിന്തിക്കാനാകൂ….

മെമ്പർ പുരുഷേട്ടൻ നാലുപാടും പായുന്നുണ്ട്… സ്ഥിരമായൊരു ചക്കകള്ളൻ നാട് വാഴുമ്പോൾ, പോലീസിനേക്കാൾ തലവേദനയുണ്ടാകും ആ നാട്ടിലെ മെമ്പർക്ക്…

”നമ്പൂരിക്ക് അങ്ങനെതന്നെവേണം… അറുത്ത കൈക്ക് ഉപ്പു തേക്കാത്ത മനുഷ്യൻ..”!!

അങ്ങാടി പീടികേല് ആളുകൂടിയപ്പോൾ, കണാരേട്ടൻ മൊഴിഞ്ഞത് അപ്രകാരമായിരുന്നു…

അല്ലേലും നാട്ടിലെ സംഭവവികാസങ്ങളിലെപ്പോഴും കണാരേട്ടന് വ്യത്യസ്ഥമായ അഭിപ്രായമായിരിക്കും.. അതിനെല്ലാം തക്കതായ കാരണങ്ങളും കണാരേട്ടന്റെ പക്കലുണ്ടായിരുന്നു…

അതുകൊണ്ടു തന്നെയാകാം, പീടികേല് വരുന്ന തരുണീമണികളെല്ലാം ജ്ഞാനിയായ കണാരേട്ടന്റെ ആരാധികമാരായതും…

”ഈ നമ്പൂരിന്നു പറഞ്ഞാൽ ആരാ…??”

”ആരാ..”?? അന്നും ആരാധികമാരേവരും കണാരേട്ടന് ചുറ്റുംകൂടി…

”നമ്മുടെയൊക്കെ സൃഷ്ടാവിനെ സേവിക്കുന്നവൻ… എന്നു വെച്ചാൽ, ദൈവത്തിന്റെ പ്രതിനിധി… അങ്ങനെയല്ലേ..??”

പൊതിഞ്ഞെടുത്ത കാൽകിലോ പഞ്ചസാരക്കൊപ്പം, കണാരേട്ടൻ ആ ചോദ്യചിഹ്നവും വെച്ചു നീട്ടി ഒറ്റകണ്ണിറുക്കുമ്പോൾ, ഒരു ചെറു നാണത്തോടെ സുഷമേച്ചി തല കുനിച്ചു…

കണാരേട്ടന്റെ നോട്ടത്തിനുപോലും ഹൃദയത്തിലേറാനുള്ള ശക്തിയുണ്ടെന്ന സുഷമേച്ചിയുടെ വാക്കുകളെ ഊട്ടിയുറപ്പിക്കുംപോലെ….

”അങ്ങനെ ദൈവത്തോട് അടുത്തിടപഴകുന്ന നമ്പൂരിമാരുടെ മുഖമെപ്പോഴും പ്രസാദിച്ചുകൊണ്ടേയിരിക്കും… അങ്ങെനയൊന്ന് നമ്മുടെ നമ്പൂരിക്കുണ്ടോ..??”

ഈ വട്ടം കണാരേട്ടന്റെ ചോദ്യവും പൊതിഞ്ഞെടുത്ത പയറും നാണി തള്ളയിലേക്കായിരുന്നു…

ഒരു നിമിഷം നാണിത്തള്ള ചിന്തയിലാഴ്ന്നു…

”സംശയിക്കണ്ട… അങ്ങനെയൊന്ന് ആ നമ്പൂരിക്കില്ല…”

ഓർത്തെടുക്കാനുള്ള നാണിത്തള്ളയുടെ പ്രയാസം കണ്ടിട്ടാവണം, കണാരേട്ടൻ തന്നെ ഉത്തരവും മൊഴിഞ്ഞു…

”ശരിയാണ്.. കള്ളൻ വന്നു ചക്ക കൊണ്ടുപോയിട്ടും, ആ മുഖത്തൊരു ഭാവമാറ്റോല്ല്യാ, കള്ളനെ പിടിക്കണമെന്ന ചിന്തയൂല്ല്യ… മെമ്പറുള്ളതുകൊണ്ട് മാത്രം….!!!”

കണാരേട്ടന്റെ വാക്കുകൾക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സരസേടത്തി പാതി മുറിഞ്ഞൊരു നെടുവീർപ്പിട്ടു…

”ഇനി മറ്റൊന്നുകൂടിയുണ്ട്….!!!”

കണാരേട്ടൻ തന്റെ ശബ്ദമൊന്നു താഴ്ത്തി ചുറ്റിലും നോക്കി…

കൂടിനിന്നവർ കണാരേട്ടനിലേക്ക് മാത്രമായി കാതുകൂർപ്പിച്ചു…

”കൃഷ്ണൻ, രാമൻ, ശങ്കരൻ, ലക്ഷ്മണൻ, ഉണ്ണി എന്നിങ്ങനെയല്ലാതെ നമ്പൂരിക്ക് മുൻപിൽ ഭാർഗ്ഗവൻ വന്ന ചരിത്രമുണ്ടോ…??

ഭാർഗ്ഗവനെ അലങ്കരിക്കേണ്ടത്, കൊമ്പൻ ഭാർഗ്ഗവനെന്നോ മീശ ഭാർഗ്ഗവനെന്നോ അല്ലേ..??”

ഇത്തവണ അതി പ്രസക്തമായ തന്റെ ആ ചോദ്യം കണാരേട്ടൻ വച്ചുനീട്ടിയത് ഒരാളിലേക്കല്ല.. ഒരു കൂട്ടത്തിലേക്കായിരുന്നു.. അതുവഴി ഒരങ്ങാടിയിലെ മുഴവൻ ജനതയിലേക്കായിരുന്നു….

