ഒന്നാണ് നമ്മൾ
Story written by Nisha Suresh Kurup
ഡിവോഴ്സ് പേപ്പറിൽ ഒപ്പുവെയ്ക്കുമ്പോൾ ഹിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ ഇടം കണ്ണിട്ട് അജിത്തിനെ നോക്കി. അവന്റെ മിഴികളും നിറഞ്ഞിരുന്നു. എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ അവർ മുഖാമുഖം നോക്കി. മൂന്ന് വയസുകാരൻ അഭിനവ് എന്ന അഭി ഹിമയുടെ കൂടെയാണ്. അവർ പിണങ്ങി കഴിഞ്ഞ ഒരു വർഷം കുഞ്ഞ് രണ്ട് വീടുകളിലുമായി മാറി മാറി നിന്നു. ഡിവോഴ്സ് വിധി വന്നപ്പോൾ എല്ലാ ശനിയാഴ്ചയും രാവിലെ മുതൽ ഞായറാഴ്ച വൈകുന്നേരം വരെ അജിത്തിന്റെ കൂടെയും ബാക്കി ദിവസങ്ങളിൽ അമ്മയുടെ കൂടെയും അതാണ് വ്യവസ്ഥ. അഭിയെ എടുത്ത് വണ്ടിയിൽ കയറ്റാൻ നേരം അവൻ വരാൻ കൂട്ടാക്കാതെ അജിത്തിനെ കെട്ടിപ്പിടിച്ചു. ഹിമയ്ക്ക് പിടിച്ച് എടുത്ത് കൊണ്ട് വരാൻ തോന്നിയില്ല. ഉടനെ ഹിമയുടെ അച്ഛൻ അവളുടെ അമ്മയോടു ചൂടായി
“നോക്കി നില്ക്കാതെ കുഞ്ഞിനെ എടുത്ത് വണ്ടിയിൽ കയറുന്നുണ്ടോ “.
അത് കണ്ട് അജിത്ത് അഭിയുടെ അടുത്ത് മുട്ടുകുത്തി ഇരുന്നു.
“മോൻ ഇപ്പോൾ അമ്മയുടെ കൂടെ പോകണം അച്ഛൻ കുറച്ച് കഴിഞ്ഞ് വരാം “.
കുഞ്ഞിന് മുത്തം കൊടുത്ത് അജിത്ത് അവനെ കാറിന്റെ ഡോർ തുറന്ന് അകത്താക്കി.
“വരുമ്പോൾ മോന് ചോക്ലേറ്റ് കൊണ്ടു വരണേ “.കുഞ്ഞ് വിളിച്ചു പറഞ്ഞു തലയാട്ടി അജിത്ത് ഹിമയെ ഒന്നു കൂടി നോക്കി തിരിഞ്ഞ് നടന്നു. അവളും അവനെ നോക്കി നിന്നു. “നോക്കി നില്ക്കാതെ കയറുന്നുണ്ടോ ” അച്ഛൻ ഒച്ച വെച്ചു.
അജിത്തിന് വീട്ടിൽ ചെന്നിട്ട് സ്വസ്ഥത വന്നില്ല. മകന്റെ കളിപ്പാട്ടങ്ങൾ കുഞ്ഞുടുപ്പുകൾ എല്ലാം അവനെ അസ്വസ്ഥനാക്കി. ബെഡ്റൂമിൽ കടന്ന അവന്റെ കണ്ണുകൾ എടുത്ത് മാറ്റാതെ ടേബിളിലിരുന്ന ഫോട്ടോയിൽ പതിഞ്ഞു. ഗർഭിണിയായ ഹിമ .അവളെ പൊതിഞ്ഞ് പിടിച്ചുകൊണ്ട് അരികിലായി താനും. പിന്നെയും അവന്റെ മിഴികൾ ഈറനായി. ഒന്നും വേണ്ടിയിരുന്നില്ല. തന്റെ മാത്രം ആയിരുന്നവൾ എന്നു മുതലാണ് എനിക്ക് അന്യയായത്. അവൻ തന്റെ കിടക്കയിലേക്ക് ചാഞ്ഞു.
“എനിക്ക് പുളിയുള്ള മാങ്ങ തിന്നാൻ കൊതിയാകുന്നു ” ഹിമ കൊഞ്ചുകയാണ്.
“ഈ രാത്രിയിൽ ഞാൻ എവിടെ പോകാനാ മോളെ നാളയാവട്ടെ ” അജിത്തിന്റെ ആശ്വാസ വാക്കുകൾ അവളെ സമാധാനിപ്പിച്ചില്ല.
“ഗർഭിണി ഒരാഗ്രഹം പറഞ്ഞാൽ സാധിച്ചു തരാത്ത കുരങ്ങൻ ഭർത്താവ് ” അവൾ മുഖം വീർപ്പിച്ചു.
