അഞ്ജു വിഷമിക്കണ്ട ടെസ്റ്റ് റിസൾട്ട്‌ ഒക്കെ രണ്ടു ദിവസം കഴിഞ്ഞു മാത്രമേ കിട്ടു. എന്നിട്ട് മാത്രമേ അസുഖം എന്താണെന്നു പറയാൻ പറ്റു. വിഷമിക്കാതിരിക്കു…..

ഒരിക്കലും പൂക്കാത്ത ചെമ്പകങ്ങൾ

Story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

അനിയേട്ട, ഇപ്പോൾ എങ്ങനുണ്ട് ?

ഒന്നുമില്ല കുറവുണ്ട് നീ ടെൻഷൻ ആവാതെ അഞ്ജു.

സിമ്രാൻ അവരെ ഒന്ന് നോക്കി വെളുത്തു മെലിഞ്ഞ മനോഹരരൂപം. നീളമുള്ള കൺപീലികൾ, വരച്ചുവെച്ച പോലത്തെ പുരികങ്ങൾ വിടർന്ന അധരങ്ങൾ. ആരും ഒന്ന് നോക്കി നിന്നുപോകും. പേഷ്യന്റിനു കൊടുക്കേണ്ട ടാബ്‌ലറ്റുകൾ എടുത്തു മേശപ്പുറത്തു വെക്കുമ്പോൾ അവര് അടുത്ത് വന്നു.

ഈ ടാബ് എല്ലാം എട്ടുമണിക്ക് കൊടുക്കണം അതിനും അരമണിക്കൂർ മുമ്പ് ഫുഡ്‌ കൊടുത്തിരിക്കണം.

ഡോക്ടർ എന്തേലും പറഞ്ഞോ സിസ്റ്ററെ ?എന്റെ ഏട്ടന് ?

അവരുടെ കരച്ചിൽ കണ്ടതുകൊണ്ട് മാത്രം സംസാരിക്കാതെ ഇറങ്ങി പോവാൻ മനസ്സനുവദിച്ചില്ല.

എന്താ ഇയാളുടെ പേര് ?

അഞ്ജു.

അഞ്ജു വിഷമിക്കണ്ട ടെസ്റ്റ് റിസൾട്ട്‌ ഒക്കെ രണ്ടു ദിവസം കഴിഞ്ഞു മാത്രമേ കിട്ടു. എന്നിട്ട് മാത്രമേ അസുഖം എന്താണെന്നു പറയാൻ പറ്റു. വിഷമിക്കാതിരിക്കു.

ഞങ്ങളുടെ സംസാരം കേട്ടു മെലിഞ്ഞു അസ്ഥികൂടം പോലെയായ അവരുടെ ഭർത്താവ് അനിലാൽ മയങ്ങാനായി ഇമകൾ ചേർത്തു.

മൂന്നു ദിവസങ്ങൾക്കു ശേഷം അയാളുടെ ടെസ്റ്റ് റിസൾട്ട്‌ വന്നപ്പോൾ കൂടെ ഉണ്ടായിരുന്ന സിസ്റ്റർ ജാനറ്റ് തുറന്നു നോക്കി.

ഈശോയെ മൂപ്പർക്ക് ക്യാൻസർ ആണ് കേട്ടോ. ലിവർ ഒക്കെ പോയി.

ഞാൻ മൈൻഡ് ചെയ്തില്ല ഇതൊക്കെ നിത്യ സംഭവങ്ങൾ മാത്രം. എത്ര എത്ര കണ്ണീരുകൾ നഷ്ടപെടലുകൾ തണുത്തുറഞ്ഞ മൃതശരീരങ്ങൾ ഓരോ തവണ കണ്ണടക്കുമ്പോഴും മനസിനെ അസ്വസ്ഥമാക്കുന്നു. ഒന്നും ശ്രദ്ധിക്കാതിരിക്കുക മനസ് കല്ലാക്കി ജോലി ചെയ്യുക അതല്ലാതെ വേറെ നിവൃത്തിയില്ല.

എന്റെ ദേവിയെ റോസാപൂ പോലിരിക്കുന്ന ആ ചേച്ചിയുടെ ജീവിതം കോഞ്ഞാട്ട ആകുമല്ലോ ?നീലിമ ആത്മഗതം പോലെ ഉരുവിട്ടു.

