ഗാന്ധർവ്വം
എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്
ഏറെ നേരമായി കാർ ഓടിക്കൊണ്ടിരിക്കുന്നു. അനുപമ, അച്ഛനെ നോക്കി.
അച്ഛൻ, ഒന്നും മിണ്ടാതെ ഡ്രൈവിംഗിൽ തന്നെ ശ്രദ്ധയിലാണ്..
അവൾ, അച്ഛന്റെ ഫോണിലെ ഗാലറിയിലെ ആ പ്രത്യേക ഫോൾഡറിലെ ചിത്രങ്ങളിലേക്കു വീണ്ടും കണ്ണുനട്ടു. അമ്മയുടെ ചിത്രങ്ങൾ. പല ഭാവത്തിൽ, പല രൂപത്തിൽ അനേകം ചിത്രങ്ങൾ. അച്ഛൻ്റെയും അമ്മയുടെയും കല്യാണ ചിത്രത്തിൽ തുടങ്ങി, പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഫോട്ടോകൾ.
പിഞ്ചിളം പ്രായം മുതൽ അഞ്ചുവയസ്സു വരെ താനും അമ്മയോടു ചേർന്നു നിൽപ്പുണ്ട്. അതിസുന്ദരിയായ അമ്മ..നിറയെ മുടിയും, ആഭരണങ്ങളും, മോടിയുള്ള പുടവകളുമായി തെളിഞ്ഞു നിൽക്കുന്ന അമ്മച്ചിത്രങ്ങൾ.
അഞ്ചുവർഷം കഴിഞ്ഞിരിക്കുന്നു അമ്മയെ കണ്ടിട്ട്. അഞ്ചുവയസ്സിലെ ഓർമ്മ ച്ചിത്രത്തിനു, കാലം വല്ലാതെ മങ്ങലേൽപ്പിച്ചിരിക്കുന്നു. മൊബൈൽ ഫോണിലെ ചിത്രങ്ങളിൽ മാത്രം, അമ്മ വിളങ്ങി നിൽക്കുന്നു..അമ്മയെ കാണാതായ കാലത്ത്, വല്ലാതെ തിരക്കുമ്പോൾ അച്ഛൻ പറയും.
“മ്മടെ വീടിൻ്റെ രണ്ടാം നില പണിയുവാൻ വന്നവരിൽ, ഒരു ഗന്ധർവ്വനുണ്ടായിരുന്നു. നല്ല പാട്ടുകാരൻ. അമ്മയ്ക്കും പാട്ടും കവിതകളും ഇഷ്ടമായിരുന്നു. അന്ന്, അച്ഛൻ നാട്ടിലില്ലായിരുന്നൂലോ. അമ്മയെ ആ ഗന്ധർവ്വൻ കൊണ്ടുപോയി. ദൂരെയൊരിടത്ത് അവർ താമസിക്കുന്നുണ്ട്”
രണ്ടു വർഷം കൂടി, ആ കഥ വിശ്വസിച്ചു. പിന്നെ, കേട്ടറിവുകളിൽ നിന്നും കൂടുതൽ ആകാംക്ഷകൾ ഉടലെടുത്തു..ഗന്ധർവ്വന് സുധീഷ് എന്ന പേരുണ്ടാകുമോ? ഗന്ധർവ്വന്മാർ പെയിൻ്റിംഗ് ജോലിക്കു പോകുമോ? പത്തുവയസ്സായ പ്പോഴേക്കും, യാഥാർത്ഥ്യം മനസ്സിലാക്കി..അടുത്തയാഴ്ച്ച അമ്പലത്തിൽ, നൃത്തത്തിൻ്റെ അരങ്ങേറ്റമാണ്.ചിലങ്ക കെട്ടും മുമ്പ്, അമ്മയെ ഒന്നു കാണണം എന്ന വാശിക്കു വഴങ്ങിയാണച്ഛൻ പോന്നത്. ഏതോ ദൂരത്തിലേക്ക്.