അജിത്ത് അവളെ തന്നിലേക്ക് അടുപ്പിച്ചു ” നേരം വെളുക്കട്ടെ എന്ത് വേണേലും വാങ്ങിത്തരാം”. അമർത്തി ചും ബിച്ചു കൊണ്ട് “തല്ക്കാലം ഇതുമതി കേട്ടോ ” പറഞ്ഞതും ഹിമ നാണത്താൽ തുടുത്തു. തലയിണ മുഖത്തേക്ക് എറിഞ്ഞു ” കളളൻ”തളർച്ചയാൽ ഉറങ്ങി പോയ അജിത്ത് ഞെട്ടി ഉണർന്നു .സ്വപ്നമായിരുന്നോ ഇനി ഒരിക്കലും മടങ്ങി വരാത്ത സ്വപ്നം . . വീണ്ടും അവൻ ഫോട്ടോയിലേക്ക് നോക്കി. എന്തിനായിരുന്നു എല്ലാം
ടെക്നോപാർക്കിലെ ജീവനക്കാരാണ് ഹിമയും അജിത്തും . സുഹൃത്തുക്കളായിരുന്നവർ. ഒടുവിൽ അത് പ്രണയത്തിലേക്ക് വഴിമാറാൻ കാലതാമസമുണ്ടായില്ല. അജിത്തിന്റെ മാതാപിതാക്കൾ ചെറുപ്പത്തിലെ മരിച്ചതിനെ തുടർന്ന് അമ്മാവന്റെ സംരക്ഷണയിൽ ആണ് വളർന്നത്. അമ്മാവനും കുടുംബത്തിനും അജിത്തിനോട് പറയത്തക്ക സ്നേഹമൊന്നുമില്ലായിരുന്നു . കുട്ടിക്കാലത്ത് ഒറ്റപ്പെടൽ വളരെയധികം അജിത്തനുഭവിച്ചിട്ടുണ്ട് . മാതാപിതാക്കളുടെ സമ്പാദ്യം ഉണ്ടായിരുന്നു ,പഠിക്കാനും മറ്റു കാര്യങ്ങൾക്കും . കുറച്ച് മുതിർന്നുടൻ അയാൾ ഹോസ്റ്റലിലേക്ക് താമസം മാറി. പിന്നെ ജോലി കൂടി ആയപ്പോൾ സ്വന്തമായി വീടൊക്കെ പണിതു. വീട്ടു ജോലിക്കായി പകൽ ഒരു സ്ത്രീ വന്നു പോകുമെങ്കിലും ഒരു ഒറ്റപ്പെടൽ അയാൾക്കുണ്ട്. അത് കൊണ്ട് തന്നെ ഹിമയെ അജിത്തിന് ജീവനാണ്. എന്നാൽ ഹിമയെ സംബന്ധിച്ചടുത്തോളം അച്ഛനമ്മമാരുടെ ഒറ്റ മകളാണ്. അതിന്റേതായ എല്ലാ ലാളനയും കിട്ടി വളർന്നവൾ . അവരുടെ വിവാഹത്തെ ഹിമയുടെ വീട്ടുകാർ എതിർത്തു. ജാതി വ്യത്യാസം,
അജിത്തിന് ബന്ധുബലമില്ല അങ്ങനെ കാരണങ്ങൾ നിരത്തി വീട്ടുകാർ എതിർത്തു . രണ്ട് മതത്തിലുള്ളവർ വിവാഹം കഴിക്കുന്നു. പിന്നെയാണോ ജാതി . അത് കേൾക്കാൻ വീട്ടുകാർ തയ്യാറായില്ല. ഹിമയെ നഷ്ടപ്പെടുത്താൻ കഴിയാതെ അജിത്ത് രജിസ്റ്റർ മാര്യേജിനു നിർബന്ധിച്ചു. വീട്ടുകാരെ പിരിയാൻ മടിയുണ്ടായിരുന്ന ഹിമ ആദ്യം എതിർത്തെങ്കിലും അജിത്തിന്റെ സ്നേഹത്തിനു മുന്നിൽ മറ്റെല്ലാം മറന്നു.രജിസ്ററർ മാര്യേജ് ചെയ്തു. ഒന്നിച്ച് താമസമായി സന്തോഷം മാത്രം നിറഞ്ഞ ദിനങ്ങൾ. ഓഫീസും വീടും ഫ്രണ്ട്സുമായി അടിച്ചു പൊളിച്ചു ജീവിച്ചു. അതിനിടയിൽ ഹിമ ഗർഭിണിയായി. അജിത്ത് ഹിമയുടെ കാര്യങ്ങൾ ഒരു കുറവും വരാതെ നോക്കി . മാസങ്ങൾ നീങ്ങവെ ഹിമക്ക് വിശേഷമുണ്ടെന്നറിഞ്ഞ് പിണക്കങ്ങൾ മറന്ന് ഹിമയുടെ അച്ഛനും അമ്മയും അവളെ കാണാൻ വന്നു. ആ സമയത്ത് അമ്മ വന്നത് അവൾക്കൊരു ആശ്വാസമായിരുന്നു. ക്ഷമ പറച്ചിലുകൾക്കും കണ്ണീരിനുമൊടുവിൽ എല്ലാ പിണക്കങ്ങളും മറന്ന് വീട്ടിലേക്ക് ക്ഷണിച്ചു.