അവർക്ക് മക്കൾ ഒന്നുമില്ലേ സിമ്രാൻ.

പിന്നെ അതൊക്കെ അന്വേഷിക്കലല്ലേ എന്റെ പണി. പുതുതായി രണ്ടു പേഷ്യന്റ് കൂടി വന്നിട്ടുണ്ടല്ലോ. ഞാൻ പോകുവാ ചെന്നു നോക്കിയിട്ട് വരാം.

ഇല്ല ജാനറ്റ് ചേച്ചി കുട്ടികൾ ആയിട്ടില്ല എന്നാണ് പറഞ്ഞത്.നീലിമ മറുപടി കൊടുത്തു.

രണ്ട് ദിവസം കഴിഞ്ഞു ഞാൻ ഫാർമസിയിൽ ഫയൽ കൊടുത്തു തിരിച്ചു വരുമ്പോൾ ആ സ്ത്രീ, അഞ്ജു ബില്ല് അടക്കാൻ കൗണ്ടറിൽ പോയി വരുന്നത് കണ്ടു.

സിസ്റ്ററെ ഞങ്ങൾ പോകുക, ഡിസ്ചാർജ് വാങ്ങി.

മ്മ് ഞാൻ വെറുതെ മൂളി നടപ്പ് തുടർന്നു.

സിസ്റ്ററിനെ പിന്നെ അങ്ങോട്ട്‌ കണ്ടില്ലല്ലോ ?

എനിക്ക് വേറെ വാർഡിലായിരുന്നു ഡ്യൂട്ടി.

എല്ലാം കഴിഞ്ഞു കേട്ടോ ഇനി ചികിൽസിച്ചിട്ടു ഒന്നും കാര്യമില്ല. കാൻസർ വാർഡിലോട്ട് മാറ്റാം എന്നുപറഞ്ഞു പക്ഷേങ്കിൽ അതൊന്നും താങ്ങാൻ ഞങ്ങളെകൊണ്ട് കഴിവില്ല. ഇനി ഏതെങ്കിലും മെഡിക്കൽ കോളേജിൽ കാണിക്കാം.

അത്രയും പറഞ്ഞപ്പോൾഅവർക്ക് സ്വരം ഇടറി.

എന്നാ ശരി എന്ന് പറഞ്ഞു അകലുമ്പോൾ ഒന്ന് സമാധാനിപ്പിക്കാൻ പോലും തോന്നിയില്ല.

പിന്നെയും മാസങ്ങൾ വിരസമായി കടന്നു പോയി. എന്നും മരുന്നു മണക്കുന്ന ആശുപത്രി വരാന്തകൾ കൂടുതൽ കൂടുതൽ നിർവികാരത നിറച്ചെന്നെ ശിലപോലെ മാറ്റുന്നു. അനന്തമായ ആകാശം കാണാതെ സ്വപ്‌നങ്ങൾ പൂഴിയെ പുണർന്നു നിർവൃതി തേടുന്നു.

എന്താണ് സിമ്രാൻ ഹനീഫ് വല്ലാത്ത ഒരു ആലോചനഭാവം. കൂടെ ജോലി ചെയ്യുന്ന സിസ്റ്റർ റിനോ ആണ് ഓർമകളിൽ നിന്നും ഉണർത്തിയത്.

ഒന്നുമില്ല. എന്താണ് റിനോ ?ഈ വാർഡിൽ അല്ലാലോ തനിക്കു ഡ്യൂട്ടി ഐ സി യുവിൽ അല്ലേ.

അതെ സിമ്രാൻ ബട്ട്‌ തന്നെ കാണാൻ വന്നതാണ് ഒരാൾ തന്നെ ഏല്പിക്കാൻ ഒരു ലെറ്റർ തന്നു. ആരാ എന്താ എന്ന് ചോദിച്ചാൽ എനിക്കു അറിയില്ല. അത്യാവശ്യം ആണ് എന്ന് മാത്രം പറഞ്ഞു.

വേഗം പിടിച്ചോ സിമ്രാൻ എനിക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ അല്ലേ ഡ്യൂട്ടി ടൈം ആയി തനിക്കു ഡേ അല്ലേ ഡ്യൂട്ടി കഴിഞ്ഞല്ലോ.

