കുഞ്ഞുകമ്മൽ
Story written by Athira Athi
തലയിൽ കൈവച്ച് ഇരിക്കുന്ന സീതയെ ആഞ്ഞൊരു ചവിട്ടും കൊടുത്ത് കുമാരൻ ആടിയാടി മകൾക് അരികിലെത്തി.അച്ഛൻ്റെ വരവ് കണ്ട് അഞ്ജലി മോൾ ചുമരിലേക്ക് ഒട്ടുചേർന്ന് നിന്നു.അവളുടെ കണ്ണുകളിൽ ഭയം ചേക്കേറി.” മോളെ ,അച്ഛന് നിൻ്റെ ഈ കമ്മൽ തരാമോ? പുതിയൊരു കുഞ്ഞ് ജിമിക്കി കമ്മൽ അച്ഛൻ കുഞ്ഞന് പിറന്നാളിന് വങ്ങിതരാം ട്ടോ”
അതും പറഞ്ഞ് , അഞ്ജലി മോളുടെ കാതിൽ നിന്നും കമ്മൽ ഊരിയെടുത്ത് അയാൾ പോകുന്നത് നോക്കി നിർവികാരതയോടെ സീത നിന്നു. ആകെ കൈയിൽ ബാക്കി ഉണ്ടായിരുന്നത് മോളുടെ കാതിലെ ചെറിയ പൊന്നിൻ്റെ തരി മാത്രം ആയിരുന്നു.ബാക്കി എല്ലാം കൊണ്ടു പോയി വിറ്റ് തുലച്ച്, കുടിക്കാനുള്ള കാശ് ഉണ്ടാക്കി അയാൾ.ഉണ്ടായിരുന്ന എല്ലാം വിറ്റു.സീത കൂലിപ്പണിക്ക് പോയിട്ട് ആണ് കുടുംബത്തെ പോറ്റുന്നത്.ഒരു പണിക്കും പോകാതെ, അവളുടെ വിയർപ്പിൻ്റെ കൂലി കൂടി കൊണ്ടുപോയി കുടിക്കും.
“അമ്മേ…” എന്ന് വിളി കേട്ടാണ് അവൾ ഇഹലോകത്തെക്ക് തിരിച്ച് വന്നത്.അവളുടെ സാരിത്തുമ്പിൽ പിടിച്ച് നിൽക്കുന്ന മകളെ വാരിയെടുത്തവൾ ഒരുമ്മ കൊടുത്തു.” എന്താ മോളൂട്ടി?”” അമ്മേ, അച്ഛയ്ക് എൻ്റെ പിറന്നാള് അടുത്ത ആഴ്ചയാണ് ന്ന് അറിയാവോ?” അവളുടെ ചോദ്യം കേട്ട് സീത പിടഞ്ഞു.പാവം ജിമിക്കി കമ്മലും സ്വപ്നം കാണാൻ തുടങ്ങി കാണും.അവളുടെ കുഞ്ഞ് മനസിൽ ആഗ്രഹങ്ങൾക്ക് ചിറക് നൽകി അവസാനം അത് നിഷ് കരുണം അയാൾ അരിഞ്ഞ് വീഴ്ത്തും.
” മോളെ ,അത് ….അച്ഛൻ അതിനി…”സീതയെ വാക്കുകൾ മുഴുവൻ ആക്കാൻ സമ്മതിക്കാതെ അവൾ ചിണുങ്ങി ,” ഇല്ല,എനിക്ക് കൊണ്ടുവരും അച്ഛൻ എനിക്ക് ജിമിക്കീ വാങ്ങും” എന്നും പറഞ്ഞ് കളിക്കാൻ ഓടി. പിന്നിൽ നിന്നും സീത അവൾക് അൻപത് രൂപ കൊടുത്തു.” അപ്പുറത്തെ വീട്ടിലെ ചേട്ടനോട് പറഞ്ഞോ,ഒരു ജിമ്മികി വാങ്ങി തരും ” അതും വാങ്ങി അവളോടി പോകുന്നത് നോക്കി കണ്ണുകൾ നിറഞ്ഞു.മനുഷ്യത്വം ഇല്ലാത്ത ഒരുത്തൻ.പാവം എൻ്റെ കുഞ്ഞ്.
നേരം കുറെയായി ,കുഞ്ഞിനെ കാണാതെ അവൾക് ആധി ആയി.വാതിൽ പടിക്കൽ നിന്നു നോക്കിയപ്പോൾ അപ്പുറത്തെ വീട്ടിലെ ജാനു ചേച്ചി ഓടി വരുന്നു.” എന്താ ചേച്ചി?;എന്ത് പറ്റി?” കണ്ണുകളിൽ നോക്കിയപ്പോൾ അവ നിറഞ്ഞൊഴുകുന്ന കണ്ടൂ.കുറച്ച് അകലെ നിന്ന് ആളുകൾ വീട്ടിലേക്ക് വന്നു.
ഒന്നും മനസ്സിലാവാതെ നിന്ന അവൾക് മുന്നിൽ വെള്ള പുതച്ച ഒരു കുഞ്ഞു ശരീരം കിടത്തി.തുണിയിൽ ആകെ ചോര പടർന്നിരിക്കുന്നു.ആധിയോടെ മുഖത്തെ തുണി മാറ്റിയപ്പോൾ ,കണ്ടത് ചേതനയറ്റ അഞ്ജലിയുടെ ശരീരം ആയിരുന്നു.
ആടിയുലഞ്ഞു വന്ന കുമാരൻ വീട്ടിലെ എന്തൊക്കെയോ പൊട്ടിച്ച് പുറത്തേക്ക് പോകുന്നതും നോക്കി നാട്ടുകാർ നിന്നു.തളർന്ന് വീണ സീതയെ എല്ലാവരും റൂമിലേക്ക് കൊണ്ടുപോയി.ആരൊക്കെയോ അടക്കം പറയുന്നു ,” കടയിൽ നിന്നും എന്തോ വാങ്ങി റോഡ് മുറിച്ച് കടക്കുമ്പോൾ , മദ്യപിച്ച് വണ്ടി ഓടിച്ച ഒരുത്തൻ ഇടിച്ചിട്ടു.ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ പോയി.”
കുറച്ച് കഴിഞ്ഞപ്പോൾ കുമാരൻ വന്നു.മുഖത്തെ പുതപ്പ് മാറ്റി,കൈയിലുള്ള പൊതിയിൽ നിന്ന് , ജിമിക്കി കമ്മൽ എടുത്ത് അവളുടെ ജടത്തിന് അണിയിക്കുന്നത് കണ്ട് സീത ആർത്തലച്ചു.” എൻ്റെ കുഞ്ഞിനെ നീ കൊന്നില്ലെ… മഹാപാപി….” അയാൾ പൊട്ടിക്കരഞ്ഞു.അപ്പോഴും ആ കുഞ്ഞിൻ്റെ കൈയിൽ ഒരു പൊതി ഭദ്രമായി സൂക്ഷിചിരുന്നു,ഒരു കുഞ്ഞുകമ്മൽ…….