”ഒരു പേരിലൊക്കെ എന്തിരിക്കുന്നു..!!!”

വീശിയടിച്ച ചായ കൂടിയിരുന്നവർക്കായ് വീതം വെക്കുമ്പോൾ, ഖാദർക്കാ തന്റെ സംശയം രേഖപ്പെടുത്തി…

”ഉണ്ട് ഖാദറെ… കണാരൻ പറഞ്ഞതിൽ അല്പം കാര്യമുണ്ട്…!!!”

ചായക്കടയിലെ കാർന്നോന്മാർ വീണ്ടും വീണ്ടും കണാരന്റെ വാക്കുകളെ കീറിമുറിച്ചുകൊണ്ടേയിരുന്നു…

ചിലർ നമ്പൂരിക്കുടുംബത്തിലെ മൺമറഞ്ഞുപോയ പണിക്കാരി പെണ്ണുങ്ങളെ ഓർത്തെടുത്തു… മറ്റുചിലർ മുൻതലമുറകൾ പറഞ്ഞുകേട്ട അ വിഹിത കഥകളിലും, ദുർമരണങ്ങളിലും ചികഞ്ഞുകൊണ്ടേയിരുന്നു…

”എങ്കിൽ, ഇതൊരു പ്രതികാരമാണ്.. നമ്പൂരിപ്പറമ്പിലെ ചക്ക വീണു മരിച്ച കാർത്തുവിന്റെ…!!!”

ഖാദർക്കാന്റെ നീട്ടിയടിച്ച ചായ ഒരു നിമിഷം താളം തെറ്റി നിലം പതിച്ചു…

മേലെ മാനത്ത്, മേഘങ്ങൾ ഉരുണ്ടുകൂടി… തലമൂത്ത കാരണവർ കെട്ടഴിക്കുന്ന ആ പഴങ്കഥക്ക് കാതോർക്കാനെന്ന പോലെ…

കാർത്തു.. നമ്പൂരി കുടുബത്തിലേക്ക് പടികയറിയെത്തിയ പണിക്കാരിലൊരുവൾ.. മോഷണത്തിനിടയിൽ ചക്ക വീണു മണ്ണടിഞ്ഞതാണെന്നാണ് പഴമൊഴിയെങ്കിലും, നമ്പൂരിമാരിലാരുടേയോ മോഹഭാണ്ഡം പേറി പിഴച്ചു പെറ്റപ്പോൾ, കൊന്നൊടുക്കിയതാണെന്നും അശരീരികളുണ്ട്…

”അങ്ങനെയെങ്കിൽ, കാർത്തുവിന്റെ സന്തതിയായിരിക്കാം ഭാർഗ്ഗവൻ… നമ്പൂരിക്കുടുംബത്തിലെ അവശേഷിക്കുന്ന വല്യമ്പൂരിയെ കൂടി ഇല്ലായ്മ ചെയ്യാൻ അവർ ഒരുമിച്ചൊരുക്കുന്ന പദ്ധതികളാകാമിത്…”

കേട്ടിരുന്നവർ ഇളയ കാരണവരുടെ ആ വാക്കുകളെ ശരിവെച്ചു…

കണാരന്റെ കണ്ടെത്തലും, കാർന്നോന്മാരുടെ പഴങ്കഥകളും കാതുകളിൽ നിന്നും കാതുകളിലേക്ക് ചേക്കേറിക്കൊണ്ടിരുന്നപ്പോൾ, അടുക്കളപിന്നാമ്പുറത്തെ പെണ്ണുങ്ങൾ പോലും തറപ്പിച്ചു പറഞ്ഞു…

”ഇത് കാർത്തുവിന്റെ പ്രതികാരം തന്നെ…!!!”

കാർത്തുവിനെ ഭയന്ന് സൂര്യനോടൊപ്പം അങ്ങാടിയും അസ്തമിച്ചുതുടങ്ങി… ഉമ്മറവാതിലുകൾ അതിവേഗം കൊട്ടിയടക്കപെട്ടു…

അപ്പോഴും അവിശ്വാസിയായ മെമ്പർ പുരുഷേട്ടൻ മാത്രം കള്ളനുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു… രാത്രിയെന്നോ പകലെന്നോയില്ലാതെ…

എണ്ണയൊഴിച്ചിരുന്ന ആ കണ്ണുകളിൽപ്പെടാതെ പാകമായ ചക്കകൾ വീണ്ടും നഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോൾ, അങ്ങാടിക്കാർ കാർത്തുവിന്റെ പ്രതികാരത്തെ കൂടുതൽ കൂടുതൽ ഭയന്നുകൊണ്ടേയിരുന്നു…

ഒടുവിൽ, മെനഞ്ഞെടുത്ത ആ കഥകൾക്കും, ചക്ക മോഷണത്തിനും തിരശീല വീണത് ആ രാത്രിയോടെയായിരുന്നു…

കുഞ്ഞവറാന്റെ തലതെറിച്ച പേരക്കിടാവ്, കാർത്തുവിനെ മറന്ന് പിന്നാമ്പുറത്തെ തൊടിയിൽ മുള്ളാനിറങ്ങിയ ആ രാത്രി…

പാട വരമ്പിലൂടെ ചക്കയുമേന്തി നടന്നകലുന്ന രൂപത്തെ നോക്കി, മുള്ളുന്ന തിനിടയിൽ അവൻ ഉച്ചത്തിൽ വിളിച്ചുകൂവി….

”ചക്കേം കൊണ്ട് എങ്ങിട്ടാ മെമ്പറെ ഈ രാത്രീല്…??”

Leave a Reply

Your email address will not be published. Required fields are marked *