കഴിഞ്ഞു. പോകാൻ ഇറങ്ങുക ആരുന്നു. സിമ്രാൻ അതും പറഞ്ഞു ലെറ്റർ വാങ്ങി. വാച്ചിൽ നോക്കിയപ്പോൾ വീട്ടിലോട്ടു പോകാനുള്ള ബസ് ടൈം ആയി. ഈ ബസ് മിസ്സ്‌ ആയാൽ ഇന്ന് വീട്ടിൽ ചെല്ലുമ്പോൾ ഒരുപാട് ഇരുട്ടും. ലെറ്റർ ബാഗിൽ വെച്ചു ആശുപത്രി മുൻവശത്തെ ബസ് സ്റ്റോപ്പിൽ ചെന്നതും ബസ് വന്നതും ഒരുമിച്ചായിരുന്നു.

ജനാലക്കടത്തുള്ള സീറ്റിൽ ഇരുന്നപ്പോൾ മനസ് കടൽ പോലെ തിരയിളകി ആരാവും ഈ ലെറ്റർ കൊടുത്തത് ?ബന്ധത്തിലുള്ള ആരേലും ഹോസ്പിറ്റലിൽ അഡ്മിറ്റായോ ?എങ്കിൽ മൊബൈൽ ഉള്ളപ്പോൾ ഇതു കൊടുത്തു വിടുമോ ?

ടിക്കറ്റ് എടുത്തു കഴിഞ്ഞു ബാഗിൽ നിന്നും ലെറ്റർ എടുത്തു നിവർത്തി. സീറ്റിലേക്ക് ചാരിയിരുന്നു .

ന്റെ പെണ്ണിന്…

ഒരിക്കൽ പോലും നീ കേൾക്കെ വിളിച്ചിട്ടില്ല ഞാൻ ഇങ്ങനെ. ഇതുപോലൊന്ന് കേൾക്കാൻ ഒരുപാട് നീ ആഗ്രഹിച്ചിട്ടുണ്ട് അന്നൊക്കെ നിന്നെ കണ്ടില്ലെന്നു നടിച്ചു. ഇന്ന് നീ മറ്റൊരാളുടെ ഭാര്യ ആണെന്നറിയാം എങ്കിലും നിന്നെ അങ്ങനെ ഒരുവട്ടം വിളിച്ചില്ലെങ്കിൽ പരലോകത്തു പോലും മോക്ഷം കിട്ടില്ല. അതു കൊണ്ടാണ് ക്ഷമിക്കുമല്ലോ ?

അത്രയും വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു കവിയാൻ തുടങ്ങി. അക്ഷരങ്ങൾ കാണാൻ പറ്റുന്നില്ല. മറഞ്ഞു തുടങ്ങിയ അക്ഷരങ്ങളിൽ തെളിഞ്ഞത് ഒരു മുഖമാണ് ചന്ദനക്കുറി അണിഞ്ഞു കള്ളച്ചിരിയുമായി.

എത്രത്തോളം പ്രണയിച്ചു എന്നറിയില്ല ആ നിശ്വാസം, സ്വരം, നോട്ടം എല്ലാം മനസിനെ മത്തുപിടിപ്പിച്ചു. അടുത്ത് വരുമ്പോൾ അനുരാഗത്താൽ പെരുമ്പറ കൊട്ടുന്ന മനസിനെ അടക്കി. എത്ര രാവുകൾ ഉറങ്ങാതെയും എത്ര പകലുകൾ ഉണർന്നിരുന്നും ആ മുഖം സ്വപ്നം കണ്ടു. കൗമാരത്തിൽ മനസിൽ ആദ്യം പതിഞ്ഞ രൂപം ആരൊക്കെ എതിർത്തിട്ടും വേണ്ടാന്നു വെച്ചില്ല. വർഷങ്ങൾ ഒന്നായി കടന്നുപോകുമ്പോൾ പ്രണയം കൂടുതൽ തീവ്രമായി.

പക്ഷെ അപ്പോൾ ഒന്നും അറിഞ്ഞില്ല ഒരു മായ വനിയിൽ സ്വയം നഷ്ടപ്പെടുകയാണ് എന്ന് അതുമല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്ത പോലെ ഭാവിച്ചു.

സിമ്രാൻ കർചീഫ് എടുത്തു മുഖം തുടച്ചു മനസ് ശാന്തമാക്കി വായന തുടർന്നു.