ഹിമയുടെ വാശിക്കു മുന്നിൽ അജിത്ത് വീട്ടിൽ പോകാൻ തയ്യാറായി. അങ്ങോട്ടും ഇങ്ങോട്ടും പോക്കും വരവുമായി കുഴപ്പങ്ങളില്ലാതെ മുന്നോട്ട് പോയെങ്കിലും ദിവസങ്ങൾ കഴിയവെ അജിത്തിലും ഹിമയുടെ വീട്ടുകാർക്കും ഇടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. പ്രസവം അടുക്കാറായപ്പോൾ വീട്ടുകാർ ഹിമയെ കൂട്ടി കൊണ്ട് പോകാൻ ഒരുങ്ങി. എന്നാൽ അജിത്ത് ഒറ്റയ്ക്കാകുമെന്ന് പറഞ്ഞു ഹിമ പോകാൻ കൂട്ടാക്കിയില്ല .ഒടുവിൽ മകളോടുള്ള സ്നേഹം കാരണം അച്ഛനും അമ്മയും ഹിമയ്ക്കും അജിത്തിനും ഒപ്പം താമസമായി .പിന്നെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം . എല്ലാ കാര്യത്തിലും വീട്ടുകാർ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങി. അവരുടെ അമിതമായ സ്നേഹം മൂലം അജിത്തിന്റെ ഉള്ളിൽ വീണ്ടും താൻ ഒറ്റപ്പെടുന്നു തനിക്ക് ആരുമില്ലെന്ന അപകർഷധാ ബോധവും ഉണ്ടായി. ഹിമയുടെ അച്ഛൻ അഹംഭാവത്തിനു ഒട്ടും കുറവില്ലാത്ത മനുഷ്യനായിരുന്നു. അജിത്തിന് ആളിന്റെ സംസാരം പിടിക്കാതെ പലവട്ടം ദേഷ്യം അമർത്തിപ്പിടിച്ചു. ഹിമ എല്ലാവരും ഒരുമിച്ച സന്തോഷത്തിലുമായിരുന്നു. കൂടാതെ ഹിമയുടെ മറ്റു ബന്ധുക്കളും വന്നു തുടങ്ങി.
പ്രസവം കഴിഞ്ഞു കുഞ്ഞിനെ അജിത്തിന്റെ കയ്യിലേക്ക് നഴ്സു നീട്ടി. അവനൊന്നു നേരെ കാണുന്നതിനും മുത്തം പോലും കൊടുക്കുന്നതിനും മുൻപെ ഹിമയുടെ അമ്മ കുഞ്ഞിനെ അവന്റെ കൈയ്യിൽ നിന്നു പിടിച്ചു വാങ്ങി. ഹിമയുടെ മറ്റു ചില ബന്ധുക്കളും ഉണ്ടായിരുന്നു എല്ലാവരും കൂടി കുഞ്ഞിനെ മാറി മാറി കൊഞ്ചിക്കാൻ തുടങ്ങി. അജിത്തിനു അത് അയാളെ അവഗണിക്കുന്നതായി തോന്നി. ഹിമയെ കയറി കണ്ടു അവളെ ചേർത്ത് പിടിക്കുമ്പോഴും അജിത്തിന്റെ മനസ് അസ്വസ്ഥമായിരുന്നു.
തുടർന്നങ്ങോട്ട് വീട്ടിൽ വന്നിട്ടും എല്ലാ കാര്യങ്ങളിലും ഹിമയുടെ അച്ഛനമ്മമാർ കൈയ്യ് കടത്താൻ തുടങ്ങി. അവസരം കിട്ടുമ്പോഴൊക്കെ കുലമഹിമ പറഞ്ഞ് അജിത്തിനെ കുത്താനും ഹിമയുടെ അച്ഛൻ മറന്നില്ല . ബന്ധുക്കളുടെ മുന്നിലും അജിത്തിനോട് വിലയില്ലാത്ത രീതിയിൽ അച്ഛൻ പെരുമാറി . അജിത്തിന് ഉള്ളിൽ അമർഷം നിറഞ്ഞു . കുറച്ചു ദിവസം കഴിഞ്ഞാൽ അച്ഛനമ്മമാർ മടങ്ങി പോകുമല്ലോ വെറുതെ പ്രശ്നം ഉണ്ടാക്കി ഹിമയെ വിഷമിപ്പിക്കണ്ടെന്ന് അജിത്ത് ആദ്യമൊക്കെ വിചാരിച്ചു. ഹിമ വീണ്ടും