കാർ, ഏതോ ഗ്രാമവീഥിയിലേക്കു തിരിഞ്ഞു.തകർന്നു തരിപ്പണമായൊരു നാട്ടുവഴി. അവിടെ ഉത്സവം നടക്കുന്നുണ്ട്..വഴിനീളെ തോരണങ്ങൾ..അലങ്കാര വിളക്കുകൾ. ആനയും ആർപ്പും നിറഞ്ഞ അമ്പലം കടന്നു, കാർ മുന്നോട്ടു പോയി. വഴിയരികുകളിലെ ആഢംബരങ്ങൾ നേർത്തു വന്നു. വലിയൊരു കുന്നിൻ്റെ താഴ്‌വരയിലുള്ള പഞ്ചായത്തു പൈപ്പിനരികിൽ കാർ നിർത്തിയിട്ടു.
തെല്ലുനേരം കാത്തിരുന്നു.
ഏറെ നേരമായില്ല. കയ്യിൽ അലുമിനിയം കുടങ്ങളുമായി ഒരു സ്ത്രീരൂപം കുന്നിറങ്ങി വന്നു.അവരുടെ പുറകിലായി രണ്ടോമൂന്നോ വയസ്സുള്ള ഒരാൺകുട്ടിയും. അനുപമ, സൂക്ഷിച്ചു നോക്കി. ഫോൾഡറിലെ ചിത്രത്തിൻ്റെ നേർത്ത ഛായയുള്ള രൂപം.ഉടലിൽ സ്വർണ്ണാഭരണങ്ങളില്ലായിരുന്നു. കൈത്തണ്ടയിലും കഴുത്തിലും കറുത്ത ചരടുണ്ടായിരുന്നു. മെഴുക്കില്ലാതെ ചുവന്ന മുടിയിഴകൾ. പഴകിയ ഉടുപ്പിനുള്ളിലെ മെലിഞ്ഞൊരു രൂപം. കണ്ണുകൾ, തൻ്റെതു പോലെത്തന്നെ വിടർന്നിരിക്കുന്നു.
“ഇതാണമ്മ;പുറത്തിറങ്ങി അടുത്തേക്കു പോണോ?”
അച്ഛൻ ചോദിച്ചു.
“വേണ്ടച്ഛാ, നമുക്കു പോകാം”
അവൾക്കു മടുത്തുപോയിരുന്നു. കാർ, പതിയെ മുന്നോട്ടു നീങ്ങി. അമ്മയെയും മകനെയും മറികടന്നു. പതിയെ, അവർ കാഴ്ച്ചയിൽ നിന്നും മറഞ്ഞു. അവൾ, വീണ്ടും ഫോൾഡറിലെ ചിത്രങ്ങളിലേക്കു നോക്കി. ഇനിയീ ചിത്രങ്ങൾ മാത്രം മതി.
അന്നേരത്ത്, വെള്ളവുമെടുത്ത് മടങ്ങുന്ന അമ്മയോടും മകനോടും അയൽക്കാരിയൊരു വീണാട്ടം ചോദിച്ചു.
“ഉത്സവായിട്ട്, സുധീഷ് വീട്ടിലില്ല്യാ ലേ ? അതിപ്പം ശീലായല്ലോ ലേ? കഴിഞ്ഞ കുറെ വർഷങ്ങളായി, അവൻ ഉത്സവം കൂടീട്ട്. കരുതൽ തടങ്കലിലാകും. കയ്യിലിരിപ്പ് അതായിരുന്നല്ലോ”
അയൽക്കാരിയെ മറികടന്ന്, അമ്മയും മോനും കുന്നു കയറാൻ തുടങ്ങി.
അവളുടെ ചിന്തകളിൽ അന്നേരം,vaലിയൊരു വീടും അഞ്ചുവയസ്സുകാരി മോളും വിരുന്നു വന്നു.
ആരും വിളിക്കാതെ…