സിമ്രാൻ, ആദ്യമൊക്കെ നിന്റെ ഇഷ്ടത്തെ കണ്ടില്ലെന്നു നടിച്ചതു നീ കരുതുന്ന പോലെ എന്റെ മനസ്സിൽ അങ്ങനെ ഒരു പ്രണയം നിന്നോട് തോന്നാത്തത് കൊണ്ടു തന്നെയാരുന്നു പക്ഷെ വർഷങ്ങൾ പോയിമറഞ്ഞിട്ടും നീ പിന്മാറുന്നില്ല എന്ന് കണ്ടപ്പോൾ എപ്പോൾ ഒക്കെയോ ഞാനും നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി.

ഞാൻ മറന്നിട്ടില്ല കണ്ണീരോടെ എന്റെ മുമ്പിൽ എല്ലാം നഷ്ടപെട്ടവളെപോലെ നീ നിന്ന നമ്മുടെ അവസാന കൂടിക്കാഴ്ച. അന്നും നീ എന്റെ പ്രണയത്തിനായി യാചിച്ചില്ല പക്ഷേ നിന്റെ കണ്ണുകൾ പേമാരി പോലെ ആർത്തുപെയ്തു. ഒരു അന്ധനെപോലെ പരുക്കനായി എനിക്കു വേണ്ടി കാത്തിരിക്കേണ്ട നിന്നെ വിവാഹം കഴിക്കാൻ എനിക്ക് താല്പര്യം ഇല്ല എന്നുഞാൻ നിന്നോട് പറയുമ്പോൾ നീ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു, സ്വരം ഇടറിയിരുന്നു. സത്യത്തിൽ അന്നുതൊട്ട് നിന്നെ ഞാൻ പ്രണയിച്ചുതുടങ്ങി പ്രാണനേക്കാൾ.

ജീവിതത്തിൽ ഒന്നും നേടാതെ കൂട്ടുകാരും ക ള്ളുമായി ജീവിതം ആവോളം ആസ്വദിച്ച ഒരുത്തനു ചേരുന്ന പെണ്ണ് ആരുന്നില്ല നീ. നിന്നോട് ഞാൻ ചെയ്ത ഏറ്റവും വല്യ നന്മ നിന്റെ പ്രണയത്തെ ഉപേക്ഷിച്ചതാണ്. നിന്റെ വിശ്വാസങ്ങളെ മാതാപിതാക്കളെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തും എന്നുറപ്പുള്ള നമ്മുടെ കൂടിച്ചേരൽ ഒരു ദുരന്തമായി അവസാനിക്കുമായിരുന്നു അങ്ങനെ നമ്മുടെ പ്രണയവും. അതൊക്കെ കൊണ്ടു മാറിത്തന്നതാണ്.

പിന്നെ ഉള്ള ഓരോ നിമിഷവും നീ എന്നെ വെറുത്തപ്പോൾ അത്രത്തോളം നിന്നോടുള്ള പ്രണയത്താൽ ഞാൻ ഭ്രാന്തനായി . മ ദ്യ ത്തിന്റെ ല ഹരിയിൽ ഞാൻ എന്നെ മയക്കി. എങ്കിലും നീ ഒരു കിട്ടാക്കനിയായി എന്നെ നീറിപുകച്ചു. പെണ്ണെ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ പോലും നീ എന്നെ കാത്തിരിക്കില്ല എനിക്കറിയാം നിന്റെ കഴുത്തിലെ താലി, അത് ചാർത്തി തന്നവൻ ഏഴു ജന്മത്തിലും നിനക്കിനി ആ ഒരാൾ മാത്രം.

ഈ വൈകിയ വേളയിൽ മരണം അടുത്തെത്തിയപ്പോൾ അറിയുന്നു പെണ്ണേ പോയ് മറഞ്ഞ വർഷങ്ങൾ ഒരുവട്ടം തിരിച്ചു കിട്ടിയാൽ നിന്നെ ഒന്നിന് വേണ്ടിയും ഞാൻ നഷ്ടപെടുത്തില്ല ജീവിക്കാൻ പറ്റിയില്ല എങ്കിൽ ആ കൈപിടിച്ച് ഒന്നിച്ചു മരിക്കും.