ജോലിക്ക് പോയി തുടങ്ങി. സഹായത്തിന് പുതിയ ജോലിക്കാരിയെ അജിത്ത് നിയമിച്ചു. എന്നാൽ ഹിമയുടെ അമ്മ കുഞ്ഞിനെ നോക്കാൻ അവരുണ്ടായാലേ പറ്റൂ എന്ന് പറഞ്ഞ് മടങ്ങി പോകാൻ കൂട്ടാക്കിയില്ല . ഒടുവിൽ അച്ഛനും അമ്മയും കൂടി തീരുമാനിച്ചു അവരുടെ കൂടെ ഹിമയും കുഞ്ഞും അജിത്തും താമസിക്കണമെന്ന് . ഒറ്റമോളായത് കൊണ്ട് വീടും മറ്റും ഹിമയ്ക്ക് അവകാശപ്പെട്ടതാണ് അവിടുന്ന് ആയാലും രണ്ട് പേർക്കും ജോലിക്ക് പോകാൻ എളുപ്പമാണ്. ഹിമ സന്തോഷത്തോടെ തലയാട്ടി . അമ്മ കൂടെ ഉണ്ടെങ്കിൽ കുഞ്ഞിനെ ഏല്പിച്ചു പോകാൻ സമാധാനം ഉണ്ടല്ലോന്ന് ഹിമ പറഞ്ഞു. എന്നാൽ അജിത്തിന് അത് സമ്മതം അല്ലായിരുന്നു . ഒടുവിൽ ഹിമയും അജിത്തും തമ്മിൽ തർക്കമായി . ഹിമയുടെ വീട്ടുകാർ കയറി എടപ്പെട്ടു ഹിമയുടെ ഭാഗം ന്യായീകരിച്ചു . അജിത്തും വിട്ടു കൊടുത്തില്ല . പിന്നീട് പിണക്കമൊക്കെ മാറി രണ്ട് പേരും ഒരുമിച്ചെങ്കിലും ചെറിയ ഒരു അകൽച്ച ഇരുവരുടെ മനസിലും ഉടലെടുത്തു. ഹിമയുടെ സന്തോഷമാണ് വലുതെന്നും പറഞ്ഞു അച്ഛനും അമ്മയും ഹിമയുടെ കൂടെ താമസമായി.
പിന്നെയങ്ങോട്ട് എന്നും പ്രശ്നങ്ങൾ ആയിരുന്നു. ഹിമയും അജിത്തും തമ്മിൽ സൗന്ദര്യ പിണക്കം ഉണ്ടായാൽ പോലും അച്ഛനമ്മമാർ ഇടപ്പെട്ട് ഹിമയിൽ ഏഷണി കേറ്റി കൊടുത്തു. തൊട്ടതിനും പിടിച്ചതിനും ഹിമയും അജിത്തിനോട് തർക്കിച്ചു. കുഞ്ഞിൻ്റെ കാര്യത്തിൽ പോലും അജിത്തിന് തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യം ഇല്ലാതായി. ഒരിയ്ക്കൽ ഹിമയുടെ അച്ഛനും അജിത്തും തമ്മിൽ കുഞ്ഞിൻ്റെ കാര്യത്തിൽ വഴക്കായി .തൻ്റെ കുഞ്ഞിൻ്റെ കാര്യങ്ങൾ താൻ തീരുമാനിക്കും എന്ന് അജിത്ത് ദേഷ്യപ്പെട്ടപ്പോൾ മകളുടെ കുഞ്ഞിൽ ഹിമയുടെ അച്ഛനും അവകാശം ഉണ്ടെന്ന് വാദിച്ച് വഴക്ക് ഒടുവിൽ രൂക്ഷമായി. മനസമാധാനം നഷ്ടപ്പെട്ട അജിത്ത് ഹിമയോട് അവരെ പറഞ്ഞ് വിടണമെന്നും മോനു ഒരു വയസു കഴിഞ്ഞില്ലേ ജോലിക്ക് നില്ക്കുന്ന സ്ത്രീ നോക്കികോളുമല്ലോന്ന് പറഞ്ഞപ്പോൾ
ഹിമ അരിശത്തോടെ പറഞ്ഞു അജിത്തിൻ്റെ ഈഗോയും കോംപ്ലക്സും ആണ് എല്ലാത്തിനും കാരണം അച്ഛനും അമ്മയും ഇല്ലാതെ ജീവിച്ച അജിത്തിന് ബന്ധങ്ങളുടെ വിലയറിയില്ല എൻ്റെ നന്മയ്ക്ക് വേണ്ടിയാണ് അച്ഛനും അമ്മയും വീട് പൂട്ടിയിട്ടിട്ട് ഇവിടെ വന്നു നില്ക്കുന്നത് എനിക്ക് അവരെ വിഷമിപ്പിക്കാൻ പറ്റില്ല.