നീ ഇതുവായിക്കുമ്പോൾ ഞാൻ മരിച്ചിട്ട് ഉണ്ടാവും, അഞ്ജുവിനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട് മരിച്ചുകഴിഞ്ഞു മാത്രമേ ഇതു നിന്നെ ഏല്പിക്കാവു എന്ന്. നേരിട്ട് കൊണ്ടു കൊടുക്കരുത് എന്നും പറഞ്ഞിട്ടുണ്ട് എനിക്കറിയാം നിന്റെ വാശി. അവൾ കൊണ്ടുതന്നാൽ നീ വാങ്ങില്ല എന്നറിയാം അന്ന് ആശുപത്രി റൂമിൽ ഒരു തവണ പോലും എന്നെ നോക്കാതെ പോയ നിന്റെ മുഖം എന്നെ കൂടുതൽ വേദനിപ്പിക്കുന്നു. സാരമില്ല ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടത് തന്നെ

. ആ പിന്നെ അഞ്ജു എന്റെ ഭാര്യ അല്ല ബന്ധത്തിലുള്ള പെങ്ങള്കുട്ടിയാണ്. ഭർത്താവ് മരിച്ചതിൽ പിന്നെ അമ്മക്ക് സഹായിയായി വീട്ടിൽ ഉണ്ട് എന്നെയും ഒരു സഹോദരനെപോലെ പരാതിയില്ലാതെ നോക്കി. പാവം, എല്ലാം അവൾക്കറിയാം നിന്നെ പറ്റി ഞാൻ അവളോട്‌ ഒരുപാട് പറഞ്ഞിട്ടുണ്ട്. പക്ഷേ അവളെ നീ അവഗണിച്ചു. പുറമെ എത്ര അവഗണിച്ചാലും ഉള്ളിൽ നീ കരയുന്നത് എനിക്ക് കാണാം അതുകൊണ്ട് തന്നെയാണ് അഞ്ജു എന്റെ ഭാര്യ ആണ് എന്ന് നിന്റെ കൂട്ടുകാരോടും പറഞ്ഞത്. ഞാൻ വിവാഹം വേണ്ടാന്നു വെച്ചു എന്ന് നീ അറിഞ്ഞാൽ അത് നിന്നെ കൂടുതൽ വേദനിപ്പിക്കും. പക്ഷേ ഇപ്പോൾ സമയമായി ഇനി ഒന്നും നിന്നിൽ നിന്നും മറയ്ക്കാനില്ല.പോകുകയാണ് ഈ ലോകത്തു നിന്നു തന്നെ എന്റെ പെണ്ണിനെ ഒരു നോക്കു കാണാൻ പോലും അനുവാദമില്ലാതെ…

സിമ്രാന് ശരീരം തളരുന്നപോലെ തോന്നി.പേപ്പർ കയ്യിൽ നിന്നും പറന്നെങ്ങോ പോയി. ആദ്യം പ്രണയം പിന്നെ പ്രതികാരം അങ്ങനെ ഏതേലുമൊരു ഭാവത്തിൽ ജീവിതത്തിൽ ഓരോ നിമിഷവും കൂടെ ഉണ്ടായിരുന്ന മുഖം ഇനി ഭൂമിയിലില്ല. ഈ ലോകത്തു വല്ലാത്ത ശൂന്യത തോന്നുന്നു ചുറ്റും ഇരുട്ട് പരന്നത് പോലെ . അലറിക്കരയാൻ കൊതിച്ചുവെങ്കിലും ആ ഓരോ തുള്ളിക്കണ്ണീരും സൈഫിക്കയോട് ചെയുന്ന തെറ്റാണ് എന്ന ബോധ്യം മനസിനെ വിലക്കി.

ഒന്നും സംഭവിക്കാത്തവളെപോലെ ബസിറങ്ങി വീട്ടിലോട്ടു നടക്കുമ്പോൾ കാലടികൾ കൂടുതൽ കരുത്തായി. ഇനി ശേഷിച്ച ജീവിതം മൊത്തം തന്നെ നീറിപുകയ്ക്കാൻ പോകുന്ന അഗ്നിയിലേക്ക് ഉരുക്കുപോലവൾ നടന്നു.

(ഒന്നിക്കാൻ വിധി ഇല്ലാത്ത പ്രണയം ചാരത്തിൽ പൊതിഞ്ഞ കനലാണ് എരിഞ്ഞു കൊണ്ടേയിരിക്കും. കെടാതെ ആളിക്കത്താതെ… )

Related Posts

Leave a Reply

Your email address will not be published. Required fields are marked *