അജിത്തിനെ അത് വല്ലാതെ ദേഷ്യം പിടിപ്പിച്ചു. അതിനെ ചൊല്ലിയുളള വഴക്ക് അവസാനിച്ചത് ഹിമ കുഞ്ഞുമായി മറ്റൊരു റൂമിൽ പോയി കിടന്നാണ്. തുടർന്നങ്ങോട്ട് പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത ഒരുതരം വാശി. അത് മുതലെടുത്ത് അവരെ തെറ്റിക്കാൻ ഹിമയുടെ വീട്ടുകാർ അവരെ കൊണ്ട് ആകുന്ന കുന്നായ്മ കാണിച്ചു. കുഞ്ഞു മാത്രമായിരുന്നു ഒരു ആശ്വാസം അജിത്തിന്.ഓഫീസിലും കൂട്ടുകാർക്കിടയിലും ഒക്കെ ചർച്ചയുണ്ടായി അവരൊക്കെ ഉപദേശിച്ചു എന്നിട്ട് ഒന്നും കേൾക്കാൻ അഹംഭാവം പിടിച്ച മനസ്സ് സമ്മതിച്ചില്ല. രണ്ടുപേരും വിട്ടു കൊടുക്കാൻ തയ്യാറായില്ല. ഒരുനാൾ ഹിമ പറഞ്ഞു
“എനിക്ക് എങ്ങനെ മാനസികമായി വിഷമിച്ചു ജീവിക്കാൻ വയ്യ മടുത്തു. എന്റെ വീട്ടുകാര് എന്നെ ഇത്രയും സ്നേഹിച്ച് വളർത്തിയിട്ട് ഇനിയും അവരെ വിഷമിപ്പിക്കാൻ പറ്റത്തില്ല. അജിത്തിന്റെ സ്വഭാവം ഇത്ര മോശമാണെന്നറിഞ്ഞില്ല. എനിക്ക് വീട്ടുകാരേ ഉള്ളുവെന്ന് മനസിലായി. എനിക്ക് ഡിവോഴ്സ് വേണം “.
അജിത്തിൽ പ്രത്യേകിച്ച് ഞെട്ടൽ ഒന്നും ഉണ്ടായില്ല. ആ മാനസികാവസ്ഥയിലേക്ക് അജിത്തും ആ സമയത്ത് എത്തിക്കഴിഞ്ഞിരുന്നു. അങ്ങനെ രണ്ടുപേരുംഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വേർപിരിയൽ. വീട്ടുകാരോടൊപ്പം സ്വന്തം വീട്ടിലേക്ക് ഹിമ പോയി. ഡിവോഴ്സ് നോട്ടീസ് ഹിമയുടെ വീട്ടുകാർ അയച്ചു . ഒടുവിൽ ഹിമയുടെ അജിത്തിന്റെയും കൈകളിൽ നിന്ന് കാര്യങ്ങൾ ചോർന്നു പോയി. എല്ലാ കാര്യങ്ങളും ഹിമയുടെ വീട്ടുകാർ ഏറ്റെടുത്തു.ആറുമാസത്തെ കൗൺസിലിംഗ് പറഞ്ഞിരുന്നു. കൗൺസിലർ നന്നായിട്ട് അവരെ ഉപദേശിച്ചു .നിങ്ങൾ തമ്മിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല വലിയ വലിയ പ്രശ്നങ്ങളുള്ളവരാണ് പിരിയാൻ തീരുമാനിക്കുന്നത് നിങ്ങൾക്ക് അതിന്റെ ആവശ്യമുണ്ടോ . കുഞ്ഞിന്റെ കാര്യം നോക്കണ്ടെ.അങ്ങനെ ഉപദേശങ്ങൾ കൗൺസിലർ കൊടുത്തെങ്കിലും അവരത് ഉൾക്കൊള്ളാൻ തയ്യാറായില്ല. കൂട്ടുകാർ മാറി മാറി അപേക്ഷിച്ചു ഉപദേശിച്ചു ഒരു രക്ഷയുമില്ലായിരുന്നു. അവരെ വീണ്ടും ഒന്നിക്കാൻ ഹിമയുടെ വീട്ടുകാരും ബന്ധുക്കളും സമ്മതിച്ചില്ലെന്ന് പറയുന്നതാണ് കൂടുതൽ ശരി. വീണ്ടും ഒരു ആറുമാസം കൂടി കഴിഞ്ഞു ഡിവോഴ്സ് അനുമതി കിട്ടി. അപ്പോഴേക്കും ആദ്യത്തെ ആവേശവും ദേഷ്യവും ഒക്കെ മാറി രണ്ടുപേരുടെ ഉള്ളിലെ കുറ്റബോധം നിറഞ്ഞിരുന്നു. ഓഫീസിൽ ചെന്നാൽപ്പോലും മിണ്ടാതിരുന്ന അവർ പരസ്പരം വീണ്ടും അറിയാതെ ശ്രദ്ധിക്കാൻ തുടങ്ങി. പക്ഷെ വീട്ടുകാര് കടും പിടുത്തത്തിലായിരുന്നു. അവരെ ധിക്കരിക്കാൻ പിന്നെ എന്തുകൊണ്ടോ ഹിമക്ക് മടിയുമായി .ഡിവോഴ്സിന്റെ തലേദിവസം രണ്ടുപേരും ഒരുപാട് ചിന്തിച്ചു വേണോ വേണ്ടയോ എന്ന് . അവരുടെ നല്ല നിമിഷങ്ങൾ കുഞ്ഞിനെ കുറിച്ച് അങ്ങനെ പലതും ചിന്തിച്ച് ഉറക്കം നഷ്ടപ്പെട്ടിരുന്നു. …പക്ഷേ ഹിമയുടെ അച്ഛൻ പറഞ്ഞു
” വീണ്ടും നീ ഞങ്ങളെ തോല്പിച്ചാൽ ഞങ്ങൾക്ക് ഇങ്ങനെ ഒരു മകളെ ഇല്ലന്ന് അങ്ങ് തീരുമാനിക്കും. പിന്നെ ഒരിക്കലും ഞങ്ങൾ നിന്നെ കാണാനോ അടുക്കാനോ വരില്ല.നീ കണ്ടതല്ലേ അവനുണ്ടായ മാറ്റം നാളെയും ഇതൊക്കെ തന്നെ സംഭവിക്കും .അപ്പോഴും നീ ഒറ്റപ്പെടും “.
വീട്ടുകാരുടെ സ്വാധീനത്തിന്റെ അനന്തര ഫലമായിരുന്നു ഈ വേർപിരിയൽ …..
ഹിമയ്ക്ക് വീട്ടിൽ കയറിയ ശേഷം വല്ലാത്ത വീർപ്പുമുട്ടൽ തോന്നി. പിണങ്ങി കഴിഞ്ഞെങ്കിലും ആരുമല്ലാതായി തീർന്നുവെന്ന തോന്നൽ ഉണ്ടായത് ഇപ്പോഴാണ്. അഭിയാണെങ്കിൽ അച്ഛൻ എപ്പോഴാ വരുന്നതെന്ന് ചോദിച്ചു കൊണ്ടിരുന്നു. അമ്മ അടുത്ത് വന്നിരുന്നു നീയെന്താ ആലോചിക്കുന്നത്. അച്ഛൻ പറഞ്ഞത് കേട്ടല്ലോ അത് മറന്നേക്ക് നമ്മൾക്ക് ഒരിക്കലും ചേരാത്ത കൂട്ടങ്ങളാ. അവളിൽ നിന്ന് മറുപടിയൊന്നും കിട്ടാത്തതിനാൽ കുഞ്ഞിനെയും എടുത്ത് അവരകത്ത് പോയി. മറക്കാൻ പറയാൻ എന്തെളുപ്പം അതിനേക്കാൾ ശക്തമായി ഓർമ്മകൾ അവളെ വേട്ടയാടി.ഒന്നും വേണ്ടിയിരുന്നില്ല എന്ന ചിന്ത അവളിലും ഉണ്ടായി.
കുറച്ചു ദിവസങ്ങൾക്കു ശേഷം പാർക്കിന്റെ ഓരത്തെ ബെഞ്ചിൽ ഹിമ കുഞ്ഞുമൊത്ത് ഇരിക്കുവായിരുന്നു മോന് വല്ലാത്ത വാശി കാരണം അവനൊരു മാറ്റമായിക്കോട്ടെ എന്ന് കരുതിയാണ് പാർക്കിലേക്ക് വന്നത്.അവളുടെ ചിന്തകൾ വീണ്ടും അജിത്തിൽ എത്തി നിന്നു . മോനും അവളും അജിത്തും ഒരുമിച്ച് പാർക്കിലെ വീഥിയിൽ കൈപിടിച്ച് നടന്നതും മോൻ ഓടി കളിച്ചതും ഓർമ്മകളിൽ വന്നുനിറഞ്ഞു . ആ സമയത്താണ് ഹിമയുടെ പഴയ ഒരു കൂട്ടുകാരി ശ്യാമ അവളെ കണ്ടു ഓടി വന്നത്.എടീ നിനക്ക് എന്നെ മനസ്സിലായില്ലേ എന്തൊക്കെയുണ്ട് വിശേഷം നിന്റെ കല്യാണം കഴിഞ്ഞെന്ന് അറിഞ്ഞായിരുന്നു .ഇത് മോനാണോ ഹസ്ബൻൻ്റ് എവിടെ ഒറ്റശ്വാസത്തിൽ ശ്യാമ അവളോട് എല്ലാം തിരക്കി .അവൾ മറുപടി പറയുന്നതിനു മുന്നേ തന്നെ ശ്യാമ വീണ്ടും തുടർന്നു ഞാൻ ദുബായിൽ ഹസ്ബൻൻ്റും മോളുമായി കഴിയുന്നു .ഇപ്പോൾ നാട്ടിൽ വന്നതാടി. പറയ് നിന്റെ വിശേഷങ്ങൾ എന്തുകൊണ്ടോ ശ്യാമയെ കണ്ടപ്പോൾ ഹിമയുടെ കണ്ണ് നിറഞ്ഞു . പണ്ടവർ അത്രയ്ക്ക് കൂട്ടുകാരായിരുന്നു പലവഴിക്ക് പിരിഞ്ഞതിനു ശേഷം കോൺടാക്ട് ഒന്നുമില്ല. എന്താ ഉണ്ടായത് പറയെടി ശ്യാമ അവളുടെ തോളിൽ കൈവച്ചു. ഒന്നും പറയാതിരിക്കാൻ ഹിമയ്ക്കായില്ല. ആരോടെങ്കിലും എല്ലാം തുറന്നു പറഞ്ഞ് പൊട്ടിക്കരയാൻ കൊതിച്ചിരിക്കുന്ന ഒരു മനസ്സ് ആയിരുന്നു ഹിമയ്ക്കപ്പോൾ . കാര്യങ്ങൾ കേട്ടപ്പോൾ ശ്യാമ ചിരിക്കുകയാണ് ഉണ്ടായത്.
“നീ ഇത്ര മണ്ടി ആണോ ഇതൊക്കെയാണോ ഡിവോഴ്സ് ചെയ്യാനുള്ള കാരണങ്ങൾ ? എവിടെയെല്ലാം മരുമക്കളോട് അമ്മായിഅമ്മമാര് ക്രൂരതകൾ ചെയ്യുന്നു. അവരൊക്കെ പിടിച്ചു നിൽക്കുന്നില്ലേ .ഭാര്യമാരോട് എന്തെല്ലാം ദ്രോഹങ്ങൾ ചെയ്യുന്ന ഭർത്താക്കൻമാരുണ്ട്. പോട്ടെ മാനസികമായി പീ ഡിപ്പിക്കുന്ന എത്രയോ ആണുങ്ങൾ ഉണ്ട് അവരു പോലും ഡിവോഴ്സ് ഉടനടി ചെയ്യുന്നില്ല. സഹിച്ചു ജീവിക്കാൻ ഒന്നും ഞാൻ പറയില്ല. പക്ഷേ നിങ്ങൾക്കിടയിൽ സ്നേഹം മാത്രമേയുള്ളൂ പിന്നെ എന്തിനാണ് നിങ്ങൾ പിരിയാൻ പോയത് .വീട്ടുകാർ അല്ല നിങ്ങളുടെ ജീവിതം തീരുമാനിക്കേണ്ടത് നിങ്ങളാണ് നാളെ നിനക്ക് തുണയാവേണ്ടത് അജിത്തും അവന് തുണയാവേണ്ടത് നീയുമാണ്. വീട്ടുകാരെ ധിക്കരിക്കണമെന്നോ അവരെ അനുസരിക്കരുതെന്നോ വേദനിപ്പിക്കണമെന്നോ ഞാൻ പറയില്ല പക്ഷേ നമ്മളെ മനസ്സിലാക്കാത്ത വീട്ടുകാരെ മാറ്റി നിർത്തണം .നമ്മുടെ ജീവിതം നമ്മൾ ആണ് തീരുമാനിക്കേണ്ടത്. ചെറിയ ചെറിയ പിണക്കങ്ങളും വഴക്കുകളും വീട്ടുകാരെ അറിയിച്ചു അവരത് വലുതാകുമ്പോഴാണ് ഒട്ടുമിക്ക ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അജിത്തിനെ സംബന്ധിച്ചിടത്തോളം ഒരു ദോഷവും ഇല്ല നിന്നെയും കുഞ്ഞിനെയും ജീവനാണ് മാത്രമല്ല കുഞ്ഞിന്റെ മാനസികാവസ്ഥ നമ്മൾ നോക്കണ്ടേ അച്ഛനും അമ്മയും ഒരുപോലെ പ്രിയപ്പെട്ടതായതുകൊണ്ടല്ലേ കുഞ്ഞു ധർമ്മസങ്കടത്തിൽ ആകുന്നത് “.
“എല്ലാo എനിക്ക് ഇപ്പോൾ മനസ്സിലാകുന്നു ശ്യാമ .പക്ഷേ എന്ത് ചെയ്യാനാണ് എല്ലാം കൈവിട്ടു പോയില്ലേ ” ഹിമ പൊട്ടി പൊട്ടി കരഞ്ഞു . “ഒന്നും കൈവിട്ടു പോയിട്ടില്ല നമുക്ക് എല്ലാം തിരിച്ചുപിടിക്കാം. നീ എല്ലാം മറക്കാൻ തയ്യാറാ ണെങ്കിൽ ഞാൻ അജിത്തിനോട് സംസാരിക്കാം “. ഹിമ മൗനമായി നിന്നതേയുള്ളൂ. ആ മൗനത്തിൽ നിന്ന് ശ്യാമയ്ക്ക് മനസ്സിലായി അവൾ ഒരുപാട് അജിത്തിനെ സ്നേഹിക്കുന്നു …
ശ്യാമ പിന്നെ പോയത് അജിത്തിനെ കാണാനായിരുന്നു .അവൻ്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.അവൻ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു
“ഒന്നും വേണ്ടിയിരുന്നില്ല .അവളില്ലാതെ മോൻ ഇല്ലാതെ എനിക്ക് മുന്നോട്ടു പോകാൻ പറ്റുമെന്ന് തോന്നുന്നില്ല “.
നിങ്ങൾ എന്തിനാണ് ഡിവോഴ്സ് ചെയ്യാൻ പോയത് ശ്യാമ അയാളോടും ചോദിച്ചു.
“അപ്പോഴത്തെ ഹിമയോടുള്ള സ്വാർത്ഥത …..കോംപ്ലക്സ് ,ഈഗോ എല്ലാം കൂടെ ചേർന്നൊരു മാനസിക അവസ്ഥയിൽ അങ്ങനെയൊക്കെ പറ്റിപ്പോയി “.
ശ്യാമഅജിത്തിനോട് പറഞ്ഞു
“നിങ്ങൾക്ക് രണ്ടുപേർക്കും സ്നേഹം മാത്രമേയുള്ളൂ. വീട്ടുകാരാണ് എല്ലാ പ്രശ്നത്തിനും കാരണം ചെറിയ ചെറിയ പ്രശ്നങ്ങളെ വലുതാക്കി വഷളാക്കുന്നത് വീട്ടുകാരാണ് അതുകൊണ്ട് നമ്മുടെ ജീവിതമാണ് അങ്ങനെയുളള വീട്ടുകാരെ ഒരു കൈ പാട് അകലെ നിർത്തണം. അവരൊക്ക പഴയ ആൾക്കാരാണ് അവരുടെ ജാതിപരമായ വിശ്വാസങ്ങളിൽ ജീവിക്കുന്നവർ. ആ ചങ്ങലപ്പൊട്ടിച്ചു പുറത്ത് വരാൻ കഴിയില്ല. അവര് ശ്രമിക്കുകയുമില്ല. നിങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. നിങ്ങൾ മൂവരും സന്തോഷത്തോടെ ജീവിക്കണം.”.
ശ്യാമയുടെ വാക്കുകൾ അവനിൽ ആശ്വാസമേകി. അതെ ഞങ്ങളുടെ ജീവിതമാണ് നഷ്ടപ്പെട്ടാൽ വേദനിക്കാൻ ഞാൻ ഒറ്റയ്ക്കേയുള്ളു. പ്രണയിച്ചിരുന്ന സമയത്ത് അവൾക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യുന്ന എനിക്ക് ഇപ്പോൾ എന്ത് കൊണ്ട് പറ്റുന്നില്ല. അവളെനിക്ക് എല്ലാമാണ്. അഭി മോൻ അവനെ വിഷമിപ്പിച്ച് ജീവിച്ചിട്ട് എന്ത് കാര്യം. എനിക്കെന്റെ ഭാര്യയെയും കുഞ്ഞിനെയും വേണം … അവൻ സ്വയം പറഞ്ഞ് തീരുമാനത്തിലെത്തി.
കടൽക്കരയിലെ കാറ്റേറ്റ് അജിത്തിന്റെ ചുമലിൽ ചാരി ഇരിക്കുകയായിരുന്നു ഹിമ. കുഞ്ഞ് മണലിൽ വീടുണ്ടാക്കി കളിക്കുന്നു. ശാന്തതയായിരുന്നു രണ്ട് പേരുടെയും മുഖത്തപ്പോൾ .കാറും കോളും ഒഴിഞ്ഞ് ചിരിതൂകിയ വാനം പോലെ . ശ്യാമ തന്നെ മുന്നിൽ നിന്ന് വീണ്ടും അവരെ ഒന്നിപ്പിച്ചിരുന്നു. അച്ഛനമ്മമാരോട് ഹിമ പറഞ്ഞു നിങ്ങൾക്ക് വരാം പോകാം അതിനൊന്നും ഒരു കുഴപ്പവുമില്ല. പക്ഷെ ഞങ്ങളുടെ ഒരു കാര്യത്തിലും ആവശ്യമില്ലാതെ ഇടപെടരുത്. വീട്ടുകാർക്ക് അവളുടെ തീരുമാനങ്ങൾക്ക് മുന്നിൽ ഒന്നും പറയാനില്ലാതെയായി.. വീണ്ടും അവർ വിവാഹിതരായി. അഭി മോന്റെയും ശ്യാമയുടെയും മറ്റു കൂട്ടുകാരുടെയും മുന്നിൽ വെച്ചു. അഭി കൈകൊട്ടി ചിരിച്ചു. അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞേ .എല്ലാവരും മനസ് നിറഞ്ഞു ചിരിച്ചു. എല്ലാം മറന്ന് പഴയ ഹിമയും അജിത്തുമായി അവരാ കടൽ തീരത്തിരുന്നു. കുഞ്ഞ് അഭി സന്തോഷത്തോടെ പറഞ്ഞു അമ്മാ അച്ഛാ ഞാൻ വീടുണ്ടാക്കിയത് കണ്ടോ അച്ഛനും അമ്മക്കും മോനും കൂടി താമസിക്കാൻ …. അജിത്തും ഹിമയും പുഞ്ചിരിയാൽ അതേ ഇരുപ്പിരുന്നു. ഒരു ചെറിയ തിരവന്നു അവരുടെ പാദങ്ങളെ കുളിരണിയിച്ച് കടന്ന് പോയി….